മനുഷ്യനെന്നല്ല പൊതുവില്‍ സമസ്ത ജീവജാലങ്ങളെ സംബന്ധിച്ചും സ്പര്‍ശം അവശ്യവിഭവമാണ്. ബാല്യംമുതല്‍ വാര്‍ദ്ധക്യംവരെ അല്ലെങ്കില്‍ ജനനംമുതല്‍ മരണംവരെ എല്ലാ ദശകളിലും അവരതാഗ്രഹിച്ചുകൊണ്ടേയിരിക്കുന്നു.
ഒരു കുഞ്ഞിനെ അവന്‍റെ പ്രിയപ്പെട്ടവര്‍ വാരിപ്പുണരുമ്പോള്‍, അവന് ഒരു മുത്തം നല്‍കുമ്പോള്‍, അവനെ ഗൗരവമായി പരിഗണിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുമ്പോള്‍ എല്ലാമെല്ലാം ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഒരുതരം സുരക്ഷിതാവസ്ഥയാണ്. അനുനിമിഷം ജീവികള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍, ഒന്നില്‍നിന്നല്ലെങ്കില്‍ മറ്റൊന്നില്‍നിന്ന് ഇതാഗ്രഹിച്ചുകൊണ്ടേയിരിക്കും. സ്വത്വബോധവും സഹജീവിസ്നേഹവും ആത്മവിശ്വാസവും ജീവിതവിജയവുമെല്ലാം ഇതിന്‍റെ ഉപോത്പന്നങ്ങളാണ്.
നമ്മുടെ സ്വകാര്യജീവിതത്തില്‍ നമുക്ക് പ്രിയപ്പെട്ടവര്‍ക്കിടയില്‍ ഈ വഴിയിലൂടെ ഒരന്വേഷണം നടത്തിയാല്‍ നമുക്ക് കണ്ടെത്താനാകുന്നത് എത്രമാത്രം ആശാസ്യമായ സംഗതികളായിരിക്കും? പലപ്പോഴും നമ്മുടെ വ്യക്തിജീവിതത്തില്‍ ഇത്തരം പുനരാലോചനകള്‍ കൊണ്ടുവരുമ്പോള്‍ അത് നമ്മുടെ കൃത്യവിലോപങ്ങളുടെ നീണ്ടപട്ടികകളിലാണ് ചെന്നവസാനിക്കുക. തിരക്കേറിയതെന്ന് നാം വിശ്വസിക്കുന്ന നമ്മുടെ ദിനചര്യകള്‍ക്കിടയില്‍ നാം നഷ്ടപ്പെടുത്തുന്നത് അതിലുമൊക്കെ വിലയേറിയ മറ്റെന്തൊക്കെയോ അല്ലേ? കാഫ്കാ തന്‍റെ 'പതനം' എന്ന നോവലില്‍ എത്ര ക്രൂരമായാണ് മനുഷ്യന്‍റെ ഇത്തരം മുഖാവരണങ്ങള്‍ വലിച്ചുകീറുന്നത്. ചിന്തിച്ചുവരുമ്പോള്‍ കാര്യങ്ങള്‍ നിസ്സാരമാണ്. എന്നാല്‍ അതേ നിസ്സാരതയുടെ പ്രത്യാഘാതങ്ങളാണ് പലപ്പോഴും ഗുരുതരമായിത്തീരുന്നത്.
അടുത്തയിടെ ഇന്‍റര്‍നെറ്റ് യൂറ്റ്യൂബില്‍ "what is that" (അതെന്താ) എന്ന ഒരു ചെറിയ സിനിമ കാണുകയുണ്ടായി. ഒരച്ഛന്‍റെയും മകന്‍റെയും കഥ. മാനസികവും ശാരീരികവുമായ വാര്‍ദ്ധക്യാസുഖങ്ങളൊക്കെയുള്ള ഒരച്ഛന്‍. ഒരുപാടിനം അഭിനവ തിരക്കുകള്‍ക്കിടയിലെ മകന്‍. ഒരിക്കല്‍ അവരുടെ വീട്ടുദ്യാനത്തില്‍ വന്നിരുന്ന ഒരു കിളിയെച്ചൂണ്ടി അച്ഛന്‍ മകനോട് ചോദിക്കുകയാണ്, "അതെന്താ?" "ഒരു കുരുവി," തന്‍റെ തിരക്കിനിടയില്‍നിന്ന് തലയുയര്‍ത്തിനോക്കി മകന്‍ മറുപടി പറയുന്നു. പലയിടങ്ങളിലേക്കും മാറിമാറി പറന്നിരിക്കുന്ന കിളിയെച്ചൂണ്ടി ശിശുസഹജമായ ആനന്ദത്താല്‍ നിറഞ്ഞ് അച്ഛന്‍ ചോദ്യമാവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു:
"അതെന്താ? അതെന്താ?"
മൂന്നുനാലു ഉത്തരങ്ങള്‍ക്കപ്പുറം ചോദ്യം മകനു താങ്ങാനാവുന്നില്ല. മാത്രമല്ല അയാള്‍ പെട്ടെന്ന് ഒരു അധമരൂപിയാകുന്നു. വല്ലാതെ ക്ഷോഭിക്കുന്നു. വൃദ്ധനെ മൃഗീയമായി ചീത്തവിളിക്കുന്നു. പകച്ചുപോയ വൃദ്ധന്‍ കുറേസമയം അനങ്ങാതിരുന്നു. മകനിലെ അസ്വസ്ഥതയുടെ കനലുകള്‍ അവസാനിക്കും വരെ. പിന്നീട് പൊടിതട്ടിയെടുത്ത തന്‍റെ ഒരു പഴയ ഓര്‍മ്മപ്പുസ്തകത്തിന്‍റെ താളുകളിലൂടെ അവനെ പഴയകാലങ്ങളിലേക്ക് മടക്കിക്കൊണ്ടുപോവുകയാണ്.
മകന്‍ രണ്ടാംക്ലാസ്സില്‍ പഠിക്കുന്ന കാലം. അന്നൊക്കെ അവന്‍ സ്കൂള്‍വിട്ട് വന്നാല്‍ അച്ഛനും മകനും നടക്കാനിറങ്ങും. തെരുവുകളിലൂടെ, കുന്നിന്‍പുറങ്ങളിലൂടെ, കൃഷിയിടങ്ങളിലൂടെ കളിച്ചും കഥകള്‍ പറഞ്ഞും പഠിച്ചും അറിഞ്ഞും അവര്‍ നടക്കും. അന്ന് അവര്‍ നഗരത്തിലെ പാര്‍ക്കിലേക്കാണ് പോയത്. ഒരു ബഞ്ചില്‍ നിശ്ശബ്ദരായിരുന്ന് അവര്‍ ആ ഉദ്യാനത്തെ കാണുമ്പോള്‍ അതാ, കുറച്ചകലെ ഒരു കുരുവി. മകന്‍ അച്ഛനോട് ചോദിക്കുന്നു:
"അതെന്താ?"
"ഒരു കുരുവി" ഒഴുകിയിറങ്ങുന്ന സ്നേഹത്തോടെ അച്ഛന്‍ മറുപടി പറയുന്നു.
ചിലച്ചുകൊണ്ട് കുരുവി മറ്റൊരിടത്ത് പറന്നിരിക്കുന്നു. മകന്‍ വീണ്ടും ചോദിക്കുന്നു:
'അതെന്താ?'
അച്ഛന്‍ കൂടുതല്‍ സ്നേഹത്തോടെ, മറുപടി പറയുന്നു: "ഒരു കുരുവി." ഒരേ ചോദ്യവും ഒരേ ഉത്തരവും അവര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനം അതൊരു കളിയായി മാറുന്നു. ഇരുട്ടു പരന്നു. വീട്ടിലേക്ക് മടങ്ങുംമുമ്പ് ഇരുപത്തിയാറു തവണ അവന്‍ "അതെന്താ" എന്ന് ചോദിക്കുകയും ഓരോ തവണയും കൂടുതല്‍ സ്നേഹത്തോടും വൈകാരികതയോടും കൂടി "ഒരു കുരുവി" എന്ന മറുപടി അദ്ദേഹം തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്തത് അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. സിനിമയുടെ അവസാനം പശ്ചാത്താപവിവശനായ മകന്‍ അച്ഛനെ പുണര്‍ന്ന് പൊട്ടിക്കരയുകയാണ്.
ഈ കഥയില്‍ കുട്ടിയുടെ ആനന്ദം അച്ഛന് കൈയേല്ക്കാനും തിരിച്ചുനല്‍കാനും കഴിയുന്നുണ്ട്. തീര്‍ത്തും വിരസമായേക്കാവുന്ന ഒരു ചോദ്യം ഒരു കവിതപോലെ ഒരു ജീവിതമായി വിവിധ അര്‍ത്ഥതലങ്ങളിലേക്ക് അവിരാമമായ ആനന്ദമായി, അറിവായി, ലഹരിയായി പടര്‍ന്നു പരന്നൊഴുകുകയാണ്. എന്നാല്‍ മകന് അതിന് കഴിയുന്നില്ല. അയാളിലത് അന്ധകാരത്തിന്‍റെ അഗാധതകളിലേക്കുള്ള കൂപ്പുകുത്തലും ദീനരോദനവുമായി മാറിമറിയുകയാണ്. ഇതിനിടയില്‍ സംഭവിക്കുന്നത് നമ്മിലേക്ക് പകര്‍ന്നു പരിശോധിച്ചാല്‍ കാണാം നമ്മുടെ സാമൂഹ്യ അരക്ഷിതാവസ്ഥയുടെ കാരണങ്ങള്‍ പലതും. ആവശ്യമില്ലാത്ത പരിഭ്രമം, തിരക്ക് എന്നിവയിലൂടെ നാം അവിഭാജ്യമായ പലതിനെയും തിരസ്ക്കരിക്കുന്നു. സ്പര്‍ശം അകന്നു പോകുന്നു. ഒപ്പം ആനന്ദവും.
മലയാളത്തിന്‍റെ പ്രശസ്തകഥാകാരന്‍ ഒ. വി. വിജയന്‍ തന്‍റെ വിഖ്യാത നോവലായ 'ഗുരുസാഗര'ത്തില്‍ തുറന്നുവയ്ക്കുന്നത് ഇതുപോലെ ലളിതസുന്ദരമായ ഒരാശയത്തെയാണ്. ഓരോ മണ്‍തരിക്കും, ഓരോ പുല്‍ക്കൊടിക്കുപോലും നമ്മെ ഒരുപാടു കാര്യങ്ങള്‍ പഠിപ്പിക്കാനുണ്ടെന്ന് അദ്ദേഹം ഈ നോവലിലൂടെ പറഞ്ഞുതരുന്നു. കുഞ്ഞുകുട്ടികള്‍ അറിവിന്‍റെ വിജ്ഞാന ഭാണ്ഡങ്ങളാണ്. അവരെ നിരീക്ഷിക്കുമ്പോള്‍, അവര്‍ക്കൊപ്പം സമയം ചെലവിടുമ്പോള്‍ നമ്മളാണ് വളരുന്നത്. ഗൗരവമായ ഇടപെടല്‍ ചുറ്റുപാടുകളിലേക്ക് നടത്തുമ്പോള്‍ സംഭവിക്കുന്ന വളര്‍ച്ച. ഗുരുസാഗരമായി വളരുന്ന ചുറ്റുപാടുകള്‍ക്ക് മുമ്പില്‍ നാം വിനമ്രശിരസ്കരാകും. പ്രശ്നങ്ങളുടെ അവസാനവും അവിടെയാണല്ലോ?
ഹെര്‍മ്മന്‍ ഹെസ്സേയുടെ ഒരു പ്രശസ്ത നോവലിലെ കേന്ദ്രകഥാപാത്രമാണ് സിദ്ധാര്‍ത്ഥന്‍. ഒരു തോണി കടത്തുകാരനാണയാള്‍. പ്രഭാതം മുതല്‍ ഇരുട്ടുവോളം അയാള്‍ തോണി തുഴഞ്ഞു. ഇക്കരെനിന്നക്കരേക്ക്, അക്കരെനിന്നിക്കരേക്ക്. ദിനചര്യയിലെ വിരസത, ഒരേ കാഴ്ചകള്‍, തോണിയും പുഴയും, പിന്നെ മിക്കവാറും സ്ഥിരമായിക്കാണുന്ന യാത്രക്കാരും. ജീവിതംതന്നെ മടുത്തുപോയ അയാള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് ഒരു വഴിപോക്കന്‍ അയാള്‍ക്ക് അറിവിന്‍റെ പുതുലോകം തുറന്നുകൊടുത്തത്. തോണിക്കാരനോട് അയാള്‍ പറഞ്ഞു:
"നിങ്ങള്‍ക്കുചുറ്റും മാറ്റത്തിന്‍റെ കൊടുങ്കാറ്റാണ്. ഈ നിമിഷം കാണുന്ന ചുറ്റുപാടുകളേയല്ല നിങ്ങളടുത്ത നിമിഷം കാണുന്നത്. പുഴയിലേക്കു നോക്കു, വെള്ളം ഒഴുകിക്കൊണ്ടേയിരിക്കുകയാണ്. ഓരോ നിമിഷവും പുതിയ പുഴ, മത്സ്യങ്ങള്‍. വീശുന്ന കാറ്റിനെ ശ്രദ്ധിക്കൂ. ഓരോ കാറ്റ് വീശിയൊഴിയുമ്പോഴും പുതിയതു വരുന്നു, പുതിയ തണുപ്പും സൗരഭ്യവുമായി. പുതിയ പറവകള്‍, പുതിയ ശലഭങ്ങള്‍... പുതിയ പുതിയ വര്‍ണ്ണങ്ങളില്‍ മാനം നിങ്ങളെ നോക്കിച്ചിരിക്കുന്നു." കാഴ്ചപ്പാട് മാറിയപ്പോള്‍ സിദ്ധാര്‍ത്ഥന്‍റെ ജീവിതവും മാറിമറിയുന്നു. അയാള്‍ ഉത്സാഹഭരിതനായി. കഥാന്ത്യത്തില്‍ അയാള്‍ യഥാര്‍ത്ഥ സിദ്ധാര്‍ത്ഥനേക്കാള്‍ വലിയ ജ്ഞാനിയായിത്തീരുകയാണ്.