news-details
മറ്റുലേഖനങ്ങൾ

സന്ന്യാസം മരിച്ചെന്നും മരിച്ചില്ലെന്നും

ഐറിഷ്കാരനായ ഫാ. ജോണ്‍ കാവനാ, ആജാനുബാഹുവായ ഒരു നല്ല രൂപതാ വൈദികനാണ്. ഇംഗ്ലണ്ടിലെ ഒരു കൊച്ചു ഇടവകയുടെ വികാരിയാണദ്ദേഹം. വര്‍ഷത്തിലൊരുമാസം അവധിയെടുക്കുന്ന അദ്ദേഹത്തിനുപകരമായി ഇടവക ശുശ്രൂഷ ചെയ്യാന്‍ എത്തിയതായിരുന്നു ഞാന്‍. അവധി കഴിഞ്ഞ് മാസാവസാനം അദ്ദേഹം തിരിച്ചെത്തി. താല്പര്യമെങ്കില്‍ നമുക്ക് ഐല്‍സ് ഫോര്‍ഡ്വരെ പോകാം എന്നുപറഞ്ഞു അദ്ദേഹം. വളരെദൂരം ഡ്രൈവ് ചെയ്ത് എന്നെ അദ്ദേഹം ഐല്‍സ് ഫോര്‍ഡ് കര്‍മ്മലീത്താ ആശ്രമത്തില്‍ കൊണ്ടുപോയി. അഭൗമമായ അന്തരീക്ഷം നിലനില്‍ക്കുന്ന പുരാതനമായ ആശ്രമം. ലളിതവും സുന്ദരവുമായ വഴികളും പൂന്തോട്ടവും പുല്‍ത്തകിടികളും. അദ്ദേഹം എന്നെ കൂട്ടിക്കൊണ്ട് അവിടത്തെ ചാപ്പലില്‍ കയറി. രക്തസാക്ഷികളായ സന്ന്യാസിമാരുടെ തിരുശേഷിപ്പുകള്‍ വണങ്ങുന്ന ഏതാനുംപേരെ അവിടെ കണ്ടു. പ്രോട്ടസ്റ്റന്‍റ് നവീകരണകാലത്തെ സഭാമര്‍ദ്ദനങ്ങള്‍ക്കിടയില്‍ സന്ന്യാസാശ്രമങ്ങള്‍ തകര്‍ക്കപ്പെടുകയും സന്ന്യാസിമാരും വൈദികരും നിഷ്ക്കരുണം വധിക്കപ്പെടുകയും ചെയ്തു. ഐല്‍സ് ഫോര്‍ഡിലെ ആശ്രമത്തില്‍ കൊലചെയ്യപ്പെട്ട രക്തസാക്ഷികളുടെ പേരുകള്‍ അള്‍ത്താരയ്ക്കുമുന്നില്‍ എഴുതിവച്ചിട്ടുണ്ട്. അവയോരോന്നും വായിച്ച് അവര്‍ ഓരോരുത്തരുടെയും വിശ്വാസതീക്ഷ്ണതയെയും വീരമൃത്യുവിനെയും കുറിച്ച് അദ്ദേഹം വികാരാധീനനായി, അവസാനം അദ്ദേഹം പറഞ്ഞു നിര്‍ത്തിയത് ഇങ്ങനെയായിരുന്നു: "ഇന്ന് ഞങ്ങളൊക്കെ വിശ്വാസികളായി തുടരുന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ എത്രയോ പുണ്യചരിതര്‍ ജീവനും രക്തവും നല്കിയതിന്‍റെ ചരിത്രമുണ്ട്." ഉള്ളില്‍തട്ടിയുള്ള അദ്ദേഹത്തിന്‍റെ വാക്കുകളിലെ ആത്മാര്‍ത്ഥത എന്‍റെ കണ്ണുകളെ ഈറനണിയിച്ചു.
തകര്‍ക്കപ്പെട്ട ആശ്രമങ്ങളും കന്യകാലയങ്ങളും വധിക്കപ്പെട്ട സന്ന്യാസീസന്ന്യാസിനികളും ഇംഗ്ലണ്ടിന്‍റെയും വെയ്ല്‍സിന്‍റെയും മാത്രം കഥയല്ല. ഒട്ടുമിക്ക രാജ്യങ്ങള്‍ക്കും ഇത്തരം ചരിത്രങ്ങള്‍ ഓര്‍ത്തെടുക്കാനുണ്ടാകും.

സന്ന്യാസത്തിന്‍റെ ചരിത്രം ആരംഭിക്കുന്നതെവിടെയാണ്? സന്ന്യാസം ഒരു സാര്‍വ്വലൗകിക യാഥാര്‍ത്ഥ്യമാണ്. സന്ന്യാസം ക്രിസ്തുമതത്തിന്‍റെ മാത്രം പ്രത്യേകതയല്ല. എല്ലാ പുരാതനമതങ്ങളിലും സംസ്കാരങ്ങളിലും എല്ലാക്കാലത്തും സന്ന്യാസികളും സന്ന്യാസിനികളും ഉണ്ടായിട്ടുണ്ട്. മനുഷ്യകുലത്തില്‍ എന്നും എവിടെയും വ്യത്യസ്തമായ ദൈവവിളി സ്വീകരിച്ചവരാണവര്‍. അപകടകരവും ക്ലേശപൂര്‍ണ്ണവുമാണ് അവരുടെ ജീവിതങ്ങള്‍. എല്ലാ മനുഷ്യരുടെയും പിതാവായ ദൈവം അവരില്‍ ദൈവികമായതിനോടുള്ള അധികതാല്പര്യവും ദൈവികനിയമങ്ങളോടുള്ള വര്‍ധിതമായ ആദരവും സാമൂഹിക വ്യവസ്ഥിതിയിലെ തിന്മകളോടുള്ള രോഷപൂര്‍വ്വകമായ എതിര്‍പ്പും ഒരു പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചുള്ള സുന്ദരമായ സ്വപ്നങ്ങളും ഒരു പുത്തന്‍ മാനവികതയ്ക്കായുള്ള അദമ്യമായ ദാഹവും നിക്ഷേപിച്ചിരിക്കുന്നു. അതവരുടെ ദൈവവിളിയാകയാല്‍ ആ വിളിയും ദൗത്യവും ഏറ്റെടുക്കുക മാത്രമേ അവര്‍ക്ക് കരണീയമായിട്ടുള്ളൂ. അവരിലേറെപ്പേരും വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ലാതിരുന്നിട്ടും മക്കളെ ജനിപ്പിക്കാതിരുന്നിട്ടും അവരിലേറെപ്പേര്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടിട്ടും ഭൂമിയില്‍ അവരുടെ എണ്ണം കുറയാനോ അവരുടെ ഗോത്രം അന്യംനിന്നു പോകാനോ ദൈവം ഇടവരുത്തിയിട്ടില്ല. അവര്‍ - കൊലയ്ക്കായി മുദ്രയിടപ്പെട്ട കുഞ്ഞാടുകള്‍ - ലോകത്തിന്‍റെ പാപഭാരം പേറുന്ന ദൈവത്തിന്‍റെ സ്വന്തം കുഞ്ഞാടുകള്‍.

സന്ന്യാസോല്പത്തി സഭയില്‍

ക്രൈസ്തവസഭയില്‍ എന്നുമുതലാണ് സന്ന്യാസം ആരംഭിക്കുന്നത് എന്നു ചോദിച്ചാല്‍ സഭയുടെ ആരംഭംതന്നെ മിക്കവാറും സന്ന്യാസത്തില്‍നിന്നായിരുന്നു എന്ന് ഉത്തരം പറയേണ്ടിവരും. വിശ്വാസസ്വീകരണം അപകടകരമാകുന്ന ഒരു കാലത്തും ദേശത്തും സന്ന്യാസത്തിന്‍റെ വിത്ത് ഉള്ളില്‍പേറാത്തവര്‍ വിശ്വാസത്തിലേക്ക് കടന്നുവരുന്നില്ല എന്നതാണ് ലളിതമായ ന്യായം. എന്നാല്‍ വ്യത്യസ്തമായ ഒരു ജീവിതശൈലി എന്ന നിലയില്‍ സന്ന്യാസത്തെ നാം ആദ്യമായി കാണുന്നത്, ആദ്യ നൂറ്റാണ്ടിലെ സഭാപിതാക്കന്മാരുടെ രചനകളില്‍ സൂചനകളുള്ള 'ക്രിസ്തീയ കന്യകമാര്‍' എന്ന സ്ത്രീ കൂട്ടായ്മയിലാണ്. ആദിമസഭയിലെ അംഗങ്ങളായ ഇവര്‍ കന്യകാവ്രതം സ്വീകരിച്ചവരായിരുന്നു. അലക്സാന്‍ഡ്രിയായിലെ ക്ലമന്‍റ് 'അസ്കെത്തായി' (asketai) എന്ന് വിളിക്കുന്നതും ലത്തീന്‍സഭ 'കണ്‍ഫസ്സേഴ്സ്' (confessores) അഥവാ 'വിശ്വാസസാക്ഷികള്‍' എന്ന് വിളിക്കുന്നതുമായ ഒരു സന്ന്യാസ പ്രസ്ഥാനത്തെ നാം താമസിയാതെ കണ്ടുമുട്ടുന്നു. ആദിമസഭയിലെ ഒരിജനും വിശുദ്ധ സിപ്രിയനും വ്രതങ്ങള്‍ എടുക്കുകയും പാലിക്കുകയും ചെയ്തിരുന്നു. സന്ന്യാസ ദീക്ഷയുള്ളവരുടെ ഗണത്തിലാണ് റോമിലെ വി. ക്ലമന്‍റിനെയും അന്ത്യോഖ്യായിലെ വി. ഇഗ്നേഷ്യസിനെയും വി. പോളികാര്‍പ്പിനെയും ചരിത്രകാരനായ യൂസേബിയസ് നിരത്തുന്നത്.

AD. 250-ല്‍ മരുഭൂമിയിലേക്ക് പോകുന്ന ദേച്ചിയൂസ് മുതല്‍ വിജനവാസികളുടെ സംഖ്യാതീതമായ ശ്രേണിയാണ് നാം കാണുക. അവരില്‍ തീബ്സിലെ പൗലോസിന്‍റെ പേര് പ്രത്യേകം പരാമര്‍ശിക്കപ്പെടുന്നുണ്ട്. അതിനും പിന്നാലെയാണ് സന്ന്യാസത്തിന്‍റെ പിതാവെന്നറിയപ്പെടുന്ന ഈജിപ്തിലെ അന്തോണിയുടെ വരവ്. അന്തോണി ഒറ്റതിരിഞ്ഞ് കഠിനമായ തപശ്ചര്യകളുടെ വ്രതബദ്ധജീവിതം കഴിക്കുന്ന സന്ന്യാസിമാരുടെ നിരവധി ഗ്രാമങ്ങള്‍തന്നെ ഉണ്ടാക്കി. അദ്ദേഹത്തിന്‍റെ പിന്നാലെവന്ന സമകാലികനായ വി. പക്കോമിയോസാണ് ഒറ്റതിരിഞ്ഞുള്ള ജീവിതത്തില്‍നിന്നുമാറി ഒരുമിച്ച് ഒരേ ആശ്രമത്തില്‍ സന്ന്യാസിമാര്‍ ജീവിക്കുന്ന കൂട്ടായ്മയുടെ ക്രമം (പുനര്‍) അവതരിപ്പിക്കുന്നത്. കുറേക്കൂടി പൗരസ്ത്യസഭയിലാകട്ടെ സന്ന്യാസത്തിന്‍റെ പിതാവും നിയമദാതാവും വി. ബേസിലാണ്. സിറിയന്‍ പാരമ്പര്യത്തില്‍ ഹിലാരിയോനും തൂണിന്മേല്‍ യോഹന്നാനും അലക്സാണ്ടറും ഒക്കെയുള്ള ഒരു ശ്രേണിയും നാം കാണുന്നു. "മാംസത്തില്‍ കുടികൊള്ളുന്ന പ്രപഞ്ചത്തിന്‍റെ നിയമത്തോടുള്ള" പടവെട്ടായിരുന്നു അക്കാലങ്ങളില്‍ സന്ന്യാസം. ഹിപ്പോയിലെ വൈദികരോടൊപ്പം സമൂഹജീവിതം കഴിച്ച അവിടത്തെ മെത്രാനായ വി. അഗസ്തീനോസും കൂട്ടക്രമത്തിന്‍റെ ഒരു നിയമാവലി എഴുതിയുണ്ടാക്കിയിരുന്നു. ക്രൈസ്തവലോകത്തിന്‍റെ മുക്കിലുംമൂലയിലും ഇപ്പറഞ്ഞ വിശുദ്ധാത്മാക്കള്‍ക്ക് സന്ന്യസ്തരായ നൂറുകണക്കിന് അനുയായികളുണ്ടായിരുന്നു എന്നതാണ് ചരിത്ര സത്യം.

പ്രവാചകശ്രേണിയും സന്ന്യാസവും

പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും പ്രവാചകര്‍ ദൈവത്തില്‍നിന്ന് നേരിട്ട് അഭിഷേകം ലഭിച്ചവരായിരുന്നു. ആരും അവരെ നിയമിച്ചാക്കുകയല്ല, ദൈവത്തിന്‍റെ അനിഷേധ്യമായ അരുളപ്പാടനുസരിച്ച് അവര്‍ തങ്ങളുടെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പുരോഹിതരും രാജാക്കന്മാരും അടങ്ങുന്ന വ്യവസ്ഥിതിയുടെ ഔദ്യോഗിക ചട്ടക്കൂടിനു വെളിയിലുള്ളവരായിരുന്നു പ്രവാചകന്മാര്‍. പുതിയനിയമത്തില്‍ യേശുവും ഇതേ പ്രവാചകപാരമ്പര്യത്തില്‍ സ്വയം നിലയുറപ്പിക്കുകയും ജനം അപ്രകാരം അവനെ തിരിച്ചറിയുകയും ചെയ്തു. "ഇതെല്ലാം പ്രവര്‍ത്തിക്കാന്‍ നിനക്ക് അധികാരം എവിടെനിന്നാണ്?" എന്നു ചോദിക്കുന്നവരെ സ്നാപകയോഹന്നാനെ നിയമിച്ചാക്കിയത് ജനതയായിരുന്നോ ദൈവമായിരുന്നോ? (മര്‍ക്കോ. 11:30) എന്ന മറുചോദ്യം ചോദിച്ചാണ് യേശു നിശബ്ദരാക്കുന്നത്. ദൈവികകാര്യങ്ങളില്‍ തങ്ങള്‍ക്ക് ലഭിച്ച തീക്ഷ്ണതയാല്‍ പ്രവാചകര്‍ ജനത്തെയും പുരോഹിതരെയും ഭരണാധികാരികളെയും ഇസ്രായേലിന്‍റെ ദൈവത്തിങ്കലേക്ക് പിന്‍നടത്തി. അതേസമയം അവര്‍ക്ക് ജനത്തിന്‍റെ ഭാവിയെക്കുറിച്ച് വ്യക്തമായ ഒരു സ്വപ്നമുണ്ടായിരുന്നു. അത് ദൈവം തന്നെ തങ്ങള്‍ക്ക് നല്കിയ ദര്‍ശനമായാണ് അവര്‍ തിരിച്ചറിഞ്ഞത്. ദൈവാശ്രയത്വത്തിലൂന്നി സത്യവും നീതിയും സ്വാതന്ത്ര്യവും സമാധാനവും പുലരുന്ന ഒരു പുതിയ വ്യവസ്ഥിതിയിലേക്കാണ് അവര്‍ ജനതയെ വെല്ലുവിളിച്ചത്. ദൈവത്തിന്‍റെ ഈ സ്വപ്നം രാജാക്കന്മാരാലും പുരോഹിതന്മാരാലും അട്ടിമറിക്കപ്പെട്ടപ്പോഴൊക്കെയും പ്രവാചകന്മാര്‍ അതിനെതിരേ ശബ്ദിക്കുകയും ഭാവിയുടെ ദര്‍ശനപ്രകാരം ഉടമ്പടി പ്രമാണങ്ങളിലൂന്നിയ ഒരു ബദല്‍ സമൂഹത്തിന്‍റെ രചനയ്ക്കായ് ജനത്തിന്  നേതൃത്വം നല്കുകയും ചെയ്തു.

ഈ പ്രവാചക പശ്ചാത്തലത്തില്‍നിന്ന് സഭാജീവിതത്തിലേക്ക് നോക്കുമ്പോള്‍, നിയമിച്ചാക്കലിന്‍റെ അധികാരം ഇല്ലാത്തതും, ഹയരാര്‍ക്കിക്ക് വെളിയില്‍ നില്ക്കുന്നതുമായ സന്ന്യസ്തര്‍ എന്ന വിഭാഗത്തെയാണ് സമാന്തരമായി നാം കാണുക. യേശു അപ്പസ്തോലന്മാരിലൂടെ സഭയ്ക്ക് പകര്‍ന്നുനല്കിയ, ലോകവുമായി സമരസപ്പെടുത്താനാകാത്ത മൂല്യങ്ങള്‍ നീക്കുപോക്കുകളുടെ പേരില്‍ നഷ്ടപ്പെടുത്തുമ്പോള്‍, വീണ്ടും ആദിമമൂല്യങ്ങളിലേക്ക് മടങ്ങിപ്പോവുകയും ദൈവരാജ്യാനുസൃത ജീവിതത്തിലേക്ക് പിന്‍നടക്കാന്‍ ജനത്തെ പ്രചോദിപ്പിക്കുകയും ചെയ്തു സന്ന്യസ്തര്‍. യുദ്ധത്തില്‍ അന്യരെ വധിക്കാന്‍ സാഹചര്യമൊരുക്കുന്ന പട്ടാളസേവനം, സ്വകാര്യസ്വത്തിന്‍റെ സമാര്‍ജ്ജനം, ലൗകികാധികാരത്തിന്‍റെ പങ്കുപറ്റല്‍ എന്നിങ്ങനെ ആദിമ ക്രൈസ്തവസമൂഹം വിലക്കി നിറുത്തിയവയെല്ലാം സഭയില്‍ സാധാരണമാകുമ്പോഴാണ് സന്ന്യാസം ഒരു പ്രസ്ഥാനമെന്ന നിലയില്‍ ശക്തിയാര്‍ജ്ജിക്കുന്നത് - പില്ക്കാലത്ത് ക്രമേണ സന്ന്യാസത്തിന്‍റെ പോലും ഉപ്പുരസം  നഷ്ടപ്പെടാന്‍ ഇടയായി എന്നതാണ് യാഥാര്‍ത്ഥ്യം എന്നിരിക്കിലും.

വ്രതദീക്ഷയും സന്ന്യാസവും

പഴയനിയമ ഗ്രന്ഥങ്ങളിലും പുതിയനിയമകാലത്തും നാം നാസീര്‍ വ്രതക്കാരെ കാണുന്നുണ്ട്. കര്‍ത്താവിനുവേണ്ടി സമര്‍പ്പിതരാണവര്‍. അവര്‍ വീഞ്ഞോ ലഹരിപദാര്‍ത്ഥങ്ങളോ കുടിക്കുകയില്ല. വ്രതഭംഗമുണ്ടാകുംവരെ അവര്‍ തല ക്ഷൗരം ചെയ്യില്ല, മുടി മുറിക്കുകയുമില്ല (സംഖ്യ 6:1-21; ജറ. 35; ആമോസ് 2;11; ലൂക്ക 15:80; നടപടി 18:18; 21:23-26; ലൂക്ക 1:15). പൗലോസും സ്നാപകയോഹന്നാനും നാസീര്‍ വ്രതമുള്ളവരാണ്. മുഖ്യമായും മൂന്നു കാര്യങ്ങളാണ് നാസീര്‍ വ്രതമെടുത്തവരില്‍ നാം കാണുക. 1. ദൈവത്തോടുള്ള ജീവിതാര്‍പ്പണം. അത് അവരുടെ ജീവിതത്തില്‍ ചില നിഷ്ഠകള്‍ പാലിക്കുന്നതിലൂടെ അവര്‍ പ്രകടമാക്കുന്നു. 2. ബാഹ്യമായ അടയാളം. ആന്തരികമായി അവര്‍ പാലിക്കുന്ന നൈഷ്ഠിക ജീവിതത്തിന് ബാഹ്യമായ അടയാളമെന്നോണം അവര്‍ മുടിമുറിക്കുകയോ ക്ഷൗരം ചെയ്യുകയോ ചെയ്യുന്നില്ല. 3. ദൈവസാന്നിധ്യാവബോധം. അവരുടെ സാന്നിധ്യം തങ്ങളുടെ മദ്ധ്യേയുള്ള യാഹ്വേയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ഇസ്രയേലിനെ അവബോധപ്പെടുത്തുന്നു. പ്രസ്തുത ദൈവാവബോധം തെരഞ്ഞെടുക്കപ്പെട്ട ജനത എന്ന നിലയില്‍ ഇസ്രായേലിന്‍റെ മഹത്ത്വവും വിശ്വസ്തതയും കാത്തുസൂക്ഷിക്കാന്‍ അവര്‍ക്ക് പ്രേരണ നല്കുകയും ചെയ്തു.

ഇതേ ധര്‍മ്മം തന്നെയാണ് സഭയിലെ സന്ന്യസ്തരും അനുഷ്ഠിച്ചുപോന്നത്. ഒന്നാമതായി അവര്‍ ദൈവത്തിനും ദൈവികകാര്യങ്ങള്‍ക്കുമായി സ്വയം സമര്‍പ്പിതരാണ്. രണ്ടാമതായി ചില നിഷ്ഠകള്‍ ജീവിതത്തില്‍ പാലിക്കുകയും വ്രതങ്ങളാല്‍ ചില കാര്യങ്ങള്‍ അവര്‍ വര്‍ജ്ജിക്കുകയും ചെയ്യുന്നു. മൂന്നാമതായി അവര്‍ തങ്ങളുടെ സമര്‍പ്പിതാവസ്ഥയുടെ ബാഹ്യമായ അടയാളമായി ചില ബാഹ്യചിഹ്നങ്ങള്‍ അണിയുന്നു. തങ്ങളും ഉദാത്തമായ ജീവിതം കഴിക്കേണ്ടവര്‍തന്നെയെന്ന് തങ്ങളുടെ സാന്നിധ്യം വഴിയായി അവര്‍ ജനത്തിനിടയില്‍ അവബോധം വളര്‍ത്തുന്നു.

പൗരോഹിത്യവും സന്ന്യാസവും

യേശുവിന്‍റെ പൗരോഹിത്യത്തെക്കുറിച്ചുള്ള വിശദമായ പ്രതിപാദ്യമുള്ളത് ഹെബ്രായര്‍ക്ക് എഴുതപ്പെട്ട ലേഖനത്തിലാണ് (ഹെബ്ര. 8:1 - 9:17). അവിടെയാകട്ടെ വളരെ വ്യക്തമായും ആധികാരികമായും ലേഖനകര്‍ത്താവ് വ്യക്തമാക്കുന്നത് യേശുവിന്‍റേത് മെല്‍ക്കിസദേക്കിന്‍റെ ക്രമപ്രകാരമുള്ള പൗരോഹിത്യമാണെന്നും, അത് പിന്തുടര്‍ച്ചാക്രമമനുസരിച്ചുള്ളതല്ല എന്നും, ആചാരപ്രകാരമുള്ള പൗരോഹിത്യക്രമങ്ങളില്‍നിന്ന് തുലോം വ്യത്യസ്തമാണെന്നും അത് അനുഷ്ഠാനബദ്ധമല്ലാത്തതാണ് എന്നുമാണ്.  അനുഷ്ഠാനപൂര്‍വ്വകമായ ബലിയര്‍പ്പണമായിരുന്നില്ല യേശുവിന്‍റേത്, മറിച്ച് അവന്‍ ബലിയര്‍പ്പിച്ചത് തന്നെത്തന്നെയായിരുന്നു. സമ്പൂര്‍ണ്ണമായും തന്നെത്തന്നെ നല്കുന്ന, ബലിയായിരുന്നു യേശുവിന്‍റേത്. ശരീരത്തെയും മനസ്സിനെയും ബലിയായി അര്‍പ്പിക്കുന്ന യഥാര്‍ത്ഥ ആരാധനയെക്കുറിച്ച് യേശു തന്നെയും സമരിയക്കാരി സ്ത്രീയോട് യാക്കോബിന്‍റെ കിണറ്റരികെയായിരിക്കുമ്പോള്‍ പറയുന്നുണ്ട് (യോഹ. 4:21-23). സന്ന്യാസമെന്നത് ആജീവനാന്തമുള്ള, കാലദേശങ്ങള്‍ക്കതീതമായ ആരാധനയാണ് - ബലിയാണ്. ഇവ്വിധമുള്ള ബലിയര്‍പ്പണങ്ങളിലൂടെയാണ് അവര്‍ നീതിയുടെയും സമാധാനത്തിന്‍റെയും (മെല്‍ക്കിസദേക്കിന്‍റെ ക്രമം) പുരോഹിതനാകുന്നത്. ഇപ്രകാരം മെല്‍ക്കിസദേക്കിന്‍റെ ക്രമപ്രകാരം ആത്മാവിലും സത്യത്തിലും (യോഹ. 4:23) ശരീരത്തിലുമുള്ള (റോമ. 12:1) ബലിയര്‍പ്പണത്തിനായി വിളിക്കപ്പെട്ടവരും യേശുവിലൂടെ സാക്ഷാത്കൃതമായ പൗരോഹിത്യം തുടരുന്നവരുമാണ് ഓരോ ക്രിസ്തുവിശ്വാസിയും - സവിശേഷമാംവിധം ഓരോ സന്ന്യാസിയും സന്ന്യാസിനിയും. ഇത്തരം ആരാധകരെയാണ് ദൈവം തേടുന്നതും (യോഹ. 4:23).

സന്ന്യാസ വിശുദ്ധി

ഈ കുറിപ്പിന്‍റെ ആരംഭത്തില്‍ നാം കണ്ടതുപോലെ ലോകത്തില്‍നിന്ന് പലായനം ചെയ്യുന്ന സന്ന്യാസപാരമ്പര്യമായിരുന്നു ആദിമനൂറ്റാണ്ടുകളില്‍ സഭയിലുണ്ടായിരുന്നത്. ലോകം തിന്മയാണെന്നും അതില്‍നിന്ന് പലായനം ചെയ്യേണ്ടതുണ്ട് എന്നും അക്കാലങ്ങളില്‍ സന്ന്യാസികള്‍ വിശ്വസിച്ചു. ദൈവത്തിന്‍റെ വിശുദ്ധിയെക്കുറിച്ചുള്ള ദര്‍ശനത്തിലാണ് ഇതിന്‍റെ വേരുകള്‍ എന്നുപറയാം. പാപജഢിലമായ മനുഷ്യനില്‍നിന്ന് ഭിന്നനായി, ഇതരധ്രുവത്തില്‍, പരിപൂര്‍ണ്ണ വിശുദ്ധിയുടെ പരകോടിയില്‍ സര്‍വ്വം അഭൗമവും അലൗകികവുമായ വെണ്മയുടെ മേഖലയില്‍ വിരാജിക്കുന്ന ദൈവത്തിന്‍റെ വിശുദ്ധിയെക്കുറിക്കുന്ന സങ്കല്പമാകാം അവരെ ലോകത്തില്‍നിന്ന് പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. വേര്‍തിരിക്കപ്പെട്ടവനും (Haggios) അകന്നുമാറിയവനും അപ്രാപ്യനും ആയി ദൈവത്തെയും, ഈ വേര്‍തിരിവിലും അകല്‍ച്ചയിലും ദൈവത്തിന്‍റെ പരിശുദ്ധിയെയും കാണുന്ന രീതിയല്ല പുതിയ നിയമപാരമ്പര്യത്തില്‍ യേശുവിലൂടെ അനാവൃതമാകുന്ന ദൈവത്തിന്‍റെ വിശുദ്ധി. നേരെ മറിച്ച് ലോകത്തോടുള്ള ദൈവത്തിന്‍റെ ഉന്മുഖതയിലും, മനുഷ്യന്‍റെ ഉയര്‍ച്ചതാഴ്ചകളിലും ജയപരാജയങ്ങളിലും താല്പര്യം കാട്ടുകയും, ക്രിയാത്മകമായി ഇടപെടുകയും, അവനോടും അവളോടും ഒപ്പം വേദനിക്കുകയും, അലിവും ഐക്യദാര്‍ഢ്യവും കാട്ടുകയും ചെയ്യുന്ന ദൈവ പ്രകൃതത്തിലും വെളിപ്പെടുന്ന വിശുദ്ധിയാണ് യേശുവിലൂടെ അനാവൃതമാകുന്നത്. യേശു എന്ന സന്ന്യാസിയെ നയിച്ചത് കാരുണ്യവാനായ ദൈവത്തിന്‍റെ ഇവ്വിധമായ വിശുദ്ധിയായിരുന്നു. ആദ്യകാല സന്ന്യാസികളിലും കന്യകമാരിലും നിന്നു ഭിന്നമായി പില്ക്കാല സന്ന്യസ്തരെ നയിച്ചതും ഇപ്രകാരം മനുഷ്യനോട് ഉന്മുഖമായിരിക്കുന്നതില്‍ തെളിയുന്ന വിശുദ്ധിയുടെ ദര്‍ശന ധാരയാണ്.

സന്ന്യാസമെന്ന സാര്‍വ്വലൗകിക യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരുമ്പോള്‍, അത് യഹൂദപാരമ്പര്യത്തിലായാലും ബൗദ്ധപാരമ്പര്യത്തിലായാലും ഹൈന്ദവപാരമ്പര്യത്തിലായാലും ഇസ്ലാമികപാരമ്പര്യത്തിലോ ക്രൈസ്തവപാരമ്പര്യത്തിലോ ആയാലും അതിന് മിസ്റ്റിസിസത്തിന്‍റെ (യോഗാത്മകതയുടെ) ഒരു തലവും ആത്മവിമലീകരണത്തിന്‍റെ തലവും (self purification)  സ്വന്തം സാധ്യതകളുടെ സാക്ഷാത്ക്കാരത്തിന്‍റെ ഒരു തലവും ലോകത്തെ പരിവര്‍ത്തിപ്പിക്കലിന്‍റെ മറ്റൊരുതലവും ഉണ്ടെന്നു കാണാനാവും - റിച്ചാര്‍ഡ് ബാഹ് "ജോനഥന്‍ ലിവിങ്സ്റ്റണ്‍ സീഗള്‍" എന്ന നോവലില്‍ പറയുംപോലെ finding out the real gull in you (തന്നിലെ യഥാര്‍ത്ഥ കടല്‍ക്കാക്കയെ കണ്ടെത്തല്‍). അങ്ങനെ കാലാകാലങ്ങളില്‍ സന്ന്യസ്തര്‍ പലരും തങ്ങളുടെ അതീന്ദ്രിയ സാധ്യതകളെ വളര്‍ത്തിയെടുത്തവര്‍ കൂടിയായിരുന്നു എന്ന കാര്യവും മറന്നുകൂടാ. ക്രൈസ്തവ സന്ന്യാസം പക്ഷേ, ഇപ്രകാരമുള്ള ശാരീരിക സാധ്യതകളുടെ വളര്‍ത്തിയെടുക്കലിനെ ഏറെയൊന്നും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇതര പാരമ്പര്യങ്ങളില്‍ ചിട്ടയായ സാധനയിലൂടെ ഇത്തരം സാധ്യതകള്‍ ഒരാള്‍ സ്വയം വളര്‍ത്തിയെടുക്കുമ്പോള്‍ ക്രൈസ്തവ പാരമ്പര്യത്തില്‍ അവ സിദ്ധികളായി - വരങ്ങളായി ലഭിക്കുന്നതായാണ് കാണുന്നത്. സ്വയം അദൃശ്യനാക്കാനുള്ള വരം, ഒരേസമയം രണ്ടിടത്ത് സാന്നിദ്ധ്യമാകാനുള്ള വരവും, ഭാവികാര്യങ്ങള്‍ മുന്‍കൂട്ടികണ്ട് പറയാനുള്ള വരവും പരഹൃദയവായനക്കുള്ള വരവും ഒക്കെ വി. പാദ്രേ പിയോക്ക് ഉണ്ടായിരുന്നതായാണ് സാക്ഷ്യം. അത്ഭുതപ്രവര്‍ത്തനത്തിനുള്ള വരവും രോഗശാന്തിക്കുള്ള വരവും വ്യാഖ്യാനവരവും നിരവധി വിശുദ്ധാത്മാക്കള്‍ക്ക് ഉള്ളതായും നാം കാണുന്നു. വെള്ളത്തിനുമീതെ നടക്കാനുള്ള സിദ്ധിയും  - ശരീരം ഭാരരഹിതമാക്കുന്നതിനാല്‍ ആഗ്രഹിക്കുമ്പോഴെല്ലാം നില്ക്കുന്ന നില്പില്‍ പറന്നുപൊന്തി പോകാനുള്ള കഴിവും ഒക്കെ കുപ്രത്തീനോയിലെ വി. യൗസേപ്പിനെപോലെ പല സന്ന്യാസിമാര്‍ക്കും ഉണ്ടായിരുന്നു.

സഭയുടെ പ്രശ്നഘട്ടങ്ങളിലെല്ലാം സഭയ്ക്ക് കൈത്താങ്ങായിട്ടുള്ളത് സന്ന്യസ്തരായിരുന്നു. സഭയെ മഥിച്ച നിരവധി പാഷണ്ഡതകളെ ചെറുത്തുതോല്പിക്കാന്‍ നിയുക്തരായവര്‍ മിക്കവാറും ഘട്ടങ്ങളില്‍ സന്ന്യസ്തരായിരുന്നു. 'സത്യത്തില്‍ സ്നേഹം' എന്ന ചാക്രികലേഖനത്തില്‍ സൂചിപ്പിക്കപ്പെടുംപോലെ സഭയില്‍ പുലരുന്ന സ്നേഹത്തിന്‍റെ അരൂപിയെ ദൃശ്യവും സ്പര്‍ശ്യവുമായി ഇന്നു ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നതും സഭയിലെ സന്ന്യാസസമൂഹങ്ങള്‍ തന്നെയാണെന്നുകാണാം. ചരിത്രം പരിശോധിച്ചാല്‍ അച്ചടി കണ്ടുപിടിക്കുന്നതിനുമുമ്പ് വി. ഗ്രന്ഥത്തിന്‍റെ പകര്‍പ്പുകളെഴുതിക്കൊണ്ടിരുന്നതിലും, അതിനുശേഷം വചനധ്യാനവും മനനവും വചന വ്യാഖ്യാനവും ചെയ്തുകൊണ്ടിരുന്നതിലും നല്ലൊരു പങ്ക് സന്ന്യാസസാന്നിധ്യം കാണാനാവും. സഭയുടെ ദൈവശാസ്ത്രരൂപീകരണത്തിലും ദൈവശാസ്ത്ര ദര്‍ശനങ്ങളുടെ വികസനത്തിലും സന്ന്യസ്തരുടെ പങ്ക് ആര്‍ക്കാണ് കുറച്ചുകാട്ടാനാവുക! ലോകമെമ്പാടും വിശ്വാസദൃഢീകരണത്തിനുവേണ്ടി ആയിരക്കണക്കിനു പുസ്തകങ്ങളും ലേഖനങ്ങളും അനുദിനമെന്നോണം എഴുതിക്കൊണ്ടിരിക്കുന്നതും സന്ന്യാസിസമൂഹമാണല്ലോ. സഭയ്ക്കുവേണ്ടി ഇന്നും അഹോരാത്രം അദ്ധ്വാനിക്കുന്നതില്‍ ലോകമെമ്പാടുമുള്ള സന്ന്യസ്തരുടെ സ്ഥാനം അദ്വിതീയമാണ്. ഫ്രഞ്ച് വിപ്ലവകാലത്തും റഷ്യന്‍വിപ്ലവത്തിലും ഇംഗ്ലണ്ടിലെ പ്രോട്ടസ്റ്റന്‍റ് വിപ്ലവകാലത്തും സഭാമര്‍ദ്ദനങ്ങളുണ്ടായിട്ടുള്ള മറ്റെവിടെയും ക്രിസ്തുവിനും അവന്‍റെ സഭയ്ക്കും വേണ്ടി മര്‍ദ്ദനമേറ്റിട്ടുള്ളതും ജീവന്‍ ഹോമിച്ചിട്ടുള്ളതും ഒട്ടുമിക്കപ്പോഴും സന്ന്യസ്തര്‍ തന്നെയായിരുന്നു. ക്രിസ്തുവിനും അവന്‍റെ സഭയ്ക്കുംവേണ്ടി കഠിനമായ യാത്രകള്‍ ഏറ്റെടുത്ത് അപ്രാപ്യമായ ഭൂഖണ്ഡങ്ങളിലും അപരിചിതമായ ജനപദങ്ങളിലും പോയി സുവിശേഷം പ്രസംഗിച്ച് അനേകരെ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുള്ളതും ഏറെയും സഭയുടെ സന്ന്യസ്തരായ സന്താനങ്ങളായിരുന്നല്ലോ.

* * * 

ക്രിസ്തുവിന്‍റെ അപ്പസ്തോലന്മാര്‍ പന്ത്രണ്ടുപേരായിരുന്നു. അവരില്‍ യൂദാസിനെ നഷ്ടപ്പെട്ട അവസരത്തില്‍ അപ്പസ്തോലഗണം ഒരുമിച്ചുകൂടി യൂദാസിനുപകരം മത്തിയാസിനെ തെരഞ്ഞെടുത്ത് ആ ഒഴിവ് നികത്തി. "അകാലജാതന്‍" ആയ പൗലോസിന് അതിനാല്‍ത്തന്നെ ഇസ്രായേലിന്‍റെ പന്ത്രണ്ട് ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന പന്ത്രണ്ടു പേരടങ്ങുന്ന അപ്പസ്തോലഗണത്തില്‍ സ്ഥാനമുണ്ടാകരുതാത്തതാണ്. എന്നിരുന്നാലും താനും ഒരു അപ്പസ്തോലനാണ് എന്ന് ഊന്നിപ്പറഞ്ഞ് പൗലോസ് പ്രസ്തുത സ്ഥാനം സ്വയം "എഴുതിയെടുക്കുന്നു". അപ്പസ്തോലപ്രമുഖനായ പത്രോസ് വിവാഹിതനായിരുന്നു. അവസാനത്തെ അപ്പസ്തോലനായ പൗലോസാകട്ടെ ഒരു സന്ന്യാസിയും. ഒരു സന്ന്യാസിയുടെ തീക്ഷ്ണതയോടെ പൗലോസ് മറ്റെല്ലാ അപ്പസ്തോലന്മാരെക്കാളും ഏറെ പ്രേഷിതയാത്രകള്‍ നടത്തി. ഏറെ അധ്വാനിച്ചു. ഏറെ സമൂഹങ്ങളെ സഭകളായി പരിവര്‍ത്തിപ്പിച്ചു എന്നത് പൗലോസിന്‍റെ മിടുക്കിനെക്കാളും ദൈവികപദ്ധതിയായിട്ടേ നമുക്ക് കാണാനാകൂ. പത്രോസും പൗലോസും വധിക്കപ്പെടുന്നത് റോമില്‍ വച്ചുതന്നെയായിരുന്നു. ഔദ്യോഗിക വ്യവസ്ഥാപിത സഭയുടെ ആസ്ഥാനവും കോട്ടയുമായിത്തീര്‍ന്ന റോമിന്‍റെ മധ്യസ്ഥര്‍  അപ്പസ്തോലപ്രമുഖനും കുടുംബസ്ഥനുമായ പത്രോസും, പതിമൂന്നാമനും സന്ന്യാസിയുമായ പൗലോസുമാണെന്നതും യാദൃച്ഛികമായിരിക്കില്ല. "അപ്പസ്തോലന്മാരും പ്രവാചകരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍. ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്" (എഫേ. 2:20; 3:5).

* * * 

ഇത്രയും പറഞ്ഞതിനുശേഷം ഇനി നാമെന്താണ് പറയേണ്ടത്? സന്ന്യാസത്തിന്‍റെ കാലം കഴിഞ്ഞുവെന്നോ? സന്ന്യാസം മരിച്ചുവെന്നോ?  ഇനിയും, മനുകുലമുള്ള കാലത്തോളം സന്ന്യസ്തരും ഉണ്ടായിരിക്കും. അവര്‍ മരുഭൂമിയില്‍ വിളിച്ചുപറയുന്ന ശബ്ദമായും മുടിനീട്ടിയ നാസീര്‍ വ്രതക്കാരായും പോരാളികളായും അകമേ വെന്തുനീറുന്നവരായും അപമാനിതരായും ഇടിച്ചുതകര്‍ക്കുന്നവരായും പിഴുതെറിയുന്നവരായും പടുത്തുയര്‍ത്തുന്നവരായും നട്ടുവളര്‍ത്തുന്നവരായും സമൂഹം സ്നേഹിക്കുന്നുവരായും സാമ്രാജ്യത്വ അധീശത്വ ശക്തികളാല്‍ തകര്‍ക്കപ്പെടുന്നവരായും കൊല്ലപ്പെടുന്നവരായും ബാലിനുമുന്നില്‍ മുട്ടുമടക്കത്ത അയ്യായിരങ്ങളായി ഇവിടെ ഉണ്ടാകും, എന്നും.

വാല്‍ക്കഷണം:

നഴ്സറി ക്ലാസ്സില്‍ ബെഞ്ചിന്‍റെ വലതുഭാഗത്തുള്ളവര്‍ ഇടതുഭാഗത്തുള്ളവരെ വര്‍ഗ്ഗശത്രുക്കളായിക്കണ്ട് അവരെ പൃഷ്ഠംകൊണ്ട് തിക്കിത്തിക്കി ബെഞ്ചിന് താഴേക്ക് തള്ളിയിടുന്നതുപോലുള്ള 'ഉന്മൂലന'ത്തിന്‍റെ മനോഭാവം സഭക്കൊരിക്കലും നന്മ ചെയ്യില്ല. ഹയരാര്‍ക്കിയിലേക്ക് താല്പര്യപ്പെടുന്ന പ്രായോഗിക വാദികളുടെ എണ്ണവും 'കോര്‍പറോക്രസി'യിലൂടെയുള്ള വികസനമാണ് ദൈവരാജ്യം എന്നു വാദിക്കുന്ന മാനേജ്മെന്‍റ് ഗുരുക്കളുടെ എണ്ണവും സന്ന്യാസത്തില്‍ വര്‍ദ്ധിക്കുന്നു എന്നതുപോലെ തന്നെ ഭയാനകമാണ്,  'തങ്ങളാണ് സഭ' എന്നു വാദിക്കുന്ന ഹയരാര്‍ക്കിയിലെ പുരോഹിതന്മാരുടെ വര്‍ദ്ധനവും. ആദിമ ചൈതന്യത്തെ സ്ഫുടംചെയ്ത് മനസ്സില്‍ സ്ഥാപിക്കുമ്പോള്‍ത്തന്നെ, ഇന്നോളം നമ്മളൊക്കെ നടന്നുവന്ന ചരിത്രയാഥാര്‍ത്ഥ്യങ്ങളെക്കൂടി ഗൗരവമായെടുക്കാനും ഒരു പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുംവേണ്ടി സ്വപ്നം കാണാനും ദൈവത്തിന്‍റെ രാജ്യത്തിനും അവിടത്തെ നീതിക്കുംവേണ്ടി സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കാനും ഇടയഗണവും അല്മായരും സന്ന്യസ്തരുമടങ്ങുന്ന സഭാസമൂഹമൊന്നാകെ താല്പര്യപ്പെടുകയും മാത്സര്യങ്ങള്‍ മറന്ന് കൈകോര്‍ക്കുകയും വേണം.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts