news-details
മറ്റുലേഖനങ്ങൾ

എവിടെപ്പോയി സ്വാതന്ത്ര്യദിനാഘോഷങ്ങള്‍

കുറച്ചുകാലം മുമ്പ് ഒരു യാത്രയില്‍ പരിചയപ്പെട്ട ആറു വയസ്സുകാരന്‍ പലതും പറഞ്ഞ കൂട്ടത്തില്‍ പറഞ്ഞു. "വലുതാകുമ്പോള്‍ ഞാന്‍ അമേരിക്കയില്‍ പോകും. എനിക്ക് ഇന്ത്യ ഇഷ്ടമില്ല. ഇന്ത്യക്കാരന്‍മാരെ ഒന്നിനും കൊള്ളുകയില്ല. അവര്‍ക്ക് വൃത്തിയുമില്ല, ബുദ്ധിയുമില്ല. അമേരിക്കയാണ് ദ് ബെസ്റ്റ് പ്ലെയ്സ് ഇന്‍ ദ് വേള്‍ഡ്."

ഇതാരു പഠിപ്പിച്ചുതന്നു എന്നു ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞു: "വല്യ അങ്കിള്‍" അങ്കിള്‍ അമേരിക്കയിലാണ് എന്നാണു ഞാന്‍ കരുതിയത്. പക്ഷേ അല്ല, അങ്കിള്‍ കേരളത്തില്‍ത്തന്നെ താമസിക്കുകയാണ്. ഒരു സി. ബി. എസ്. ഇ. സ്കൂളിന്‍റെ പ്രിന്‍സിപ്പലുമാണ്.

അത് ഒരു ഞെട്ടലുണ്ടാക്കി എന്നതാണു സത്യം. അമര്‍ഷവും അസ്വസ്ഥതയും ഏറെനേരം നീണ്ടു. 'ഇന്ത്യക്കാരന്‍മാര്‍' എന്ന വാക്ക് ആ കുഞ്ഞു നാവ് ഉച്ചരിച്ച വിധം, 'ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം' എന്ന വരികള്‍ ചൊല്ലിപ്പഠിപ്പിച്ച അധ്യാപകന്‍റെ സ്മരണയുണര്‍ത്തി. ഇന്ത്യയാണു നമ്മുടെ രാജ്യം. ഇന്ത്യയ്ക്കു പുറത്ത് ഏതു രാജ്യത്തു ചെന്നാലും അവിടെ നമ്മള്‍ രണ്ടാംതരം പൗരന്‍മാരായിരിക്കും എന്നാണ് ഗുരുനാഥന്‍മാര്‍ പഠിപ്പിച്ചിരുന്നത്. നമ്മുടെ കുടുംബം പോലെയാണ് നമ്മുടെ നാട്. നാടിന്‍റെ മഹത്ത്വം നമ്മുടെ അഭിമാനമാണ്. സ്വന്തം രാജ്യത്തെക്കുറിച്ചുള്ള സ്നേഹം ലോകത്തോടു മുഴുവനുമുള്ള സ്നേഹമാണ്. അത് അവനവനോടുള്ള സ്നേഹമാണ്. ഓരോ വൃക്ഷത്തിനും അതു വേരുപിടിച്ച മണ്ണിനോടുള്ള ആത്മബന്ധം പോലെയാണ് രാജ്യത്തോട് പൗരന്‍റെ ബന്ധം. വേരിന്‍പടലം ബന്ധിപ്പിച്ചു നിര്‍ത്തിയ മണ്ണ് വൃക്ഷത്തിന്‍റെ നിലനില്‍പ്പിന്‍റെ അര്‍ഥവും മാര്‍ഗവുമാണ്. വൃക്ഷങ്ങള്‍ക്ക് ഭൂപടങ്ങളുടെ അതിരുകള്‍ പ്രസക്തമല്ല. അത് ഒരേസമയം വലിയൊരു പ്രപഞ്ചത്തിന്‍റെ ഭാഗവും അതേസമയം തനതു രീതികളുടെ ബഹിര്‍ഃസ്ഫുരണവുമാണ്.

പക്ഷേ,അതൊക്കെ ഇന്നു പഴഞ്ചന്‍ ആശയങ്ങളായിത്തീര്‍ന്നിരിക്കുന്നു. സ്വന്തം നാടെന്നും ഭാഷയെന്നുമുള്ള വികാരം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ നന്നേ കുറഞ്ഞു. നാടുവിട്ടു പോയി പണം സമ്പാദിച്ചു തിരികെ നാട്ടിലെത്തി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നവരായിരുന്നു പഴയ പ്രവാസികള്‍. പുതിയ തലമുറയിലെ പ്രവാസികള്‍ക്കാകട്ടെ, മടങ്ങിവരാന്‍ താല്‍പര്യമില്ല. ലണ്ടനില്‍ മൂന്നു മാസത്തെ താമസത്തിനിടയ്ക്ക് കണ്ടുമുട്ടിയ ചെറുപ്പക്കാരെല്ലാം ഇതേ ആശയങ്ങള്‍ സ്വാംശീകരിച്ചവരായിരുന്നു. നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹമുള്ളവര്‍ നന്നേ കുറവ്. നാടിന്‍റെ കുറ്റങ്ങളും കുറവുകളും മാത്രമേ അവര്‍ക്കു പറയാനുള്ളൂ. സ്വന്തം രാജ്യത്തോടു സ്നേഹമില്ലാത്ത ഒരു ജനതയായിത്തീര്‍ന്നതുകൊണ്ടാണോ ഇതെന്ന് ചിലപ്പോള്‍ സംശയം തോന്നും. ദണ്ഡിയിലേക്കു പദയാത്ര നടത്തി ഉപ്പു കുറുക്കിയെടുത്ത ആ മെലിഞ്ഞ മനുഷ്യന്‍റെ ഓര്‍മകളില്‍ കോരിത്തരിപ്പു തോന്നുന്നവരുടെ വംശം പാടെ അന്യം നിന്നിരിക്കുന്നു. ചരിത്രത്തില്‍ നിന്നും നാം ഒന്നും പഠിക്കുന്നതേയില്ല. അടിമത്തവും സ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസമെന്തെന്നു തിരിച്ചറിയുന്നില്ല. രവീന്ദ്രനാഥ ടാഗോറിന്‍റെ 'ദ് ടെയിം ബേര്‍ഡ് വാസ് ഇന്‍ എ കേയ്ജ്' എന്ന കവിത, കൂട്ടിനുള്ളിലെ മെരുങ്ങിയ പക്ഷിയും ആകാശത്തെ സ്വതന്ത്രനായ പക്ഷിയും തമ്മിലുള്ള സംവാദമാണ്. പുറത്തെ പക്ഷി വിളിച്ചു, "പ്രിയപ്പെട്ടവളേ, നമുക്ക് വനാന്തരത്തിലേക്കു പറന്നുപോകാം" കൂട്ടിനുള്ളിലെ പക്ഷി മന്ത്രിച്ചു, "അകത്തു വരൂ, നമുക്കിരുവര്‍ക്കും കൂട്ടില്‍ക്കിടക്കാം." ആകാശത്തെ പക്ഷി ചോദിച്ചു, "അഴികള്‍ക്കിടയില്‍ ചിറകുവിടര്‍ത്താന്‍ ഇടമെവിടെ?" കൂട്ടിനുള്ളിലെ പക്ഷി കരഞ്ഞു, "ആകാശത്ത് ചേക്കേറാന്‍ അഴികളില്ലല്ലോ." ചേക്കേറാന്‍ ഒരു അഴിയുണ്ടെങ്കില്‍ ഏതുതരം കൂട്ടിനുള്ളിലും കിടക്കാന്‍ സന്നദ്ധരാകുന്നവര്‍ക്ക് എന്ത് ആത്മാഭിമാനമാണുണ്ടാകുക?

ഓരോ വര്‍ഷവും സ്വാതന്ത്ര്യദിനാഘോഷം സര്‍ക്കാര്‍ നടത്തുന്നുണ്ട്. സ്വാതന്ത്ര്യദിന പരേഡുകള്‍, സ്വാതന്ത്ര്യദിന സന്ദേശം, കേവലം പതാകയുയര്‍ത്തലില്‍ തുടങ്ങി പ്രസംഗത്തില്‍ അവസാനിക്കുന്ന സ്വാതന്ത്ര്യദിന പരിപാടികള്‍. പക്ഷേ ശ്രദ്ധേയമായ കാര്യം ഇവയൊന്നും ഇപ്പോള്‍ വിദ്യാലയങ്ങള്‍ക്കുള്ളിലില്ല എന്നതാണ്. ഓഗസ്റ്റിലെ ഒരു അവധി ദിവസമെന്നതിലുപരി സ്വാതന്ത്ര്യദിനത്തിന് ഇന്ന് നമ്മുടെ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഒരു പ്രാധാന്യവുമില്ല. ആ അവധിദിവസം അവര്‍ ടിവി കാണുന്നു. സ്വാതന്ത്ര്യദിന ബ്ലോക്ബസ്റ്റര്‍ ചലച്ചിത്രവും കോമഡി മിക്സും ആസ്വദിക്കുന്നു. ചിലപ്പോള്‍ തിയേറ്ററില്‍ സിനിമയ്ക്കു പോകുന്നു. ചിലപ്പോള്‍ കുടുംബത്തോടൊപ്പം ടൂറു പോകുന്നു. അതിനപ്പുറം ഇന്ത്യയെന്ന വികാരം കുട്ടികളുടെ ഹൃദയത്തില്‍ ഉദ്ദീപിപ്പിക്കാനുള്ള അവസരമാണ് ഈ ദിവസമെന്ന സത്യം അധ്യാപകരാകട്ടെ, രക്ഷാകര്‍ത്താക്കളാകട്ടെ ഓര്‍ക്കുന്നില്ല.

സ്വന്തംനാടിന്‍റെ ചരിത്രമറിയാത്ത കുറേ പൗരന്‍മാരുടെ ലോകത്തെ സങ്കല്‍പ്പിക്കൂ. എന്തായിരുന്നു ഇന്ത്യയെന്നും എന്താണ് ഇന്ത്യയെന്നും മനസ്സിലാക്കാത്തവരുടെ, ഇന്ത്യക്കാരുടെ ജീവിതമാണ് അത്. അവര്‍ പഠിക്കുന്നു, പരീക്ഷ പാസ്സാകുന്നു, ചേക്കേറാന്‍ അഴിയുള്ള കൂടുകള്‍ തേടി ഇഴഞ്ഞു നടക്കുന്നു. രാജ്യസ്നേഹമെന്നത് അവര്‍ പഠിക്കുന്നതേയില്ല. ലോകം ഒരു വലിയ ഗ്രാമമായിത്തീരുന്ന കാലത്ത് രാജ്യസ്നേഹമെന്നത് സങ്കുചിത ചിന്താഗതിയാണെന്ന് ഉദ്ഘോഷിക്കുന്നവരുണ്ട്. അവര്‍തന്നെ  ഒരുപിടി മണ്ണിനും അതിര്‍ത്തി വരകള്‍ക്കും വേണ്ടി നിരപരാധികളുടെ രക്തം ചിന്തുകയും ചെയ്യുന്നു. രാജ്യം എന്നത് അതിര്‍ത്തികള്‍ക്കുള്ളിലെ ഭൂമി മാത്രമല്ല. ഒരു വികാരമാണ്. അതുണര്‍ത്തുന്ന ഊര്‍ജ്ജമാണ് സാധാരണക്കാരില്‍ സാധാരണക്കാരുടെ അന്തസ്സ്.

എങ്ങനെയാണ് ഇന്ത്യ ഇന്നു കാണുന്ന ഇന്ത്യയായതെന്ന് നമ്മുടെ കുട്ടികള്‍ മനസ്സിലാക്കിയേ തീരൂ. അത് പാഠപുസ്തകങ്ങളില്‍നിന്നു മാത്രം പഠിച്ചാല്‍ പോരാ. പരീക്ഷയ്ക്കു വേണ്ടി മനഃപാഠമാക്കി മറന്നു കളയാവുന്ന ഖണ്ഡികകള്‍ മാത്രമല്ല നമ്മുടെ രാജ്യത്തിന്‍റെ ചരിത്രമെന്നു കുട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് ജനഹൃദയങ്ങളില്‍ ജ്വലിച്ച അഗ്നിയുടെ തീക്ഷ്ണത ഓരോ തലമുറയും അണയാതെ സൂക്ഷിക്കേണ്ടതുണ്ട്. സമൂഹമെന്ന നിലയില്‍ ഒന്നിച്ചു നില്‍ക്കാനും മുന്നോട്ടുപോകാനും അത് അത്യന്താപേക്ഷിതമാണ്. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യത്തിന്‍റെ അര്‍ഥവും വ്യാപ്തിയും പകര്‍ന്നു നല്‍കുന്നതില്‍ ഈ നാട്ടിലെ സ്കൂള്‍ - കോളജ് അധ്യാപകര്‍ പ്രകടിപ്പിച്ച ഉദാസീനതയുടെ വിലയാണ് ഇന്ന് നാട്ടില്‍ തുടരുന്ന അക്രമങ്ങളും തീവ്രവാദവും.

സ്വാതന്ത്ര്യദിനം മാത്രമല്ല, സേവനവാരവും ഇന്നു സ്കൂളുകളില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. സേവനവാരമെന്ന മഹത്തായ ആശയത്തെ അപ്രായോഗികവും ഉപയോഗശൂന്യവുമാക്കി ചവറ്റുകുട്ടയില്‍ തള്ളിയതിലും നമ്മുടെ അധ്യാപകസമൂഹത്തിന് വലിയൊരു പങ്കുണ്ട്. കക്ഷിരാഷ്ട്രീയത്തിന്‍റെ ചെറിയ ചെറിയ നേട്ടങ്ങള്‍ക്കുവേണ്ടി നമ്മുടെ അധ്യാപകര്‍ ബലികഴിച്ചത് തലമുറകളുടെ രാഷ്ട്രീയാവബോധത്തെയും രാജ്യസ്നേഹത്തെയും തന്നെയാണ്. സ്വകാര്യ, അണ്‍ എയ്ഡഡ് സ്കൂളുകളുടെ മുളച്ചുപൊന്തലിനാണ് അതു വഴിവച്ചത്.  സ്വന്തം രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയും ആര്‍ദ്രതയുമില്ലാത്ത ഒരു തലമുറയെ ബ്രോയിലര്‍ കോഴികളെപ്പോലെ വാര്‍ത്തെടുക്കുന്നതില്‍ മാത്രമാണ് അത്തരം സ്കൂളുകളില്‍ ഭൂരിപക്ഷവും ശ്രദ്ധിക്കുന്നത് എന്നത് സങ്കടകരവും അപകടകരവുമാണ്. സേവനവാരമോ ഗാന്ധിജയന്തിയോ ഈ സ്കൂളുകളില്‍ ആഘോഷിക്കുന്നില്ല. കുട്ടികള്‍ സ്വന്തം വീടുകളിലെ തൊടികളില്‍ വിളഞ്ഞ ഭക്ഷ്യവസ്തുക്കളുമായി സ്കൂളിലെത്തി ഒന്നിച്ചു പാചകംചെയ്ത് ഭക്ഷണം കഴിക്കുന്നതിലൂടെ പകര്‍ന്നു കിട്ടിയ വലിയൊരു സന്ദേശമുണ്ടായിരുന്നു. ഒന്നിച്ചൊരു സമൂഹമായി നിലനില്‍ക്കുന്നതിന്‍റെ സന്തോഷവും സൗകര്യവും കുട്ടികള്‍ക്ക് അത് മനസ്സിലാക്കിക്കൊടുത്തിരുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍നിന്ന് അവര്‍ക്ക് തങ്ങള്‍ ജനിച്ച നാടിന്‍റെ ചരിത്രവും മുന്‍തലമുറകള്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ സന്ദേശവും സ്വാംശീകരിക്കാന്‍ കഴിഞ്ഞിരുന്നു.

നമുക്കുവേണ്ട ഭക്ഷണവും വസ്ത്രവും അവശ്യവസ്തുക്കളും നമ്മള്‍ തന്നെ ഉത്പാദിപ്പിക്കുന്ന ഒരു കാലത്തേ രാഷ്ട്രത്തിനും വ്യക്തികള്‍ക്കും യഥാര്‍ത്ഥ സ്വാശ്രയത്വം കൈവരൂ എന്നും യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നാല്‍ സ്വാശ്രയത്വമാണെന്നും ദീര്‍ഘദര്‍ശനം ചെയ്ത ഗാന്ധിജിയുടെ മഹത്ത്വം ഇന്നു നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല. എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ നിവൃത്തിക്കാന്‍ വേണ്ടതൊക്കെ പ്രകൃതിയിലുണ്ടെന്നും ആരുടെയും ദുരതീര്‍ക്കാന്‍ മാത്രമില്ലെന്നും ഗാന്ധിജി പഠിപ്പിച്ച പാഠം നാം മറന്നുപോകുന്നു. പകരം നാം വിദേശവസ്തുക്കള്‍ക്കു വിപണിയൊരുക്കി, സുഖത്തെക്കുറിച്ചു മിഥ്യാധാരണകള്‍ പുലര്‍ത്തി നമ്മുടെ തന്നെ തെറ്റിദ്ധാരണകളുടെയും അബദ്ധങ്ങളുടെയും തടവുകാരായി നിത്യപാരന്ത്ര്യത്തില്‍ കഴിഞ്ഞുകൂടുന്നു.

വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തിനു കാലമായി. പുതിയ തലമുറയുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അന്ധകാരഭരിതമായ ആശയങ്ങളില്‍നിന്നുള്ള സ്വാതന്ത്ര്യസമരം.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts