കല കലയ്ക്കുവേണ്ടിയാണെന്നും, കല ജീവിതത്തിനുവേണ്ടിയാണെന്നുമുള്ള രണ്ട് വിരുദ്ധ ആശയങ്ങള്‍ ഒരു കാലത്ത് സൗഹൃദയരുടെയിടയില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. പത്രങ്ങളിലും ആനുകാലികങ്ങളിലുമെല്ലാം വളരെക്കാലം ഈ വാദകോലാഹലങ്ങള്‍ കത്തിനിന്നു. എന്നാല്‍ ഇന്ന്, കാലംമാറിയതോടെ, ഈ രണ്ടു വാദഗതികള്‍ക്കുമപ്പുറം മൂന്നാമതൊരു വാദംകൂടി പ്രസക്തമായിരിക്കുന്നു, 'കല, പണത്തിനുവേണ്ടി എന്നുള്ളതാണത്. പണ്ടുള്ള കലാകാരന്മാരെക്കുറിച്ച് ഒരു പഴമൊഴി പറയാറുണ്ട്: 'ലക്ഷ്മിയും സരസ്വതിയും ഒന്നിച്ചൊരിടത്ത് വാഴില്ല' എന്ന്. ലക്ഷ്മി ധനത്തിന്‍റെയും സരസ്വതി വിദ്യ, കല തുടങ്ങിയവയുടെയും അധിഷ്ഠാന ദേവതകളാണ്. കലാകാരന് ഒരിക്കലും പണക്കാരനാകാന്‍ കഴിയില്ല എന്നാണ് ഈ ചൊല്ലിന്‍റെ താത്പര്യം. 'പഴഞ്ചൊല്ലില്‍ പതിരില്ല' എന്ന ചൊല്ല് വളരെ ശരിയായിരുന്നു - അന്നത്തെ കലാകാരന്മാരെ സംബന്ധിച്ച്. കല ദൈവികമായ ഒരു വരദാനമാണെന്നും അത് ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമല്ല എന്നും വിശ്വസിച്ച് സാമൂഹ്യപ്രതിബദ്ധതയോടെ കലോപാസാന നടത്തി, സായൂജ്യമടഞ്ഞവര്‍ ചരിത്രത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു. കലയ്ക്ക് വിലപേശിയാല്‍ ഈശ്വരകോപം പോലുമുണ്ടാകുമെന്ന ആശയങ്ങളെല്ലാം പഴഞ്ചനായിക്കഴിഞ്ഞു. 'ഹിരണ്യമേവാര്‍ജ്ജയ" എന്ന ഫോര്‍മുലയില്‍മാത്രം വിശ്വസിച്ചുകൊണ്ട് കലകളെ വില്പനചരക്കാക്കുന്ന കാഴ്ചകളല്ലേ നാം നിത്യം കാണുന്നത്?
ഏഷ്യയിലെതന്നെ ഏറ്റവും വലിയ കലാമേളയാണ് സംസ്ഥാന സ്കൂള്‍ യുവജനോത്സവം. ദൈവദത്തമായ കലാവാസനകള്‍ ആത്മസംതൃപ്തിക്കുവേണ്ടിയും ആരാധകര്‍ക്കുവേണ്ടിയും സാമൂഹ്യനന്മയ്ക്കുവേണ്ടിയുമൊക്കെ ഉപയോഗിച്ചുപോന്ന ഭാരതീയര്‍ ഇന്നെവിടെ നില്‍ക്കുന്നു? യുവജനോത്സവവേദികളൊക്കെത്തന്നെ പണത്തിന്‍റെ ആര്‍ഭാടങ്ങളിലൂടെയും വേണ്ടിവന്നാല്‍ അല്‍പ്പം കുതന്ത്രങ്ങളിലൂടെയും ഒന്നാമത് എത്താനുള്ള ഒരു 'ഗുസ്തിക്കള'മായി മാറിയിരിക്കുന്നു. സ്വന്തം കലാവാസനകള്‍ക്ക് ഒരേയൊരുലക്ഷ്യം മാത്രം - മറ്റുള്ളവരെ തോല്‍പ്പിക്കുക. കുട്ടികളില്‍ ഇത്തരം അനാരോഗ്യകരമായ പ്രവണതകള്‍ സൃഷ്ടിക്കുന്നതിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും മാതാപിതാക്കള്‍ക്കും മുതിര്‍ന്ന തലമുറയ്ക്കുമാണെന്നതില്‍ സംശയമില്ല. വേദികളില്‍ കുട്ടികള്‍ മത്സരിക്കുമ്പോള്‍ അണിയറയില്‍ മാതാപിതാക്കള്‍ പലരും തമ്മില്‍ നടക്കുന്ന അതിനേക്കാള്‍ വാശിയേറിയ മത്സരങ്ങള്‍ ചിലപ്പോള്‍ വാക്കേറ്റവും കൈയേറ്റവുമൊക്കെയായിമാറുന്നു. ഇതൊക്കെ കാണുമ്പോള്‍ മത്സരത്തിന്‍റെ മുഖ്യകരുവായ കുട്ടിയില്‍ ഉല്‍ക്കണ്ഠയും പിരിമുറുക്കവും ഭീതിയും വളരുകയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പല മത്സരാര്‍ത്ഥികളും ഒന്നോ രണ്ടോ മാര്‍ക്കിന് പിന്നിലാകുമ്പോള്‍ ആത്മഹത്യാ പ്രവണതകള്‍ കാണിച്ചിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രം. പണം വാരിയെറിഞ്ഞ് വേഷപ്പകര്‍ച്ചകളും സാങ്കേതികവിദ്യകളുംകൊണ്ട് ഒരു മായികാന്തരീക്ഷം സൃഷ്ടിച്ച് കലാരൂപങ്ങള്‍ 'അരങ്ങുതകര്‍ക്കു'മ്പോള്‍ നഷ്ടപ്പെടുന്നത് പലപ്പോഴും പല കലകളുടെയും പാരമ്പര്യത്തനിമകളും യഥാര്‍ത്ഥ ഭാവരൂപങ്ങളുമാണ്. പക്ഷേ ആകെക്കൂടി ഒരു മേളക്കൊഴുപ്പ് സൃഷ്ടിച്ചിറങ്ങിപ്പോകുന്നവര്‍ സമ്മാനാര്‍ഹരാകുമ്പോള്‍ അത്തരം തരംഗങ്ങള്‍ക്ക് പിന്നാലെ പോകാതിരിക്കുവാന്‍ മറ്റുള്ളവര്‍ക്കും കഴിയില്ലല്ലോ. ഫലമോ സര്‍ഗ്ഗസിദ്ധിയുള്ള നിര്‍ദ്ധനര്‍ ഒറ്റപ്പെടുകയും തള്ളപ്പെടുകയും ചെയ്യുന്നു.
റിയാലിറ്റി ഷോ എന്ന ഒരു പുതിയ തരംഗം ഇന്ന് ചാനലുകളുടെയും ആസ്വാദകരുടെയും ഹരമായിരിക്കുന്നു. കുട്ടികളുടെ കലാവാസന പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കാനും പ്രശസ്തിനേടാനുമൊക്കെ ഇത് അവസരമൊരുക്കുന്നു എന്നത് ഇത്തരം കലാമത്സരങ്ങളുടെ ഒരു മേന്മയായി കരുതാമെങ്കിലും ഇതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചുകൂടി ചിന്തിക്കുന്നത് ഉചിതമായിരിക്കും. ലക്ഷങ്ങള്‍ വിലവരുന്ന ഫ്ളാറ്റുകളും മറ്റ് സമ്മാനങ്ങളും സ്വപ്നംകണ്ട് മാതാപിതാക്കള്‍ മത്സരഗോദായിലേക്കിറക്കിയിരിക്കുന്ന കൊച്ചുകലാകാരന്മാരുടെയും കലാകാരികളുടെയും വീര്‍പ്പുമുട്ടലുകളും പിരിമുറുക്കങ്ങളും 'ജീവിതത്തില്‍ എല്ലാം തകര്‍ന്നിരിക്കുന്നു' എന്ന മട്ടിലുള്ള പൊട്ടിക്കരച്ചിലുകളുമൊക്കെ നാം മിനിസ്ക്രീനുകളില്‍ നിത്യവും കാണുന്നുണ്ട്. മനുഷ്യന്‍റെ പൊട്ടിത്തകരുന്ന മനവും കണ്ണീരുമൊക്കെ പണമാക്കിമാറ്റാന്‍ നന്നായി അറിയാവുന്ന ചാനലുകള്‍ ലക്ഷ്യം കണ്ടെത്തുമ്പോള്‍ നാം പെട്ടെന്ന് ചിന്തിക്കാത്ത ഒരു മറുവശംകൂടി അതിനുണ്ട്. ഇത്തരം വേദികളില്‍ പ്രത്യക്ഷപ്പെടുന്ന കുട്ടികളുടെ വിജയത്തിന് പിന്നില്‍ നൂറുശതമാനവും കലാമേന്മമാത്രമല്ല വോട്ടുകളുടെ ഭാഗ്യവും മറ്റുപലതും കൂടിയുണ്ടെന്ന് നമുക്കറിയാം. മിടുക്കന്മാര്‍ പലരും മടങ്ങേണ്ടിവരുമ്പോള്‍ നിരാശയും അപകര്‍ഷതാബോധവും അവരെ അസ്വസ്ഥരാക്കാന്‍ തുടങ്ങുന്നു. തോറ്റുപോയവര്‍ എന്ന ജാള്യതയോടെ അവര്‍ സമൂഹത്തിലേക്കു മടങ്ങുന്നു. നൂറുകണക്കിന് കലാകാരന്മാര്‍ പിന്തള്ളപ്പെടുമ്പോളാണ് അവരില്‍നിന്ന് ഒരാള്‍ വിജയം എന്ന ലക്ഷ്യം കണ്ടെത്തുന്നത്. ലോട്ടറികളെടുത്ത് ഫലം കാത്തിരിക്കുന്ന ഭാഗ്യാന്വേഷികളെപ്പോലെ കാത്തിരിക്കുന്ന കലാലോകത്തിന്‍റെ ഒരു ഛേദമുഖം!
പുതിയതലമുറക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ടവര്‍ കലയെക്കുറിച്ചും അവയുടെ ലക്ഷ്യങ്ങളെക്കുറിച്ചും മിഥ്യാധാരണകള്‍ കുട്ടികളില്‍ സൃഷ്ടിക്കുമ്പോള്‍, വിലപേശി വില്‍ക്കുന്ന വില്പ്പനച്ചരക്കായി കല അധഃപതിക്കുന്നു.
'ജനഗണമനങ്ങളില്‍ ഉത്തമമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച് അവരുടെ ബാഹ്യവും ആന്തരവുമായ ജീവിതത്തെ ഉന്നതമായ മാനങ്ങളിലേറ്റി പ്രതിഷ്ഠിക്കുക എന്നതായിരിക്കണം ഉത്തമകലാകാരന്‍റെ ലക്ഷ്യം' എന്ന പ്രാചീനചിന്തകന്മാരുടെ നിര്‍വചനങ്ങളെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു പുതിയ കലാലോകത്തിനായി നമുക്ക് കാത്തിരിക്കാം. ദൈവദത്തമായ കലയുടെയും അതിനെ ഉപാസിക്കുന്നവരുടെയും ദൗത്യം വലുതാണ്. അത് പണത്തിനു പന്താടാനുള്ളതോ, പരസ്യക്കാര്‍ക്ക് കെട്ടുകാഴ്ച നടത്താനുള്ളതോ അല്ല എന്ന പരമാര്‍ത്ഥം പുതുതലമുറയില്‍ പുലരട്ടെ.