news-details
മറ്റുലേഖനങ്ങൾ

ജോലി, ഉത്തരവാദിത്വം ഇവ തമ്മിലുള്ള വ്യതിരിക്തതയും ബന്ധവും വിശദമാക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. ആരാണ് നല്ലൊരു ജോലിക്കാരന്‍? ഒരു നിയമമോ, ഉടമ്പടിയോ അനുശാസിക്കുന്ന കാര്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്ന വ്യക്തിയാണ് നല്ലൊരു ജോലിക്കാരന്‍. നിയമമോ, ഉടമ്പടിയോ ഒരു ജോലിക്കാരനില്‍നിന്നും ഏറ്റവും മിനിമമാണ് പ്രതീക്ഷിക്കുന്നത്. ഉദാഹരണത്തിന്, ഒരു തോട്ടമുടമസ്ഥന്‍ ദിവസം ഒരു പ്രാവശ്യം തന്‍റെ ചെടികള്‍ നനയ്ക്കാനായി ഒരു ജോലിക്കാരനെ നിയമിച്ചു എന്നു കരുതുക. അയാളതു പിഴവുകൂടാതെ നിറവേറ്റിയാല്‍ അയാള്‍ നല്ലൊരു ജോലിക്കാരനാണ്. നിയമം കൃത്യമായി പാലിക്കുന്നവരെക്കുറിച്ചും ഇതുതന്നെ പറയാവുന്നതാണ്. നിയമം ഏറ്റവുംതാഴത്തെ പടിയാണ്. അതിലും താഴേയ്ക്കുപോകാന്‍ സമൂഹം ഒരാളെയും അനുവദിക്കുന്നില്ല. പക്ഷേ, നിയമം ഒരിക്കലും ഒരാദര്‍ശമല്ല. മനുഷ്യനു സാധ്യമായ ഔന്നത്യത്തെ അതു കുറിക്കുന്നതേയില്ല. നിയമത്തിന്‍റെ പടിയില്‍നിന്നു താഴേയ്ക്കു പോകാത്തിടത്തോളം കാലം ഒരുവനെ നിയമം പരിരക്ഷിച്ചുകൊള്ളും. നിയമാനുസൃതം മാത്രം ജോലി ചെയ്യുന്നവന്‍ ഒരുവനു സാധ്യമായതിന്‍റെ ഏറ്റവും മിനിമംകൊണ്ടു തൃപ്തിയടയുന്നു. നിയമാനുസൃതം ജോലി ചെയ്തില്ലെങ്കില്‍ അവന്‍ ശിക്ഷിക്കപ്പെടുമെന്നും ഉറപ്പുള്ളതാണ്.

ഉത്തരവാദിത്വത്തിനു പക്ഷേ ഉടമ്പടിയുമായിട്ടോ നിയമവുമായിട്ടോ വലിയൊരു ബന്ധമില്ല. ഏതു സാഹചര്യത്തിലും അവിടെ ഉയരുന്ന ആവശ്യങ്ങളോട് പ്രത്യുത്തരിക്കാനുള്ള ഒരുവന്‍റെ സന്നദ്ധതയാണ് ഉത്തരവാദിത്വം. ക്രിസ്തു പറയുന്ന ഉപമയിലെ നല്ല ശമരിയാക്കാരന്‍ വഴിയരികില്‍ മുറിവേറ്റുകിടക്കുന്നവനോട് പ്രത്യുത്തരിച്ചു. നിയമം അത്തരമൊരു പ്രത്യുത്തരം ആരില്‍നിന്നും പ്രതീക്ഷിക്കുന്നതേയില്ല. വീണുകിടക്കുന്നവനെ സംരക്ഷിക്കുക വഴി അയാള്‍ നിയമത്തിനപ്പുറത്തേക്ക് പോകുകയാണ്. മുന്‍നിശ്ചയപ്രകാരം കൂലിക്കാരന്‍ ദിവസേന ഒരുനേരം ചെടികള്‍ക്കു വെള്ളമൊഴിക്കുമ്പോള്‍ അയാള്‍ ഒരു ജോലിക്കാരനാണ്; പക്ഷേ ഓരോ ചെടിയുടെയും ആവശ്യമനുസരിച്ച്, ഓരോന്നിനും വേണ്ടത്ര പരിരക്ഷണം നല്കുമ്പോള്‍ അയാള്‍ ഉത്തരവാദിത്വമുള്ള ഒരു ജോലിക്കാരനാണ്. നിയമം അനുശാസിക്കുന്നതിനെ അതിലംഘിക്കുമ്പോഴാണ് ഒരാള്‍ ഉത്തരവാദിത്വമുള്ള വ്യക്തിയായിത്തീരുക. ഒരുവനില്‍നിന്നു സമൂഹം എന്തു പ്രതീക്ഷിക്കുന്നുവോ,  അതിന്‍റെ ഏറ്റവും താഴ്ന്നപടിയാണ് നിയമം. അതിനുമുകളിലേക്ക് ഒരുവന്‍ ചവിട്ടിക്കയറിത്തുടങ്ങുമ്പോള്‍ അവന്‍ വ്യാപരിക്കുന്നത് ഉത്തരവാദിത്വത്തിന്‍റെ മേഖലയിലാണ്. അതിന് കൃത്യമായ അതിര്‍വരമ്പ് നിശ്ചയിക്കുക സാധ്യമല്ലതന്നെ.

ഒരുവന്‍റെ ജോലിയും ഉത്തരവാദിത്വവും തമ്മില്‍ വ്യത്യാസമുണ്ടെങ്കിലും അവ പരസ്പരവിരുദ്ധങ്ങളല്ല. ഏറ്റവും അവസാനത്തെ പടിയിലെങ്കിലുമെത്താന്‍, ഏറ്റവും മിനിമമായത് നടപ്പില്‍വരുത്താന്‍ നിയമം സഹായകമാകുന്നു. ഉത്തരവാദിത്വം ഈ മിനിമം കടന്ന് മാക്സിമത്തിലേക്കു നീങ്ങാന്‍, ഏറ്റവും താഴ്ന്നപടിയില്‍നിന്ന് മുകളിലേക്കുനീങ്ങാന്‍ സഹായിക്കുന്നു. മുന്‍പറഞ്ഞ ഉദാഹരണത്തില്‍ ഒരു പൂന്തോട്ടക്കാരന്‍ വെള്ളം ഒഴിക്കുകയെങ്കിലും ചെയ്യുക എന്നത് ഏറ്റവും മിനിമമാണ്. അയാള്‍ക്ക് ജോലിയില്‍ തുടരണമെങ്കില്‍ അതുചെയ്തേ മതിയാകൂ. അതിനപ്പുറം ചെയ്യുന്ന ഓരോന്നും അയാളുടെ ഉത്തരവാദിത്വബോധത്തില്‍നിന്ന് ഉടലെടുക്കുന്നതാണ്. നിയമത്തോട് വിശ്വസ്തത പുലര്‍ത്തുന്നതുവഴി ഒരുവന്‍ നിയമത്തെ അതിലംഘിക്കാന്‍ പ്രാപ്തനായിത്തീരുന്നു. നിയമം ഒരിക്കലും ഒന്നിന്‍റെയും അവസാനമല്ല; ആരംഭമാണുതാനും.

ക്രിസ്തീയതയുടെ കാര്യത്തിലും ഇതു ശരിയാണ്. നിയമം അനുശാസിക്കുന്നതനുസരിച്ച് ജീവിച്ചാല്‍ നിനക്കൊരു മിനിമം ക്രിസ്ത്യാനിയായിത്തുടരാം. ഉത്തരവാദിത്വമുള്ള ഒരു ക്രിസ്തുശിഷ്യനാകാന്‍ പക്ഷേ, അതുമാത്രം പോരാ.

നമ്മുടെ ചോദ്യം "ഒരു ക്രിസ്ത്യാനിയായിരിക്കാന്‍ ഞാന്‍ എന്തെല്ലാം നിറവേറ്റണം" എന്നതായിരിക്കരുത്, പിന്നെയോ "ഒരു ക്രിസ്തുശിഷ്യനെന്നനിലയില്‍ എനിക്കിനിയും എന്തെല്ലാം ചെയ്യാന്‍ കഴിയും" എന്നതായിരിക്കണം.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts