news-details
മറ്റുലേഖനങ്ങൾ

ശില്പിയും കളിമണ്ണും

"അവന്‍ ടീച്ചറുടെ ക്ലാസിലാണ് വരാന്‍പോകുന്നത്. സൂക്ഷിക്കണം, ആ കുട്ടിയെ കുറേനാള്‍ മുന്‍പ് സ്കൂളില്‍നിന്നു പുറത്താക്കിയിരുന്നതാണ്."

നിശ്ചയദാര്‍ഢ്യമുള്ള കണ്ണുകളോടുകൂടിയ, മെലിഞ്ഞ ആ മുപ്പതുകാരിടീച്ചര്‍ തന്‍റെ സീനിയര്‍ അധ്യാപകരുടെ സംസാരം ശ്രദ്ധിച്ചുനിന്നു. അവരൊക്കെ മുതിര്‍ന്നവരും തന്നേക്കാള്‍ കൂടുതല്‍ പരിചിതരുമാണ്. അവള്‍ അവരെ നോക്കി ഉള്ളാലെ നെടുവീര്‍പ്പിട്ടു.... ഒരു കുട്ടിയെ  ഒന്നിനും കൊള്ളാത്ത ഒരു വികൃതിജീവിയാക്കി മാറ്റിയിരിക്കുന്നു - അവന്‍റെ ഹൃദയത്തെ ഇവര്‍, ഈ അധ്യാപകര്‍ കൈകാര്യം ചെയ്തു ചെയ്ത്...

അവള്‍ ക്ലാസ്റൂമിലേയ്ക്കു നടന്നു. നല്ല വായുസഞ്ചാരമുള്ള വലിയമുറി. നിരനിരയായി അടുക്കിയിട്ടിരിക്കുന്ന ഡെസ്കുകള്‍. വാതിലിനു മുകളില്‍ 9 എ  എന്നെഴുതിയ ബോര്‍ഡ്. ഒറ്റ കുട്ടിപോലും ബഞ്ചിലിരിപ്പില്ല. എല്ലാവരും ഡസ്കില്‍ കയറിയിരിക്കുന്നു. ഇവിടെ ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍! അവള്‍ പുഞ്ചിരിയോടെ അവരെ നോക്കിക്കൊണ്ട് നിശബ്ദയായി വാതില്‍ക്കല്‍നിന്നു. ടീച്ചറെ കണ്ടമാത്രയില്‍ കുട്ടികളെല്ലാം ഡസ്കില്‍നിന്ന് ചാടിയിറങ്ങി ബഞ്ചില്‍ നിരന്നു. ചിലര്‍ ഭീതിയോടെയും മറ്റുചിലര്‍ ആശങ്കയോടെയും അവളെ നോക്കുന്നുണ്ടായിരുന്നു. അവള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല. അച്ചടക്കപാലനത്തിന്‍റെ ചുമതലയുള്ള അധ്യാപിക എന്നനിലയില്‍ താഴ്ന്ന ക്ലാസില്‍വച്ച് ചിലര്‍ക്ക് അവളെ പരിചയമുണ്ട്. അവളുടെ ക്ലാസിലിരിക്കാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ക്കേ അവസരം ലഭിക്കൂ എന്ന് സീനിയേഴ്സ് പറയുന്നത് പലരും കേട്ടിട്ടുമുണ്ട്. അവര്‍ പറയുന്നത് ശരിയോ എന്നറിയാന്‍ രണ്ടുവര്‍ഷത്തെ സമയമുണ്ടല്ലോ. കൗമാരക്കാരായ ആ കുട്ടികളെ പ്രസന്നഭാവത്തോടെ നോക്കി നേരത്തെ പരിചയമുള്ളവരുടെ നേരെ ചിരിച്ചും മറ്റുള്ളവരെനോക്കി മൃദുവായി, സ്നേഹത്തോടെ തലയാട്ടിക്കൊണ്ടും അവള്‍ നിശബ്ദയായി നിന്നു; ഓരോരുത്തരുടെയും കണ്ണുകളില്‍ എന്തിനോ വേണ്ടി തിരയും പോലെ... ഈ 'അച്ചടക്കം' എന്നു പേരുള്ള സംഗതി എട്ടു കൊല്ലമായി ഇവരുടെ നേരെ പ്രയോഗത്തില്‍ വരുത്തിയിരുന്ന അധ്യാപകര്‍ ഈ പേരുംപറഞ്ഞ് ഇവരുടെ ഹൃദയത്തെ എത്രമാത്രം മുറിപ്പെടുത്തിയിരിക്കാം? ഇത്ര വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവര്‍ക്കെന്തൊക്കെ നഷ്ടമായിട്ടുണ്ടാവും? ആത്മാഭിമാനം, സ്വയം മതിപ്പ്, സന്തോഷങ്ങള്‍ അങ്ങിനെയങ്ങനെ.. കാര്യങ്ങളെല്ലാം വല്ലാത്തൊരവസ്ഥയിലാണെന്ന് അവള്‍ക്കു തോന്നി. അധ്യാപകര്‍ വിജയിച്ചേക്കാം; എന്നാല്‍ ഈ കുട്ടികളുടെ കാര്യമോ? എല്ലാ കണ്ണുകളിലും ഭയവും ശങ്കയും മാത്രമാണ് തെളിയുന്നത് അവള്‍ വല്ലാതെ നെടുവീര്‍പ്പിട്ടുപോയി. ശരിയായ സമയത്ത് തനിക്കിവിടെ എത്തിച്ചേരാന്‍ പറ്റിയല്ലോ എന്നൊരാശ്വാസവും തോന്നി. തനിക്കു സംവദിക്കാന്‍ മുപ്പതോളം മനോഹര ഹൃദയങ്ങളുണ്ട്. അവരിലെ ദൈവം മരിച്ചിട്ടില്ല, ഉറങ്ങികിടക്കുകയാണെന്നും ഉണര്‍ത്തിയെടുക്കേണ്ടതാണെന്നും അവര്‍ തിരിച്ചറിയേണ്ടതുണ്ട്.

നിശബ്ദതയെ ഭേദിച്ചുകൊണ്ട് വാതില്‍ വലിച്ചുതുറക്കുന്ന ഒരു ശബ്ദം. സൂര്യയാണ്. അവനും ഈ ക്ലാസിലേയ്ക്കാണ്.  വികൃതിഭൂതം. ക്ലാസില്‍ ശ്വാസംപോലും നിലച്ചിരിക്കുന്നു. സ്കൂള്‍വര്‍ഷത്തിലെ ആദ്യദിനമാണ്, പക്ഷേ സൂര്യ ലേറ്റായിത്തന്നെ എത്തിയിരിക്കുന്നു. ഇതല്പം നന്നായി സൂക്ഷിക്കേണ്ട നിമിഷമാണെന്ന് ടീച്ചര്‍ക്കു തോന്നി. ഇതു നഷ്ടപ്പെടുത്തിയാല്‍ ഇതിനു പകരംവയ്ക്കാന്‍ ഒരു സമയം ഇനി കിട്ടിയെന്നുവരില്ല. സൂര്യ വാതില്‍ക്കല്‍ത്തന്നെ നില്‍പ്പുണ്ട്. പെട്ടെന്ന് അവള്‍ സ്കൂള്‍ ഇലക്ഷനെപ്പറ്റി കുട്ടികളോട് പറയാന്‍ തുടങ്ങി. ഓരോ സ്ഥാനത്തേയ്ക്കും മത്സരിക്കാനാഗ്രഹിക്കുന്നവര്‍ ആരൊക്കെയെന്നു ചോദിക്കുകയും ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി പറയുകയും ചെയ്തു.

ടീച്ചര്‍ സാവധാനം സൂര്യയുടെനേര്‍ക്കു തിരിഞ്ഞു. അവന്‍ പെട്ടെന്ന് അവളെ നോക്കി വിളിച്ചുപറഞ്ഞു: 'സ്കൂള്‍ ഗെയിംസ് ക്യാപ്റ്റന്‍'.

അവന്‍റെ വലിയ ആകാരവും ഉയരവുമൊക്കെ ഇതിനു കൊള്ളാമല്ലോ, അവള്‍ക്കു തോന്നി. എങ്കിലും പറഞ്ഞു: "ഇല്ല സൂര്യ നീ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുള്ളവനല്ല. നിന്‍റെ നോമിനേഷന്‍ സ്വീകരിക്കാനാവില്ല."

ക്ലാസ് മുഴുവന്‍ വീര്‍പ്പടക്കിയിരിക്കുകയാണ്. സൂര്യയ്ക്കു പകരംവീട്ടാന്‍ ഒരവസരം ഉണ്ടാക്കിക്കൊടുക്കുകയാണോ ഈ ടീച്ചര്‍! ടീച്ചര്‍ തുടര്‍ന്നു, "ഇതിനുള്ള ഒരേയൊരു യോഗ്യത സ്വന്തം അച്ചടക്കം മാത്രമാണ്. നമ്മള്‍ ഈ വര്‍ഷം അതെങ്ങനെയെന്നു നന്നായി മനസിലാക്കും. അപ്പോള്‍ അടുത്തവര്‍ഷം നിനക്ക് മത്സരിക്കാനാവും."

കുട്ടികളുടെ വീര്‍പ്പടക്കല്‍ ഒന്നുകൂടി കനത്തു. ഹൊ, ക്യാപ്റ്റന്‍ - ഏറ്റവും കൊതിപ്പിക്കുന്ന പദവി. അതും സൂര്യയ്ക്ക്! ഈ ടീച്ചര്‍ക്കു ഭ്രാന്തായോ? എന്നാല്‍ ഉത്തമ ബോധ്യത്തോടെയുള്ള ടീച്ചറുടെ പ്രസ്താവന സൂര്യയെപ്പോലും നിശബ്ദനാക്കി. അവിശ്വാസത്തോടെ അവന്‍ അവരെ നോക്കി. തന്നെ ടീച്ചര്‍ പരിഹസിക്കുന്നതാവുമോ? എന്നാല്‍ അവളുടെ മുഖത്തെ തെളിഞ്ഞ പുഞ്ചിരി വളരെ സത്യസന്ധമായിരുന്നു. എന്തു ചെയ്യണമെന്ന് സൂര്യയ്ക്ക് അറിയില്ല. എങ്കിലും അവര്‍ പറയും പോലെ എല്ലാം പ്രവര്‍ത്തിക്കണമെന്ന് അവനു തോന്നി. തനിക്കു കിട്ടിയ അംഗീകാരത്തില്‍ അവന്‍റെ ഹൃദയം തുടിച്ചു. അവന്‍ തന്നെ അംഗീകരിക്കുന്നുവെന്ന് അവന്‍റെ മുഖഭാവം വ്യക്തമാക്കുന്നതായി അവള്‍ ശ്രദ്ധിച്ചു. നിറഞ്ഞ കണ്ണുകളോടെ അവന്‍ അകലേയ്ക്കു ദൃഷ്ടിപായിച്ചു നില്‍ക്കുകയാണ്, താന്‍ കരയുന്നത് ആരും കാണരുതല്ലോ, മറ്റുള്ളവരെ കരയിപ്പിച്ചിരുന്ന സൂര്യയല്ലേ. ആ ഒരു വര്‍ഷം കടന്നുപോയി. തീര്‍ച്ചയായും, സൂര്യയില്‍ പ്രകടമായ മാറ്റങ്ങളുണ്ടായി. ടീച്ചര്‍ തരുന്ന ജോലികള്‍ ഓരോന്നും നന്നായി ചെയ്യുമ്പോള്‍ സ്വയം മതിക്കാന്‍ അവന്‍ പഠിച്ചു. കൃത്യനിഷ്ഠയും സമയനിഷ്ഠയും ജീവിതത്തിലുണ്ടായിത്തുടങ്ങി. താന്‍ ഇടയ്ക്കു താമസിച്ചുവരുമ്പോള്‍ ടീച്ചറുടെ കണ്ണുകളിലെ ആത്മാര്‍ത്ഥമായ സങ്കടം അവന്‍ കണ്ടു. മറ്റുള്ളവരെ പരിഗണിക്കാനും സ്വയം വിശ്വസിക്കാനും പരാജയങ്ങളില്‍ക്കൂടി വിജയപാത കണ്ടെത്താനും  ടീച്ചര്‍ അവനെ സഹായിച്ചു. 'എന്നോടു ക്ഷമിക്കണം' എന്നു പറയേണ്ടിവരുമ്പോള്‍ അപമാനമോ ലജ്ജയോ വേണ്ടതില്ലെന്ന് അവന്‍ മനസിലാക്കി. സ്നേഹവും ഉണര്‍വും ടീച്ചറുടെ കരുതലിലൂടെ ലഭിച്ചു.

വര്‍ഷാവസാനമായപ്പോള്‍ സ്റ്റാഫ്റൂമിലെ സംസാരഗതിയില്‍ മാറ്റംവന്നു തുടങ്ങി. "സൂര്യ ഒരുപാടു പുരോഗമിച്ചിരിക്കുന്നു. അത് നിങ്ങളോടുള്ള ഭയം മൂലമാവും അല്ലേ ടീച്ചര്‍?"

ഈ ചോദ്യം കേള്‍ക്കുമ്പോള്‍ അവള്‍ പുഞ്ചിരിക്കുകയേയുള്ളൂ. തനിക്കും സൂര്യയ്ക്കും അറിയാമല്ലോ സത്യമെന്തെന്ന്! ഭയം ഒരിക്കലും ഒരാളെ നന്നായി രൂപപ്പെടുത്തുന്നില്ല. അതിനു വേണ്ടത് സ്നേഹവും അംഗീകാരവും മാത്രമാണ്.

പരുഷപ്രകൃതിയും ഭയപ്പെടുത്തലും കൊണ്ട് അച്ചടക്കം പഠിപ്പിക്കാമെന്നാണ് ഏറിയ പങ്ക് അധ്യാപകരും ധരിച്ചിട്ടുള്ളത്. ഭയപ്പെടുത്തല്‍ അധ്യാപകരുടെ മുന്‍പില്‍ കീഴ്വഴങ്ങിനില്‍ക്കുന്ന കുട്ടികളെ സൃഷ്ടിച്ചേക്കാം. പക്ഷേ അവരുടെയുള്ളിലെ ദൈവികതയെ തട്ടിയുണര്‍ത്തണമെങ്കില്‍ സ്നേഹം മാത്രമേ ഉതകൂ. കുഞ്ഞുഹൃദയങ്ങളാണ് അധ്യാപകശില്പിയുടെ കൈയിലെ കളിമണ്ണ് തന്നിലുള്ള മൂല്യങ്ങള്‍ക്കനുസരിച്ചേ അവര്‍ക്കതിനെ വാര്‍ത്തെടുക്കാനാവൂ.

10 എ കാത്തിരിക്കുകയാണ് ആകാംക്ഷയോടെ, സ്കൂള്‍ ഇലക്ഷന്‍ റിസല്‍റ്റിനുവേണ്ടി. എല്ലാവരും ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്കുള്ള വോട്ടുകള്‍ നല്‍കിയിരിക്കുന്നത് സൂര്യയ്ക്കാണ്. സ്കൂളിലെ ബാക്കികുട്ടികള്‍ ആര്‍ക്കാവും ചെയ്തിരിക്കുക? അവന്‍ എന്തായിരുന്നു എന്നതിനുശേഷം ഇപ്പോള്‍ എന്താണെന്നുകൂടി അവര്‍ക്ക് അറിയാതിരിക്കില്ല. ദാ, ടീച്ചര്‍ ക്ലാസിലേയ്ക്കു വരുന്നു. അവളുടെ മുഖത്ത് അഭിമാനവും സ്നേഹവും ജ്വലിച്ചിരുന്നു. ആനന്ദാശ്രുക്കള്‍ കണ്ണില്‍നിന്നു പ്രവഹിച്ചു. പെട്ടെന്ന് പ്രിന്‍സിപ്പാളിന്‍റെ സ്വരം മൈക്കിലൂടെ മുഴങ്ങി. "സ്കൂള്‍ ഗെയിംസ് ക്യാപ്റ്റന്‍... സൂര്യ നാഗ്പാല്‍!" പൊട്ടിപ്പുറപ്പെട്ട വികാരാവേശത്താല്‍ ക്ലാസ്റൂം മുഖരിതമായി. അവര്‍ സൂര്യയെ കെട്ടിപ്പിടിച്ചു. സന്തോഷാഭിമാനങ്ങള്‍കൊണ്ട് അവര്‍ അവന്‍റെ ചുമലുകളില്‍ ഇടിച്ചു. ടീച്ചര്‍ പുഞ്ചിരിച്ചു. കുട്ടികളാവട്ടെ സൂര്യയുടെ വിജയമായല്ല തങ്ങളുടെ വിജയമായാണ് അത് ആഘോഷിക്കുന്നത്. തങ്ങളുടെ ഹൃദയങ്ങളിലെ നന്മയുടെ നിറവ് അവര്‍ അനുഭവിക്കുകയാണ്, അത് വീണ്ടെടുക്കാന്‍ അവരെ സഹായിച്ച ഹൃദയത്തോടൊപ്പം.

തന്നെ ഒരു അധ്യാപികയാക്കിയതില്‍ ആ ദൈവിക ശക്തിയോട് ഹൃദയംനിറഞ്ഞ നന്ദിയോടെ അവര്‍ മെല്ലെ അവിടെനിന്നു പിന്‍വാങ്ങിയത് വിദ്യാര്‍ത്ഥികളാരും അറിഞ്ഞില്ല. ഉള്ളിലെ ദൈവികചേതനയെ വീണ്ടെടുത്ത് എല്ലാവര്‍ക്കും നന്മ ചൊരിയാന്‍ അവരുടെ ഹൃദയങ്ങളെ പഠിപ്പിച്ചവള്‍... മനം നിറഞ്ഞ പുഞ്ചിരിയോടെ സ്റ്റേര്‍കേയ്സിറങ്ങുമ്പോള്‍ മാലാഖമാര്‍ 'ഹല്ലേല്ലുയ്യ' എന്നു മൃദുമന്ത്രണം ചെയ്യുന്നുണ്ടെന്ന് അവള്‍ക്കു തോന്നി.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts