ചന്ത പ്രാര്‍ത്ഥിക്കാന്‍ പോയി; പ്രാര്‍ത്ഥന ചന്തയ്ക്കും പോയി. ഇവര്‍ പരസ്പരം കണ്ടുമുട്ടി, തമ്മില്‍ സഹകരിക്കാന്‍ ധാരണയായി. ചന്തയുടെ ആരവം വിലകൊടുക്കാതെ പ്രാര്‍ത്ഥനയ്ക്കു നല്കി. അതോടെ പ്രാര്‍ത്ഥനയ്ക്ക് കൊഴുപ്പായി. ദേവാലയം പോലെ ചന്ത നിര്‍മ്മലമായി, അലംകൃതമായി, രൂപക്കൂടുകളുമായി. ചന്തയുടെ വ്യഞ്ജന വിഭവങ്ങള്‍ പ്രാര്‍ത്ഥനയുടെ വിഷയങ്ങളുമായി.
ചന്ത പരസ്യം തിരുത്തി, വിശ്വാസമല്ലേ എല്ലാം. ദേവാലയങ്ങള്‍ ചന്തയുടെ വിശ്വാസപ്രഖ്യാപനത്തില്‍ കോള്‍മയിര്‍ക്കൊണ്ടു; ധ്യാനങ്ങളില്‍ ചന്ത വിശ്വാസസാക്ഷ്യം പറഞ്ഞു. ചന്ത പ്രാര്‍ത്ഥനയുടെ ജപമാലകള്‍ സുന്ദരമായി കെട്ടി; അവയുടെ മണികള്‍ തിളങ്ങി. മണികളുടെ എണ്ണം കൂട്ടാനും കുറയ്ക്കാനും സാധ്യത നല്കി.
ചന്തയുടെയും പ്രാര്‍ത്ഥനയുടെയും നേതാക്കള്‍ എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വച്ച് ഒരു പൊതുശബ്ദകോശത്തിനു ഉടമ്പടി ചെയ്തു. ദേവാലയത്തിലേതുപോലെ അലക്കിത്തേച്ച പദങ്ങള്‍ ചന്തയില്‍ സാര്‍വ്വത്രികമായി. കല്യാണമന്ത്രങ്ങള്‍ മന്ത്രകോടി വില്പനയുടെ വേദികളില്‍ മുഴങ്ങി. പ്രാര്‍ത്ഥനയുടെ ദൈവശാസ്ത്രജ്ഞന്മാര്‍ കമ്പോള ദൈവശാസ്ത്രം പണിതുണ്ടാക്കി. ക്രിസ്തുവും കൃ ഷ്ണനുമൊക്കെ ടൈകെട്ടി ബിസിനസ് എക്സിക്യൂട്ടീവിന്‍റെ മേക്കപ്പിട്ടു. മിന്നാത്തതൊന്നും പൊന്നല്ല എന്നു ഏവരും സമ്മതിച്ചു. വരപ്രസാദമുള്ള കോസ്മെറ്റിക് ഐറ്റംസ് വന്നു. പ്രാര്‍ത്ഥനതന്നെ മിന്നുന്ന പരസ്യത്തില്‍ ഹരംകൊണ്ടു; പ്രാര്‍ത്ഥന ലഹരിയായി.
ദൈവവിളിയെ ആരുടെയും കുത്തകയാക്കണ്ട എന്നു തീരുമാനിച്ചു കച്ചവടക്കാരും ചന്തയിലെ എല്ലാവരും ശുശ്രൂഷയുടെ ദൈവവിളിക്കാരായി. തൊഴിലാളിയും പ്രാര്‍ത്ഥിക്കുന്നു; പ്രാര്‍ത്ഥിക്കാന്‍ വിളിക്കപ്പെട്ടവന്‍ തൊഴിലാളിയായി. പ്രാര്‍ത്ഥന തൊഴിലാളിക്കും വ്യവസായ ദൈവവിളിക്കും വിനിമയ അംഗീകാരമായി. കളിയും കാര്യവും വേര്‍തിരിക്കുന്ന കാലം കഴിഞ്ഞു. പ്രാര്‍ത്ഥന കേളിയാണ് - കമ്പോളവും ലാഭനഷ്ടങ്ങളും ചതുരംഗമല്ലേ? ഉദ്ദിഷ്ടകാര്യ സാധ്യത്തിനുതന്നെ ചന്തയില്‍ പോകുന്നു; അതു പുണ്യാളന്‍റെ സമക്ഷം മാത്രമായി സംവരണം ചെയ്യേണ്ടതില്ല. ധനം ലക്ഷ്മിയാണ്; ധനലക്ഷ്മിയില്‍ പണമിടാം; രക്ഷ സുരക്ഷിതമാക്കാം.
പ്രാര്‍ത്ഥനയുടെ പരിശുദ്ധി കമ്പോളത്തിനും വേണം. എല്ലാം അടിച്ചുതളിച്ച് മിനുക്കി. വെളിച്ചെണ്ണ മുതല്‍ പിണ്ണാക്കുവരെ പരിശുദ്ധമായി. കസ്റ്റമര്‍ എപ്പോഴും ശരിയാണ് എന്ന തത്വം ഇപ്പോഴും ദേവാലയത്തില്‍ നടപ്പിലാക്കി കഴിഞ്ഞിട്ടില്ല. കമ്പോളത്തിന്‍റെ വൈശികതന്ത്രം ദേവാലയത്തിനു വിറ്റെങ്കിലും അതിനു നൂറുശതമാനം പ്രാബല്യമായിട്ടില്ല. വൈശിക തന്ത്രത്തിലെ വേശ്യ എന്ന പദം എടുക്കാത്ത മന്നയുമായി പ്രഖ്യാപിച്ചു. എല്ലാവരും തൊഴിലാളികള്‍, എല്ലാവരും ദേവദാസിമാരും ദാസന്മാരും. കൈകൊണ്ടും തലകൊണ്ടും ജോലി ചെയ്യുന്നവര്‍, അങ്ങനെ ലൈംഗിക തൊഴിലാളികളും. ചന്ത എല്ലാറ്റിനേയും തിളങ്ങുന്ന പൊതിയിലാക്കുന്നു. കാണിക്കുക എന്നതു പ്രാര്‍ത്ഥനയുടെയും കാണിക്കയായി. ലോകവും ശരീരവും പിശാചല്ല, അത് വേറെ. ഭാഗ്യദൗര്‍ഭാഗ്യങ്ങളുടെ ഇടതുപക്ഷക്കാരന്‍. മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത് വികാരങ്ങള്‍ കൊണ്ടുമാണ്. വികാരങ്ങള്‍ ചൂടാക്കാനും തണുപ്പിക്കാനും വിനോദങ്ങള്‍ സൗജന്യമായി ചന്ത നല്കുന്നു - പ്രസാദം പോലെ. പ്രസാദത്തിന്‍റെ അങ്കികള്‍ ചന്തയുടെ സംഭാവനയാണ്.
വിവാഹം സ്വര്‍ഗ്ഗത്തിലാണ് എന്ന് ഉറക്കെപ്പറയുന്നതു ചന്തയാണ്. സ്വര്‍ഗ്ഗത്തിന്‍റെ രൂപസാദൃശ്യങ്ങളില്‍ വിവാഹകര്‍മ്മം നടത്തിത്തരും. നിത്യതയുടെ സ്വര്‍ണ്ണസ്പര്‍ശം - അതില്‍ മാര്‍ക്കറ്റും ദേവാലയവും പങ്കാളികളായി. പലവ്യഞ്ജനങ്ങളുടെ പട്ടിക പ്രാര്‍ത്ഥനയുടെ പലകയില്‍ എഴുതി. രണ്ടു കൂട്ടര്‍ക്കും അതു ലാഭകരമായി. പ്രാര്‍ത്ഥനയുടെ പാരമ്പര്യത്തിലെ ദുരന്ത കഥാപാത്രങ്ങളുടെ ജീവിതങ്ങളുടെ ഞെട്ടലും പരാജയവും ചെത്തിമിനുക്കി സുന്ദരകളേബരങ്ങളാക്കി - സൗന്ദര്യമത്സരത്തിനു പോകുന്നവര്‍ അവരെ നോക്കി അസൂയപ്പെടുന്നു. വേദം ചന്തയിലെ ബെസ്റ്റ് സെല്ലറായി, വേദവില്പന കൊഴുത്തു.
പ്രാര്‍ത്ഥനയും ചന്തയും ചേര്‍ന്നു വിശുദ്ധ നാട്ടിലേക്കു നടത്തിയ ഒരു ഉല്ലാസ തീര്‍ത്ഥാടനത്തില്‍ ചന്തയ്ക്ക് പ്രത്യക്ഷത്തില്‍ നഷ്ടമുണ്ടായി. ഒരിടത്തും ചന്ത ചൂണ്ടിക്കാണിക്കാനില്ലാതായി. പല സ്ഥലങ്ങളില്‍ ഒരു സ്ഥലമല്ലാതായി ചന്ത മാറി. പക്ഷെ, ചന്തയ്ക്ക് മരിക്കുന്ന ദൈവത്തിന്‍റെ ലക്ഷണങ്ങള്‍ കിട്ടി. അത് സര്‍വ്വവ്യാപിയും അദൃശ്യവുമായി. പ്രാര്‍ത്ഥന ശ്രാദ്ധാചരണം നിറുത്തി, കണക്കു നോക്കലായി ആ കര്‍മ്മം. നഷ്ടക്കച്ചവടം വേണ്ട എന്ന് അവര്‍ സംയുക്തമായി തീരുമാനിച്ചു മുന്നേറുന്നു. ദൈവവും മാമ്മോനും ആശ്ലേഷിച്ചു - ഹല്ലേലുയ്യ, സ്തോത്രം!