news-details
മറ്റുലേഖനങ്ങൾ

ശേഷിപ്പുകളും തിരുശേഷിപ്പുകളും

"കര്‍ത്താവിന്‍റെ  ചെമന്ന മേലങ്കി, കര്‍ത്താവിനെ കെട്ടി അടിച്ച ചാട്ടയും കുറ്റിയും, കയ്പുനീരില്‍ മുക്കി നമ്മുടെ കര്‍ത്താവിനു കൊടുത്തതും ഇപ്പോള്‍ ഉണങ്ങിയതുമായ പഞ്ഞി, മുള്‍മുടി, അന്ത്യഅത്താഴത്തില്‍ ആശീര്‍വദിച്ച അപ്പത്തിന്‍റെ ഒരുഭാഗം, കര്‍ത്താവിന്‍റെ താടിയിലെ രോമങ്ങള്‍, തയ്യല്‍കൂടാതെ നെയ്യപ്പെട്ടതും പട്ടാളക്കാര്‍ ചിട്ടിയിട്ടതുമായ മേലങ്കിയും മാതാവിന്‍റെ മേലങ്കിയും അടക്കംചെയ്ത പെട്ടി എന്നിവയെക്കുറിച്ച് ഞാന്‍ നടന്നുനീങ്ങിയപ്പോള്‍ ആരോ പറയുന്നതുകേട്ടു..." "എന്തുമാത്രം തിരുശ്ശേഷിപ്പുകള്‍ ഉണ്ടാകും എന്നു ചിന്തിച്ചു നോക്കൂ. ഉദാഹരണത്തിന് അപ്പം വര്‍ദ്ധിപ്പിച്ചതിനുശേഷം ബാക്കിവന്ന 12 കുട്ടനിറയെ അപ്പവും മീനും. അപ്പക്കുട്ടകള്‍ എവിടെയാണ് കിട്ടാത്തത്? അവ വൃത്തികേടാക്കി പഴക്കം ചെന്നത് എന്നു തോന്നിപ്പിച്ചാല്‍ മതി.  നോഹയുടെ പെട്ടകം പണിത മഴുവിനെക്കുറിച്ച് ആലോചിച്ചു നോക്കു..."

"നമുക്ക് അല്പമൊന്നു തട്ടിന്‍മുകളില്‍ പരതിയാല്‍ മതി.  അവിടെ തീര്‍ച്ചയായും ബത്ലെഹമിലെ പുല്‍ത്തൊട്ടിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ എനിക്കു കഴിയും. വളരെ ചെറിയ അവശിഷ്ടം. പിന്നെ അത് എവിടെനിന്നുവന്നു എന്നുപറയാന്‍ സാധിക്കില്ല."

"ഇവിടെ കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ സൂക്ഷിച്ചിരിക്കുന്ന പല തിരുശേഷിപ്പുകളുടെയും ഉല്പത്തി സംശയാസ്പദമാണ്.  എന്നാല്‍ അവ ചുംബിക്കുന്ന ഭക്തര്‍ അവയില്‍നിന്നു അതിഭൗതികസൗരഭ്യം പരക്കുന്നതായി അറിയുന്നു.  അവയെ സത്യമാക്കുന്നതു വിശ്വാസമാണ്. അവയല്ല വിശ്വാസത്തെ സത്യമാക്കുന്നത്."  നാലാം കുരിശുയുദ്ധ(1204)ത്തിന്‍റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ ക്രൈസ്തവര്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ തിരുശ്ശേഷിപ്പുകളടക്കം കൊള്ള ചെയ്തതിനെക്കുറിച്ച് ഉമ്പേര്‍ക്കോ എക്കോ "ബോദൊലിനോ" എന്ന നോവലില്‍ നടത്തുന്ന പരാമര്‍ശങ്ങളാണിവ.

മതങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും വര്‍ഗ്ഗങ്ങള്‍ക്കുമെല്ലാം തിരുശേഷിപ്പുകളുണ്ട്.  മ്യൂസിയങ്ങള്‍ അതിനായി നിലകൊള്ളുന്നു.  പഴമയുടെ ശേഷിപ്പുകളില്‍ ചിലതിനു കൊടുക്കുന്ന പ്രത്യേക പരിഗണനയാണ് തിരുശേഷിപ്പുകള്‍ സൃഷ്ടിക്കുന്നത്.  പഴമയും പുരാണവും പാരമ്പര്യവും അതില്‍ത്തന്നെ നല്ലതോ ചീത്തയോ അല്ല -മൃതമായ ഭൂതം.

പഴമയില്‍ ചിലതിനു വര്‍ത്തമാന മനുഷ്യര്‍ നല്കുന്ന വിശേഷണമാണ് "തിരു". വര്‍ത്തമാനകാലത്തിലേക്ക് വിശുദ്ധവും വേണ്ടപ്പെട്ടതുമായ പഴമയുടെ ചില ഭാഗങ്ങള്‍ സംഘബോധത്തില്‍ കൊണ്ടുവരണമെന്ന് ചിലരോ എല്ലാവരുമോ ആഗ്രഹിക്കുന്നു.  ഈജിപ്റ്റില്‍നിന്ന് ഒളിച്ചോടിയപ്പോള്‍ ഇസ്രായേല്‍ക്കാര്‍ എടുത്തുകൊണ്ടുപോയ തിരുശേഷിപ്പായിരുന്നു ജോസഫിന്‍റെ അസ്ഥികള്‍.  എടുത്തുകൊണ്ടുപോയതു ജോസഫിന്‍റെതന്നെ അസ്ഥികളായിരുന്നോ? അതവരുടെ വിശ്വാസമാണ്.  അതിനു ശാസ്ത്രീയ സാക്ഷ്യംപറയാന്‍ ജോസഫ് വരില്ലല്ലോ.  മറുലോകത്തെ സ്വപ്നംകണ്ട് ഈ ലോകത്തെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ മറുലോകത്തിന്‍റെ തിരുശേഷിപ്പുകള്‍ എഴുന്നള്ളിക്കണം, ഇല്ലെങ്കില്‍ ഉണ്ടാക്കണം. മറുലോകം പിന്‍പിലെ ലോകമാകാം, മുമ്പിലെ ലോകവുമാകും.

പാരമ്പര്യം പിറകോട്ടുതിരിഞ്ഞു ജീവിക്കാനല്ല വിളിക്കുന്നത്.  പാരമ്പര്യത്തെ മരിച്ചവരുടെ ജനാധിപത്യം എന്നാണ് ചെസ്റ്റര്‍ട്ടന്‍ നിര്‍വചിച്ചത്.  എന്ന് മരിച്ചവരുടെ വോട്ടുകളാണ് നാം എണ്ണുക? ഇന്നുവരെ എല്ലായിടത്തും മരിച്ച എല്ലാവരേയും പരിഗണിക്കാനാവില്ലല്ലോ.  താത്പര്യമുള്ളവരുടെ അഭിപ്രായം കേള്‍ക്കുന്നു, ഇല്ലാത്തവര്‍ ചത്തുതന്നെ കഴിയുന്നു.  രാജാവ് തന്‍റെ ഹിതം നിറവേറ്റാന്‍ തന്‍റെ ഹിതം പണ്ട് പറഞ്ഞവരെ ഉദ്ധരിക്കാം, ഉയിര്‍പ്പിക്കാം. രാജാവിന്‍റെ ഹിതം അപ്പോള്‍ പാരമ്പര്യത്തിന്‍റെ വേഷമിട്ട് പ്രത്യക്ഷമാകും.  എന്‍റെ താത്പര്യമനുസരിച്ച് പഴമയുടെ വേദം ഞാന്‍ ഉദ്ധരിക്കും.  ബലപ്രയോഗത്തിലൂടെ മതംമാറ്റം നടത്തിയവര്‍. "എന്‍റെ വീടു നിറയുവോളം ആളുകള്‍ അകത്തേക്ക് വരുവാന്‍ നിര്‍ബന്ധിക്കുക" (ലൂക്ക 14:24) ഉദ്ധരിച്ചു.

വര്‍ത്തമാനകാലത്തിലെ തത്പരകക്ഷികള്‍ സംഘമായോ അല്ലാതെയോ സൃഷ്ടിക്കുന്നതാണ് പഴമയിലെ തിരുശേഷിപ്പ്.  പഴമയുടെ മൂല്യം നിശ്ചയിക്കാന്‍ സ്ഥലകാലാതിശായിയായ മാനമുണ്ടോ?

എന്നാല്‍ ഒരു പുരാണസ്മരണയുമില്ലാതെ വ്യക്തിക്കോ സമൂഹത്തിനോ സ്വത്വബോധമില്ല. ഓര്‍മ്മയില്ലാത്തവന് "ഞാന്‍" എന്ന് പറയാനാവില്ല.  എന്ത് ഒര്‍മ്മിക്കുന്നു, എന്ത് ഓര്‍മ്മിപ്പിക്കുന്നു എന്നതാണ് സ്വത്വബോധവും തനിമയും ഉണ്ടാക്കുന്നത്. ശ്രാദ്ധമില്ലാത്തവര്‍ക്ക് സ്വത്വമില്ല.  ശ്രദ്ധാചരണത്തിനു തിരുശേഷിപ്പുകള്‍ വേണം.  ശേഷിപ്പില്‍നിന്നു കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശേഷിപ്പിലേക്ക് ഉണ്ടാക്കിയിടുക.  തിരുശേഷിപ്പ് നിര്‍മ്മാണവും വില്പനയും എന്നുമുണ്ട്. തിരുശേഷിപ്പു കണ്ടെത്തുന്ന ചരിത്രകാരന്മാരുണ്ട്; തിരുശേഷിപ്പുണ്ടാക്കുന്ന പ്രവാചകന്മാരുമുണ്ട്.  ആദം ഹവ്വമാരുടെ പറുദീസ അങ്ങനെ ഒരു തിരുശ്ശേഷിപ്പല്ലേ? സ്വര്‍ഗത്തിന്‍റെ തിരുശ്ശേഷിപ്പുണ്ടാക്കുന്ന വെളിച്ചപ്പാടുകളുമുണ്ട്.  എക്കോ എഴുതി "ആ ദേശത്തെക്കുറിച്ച് വാര്‍ത്തയില്ലെങ്കില്‍, കുറെ ഉണ്ടാക്കുക.  ശ്രദ്ധിക്കുക:  നിന്നോട് ഞാന്‍ ആവശ്യപ്പെടുന്നത് നീ തെറ്റ് എന്ന് വിശ്വസിക്കുന്നതിനെക്കുറിച്ച് സാക്ഷ്യം പറയാനല്ല, അതു പാപമാണ്. മറിച്ച് നീ ശരി എന്നു വിശ്വസിക്കുന്നതിനെക്കുറിച്ച് കള്ളസാക്ഷ്യം പറയാനാണ്,  അതു സുകൃതമാണ്.  കാരണം ശരിയായതോ സംഭവിച്ചതോ ആയതിന് ഇപ്പോള്‍ തെളിവില്ലാതാകുമ്പോള്‍ അവ ഉണ്ടാക്കണം.'

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts