സ്രാവസ്തിയില്‍ കടുത്ത ക്ഷാമമുണ്ടായപ്പോള്‍ ഗൗതമബുദ്ധന്‍ അനുയായികളോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചു:
"വിശക്കുന്നവരെ ഊട്ടാനുള്ള ഉത്തരവാദിത്വം നിങ്ങളില്‍ ആരാണ് ഏറ്റെടുക്കുന്നത്?"
ബാങ്കുടമയായ രത്നാകരന്‍ നിഷേധാര്‍ത്ഥത്തില്‍ തലയിളക്കിക്കൊണ്ടു പറഞ്ഞു:
"വിശക്കുന്നവരെയൊക്കെ ഊട്ടണമെങ്കില്‍ എന്‍റെ കൈയിലുള്ളതൊന്നും മതിയാകില്ല."
രാജാവിന്‍റെ സേനാനായകന്‍ ജയ്സണ്‍ പറഞ്ഞു: "ഞാന്‍ എന്‍റെ ജീവരക്തം സന്തോഷത്തോടെ കൊടുക്കാം. പക്ഷേ എന്‍റെ വീട്ടില്‍ വേണ്ടത്ര ആഹാരമില്ല."
നിരവധി ഏക്കര്‍ ഭൂമിയുടെ ഉടമയായ ധര്‍മ്മപാല്‍ അപ്പോളൊരു ദീര്‍ഘശ്വാസത്തോടെ ഉണര്‍ത്തി: "വരള്‍ച്ച എന്‍റെ പാടങ്ങളെയൊക്കെ മരുഭൂമിയാക്കിയിരിക്കുകയാണ്. രാജാവിനുള്ള നികുതിതന്നെ എങ്ങനെ അടയ്ക്കുമെന്ന ചിന്തയിലാണു ഞാന്‍."
അപ്പോള്‍ ഒരു ദരിദ്രന്‍റെ പുത്രിയായ സുപ്രിയ എണീറ്റുനിന്നു. അവള്‍ എല്ലാവരേയും വണങ്ങുകയും തരളമായ സ്വരത്തില്‍ ദൃഢമായി പറയുകയും ചെയ്തു: "ഗുരോ, വിശക്കുന്നവരെയൊക്കെ ഞാന്‍ ഊട്ടിക്കൊള്ളാം."
"എങ്ങനെ? എങ്ങനെ?" അവരെല്ലാവരും വിസ്മയത്തോടെ അവളെ നോക്കി. ബുദ്ധന്‍ പുഞ്ചിരിച്ചു.
"ഈ പ്രതിജ്ഞ നിങ്ങളെങ്ങനെയാണ് നിറവേറ്റുക?" അവര്‍ ഒരേ സ്വരത്തില്‍ ചോദിച്ചു.
അവള്‍ തെല്ലിട ഒന്നും പറയാനാവാതെ നിന്നു. പിന്നീട് അവള്‍ ഓരോരുത്തരുടെയും നേരെ ഒന്നുനോക്കി. അവള്‍ മൊഴിഞ്ഞു: "ഞാന്‍ നിങ്ങള്‍ എല്ലാവരേയുംകാള്‍ ദരിദ്രയാണ്. ഒന്നുമില്ലാത്തവളാണ്; അതാണെന്‍റെ ശക്തി."
കൂടെയുള്ളവരെല്ലാം അവളുടെ വാക്കുകള്‍ക്കായി കാതോര്‍ത്തുനില്ക്കവേ, അവള്‍ തുടര്‍ന്നു: "നിങ്ങളോര്‍ക്കുക, നിങ്ങളോരോരുത്തരുടെയും വീടുകളില്‍ എന്‍റെ ഭണ്ഡാരവും ധാന്യപ്പുരയും ഇരിക്കുന്നു!" പിന്നെ അവര്‍ ഒന്നും മിണ്ടിയില്ല.