"കുട്ടികള്‍ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെടുകയാണ്. അവര്‍ വിശ്വസ്തരാകുവാന്‍തയ്യാറാണ് എന്നതുകൊണ്ടുമാത്രം." - ഓഷോ.
ഒരിക്കല്‍ ഒരു കടയില്‍ ചെന്നപ്പോള്‍ അവിടെക്കണ്ട ഭംഗിയേറിയ കളിപ്പാട്ടത്തിന്‍റെ വില ഞാന്‍ ചോദിച്ചു. അതിന് അവര്‍ പറഞ്ഞ വിലയ്ക്ക് എനിക്കൊരു ബ്രാന്‍ഡഡ് കമ്പനിയുടെ ജീന്‍സ് വാങ്ങാമായിരുന്നു. ആ കടയില്‍ വില്‍ക്കാന്‍ വച്ചിരുന്ന ഒട്ടുമിക്ക കളിപ്പാട്ടങ്ങള്‍ക്കും കൂടിയ വിലയാണ് ഇട്ടിരുന്നത്. അഥവാ, നിര്‍മ്മാണച്ചെലവ് കൂടുതലുള്ള മേന്മയേറിയ കളിപ്പാട്ടങ്ങളായിരുന്നു അവിടെ വില്‍ക്കാന്‍ വച്ചിരുന്നത്. എന്തായാലും നോക്കാനും കൈയിലെടുക്കാനും മുതിര്‍ന്നവരെപ്പോലും പ്രേരിപ്പിക്കുന്ന നിര്‍മ്മാണ വൈദഗ്ദ്ധ്യം അവയ്ക്കുണ്ടായിരുന്നു. ഇത് കളിപ്പാട്ടങ്ങള്‍ക്ക് മാത്രമല്ല, കുട്ടികളെ സംബന്ധിച്ച എന്തിന്‍റെയും സ്ഥിതി ഇങ്ങനെതന്നെയാണ്. അവരുടെ ഉടുപ്പുകള്‍ക്ക് മുതിര്‍ന്നവരുടെ ഉടുപ്പുകളുടെ അതേ വിലയാണ്. അവരുടെ ചെരുപ്പുകള്‍ക്കും ആഭരണങ്ങള്‍ക്കും അങ്ങനെതന്നെ.
ഇപ്പോള്‍, കുടക്കമ്പനികളും ഗെയിം സി. ഡി. നിര്‍മ്മാതാക്കളും മുതല്‍ കളിപ്പാട്ടനിര്‍മ്മാതാക്കള്‍വരെ സ്വന്തമായ ഗവേഷണവിഭാഗം ആരംഭിച്ചിരിക്കുന്നത് കുട്ടികളുടെ വിനോദലോകത്തെ മാറ്റിമറിക്കാന്‍പോന്ന വിനോദോപകരണങ്ങള്‍ കണ്ടുപിടിക്കാനാണ്. വാസ്തവത്തില്‍ ഇതിലൂടെ കുട്ടികളുടെ ലോകം വലുതാവുകയാണോ അതോ ചെറുതാവുകയാണോ..? കുട്ടികളടങ്ങുന്ന മുതിര്‍ന്നവരുടെയും ലോകം പുതിയ സാമ്പത്തികവിശേഷത്താല്‍ ഞെരുങ്ങുകയാണോ വികസിക്കുകയാണോ? ഇവിടെ സംഭവിച്ചിരിക്കുന്നത് തുറന്നവിപണിയുടെ പുത്തന്‍ പ്രലോഭനങ്ങള്‍ ജനജീവിതത്തെ വലിച്ചെടുക്കുന്നു എന്നതാണ്. അത് സ്വാഭാവികമായ മാറ്റവുമാണ്. ഈ മാറ്റങ്ങള്‍ മനുഷ്യജീവിതത്തെ ഏതൊക്കെ വിധത്തില്‍ നവീകരിക്കുന്നു എന്നതാണ് പ്രധാനം.
പണം മനുഷ്യന് അനായാസമായി എന്നതാണ് കഴിഞ്ഞ ദശാബ്ദത്തിന്‍റെ പ്രത്യേകത. മലയാളിസമൂഹത്തില്‍നിന്ന് ജാതിവേര്‍തിരിവും ദാരിദ്ര്യവും പലവിധ അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യവും വലിയൊരളവില്‍ നീങ്ങിക്കിട്ടിയിട്ടുണ്ട്. അങ്ങനെ വന്നപ്പോള്‍ സമൂഹത്തിലെ ക്ലാസുകള്‍ക്കിടയിലെ അന്തരം നേര്‍ത്തുവന്നു. ഇതിനിടയാക്കിയത് തൊഴിലിന്‍റെയും അതിലൂടെ വരുമാനത്തിന്‍റെയും കടന്നുവരവാണ്. സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ പ്രായഭേദമന്യേ ആര്‍ക്കും ഏതു സാഹചര്യത്തിലും പണിയെടുക്കാമെന്നായി. കുടുംബത്തിലേക്ക് വരുമാനം/പണം വരുന്ന വഴിയാണിത്. ഒപ്പം ഉദാര ഇറക്കുമതി നയങ്ങളുടെ ഭാഗമായി നമുക്കു ലഭിച്ച കമ്പോളത്തിന്‍റെ സൗഹൃദവും. പണം എവിടെനിന്നു ലഭിക്കുന്നു എന്നന്വേഷിച്ചാല്‍, അത് ചിലപ്പോള്‍ കള്ളപ്പണമാവാം, കുഴല്‍പ്പണമാവാം, കറുത്തപണത്തിന്‍റെ വെളുപ്പിക്കലിനിടയില്‍ പരക്കുന്ന കമ്മിധനമാവാം. എന്തായാലും സാധാരണക്കാരനും ചോക്ക്ലേറ്റ് കഴിക്കാന്‍ സാധിക്കുന്നു, ടെലിവിഷന്‍ വാങ്ങാന്‍ കഴിയുന്നു, പുതിയ പുതിയ ഫോണുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നു, വസ്ത്രങ്ങള്‍ വാങ്ങാന്‍ കഴിയുന്നു. ഇതൊക്കെ കഴിഞ്ഞദശകം മുതല്‍ കുടുംബത്തിലേക്കുള്ള കടന്നുവന്ന ഉപഭോഗവസ്തുക്കളാണ്.
നമ്മുടെ ജീവിതക്രമം തീരുമാനിക്കുന്ന കമ്പോളം
കേരളം വലിയൊരു ഒറ്റവിപണിയാവുകയാണ്. കോഴിക്കോടുകാരന്‍ വസ്ത്രം വാങ്ങാന്‍ കൊച്ചിയില്‍ വരുന്നതും, തൃശൂരില്‍പോയി കോട്ടയംകാരന്‍ സ്വര്‍ണ്ണം വാങ്ങുന്നതും ഇന്ന് ധൂര്‍ത്തിന്‍റെ ഉദാഹരണമായി ആരും പറയുകയില്ല. അതേപോലെയാണ് അന്തസ്സ് നിര്‍ണ്ണയിക്കാനുള്ള പദവി ആഹാരത്തിന് കിട്ടിയിരിക്കുന്നതും. മാസത്തിലൊരിക്കലോ ആഴ്ചയിലൊരിക്കലോ പുറത്തുനിന്ന് ഭക്ഷണം കഴിക്കുക എന്നത് മിക്കവാറും നഗരവാസികള്‍ നടപ്പാക്കിക്കഴിഞ്ഞ സംസ്കാരമാണ്. ഇവിടെയെല്ലാം സംഭവിക്കുന്നത് വിലയെ വിപണിയും വിപണിയെ വിലയും രണ്ടിനെയും ശരാശരി സാമൂഹികജീവിയും ആശ്ലേഷിച്ച് ഒരിടത്ത് നിര്‍ത്തുന്നു എന്നതാണ്. ആ ഒരിടം എന്നത് ഷോപ്പിംഗ് മാള്‍, സ്വര്‍ണ്ണക്കട, തുണിക്കട, ഇറച്ചിക്കട, ഫാന്‍സി ഐറ്റംസ് വില്‍ക്കുന്നിടം എന്നിങ്ങനെ ഏതുമാവാം.
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ ഒരൊറ്റ വിപണിയാണ്. ആയിരംരൂപ മാസാമാസം അടച്ചാല്‍ കാറോ ബൈക്കോ സ്വന്തമാക്കാമെന്നത് ചെറിയ പ്രലോഭനമല്ല കുടുംബാന്തരീക്ഷത്തില്‍ ഉണ്ടാക്കിത്തീര്‍ക്കുന്നത്.ആളുവീതം മൊബൈല്‍ ഫോണും വാഹനങ്ങളും പേഴ്സണല്‍ കമ്പ്യൂട്ടറും വാങ്ങിക്കൂട്ടാന്‍ സാമ്പത്തികസമത്വം അനുവദിക്കുന്ന ഇക്കാലത്ത്, അതിന്‍റെ ഫലം അനുഭവിക്കുന്നത് മനുഷ്യന്‍തന്നെയായിരിക്കും. സ്വന്തം ജീവിതത്തെ, മറ്റൊരു ജീവിതംകൊണ്ട് പൊതിയുകയാണ് ഇവിടെ ഓരോരുത്തരും ചെയ്യുന്നത്. ആ ജീവിതം ആഡംബരത്തിന്‍റെയാവാം, പൊങ്ങച്ചത്തിന്‍റെയാവാം, പൈശാചികമായ അനുകരണഭ്രമത്തിന്‍റെയാവാം. വിപണി മനുഷ്യനെ പലതരത്തില്‍ ഇരയാക്കുമ്പോള്‍ മനുഷ്യന്‍ അതില്‍ മയങ്ങിവീഴുന്നു. അന്യന്‍റെ ജീവിതം ജീവിക്കാനുള്ള മനുഷ്യന്‍റെ വ്യഗ്രതയാണ് അവരവരുടെ അടിസ്ഥാനജീവിതം കൈവിട്ടുപോകുന്നതിന് കാരണം.
നാനാതരം തൊഴിലുകളില്‍ ഏര്‍പ്പെടുന്ന മനുഷ്യന്‍ കിട്ടുന്ന പണം ഉപയോഗിച്ച് നേടാന്‍ ശ്രമിക്കുന്നത് പണം കൊടുത്താല്‍ കിട്ടുന്ന ആനന്ദത്തെത്തന്നെയാണ്. ഒരുതരം പകരംവീട്ടലാണത്. ഉയര്‍ന്നവര്‍ഗ്ഗത്തിനൊപ്പം ജീവിതത്തെ എത്തിക്കാനുള്ള ശ്രമം. അതായത്, അമ്യൂസ്മെന്‍റ് പാര്‍ക്കുകളില്‍ പോവുക, വാട്ടര്‍തീം പാര്‍ക്കുകളില്‍ ദിവസം ചെലവിടുക, ഫുഡ്മാളുകളില്‍ മക്കള്‍ക്കൊപ്പം രസിക്കുക, ഷോപ്പിംഗ് ഉത്സവങ്ങളില്‍ പങ്കെടുക്കുക എന്നിങ്ങനെ. ഇതെല്ലാം പണത്തിന്‍റെ വര്‍ദ്ധിച്ച വരവില്‍ നിന്നുണ്ടാകുന്ന ആസക്തികളാണ്. അവിടെ, സ്വാഭാവികമായ ഒരു വിനോദമോ, ഒഴിവുകാല നേരമ്പോക്കുകളോ സൃഷ്ടിച്ചെടുക്കാന്‍ ഇന്നത്തെ മനുഷ്യനാവാതെ പോകുന്നു.
എങ്ങനെയാണ് സാധാരണ ജീവിതം തിരിച്ചുപിടിക്കുന്നത്? ലളിതമാണ് അത്. നല്ല അയല്‍പക്കബന്ധം സൂക്ഷിച്ചും അടുക്കളത്തോട്ടമോ, ലഘുവായ കൃഷിയോ നടത്തിയും ജീവിതത്തിന്‍റെ സ്വാഭാവികത നമുക്ക് തിരിച്ചുപിടിക്കാന്‍ കഴിയും. അത് പണം മുടക്കി നേടുന്നതല്ല, മനോഭാവം മുടക്കി നേടുന്നതാണ്. പക്ഷേ അതിനുള്ള മനോഭാവം നമുക്കില്ല. തൊട്ടടുത്ത പുഴയില്‍ പോയി മീന്‍പിടിച്ച് ഉപയോഗിക്കുന്നതും അടുക്കളമുറ്റത്ത് രണ്ടുതണ്ട് ചീര നട്ട് ഉപയോഗിക്കുന്നതും ഇവതന്നെ പണം കൊടുത്ത് ബാഗില്‍ നിറച്ച് കാറില്‍വച്ച് വീട്ടില്‍ കൊണ്ടുചെല്ലുന്നതും തമ്മിലുള്ള അന്തരമാണ് ഇന്ന് മലയാളി ആസ്വദിക്കുന്നത്. വലിയ വീടുകെട്ടാന്‍ കടംവാങ്ങി ഒടുവില്‍ കടംവീട്ടാന്‍ ആ വീടുതന്നെ ആര്‍ക്കെങ്കിലും വില്‍ക്കുന്ന പ്രവണതയാണ് നമ്മുടേത്. എത്രയോ ആത്മഹത്യകള്‍ അതിന്‍റെപേരില്‍ നടന്നുകഴിഞ്ഞിരിക്കുന്നു. അതേസമയം, പഞ്ചാബിലോ തമിഴ്നാട്ടിലോ നമ്മള്‍ ചെന്നുനോക്കുമ്പോള്‍, കോടീശ്വരന്മാര്‍ ഇടത്തരം വീടുകളില്‍ കഴിയുന്നതു കാണാം. വാസ്തവത്തില്‍, കേരളത്തില്‍ മാത്രമാണ് വീട്കെട്ടി പൊങ്ങച്ചം കാണിക്കുന്നത് അന്തസ്സായി കരുതുന്നവരുള്ളത്.
സി ഐ ഡി മൂസ എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. കോട്ടും സ്യൂട്ടുമിട്ട ക്യാപ്റ്റന്‍ രാജുവിന്‍റെ കഥാപാത്രം പെങ്ങളെ കാണാന്‍ വരുമ്പോള്‍ കൊണ്ടുവരുന്നത് സ്യൂട്ട്കേസാണ്. എല്ലാവരും കാത്തിരിക്കേ, ഗ്ലൗസിട്ട കൈകൊണ്ട് പെട്ടിതുറന്ന് നാലു കരിമീന്‍ പുറത്തെടുത്ത് പെങ്ങള്‍ക്കുനേരെ നീട്ടുന്നു. സ്യൂട്ട്കേസില്‍ ആകെയുള്ളത് നാലു കരിമീനാണ്. ഇതാണ് മലയാളിയുടെ വ്യക്തമായ ചിത്രം.
ആനന്ദത്തിന്‍റെ അതിരറ്റ വേള
ഞാന്‍ ജനിച്ചുവളര്‍ന്ന ഗ്രാമപ്രദേശത്ത് നിറയെ വൃക്ഷങ്ങളുണ്ടായിരുന്നു. മാവും പ്ലാവും ആഞ്ഞിലിയും പുളിയും പേരയും കശുമാവും പനയും എല്ലാമടങ്ങിയ തനിനാട്ടിന്‍പുറം. അവിടെ ഞങ്ങളുടെ കളികള്‍ പ്രധാനമായും കള്ളനും പോലീസുമായിരുന്നു. കള്ളന്മാര്‍ ഓടിയൊളിക്കും, പോലീസുകാര്‍ തിരഞ്ഞുനടക്കും. കള്ളന്മാരായ കൂട്ടുകാര്‍ ഒളിക്കുന്നത് പൊന്തപ്പടര്‍പ്പിനിടയിലും പൊത്തുകളിലും തോട്ടിറമ്പുകളിലുമാണ്. പോലീസുകാരായ കൂട്ടുകാര്‍ അവിടെ തിരഞ്ഞുവരും. അത് വാസ്തവത്തില്‍ മണ്ണിനെയും ആകാശത്തെയും മണ്ണിലെ നാനാതരം ജീവികളെയും മരങ്ങളെയും പക്ഷികളെയും അടുത്തറിയാനുള്ള സാഹചര്യം കൂടിയായിരുന്നു. പലതരം ചെടികളുടെയും പ്രാണികളുടെയും മണം ഞാന്‍ പിടിച്ചെടുക്കുന്നത് അങ്ങനെയായിരുന്നു.
പക്ഷേ, അത്തരം ജീവിതശൈലികൊണ്ട് എല്ലാവരും പരിസ്ഥിതി സ്നേഹികളാകുമെന്നോ മനുഷ്യസ്നേഹികളാകുമെന്നോ ഉദാത്തമായ മാനവബോധം ആര്‍ജ്ജിച്ചെടുക്കുമെന്നോ പറയാന്‍ ഞാന്‍ തയ്യാറല്ല. ആ കളികള്‍ക്കും ജീവിതത്തിനും അതിന്‍റെതായ മൂല്യമുണ്ടായിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ ഇന്നത്തെ കുട്ടികള്‍ക്കും അതേപോലുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ടാവണം. കുഴപ്പം അതിലൊന്നുമല്ല. ഇന്നത്തെകാലത്ത്, പണം വലിയൊരു ഘടകമായി സമൂഹത്തില്‍ മാറുന്നു എന്നതാണ്. കൊലയും പിടിച്ചുപറിയും തട്ടിക്കൊണ്ടുപോകലും വര്‍ദ്ധിക്കുന്നത് പണത്തിനുവേണ്ടിയാണ്. കഴിഞ്ഞ വ്യാഴവട്ടക്കാലത്തിനിടയില്‍ കേരളത്തില്‍ ആരംഭിക്കപ്പെട്ടിട്ടുള്ള വമ്പന്‍ വസ്ത്രശാലകള്‍ക്കും സ്വര്‍ണ്ണക്കടകള്‍ക്കും വല്ല കണക്കുമുണ്ടോ? അവയുടെയൊന്നും മാര്‍ക്കറ്റ് ഒരു ജില്ലയെ മാത്രം ഉന്നംവച്ചുള്ളതല്ല. അതാണ് ആദ്യമേ പറഞ്ഞത്, കേരളം വലിയൊരു വിപണിയാവുന്നു. ഒറ്റ കോര്‍പ്പറേഷനാവുന്നു.നാളെ ഇതൊരു കൊച്ചു രാജ്യം തന്നെയാവും. സ്വയംഭരണാവകാശവും ഭരണഘടനയുമുള്ള രാജ്യമായിരിക്കണമെന്നില്ല. പക്ഷേ, വലിയൊരു വിപണനരാജ്യം അല്ലെങ്കില്‍ വിപണി. സെക്സ് മുതല്‍ ക്രൈം വരെ ലഭിക്കുന്ന വിപണി.
കുട്ടിക്കാലത്തേക്ക് മടങ്ങാം. പന്തുകളിയായിരുന്നു മറ്റൊരു വിനോദം. ഇന്നത്തെക്കാലത്തേതുപോലെ ധാരാളം നിറങ്ങളുള്ള പന്തുകള്‍ അക്കാലത്ത് കിട്ടാനുണ്ടായിരുന്നില്ല. ഓലപ്പന്തായിരുന്നു കളിയായുധം. പന്തുകളി കഴിഞ്ഞാല്‍ തോട്ടിലിറങ്ങും. നീന്തിക്കുളിക്കും. ആനന്ദത്തിന്‍റെ അതിരറ്റ ആഹ്ലാദവേളകളായിരുന്നു അതെല്ലാം. തീര്‍ച്ചയായും ഇന്നത്തെ കുട്ടികളും ആഹ്ലാദിക്കുന്നുണ്ട്. മുമ്പില്ലാത്ത വിധമുള്ള സൗകര്യങ്ങളോടെ ജീവിക്കുന്നുമുണ്ട്. ചെറിയ ക്ലാസുമുതലേ, ഉന്നത വിദ്യാഭ്യാസസൗകര്യങ്ങളാണ് കുട്ടികള്‍ക്കിന്ന് ലഭിക്കുന്നത്. എന്നിട്ടും, പ്രായോഗികജീവിതത്തില്‍ ഇന്നത്തെ ഭൂരിഭാഗം കുട്ടികളും പരാജയപ്പെടുന്നതായാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. വിജയിക്കുന്നവരും ഏറെ. ഇതുസംബന്ധിച്ച് വിരുദ്ധാഭിപ്രായങ്ങളുണ്ട്. അങ്ങനെയല്ലാതെ വരില്ലല്ലോ. പക്ഷേ, തകരാറ് മനോഭാവത്തിലാണ്. കുട്ടികളെ വളര്‍ത്തുന്നതിലും അവര്‍ വളരുന്നതിലും പുലര്‍ത്തുന്ന പരിശീലനരീതികള്‍ പക്ഷേ ദുര്‍ബലമാണ്. എനിക്കു തോന്നുന്നത്, മാറിയ ഭക്ഷണശീലവും കനംകൂടിയ പോക്കറ്റും വര്‍ദ്ധിച്ച വാര്‍ത്താവിനിമയ സൗകര്യങ്ങളും കുട്ടികളെ എളുപ്പം മുതിര്‍ന്നവരാക്കുന്നു എന്നാണ്. രക്ഷിതാക്കളുടെ തണലില്‍നിന്ന് ഇപ്പോഴത്തെ കുട്ടികള്‍ എളുപ്പം വിട്ടുപോകുന്നു. അതിനവരെ സഹായിക്കുന്നത് വീട്ടില്‍നിന്ന് കൊടുക്കുന്ന പണമാവാം. അത് പക്ഷേ, ശരിയായ രീതിയില്‍ ചിന്തിച്ചാല്‍ നല്ലതുമാണ്.
നമ്മള്‍ പ്രതിച്ഛായകള്‍
ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ഒരാള്‍രൂപത്തിന് ഒരു പ്രതിച്ഛായയുണ്ട്.ആദ്യം അതിന് ശബ്ദമുണ്ടാവില്ല. ഉശിരു പകരുന്ന പശ്ചാത്തലസംഗീതമുണ്ടാവില്ല. എങ്കിലും ഒരു പ്രതിച്ഛായയെ സൂക്ഷിച്ചുകൊണ്ടാണ് അതിനെ ഫിലിമില്‍ ചിത്രീകരിച്ചെടുത്തിരിക്കുന്നത്. അതിന്‍മേല്‍, ശബ്ദവും സംഗീതവും ചേര്‍ത്തുവയ്ക്കുമ്പോള്‍ ആ പ്രതിച്ഛായ ഇരട്ടിവലിപ്പത്തിലേക്ക് വളരുന്നു. അതായത്, അമ്പതാളെ തല്ലാനും ചതയ്ക്കാനുമുള്ള പ്രതിച്ഛായയാണ് അയാള്‍ക്ക് നാം നിര്‍മ്മിച്ചു നല്കിയിരിക്കുന്നത്.
അതേവിധമാണ് കുറേ വര്‍ഷങ്ങളായി മലയാളിയുടെ പ്രതിച്ഛായാ നിര്‍മ്മാണവും ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ പ്രതിച്ഛായ എന്നത് മലയാളി എന്ന പ്രതിച്ഛായയാണ്. തുറന്നുപറഞ്ഞാല്‍ ഒന്നിന്‍റെയും ആഴത്തിലേക്ക് പോകാത്ത മനോഭാവമാണ് മലയാളിയുടേത്. യാതൊരു വിനോദോപാധികളിലും മലയാളിക്ക് ഭൂരിപക്ഷമില്ല. യാതൊന്നിലും നമ്മള്‍ കൂട്ടമായി അഭിരമിക്കുന്നില്ലെന്നര്‍ത്ഥം. പ്രതിച്ഛായ തകരുമോ എന്ന അടിസ്ഥാനമില്ലാത്ത ഭയമാണ് പ്രധാനം. ആ വികാരവും അതിലെ നിര്‍വ്വികാരതയുമാണ് അലസനായ ജീവിയായി മനുഷ്യനെ മാറ്റിക്കളയുന്നത്. പ്രതിച്ഛായാ സങ്കല്‍പ്പത്തിലാണ് നമ്മള്‍ കുടുംബത്തെയും നിര്‍മ്മിച്ചെടുക്കുന്നത്. അതിന്‍റെ പ്രതിഫലനമാണ് ചുറ്റിനും കാണുന്നതും.