news-details
മറ്റുലേഖനങ്ങൾ

സ്വാതന്ത്ര്യത്തിലെ സ്നേഹമുണ്ടാകൂ

(അവര്‍ അവനോടു പറഞ്ഞു: ഗുരോ നീ ശരിയായി സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനും മുഖം നോക്കാതെ ദൈവത്തിന്‍റെ വഴി സത്യമായി പഠിപ്പിക്കുന്നവനുമാണെന്നു ഞങ്ങള്‍ക്കറിയാം. ലൂക്കാ 20 ; 21)

നിങ്ങള്‍ നിങ്ങളെത്തന്നെ ഒന്നു സൂക്ഷിച്ചു നിരീക്ഷിക്കൂ. നിങ്ങളിലെ ശൂന്യത ഇല്ലാതാക്കാന്‍ നിങ്ങള്‍ എത്രമാത്രമാണ് മറ്റുള്ളവരെ ആശ്രയിക്കുന്നതെന്നു സ്വയമൊന്നു കാണുക. നിങ്ങള്‍ അവരുടെ അടിമയാണ്. പ്രശംസിച്ചും വിമര്‍ശിച്ചും അവര്‍ നിങ്ങളെ നിയന്ത്രിച്ചുകൊണ്ടേയിരിക്കുന്നു. കഴുത്തിലെ ഊരാക്കുടുക്കായി എപ്പോഴും അവര്‍ നിങ്ങളുടെ കൂടെയുണ്ട്.

അവരുടെ സാന്നിദ്ധ്യം നിങ്ങളെ ഏകാന്തതയില്‍നിന്നു രക്ഷിക്കുന്നു. അവരുടെ സ്തുതികള്‍ നിങ്ങളെ വാനോളം ഉയര്‍ത്തുന്നു. അവരുടെ നിന്ദകള്‍ നിങ്ങളെ പാതാളത്തോളം താഴ്ത്തുന്നു.

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെയെങ്കിലുമൊക്കെ പ്രീതിപ്പെടുത്താനോ സുഖിപ്പിക്കാനോ വേണ്ടി ഉണര്‍ന്നിരിക്കുന്ന ഓരോ നിമിഷവും നിങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നതു കാണുന്നില്ലേ? മറ്റുള്ളവരുടെ നിയമങ്ങള്‍ നിങ്ങളെ നിയന്ത്രിക്കുന്നു, അവരുടെ അളവുകോല്‍ ഉപയോഗിച്ച് നിങ്ങള്‍ അളക്കുന്നു, അവരുടെ സൗഹൃദം നിങ്ങള്‍ കാംക്ഷിക്കുന്നു, അവരുടെ സ്നേഹം നിങ്ങള്‍ ആശിക്കുന്നു, അവരുടെ പരിഹാസം നിങ്ങള്‍ ഭയക്കുന്നു, അവരുടെ കൈയടികള്‍ നിങ്ങളെ ഭ്രമിപ്പിക്കുന്നു, അവര്‍ ആരോപിച്ച കുറ്റം നിങ്ങളെ വേട്ടയാടുന്നു, അവരുടെ ഭക്ഷണ-വസ്ത്ര-സംസാരരീതികള്‍ക്കെതിരായി സംസാരിക്കാനോ ചിന്തിക്കാനോ ജീവിക്കാനോ നിങ്ങള്‍ ഭയപ്പെടുന്നു. നിങ്ങള്‍ മറ്റുള്ളവരുടെ അധികാരിയായി പ്രത്യക്ഷത്തില്‍ ഇരിക്കുമ്പോഴും നിങ്ങള്‍ അവരെ ആശ്രയിക്കുന്നു, അവരുടെ അടിമയായി സ്വയം മാറുന്നു.

മറ്റുള്ളവര്‍ നിങ്ങളുടെ അസ്തിത്വത്തിന്‍റെതന്നെ അവിഭാജ്യഘടകമായിത്തീര്‍ന്നിരിക്കുന്നു. അവരുടെ സ്വാധീനമോ നിയന്ത്രണമോ ഇല്ലാത്ത ഒരു ജീവിതം ഇന്നു നിങ്ങള്‍ക്കു ചിന്തിക്കാന്‍പോലുമാകാത്തതാണ്. അവരില്‍നിന്നു സ്വാതന്ത്ര്യം നേടിയാല്‍ നിങ്ങള്‍ ഒറ്റപ്പെട്ട ഒരു ദ്വീപുപോലെയായിത്തീരുമെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു.

പക്ഷേ, സത്യം ഇതിന്‍റെ നേര്‍വിപരീതമാണ്. നിങ്ങള്‍ ആരുടെയെങ്കിലും അടിമയാണെങ്കില്‍  അയാളെ സ്നേഹിക്കാന്‍ എങ്ങനെയാണ് നിങ്ങള്‍ക്കാകുക? ഏതൊരു വ്യക്തിയെക്കൂടാതെ നിങ്ങള്‍ക്കു ജീവിക്കാനാവില്ലെന്നു കരുതുന്നുവോ, അയാളെ നിങ്ങള്‍ക്കു സ്നേഹിക്കാനേ ആവില്ലെന്നതാണു സത്യം. നിങ്ങള്‍ക്ക് അയാളെ മോഹിക്കാം, ആശ്രയിക്കാം, ഭയക്കാം, അയാളാല്‍ നിയന്ത്രിക്കപ്പെടാം. പക്ഷേ ഒരിക്കലും അയാളെ സ്നേഹിക്കാനാവില്ല. കാരണം സ്നേഹമെന്നത് നിര്‍ഭയത്വത്തിലും സ്വാതന്ത്ര്യത്തിലും മാത്രം പൂചൂടുന്ന ഒന്നാണ്. ഈ സ്വാതന്ത്ര്യം എങ്ങനെയാണു നിങ്ങള്‍ക്കു സ്വന്തമാക്കാനാകുക?

നിങ്ങളിലെ പരാശ്രയത്വത്തെയും അടിമത്തത്തെയും രണ്ട് ആയുധങ്ങള്‍ ഉപയോഗിച്ച് തോല്പിക്കാനാകും:

1. അവബോധം: ഒരാളെ ആശ്രയിക്കുന്നതിലെ വിഡ്ഢിത്തത്തെക്കുറിച്ച് നിങ്ങള്‍ സ്വയം ബോധ്യപ്പെടുന്നതിനനുസരിച്ച്, നിങ്ങള്‍ നിങ്ങളെത്തന്നെ അടിമയാക്കുന്നതു സാവധാനം നിര്‍ത്തിവയ്ക്കും. പക്ഷേ, വ്യക്തികളോട് ഭ്രമമുള്ളവര്‍ക്ക് ഈ അവബോധം ഉണ്ടായാല്‍ മാത്രം പോരാ.

2. ഇഷ്ടപ്പെടുന്ന പ്രവൃത്തികളിലേര്‍പ്പെടുക:

ലാഭമോ നഷ്ടമോ നോക്കാതെ ചെയ്യാന്‍ ഇഷ്ടമുള്ളതുകൊണ്ടുമാത്രം ചെയ്തുപോകുന്ന ചില കാര്യങ്ങളിലേര്‍പ്പെടുക. വിജയമോ പരാജയമോ നോക്കാതെ, ആളുകളുടെ കൈയടിയോ അവഹേളനമോ ശ്രദ്ധിക്കാതെ, സമ്മാനം ലഭിക്കുമോ ഇല്ലയോ എന്നു വ്യാകുലപ്പെടാതെ, നിങ്ങളെ സന്തോഷിപ്പിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുക. അത്തരം പ്രവൃത്തികളാണ് സ്വാതന്ത്ര്യാനുഭവത്തിലേയ്ക്കും സ്നേഹാനുഭവത്തിലേയ്ക്കുമുള്ള നിങ്ങളുടെ പാസ്പോര്‍ട്ട്.

ഇവിടെയും ഒരു പ്രശ്നം ഇല്ലാതില്ല. ഉപഭോഗസംസ്കാരം നമ്മെ വല്ലാതെ കീഴ്പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് നമ്മള്‍ കരുതുന്നത്, ഒരു കവിതയോ, പ്രകൃതിദൃശ്യമോ, സംഗീതമോ ആസ്വദിക്കുന്നത് സമയനഷ്ടമാണ് എന്നാണ്. നമ്മള്‍ കവിത എഴുതുന്നു എന്നതാണ് പ്രധാനം. എഴുതിയാല്‍മാത്രം പോരാ അതറിയപ്പെടുകയും വേണം; അറിയപ്പെട്ടാല്‍ മാത്രം പോരാ, എല്ലാവരുടെയും കൈയടിയും പ്രശംസയും അതു സമ്പാദിക്കണം; അതായത് ജനപ്രീതിനേടി, ഒരുപാട് വില്ക്കപ്പെടുമ്പോഴാണ് അതിനു മൂല്യമുണ്ടാകുക. അറിയപ്പെടാത്തതിന് എന്തു മൂല്യം? ഈ ചിന്താഗതി നിങ്ങളെ മറ്റുള്ളവരുടെ കരങ്ങളില്‍, നിയന്ത്രണത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നു. ഈ ചിന്താഗതിപ്രകാരം, ഒരു പ്രവൃത്തിയുടെ മൂല്യമിരിക്കുന്നത്, അതിനെ നിങ്ങള്‍ സ്നേഹിക്കുന്നതിലോ, അതു നിങ്ങള്‍ ആസ്വദിക്കുന്നതിലോ ഒന്നുമല്ല, പിന്നെയോ അതിന്‍റെ വിജയത്തിലാണ്.

യോഗാത്മകതയിലേക്കും സത്യത്തിലേക്കുമുള്ള പാത ആളുകള്‍ നിറഞ്ഞ ലോകത്തിലൂടെയല്ല. അതു പോകുന്നത് വിജയമോ ലാഭമോ നോക്കാതെയുള്ള പ്രവൃത്തികളുടെ ലോകത്തിലൂടെയാണ്.

സ്നേഹരാഹിത്യത്തിനും ഏകാന്തതയ്ക്കുമുള്ള മരുന്ന് പൊതുവേ ധരിക്കുന്നതുപോലെ സൗഹൃദങ്ങളല്ല, പിന്നെയോ സത്യവുമായുള്ള സമ്പര്‍ക്കമാണ്. സത്യത്തെ ഗ്രഹിക്കുമ്പോള്‍ നിങ്ങളില്‍ സ്വാതന്ത്ര്യവും സ്നേഹവും ഉടലെടുക്കും. നിങ്ങള്‍ ആളുകളില്‍നിന്നു സ്വതന്ത്രയാകുന്നതോടെ, നിങ്ങള്‍ക്ക് അവരെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കാനാകും.

ആളുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണു സ്നേഹം ഉടലെടുക്കുക എന്നു നിങ്ങള്‍ കരുതിയാല്‍ തെറ്റി. അത് സ്നേഹമല്ല, അഭിനിവേശമാണ്. സ്നേഹം ഉടലെടുക്കാന്‍ സത്യവുമായി സമ്പര്‍ക്കത്തിലാവുക. അത് ഒരു വ്യക്തിയിലോ വസ്തുവിലോ കെട്ടപ്പെട്ടുപോകുന്ന ഒന്നല്ല; അതൊരു മനോഭാവമാണ്, നിങ്ങളുടെ അസ്തിത്വത്തിന്‍റെ ഭാഗമാണ്. അത് ചുറ്റുവട്ടങ്ങളിലേക്കു തനിയേ പ്രസരിക്കപ്പെടും.

ആളുകളെ ആശ്രയിക്കുന്നതു നിര്‍ത്തിവച്ചിട്ട്, നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍, സ്നേഹമെന്ന മനോഭാവം നിങ്ങള്‍ക്കു സ്വന്തമാകും.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts