news-details
മറ്റുലേഖനങ്ങൾ

ചിന്തിക്കുന്നവര്‍ സഭാവേദികളില്‍ നിന്ന് അകന്നുപോകുന്നോ?

കേരളത്തില്‍ ക്രൈസ്തവര്‍ ഭീഷണി നേരിടുന്നു എന്നാണ് ചിലരുടെ പരാതി. പൊതുസമൂഹത്തില്‍ നിലയും വിലയുമുള്ള ക്രൈസ്തവര്‍ എന്തുകൊണ്ട് ഇതിനെതിരെ ശബ്ദിക്കുന്നില്ല എന്ന ചോദ്യവും പരാതിയോടൊപ്പമുണ്ട്. ഭീഷണിയുണ്ടെന്നു തോന്നുന്നവര്‍ അരക്ഷിതാബോധത്തോടെ ലോകത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അരക്ഷിതാബോധത്തില്‍ നിന്നാണല്ലോ അതിവാദങ്ങളും അക്രമങ്ങളും ഉണ്ടാകുന്നത്. അതുകൊണ്ടു ക്രൈസ്തവരില്‍ ഒരു വിഭാഗം അനുഭവിക്കുന്നു എന്നവകാശപ്പെടുന്ന ഭീഷണി വിശദപരിഗണന അര്‍ഹിക്കുന്നു. എന്തോ, ഇങ്ങനെ ഒരു ഭീഷണി ക്രൈസ്തവസമൂഹത്തിനു കേരളത്തിലുള്ളതായി എനിക്കു ബോധ്യമായിട്ടില്ല. കേരളത്തിലെ ഏറ്റവും ആത്മവിശ്വാസമുള്ള ഒരു ജനവിഭാഗമായിട്ടാണ് കേരള ക്രൈസ്തവരെ ഞാന്‍ കാണുന്നത്. ഏതു പുതിയ വെല്ലുവിളിയെയും നേരിടാന്‍ തന്ത്രങ്ങളും അടവുകളും അവര്‍ പ്രയോഗിക്കുന്നു. തങ്ങളുടെ തനിമ നഷ്ടപ്പെടുത്താതെതന്നെ പൊതുസമൂഹവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. സംരംഭകത്വം വശമാക്കിയ ക്രൈസ്തവര്‍ സാമൂഹിക സാമ്പത്തിക മണ്ഡലങ്ങളിലെല്ലാം മാതൃകാപരമായ നേട്ടം കൈവരിച്ചിരിക്കുന്നു. കൃഷിയിലും വാണിജ്യത്തിലും രാഷ്ട്രീയത്തിലും മാധ്യമപ്രവര്‍ത്തനത്തിലും അവര്‍ മുന്‍നിരയിലുണ്ട്. അതോടൊപ്പം സമുദായ വിമര്‍ശനത്തിന്‍റെയും മതവിമര്‍ശനത്തിന്‍റെയും ഉറച്ചസ്വരങ്ങള്‍ കേരള ക്രൈസ്തവസമൂഹത്തില്‍നിന്നുയരുന്നുണ്ട്. 'മലര്‍ന്നു കിടന്നു തുപ്പരുത്' എന്ന താക്കീതുകള്‍ക്കൊന്നും വഴങ്ങാതെ പ്രബുദ്ധ ചൈതന്യത്തോടെ എക്കാലത്തും കേരള ക്രൈസ്തവ സമുദായത്തിലെ ഒരുപാടു വ്യക്തികള്‍ സംസാരിച്ചിരുന്നു. കേരളത്തിലെ സ്വാതന്ത്ര്യസമരം ഹ്രസ്വവും പരിമിതവുമായിരുന്നെങ്കിലും അതില്‍ തങ്ങളുടെ പങ്ക് നിറവേറ്റിയവരാണ് കേരളക്രൈസ്തവര്‍. കേരളത്തിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിരനേതാക്കളില്‍ ക്രൈസ്തവരായവര്‍ തങ്ങളുടേതായ ആശയാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ചവരും അവ വെളിപ്പെടുത്തിയവരുമാണ്. വയറ്റില്‍കൊള്ളാത്തതു തുപ്പിക്കളയാന്‍ അവര്‍ മടികാണിച്ചിട്ടില്ല. സര്‍ സി. പി. ക്കു വെള്ളിത്തളികയില്‍ മംഗളപത്രം കൊടുത്തവരോടുള്ള വിയോജിപ്പു പ്രകടിപ്പിച്ചവര്‍ ആ പാരമ്പര്യത്തിന്‍റെ സംവാഹകരാണ്. അക്കമ്മ ചെറിയാനെ ആര്‍ക്കു മറക്കാനാവും. സാഹിത്യം, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയവരില്‍ പലരും വിമതസ്വരത്തില്‍ ഉറച്ചു സംസാരിച്ചിട്ടുള്ളവരാണ്. അതതു മണ്ഡലങ്ങളില്‍ കേരള ക്രൈസ്തവ സമുദായത്തിന്‍റെ യശസ്സുയര്‍ത്താന്‍ അവര്‍ക്കായിട്ടുണ്ട്. അതതുകാലത്തിന്‍റെ സാമാന്യയുക്തിയെ ഏറ്റുപറയാത്ത പ്രതിഭകളാണ് അവര്‍. അവര്‍ക്കു തുടര്‍ച്ചകളുടെ മാത്രമല്ല ഇടര്‍ച്ചകളുടെയും വക്താക്കളാകേണ്ടി വരും. എക്കാലത്തും എല്ലാദേശത്തുമുണ്ട്, സോക്രട്ടീസിപ്പോലെയുള്ള ഇത്തരം 'വിഷം തീനികള്‍'. അവര്‍ പൊതുസമൂഹത്തിനു ഉപകാരപ്രദമാകുന്ന പരീക്ഷണങ്ങള്‍ക്കുവേണ്ടി സ്വയം ഉഴിഞ്ഞുവയ്ക്കുന്നു. അത്തരക്കാര്‍ മറ്റെല്ലാസമൂഹത്തിലും എന്നപോലെ കത്തോലിക്കാസമൂഹത്തിലുമുണ്ട്. അവരുടെ 'രക്തസാക്ഷിത്വ'മാണ് സമൂഹത്തിന്‍റെ വളര്‍ച്ചയുടെ ഊര്‍ജ്ജം. മദര്‍തെരേസയുടെ ജന്മശതാബ്ദി വര്‍ഷമാണല്ലോ ഇത്. അതുകൊണ്ട് അമ്മയെതന്നെ ഉദാഹരിക്കാം. ലൊറേറ്റോ മഠത്തിന്‍റെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയാമായിരുന്നു അമ്മയ്ക്ക്. തനിക്കുണ്ടായ തിരിച്ചറിവുകളുടെ വെളിച്ചത്തില്‍ അവര്‍ മഠംവിട്ടു പുതിയൊരു വഴി തിരഞ്ഞെടുത്തു. അതിസാഹസികമായിരുന്നു യൗവനയുക്തയായ അമ്മയുടെ തീരുമാനം. കടുത്തഭര്‍ത്സനങ്ങള്‍ അവര്‍ നേരിട്ടു; അപവാദങ്ങളും. ഒറ്റപ്പെട്ട വ്യക്തികള്‍ മാത്രമാണ് അകത്തുനിന്ന് പിന്തുണച്ചത്. എന്നിട്ടും അമ്മയുടെ പുതുവഴികള്‍ ആര്‍ക്കും വേണ്ടാത്തവരെ, അതും മരണാസന്നരായവരെ ഏറ്റെടുത്തു. ബാഹ്യലോകം അമ്മയെ പിന്തുണച്ചു. ക്രമേണ സഭയില്‍നിന്നു പിന്തുണയുണ്ടായി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കാലമായപ്പോള്‍ ലോകപ്രശസ്തയായിത്തീര്‍ന്ന അമ്മ സഭയുടെ ശ്രേഷ്ഠഗണത്തിലായി. മദര്‍തെരേസയുടെ ജീവിതപ്പാത ഒരു ക്രൈസ്തവബുദ്ധിജീവിയുടെ കുതിപ്പും കിതപ്പും ആഹ്ലാദവും രേഖപ്പെടുത്തുന്നു. അമ്മയുടെ കത്തുകള്‍ നല്‍കുന്ന സൂചനയനുസരിച്ചു ദൈവം തന്നില്‍നിന്നു പുറംതിരിഞ്ഞിരിക്കുന്നു എന്ന കഠിനദുഃഖംപോലും അമ്മയ്ക്ക് അനുഭവപ്പെട്ടു.

സമീപകാലത്തു വിശുദ്ധപദവിയില്‍ എത്തിയ ഫാദര്‍ ഡാമിയന്‍ മറ്റൊരു ഉദാഹരണമാണ്. കുഷ്ഠരോഗികളോടൊത്തു ജീവിച്ച് സാഹസികമായി സേവനംചെയ്ത ഫാദര്‍ ഡാമിയനെതിരെ അപവാദങ്ങളുടെ വേലിയേറ്റമായിരുന്നു. അതു നൂറ്റാണ്ടുകളോളം നീണ്ടുനിന്നു. അവസാനം ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ കാലത്താണ് ആ വിശുദ്ധ പുരുഷനെ വിശുദ്ധഗണത്തില്‍ സഭ എഴുതിച്ചേര്‍ത്തത്. സഹനമൂര്‍ത്തിയായിരുന്ന അല്‍ഫോന്‍സാമ്മയ്ക്കു പോലും തിരസ്കാരത്തിന്‍റെ അനുഭവങ്ങളുണ്ടായി. സഭയിലും ലോകത്തിലും പുതുമകളുടെ പേരില്‍ ഓര്‍മ്മിക്കപ്പെടുന്ന എല്ലാ മഹാവ്യക്തികളും ഇത്തരം വിവാദങ്ങളിലൂടെ കടന്നുപോകുന്നതു സ്വാഭാവികം. ഗലീലിയോയുടെ അനുഭവം മറക്കേണ്ട. 'വിശ്വാസത്തിനുവേണ്ടി ഏറെ സഹിച്ച സഹോദരന്‍' എന്നു മാര്‍ട്ടിന്‍ ലൂഥറെ വിശേഷിപ്പിച്ചതു  ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ്. ഇങ്ങനെ ആലോചിച്ചാല്‍ അതിസാഹസികമായി ജീവിതത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കെല്ലാം പീഡനത്തിന്‍റെ കഥ പറയാനുണ്ടാകും. വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി,  ആവിലായിലെ ത്രേസ്യ എന്നിങ്ങനെ വിവാദങ്ങളിലൂടെ കടന്നുപോയ വിശുദ്ധരുടെ പട്ടിക എത്ര വേണമെങ്കിലും ദീര്‍ഘിപ്പിക്കാം.

നമുക്ക് ഇന്നത്തെ കേരളത്തിലെ വൈകാരികപ്രതിസന്ധിയാണ് വിശകലനം ചെയ്യേണ്ടത്. അതിനായിരുന്നു പശ്ചാത്തലവിവരണങ്ങള്‍. കേരളസഭയുടെ വക്താക്കളായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടു ന്നവര്‍  സഭ ലോകത്തിലാണ് എന്ന കാര്യം എപ്പോഴും ഓര്‍ക്കേണ്ടതാണ്. ലോകത്തില്‍ പലഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ സുവിശേഷ പ്രസാരണം നടത്താനാണ് സഭയുടെ നിയോഗം. അതില്‍ ചരിത്രപരമായ നേട്ടങ്ങളും കോട്ടങ്ങളും സംഭവിച്ചിട്ടുണ്ട്. സഭയില്‍ ദൈവികതമാത്രമല്ല മാനുഷികതയും ഉണ്ട്. ഇതു തിരിച്ചറിയാന്‍ വ്യത്യസ്ത നാടുകളിലെ വ്യത്യസ്തകാലങ്ങളിലെ സഭയുടെ അനുഭവങ്ങള്‍ ഗൗനിക്കുകയേ വേണ്ടൂ. ചരിത്രപരമായ തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ ലോകത്തെ പഴിക്കാന്‍ ഒരു മാനുഷിക സ്ഥാപനം എന്ന നിലയില്‍ സഭയ്ക്കും പ്രലോഭനമുണ്ടാകുന്നു. അമേരിക്കയിലും ജര്‍മനിയിലും അയര്‍ലണ്ടിലും ഫ്രാന്‍സിലും അടുത്തകാലത്തു സഭാവക്താക്കള്‍ ഇത്തരത്തില്‍ പൊതുസമൂഹത്തെ വിമര്‍ശിക്കുകയുണ്ടായി. കേരളത്തില്‍ കത്തോലിക്കാസഭ കാണുന്ന 'ഭീഷണി' മറ്റു നിറങ്ങളിലാണെങ്കിലും അമേരിക്കയിലും ജര്‍മ്മനിയിലും അയര്‍ലണ്ടിലും ഫ്രാന്‍സിലും കാണപ്പെടുന്നു എന്ന കാര്യം ബന്ധപ്പെട്ടവരെല്ലാം ഓര്‍മ്മിക്കണം. ഇതു ചര്‍ച്ചകള്‍ക്കു ചൂടിനുപകരം വെളിച്ചം പകരും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ 'ഭീഷണി' കള്‍ക്കു പ്രാദേശികവും ദേശീയവുമായ വ്യാപ്തിയല്ല ഉള്ളത്. അതില്‍ ആഗോളസ്വഭാവമുണ്ട്. അതുകൊണ്ട് ആഗോളമാനത്തില്‍ വേണം പ്രശ്ന ചര്‍ച്ച. പ്രാദേശിക സമവാക്യത്തിലേക്കു കേരളസഭ നേരിടുന്ന 'ഭീഷണികളെ' ചുരുക്കിക്കാണരുത്. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലണ്ട്, കേരളം തുടങ്ങിയവയെ ഒന്നിപ്പിക്കുന്ന ഒരു പൊതുഘടകം അവയുടെ ജനാധിപത്യ ഭരണസംവിധാനമാണ്. ഊര്‍ജ്ജിത ജനാധിപത്യപ്രദേശങ്ങളാണിവ. അവിടെയാണ് സഭ വെല്ലുവിളികള്‍ നേരിടുന്നത്. ആരാണ് വെല്ലുവിളി ഉയര്‍ത്തുന്നത്? നമുക്കു പ്രധാനം കേരളമാണല്ലോ അതുകൊണ്ട് അവിടെനിന്നു തുടങ്ങാം. കേരളത്തിലെ ഒരു സഭാധ്യക്ഷന്‍ സഭയുടെ ശത്രുക്കളെ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു - പണക്കാര്‍, രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍. യൂറോപ്പിലും അമേരിക്കയിലും ഈ പട്ടികയില്‍ ആദ്യസ്ഥാനം നല്‍കപ്പെടുന്നതു മാധ്യമങ്ങള്‍ക്കാണ്. മാധ്യമങ്ങള്‍ സഭയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപം ജനാധിപത്യരാജ്യങ്ങളിലെല്ലാം ഉയര്‍ന്നു കേള്‍ക്കാം. ഇതിലെ ശരിതെറ്റുകള്‍ നിര്‍ണ്ണയിച്ചു തീര്‍പ്പുകല്പിക്കാനൊന്നും എനിക്കു പ്രാപ്തിയില്ല. എങ്കിലും ഇക്കാര്യം പരിഗണിക്കുമ്പോള്‍ ചിലകാര്യങ്ങള്‍കൂടി ഓര്‍മ്മിക്കണമെന്നു തോന്നുന്നു. രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമങ്ങളുമാണ് ജനാധിപത്യപ്രക്രിയ സാധ്യമാക്കുന്നത്. അവരുടെ പ്രവര്‍ത്തനം സഭയ്ക്ക് അലോസരമാകുന്നെങ്കില്‍ അവ തമ്മില്‍ എന്തോ പൊരുത്തക്കേടുണ്ട്.

സഭാമണ്ഡലങ്ങളില്‍ കൂടെക്കൂടെ ഉയര്‍ന്നുകേള്‍ക്കുന്ന ഒരു വാക്യമാണ് 'സഭയില്‍ ജനാധിപത്യമില്ല' എന്നത്. ഈ പ്രസ്താവം കൂടെക്കൂടെ ഉണ്ടാകുന്നത് അല്മായര്‍കൂടി പങ്കെടുക്കുന്ന പാരീഷ് കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍, സഭാ അസംബ്ലി തുടങ്ങിയ വേദികളിലാണ്. അതിന് ദൈവശാസ്ത്രപരമെന്നു കരുതാവുന്ന ഒരു പരിവേഷം നല്‍കണം എന്നുള്ളവര്‍ ഒരു വാക്യംകൂടി ചേര്‍ക്കും: 'സഭ ഒരു രഹസ്യമാണ്'. മലയാളത്തിലെ രഹസ്യം ഇംഗ്ലീഷിലെ 'മിസ്റ്റിറി'ക്കു പകരമാണ് ഉപയോഗിക്കുന്നതെങ്കിലും അനുഭവപരമായി അതു നല്‍കുന്ന അര്‍ത്ഥം തികച്ചും 'ഭയജനക'മാണ.് വാക്കുകള്‍ അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. സഭയും രഹസ്യവും ചേര്‍ന്നാല്‍ നിഗൂഢമായ ഭയമുളവാകുന്നു. അതുകൊണ്ട് സമൂഹമനസ്സ് ഉപദേശിക്കുന്നു 'പള്ളിയോടും പട്ടക്കാരനോടും അടുക്കരുത്'. കേരള കത്തോലിക്കരില്‍ ചിന്താശീലവും സര്‍ഗ്ഗാത്മകതയുമുള്ള പലരും എന്തുകൊണ്ട് സഭാവേദികളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെയാണ്. 'രഹസ്യം' എന്ന വിശേഷണത്തിലൂടെ ഗൂഢവല്‍ക്കരിക്കപ്പെടുന്ന സഭ തങ്ങള്‍ക്കുപറ്റിയ സാമൂഹിക ഇടമായി സര്‍ഗ്ഗാത്മകതയുള്ളവര്‍ക്ക് അനുഭവപ്പെടുന്നില്ല. സഭാവേദികളുടെ ഘടനയും നടത്തിപ്പും പ്രതിഛായയും 'രഹസ്യാ' ത്മകത വളര്‍ത്തുന്നു. ജനാധിപത്യത്തിന്‍റെ അടിസ്ഥാനതത്ത്വമായ 'കണക്കു പറയാനുള്ള ചുമതല'യെക്കുറിച്ച് സഭാവേദികളില്‍ പരാമര്‍ശിക്കപ്പെടുന്നതേയില്ല. പൊതു സമൂഹത്തില്‍ കണക്കുപറഞ്ഞും കണക്കുകേട്ടും ജീവിക്കുന്നവര്‍ക്ക് ഇത്തരമൊരു വിചിത്രലോകത്തു സ്വച്ഛന്ദമായി സഞ്ചരിക്കാനാവില്ല. നമ്മുടെ കുടുംബങ്ങളില്‍പോലും സാമ്പത്തിക കാര്യങ്ങളില്‍ ബജറ്റും കണക്കും ആസൂത്രണവും പ്രയോഗത്തിലായിരിക്കുന്നു. അപ്പോഴും സഭ മാത്രം 'രഹസ്യ'മായി ഒറ്റപ്പെട്ടു നില്‍ക്കുന്നു.

ദേവാലയ കര്‍മ്മങ്ങളില്‍ പുരുഷന്മാരെക്കാള്‍ ശുഷ്കാന്തിയുള്ളവരാണ് സ്ത്രീകള്‍. ഏതു മതപരമായ ചടങ്ങിനും അംഗബലം നല്‍കുന്നത് അവരാണ്. എങ്കിലും അവര്‍ക്കു സഭാവേദികള്‍ തന്നിടങ്ങളായി അനുഭവപ്പെടുന്നുണ്ടോ? സ്ത്രീകള്‍ക്കു സഭയുടെ പല ഇടങ്ങളും വിലക്കപ്പെട്ട ഇടങ്ങളാണ്. നമ്മുടെ സ്ത്രീകള്‍ പൊതുസമൂഹത്തില്‍ നിര്‍ണ്ണായക ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത ഘട്ടമാണിത്. പുരുഷലോകം ഇതംഗീകരിക്കാന്‍ നിര്‍ബന്ധിതരാണ്. എല്ലാ ജീവിതമണ്ഡലങ്ങളിലും സ്ത്രീകള്‍ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ പ്രശംസനീയമായി പ്രവര്‍ത്തിക്കുമ്പോള്‍ സഭാവേദികളിലെ ലിംഗപരമായ വിവേചനം രൂക്ഷതരമായി അനുഭവപ്പെടും. പുരുഷാധിപത്യത്തെ പിന്തുണയ്ക്കുന്ന ധാരാളം സ്ത്രീകളുണ്ടാകാം. പക്ഷേ ചിന്താശീലമുള്ള സ്ത്രീകള്‍ ഇത്തരം വിവേചനങ്ങളെ കൃത്യമായി തിരിച്ചറിയും. അവര്‍ക്കു സഭായോഗങ്ങള്‍ അന്യമായി അനുഭവപ്പെടും.

ഡോക്ടര്‍ ഡി. ബാബുപോള്‍ ഇതേക്കുറിച്ച് എഴുതിയത് (തനിമ 2009, പു.11) ഓര്‍മ്മിക്കുന്നു: കേരളത്തിലെ ആദ്യത്തെ സര്‍ജന്‍ ജനറല്‍ (പുന്നന്‍ ലൂക്കോസ്), പ്രഥമ വനിതാ ഹൈക്കോടതി ജഡ്ജി (അന്നചാണ്ടി), പ്രഥമ വനിതാ രാഷ്ട്രീയ നേതാവ് (അക്കമ്മ ചെറിയാന്‍) പ്രഥമവനിതാ ചീഫ് എന്‍ജിനീയര്‍ (പി. കെ. ത്രേസ്യാ) തുടങ്ങിയവരെല്ലാം കേരളസമൂഹചരിത്രത്തില്‍ അവിസ്മരണീയരാണ്. കേരള സഭാചരിത്രത്തിലോ? ബിഷപ്പിന്‍റെ അധികാരപ്രയോഗം നിയമാനുസൃതമാണോ എന്നു വിധി കല്പിക്കാന്‍ അധികാരമുണ്ടായിരുന്ന ജസ്റ്റീസ് അന്ന ചാണ്ടിക്ക് സ്വന്തം പള്ളിയിലെ വരവുചെലവു കണക്കറിയാനുള്ള അവകാശംപോലുമുണ്ടായിരുന്നില്ല! ബാബുപോള്‍ ചൂണ്ടിക്കാണിക്കുന്ന ഈ വൈരുദ്ധ്യമുണ്ടല്ലോ ആധുനിക കാലത്ത് ഏറെ മൂര്‍ഛിച്ചിരിക്കുകയാണ്.

രാഷ്ട്രീയമാണ് ഒരു ജനാധിപത്യ രാജ്യത്ത് ഏറ്റവും നിര്‍ണ്ണായകമായ പൊതു പ്രവര്‍ത്തനം. രാജ്യത്തിന്‍റെ ഭാവി, വിശിഷ്യ ദുര്‍ബലരുടെ സുസ്ഥിതി ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരായ രാഷ്ട്രീയക്കാരുണ്ടാകണം. ആഗോളവല്‍ക്കരണകാലത്തു സമ്പത്തു ചില വ്യക്തികളിലും സ്ഥാപനങ്ങളിലും കുമിഞ്ഞുകൂടുമ്പോള്‍ അവരെ മനസ്സാക്ഷിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതു പ്രധാനപ്പെട്ട കാര്യമാണ്.  ദരിദ്രരുടെയും പിന്നോക്കകാരുടെയും കാര്യത്തില്‍ ഒരു കാലത്തു സഭ പ്രകടിപ്പിച്ച പ്രത്യേക പരിഗണന ഇപ്പോഴില്ല എന്ന പരാതി പരക്കെ ഉയരുന്നുണ്ട്.  സര്‍ക്കാരുമായി സഹകരിക്കാനും സംവദിക്കാനും വേദികള്‍ വിരളമായിരിക്കുന്നു. എന്തിനും ഏതിനും കോടതികള്‍തന്നെ ശരണം എന്ന നിലയിലായിട്ടുണ്ട്, ഇന്നു കേരളത്തിലെ കാര്യങ്ങള്‍.

രാഷ്ട്രീയക്കാരോടും പണക്കാരോടുമുള്ള മത്സരത്തെക്കാള്‍ സങ്കീര്‍ണ്ണമാണ് മാധ്യമങ്ങളോടുള്ള നീരസം. കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ മാധ്യമങ്ങള്‍ സമൂഹരൂപീകരണത്തില്‍ സുപ്രധാനപങ്കു നേടിയെടുത്തിട്ടുണ്ട്. മാധ്യമങ്ങളില്‍ തെളിഞ്ഞുവരുന്ന പ്രതിനിധാനം യാഥാര്‍ത്ഥ്യത്തെക്കാള്‍ പ്രധാനമായി ത്തീരുന്നു. ആ നിലയ്ക്കു മാധ്യമങ്ങളില്‍ ദൃശ്യത നേടാന്‍ സഭാസമൂഹങ്ങള്‍ തീവ്രശ്രമത്തിലാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാരോടും പണക്കാരോടും മത്സരിക്കുകയാണ് സഭാപ്രവര്‍ത്തകര്‍. നല്ലൊരു ഉദാഹരണം ഇടയലേഖനങ്ങളാണ്. ഇപ്പോള്‍ രാഷ്ട്രീയ സൂചനയുള്ള ഏതു ഇടയലേഖനവും ഞായറാഴ്ച നേരം വെളുക്കുംമുമ്പ് പത്രത്താളില്‍ വായിക്കാം, ടെലിവിഷനില്‍ കാണാം. ടെലിവിഷന്‍കാരെ ക്ഷണിച്ചുവരുത്തി തലേന്നുതന്നെ ഇടയലേഖനം വായിക്കപ്പെടുന്നുണ്ട് ഇപ്പോള്‍.  അങ്ങനെ മതം മാധ്യമീകരിക്കപ്പെടുകയാണ്. ഇടയലേഖനം മാത്രമല്ല, പെരുന്നാളും കൊടിയേറ്റും സ്ഥാനാരോഹണവും എല്ലാം മാധ്യമവിഭവങ്ങളായി രൂപാന്തരം ചെയ്യപ്പെടുകയാണ്. രാഷ്ട്രീയക്കാരുടെ അഭിപ്രായപ്രകടനങ്ങള്‍ക്ക് വിവാദരൂപത്തില്‍ മറുപടി നല്‍കിക്കൊണ്ടു രംഗപ്രവേശം ചെയ്യുന്ന വക്താക്കള്‍ വാക്കിലും ചിന്തയിലും 'ചീത്ത രാഷ്ട്രീയക്കാരാ'യി അഭിനയിക്കേണ്ടിവരുന്നു. ഇതിനു മാധ്യമങ്ങളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.  അവര്‍ ഗൗനിക്കുന്നതു ഉപഭോക്താക്കളെയാണ്. വിഭവം നന്നായിരിക്കണം. അതിനുവേണ്ട മസാലക്കൂട്ടാകാന്‍ പാകത്തിലുള്ള എരിവന്‍മാരെയും പുളിയന്‍മാരെയും അവര്‍ സഭയുടെ വക്താക്കളായി അവതരിപ്പിക്കും. അതു മാധ്യമങ്ങള്‍ നിലനില്പ്പിനുവേണ്ടി സ്വീകരിക്കേണ്ടിവരുന്ന തന്ത്രമാണ്. പറയരുതാത്തതു പറയുന്നവരാണ് മാധ്യമങ്ങള്‍ക്ക് 'ടോക്ഷോ'യില്‍ വേണ്ടത്. ഇതറിയാതെ മാധ്യമക്കളിയില്‍ പങ്കെടുക്കുന്ന സഭാവക്താക്കള്‍ ആലോചനാശീലമുള്ള സഭാംഗങ്ങള്‍ക്കു അന്യരായിത്തീരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളും വ്യവസായസ്ഥാപനങ്ങളും അവരുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വക്താക്കളെ മാധ്യമങ്ങളുടെ മുന്നിലേക്കു പറഞ്ഞുവിടുന്നു. കേരള കത്തോലിക്കാസഭയിലും ഇക്കാര്യത്തില്‍ വൈദഗ്ദ്ധ്യമുള്ള മെത്രാന്മാരും വൈദികരും അല്മായരുമുണ്ട്. എന്നാല്‍ ഇത്തരം മാനസികസജ്ജതയോ നയമോ ഇല്ലാതെ ഏകപക്ഷീമായി സംസാരിക്കുന്നവര്‍ സഭയ്ക്ക്  അവമതി വരുത്തിവയ്ക്കുന്നു. മാധ്യമങ്ങള്‍ സഭയ്ക്കു ഭീഷണിയാകുന്നു എന്നു പരാതിപ്പെടുന്നതിനെക്കാള്‍ പ്രധാനം മാധ്യമ വെറിയില്‍നിന്നു ഒഴിവായി മാധ്യമതന്ത്രങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കുകയാണ്. ഇക്കാര്യത്തില്‍ പല രാഷ്ട്രീയനേതാക്കളും പ്രകടിപ്പിക്കുന്ന നിയന്ത്രണം സഭാവക്താക്കള്‍ക്കു മാതൃകയാവേണ്ടതാണ്. മാധ്യമങ്ങള്‍ വാര്‍ത്താനിവേദനത്തിനുമാത്രമുള്ള ഇടമല്ല. അതൊരു കളിസ്ഥലംകൂടിയാണ്. ഉപഭോക്താക്കള്‍ക്കു കാര്യത്തോടൊപ്പം കളിയും വേണം. അതിനുനിന്നുകൊടുക്കണോ എന്നു സഭയ്ക്കു തീരുമാനിക്കാം. ഇടയലേഖനവിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആലോചിച്ചാല്‍ ഇതിന്‍റെ പ്രാധാന്യം മനസ്സിലാക്കാം.

ചിന്താശീലം സഭയുടെ വലിയ സമ്പത്താണ്. വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വലിയ പ്രാധാന്യം സഭാസ്ഥാപനങ്ങള്‍ നല്‍കുന്നു. പക്ഷേ അവിടെ ജനാധിപത്യപരമായ സ്വാതന്ത്ര്യത്തോടെ പഠിച്ചുവളരുന്നവര്‍ക്കു മാത്രമേ ഇന്നത്തെ സമൂഹത്തില്‍ ജൈവബുദ്ധിജീവികളായി വിജയിക്കാനാവൂ. പഠനഗവേഷണകാര്യങ്ങളില്‍ ഇത്തരം സ്വാതന്ത്ര്യം അനുവദിക്കുന്ന ധാരാളം കത്തോലിക്കാസ്ഥാപനങ്ങള്‍ ലോകത്തിലുണ്ട്. ഭൗതികശാസ്ത്രത്തിലും സാമൂഹിക ശാസ്ത്രത്തിലും മാനവികവിജ്ഞാനങ്ങളിലും മതവിജ്ഞാനീയത്തിലും മികവുറ്റ കേന്ദ്രങ്ങളായി അറിയപ്പെടുന്ന കത്തോലിക്കാസ്ഥാപനങ്ങള്‍ നിരന്തരമായ സെന്‍സറിങ്ങിലൂടെയല്ല പ്രവര്‍ത്തിക്കുന്നത്. അവയില്‍ പുലരുന്ന ഉദാരജനാധിപത്യമാതൃക കേരളത്തിലെ കത്തോലിക്കാസ്ഥാപനങ്ങളിലും ഉണ്ടാകണം. വിദ്യാഭ്യാസം, വൈദ്യം തുടങ്ങിയ രംഗങ്ങളില്‍ മികവിന്‍റെ കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഇത്തരം സ്വാതന്ത്ര്യം ആവശ്യമാണ്. ലോകത്തില്‍ കഴിയുന്ന സഭ വിനിയമ ശൃംഖലയില്‍ തങ്ങള്‍ എങ്ങനെ അടയാളപ്പെടുന്നു എന്നു ഗൗനിക്കാതെ നിവൃത്തിയില്ല. പ്രതിനിധാനങ്ങള്‍ യാഥാര്‍ത്ഥ്യത്തെ മറികടന്നു ലോകവ്യവഹാരങ്ങളില്‍ ഇടപെടുന്ന ഇക്കാലത്തു സഭ ഉദാരതയുടെയും കാരുണ്യത്തിന്‍റെയും കണക്കുവയ്ക്കാത്ത സ്നേഹത്തിന്‍റെയും സമഭാവനയുടെയും ഇടമായി പ്രതിനിധാനം ചെയ്യപ്പെടണം. നിര്‍ഭാഗ്യവശാല്‍ ഇതുണ്ടാകുന്നില്ല. അതിനാല്‍തന്നെ ചിന്താശീലമുള്ളവര്‍, വിശിഷ്യ യുവജനങ്ങള്‍ സഭയില്‍നിന്നും അകന്നുനില്‍ക്കാന്‍ ശ്രദ്ധിക്കുന്നു. ഇതിനുള്ള പ്രതിവിധി, ഒറ്റമൂലി, അഭിവന്ദ്യ ആര്‍ച്ചുബിഷപ്പ് ജോസഫ് പവ്വത്തില്‍ തന്‍റെ എണ്‍പതാംപിറന്നാളില്‍(ഓഗസ്റ്റ് 14, 2010) മാതൃഭൂമി ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തിലുണ്ട്: 'മതവിശ്വാസവും മതസൗഹാര്‍ദ്ദവും ജനാധിപത്യവും സരംക്ഷിക്കപ്പെടണം. ജനാധിപത്യത്തിനു പകരംവയ്ക്കാന്‍ മറ്റൊന്നില്ല. അതിനു ദോഷം വരരുത്' ഇതില്‍ക്കവിഞ്ഞ ഒരു പ്രതിവിധി എനിക്കും നിര്‍ദ്ദേശിക്കാനില്ല.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts