എല്ലാ മതവിശ്വാസികള്‍ക്കിടയിലും പരമ്പരാഗതമായി നിലനില്ക്കുന്ന ഒരു സ്ഥാപനമാണല്ലോ പൗരോഹിത്യം. ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളാനും, വിശ്വസിക്കുന്ന സമൂഹത്തിനുവേണ്ടി അനുഷ്ഠാനങ്ങളും ബലികളും നടത്തുവാനും നിയോഗിക്കപ്പെട്ടവനായിട്ടാണ് പുരോഹിതന്‍ കരുതപ്പെടുന്നത്. ജനങ്ങളുടെ കാഴ്ചകളും ബലികളും ദൈവത്തിനു മുമ്പില്‍ കൊണ്ടുവരികയും ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങളും അഭീഷ്ടസിദ്ധികളും ജനങ്ങള്‍ക്കു നേടിക്കൊടുക്കുകയും ചെയ്യുകയാണ് പുരോഹിതന്‍റെ ദൗത്യം. വിജാതീയരുടെ ഈ പുരോഹിതസങ്കല്പം തന്നെയാണ് പഴയനിയമത്തിലെ ഇസ്രായേല്‍ ജനതയ്ക്കുണ്ടായിരുന്നത്. ഈ രീതിയില്‍ പുരോഹിത ശുശ്രൂഷ ചെയ്യുവാനാണല്ലോ അഹറോനെയും അദ്ദേഹത്തിന്‍റെ സന്താനങ്ങളെയും മോശ നിയോഗിച്ചത്.
എന്നാല്‍, ഇത്തരത്തിലുള്ള ഒരു പൗരോഹിത്യം പുതിയനിയമത്തിന് അന്യമാണ്. പുരോഹിതനെ കുറിക്കുവാന്‍ വിജാതീയരും ഇസ്രായേല്‍ക്കാരും ഉപയോഗിച്ചിരുന്ന പദങ്ങളൊന്നും (ഗ്രീക്കില്‍ hiereus,, ലത്തീനില്‍ sacerdos, ഹീബ്രുവില്‍ kohen) ഒരു മനുഷ്യനെ കുറിക്കുന്നതായി പുതിയനിയമത്തില്‍ നാം കാണുന്നില്ല. ഒന്നാംനൂറ്റാണ്ടിന്‍റെ അവസാനത്തോടെ എഴുതപ്പെട്ട ഹെബ്രായക്കാര്‍ക്കുള്ള ലേഖനത്തില്‍ ക്രിസ്തുവിനെ മഹാപുരോഹിതനായി ചിത്രീകരിച്ചിട്ടുണ്ട്(10:21). എന്നാല്‍, ക്രിസ്തുവിന്‍റെ പൗരോഹിത്യം വിജാതീയരുടെയും ഇസ്രായേല്‍ക്കാരുടെയും രീതിയിലുള്ള ഒരു പൗരോഹിത്യമായിരുന്നില്ല. വിശ്വാസികളെ ഒന്നടങ്കം പുരോഹിതജനമായി വി. പത്രോസിന്‍റെ ലേഖനത്തില്‍ പറയുന്നുണ്ട് (1. പത്രോ. 2:5). എന്നാല്‍ ചില വ്യക്തികളെ കുറിക്കുവാന്‍ ഈ പദം അവിടെയും ഉപയോഗിക്കപ്പെടുന്നില്ല.
ഹെബ്രായക്കാര്‍ക്കുള്ള ലേഖനത്തില്‍ ക്രിസ്തുവിനെ മഹാപുരോഹിതന്‍ എന്നു പറഞ്ഞിരിക്കുന്നത്, അവിടുന്നു തന്‍റെ മരണശേഷം സ്വന്തം രക്തവുമായി സ്വര്‍ഗ്ഗീയമായ ശ്രീകോവിലില്‍ പ്രവേശിച്ച് അവിടെ ഇസ്രായേലിലെ പ്രധാന പുരോഹിതനെപ്പോലെ പാപപരിഹാരത്തിനായി ബലി അര്‍പ്പിച്ചു എന്നു സങ്കല്പിച്ചുകൊണ്ടാണ്. യേശുവിന്‍റെ കുരിശിലെ മരണം പാപമോചകമായിരുന്നുവെന്നു തറപ്പിച്ചുപറയുവാന്‍ ഹെബ്രായക്കാര്‍ക്കു സുപരിചിതമായ ബലിയുടെ ഭാഷ ലേഖകന്‍ ഉപയോഗിച്ചുവെന്നേയുള്ളൂ. യേശുവിന്‍റെ ബലി മരണശേഷമല്ല, മരണത്തിനുമുമ്പ് അവിടുന്നു കുരിശില്‍ പൂര്‍ത്തിയാക്കിയ ബലിയാണ്. അതുപോലെതന്നെ, ഇസ്രായേല്‍ക്കാരുടെ രീതിയിലുള്ള ഒരു ബലി ആയിരുന്നില്ല യേശുവിന്‍റെ ബലി എന്നതും നാം മനസ്സിലാക്കിയിരിക്കണം.
യേശുവിന്‍റെ ബലി അവിടുത്തെ ജീവിതംതന്നെയായിരുന്നു. തന്‍റെ ബോധപൂര്‍വ്വകമായ ജീവിതത്തിന്‍റെ ആദ്യനിമിഷം മുതല്‍ അവിടുത്തെ ജീവിതം പിതാവിനു സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ട ഒരു ജീവിതമായിരുന്നു. പിതാവിന്‍റെ ഹിതം നിറവേറ്റുകയെന്നതു മാത്രമായിരുന്നു അവിടുത്തെ ജീവിതത്തിന്‍റെ ഒരേയൊരു നിയോഗം, ഒരേയൊരു ലക്ഷ്യം. പിതാവിന്‍റെ ഹിതമായി അവിടുന്നു കണ്ടതോ മനുഷ്യരുടെ രക്ഷയും - ഓരോ മനുഷ്യന്‍റെയും എല്ലാ മനുഷ്യരുടെയും സമഗ്രമായ മോചനവും സമ്പൂര്‍ണ്ണമായ രക്ഷയും. ഈ ഒരേയൊരു ലക്ഷ്യത്തിനുവേണ്ടിയാണ് യേശു പ്രസംഗിച്ചതും പ്രവര്‍ത്തിച്ചതും പ്രതിഷേധിച്ചതും ജീവിച്ചതും സഹിച്ചതും മരിച്ചതും. ജീവിതത്തിന്‍റെ പരിണതഫലമായിരുന്നു അവിടുത്തെ മരണം. മരണത്തെ വ്യക്തമായി മുമ്പില്‍ കണ്ടിട്ടും പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നതില്‍നിന്നോ മനുഷ്യരുടെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നതില്‍നിന്നോ അവിടുന്നു അണുപോലും വ്യതിചലിച്ചില്ല. അങ്ങനെ കുരിശുമരണത്തില്‍ പര്യവസാനിച്ച അവിടുത്തെ ജീവിതംതന്നെ ആയിരുന്നു അവിടുത്തെ ബലി. ഈ ബലിക്കുള്ള പിതാവിന്‍റെ പ്രത്യുത്തരമായിരുന്നു അവിടുത്തെ ഉയിര്‍പ്പ്.
യേശുവിന്‍റെ ഈ ജീവിതംതന്നെയാണ് അവിടുന്നു പ്രസംഗിച്ച ദൈവരാജ്യം. ഈ ദൈവരാജ്യവും അതിന്‍റെ രത്നച്ചുരുക്കമായ അവിടുത്തെ ജീവിതവും മരണവും ഉയിര്‍പ്പും തുടര്‍ന്നും ചരിത്രത്തില്‍ സന്നിഹിതമാകുന്നത് അതു പ്രഘോഷിക്കപ്പെടുമ്പോളാണ്. ഈ സുവിശേഷപ്രഘോഷണത്തിനാണ് അവിടുന്ന് അനുയായികളെ തിരഞ്ഞെടുത്തതും ലോകത്തിന്‍റെ നാനാഭാഗങ്ങളിലേയ്ക്കും അയച്ചതും. അവരുടെ പ്രഘോഷണം വാക്കാലുള്ള പ്രഘോഷണം മാത്രമല്ല; സര്‍വ്വോപരി അവരുടെ ജീവിതം യേശുവിന്‍റെ ജീവിതംപോലെ ഒരു പ്രഘോഷണമാകണം. അപ്പോഴാണ് അവര്‍ യേശുവിനെ പ്രതിനിധാനം ചെയ്യുന്നത്. യേശുവിന്‍റെ ബലിയും യേശുവിന്‍റെ പൗരോഹിത്യവും ഇങ്ങനെ മനസ്സിലാക്കിയാല്‍ മാത്രമേ ക്രൈസ്തവ പൗരോഹിത്യത്തിന്‍റെ അര്‍ത്ഥവും പ്രസക്തിയും മനസ്സിലാക്കാന്‍ സാധിക്കയുള്ളൂ.
യേശുവിന്‍റെ ജീവിതത്തെ പ്രധാനമായി മൂന്നു മാനങ്ങളിലാണു നാം കാണേണ്ടത്: ഒന്ന്, പ്രവാചകന്‍; രണ്ട് പുരോഹിതന്‍; മൂന്ന്, ഇടയന്‍. ഈ മൂന്നും യേശുവില്‍ വേര്‍തിരിച്ചു കാണാനോ ഒന്നിനെ മറ്റൊന്നില്‍നിന്നു മാറ്റിനിര്‍ത്താനോ സാധ്യമല്ല. മൂന്നും അവിടുന്നില്‍ ഒന്നായിത്തീര്‍ന്നിരിക്കയാണെന്നു പറയാം. അതുപോലെതന്നെ ക്രൈസ്തവ പുരോഹിതനിലും അവ മൂന്നും ഒന്നായിത്തീരണം. കാരണം യേശുവിനെ എല്ലാ തലങ്ങളിലും പ്രതിനിധാനം ചെയ്യേണ്ടവനാണല്ലോ ക്രൈസ്തവ പുരോഹിതന്‍.
യേശു സുവിശേഷം പ്രഘോഷിച്ചുകൊണ്ട് അവിടുത്തെ പ്രവാചക ദൗത്യം നിറവേറ്റിയതുപോലെ, ഓരോ ക്രൈസ്തവ പുരോഹിതനും സുവിശേഷത്തിന്‍റെ പ്രഘോഷകനാകണം - വാക്കാല്‍ മാത്രമല്ല, സ്വജീവിത സാക്ഷ്യത്തിലൂടെ. മധ്യയുഗങ്ങളില്‍ ഈ ധാരണയ്ക്കു മങ്ങലേറ്റുവെന്നതു വാസ്തവമാണ്. കൂദാശകളുടെ പരികര്‍മ്മം, വിശിഷ്യ വിശുദ്ധകുര്‍ബാനയാചരണം ആണ് പുരോഹിതന്‍റെ മുഖ്യദൗത്യമായി അന്നു കരുതപ്പെട്ടത്. അതിനെതിരായി പ്രതികരിച്ചുകൊണ്ടാണ് മതനവീകരണക്കാര്‍ വചനപ്രഘോഷണത്തിനു പ്രാധാന്യം നല്കിയതും കൂദാശകളുടെ പരികര്‍മ്മത്തെ അവഗണിച്ചതും. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ കത്തോലിക്കരും മതനവീകരണക്കാരും അവരവരുടെ നിലപാടുകളില്‍തന്നെ ഉറച്ചുനിന്നു. "വചനത്തിന്‍റെയും കൂദാശകളുടെയും കാര്‍മ്മികനാണു പുരോഹിതന്‍" എന്ന തെന്ത്രോസ് സൂനഹദോസിന്‍റെ വാക്കുകള്‍ അധികമാരും ശ്രദ്ധിച്ചില്ലെന്നതാണു വാസ്തവം. ഈ നിലയ്ക്ക് ഒരു മാറ്റം വന്നത് ഏറെക്കുറെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സമയത്തോടെയാണ്. ജോസഫ് റാറ്റ്സിങ്ങര്‍, കാള്‍ റാനര്‍, വാള്‍ട്ടര്‍ കാസ്പെര്‍, ഹാന്‍സ് ഊര്‍സ് ഫോണ്‍ ബല്‍ത്താസര്‍ തുടങ്ങിയ ആധുനിക ദൈവശാസ്ത്രജ്ഞന്മാര്‍ സുവിശേഷപ്രഘോഷണത്തെ പൗരോഹിത്യത്തിന്‍റെ മുഖ്യദൗത്യമായി കാണുകയും അതിനുവേണ്ടി വാദിക്കയും ചെയ്തവരില്‍പ്പെടുന്നു. അവസാനം രണ്ടാംവത്തിക്കാന്‍ കൗണ്‍സിലാണ് മെത്രാന്‍റെയും പുരോഹിതന്‍റെയും ഒന്നാമത്തെ കടമ സുവിശേഷപ്രഘോഷണമാണെന്നു വളരെ വ്യക്തമായി പ്രസ്താവിച്ചത് (വൈദികര്‍, നമ്പര്‍ 4; തിരുസ്സഭ, നമ്പര്‍ 28).
അതേസമയം, കൂദാശപരികര്‍മ്മവും അജപാലനവും പുരോഹിതന്‍റെ സുവിശേഷപ്രഘോഷണദൗത്യത്തില്‍നിന്നു വ്യക്തമായി വിവേചിക്കാനോ വേര്‍തിരിക്കാനോ സാധ്യമല്ലെന്നത് ദൈവശാസ്ത്രജ്ഞന്മാരെല്ലാവരുംതന്നെ അടിവരയിട്ട് ആവര്‍ത്തിക്കുന്ന കാര്യമാണ്.
ക്രൈസ്തവ പൗരോഹിത്യത്തിന്‍റെ ഈ ത്രിവിധമാനങ്ങളില്‍ ഏറ്റവും മുഖ്യമായതു സുവിശേഷ പ്രഘോഷണമാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ, ഈ മൂന്നിനെയും സമന്വയിക്കുന്ന ഒരു കേന്ദ്രബിന്ദുവില്‍ എത്തിച്ചേരാമെങ്കില്‍, അതു വിശുദ്ധ കുര്‍ബാനയാചരണമാണെന്നാണ് എനിക്കു തോന്നുന്നത്. വിശുദ്ധ കുര്‍ബാനയാചരണത്തില്‍ സഭയുടെയും പൗരോഹിത്യത്തിന്‍റെയും നാഥനായ യേശുക്രിസ്തുതന്നെയാണല്ലോ വ്യക്തിപരമായി ആഗതനാകുകയും, ജീവിതവും മരണവും ഉയിര്‍പ്പുമാകുന്ന തന്‍റെ ജീവിതബലി സന്നിഹിതമാക്കുകയും ചെയ്യുന്നത്. ഈ ജീവിതബലിയുടെ ആചരണമാണല്ലോ, പൗലോസ്ശ്ലീഹാ പറയുന്നതുപോലെ, ഏറ്റവും ഉദാത്തമായ സുവിശേഷപ്രഘോഷണം: "നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്‍റെ മരണം, അവന്‍റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്" (1 കോറി 11:26). എന്നാല്‍, ഈ സുവിശേഷപ്രഘോഷണത്തെ വാക്കാലുള്ള വെറും പ്രഘോഷണമായിട്ടോ, ഈ വിശുദ്ധ കുര്‍ബാനയാചരണത്തെ സാധാരണരീതിയിലുള്ള ഏതെങ്കിലും ഒരു കൂദാശയുടെ പരികര്‍മ്മമായിട്ടോ മാത്രം മനസ്സിലാക്കിയാല്‍, ഈ പറഞ്ഞതു വ്യക്തമാകുകയില്ല. സുവിശേഷപ്രഘോഷണം യഥാര്‍ത്ഥമാകുന്നത്, ഒരുവന്‍ യേശുവിന്‍റെ ജീവിതശൈലി സ്വന്തമാക്കുകയും, യേശുവിനെപ്പോലെ പ്രഘോഷിക്കുകയും പ്രവര്‍ത്തിക്കുകയും ജീവിക്കുകയും മറ്റുള്ളവര്‍ക്കുവേണ്ടി സഹിക്കാനും മരിക്കാനും സന്നദ്ധനാകുകയും ചെയ്യുമ്പോളാണ്. അതുചെയ്യുവാന്‍ അവനു പ്രചോദനവും ശക്തിയും ലഭിക്കുന്നത്, വിശുദ്ധ കുര്‍ബാനയാകുന്ന വിരുന്നില്‍ യേശുവിനോടൊപ്പം പങ്കുചേര്‍ന്ന് അവിടുത്തോടുകൂടി ജീവിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങുമ്പോളാണ്. വിശുദ്ധ കുര്‍ബാനയാചരിക്കുകയെന്നു പറയുന്നത് ദേവാലയത്തില്‍വച്ച് അപ്പവും വീഞ്ഞും ഉപയോഗിച്ചു നടത്തുന്ന ഒരു ആചരണമോ അനുഷ്ഠാനമോ മാത്രമല്ല. യേശുവിനെ പ്രതിനിധാനം ചെയ്തുകൊണ്ട് അവിടുത്തെ ജീവിതബലി ദൈവജനത്തിനുവേണ്ടി അള്‍ത്താരയില്‍ സന്നിഹിതമാക്കുകയും, ആ ജീവിതബലിയോടു ചേര്‍ത്തു തന്നെയും താന്‍ പ്രതിനിധാനം ചെയ്യുന്ന ദൈവജനത്തെയും യേശുവിനോടുകൂടി പിതാവിന് അര്‍പ്പിക്കുകയും, പിതാവിന്‍റെ ഇഷ്ടമനുസരിച്ച് യേശുവിനെപ്പോലെ മനുഷ്യര്‍ക്കുവേണ്ടി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും സഹിക്കുകയും, വേണ്ടിവന്നാല്‍ മരിക്കാന്‍പോലും സന്നദ്ധനാകുകയും ചെയ്യുമ്പോളാണ് പുരോഹിതന്‍ യഥാര്‍ത്ഥത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നത്. വിശുദ്ധകുര്‍ബാനയുടെ ഈ അര്‍പ്പണശുശ്രൂഷയിലാണല്ലോ അജഗണത്തിന് ആത്മീയമായ ഭക്ഷണവും പാനീയവും ലഭിക്കുന്നതും സുരക്ഷിതപാതയിലൂടെ അവയെ നയിക്കുവാന്‍ കഴിയുന്നതും. ഇതുതന്നെയാണല്ലോ അജപാലനശുശ്രൂഷയുടെ കാതലും. അങ്ങനെ സുവിശേഷപ്രഘോഷണവും അജപാലനശുശ്രൂഷയും ഏറ്റവും തീവ്രവും സാന്ദ്രവുമായവിധം ഒന്നിച്ചുവരുന്ന സംഭവമാണ് വിശുദ്ധകുര്‍ബാനയര്‍പ്പണം. അതിനാല്‍ ക്രൈസ്തവപൗരോഹിത്യത്തിന്‍റെ ഏറ്റവും തീവ്രവും സാന്ദ്രവുമായ പ്രകാശനവും പ്രവൃത്തിയും വിശുദ്ധകുര്‍ബാനയര്‍പ്പണമത്രേ. ഇതു മനസ്സിലാക്കിയാല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം ഒരിക്കലും വെറുമൊരു അനുഷ്ഠാനമോ ആചരണമോ ആയിരിക്കയില്ല, പ്രത്യുത യേശുനാഥനുമായുള്ള അനുദിനമെങ്കില്‍പോലും നിത്യനൂതനമായ കണ്ടുമുട്ടലായിരിക്കും.