news-details
മറ്റുലേഖനങ്ങൾ

ലാളിത്യത്തിന് അര്‍ത്ഥമേറെയുണ്ട് ആഴവും

2010 ജൂണ്‍ 8 മുതല്‍ 10 വരെ കൊച്ചിയില്‍ ചേര്‍ന്ന കേരളകത്തോലിക്കാ മെത്രാന്‍സമിതിയോഗം കത്തോലിക്കാദേവാലയങ്ങളിലെ തിരുനാളാഘോഷങ്ങള്‍ സംബന്ധിച്ച് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്കരിച്ചതായറിയുന്നു. തിരുനാളാഘോഷങ്ങളിലെ ആര്‍ഭാടം നിയന്ത്രിക്കപ്പെടണമെന്നും പൊതുവില്‍ ലാളിത്യമാര്‍ന്ന ചടങ്ങുകളാവണം സംഘടിപ്പിക്കേണ്ടതെന്നുമാണ് മെത്രാന്‍സമിതിയുടെ അഭിപ്രായം എന്നറിയുന്നത് താല്പര്യമുണര്‍ത്തുന്ന കാര്യമാണ്. എന്നാല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍,അമിതലളിതവത്ക്കരണം സമിതി മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളെ കാര്യമായി ബാധിച്ചിരിക്കുന്നു എന്നു തോന്നിപ്പോകുന്നു. അങ്ങനെ അവ ചില അഭിപ്രായങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോകുന്നു.
ലാളിത്യം തിരുനാളാഘോഷങ്ങളില്‍ മാത്രമനുവര്‍ത്തിക്കേണ്ട ഒരു ശൈലിയാണോ, ലാളിത്യത്തിന്‍റെ ആദ്ധ്യാത്മികമാനമെന്താണ് തുടങ്ങിയ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഇക്കാര്യത്തില്‍ കാലികപ്രസക്തമായ ഒരു നിലപാടെടുക്കാന്‍ ആവില്ലതന്നെ.  ലാളിത്യത്തെക്കുറിച്ച് അര്‍ത്ഥപൂര്‍ണ്ണമായ നിലപാടെടുക്കാന്‍ മെത്രാന്‍സമിതി സന്നദ്ധമായാല്‍ അവരുള്‍പ്പെടെയുള്ള സഭാധികാരികളും അജഗണങ്ങളായ അല്മായരില്‍ ഒരു വിഭാഗവും ഭൗതികമായി ഏറെ താഴേണ്ടിവരും. അതിന്‍റെ ഫലം ആദ്ധ്യാത്മികമായ ഉയര്‍ച്ചയായിരിക്കും താനും.

കേരളത്തിലെ കത്തോലിക്കാ സമൂഹത്തിന്‍റെ ആദ്ധ്യാത്മികമായ ഉയര്‍ച്ച കാംക്ഷിക്കാത്തവരാണ് മെത്രാന്‍സമിതിയംഗങ്ങള്‍ എന്നു ശത്രുക്കള്‍പോലും പറയുമെന്നു തോന്നുന്നില്ല. ലാളിത്യമെന്ന പദത്തിന്‍റെ അന്തരാര്‍ത്ഥങ്ങള്‍ അറിഞ്ഞുകൂടാത്തവരാണ് അവരെന്നും ആരും പറയില്ല. എന്നാല്‍ ആര്‍ഭാടസ്വപ്നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആധുനിക മനുഷ്യരുടെയിടയില്‍ മതത്തിന്‍റെ ഭൗതിക ചട്ടക്കൂടിനെ ഭരണപരമായി മുന്നോട്ടു നയിക്കണമെങ്കില്‍ ഇഹലോകജീവിതത്തെതൊട്ടുള്ള കാര്യങ്ങളില്‍ ആഴത്തിലുള്ള ചിന്തകളോ നിലപാടുകളോ ഉണ്ടാവാതിരിക്കുന്നതാണ് സൗകര്യമെന്ന് അവരും ധരിച്ചുവശായിരിക്കുന്നതായി തോന്നിപ്പോകുന്നു. പരലോകജീവിതത്തെക്കുറിച്ചും വിശ്വാസപാരമ്പര്യങ്ങളെക്കുറിച്ചും ആരാധനാക്രമത്തെക്കുറിച്ചുമെല്ലാം ആഴത്തിലും തലനാരിഴകീറിയും ചിന്തിക്കാം, തര്‍ക്കിക്കാം, നിലപാടെടുക്കാം. അവയൊന്നും കാര്യമായ എതിര്‍പ്പുകളുണ്ടാക്കുന്നവയല്ലല്ലോ. എന്നാല്‍ ജീവിതശൈലി സംബന്ധിച്ച് തികച്ചും ക്രൈസ്തവമൂല്യത്തില്‍ അടിയുറച്ചുനിന്നുകൊണ്ടു നിലപാടെടുത്താല്‍ അത് രണ്ടു തലയ്ക്കലും മൂര്‍ച്ചയുള്ള വാളായി അനുഭവപ്പെടും. അത്തരം വാളുകള്‍ കൈയിലെടുത്ത് സ്വന്തം ശരീരത്തില്‍ മുറിവുകളുണ്ടാക്കാന്‍ ഫ്രാന്‍സീസ് അസ്സീസിയെപ്പോലെ ആരും തയ്യാറാവുകയില്ലെന്ന് നമുക്കറിയാം. അതുകൊണ്ടാണ് നമ്മുടെ ലാളിത്യഭാഷണങ്ങള്‍ തിരുനാളാഘോഷങ്ങള്‍ക്കപ്പുറത്തുള്ള ജീവിതാഘോഷങ്ങളുടെ നേരെ ഉന്നംപിടിക്കാത്ത ഉണ്ടയില്ലാത്ത തോക്കുകളായി മാറുന്നത്.

നമ്മുടെ സഭയുടെയും സഭയിലെ സ്ഥാപനങ്ങളുടെയും ആര്‍ഭാടത്തെക്കുറിച്ച് ഒരു തുറന്ന കുമ്പസാരത്തിന് ഇനിയെങ്കിലും നാം തയ്യാറാകേണ്ടതില്ലേ? അങ്ങനെചെയ്താല്‍ അതൊരു വലിയ ക്രൈസ്തവ വിശ്വാസവിപ്ലവമാകും. അത് വിശ്വാസിസമൂഹത്തില്‍ ചെലുത്തുന്ന ആദ്ധ്യാത്മികസ്വാധീനം ഏറെ വലുതായിരിക്കും. ആ സ്വാധീനം കത്തോലിക്കാ വിശ്വാസിസമൂഹത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയുമില്ല.  സഭാനേതൃത്വത്തിന്‍റെയും അനുയായികളുടെയും ആര്‍ഭാടത്തോടുള്ള ആഭിമുഖ്യം കാണുമ്പോള്‍ ഭയം തോന്നും, ചിലപ്പോള്‍ ചിരിവരും, ചിലപ്പോള്‍ സഹതാപം തോന്നും. ഇത് കത്തോലിക്കാസമൂഹത്തെക്കുറിച്ച് മാത്രം പറയുന്നതല്ല. വളരെ ആകര്‍ഷമായ വിധത്തില്‍ ഗീതാജ്ഞാനയജ്ഞം നടത്തി ആയിരങ്ങളെ നേരിട്ടും ദൃശ്യമാധ്യമങ്ങളിലൂടെയും ആകര്‍ഷിച്ച ഒരു യുവസന്ന്യാസി അടുത്തകാലത്ത് നിര്‍മ്മിച്ച ആശ്രമത്തിന് നിരവധി കോടികളാണ് ചെലവഴിച്ചതെന്ന് അറിയുന്നു. ആഡംബരഭ്രാന്ത് ആദ്ധ്യാത്മികരംഗത്തുള്ളവരെയും രാഷ്ട്രീയ രംഗത്തുള്ളവരെയും കലാസാഹിത്യരംഗത്തുള്ളവരെയുമെല്ലാം ബാധിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇക്കാര്യത്തില്‍ ജാതി - മതഭേദങ്ങളോ, കക്ഷി - രാഷ്ട്രീയ ഭേദങ്ങളോ ഇല്ല. ഇത്തരമൊരു പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ക്കെതിരെ ഉയരുന്ന ചിന്ത കേവലം ഉപരിതല സ്പര്‍ശി മാത്രമായാല്‍ അതൊരു കപടനാട്യമായേ മനസ്സിലാക്കപ്പെടുകയുള്ളൂ. ആ നിലയ്ക്കാണ് കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആര്‍ഭാടവിരുദ്ധ ആഹ്വാനം ഇവിടെ ചര്‍ച്ചയ്ക്കു വിധേയമാകുന്നത്.

ആര്‍ഭാടത്തിന്‍റെ കമ്പോള സ്വാധീനം

കമ്പോളം ഇന്നു വില്‍ക്കാനും വാങ്ങാനുമുള്ളവരുടെ കേവലം സമ്മേളനസ്ഥലമല്ല; മറിച്ച് നമ്മുടെ സ്വപ്നങ്ങളും അഭിരുചികളും പിറവിയെടുക്കുന്ന ഉത്സവപ്പറമ്പുകളാണ്. കമ്പോ ളത്തിനുപിന്നില്‍ പതിയിരിക്കുന്നതു ലോകജനതയെ നിയന്ത്രിക്കാനായി ചരടുവലികള്‍ നടത്തുന്നവര്‍ തന്നെയാണ്. കമ്പോളം സൃഷ്ടിക്കുന്ന ജീവിതമൂല്യങ്ങളാണിന്ന് നമ്മെ നയിക്കുന്നത്. കമ്പോളം മനുഷ്യന്‍ രൂപം നല്‍കിയിട്ടുള്ള എല്ലാ മത - രാഷ്ട്രീയ - സാംസ്കാരിക സംവിധാനങ്ങളെയും അതിന്‍റെ സ്വാധീനവലയത്തിലാക്കികഴിഞ്ഞു.

പരമാവധി ഭൗതിക ഉപഭോഗം = പരമാവധി ആനന്ദം എന്നതാണ് കമ്പോളം പ്രസരിപ്പിക്കുന്ന അടിസ്ഥാന സൂത്രവാക്യം. പരമാവധി ഉപഭോഗത്തിനായി പരമാവധി ആര്‍ജ്ജനം, പരമാവധി ആര്‍ജ്ജനത്തിനായി പരമാവധി ആധിപത്യസ്ഥാപനം ഇവ ഉപസൂത്രവാക്യങ്ങളുമാണ്. ഇന്നത്തെ മനുഷ്യന്‍റെ ആര്‍ഭാടജീവിതത്തിനായുള്ള ആര്‍ത്തിയെ ചോദ്യം ചെയ്യണമെങ്കില്‍ ഈ സൂത്രവാക്യങ്ങളെ ചോദ്യംചെയ്യാനുള്ള നെഞ്ചുറപ്പ് വേണം. ഇത്തരം നെഞ്ചുറപ്പുള്ളവരെ അപൂര്‍വ്വമായാണെങ്കിലും ഇന്നും കാണുന്നുണ്ട്. ആയുര്‍വേദത്തെയും ആദിവാസി വൈദ്യത്തെയും പ്രകൃതി ജീവനത്തെയുമെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ട് എന്നാല്‍ അങ്ങനെ അവകാശപ്പെടാതെ, ആധുനിക വൈദ്യത്തിന്‍റെ കമ്പോള താല്പര്യങ്ങളെയും മനുഷ്യത്വവിരുദ്ധതയെയും അശാസ്ത്രീയതയെയും ചോദ്യംചെയ്തുകൊണ്ടും പതിനായിരക്കണക്കിനു മാറാരോഗികള്‍ക്ക് ആശ്വാസം പ്രദാനം ചെയ്തുകൊണ്ടും മറ്റൊരു സ്വാമി കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്വാമി നിര്‍മ്മലാനന്ദ് മഹാരാജ് എന്നാണദ്ദേഹത്തിന്‍റെ പേര്. അദ്ദേഹം ആശ്രമങ്ങള്‍ പണിയുന്നില്ല. പണിയാനുദ്ദേശിക്കുന്നുമില്ല എന്നദ്ദേഹം പറയുന്നു. അദ്ദേഹം പണപ്പിരിവ് നടത്തുന്നില്ല. രോഗികള്‍ക്ക് ചികിത്സാവിധി നിര്‍ണ്ണയിക്കുന്നതിന് ഫീസും വാങ്ങുന്നില്ല. ആയിരങ്ങളെ അനുയായികളാക്കി സ്ഥാപനങ്ങള്‍ കെട്ടിയുയര്‍ത്താനും അതുവഴി സ്വയം ഒരു അധികാരഗോപുരമാകാനും നല്ല സാധ്യതയുണ്ടായിട്ടും അതു ചെയ്യില്ല എന്ന ഉറച്ചനിലപാടെടുക്കുന്നത് മുകളില്‍ സൂചിപ്പിച്ച നെഞ്ചുറപ്പിന്‍റെ പ്രതിഫലനമാണ്. കേരളത്തിലെ ഒരു പ്രമുഖ സെമിനാരിയിലെ അദ്ധ്യാപകനായിരുന്ന ഡോ. ജെ. വലിയമംഗലത്തെ അടുത്തറിയുന്നവര്‍ക്കും ആ നെഞ്ചുറപ്പിന്‍റെ സൗമ്യമായ കരുത്ത് അനുഭവപ്പെടും. അയല്‍പക്കത്തുള്ള മിക്കവരും കടംവാങ്ങിയെങ്കിലും ആഡംബരക്കാറില്‍ ചെത്തിനടക്കുന്നതു കണ്ടിട്ടും, പത്തുകാര്‍ വാങ്ങാന്‍ശേഷിയുണ്ടെങ്കിലും തനിക്കതിന്‍റെ ആവശ്യമില്ലാത്തതിനാല്‍ കാര്‍ വാങ്ങുന്നില്ലായെന്ന ഉറച്ച തീരുമാനമെടുത്തിട്ടുള്ള കാരണവന്‍മാരെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണാന്‍കഴിയും. അവരില്‍ക്കാണുന്നതും കമ്പോളത്തിന്‍റെ സൂത്രവാക്യങ്ങളില്‍ പെട്ടുപോകാതിരിക്കുന്നതിനുള്ള നെഞ്ചുറപ്പാണ്.

കമ്പോളത്തിന്‍റെ പ്രലോഭനങ്ങളില്‍ വീണുപോകാതെ ജീവിക്കുക എന്നത് ഇക്കാലത്ത് എളുപ്പമല്ല. പിശുക്കന്‍, പഴഞ്ചന്‍ തുടങ്ങിയ വിശേഷണങ്ങള്‍ മറ്റുള്ളവര്‍ പതിച്ചുനല്‍കിയെന്നു വരും. ആര്‍ഭാടത്തിന്‍റെ കുത്തൊഴുക്കില്‍ വീണുപോകാതെ ഉയര്‍ന്നുനില്‍ക്കുന്ന ലാളിത്യത്തിന്‍റെ വന്‍മരങ്ങള്‍ നമ്മുടെ സാമൂഹികജീവിതത്തില്‍ കുറവാണെന്നത് സാധാരണ ജനങ്ങളെ സ്വാധീനിക്കുന്ന കാര്യമാണ് ആര്‍ഭാടത്തിന്‍റെ കൊടിതോരണങ്ങളാലും ദീപാലങ്കാരങ്ങളാലും തിളങ്ങിനില്‍ക്കുമ്പോള്‍, ഈ തിളക്കം ചൂണ്ടിക്കാണിച്ച് സാധാരണ ജനങ്ങളെ ഭ്രമിപ്പിക്കാന്‍ കമ്പോളത്തിന് എളുപ്പമാണ്. ഇത് നന്നായി മനസ്സിലാക്കിക്കൊണ്ടാണ് സ്വാതന്ത്ര്യലബ്ധിയുടെ നാളുകളില്‍ ഡല്‍ഹിയിലെ ഭരണാധികാരികളോട് മുമ്പ് ബ്രിട്ടീഷ് ഭരണാധികാരികള്‍ താമസിച്ചിരുന്ന ആഡംബരവസതികള്‍ ഉപേക്ഷിക്കാന്‍ പൊതുജീവിതത്തിലെ ലാളിത്യത്തിന്‍റെ പ്രതീകമായിരുന്ന വൃദ്ധന്‍ ഉപദേശിച്ചത്. ആ ഉപദേശം ആരും സ്വീകരിച്ചില്ല എന്നുമാത്രം. സമൂഹത്തെ നയിക്കുന്നവര്‍ കമ്പോളത്തിന്‍റെ പ്രലോഭനങ്ങളില്‍ വീഴുന്നതും ഒത്തുതീര്‍പ്പുണ്ടാക്കുന്നതും സാധാരണജനങ്ങള്‍ കണ്ടുകൊണ്ടാണിരിക്കുന്നത്. ഇത്തരം ഒത്തുതീര്‍പ്പുകളുടെ പ്രഖ്യാപനമാണ് കട്ടന്‍കാപ്പിയും പരിപ്പുവടയുമായി ഇക്കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം പറ്റില്ലായെന്ന പ്രതികരണത്തില്‍ ഒളിഞ്ഞിരിക്കുന്നത്. അതുതന്നെയാണ് തിരുനാളാഘോഷത്തിനപ്പുറം കടക്കാത്ത ലാളിത്യാഹ്വാനത്തില്‍ മറഞ്ഞിരിക്കുന്നതും.

ലാളിത്യത്തിന്‍റെ ആദ്ധ്യാത്മികമാനങ്ങള്‍

പരമാവധി ഉപഭോഗം പരമാവധി ആനന്ദം പ്രദാനം ചെയ്യുമെന്ന കമ്പോളസൂത്രവാക്യം മനുഷ്യനെ ആദ്ധ്യാത്മികമായി ദരിദ്രനാക്കുന്ന സൂത്രവാക്യമാണ്. തീര്‍ച്ചയായും മനുഷ്യജീവിതത്തിന് ഒരു ഭൗതികതലമുണ്ട്. അത് അവഗണിക്കാനും പറ്റില്ല. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള ആദ്ധ്യാത്മിക അന്വേഷണങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതുമല്ല. എന്നാല്‍, ഈ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടോ, പുതിയ ആവശ്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഏതു സാഹചര്യങ്ങളിലാണ്, ഇനി ജനിക്കാനിരിക്കുന്ന തലമുറകള്‍ക്കുകൂടി ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ആവശ്യങ്ങളുടെ ഭൗതികതലം സാവകാശം രാഷ്ട്രീയ-ആദ്ധ്യാത്മിക തലങ്ങളിലേക്ക് വികസിക്കും.

മനുഷ്യന്‍റെ ഭൗതികമായ നിലനില്പിനാവശ്യമായ കാര്യങ്ങള്‍ കാലത്തിനും ദേശത്തിനുമനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇങ്ങനെ മാറുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ കമ്പോളം മനുഷ്യന്‍റെ ആവശ്യങ്ങളെ കൃത്രിമമായി പെരുപ്പിക്കുകയും അവ നേടിയെടുക്കുക എന്നത് ജീവിതത്തിന്‍റെ ലക്ഷ്യമായി സ്ഥാപിച്ചെടുക്കുകയും ചെയ്തു. ഇങ്ങനെ പെരുപ്പിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നേരിടുന്നതിനുള്ള ഉപായങ്ങള്‍ കൈവശമുള്ളവരുടെ പിന്നാലെയാണിന്ന് സമൂഹം. 'വികസനവാദി'കളും അധികാരദല്ലാളന്മാരുമായ രാഷ്ട്രീയക്കാരും, അത്ഭുതസിദ്ധികള്‍ വില്‍ക്കുന്ന ആദ്ധ്യാത്മികാചാര്യന്മാരും ഉദയം ചെയ്യുന്നതും സ്ഥാനമുറപ്പിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്. മനുഷ്യന്‍റെ ആവശ്യങ്ങളെ കൃത്രിമമായി പെരുപ്പിക്കുന്നതിനെയാണ് യഥാര്‍ത്ഥത്തില്‍ ആര്‍ഭാടമെന്നു പറയുന്നത്. ആവശ്യങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെയും ആത്മാഭിമാനബോധത്തോടെയും പരിമിതപ്പെടുത്തുന്നതിനെ ലാളിത്യമെന്നും പറയാം. ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണവും ജീവിതാവസ്ഥയുടെ സ്വഭാവവുമനുസരിച്ചാണ് ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ എത്രമുറികള്‍ വേണമെന്നു നിശ്ചയിക്കേണ്ടത്. ഭൂപ്രകൃതിയും കാലാവസ്ഥയും മറ്റുമാവണം വീടിന്‍റെ രൂപഘടന നിശ്ചയിക്കുന്നതിന്‍റെ മാനദണ്ഡം. വീട് നിര്‍മ്മിക്കുന്ന പ്രദേശത്തെ വിഭവ ലഭ്യതയാവണം വീട് നിര്‍മ്മാണസാമഗ്രി ഏതെല്ലാമാണെന്ന് നിശ്ചയിക്കുന്നതിന്‍റെ അടിസ്ഥാനം - മുമ്പ് അങ്ങനെയായിരുന്നു. ഇന്ന് എങ്ങനെയെന്ന് പറയേണ്ടതില്ല. ഇവിടെ ആരുടെ താല്പര്യമാണ് സംരക്ഷിക്കപ്പെടുന്നത് എന്നും വിശദീകരിക്കേണ്ടതില്ല. ഇത് വീട് നിര്‍മ്മാണരംഗത്തെ കാര്യം മാത്രമല്ല.  എല്ലാ രംഗങ്ങളിലും സമാനമായ സാഹചര്യം നിലനില്‍ക്കുന്നു.

കൃത്രിമമായി പെരുപ്പിക്കുന്ന ആവശ്യങ്ങളും പരസ്പരബന്ധിതമാണ്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് എയര്‍കണ്ടീഷനറുകളുടെ വില്പന പൊടിപൊടിച്ചതായി പറഞ്ഞുകേള്‍ക്കുന്നു. ചില പ്രമുഖപട്ടണങ്ങളില്‍ എയര്‍കണ്ടീഷനറുകള്‍ കിട്ടാനില്ലായിരുന്നത്രെ. ഞാന്‍ മുമ്പ് താമസിച്ചിരുന്ന മധ്യതിരുവിതാംകൂറിലെ ഒരു മലയോരഗ്രാമത്തിലെ അടുത്ത സുഹൃത്തായ ഒരു ഇലക്ട്രീഷ്യന്‍ പറഞ്ഞത്, അയാള്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് മാത്രം ആ ഗ്രാമത്തിലെ 44 വീടുകളില്‍ എയര്‍കണ്ടീഷനറുകള്‍ ഫിറ്റുചെയ്തു എന്നാണ്. നമ്മുടെ മലയോരങ്ങളില്‍ പോലും വീടുകള്‍ എന്നപേരില്‍ കോണ്‍ക്രീറ്റ് പെട്ടികള്‍ നിര്‍മ്മിച്ച് അതില്‍ വസിക്കാന്‍ തുടങ്ങുമ്പോള്‍ പുതിയ പുതിയ ഉപഭോഗവസ്തുക്കള്‍ ആവശ്യമായിവരുന്നു. ഇങ്ങനെയാണ് കമ്പോളം അതിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്. ഇന്നത്തെ ആഡംബരത്തെ നാളത്തെ ആവശ്യമായി രൂപപ്പെടുത്തിയെടുക്കുന്നതില്‍ വലിയ വൈദഗ്ദ്ധ്യമാണ് കമ്പോളം പ്രകടിപ്പിക്കുന്നത്. ഈ വിധത്തില്‍ ഒരു ചങ്ങലപോലെ ആവശ്യങ്ങള്‍ പെരുകിവരുമ്പോള്‍ മനുഷ്യന്‍ അവനറിയാതെ മാറിപ്പോകുകയാണ്. അവന്‍റെ ജീവിതലക്ഷ്യം മാറ്റിമറിക്കപ്പെടുകയാണ്. ഉപഭോഗത്തിന്‍റെ ആഘോഷമായി മനുഷ്യന്‍ ജീവിതത്തെ നിര്‍വ്വചിക്കുന്നു. ഇവിടെ നിറംകെട്ടു പോകുന്നത് മനുഷ്യജീവിതത്തിന്‍റെ ആദ്ധ്യാത്മിക തലത്തിനാണ്. ആദ്ധ്യാത്മികതപോലുമിന്ന് മനുഷ്യന് അവന്‍റെ ഭൗതിക ഉപഭോഗോന്മാദത്തിന് നിലമൊരുക്കാനുള്ള ഉപാധിയായി മാറിയിരിക്കുന്നു. ഇതിന് ചേര്‍ന്നവിധത്തില്‍ അവതരിപ്പിക്കപ്പെടുന്നവമാത്രം അവനു സ്വീകാര്യമാവുന്നു. അതുകൊണ്ട് മതത്തിന്‍റെ ചട്ടക്കൂട് എങ്കിലും നിലനിര്‍ത്തണമെന്ന്തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ലാളിത്യവിചാരങ്ങള്‍ ഉപരിതലത്തെ മാത്രമേ സ്പര്‍ശിക്കൂ എന്നുറപ്പുവരുത്തേണ്ടിയിരിക്കും.

ലാളിത്യത്തെ, പ്രാഥമികാവശ്യങ്ങള്‍ നേരിടാന്‍ കഴിയാതെ കൃമികീടങ്ങളായി മണ്ണിലിഴയാന്‍ വിധിക്കപ്പെട്ട ജനകോടികളുമായി ബന്ധപ്പെടുത്താനുള്ള ആദ്ധ്യാത്മിക - രാഷ്ട്രീയ സമീപനങ്ങളുണ്ടാവണം. തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്ന ക്രിസ്തുപ്രബോധനത്തിന്‍റെ ഇക്കാലത്തെ അര്‍ത്ഥമെന്താണെന്നന്വേഷിക്കണം. ആരാണ് തന്‍റെ അയല്‍ക്കാരന്‍ എന്ന ചോദ്യത്തിന് തന്‍റെ വീടിന്‍റെ 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ എന്ന ഭൂമിശാസ്ത്രപരമായ ഉത്തരം കണ്ടെത്താതെ, ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും തന്‍റെ അയല്‍ക്കാരും ആത്മാവില്‍ ബന്ധുക്കളുമാണെന്ന ബോധ്യമുണ്ടാവണം. ഉപഭോഗാഘോഷത്തെക്കാള്‍ സ്ഥായിയായ ആനന്ദം ലളിതജീവിതത്തില്‍നിന്നും ലഭിക്കുമെന്ന് അറിയണം. തന്‍റെ നാട്ടില്‍ മനുഷ്യര്‍ക്കെല്ലാം ന്യായമായി വസ്ത്രം ലഭിക്കുന്ന നാള്‍വരെ തനിക്ക് മേല്‍മുണ്ട് വേണ്ടായെന്നു നിശ്ചയിച്ച അര്‍ദ്ധനഗ്നനായ ഫക്കീറിന് ആ തീരുമാനത്തില്‍ ഒരു ആനന്ദമുണ്ടായിട്ടുണ്ടാവുമെന്നത് നിശ്ചയമാണ്. തന്‍റെ ഗ്രാമത്തില്‍ എല്ലാവര്‍ക്കും വൈദ്യുതി ലഭിക്കുമ്പോള്‍ മാത്രംമതി തന്‍റെ ആശ്രമത്തിലും വൈദ്യുതി എന്നു തീരുമാനിച്ചപ്പോഴും അദ്ദേഹത്തിന് ആ ആനന്ദം അനുഭവപ്പെട്ടിട്ടുണ്ടാവും. ആ ആനന്ദത്തിന് ആദ്ധ്യാത്മികവും രാഷ്ട്രീയവുമായ ആഴമേറെയുണ്ട്. അത് അദ്ദേഹത്തിന്‍റെ അനുയായികള്‍പോലും വേണ്ടവിധത്തില്‍ മനസ്സിലാക്കിയിട്ടില്ലെന്നത് ചരിത്രത്തിലെ ദുരന്തം.

ആഗ്രഹനിഗ്രഹമാണ് മോക്ഷമാര്‍ഗ്ഗമെന്ന് പഠിപ്പിക്കുവാന്‍ ശ്രീബുദ്ധന് കഴിഞ്ഞത് രാജകീയാഡംബരങ്ങളില്‍നിന്ന് ഇറങ്ങിവരാന്‍ കഴിഞ്ഞതുകൊണ്ടാണ്. സിദ്ധാര്‍ത്ഥ രാജകുമാരനില്‍നിന്ന് ശ്രീബുദ്ധനിലേക്ക് ദൂരം കുറച്ചൊന്നുമല്ല ഉള്ളത്. ഈ ദൂരം താണ്ടാന്‍ ശേഷിയില്ലാത്തവര്‍ക്ക് ലാളിത്യത്തിന്‍റെ ആഴങ്ങളിലേക്കിറങ്ങാനാവില്ല. അത്തരക്കാര്‍ക്ക് ഈശ്വരപൂജ അവരുടെ ജീവിതംപോലെതന്നെ നിറം പിടിപ്പിച്ചവയാകും. ഈശ്വരപൂജയുടെ ലക്ഷ്യവും ഭൗതിക ഉപഭോഗനിലവാര വര്‍ദ്ധനവാകും. ചട്ടകമാനുസാരിയായ അനുഷ്ഠാനങ്ങളില്‍ വിശ്വാസം കുറഞ്ഞ വിശ്വാസിസമൂഹം കൂടുതല്‍ ശക്തമായ ആത്മീയാനുഭവങ്ങള്‍ക്കായി തടിച്ചുകൂടുന്ന ധ്യാനകേന്ദ്രങ്ങളിലും തീര്‍ത്ഥാടനകേന്ദ്രങ്ങളിലും പ്രാര്‍ത്ഥനാസഹായങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെടുന്ന ആവശ്യങ്ങളിലേറെയും, ഉദ്യോഗവും വിസയും വീടുനിര്‍മ്മാണവും മറ്റുമായി ബന്ധപ്പെട്ടവയാണ്. ഇത്തരം ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ദൈവാനുഗ്രഹങ്ങള്‍ക്കായി ഒത്താശ ചെയ്യുന്നവരായി സ്വയം പ്രതിഷ്ഠിക്കുന്നവര്‍ സത്യത്തില്‍, ഭരണകൂടത്തിന്‍റെ ആനുകൂല്യങ്ങള്‍ ഒപ്പിച്ചുകൊടുക്കുന്ന അധികാരദല്ലാളന്മാരുടെ തലത്തിലേക്ക് സ്വയം ചെറുതാവുകയാണ്. ഇതിലെ ആദ്ധ്യാത്മികമായ ശരിതെറ്റുകള്‍ വിലയിരുത്തപ്പെടേണ്ടതാണ്.

ആദ്ധ്യാത്മികതപോലും ഈ വിധത്തില്‍ ഉപഭോഗാര്‍ത്തിയുടെ സമവാക്യങ്ങളില്‍ തളച്ചിടപ്പെടുമ്പോള്‍ രാഷ്ട്രീയ-കലാ-സാംസ്കാരിക രംഗങ്ങളും ആ വഴിക്കുതന്നെ പോകുന്നതില്‍ അത്ഭുതപ്പെടാനാവുകമോ? വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളുമായിരുന്നു മുമ്പ് രാഷ്ട്രീയത്തിന്‍റെ കാതല്‍. ഇതിനുവേണ്ടിയാണ് രാജഭരണത്തിനെതിരെയും സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെയും സമരങ്ങള്‍ നടന്നിട്ടുള്ളത്. ജനാധിപത്യഭരണരൂപങ്ങള്‍ വികസിച്ചുവന്നത് ഈ പശ്ചാത്തലത്തിലാണ്. എന്നാലിന്ന് വ്യക്തിയുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമല്ല രാഷ്ട്രീയത്തിന്‍റെ മുഖ്യപരിഗണനാവിഷയം. വികസനമാണ് ഇന്നത്തെ മുഖ്യ രാഷ്ട്രീയ മുദ്രാവാക്യം. ആരുടെ വികസനം, എന്തിനുവേണ്ടിയുള്ള വികസനം, ഏതു വിധത്തിലുള്ള വികസനം തുടങ്ങിയവയൊന്നും അര്‍ഹിക്കുന്ന ഗൗരവത്തോടെ രാഷ്ട്രീയരംഗം ഇന്ന് ചര്‍ച്ചചെയ്യുന്നില്ല. എങ്ങനെയും ഉപഭോഗവും ഉല്പാദനവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കമ്പോളത്തില്‍ കാലുറപ്പിച്ചുനിന്നുകൊണ്ടാണിന്ന് ഭരണപ്രക്രിയകള്‍ മുന്നോട്ടുപോകുന്നത്. പൗരന്മാരെ കൂടുതല്‍ സ്വതന്ത്രരും സ്വാശ്രയത്വമുള്ളവരും മൂല്യബോധമുള്ളവരും സഹകരണ മനോഭാവമുള്ളവരും സഹൃദയരും ആക്കുക എന്നത് ഇന്നത്തെ ഭരണത്തിന്‍റെ ലക്ഷ്യമല്ല. ജനങ്ങളെ ഉപഭോഗാര്‍ത്തിയുള്ളവരും പരസ്പരം മത്സരിക്കുന്നവരും അക്ഷമരും ആശ്രിതരും അരക്ഷിതത്വബോധമുള്ളവരുമാക്കുന്ന ഒരു ജാലവിദ്യയാണിന്ന് ഭരണം. കമ്പോളം സ്പോണ്‍സര്‍ ചെയ്യുന്ന ജാലവിദ്യവഴി ജനങ്ങളുടെ സമ്പത്ത് ചുരുക്കം ചിലരുടെ പോക്കറ്റുകളിലേക്ക് ഒഴുകിയെത്തും. പുതിയരൂപത്തിലുള്ള അടിമത്തവ്യവസ്ഥ അരക്കിട്ടുറപ്പിക്കുന്നു. ഇതിനെ ചെറുക്കാന്‍ കലാ-സാംസ്കാരിക വിദ്യാഭ്യാസരംഗത്തുള്ളവര്‍ക്കും കഴിയുന്നില്ല. ആ രംഗത്തുള്ളവരിലേറെയും എത്ര അനായാസമായാണ് കമ്പോളസൂത്രവാക്യങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി വേഷപ്പകര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നത്.

ലളിതജീവിതത്തിന്‍റെ പാരിസ്ഥിതിക മാനങ്ങള്‍

ലളിതജീവിതം എന്നത് ഭാവിലോകത്തിന്‍റെ നിലനില്പുമായി ബന്ധപ്പെട്ട കാര്യമാണ്. ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും ഏറെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ലളിതജീവിതം എന്നത് നിരുപദ്രവകരമായ ഒരു കൊച്ചുകാര്യമല്ല. ആര്‍ഭാടജീവിതത്തിന്‍റെ ഓരോ ചുവടുവയ്പും, അത് ആരുടേതാണെങ്കിലും എവിടെയാണെങ്കിലും അത് ഈ ഗോളത്തിലെ ജീവന്‍റെ തുടിപ്പിനെ ദുര്‍ബലപ്പെടുത്തുന്നതാണ്. ആര്‍ഭാട ജീവിതശൈലി പുറന്തള്ളുന്ന മാലിന്യങ്ങള്‍കൊണ്ട് ഈ ഭൂഗോളത്തിന്‍റെ വലിയപങ്ക് കുപ്പത്തൊട്ടിയായി മാറിയിരിക്കുന്നു. നമ്മുടെ കൊച്ചുകേരളത്തില്‍ മാത്രം എത്ര സ്ഥലങ്ങളില്‍ ആര്‍ഭാടത്തിന്‍റെ ഉച്ഛിഷ്ടങ്ങളായ നഗരമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ ജനങ്ങള്‍ സമരരംഗത്താണ്! ലാലൂരില്‍, ഞെളിയന്‍പറമ്പില്‍, ബ്രഹ്മപുരത്ത്, വടവാതൂരില്‍... ആര്‍ഭാടജീവിതത്തിനുതകുന്ന സംവിധാനങ്ങള്‍ക്കായി വന്‍തോതില്‍ ജലചൂഷണം നടത്തുന്നതു നിമിത്തവും മണല്‍വാരല്‍ നിമിത്തവും വനനശീകരണം മൂലവും നമ്മുടെ പുഴകളെല്ലാം വറ്റിക്കൊണ്ടിരിക്കുമ്പോള്‍തന്നെ, മാലിന്യത്തിന്‍റെ ഓവുചാലുകളായി മാറിക്കൊണ്ടുമാണിരിക്കുന്നത്. ലളിതജീവിതമെന്നത് ഈ വിധത്തിലുള്ള വഴിതെറ്റി നടക്കലല്ല, മറിച്ച് ശരിയായ വഴി നടക്കലാണ്. ലളിതജീവിതം സ്വാഭാവികതയുള്ളതാണ്. അത് ക്രമീകൃതവും സമാധാനപൂര്‍ണ്ണവുമാണ.് ആര്‍ഭാട ജീവിതമാകട്ടെ അസ്വാഭാവികവും ക്രമംതെറ്റിയുള്ളതും (അക്രമം) സംഘര്‍ഷഭരിതവുമാണ്. വ്യക്തികളുടെയും സമൂഹത്തിന്‍റെയും ഉള്ളിലും, വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും തമ്മിലും നടക്കുന്ന  സംഘര്‍ഷങ്ങള്‍, യുദ്ധങ്ങള്‍ തുടങ്ങിവ ഭൂമിയിലെ ജീവന്‍റെ നിലനില്പിനുനേരെയുള്ള ഭീഷണികളാണ്.  കുറെപ്പേരുടെ ആര്‍ഭാടജീവിതത്തിനായി വിഭവങ്ങള്‍ കണ്ടെത്താനും വിപണികള്‍ പിടിച്ചെടുക്കാനുമായി നടക്കുന്ന മത്സരങ്ങളുടെ വികാസമാണ് പലപ്പോഴും യുദ്ധങ്ങള്‍. ചുരുക്കത്തില്‍ ലളിതജീവിതം എന്നത് ആത്മശാന്തിക്കും ലോകശാന്തിക്കും വേണ്ടിയുള്ള ശരിയായ വഴി നടക്കലാണ്.

ലാളിത്യം സാമൂഹികസംവിധാനങ്ങളിലും ആവശ്യം

ലാളിത്യത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകള്‍ പലപ്പോഴും വ്യക്തികളിലേക്ക് ഒതുങ്ങി പ്പോകാറുണ്ട്. എന്നാല്‍ നമ്മുടെ സാമൂഹിക സംവിധാനങ്ങളെല്ലാം എത്രമാത്രം സങ്കീര്‍ണ്ണമാണെന്ന് പലപ്പോഴും ആലോചിക്കാറില്ല. സങ്കീര്‍ണ്ണതയും ആര്‍ഭാടവും സഹയാത്രികരാണ്. നമ്മുടെ രാഷ്ട്രീയാധികാരഘടന, നീതിന്യായസംവിധാനങ്ങള്‍, ആരോഗ്യരക്ഷാസംവിധാനങ്ങള്‍ എല്ലാമെല്ലാം സങ്കീര്‍ണ്ണമാണ്. ലളിതജീവിതം നയിക്കുമായിരുന്ന മനുഷ്യനെ ആര്‍ഭാടത്തിന്‍റെ സങ്കീര്‍ണ്ണതയിലേയ്ക്കും സംഘര്‍ഷത്തിലേയ്ക്കും തള്ളിവിട്ടതില്‍ ഈ സംവിധാനങ്ങള്‍ക്കെല്ലാം വലിയ പങ്കുണ്ട്. ഈ സംവിധാനങ്ങളിലൂടെയും കമ്പോളം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഉദാഹരണത്തിനായി ആരോഗ്യരംഗത്തെ മാറ്റങ്ങള്‍ ഒന്നു പരിശോധിക്കുക. മുമ്പ് നാട്ടറിവുകളും ഗൃഹവൈദ്യവും നാടന്‍വൈദ്യന്മാരും മറ്റുമായിരുന്നു നമ്മുടെ ആരോഗ്യരക്ഷാസംവിധാനത്തിന്‍റെ അടിസ്ഥാനം. ഇന്നത് ഗവേഷണശാലകള്‍, കൂറ്റന്‍മരുന്നു കമ്പനികള്‍, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പരിശീലന സംവിധാനങ്ങള്‍, വിവിധ മരുന്നുകളുടെ പരസ്യങ്ങള്‍, വിപണനശൃംഖലകള്‍, വൈദ്യശാസ്ത്ര ഉപകരണങ്ങള്‍, അവ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍, ആശുപത്രി മന്ദിരങ്ങള്‍, ലാബോറട്ടറി സംവിധാനങ്ങള്‍, ഇതിനെല്ലാമുള്ള ട്രാന്‍സ്പോര്‍ട്ടിംഗ് സംവിധാനങ്ങള്‍, ഇവയുടെയെല്ലാം നിയന്ത്രണത്തിനായി സര്‍ക്കാരിന്‍റെ ആരോഗ്യവകുപ്പ,് അതിന്‍റെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ ഇവയെല്ലാം ചേര്‍ന്ന വലിയൊരു പ്രസ്ഥാനമായി വളര്‍ന്നു. ഇതിന്‍റെയെല്ലാം ഫലമെന്താണ്? മുമ്പില്ലാതിരുന്ന രോഗങ്ങള്‍ എത്രയാണിന്ന്? മുമ്പത്തേതിലും എത്രയോ ഇരട്ടി രോഗഭയത്തിലാണിന്ന് ജനങ്ങള്‍. ലളിതമായിരുന്ന ഒരു സംവിധാനം സങ്കീര്‍ണ്ണമാക്കിയപ്പോള്‍ ആര്‍ക്കാണതിന്‍റെ ഗുണം ലഭിച്ചത്. നമ്മുടെ സാമൂഹിക ജീവിതത്തിന്‍റെ എല്ലാ രംഗങ്ങളിലും ഇതുതന്നെയാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ ലാളിത്യം ആര്‍ഭാടജീവിതത്തിന്‍റെ മാത്രമല്ല സങ്കീര്‍ണ്ണ ജീവിതശൈലിയുടെയും മറുവഴിയാണ്. ഈ വഴിയില്‍ വിളക്കുകളായി പ്രകാശം വിതറേണ്ടവരാണ് ആദ്ധ്യാത്മികനേതാക്കള്‍. അവര്‍ ദൗത്യം ഏറ്റെടുക്കുമോ?

ഭൗതികവാദത്തിലധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ നേരിടാന്‍ ഇടയലേഖനങ്ങളിലൂടെ ആഹ്വാനം ചെയ്യുന്നത് മനസ്സിലാക്കാം. അതിനു തീര്‍ച്ചയായും മതപരമായ ന്യായീകരണങ്ങളുണ്ട്. ഇത്തരം ആഹ്വാനങ്ങള്‍ എളുപ്പവുമാണ്. എന്നാല്‍ വിശ്വാസികള്‍ ഭൗതിക ജീവിതാഘോഷങ്ങളില്‍ മുങ്ങുന്ന ജീവിതശൈലിയുമായി മുന്നേറുമ്പോള്‍ അതിനെതിരെ ഉറച്ച നിലപാടെടുക്കുക എളുപ്പമല്ല. അത്തരം നിലപാടുകള്‍ വിശദീകരിക്കാന്‍ ഇടയലേഖനങ്ങള്‍ മതിയാവുകയുമില്ല. ജീവിതലേഖനങ്ങള്‍തന്നെ അവര്‍ക്കു മുമ്പിലവതരിപ്പിക്കേണ്ടിവരും. ഒട്ടും എളുപ്പമല്ലാത്ത ഈ വെല്ലുവിളികള്‍ എറ്റെടുക്കാന്‍ കത്തോലിക്കാമെത്രാന്‍സമിതിയോ മറ്റേതെങ്കിലും മതനേതൃത്വമോ മുന്നോട്ടുവരാത്തത് ഉള്ളില്‍ നിറയ്ക്കുന്നത് വല്ലാത്തനിരാശയാണ്. എളുപ്പമല്ലാത്ത കാര്യങ്ങള്‍ക്കായി ജീവിതം സമര്‍പ്പിക്കാന്‍ ആദ്ധ്യാത്മികനേതൃത്വങ്ങള്‍ മുന്നോട്ടുവന്നതു പഴയകാല ചരിത്രമായി അവശേഷിക്കുന്നു. 

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts