കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് എന്നെക്കാണാന്‍ ഒരു സ്ത്രീ വന്നു. ഒന്‍പതുദിവസത്തിനുള്ളില്‍ പതിനാറുതവണ കുമ്പസാരിച്ച ആ പെണ്‍കുട്ടിക്ക് അപ്പോഴും പാപബോധത്തില്‍നിന്നു പുറത്തുവരാന്‍ സാധിച്ചിരുന്നില്ല. വീണ്ടും വീണ്ടും കുമ്പസാരിക്കണമെന്നുള്ള ചിന്ത അവളില്‍ വളരെ പ്രയാസം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ഈ പ്രവൃത്തിയില്‍ അത്ഭുതം തോന്നിയ ഒരു വൈദികന്‍ ഈ പെണ്‍കുട്ടിയെ എന്‍റെ അടുത്തേക്കു പറഞ്ഞുവിടുകയാണുണ്ടായത്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് കുമ്പസാരിച്ചിട്ടുപോലും തനിക്കു തൃപ്തിവരുന്നില്ലെന്ന് ആ പെണ്‍കുട്ടി പറഞ്ഞു. കഠിനമായ ഒരു പാപവും ഏറ്റുപറയാന്‍ ഇല്ലെങ്കിലും തന്‍റെ കൊച്ചുകൊച്ചു പാപങ്ങളെക്കുറിച്ചുള്ള ബേജാറുകളേയുള്ളുവെങ്കില്‍പ്പോലും കുമ്പസാരിച്ചിട്ട് ആ കുട്ടിക്കു തൃപ്തി വരുന്നതേയില്ല.
ഇതൊരു രോഗമാണ്. അമിതമായ കുറ്റബോധമോ, പാപബോധമോ എന്നതിനപ്പുറം എന്തു ചെയ്താലും അതില്‍ തൃപ്തിവരാതെ അത് ആവര്‍ത്തിക്കാനുള്ള പ്രവണതയാണ് ഇവിടെ കാണുന്നത്. ചിലയാളുകള്‍ ആവര്‍ത്തിച്ച് കൈ കഴുകിക്കൊണ്ടേയിരിക്കും, തൃപ്തിവരാത്തതുപോലെ. മറ്റുചിലര്‍ ആവര്‍ത്തിച്ച് എണ്ണി ഉറപ്പുവരുത്തിക്കൊണ്ടേയിരിക്കും. മൂന്നോ, നാലോ ചിലപ്പോള്‍ പത്തുവരെ ആവര്‍ത്തിച്ച് എണ്ണുന്നവരെ കാണാറുണ്ട്. മറ്റുചിലര്‍ പരിശോധിച്ചുകൊണ്ടേയിരിക്കും. ഗ്യാസുപൂട്ടിയോയെന്ന് ഒന്നോരണ്ടോ തവണ അടുക്കളയില്‍പോയി ചെക്കുചെയ്യുന്നത് സൂക്ഷ്മതയുടെ അടയാളമാണെങ്കില്‍, അത് അഞ്ചാറുതവണ ചെക്കുചെയ്താല്‍ മാത്രമേ പൂര്‍ണ്ണമായി തൃപ്തി വരൂ എന്ന അവസ്ഥയിലേക്കു മാറിയാല്‍ ഇതൊരു രോഗമാണെന്നു തിരിച്ചറിയേണ്ടതുണ്ട്.
സാധാരണഗതിയില്‍ മൂന്നുതരക്കാരെയാണു ഒബ്സസ്സീവ് - കംപല്‍സീവ് ഡിസോര്‍ഡറില്‍ കാണാവുന്നത്. കഴുക്കുകാരും എണ്ണലുകാരും പരിശോധകരും (washers, counters, and checkers). പക്ഷേ ഒബ്സസ്സീവ് - കംപല്‍സീവ് ഡിസോര്‍ഡര്‍ എന്നു പറയുന്നത് വളരെ പരിമിതമായ ചില ആവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നല്ല. ഇതിനു പലതരത്തിലുള്ള നിറങ്ങള്‍ ഉണ്ടെന്നുള്ളതാണ് സത്യം. ഈ രോഗത്തെക്കുറിച്ച് ചുരുക്കമായി ചില ശാസ്ത്രീയവശങ്ങള്‍ പ്രതിപാദിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ഒബ്സസ്സീവ് കംപല്‍സീവ് ഡിസോര്‍ഡറില്‍ രണ്ടു പ്രധാനഘടകങ്ങളാണുള്ളത്. ഒന്നാമത്തെ ഭാഗം ഒബ്സ്സഷന്‍, രണ്ടാമത്തേത് കംപല്‍ഷന്‍. ഒബ്സ്സഷന്‍ എന്നു പറയുന്നത് ആവര്‍ത്തിച്ചാവര്‍ത്തിച്ചുണ്ടാകുന്ന ചിന്തകളാണ്. അമിതമായി കൈകഴുകുന്ന ഒരു വ്യക്തിയുടെ മനസ്സിലുള്ള ഒബ്സ്സഷന്‍ എന്നുപറയുന്നത് വൃത്തിയില്ല, കൈയിലെന്തോ അഴുക്കുണ്ട് എന്നുള്ള ചിന്തയാണ്. ആവര്‍ത്തിച്ച് കൈകഴുകി ആ ചിന്തയെ മറികടക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. ഒബ്സസ്സീവ് ആയിട്ടുള്ള ഈ ചിന്തയാണ് കംപല്‍ഷന്‍ എന്ന പ്രവൃത്തിയിലേക്കു കൊണ്ടുപോകുന്നത്. വൃത്തിയായില്ല എന്ന ചിന്ത ഒബ്സ്സഷന്‍ ആണെങ്കില്‍, അതിന്‍റെ പേരിലുള്ള കൈകഴുകല്‍ കംപല്‍ഷന്‍ ആണ്. മിക്കവാറും ഇതു രണ്ടും ഒരുമിച്ചാണു കാണുന്നതെങ്കിലും പലപ്പോഴും ഇതിലേതെങ്കിലും ഒന്നുമാത്രമായും കാണാറുണ്ട്. ഇതിലേതെങ്കിലും ഒന്നുണ്ടെങ്കില്‍പോലും അതിനെ ഒബ്സസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ എന്നുതന്നെയാണു പറയുക.
ഇനി ഒബ്സഷനെക്കുറിച്ച് കുറച്ചു വിശദമായി പറയാം.
(എ) ഇതൊരു ചിന്തയാണ്. അത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ബോധമനസ്സിലേക്കു വന്നുകൊണ്ടേയിരിക്കും.
(ബി) ഇത് സ്വന്തം ചിന്തതന്നെയാണെങ്കിലും അത് എന്‍റേതല്ലാത്ത, എനിക്കാവശ്യമില്ലാത്ത ഒരു ചിന്തയാണെന്ന് ആ വ്യക്തിക്ക് എപ്പോഴും തോന്നിക്കൊണ്ടേയിരിക്കും.
(സി) ഈ ചിന്ത ആ മനുഷ്യനെ എപ്പോഴും വല്ലാതെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നതായി അയാള്‍ക്കു തോന്നും.
(ഡി) തന്‍റെ ഇഷ്ടത്തിനു വിരുദ്ധമായി വരുന്ന ഈ ചിന്തകള്‍ തടഞ്ഞുനിര്‍ത്താന്‍ ഇയാള്‍ വൃഥാ പരിശ്രമിച്ചുകൊണ്ടേയിരിക്കും. പക്ഷേ ആ ശ്രമങ്ങളൊക്കെ പരാജയപ്പെടുമെന്നതാണു വസ്തുത.
ഇത്തരത്തിലുള്ള ചിന്തകളെയാണു ഒബ്സ്സഷന്‍ എന്നു പറയുക.
പലതരത്തിലുള്ള ഒബ്സ്സഷന്‍ കാണാന്‍ സാധിക്കും. ഏറ്റവും കൂടുതല്‍ കാണുന്ന ഒബ്സ്സഷന്‍ കണ്‍ഡാമിനേഷന്‍ എന്ന ചിന്തയാണ്. അതായത് മലിനപ്പെട്ടു എന്ന ചിന്ത. കൈകഴുകിയിട്ട് വൃത്തിയായില്ല, നാക്കുവടിച്ചിട്ട് ശുദ്ധമായില്ല, കാലുകഴുകിയിട്ട് വൃത്തിയായില്ല, മുഖം കഴുകിയിട്ട് വൃത്തിയായില്ല, ഇങ്ങനെയുള്ള വൃത്തിയായില്ല എന്ന ചിന്ത. അല്ലെങ്കില്‍ വസ്ത്രം കഴുകിയിട്ടും കഴുകിയിട്ടും വൃത്തിയായില്ല എന്ന ചിന്ത. കിടക്ക കുടഞ്ഞുവിരിച്ചിട്ടും വിരിച്ചിട്ടും വൃത്തിയായില്ലെന്ന ചിന്ത. രണ്ടാമത് ഒബ്സ്സസീവ് ഡൗട്ട് ആണ്. എത്ര തവണ എണ്ണിത്തിട്ടപ്പെടുത്താന്‍ ശ്രമിച്ചിട്ടും അതിലൊന്നും തൃപ്തിവരാതെ ഇരിക്കുന്ന ഡൗട്ട്. വീണ്ടും വീണ്ടും പരിശോധിച്ച് തൃപ്തി വരുത്താന്‍ ശ്രമിക്കുന്ന ആളുകളുണ്ട്. ഇവരെല്ലാം ഒബ്സ്സസീവ് ഡൗട്ടുള്ളവരാണ്. മൂന്നാമതൊരു കൂട്ടര്‍ക്കുള്ളതിനെ ഒബ്സസ്സീവ് റൂമിനേഷന്‍ എന്നു പറയും. അവര്‍ ഒരു കാര്യത്തെപ്പറ്റി ചിന്തിച്ചാല്‍പിന്നെ അതിനെതുടര്‍ന്ന് അതിനപ്പുറത്തേക്ക്, അതിനപ്പുറത്തേക്ക് ചിന്തിച്ചുകൊണ്ടേയിരിക്കും. ഏതെങ്കിലും ഒരു കാര്യത്തില്‍ മനസ്സുടക്കിപ്പോയാല്‍ തടഞ്ഞുനിര്‍ത്താനാവാതെ അതിനെക്കുറിച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചിന്തിച്ചുകൊണ്ടേയിരിക്കും. ഇതിനെ ഒബ്സസ്സീവ് റൂമിനേഷന്‍ എന്ന പറയും. ഇതുപോലെതന്നെ നമ്മുടെ താത്പര്യത്തിനു വിരുദ്ധമായി വീണ്ടും വീണ്ടും വരുന്ന ലൈംഗിക ചിന്തകള്‍, ആവര്‍ത്തിച്ചുവരുന്ന ദൈവനിന്ദ ചിന്തകള്‍, മനസ്സിനെ വിഷമിപ്പിക്കുന്ന ആവര്‍ത്തിച്ചു വരുന്ന ഇമേജുകള്‍ എല്ലാം ഒബ്സ്സഷനില്‍ കാണാറുണ്ട്.
ഇന്നതായിരിക്കണം ചിന്ത എന്നില്ല. സ്വന്തം ചിന്തകള്‍തന്നെ നമുക്കിഷ്ടമില്ലാത്ത വിധത്തില്‍ നമുക്കാവശ്യമില്ലാത്ത വിധത്തില്‍ നമ്മെ വല്ലാതെ ഭാരപ്പെടുത്തുന്ന വിധത്തില്‍ വന്നാല്‍ അതെന്തു ചിന്തയാണെങ്കിലും അതു തടഞ്ഞുനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ അതെല്ലാം ഒബ്സ്സഷന്‍റെ കൂട്ടത്തില്‍ വരും.
ഇനി കംപല്‍ഷനെപ്പറ്റി പറയാം. കംപല്‍ഷന്‍ എന്നു പറഞ്ഞാല്‍ ഒബ്സ്സഷനില്‍ നിന്നുണ്ടാകുന്ന ഒബ്സ്സഷനെ തടഞ്ഞുനിര്‍ത്താന്‍ വേണ്ടി, ഒബ്സ്സഷനെ മാറ്റിനിര്‍ത്താന്‍ വേണ്ടി മനുഷ്യന്‍ ചെയ്തുകൂട്ടുന്ന പ്രവൃത്തിയാണെന്നാണു പൊതുധാരണ. എങ്കില്‍പ്പോലും ഒബ്സ്സഷന്‍ ഇല്ലാതെ കംപല്‍ഷല്‍ ഉണ്ടാകുന്നത് ചിലപ്പോഴെങ്കിലും കണ്ടിട്ടുണ്ട്. ഇവിടെപ്പോഴും പ്രവൃത്തിക്കാണ് ഊന്നല്‍. ആവര്‍ത്തിച്ചാവര്‍ത്തിച്ച് കൈകഴുകുക, ആവര്‍ത്തിച്ചാവര്‍ത്തിച്ച് എണ്ണുക, ആവര്‍ത്തിച്ചാവര്‍ത്തിച്ച് വൃത്തിയാക്കുക ഇങ്ങനെ പല കാര്യങ്ങള്‍ ഇതിനകത്തുണ്ടാകും. ഇവിടെ കംപല്‍ഷന്‍ പലപ്പോഴും നമുക്കു കാണാന്‍പറ്റുന്ന പ്രവൃത്തി മാത്രമല്ല. ചിലര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചില പ്രാര്‍ത്ഥനകള്‍ ഉരുവിടാറുണ്ട്. ചിലര്‍ ആവര്‍ത്തിച്ച് മാനസികമായ ചില എക്സര്‍സൈസ്സ് ചെയ്യും. അത് എണ്ണുന്നതാവാം, അല്ലെങ്കില്‍ ചില പ്രത്യേക രീതിയില്‍ ഗോഷ്ടി കാണിക്കുന്നതാവാം. ഇങ്ങനെ മനസ്സുകൊണ്ടോ, ശരീരംകൊണ്ടോ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചില ചേഷ്ടകള്‍ ചെയ്യുന്നതിനെയാണ് കംപല്‍ഷന്‍ എന്നു പറയുന്നത്.
ഇങ്ങനെയുള്ള ഈ രോഗം പലപ്പോഴും ഒരു വ്യക്തിയെ വല്ലാതെ കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കും. സാധാരണ കൗമാരത്തിലാണ് ഈ രോഗം ആരംഭിക്കാറുള്ളത്. പക്ഷേ ജീവിതത്തിന്‍റെ ഏതുഘട്ടത്തിലും ഈ ഒബ്സ്സഷനും കംപല്‍ഷനും ആരംഭിക്കാവുന്നതാണ്. ഈ രോഗം വല്ലാതെ മൂര്‍ച്ഛിച്ചാല്‍ ഈ രോഗത്തെക്കുറിച്ചുള്ള ബോദ്ധ്യം - insight - നഷ്ടപ്പെടുന്നതായി കാണാറുണ്ട്. അങ്ങനെയുളള രോഗികള്‍ ശാന്തമായി അവരുടെ ചേഷ്ടകളോ ആവര്‍ത്തിച്ചുള്ള പ്രവൃത്തികളോ തുടര്‍ന്നുകൊണ്ടേയിരിക്കും. പലപ്പോഴും അതിനെ ന്യായീകരിക്കുകയും ചെയ്യും. നിശ്ചയമായും ചികിത്സിക്കപ്പെടേണ്ട, ചികിത്സിച്ചാല്‍ മാറുന്ന ഒരു രോഗമാണിത്. പലപ്പോഴും മനഃശാസ്ത്ര ചികിത്സകൊണ്ട് ആരംഭദശയില്‍ ഇതിനെ മാറ്റാമെങ്കിലും മരുന്നും മനഃശാസ്ത്ര ചികിത്സയും ഒരുമിക്കുമ്പോഴാണ് ഈ രോഗത്തെ പൂര്‍ണ്ണമായും മാറ്റുന്നതിനു സാധിക്കുക. ഇതിനെ പൈശാചികമായ ഉപദ്രവമായിട്ടോ, അല്ലെങ്കില്‍ ദൈവത്തിനെതിരേയുള്ള പ്രവൃത്തിയായിട്ടോ അല്ലാതെ, ഒരു രോഗമായിട്ട് കാണാനും ചികിത്സ സ്വീകരിക്കാനും തയ്യാറാകേണ്ടതാണ്.