news-details
മറ്റുലേഖനങ്ങൾ

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

ഓര്‍മകള്‍ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാണ്. ഇന്നലെകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍, കടന്നുപോയവരെക്കുറിച്ചുള്ള ഓര്‍മകള്‍, സന്തോഷ സന്താപങ്ങളുടെ സ്മരണകള്‍... അങ്ങനെ ഓര്‍മകള്‍ക്ക് അന്തമില്ല. ഓര്‍മകളിലെങ്കില്‍ ജീവിതമില്ല എന്നു പറയാം. ഓര്‍മകളാണ് നമ്മെ ഈ വഴിയിലൂടെ കൈപിടിച്ചു നടത്തുന്നത്.

അടിമുടി മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ ഓര്‍മകള്‍ അധികപ്പറ്റാണ്. വേരുകളില്ലാതെ ഒഴുകി നീങ്ങുന്നവര്‍ക്ക് ഓര്‍മകള്‍ ആവശ്യമില്ല. എളുപ്പത്തില്‍ എല്ലാം മറക്കുന്നവരാണ് നാം. അതുകൊണ്ടുതന്നെ ചോദ്യങ്ങള്‍ ചോദിക്കാനും പ്രതിഷേധിക്കാനുമെല്ലാം നാം മറക്കുന്നു. 'അധികാരത്തിനെതിരായ സമരം എന്നതു മറവിക്കെതിരായ ഓര്‍മ്മകളുടെ സമരമാണ്' എന്നു പറഞ്ഞത് മിലന്‍ കുന്ദേരയാണ്. ഓര്‍മകളില്ലാത്തവര്‍ക്കു ചരിത്രമില്ല. ഓര്‍മ്മകളുടെ പിന്തുണയില്ലാത്തവര്‍ ആര്‍ക്കും വെല്ലുവിളിയല്ല. ചരിത്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള ഓര്‍മകള്‍ കാത്തുസൂക്ഷിക്കുന്ന ജാഗ്രതയുള്ളവരാണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്നത്. ഓര്‍മകളില്ലാത്തവരില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയില്ല.

മറവി സമൂഹത്തെ സമഗ്രമായി ഗ്രസിച്ചിരിക്കുന്നു. സമൂഹാബോധമനസ്സില്‍ ഓര്‍മകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കേവലം ഉപഭോക്താക്കള്‍ മാത്രമായിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍ക്ക് ഓര്‍മകള്‍ ആവശ്യമില്ല. ഭൗതിക ജീവിതവിജയം മാത്രം ലക്ഷ്യമാക്കി പരക്കംപായുന്നവര്‍ക്ക് ഓര്‍മകള്‍ അമിതഭാരമായി മാറുന്നു. സമൂഹത്തിനേ ഓര്‍മകളുള്ളൂ. ആള്‍ക്കൂട്ടത്തിന് സ്മരണകളില്ല. സ്മരണകള്‍ സൂക്ഷിക്കുന്ന മസ്തിഷ്കം ചരിത്രത്തെ ഉള്ളിലൊതുക്കുന്നു. ഇന്നലെ എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാത്തവര്‍ക്ക്, മനസ്സിലാക്കാത്തവര്‍ക്ക് നാളെയെ വിഭാവനംചെയ്യാന്‍ സാധിക്കില്ല. "നിങ്ങളിലെ കാലരഹിതമായത്, ജീവിതത്തിന്‍റെ കാലരാഹിത്യത്തെക്കുറിച്ച് ബോധവത്താണ്. ഇന്നലെ, ഇന്നിന്‍റെ സ്മൃതി മാത്രമാണെന്നും, നാളെ, ഇന്നിന്‍റെ സ്വപ്നമാണെന്നും അതറിയുന്നു" എന്നാണ് ഖലീല്‍ ജിബ്രാന്‍ 'പ്രവാചക'നില്‍ എഴുതുന്നത്. സ്മൃതി എന്നത് കാലബോധം കൂടിയായി മാറുകയാണ്. കാലത്തിനകത്താണ് ജീവിതമെന്നതിനാല്‍ കാലത്തെക്കുറിച്ചുള്ള ബോധം കൂടിയാണ് സ്മരണകള്‍.

ചില ഓര്‍മകള്‍ നമ്മെ അലോസരപ്പെടുത്തും. അതുകൊണ്ടാണ് 'മറവി ഒരനുഗ്രഹമാണ്' എന്നു നാം പറയുന്നത്. എന്നാല്‍ മറവി അനുഗ്രഹമല്ലാത്ത സന്ദര്‍ഭങ്ങളുമുണ്ട്. മറവിരോഗം പടര്‍ന്നു കയറുന്ന കാലമാണിത്. അല്‍ഷൈമേഴ്സ് രോഗം ലക്ഷക്കണക്കിനാളുകളുടെ മസ്തിഷ്കത്തെ മരവിപ്പിച്ചുകൊണ്ടിരിക്കുന്നു. 'തൊട്ടടുത്തുള്ള കാലം അപ്രത്യക്ഷമാകുകയും വിദൂരഭൂതകാലം ഓര്‍മയില്‍ നിറയുന്നതും ഈ രോഗത്തിന്‍റെ ഒരു പ്രത്യേകതയാണ്. ഭൂതകാലത്തിലേക്ക് മടക്കയാത്ര നടത്തുകയാണ് മറവിരോഗമുള്ള വ്യക്തി. മസ്തിഷ്കം ഉപയോഗിക്കാതിരിക്കുമ്പോള്‍ മറവി അതിനെ പൊതിയുകയായിരിക്കാം. ചിന്തിക്കാതെ, ചോദ്യം ചോദിക്കാതെ നാം നിസ്സംഗരാകുമ്പോള്‍ കടുത്ത മറവിരോഗം നമ്മെ ആക്രമിച്ചേക്കാം.

കുട്ടികള്‍ക്ക് ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ബ്രഹ്മി നല്‍കാറുണ്ട്. സമൂഹത്തിനുമുഴുവന്‍ ബ്രഹ്മി നല്‍കേണ്ട അവസ്ഥ ഭാവിയില്‍ ഉണ്ടായേക്കാം. ഓര്‍മകള്‍ സൂക്ഷിക്കുന്ന ജോലി യന്ത്രങ്ങളെ ഏല്പിക്കുമ്പോള്‍ തലച്ചോറ് അപ്രസക്തമാകുന്നു. ഉപഭോക്താക്കള്‍ക്ക് സ്മരണകള്‍ ആവശ്യമില്ലല്ലോ. പാതി യന്ത്രമായിമാറിയ മനുഷ്യന് ഓര്‍മകളുടെ ആവശ്യമില്ല. പരസ്പരം ബന്ധവും പരിഗണനയും സ്നേഹവും കാരുണ്യവും നിലനില്‍ക്കുമ്പോള്‍ ഓര്‍മകള്‍ ശക്തവും പ്രസക്തവുമാകുന്നു. മറവിയുടെ ജലത്തില്‍ മുങ്ങിക്കിടക്കുന്നവന് സ്വന്തം കാര്യംപോലും ഓര്‍ക്കാന്‍ സമയം കിട്ടുന്നില്ല. അവനവനില്‍ നിന്ന് പുറത്തുകടക്കാത്തവന് മറ്റൊന്നും ഓര്‍ത്തിരിക്കാന്‍ കഴിയില്ല. ഓര്‍മയുടെ കലാപത്തെ അയാള്‍/ അവള്‍ ഭയപ്പെടുന്നു. തിരിച്ചെടുക്കാന്‍ കഴിയാതെ കൈക്കുമ്പിളില്‍നിന്ന് വഴുതിപ്പോകുന്ന സ്മരണകള്‍ കൈവിട്ടുപോയ കാലത്തെ വിസ്മൃതിയിലേക്കു താഴ്ത്തുന്നു. ഏകമാനമനുഷ്യനായി വ്യക്തികള്‍ ചുരുങ്ങുന്നതിനുള്ള പ്രധാനകാരണം സ്മൃതി നഷ്ടമാണ്.

മതവും രാഷ്ട്രീയവുമെല്ലാം ഓര്‍മകള്‍ കൈവിട്ടിരിക്കുന്നു. ഉറവയിലെ ഓര്‍മകള്‍ നഷ്ടപ്പെടുമ്പോള്‍ തനിമയില്‍നിന്ന് വിദൂരത്തിലാവുന്നു. അഗാധമായ അര്‍ഥതലങ്ങളുള്ള ദര്‍ശനങ്ങളും മൂല്യങ്ങളും ചുരുങ്ങിയ തലങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്നു. അതിജീവനത്തിന്‍റെ അതിവേഗമാര്‍ന്ന പ്രയാണത്തില്‍ കൈവിട്ടുപോകുന്നത് ഇന്നലയെ ദീപ്തമാക്കിയ സ്മരണകളുടെ പ്രകാശവും സുഗന്ധവുമാണ്. ചരിത്രത്തെ, സ്മരണകളെ കൈവിടുമ്പോള്‍ പ്രസ്ഥാനങ്ങള്‍ കേവലം ചട്ടക്കൂടുകള്‍ മാത്രമാകുന്നു. ഈ ഘടനകള്‍ മനുഷ്യനെ ഓര്‍മകളില്‍നിന്ന് അകറ്റിക്കളയുന്നു എന്നതു മാത്രമല്ല അപകടം, സമൂഹത്തെ ഒട്ടാകെ മൂല്യഭ്രംശം ബാധിക്കുന്നു എന്നതുകൂടിയാണ്.

പൂര്‍വകാലസംഭവങ്ങള്‍ ഓര്‍ത്തെടുത്ത് നാം വര്‍ത്തമാനകാലത്തെ സമ്പന്നവും ചൈതന്യപൂര്‍ണവുമാക്കുന്നു. തീക്ഷ്ണമായ ചരിത്രത്തിന്‍റെ ഓര്‍മകള്‍ പുതിയ ചുവടുവയ്പുകള്‍ക്ക് കരുത്തുപകരുന്നു. മറവിയുടെ മൂടല്‍മഞ്ഞ് സമൂഹത്തെയും വ്യക്തിയെയും പൊതിയുന്നത് പുതിയൊരു താക്കീതാണ്. ഒറ്റപ്പെട്ട തുരുത്തുകളായി മനുഷ്യന്‍ മാറുന്നത് സ്മരണനഷ്ടത്തിന്‍റെ അനന്തരഫലമാണ്. മറവിക്കെതിരായ സമരം നമ്മെ പുതിയലോകത്തിന് അവകാശികളാക്കുന്നു. ഒന്നും ഓര്‍ക്കാത്തവരുടെ തലമുറകളിലൂടെ കാലം ഒഴുകിപ്പോകുന്നു. നിസ്സംഗതയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ കാലത്തെ, ചരിത്രത്തെ സ്പര്‍ശിക്കാതെ കടന്നുപോകുന്നു. അങ്ങനെയുള്ളവര്‍ ചരിത്രത്തിനു വെളിയിലാണ.് മനുഷ്യന്‍ സര്‍ഗാത്മകത കൈവരിക്കുന്നത് ഓര്‍മകള്‍ സൂക്ഷിക്കുന്നതിലൂടെയാണ്. 'പൊയ്പോയ കാലംതേടി' സഞ്ചരിക്കുന്നവര്‍ ഇന്നലെയും ഇന്നും നാളെയും യോജിപ്പിച്ച് പുതിയൊരു ഭൂഖണ്ഡം സൃഷ്ടിക്കുന്നു.

നമുക്ക് നമ്മുടെ ഓര്‍മകള്‍ തിരിച്ചെടുക്കാം. സഹസ്രാബ്ദങ്ങള്‍ പിന്നിട്ട മനുഷ്യപ്രയാണത്തിന്‍റെ പിന്തുടര്‍ച്ചയാണ് നാം. അതുകൊണ്ടുതന്നെ സ്മരണകള്‍ നമ്മെ മുന്നോട്ടു നയിക്കണം. മറവിയുടെ സംസ്കാരം പടരുന്നതിനിടയില്‍ ഓര്‍മകള്‍ ഉയര്‍ത്തിപ്പിടിച്ച് നമുക്ക് ചൈതന്യപൂര്‍ണമായ ലോകവും കാലവും ലക്ഷ്യമാക്കി നടന്നുനീങ്ങാം. ഓര്‍മയുടെ കൈപിടിച്ച് മറവിക്കെതിരെ ഒരു ഘോഷയാത്ര...

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts