news-details
മറ്റുലേഖനങ്ങൾ

കുട്ടികളുടെ അമ്മ=കുട്ടിയമ്മ-എന്‍റെ ടീച്ചര്‍

ബാല്യത്തിന്‍റെ കുതൂഹലങ്ങള്‍ നിറഞ്ഞ ഇടവഴിയിലൂടെ കൈപിടിച്ചുകൊണ്ടുപോയ എന്‍റെ പ്രിയപ്പെട്ട അധ്യാപികയാണ് കുട്ടിയമ്മ ടീച്ചര്‍. കുട്ടിത്തത്തിന്‍റെ നിഷ്ക്കളങ്കതകളെ പാട്ടുംകഥകളും ചൊല്ലിത്തന്നും കൂട്ടുകൂടിയും മനസ്സില്‍ ചാലിച്ചുചേര്‍ത്ത് അവര്‍ അമ്മയായും കൂട്ടുകാരിയായും ഇപ്പോഴും കൂടെനടക്കുംപോലെ തോന്നുന്നു. ഈ മുതിര്‍ന്ന പ്രായത്തിലും ടീച്ചറിന്‍റെ മുന്‍പില്‍ ഒരു കൊച്ചുകുഞ്ഞായി കുസൃതിക്കണ്ണുകളും മിഴിച്ചിരിക്കാന്‍ കൊതിതോന്നുന്നുണ്ട്.

രാവിലെ 'ദൈവമേ കൈതൊഴാം' എന്ന പ്രാര്‍ത്ഥനാഗാനത്തിന്‍റെ ഈരടികള്‍ കാതിലലകൊള്ളവേ കരങ്ങള്‍കൂപ്പി നില്‍ക്കുമ്പോള്‍ മുതല്‍ വൈകുന്നേരം 'ജനഗണമന'പാടി നമസ്തേപറഞ്ഞ് ഓരോ കുഞ്ഞിനേയും തൊട്ടുതലോടി വീട്ടിലേയ്ക്കു പറഞ്ഞയയ്ക്കുമ്പോള്‍വരെ കുട്ടികളോടു മടുപ്പുതോന്നാതെ കുട്ടികള്‍ക്കു മടുപ്പുതോന്നാതെ പെരുമാറിയിരുന്നു കുട്ടിയമ്മ ടീച്ചര്‍. കുറുമ്പു കാട്ടുമ്പോള്‍ 'ചിരിക്കുടുക്കേ' എന്നു വിളിച്ച് ഓമനിച്ചും വികൃതിത്തരം കാട്ടി ഓടിനടക്കുമ്പോള്‍ പിണക്കം നടിച്ച് കരഞ്ഞുകാട്ടിയും ഓരോ കുട്ടിയേയും ടീച്ചര്‍ മാറോടു ചേര്‍ത്തുനിര്‍ത്തി. ഇന്നും കരച്ചില്‍വരുമ്പോഴും ചിരിവരുമ്പോഴും ടീച്ചറിന്‍റെ സാരിയുടെ മണം വല്ലാത്തൊരു 'നൊസ്റ്റാള്‍ജിയ'പോലെ എന്നെ പൊതിയാറുണ്ട്. ഓടിച്ചെന്നു മടിയിലിരിക്കാന്‍ തോന്നും അപ്പോള്‍. ടീച്ചറിന്‍റെ മടിയിലിരുന്മ്പാടുന്ന പാട്ടുകള്‍ക്കും കേള്‍ക്കുന്ന കഥകള്‍ക്കും അമ്മയുടെ സ്നേഹസ്പര്‍ശമുണ്ടായിരുന്നു. ആക്ഷന്‍സോങ്ങും കളികളുമൊക്കെ അരങ്ങുതകര്‍ക്കുമ്പോള്‍ നടുക്കുനില്‍ക്കുന്ന മുതിര്‍ന്നകുട്ടിയാവും ടീച്ചര്‍. എല്ലാവരോടും കൂട്ടുചേരുന്ന കൂട്ടുകാരിപോലെ! എവിടെയൊക്കെപോയാലും മനോഹരമായ ഏതു വീടിന്‍റെ അകത്തളങ്ങളില്‍ കഴിഞ്ഞാലും ആ കൊച്ചു ക്ലാസ്സ്മുറിയുടെ ചാരുതയും ചൂടും കൊതിയൂറുന്നോരോര്‍മയായി പെയ്തുനിറയുന്നു.

വഴക്കുപറയാനറിയാത്ത കുട്ടിയമ്മ ടീച്ചറിന്‍റെ മുന്‍പില്‍ ഓരോ കുഞ്ഞിന്‍റെയും ബാല്യം നിറഞ്ഞാടിക്കൊണ്ടിരുന്നു. അപ്പോഴും, സ്നേഹനൂലിഴകള്‍പാകി ടീച്ചര്‍ നെയ്തൊരാകൂടാരത്തില്‍ നിന്നാരും വെളിയിലേയ്ക്കോടിപ്പോയതുമില്ല. എന്‍റെ രണ്ടുമക്കളെയും അടക്കിവളര്‍ത്തണമെന്ന തോന്നലുയരുമ്പോഴൊക്കെ ഈ ചിന്തയാണ് മനസ്സിലേയ്ക്കു വരിക. അവിടെ ടീച്ചറെനിക്ക് ഗുരുവായി മാറുന്നു. അപ്പോള്‍ ഞാന്‍ വീണ്ടും ആ പഴയ നേഴ്സറിക്ലാസിലെ ചാരുബഞ്ചിലിരുന്ന് ടീച്ചറെ കാണുന്നതുപോലെ തോന്നുന്നു. അങ്ങനെയങ്ങനെ ബാല്യത്തിന്‍റെ കുസൃതിയും നൈര്‍മല്യവുമിഴചേര്‍ന്നൊരു വര്‍ണ്ണപ്പട്ടുടയാടക്കുള്ളിലെന്നെ അടക്കിയിരുത്തുന്നു, എന്‍റെ പ്രിയടീച്ചര്‍.

എല്ലാ കുഞ്ഞുങ്ങളേയും ഒരേ പോലെ സ്നേഹിക്കാനും സ്വീകരിക്കാനും ടീച്ചറിനു കഴിഞ്ഞിരുന്നു. ചടുലമായ ചലനങ്ങളും ഇമ്പമാര്‍ന്ന സംസാരരീതിയും നിഷ്ക്കളങ്കമായ പുഞ്ചിരിയും കൊണ്ടനുഗ്രഹീതയായിരുന്നു അവര്‍. ഇന്നിപ്പോള്‍ വാര്‍ദ്ധക്യത്തിന്‍റെ പടിവാതിക്കല്‍നിന്ന് ആ പഴയ കുഞ്ഞുകൂട്ടങ്ങളെ പിന്‍തിരിഞ്ഞു നോക്കുന്നുണ്ടാവും ടീച്ചര്‍. ആ കരവലയത്തില്‍ നിന്നിറങ്ങിപ്പോയ ഒരു കുഞ്ഞുപോലും ജീവിതത്തില്‍ നിന്ന് തളര്‍ന്നിറങ്ങിപ്പോവില്ലെന്ന ആത്മവിശ്വാസത്തോടെ, ആ ആത്മനിര്‍വൃതിയോടെ....

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts