news-details
മറ്റുലേഖനങ്ങൾ

കോ-ഡിപ്പന്‍ഡന്‍സി

കഴിഞ്ഞ ലക്കത്തില്‍ മദ്യാസക്തിയെക്കുറിച്ചു പറഞ്ഞിരുന്നുവല്ലോ. ഈ രോഗം ഏറ്റവുമധികം ബാധിക്കുന്നത് രോഗിയുടെ അടുത്ത ബന്ധുക്കളെയാണ് എന്നതാണ് വസ്തുത. പലപ്പോഴും രോഗിയുടെ ബന്ധുക്കള്‍ അമിതമദ്യപാനം രോഗമാണെന്നു തിരിച്ചറിയാതെ, സ്വഭാവവൈകല്യമോ ദേഷ്യപ്രകടനമോ ഒക്കെയായി തെറ്റിദ്ധരിക്കുകയും രോഗിയെ മദ്യത്തില്‍നിന്നു പിന്തിരിപ്പിക്കുന്നതിന് തീവ്രശ്രമം നടത്തുകയും ചെയ്യും. ഇതു ശ്രമകരമായ ഒരു പ്രക്രിയയാണ്. സങ്കടപ്പെട്ടും ദേഷ്യപ്പെട്ടും ഇണങ്ങിയും പിണങ്ങിയും പട്ടിണി കിടന്നും ഭീഷണിപ്പെടുത്തിയും സ്വയം പീഡിപ്പിച്ചും പ്രതിഷേധിച്ചുമെല്ലാം നിരന്തരം മദ്യാസക്തരോഗവുമായി ഇവര്‍ മല്ലിട്ടുകൊണ്ടിരിക്കും. മിക്കവാറും ഭാര്യമാരോ മാതാപിതാക്കളോ ചിലപ്പോഴെങ്കിലും മക്കളോ സഹോദരങ്ങളോ ഒക്കെ ഇങ്ങനെ മദ്യാസക്തരോഗിയുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കും. ക്രമേണ മനോവൈകല്യങ്ങള്‍ക്ക് ഇവരും അടിമയാകും എന്നതാണു സത്യം.

കോ-ഡിപ്പന്‍സന്‍സി എന്നുപറയുന്ന പ്രതിഭാസം രോഗിയുമായി അല്ലെങ്കില്‍ രോഗവുമായി നിരന്തരം നടത്തുന്ന മല്ലിടലിലൂടെ അടുത്ത ബന്ധുക്കള്‍ക്കുണ്ടാകുന്ന രോഗാവസ്ഥ അഥവാ മാനസികവൈകല്യം ആണ്. ശ്രദ്ധിച്ചുനോക്കിയാല്‍ ബന്ധുക്കള്‍ എല്ലാംതന്നെ മനോവൈകല്യങ്ങള്‍ക്ക് അടിമയാകുന്നതായി തിരിച്ചറിയാനാകും. ഈ ബന്ധുക്കളെല്ലാം സ്വായത്തമാക്കുന്ന മനോവൈകല്യങ്ങള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ടെന്ന് നമുക്കു മനസ്സിലാകും. ഇതേപ്പറ്റിയാണ് നാമിനി ഇവിടെ കാണുക.

ബന്ധുക്കളുടെയിടയില്‍ രൂപപ്പെട്ടുവന്ന ഇത്തരം മനോരോഗത്തെപ്പറ്റി 1990കളോടെ അമേരിക്കന്‍ മനഃശാസ്ത്രജ്ഞര്‍ക്കിടയില്‍ വ്യക്തമായ ധാരണയുണ്ടായി. മദ്യാസക്തിയില്‍നിന്ന് രോഗിയെ മോചിപ്പിക്കുന്നതിനുള്ള അനാരോഗ്യകരമായ ശ്രമം മൂലം രോഗിയുടെ മദ്യാസക്തരോഗം തുടരുകയും, അതോടൊപ്പംതന്നെ ബന്ധുക്കള്‍ ഗുരുതരവും അനാരോഗ്യകരവുമായ ജീവിതശൈലി സ്വായത്തമാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ മദ്യാസക്തരോഗചികിത്സയില്‍ ബന്ധുക്കളും രോഗികളോടൊപ്പം ചികിത്സിക്കപ്പെടണം. അല്ലാത്തപക്ഷം രോഗാതുരമായ അവരുടെ പെരുമാറ്റം രോഗിയെ മദ്യത്തിലേക്ക് വീണ്ടും തിരിച്ചുപോകാന്‍ ഇടയാക്കും. അതുപോലെ തന്നെ രോഗി കുടി നിര്‍ത്തിയാലും കൂടെ ജീവിക്കുന്ന സഹരോഗികള്‍ രോഗാതുരമായ സ്വഭാവങ്ങള്‍ തുടര്‍ന്നുപോകുന്നതുകൊണ്ട് രോഗി രോഗത്തിലേക്ക് - മദ്യത്തിലേക്ക് - തിരിച്ചുപോവുകയും ചെയ്യും. പ്രായോഗിക ജീവിതത്തിലെ ചില ഉദാഹരണങ്ങളിലൂടെ ഇതിനെക്കുറിച്ച് കുറച്ചുകൂടി മനസ്സിലാക്കാം. കുടിച്ചുലക്കുകെട്ടു വരുന്ന ഭര്‍ത്താവിനോട് ഭാര്യമാര്‍ ചോദിക്കുന്ന സ്ഥിരം ചോദ്യങ്ങള്‍ ഇവയെല്ലാമാണ്: 'ഇന്നും കുടിച്ചോ, എന്തിനാ കുടിച്ചത്, എത്ര കുടിച്ചു, ഇതെന്താ നശിക്കാനാണോ ആവോ.' അര്‍ത്ഥരഹിതമായ ഇത്തരം ചോദ്യങ്ങള്‍ മദ്യാസക്തരെ കൂടുതല്‍ പ്രകോപിപ്പിക്കും എന്നേയുള്ളു. വെളിയിലേക്കു പോകാനൊരുങ്ങുമ്പോഴെ ഭര്‍ത്താവിനോട് ഭാര്യ കയര്‍ക്കുന്നു: കുടിക്കാനാണോ പോകുന്നത്, എന്തിനാണോ ഇങ്ങനെ കുടിക്കുന്നത്, ഇന്നേതു കോലത്തിലാകും തിരിച്ചുവരാന്‍ പോകുന്നത്, കാശുമുഴുവന്‍ തീര്‍ത്തേ മതിയാകൂ അല്ലേ, കുടികഴിഞ്ഞുവന്ന് ഇന്നെന്താണോ തല്ലിപൊട്ടിക്കാന്‍ പോകുന്നത്? ഇങ്ങനെ നിരന്തരം അര്‍ത്ഥശൂന്യവും പ്രയോജനരഹിതവുമായ ചോദ്യങ്ങള്‍, ദേഷ്യം, നിരാശ, സങ്കടം തുടങ്ങിയ വികാരങ്ങളിലധിഷ്ഠിതമായ പെരുമാറ്റം ഇവയെല്ലാം മദ്യാസക്തരുടെ ബന്ധുക്കളെ മദ്യാസക്തരേക്കാള്‍ വലിയ മനോവൈകല്യമുള്ളവരാക്കും എന്നതാണു സത്യം. കുടിയന്മാര്‍ കുടിച്ചിട്ടു കാണിക്കുന്നതും പറയുന്നതുമെല്ലാം ഒരു തുള്ളി കുടിക്കാതെ ഭാര്യമാര്‍ അവര്‍ത്തിക്കും എന്നതാണു സത്യം. ഇത് കുടുംബത്തെ വലിയ കണ്‍ഫ്യൂഷനിലേക്കും അരാജകത്വത്തിലേക്കും തള്ളിവിടും.

മദ്യാസക്തര്‍ കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ഉത്തരവാദിത്വങ്ങളില്‍നിന്നു പിന്മാറുന്നത് സ്വാഭാവികമാണ്.  മദ്യം മൂലം അവര്‍ക്കുണ്ടാകുന്ന മനോവൈകല്യങ്ങളും ശാരീരികവൈകല്യങ്ങളുമാണ് ഇതിനു കാരണം. എന്നാല്‍ സമാന്തരമായി കോ-ഡിപ്പന്‍ഡന്‍റ്  ആയ ഭാര്യയും ബന്ധുക്കളും മനോവൈകല്യങ്ങള്‍ക്ക് അടിമയാകുകയും കുടുംബ-സാമൂഹിക ഉത്തരവാദിത്വത്തില്‍നിന്ന് ക്രമേണ പിന്‍മാറുകയും ചെയ്യും എന്നതാണു സത്യം. ഗവേഷകര്‍ പറയുന്നു: ഉത്ക്കണ്ഠ, കാര്യങ്ങള്‍ ക്രമീകരിക്കുന്നതിലെ അവ്യക്തതയും കണ്‍ഫ്യൂഷനും, വൈകാരികമായ അസന്തുലിതാവസ്ഥ, ദേഷ്യം, അശ്രദ്ധ, ധൂര്‍ത്ത്, പിശുക്ക്, അനാരോഗ്യകരമായ വ്യക്തിബന്ധങ്ങള്‍, സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവു നഷ്ടപ്പെടുക, മനോജന്യ ശാരീരിക രോഗങ്ങള്‍, ശാരീരികവും മാനസികവുമായ ആവശ്യങ്ങള്‍ തിരിച്ചറിയാനാവാത്ത അവസ്ഥ, റിസ്കെടുക്കാനുള്ള കഴിവില്ലായ്മ, കാര്യങ്ങളുടെ ഗൗരവം മറച്ചുവയ്ക്കാനും അതുവഴി ചികിത്സയെടുക്കാനുമുള്ള രോഗിയുടെ സാധ്യത ഇല്ലാതാക്കല്‍ തുടങ്ങിയ നിരവധി സ്വഭാവ വൈകല്യങ്ങള്‍ കോ-ഡിപ്പന്‍ഡന്‍റായിട്ടുള്ള ബന്ധുക്കളില്‍ കാണാനാകും. നിശ്ചയമായും അതുകൊണ്ട് ഇത്തരം രോഗികള്‍ ചികിത്സയ്ക്കു വിധേയമാകേണ്ടതുണ്ട്. മനഃശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണത്തില്‍ മദ്യാസക്തരെപ്പോലെതന്നെ സ്വതന്ത്രമായ ഒരു രോഗമാണ് കോ-ഡിപ്പന്‍ഡന്‍സി എന്നു പറയുന്ന പ്രതിഭാസവും. അതുകൊണ്ട് മദ്യാസക്തര്‍ കുടിനിര്‍ത്തിയാലും ഇത്തരം ബന്ധുക്കളായ കോ-ഡിപ്പന്‍ഡന്‍റ്സ് തങ്ങളുടെ സ്വഭാവ വൈകല്യങ്ങള്‍ തുടരുകയും അത് അവര്‍ക്കും കുടുംബത്തിലെ മറ്റുള്ളവര്‍ക്കും ദോഷകരമായി തീരുകയും ചെയ്യുന്നതുകൊണ്ട് നിശ്ചയമായും ഈ മനോവൈകല്യങ്ങളെ ചികിത്സിച്ചു ഭേദപ്പെടുത്തേണ്ടതാണ്. പലപ്പോഴും വ്യക്തി  വൈകല്യങ്ങളായിട്ട് തോന്നിയേക്കാവുന്ന അല്ലെങ്കില്‍ അതിനോടു സാദൃശ്യമുള്ള മനോവൈകല്യങ്ങളായി തോന്നിയേക്കാവുന്ന ഈ രോഗം, മദ്യാസക്തരെ ചികിത്സയ്ക്കു വിധേയമാക്കുന്നതോടൊപ്പം ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും മാറ്റിയെടുക്കാവുന്നതാണ്. അതുകൊണ്ടുതന്നെ മദ്യവിമുക്തചികിത്സയോടൊപ്പം കോ-ഡിപ്പന്‍ഡന്‍സി  ഉള്ള ബന്ധുക്കളെയും ചികിത്സിക്കുകയും കുടുംബത്തിനു മുഴുവനും സ്വസ്ഥതയും സമാധാനവും ഉണ്ടാക്കുന്നതിന് അതു മൂലം കഴിയുകയും ചെയ്യും എന്ന വസ്തുത നാം മനസ്സിലാക്കേണ്ടതാണ്.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts