ഇരുപത്തിയാറുവര്‍ഷങ്ങള്‍ക്കുശേഷം ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഒരു കോടതിവിധി ഉണ്ടായിരിക്കുന്നു. പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ ദുരന്തത്തിനിരയാവുകയും ചെയ്ത സംഭവം നടന്നത് 1984 ലാണ്. നീണ്ടകാലത്തെ കാത്തിരിപ്പ് പുതിയൊരു ദുരന്തത്തിനുവേണ്ടിയുള്ള കാലയളവായിരുന്നു. വാഹനാപകടത്തില്‍ ഉള്‍പ്പെടുത്തുന്ന നിസ്സാരവകുപ്പുകളില്‍ കേസ് രേഖപ്പെടുത്തി യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കിയതാരെല്ലാമെന്നു കണ്ടുപിടിക്കുക എളുപ്പമല്ല. ആഗോളീകരണത്തിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്ന വര്‍ത്തമാനകാലത്ത് ദുരന്തങ്ങളുടെ തുടര്‍ച്ചകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.
യൂണിയന്‍ കാര്‍ബൈഡിന്‍റെ ഭോപ്പാലിലെ ഫാക്ടറിയുമായി ബന്ധപ്പെട്ട ദുരന്തത്തിനു മുമ്പുതന്നെ പല വിവാദങ്ങളും പഠനറിപ്പോര്‍ട്ടുകളും ഉണ്ടായിട്ടുണ്ട്. വിവേകശാലികളുടെ ആശങ്കകളും മുന്നറിയിപ്പുകളും അധികാരികള്‍ അവഗണിക്കുകയായിരുന്നു. അതുമാത്രമല്ല ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ വെറും കമ്മീഷന്‍ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നതു നാം കാണുന്നു. ഇനി ഇക്കാര്യത്തില്‍ നീതി പ്രതീക്ഷിക്കാനില്ല. അഹിതമായ സത്യമായതുകൊണ്ട് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനുമെല്ലാം ദുരന്തം മൂടിവെക്കാനാണ് താല്പര്യം. വലിയൊരു കോര്‍പ്പറേറ്റ് സ്ഥാപനം ഉള്‍പ്പെടുന്ന പ്രശ്നമായതുകൊണ്ട് അധികാരികളുടെ കൈ ഒന്നുവിറയ്ക്കും. പുതിയകാലത്ത് സാധാരണ മനുഷ്യര്‍ അനാവശ്യവസ്തുക്കളായി മാറുകയാണ് എന്ന സത്യം ഓരോ നിമിഷവും വ്യക്തമായിക്കൊണ്ടിരിക്കുന്നു. മറ്റു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്ന കമ്പനികള്‍ ഇന്‍ഡ്യയിലെത്തുമ്പോള്‍ ഭാവംമാറുന്നു. അത് യൂണിയന്‍ കാര്‍ബൈഡായാലും കൊക്കക്കോളയായാലും ശരിതന്നെ. കാരണം ഇവിടെ ഭരണനേതൃത്വത്തിന് താല്ക്കാലികനേട്ടങ്ങള്‍ മതി. ജനലക്ഷങ്ങളെ ഏതു ദുരന്തത്തിനും വിട്ടുകൊടുക്കാന്‍ അവര്‍ ഒരുക്കമാണ്. വികസനം വികസനം എന്ന് നാഴികയ്ക്കു നാല്പതുവട്ടം വിളിച്ചുപറഞ്ഞുകൊണ്ട് നമ്മുടെ ഭൂമിയും മണ്ണും ജൈവവൈവിധ്യവുമെല്ലാം ആര്‍ക്കും പണയം ചെയ്യുന്നു. ഇതിനെതിരെ പ്രതിഷേധിക്കുന്ന സാധാരണക്കാര്‍ ഒടുവില്‍ ഭീകരന്മാരായിത്തീരുന്നു. എന്തും സഹിച്ച് വികസനത്തിന്‍റെ ഇരകളായി സമ്പന്നന്യൂനപക്ഷത്തിന് ചവിട്ടുപടിയായിത്തീരുന്ന ഈ കുറിയ മനുഷ്യരെ എന്നും ഒറ്റുകൊടുക്കുന്നവരെ കാലം വെറുതെ വിടാതിരിക്കട്ടെ എന്നേ പറയാനാവൂ.
നമ്മുടെ നീതിന്യായവ്യവസ്ഥയുടെ വേഗത അപാരമെന്നേ പറയേണ്ടൂ. നീണ്ട ഇരുപത്താറുവര്‍ഷത്തെ വിചാരണയും അന്വേഷണവും. എന്നിട്ട് ഉള്ളിപൊളിച്ചുചെന്നതുപോലെ ഒരു ശൂന്യത? ഇതൊക്കെ കാണുമ്പോള്‍ പകച്ചുനില്‍ക്കാനേ കഴിയൂ എന്നാണോ? 'വൈകുന്ന നീതി അനീതിയാണ്' എന്ന യാഥാര്‍ത്ഥ്യം നാം എത്ര തവണ കണ്ടിരിക്കുന്നു! പതിനായിരക്കണക്കിനാളുകളുടെ മരണത്തിനും ദുരിതങ്ങള്‍ക്കും കാരണക്കാരായവര്‍ പുരുഷായുസ്സ് ജീവിച്ചുതീര്‍ന്ന് നിത്യശാന്തി അടയുന്നതുവരെ നിയമവും നീതിയും കാത്തിരിക്കുന്നു. ഗോവര്‍ധന്‍റെ യാത്രകള്‍ക്ക് അവസാനമില്ല എന്ന തോന്നലാണ് ഇതെല്ലാം നമ്മില്‍ ഉണ്ടാക്കുന്നത്. കുരുക്കിന് ഇണങ്ങുന്ന കഴുത്തുണ്ടായിപ്പോയി എന്ന കുറ്റം മാത്രമേ ഗോവര്‍ധന്‍റേതായുള്ളൂ. അനേകായിരം ഗോവര്‍ധന്മാര്‍ നമ്മുടെ തെരുവുകളില്‍ അലയുന്നു. ഇരകളെ കാത്ത് നിര്‍ദയവികസനത്തിന്‍റെ കുഴലൂത്തുകാര്‍ എല്ലായിടത്തുമുണ്ട്. ആരെയെല്ലാം ഇറക്കിവിടണം, ദുരന്തത്തിനിരയാക്കണം, ലാഭം കൊയ്യണം എന്ന് കോര്‍പ്പറേറ്റുകള്‍ക്കറിയാം. ഇക്കിളിപ്പെടുത്തുന്ന ആകര്‍ഷണങ്ങളും പ്രലോഭനങ്ങളും യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതില്‍നിന്ന് നമ്മെ തടഞ്ഞു നിര്‍ത്തുന്നു.
ഭോപ്പാലിലെ ജനങ്ങള്‍ വിഷവാതകം തനിയെ തുറന്നുവിട്ടതാണ് എന്നായിരിക്കും അടുത്ത കണ്ടെത്തല്‍. അതിനും സിദ്ധാന്തങ്ങളും റിപ്പോര്‍ട്ടുകളും ഉണ്ടാക്കിയെടുക്കാന്‍ ബുദ്ധിമുട്ടില്ല. പീഡനം അനുഭവപ്പെട്ട കുട്ടിക്ക് ഓടിരക്ഷപ്പെടാമായിരുന്നു എന്നു പറയുന്നതുപോലെ വിഷവാതകത്തില്‍നിന്ന് ഓടിരക്ഷപ്പെടാമായിരുന്നു എന്നും വാദിക്കാം. ആയുസ്സിന്‍റെ ബലംകൊണ്ടുമാത്രം ജീവിച്ചിരിക്കുന്ന ദുരന്തബാധിതര്‍ ഇതെല്ലാം എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നറിയില്ല. 'ഒരു കറുത്തതുണിപോലെ നിര്‍വികാരത' ഈ രാജ്യത്തെ പൊതിയുന്നതു നാം കാണുന്നു. നിര്‍വികാരതയെ വാരിപ്പുണരാനാവാത്തവര്‍ ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട വിധിയെക്കുറിച്ചും മറ്റും ആശങ്കപ്പെടുന്നു.
ഓരോ ദുരന്തവും നമ്മുടെ മുന്‍പില്‍ കുറേ ചിത്രങ്ങള്‍ അവശേഷിപ്പിക്കുന്നു: കരിഞ്ഞുകിടക്കുന്ന മൃതദേഹങ്ങളും അറ്റുപോയ അവയവങ്ങളും കുഞ്ഞുങ്ങളുടെ ദയനീയചിത്രങ്ങളും... ഭോപ്പാല്‍ ദുരന്തവും ചില ചിത്രങ്ങളും ഓര്‍മകളും ചിന്തകളുമായി നിലനില്‍ക്കുന്നു. നിലവിളിക്കുന്ന ഈ ഓര്‍മ്മകളെ നമുക്കു കൈവിടാതിരിക്കാം. ആരുടെയൊക്കെയെങ്കിലും നേരെ ചില ചോദ്യങ്ങളെങ്കിലും വലിച്ചെറിയാം.