news-details
മറ്റുലേഖനങ്ങൾ

സെയിൻറ് ഫ്രാൻസിസ്

ഗുരു നിത്യയോടൊത്തു കഴിയുമ്പോഴാണ് ഫ്രാന്‍കോ സെഫിറേലിയൂടെ 'ബ്രദര്‍ സണ്‍ സിസ്റ്റര്‍ മൂണ്‍' എന്ന സിനിമ കാണുന്നത്. ഗുരുവിന്‍റെ കാല്‍ക്കലിരുന്ന് ആ സിനിമാകണ്ട് ഒരുപാടുകരഞ്ഞു. എത്ര നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും കണ്ണുനീര്‍ തടയാനായില്ല. ഇടയ്ക്കിടയ്ക്ക് ഗുരുവിന്‍റെ വിതുമ്പലും കേള്‍ക്കാമായിരുന്നു. പരിശുദ്ധമായ ഒരു ജീവിതത്തിന്‍റെ നിഷ്കളങ്കമായ ആവിഷ്കാരമായാണ് ആ സിനിമ അനുഭവപ്പെട്ടത്. പ്രാര്‍ത്ഥനാഗീതംപോലെ ഒരു സിനിമ. ഹൃദയത്തെ ആര്‍ദ്രമാക്കുന്ന ആ സിനിമ പലവട്ടം കണ്ടു.

ജീവിതത്തിന്‍റെ പരമാര്‍ത്ഥത്തിലേക്ക് വെളിപാടുണ്ടായ ഫ്രാന്‍സിസ് വസ്ത്രവ്യാപാരിയും ധനാഢ്യനുമായ തന്‍റെ പിതാവിന്‍റെ വസ്തുവകകളെല്ലാം ജനങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന ഒരു രംഗമുണ്ട് സിനിമയില്‍. കുപിതനായ ആ പിതാവ് ഫ്രാന്‍സിസിനെ ക്രൂരമായി മര്‍ദ്ദിച്ചതിനുശേഷം അസ്സീസിയിലെ ബിഷപ്പിനു മുമ്പില്‍ കൊണ്ടുവന്നുനിറുത്തുന്നു. ഫ്രാന്‍സിസ് ചെയ്ത അനീതിയെ ചോദ്യംചെയ്തതിനുശേഷം എന്താണ് നിനക്കുവേണ്ടതെന്നു ബിഷപ്പ് ചോദിക്കുമ്പോള്‍ അതീവാഹ്ലാദത്തോടെ ഫ്രാന്‍സിസ് സംസാരിച്ചുതുടങ്ങുന്നു. ശരീരത്തിലെ ഓരോ കോശവും ഉണര്‍ന്നെഴുന്നേല്‍ക്കുന്ന രംഗമാണത്. ജീവിതത്തിന്‍റെ അന്തര്‍ധാരയായിരിക്കുന്ന പരമാര്‍ത്ഥത്തിലേക്ക് മനുഷ്യാത്മാവിനെ ഉണര്‍ത്താന്‍ സഹായിക്കുന്ന ആ വാക്കുകള്‍ എത്ര അവധാനതയോടെയാണ് സംവിധായകന്‍ ഫ്രാന്‍സിസിനെക്കൊണ്ട് പറയിക്കുന്നത്: "എനിക്കു സന്തോഷവാനായിരിക്കണം, അനന്തവിഹായസ്സിലെ പറവകളെപ്പോലെ എനിക്കു പാറിനടക്കണം, അവര്‍ ഉള്ളിലനുഭവിക്കുന്ന സ്വച്ഛതയാര്‍ന്ന സ്വാതന്ത്ര്യം എനിക്കുമറിയണം. മറ്റുള്ളവയൊക്കെ ഫലരഹിതം. തികച്ചും ഫലശൂന്യം."

അത്രയുംപറഞ്ഞ് ഫ്രാന്‍സിസ് ജനങ്ങളിലേക്കു തിരിയുന്നു. ആവേശത്തോടെ തുടരുന്നു: "എന്നെ വിശ്വസിക്കൂ... ജീവിതത്തിന്‍റെ ലക്ഷ്യം ഇത്തരം സ്നേഹശൂന്യമായ ആയാസം മാത്രമാണെങ്കില്‍, അതെനിക്കാവില്ല. അതിലും മെച്ചമായതൊന്നുണ്ട്. മനുഷ്യന്‍ ഒരു ജീവചൈതന്യമാണ്, ആത്മാവുള്ളവന്‍. അതാണ്, അതു മാത്രമാണ് എനിക്ക് വീണ്ടെടുക്കേണ്ടത്. എന്‍റെ ആത്മാവിനെത്തന്നെ."  

പിന്നീടു നാം കാണുന്നത് വസ്ത്രങ്ങള്‍ ഓരോന്നായുരിയുന്ന ഫ്രാന്‍സിസിനെയാണ്. ജനം അവന്‍റെ ദൈവോര്‍ജ്ജംനിറഞ്ഞ വാക്കുകള്‍കേട്ട് നിശ്ചലരായിനിന്നു. അവന്‍ തുടര്‍ന്നു: "എനിക്കു ജീവിക്കണം. എനിക്ക്  ഈ വിശാലനിലങ്ങളില്‍ ജീവിക്കണം. കുന്നുകളിലേക്ക് ചുവടുകള്‍ നീട്ടിവച്ച് കയറണം. പുഴകളില്‍ നീന്തിത്തുടിക്കണം. എന്‍റെ കാലടികള്‍ക്കുതാഴെയുള്ള ഈ മണ്ണിനെ തൊട്ടറിയണം. പാദകവചങ്ങളില്ലാതെ, അധികാരഭാവമൊഴിഞ്ഞ് എനിക്ക് ഒരു യാചകനാകണം. സത്യമായും അതെ... ഒരു യാചകന്‍. ക്രിസ്തു  അങ്ങനെയായിരുന്നില്ലേ... അവന്‍റെ പരിശുദ്ധ അപ്പസ്തോലന്മാരും അങ്ങനെതന്നെയായിരുന്നു. അവരെപ്പോലെ എനിക്കും സര്‍വ്വസ്വതന്ത്രനാകണം."

സങ്കടവും കോപവും സഹിക്കാനാകാതെ ഫ്രാന്‍സിസിന്‍റെ പിതാവ് ഇടയില്‍ക്കയറി പറയുന്നു: "യാചകര്‍പോലും അവരുടെ പിതാക്കന്മാരോട് ബഹുമാനം കാണിക്കുന്നില്ലേ?"
പിതാവിന്‍റെ ചോദ്യത്തിനു മറുപടിയായി നിശ്ചയദാര്‍ഢ്യത്തോടെ ഫ്രാന്‍സിസ് പറയുന്ന മറുപടി ആ പിതാവിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു: "ഇനിമുതല്‍ ഞാന്‍ നിങ്ങളുടെ മകനല്ല. മാംസത്തില്‍നിന്നുണ്ടായത് മാംസമത്രേ, ആത്മാവില്‍നിന്നുള്ളത് ആത്മാവും. ഞാനിപ്പോള്‍ വീണ്ടും ജനിച്ചിരിക്കുന്നു, ആത്മാവില്‍."

പിന്നീട് നാം കാണുന്നത് എല്ലാ വസ്ത്രവും ഉരിഞ്ഞ് പൂര്‍ണ്ണനഗ്നനായി നില്ക്കുന്ന ഫ്രാന്‍സിസിനെയാണ്. "പിതാവേ, അങ്ങയുടെ പക്കല്‍നിന്നെടുത്തതെല്ലാം ഞാന്‍ തിരിച്ചുനല്കുന്നു. അങ്ങയുടെ വസ്ത്രങ്ങള്‍, സ്ഥാനമാനങ്ങള്‍, പിന്നെ ആ പേരു തന്നെയും."ഭാര്യയുടെ ചുമലില്‍  തലചായ്ച്ചു കരഞ്ഞുകൊണ്ടാണ് അതെല്ലാം ആ പിതാവ് കേട്ടുനിന്നത്. വസ്ത്രങ്ങള്‍ ആ അമ്മ ഏറ്റുവാങ്ങി. പ്രാര്‍ത്ഥനാന്വിതമായ ഹൃദയത്തോടെ കൈകള്‍കൂപ്പിക്കൊണ്ട് ആകാശത്തേക്കുനോക്കി ഫ്രാന്‍സിസ് തുടര്‍ന്നുപറഞ്ഞു: "അവിടെ പിതാക്കന്മാരില്ല. പുത്ര രും. വീടോ സഹോദദരീസഹോദരന്മാരെയോ മാതാപിതാക്കളെയോ കുട്ടികളെയോ വയലോ സ്വര്‍ഗ്ഗീയപിതാവിന്‍റെ നാമത്തില്‍ ഉപേക്ഷിച്ചവരെല്ലാം വരാനിരിക്കുന്ന ജീവിതത്തില്‍ അവയുടെ നൂറിരട്ടിയായി നേടും." ദൈവത്തിലേക്ക് സര്‍വ്വവും സമര്‍പ്പിച്ച ഒരാത്മാവിന്‍റെ അവിശ്വസനീയമായ ഒരു ജീവിതമാണ് പിന്നീട് നാം തുടര്‍ന്നുകാണുന്നത്. ജീവിതമാകവേ ശുദ്ധീകരിക്കപ്പെട്ട ഒരനുഭവവുമായാണ് പ്രേക്ഷകന്‍ ആ സിനിമ കണ്ടെഴുന്നേല്‍ക്കുക.

സെന്‍റ് ഫ്രാന്‍സിസിനെ പിന്നെ അനുഭവിച്ചത് കസന്‍ദ്സാക്കീസിന്‍റെ നോവലിലൂടെയാണ്. പ്രൊഫസര്‍ ജോസഫ് മറ്റത്തിന്‍റെ ഹൃദയസ്പര്‍ശിയായ മൊഴിമാറ്റമാണ് വായിച്ചത്. ആത്മാവിന്‍റെ ഭാഷയില്‍ സാക്കീസ് സെന്‍റ് ഫ്രാന്‍സിസിനെ ആവിഷ്ക്കരിക്കുന്നത് ശ്വാസമടക്കിയാണ് വായിച്ചുതീര്‍ത്തത്. ഒരു വിശുദ്ധ ഗ്രന്ഥംപോലെ അതു കൊണ്ടുനടന്നു. പലതവണ അതു നഷ്ടപ്പെട്ടപ്പോഴും ആരെങ്കിലുമൊക്കെ അതയച്ചുതന്നു. ഇപ്പോള്‍ അതിന്‍റെ ഏറ്റവും പുതിയ പതിപ്പ് മേശപ്പുറത്തിരിക്കുന്നു.

കസന്‍ദ് സാക്കീസിന്‍റെ നോവലും സെഫിറേലിയുടെ സിനിമയും പിന്നെ ഗുരു നിത്യ 'അപൂര്‍വ്വവൈദ്യന്മാര്‍' എന്ന പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്ന സെന്‍റ് ഫ്രാന്‍സിസുമാണ് ഹൃദയത്തില്‍ അണയാതെയെരിയുന്ന അഗ്നി. എന്തുകൊണ്ടോ അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥമായ ജീവചരിത്രം ഇതുവരെ അറിയാനായില്ല. മനസ്സിലാക്കാന്‍ ശ്രമിച്ചുമില്ല. ഇപ്പോള്‍ എന്‍റെ ആത്മാവിനെ ഗ്രസിച്ചുനില്ക്കുന്ന രൂപഭാവാദികള്‍ യഥാര്‍ത്ഥമോ അയഥാര്‍ത്ഥമോ ആകട്ടെ, ഈ ഫ്രാന്‍സിസിനെ മതി എനിക്ക്. ആ ഫ്രാന്‍സിസിന്‍റെ ഹൃദയസഞ്ചാരങ്ങളിലൂടെയുള്ള ഒരു യാത്ര മാത്രമാണ് ഈ കുറിപ്പ്.

ഫ്രാന്‍സിസിന്‍റെ സന്തതസഹചാരിയായിരുന്ന ലിയോയുടെ തൂലികയിലൂടെയാണ് കസന്‍ദ്സാക്കീസ് ഫ്രാന്‍സിസിനെ അവതരിപ്പിക്കുന്നത്. ചൈനീസ് തത്ത്വചിന്തകനായ കണ്‍ഫ്യൂഷ്യസ് ലാവോത്സുവിനെ കണ്ടപ്പോഴുണ്ടായ അനുഭവം രേഖപ്പെടുത്തിയിട്ടുണ്ട്. 'താവോ തേ ചിങ്' എന്ന അത്യപൂര്‍വ്വമായ ഗ്രന്ഥത്തിലൂടെ ലോകംമുഴുവന്‍ അറിയപ്പെടുന്ന ലാവോത്സു താവോദര്‍ശനങ്ങളുടെ അവതാരകനാണ്. ജീവിതത്തിന്‍റെ തനിമയെ വിപ്ലവാത്മകമായി അവതരിപ്പിച്ച മനീഷിയാണദ്ദേഹം. കണ്‍ഫ്യൂഷ്യസ് പറയുന്നു: "പക്ഷിക്ക് പറക്കാനാവുമെന്നും മത്സ്യത്തിന് നീന്താനാവുമെന്നും മൃഗത്തിന് ഓടാനാവുമെന്നും എനിക്കറിയാം. പറക്കുന്നവയെ അമ്പെയ്തുവീഴ്ത്താനും നീന്തുന്നവയെ ചൂണ്ടയിട്ടു കുടുക്കാനും ഓടുന്നവയെ വലവിരിച്ചുപിടിക്കാനും കഴിയും. എന്നാല്‍ മേഘപാളികളിലൂടെയും കാറ്റിലൂടെയും മിന്നല്‍പ്പിണര്‍പ്പോലെ ആകാശത്തേക്കുയരുന്ന വ്യാളിയുടെ ഗതിവിഗതികളറിയുകയെന്നത് എന്‍റെ അറിവിനുമപ്പുറത്തുള്ള കാര്യമാണ്. ഇന്നു ഞാന്‍ ലാവോത്സുവിനെ കണ്ടു. വ്യാളിയെപ്പോലെ ഒരാള്‍."

ഫ്രാന്‍സിസിനെക്കുറിച്ച് പറയാന്‍ ശ്രമിക്കുമ്പോള്‍ ലിയോയും ഇങ്ങനെയൊരു വിഷമം അനുഭവിക്കുന്നുണ്ട്. എന്നാല്‍ എത്ര മനോഹരമായാണ് ലിയോയെക്കൊണ്ട് കസന്‍ദ്സാക്കീസ് ഫ്രാന്‍സിസിനെ അവതരിപ്പിക്കുന്നത്! ലിയോ പറയുന്നു; "ഒരു രാത്രിയില്‍ അസ്സീസി നഗരവീഥികളിലൂടെ അലയുകയായിരുന്നു ഫ്രാന്‍സിസ്. പൂര്‍ണ്ണചന്ദ്രന്‍ ആകാശമദ്ധ്യത്തില്‍ തൂങ്ങി നില്ക്കുന്നതുപോലെ, ഭൂമിയാകെ വായുവില്‍ പൊങ്ങിയൊഴുകുന്നു. അദ്ദേഹം ചുറ്റുംനോക്കി. വീട്ടുവാതില്‍ക്കല്‍ വന്നുനിന്ന് ആ മഹാത്ഭുതം ആസ്വദിക്കുന്ന ആരെയും കാണാഞ്ഞ് അദ്ദേഹം പള്ളിയിലേക്കോടി. മണിമാളികയില്‍ കയറി എന്തോ അത്യാഹിതം സംഭവിച്ചാലെന്നോണം മണിയടിക്കാന്‍ തുടങ്ങി. ഞെട്ടിയുണര്‍ന്ന ജനങ്ങള്‍ എവിടെയോ തീപിടിച്ചെന്നു കരുതി പേടിച്ച്, ശരിക്കും വസ്ത്രം ധരിക്കാന്‍പോലും മറന്ന് സാന്‍റൂഫിനോ പള്ളിമുറ്റത്തു പാഞ്ഞെത്തി. അപ്പോള്‍ അവര്‍ കണ്ടത് ഫ്രാന്‍സിസ് ആവേശത്തോടെ മണിയടിച്ചുകൊണ്ട് നില്ക്കുന്നതാണ്. "എന്തിനാ മണിയടിക്കുന്നത്? എന്തുപറ്റി?" ഏവരും ഉച്ചത്തില്‍ ചോദിച്ചു. "സഹോദരന്മാരേ, കണ്ണുതുറന്ന് മുകളിലേക്കു നോക്കുക, ചന്ദ്രനു നേരെ. ചന്ദ്രികപൊഴിയുന്ന ഈ അനുഗൃഹീതരാത്രിയില്‍ നമുക്കെങ്ങനെ ഉറങ്ങിക്കിടക്കാനാകും..."

ഇതായിരുന്നു വിശുദ്ധ ഫ്രാന്‍സിസ്. ഇതിലും മനോഹരമായി അദ്ദേഹത്തെ അവതരിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. ജീവിക്കുന്ന ഓരോ നിമിഷത്തെയും ദൈവികമായനുഭവിച്ച ആത്മാവ്. ദൈവത്തോടുള്ള പ്രേമംകൊണ്ട് 'ഭ്രാന്തനാ'യി മാറിയ ഒരു ജീവന്‍. ശരീരത്തിലും മനസ്സിലും ആത്മാവിലും തീയുമായി നമുക്കിടയിലൂടെ ജീവിച്ചുപോയ ഒരത്ഭുതം. പരിമിതിയുടെ കിളിക്കൂടായ മനുഷ്യകുലത്തില്‍ അപൂര്‍വ്വവും അസാധാരണവുമായി സംഭവിക്കുന്ന പ്രതിഭാസങ്ങളില്‍ ഒന്ന്. സഹനത്തിന്‍റെ മുള്‍ക്കിരീടം സ്വയംവരിച്ച് ആത്മസംതൃപ്തിയനുഭവിച്ച യോഗീശ്വരന്‍. ആര്‍ക്കും പിന്‍തുടരാനാവാത്ത, പിന്‍തുടരാന്‍ പാടില്ലാത്ത വഴിയിലൂടെ ഏകാകിയായി സഞ്ചരിച്ച പുണ്യാത്മന്‍. ഇങ്ങനെയുള്ളവരെക്കുറിച്ച് ഗുരു നിത്യ പറഞ്ഞ വാക്കുകള്‍ ഉള്ളിലുണരുന്നു: "അബ്ദങ്ങള്‍ ശതാബ്ദങ്ങളില്‍ മറഞ്ഞ് ശതാബ്ദങ്ങള്‍ സഹസ്രാബ്ദങ്ങളിലേക്ക് മറയുമ്പോഴും ലോകമനസ്സിന്‍റെ നഭസ്സില്‍ പ്രശാന്തമായെരിയുന്ന സത്യതാരങ്ങളുണ്ട്. അവരുടെ നിശ്ചലപ്രഭാവത്തില്‍ നമ്മുടെ ഉള്ളലിയുന്നു. അവരുടെ കാലവും പശ്ചാത്തലവും നാം മറന്നുപോകുന്നു. ഈ നിമിഷത്തേക്കാള്‍ അവരുടെ നിത്യവര്‍ത്തമാനം നമുക്കാകര്‍ഷകമായിരിക്കുന്നു. അവര്‍ കണ്ണിന്‍റെ മുമ്പിലല്ല, അന്തരാത്മാവിന്‍റെ ശ്രീകോവിലിലാണ്."

ദൈവത്തിലേക്കുള്ള വഴിയെക്കുറിച്ച് ലിയോയോട് ഫ്രാന്‍സിസ് പറയുന്നത്, "പുണ്യവാനാകുകയെന്നാല്‍ ഭൗതികമായവയെ മാത്രമല്ല ദൈവികമായവയെക്കൂടി ഉപേക്ഷിക്കുക എന്നാണര്‍ത്ഥ"മെന്നാണ്. ഭൗതികസൗകര്യങ്ങള്‍ ഉപേക്ഷിക്കുന്നതു വലിയ ത്യാഗമായി കരുതുന്ന ആത്മീയര്‍ക്ക് ഇടിത്തീപോലെയാണ് ഈ വാക്കുകള്‍.

"സഭ അപകടത്തിലാണ്. നിന്‍റെ കൈയും ചുമലുംകൊണ്ട് അതിനെ താങ്ങിനിറുത്തൂ. അതിനെ വീഴാന്‍ അനുവദിക്കരുത്" എന്നൊരു അശരീരി ഫ്രാന്‍സിസ് കേള്‍ക്കുകയുണ്ടായി. അങ്ങനെയാണ് സാന്‍ദാമിയാനോയിലെ തകര്‍ന്നപള്ളി അദ്ദേഹം കെട്ടിപ്പടുത്തത്. എന്നാല്‍ ദൈവം ഉദ്ദേശിച്ചത് സാന്‍ദാമിയാനോ പള്ളിയെക്കുറിച്ചല്ലെന്ന് പിന്നീടദ്ദേഹത്തിനു ബോദ്ധ്യമായി. ആത്മീയ ജീവിതത്തിന്‍റെ ആഴങ്ങളിലേക്കു സഞ്ചരിച്ചു തുടങ്ങാനുള്ള വെളിപാടുണ്ടായ അനുഗൃഹീതനിമിഷങ്ങളായിരുന്നു അത്. ഫ്രാന്‍സിസിന്‍റെ ഉള്ളില്‍നിന്നുതന്നെ ഉറവപൊട്ടിവന്ന വചനങ്ങള്‍...

ഫ്രാന്‍സിസ് ദൈവത്തോടു ചോദിച്ചു: "ദൈവമേ, അങ്ങു സര്‍വ്വവ്യാപിയാണെന്ന് എനിക്കറിയാം. ഞാന്‍ ഏതു കല്ലുയര്‍ത്തിയാലും അതിനടിയില്‍ അങ്ങയുടെ മുഖം കാണാം. ഏതു കിണറ്റില്‍ നോക്കിയാലും ആ ജലത്തിലുമുണ്ട് അങ്ങയുടെ പ്രതിബിംബം. ഏതു പൂവിലും പുഴുവിലും ശലഭത്തിലും അങ്ങയുടെ പേര് എഴുതപ്പെട്ടിരിക്കുന്നതെനിക്കു കാണാം. അങ്ങു കല്പിച്ച ജോലി പൂര്‍ത്തിയാക്കിയെന്ന് ഇന്നലെ ആഹ്ലാദത്തോടെ പറഞ്ഞപ്പോള്‍ പോരാ, എന്നല്ലായിരുന്നോ അങ്ങയുടെ മറുപടി. പോരേ? അങ്ങേയ്ക്കു തൃപ്തിയായില്ലേ? എങ്കില്‍ കല്പിക്കൂ. എന്താണു ഞാനിനി ചെയ്യേണ്ടത്?"

"നീ ബെര്‍ണദീനോയുടെ പുത്രനെ പുനര്‍നിര്‍മ്മിക്കണം."

ബെര്‍ണദീനോയുടെ പുത്രനായ ഫ്രാന്‍സിസ് അന്നൊരു സത്യമറിഞ്ഞു, അവനവനില്‍ സമാധാനം കണ്ടെത്തണം. എങ്കിലേ ലോകത്തിനു സമാധാനം നല്കാനാവൂ. അവനവനിലേക്കു തിരിയുമ്പോഴാണ് പരിവര്‍ത്തനമെന്നത് എത്ര  പ്രയാസകരമാണെന്നറിയുക.

"സ്ത്രീകള്‍, സുഹൃത്തുക്കള്‍, സുഖജീവിതം, അഹങ്കാരം എല്ലാം എന്നെ വലയ്ക്കുന്നു. മാരകപാപത്തിന്‍റെ ഏഴു പിശാചുക്കളും ഒന്നുചേര്‍ന്ന് എന്‍റെ ഹൃദയത്തിലെ ചോരയൂറ്റിയെടുക്കുകയാണ്. കര്‍ത്താവേ, എങ്ങനെയാണ് ഞാനിവയില്‍നിന്നെല്ലാം - ഫ്രാന്‍സിസില്‍ നിന്നുതന്നെ - രക്ഷപ്പെടുക?"

ശുദ്ധീകരണത്തിന്‍റെ ആഴങ്ങളിലേക്കു സഞ്ചരിക്കുമ്പോള്‍ അനുഭവപ്പെടുന്ന നിസ്സഹായതയുടെ വിലാപമാണിത്. പരിശുദ്ധമായ ബോധങ്ങളില്‍നിന്നേ ഇത്തരം വിലാപങ്ങള്‍ മൗനാത്മകമായുണരാറുള്ളൂ. സത്യസന്ധതയോടെ സഞ്ചരിക്കുന്നവര്‍ അനിവാര്യമായും കടന്നുപോകേണ്ട തപസ്സിന്‍റെ വഴിയാണത്. യാത്രയെ സുഗമമാക്കാന്‍ ഫ്രാന്‍സിസിനുള്ളത് സ്നേഹത്തിന്‍റെ വഴിയാണ്. എല്ലാ മഹാത്മാക്കളും അതുതന്നെയാണ് പല ഭാഷകളില്‍ പറഞ്ഞതും.

"സഹോദരന്മാരേ, നമുക്ക് അന്യോന്യം സ്നേഹിക്കാം. ആദ്യം ദൈവത്തെ സ്നേഹിക്കണം. പിന്നെ മനുഷ്യരെ. മനുഷ്യര്‍ അന്യോന്യം സ്നേഹിക്കണം. മൃഗങ്ങളെയും പക്ഷികളെയും സ്നേഹിക്കണം. ശത്രുക്കളെ സ്നേഹിക്കണം. പിന്നെ നാം ചവിട്ടിനില്ക്കുന്ന ഈ മണ്ണില്ലേ, അതിനെ സ്നേഹിക്കണം."

സ്നേഹമെന്നത് വലിയൊരു ഉത്തരവാദിത്വമാണെന്ന് ഓര്‍മ്മിപ്പിക്കുകയാണദ്ദേഹം. മണ്ണുമുതല്‍ വിണ്ണുവരെ സര്‍വ്വതിനോടുമുള്ള ഉത്തരവാദിത്വമാണ് ഫ്രാന്‍സിസിന് സ്നേഹം. അത് അത്യുന്നതങ്ങളില്‍മാത്രം വ്യാപരിക്കേണ്ട സ്വപ്നാടനമല്ല. ഇവിടെ, ഇപ്പോള്‍ സത്യമായനുഭവിക്കേണ്ട യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെയാണ് "അങ്ങ് ഇരുട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ദൈവം എങ്ങനെയാണ് സ്വയം വെളിപ്പെടുത്തുന്നതെന്ന്" ലിയോ ചോദിച്ചപ്പോള്‍, "ഒരു ഗ്ലാസ്സ് പച്ചവെള്ളംപോലെ" എന്ന് അദ്ദേഹം മറുപടിപറഞ്ഞത്.

ജീവിതത്തെ നിഷ്പക്ഷമായി അനുഭവിച്ച മനുഷ്യനായിരുന്നു അദ്ദേഹം. "ഞാന്‍ കരയുന്നുമുണ്ട്, ചിരിക്കുന്നുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം രണ്ടും ഒന്നുതന്നെ. ഞാന്‍ ആകാശത്തില്‍നിന്നും തൂക്കിയിടപ്പെട്ട നിലയില്‍, ഒരാള്‍പൊക്കത്തില്‍, ഈ ഭൂമിക്കുമേല്‍ നടന്നുപോകുന്നതായി എനിക്കുതോന്നുന്നു" എന്നാണ് സ്വയാത്രയെ അദ്ദേഹം വര്‍ണ്ണിക്കുന്നത്. ഭൂമിയില്‍ സ്പര്‍ശിക്കാതെയും എന്നാല്‍ ആകാശത്തേക്കു പറന്നുയരാതെയും മനുഷ്യനും ദൈവത്തിനുമിടയില്‍ പരാതിയില്ലാതെ എല്ലാമനുഭവിച്ച് കടന്നുപോയൊരാത്മാവ്.

കരുണയും സഹാനുഭൂതിയും സഹജസ്വഭാവമായിരുന്നു അദ്ദേഹത്തിന്. വഴിവക്കില്‍ സൗന്ദര്യം വിതറി നില്ക്കുന്ന ഡെയ്സിപൂക്കള്‍ പറിക്കാന്‍ കൈകള്‍നീണ്ടുപോയപ്പോള്‍ ഫ്രാന്‍സിസ് സ്വയംപറയുന്നത്: "വേണ്ട, ഈ വഴിക്ക് അലങ്കാരമായി ദൈവം സൃഷ്ടിച്ചതാണ് ഈ മനോഹരപുഷ്പങ്ങള്‍. നാമെന്തിന് ഇവയുടെ ലക്ഷ്യത്തിനു തടസ്സം നില്ക്കുന്നു" എന്നാണ്. ഓരോ ജീവനും അതിന്‍റേതായ ലക്ഷ്യമുണ്ടെന്നും നമ്മുടെ കര്‍മ്മങ്ങള്‍ ആരുടെയും വഴിക്ക് തടസ്സമാകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നതായാണ് ഇതു വായിച്ചപ്പോള്‍ തോന്നിയത്.

ആ സാദ്ധ്യതയുടെ ആഴം അറിഞ്ഞപ്പോഴാണ് ലിയോയോട് അദ്ദേഹം പറഞ്ഞത്: "ലിയോ, ദൈവഹിതം നിറവേറ്റുകയെന്നാല്‍ നമ്മുടെ ഹൃദയത്തിന്‍റെ ആഴങ്ങളിലുള്ള നിഗൂഢമായ ആഗ്രഹങ്ങള്‍ നിറവേറ്റുക എന്നുതന്നെയാണര്‍ത്ഥം. ഏറ്റവും അയോഗ്യനായ ആളില്‍പ്പോലും അവിടുത്തെ ഒരു ഭക്തദാസന്‍ ഉറങ്ങിക്കിടപ്പുണ്ട്."

എല്ലാ ജീവനിലും ദൈവികസാന്നിദ്ധ്യം ദര്‍ശിച്ച ഒരാത്മാവിന്‍റെ വാക്കുകളായിരുന്നു അവ. അനുഗൃഹീതമായ ആ സാദ്ധ്യതയെ ഉണര്‍ത്താന്‍ ഫ്രാന്‍സിസ് സ്വജീവിതത്തിലൂടെ ഏവര്‍ക്കും പ്രചോദനമാകുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഹൃദയസഞ്ചാരങ്ങളുമായി പാരസ്പര്യപ്പെടുമ്പോഴെല്ലാം അനിര്‍വ്വചനീയമായ ഒരു ശാന്തി നമ്മില്‍പ്പടരുന്നത് അനുഭവിക്കാനാകും. ആത്മസഞ്ചാരമില്ലാത്ത വാക്കുകള്‍ എത്ര നിരര്‍ത്ഥകവും വിരസവുമാണെന്നു സുവിശേഷപ്രസംഗകരായ മതപുരോഹിതന്മാരിലൂടെ നാം അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ഫ്രാന്‍സിസിനെപ്പോലുള്ളവരിലൂടെ വാക്കുകള്‍ ഒഴുകിവരുമ്പോള്‍ അതു കാതും മനസ്സും ഹൃദയവുംകടന്ന് ആത്മാവിന്‍റെ അതിലോലമായ ഇടങ്ങളില്‍പ്പോയി വീഴുന്നു. വളക്കൂറുള്ള മണ്ണില്‍വീഴുന്ന വിത്തുകള്‍പോലെ കാലമെത്തുമ്പോള്‍ അതു മുളച്ചുവരുന്നു. തണ്ടും ശാഖയുമായി ആകാശത്തേക്കു വളര്‍ന്നുപന്തലിക്കുന്നു.

ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ കേള്‍ക്കാനിടയായ സില്‍വസ്റ്ററച്ചന്‍ പറയുന്നതു കേള്‍ക്കുക: "ക്രിസ്തു പറഞ്ഞ വാക്കുകള്‍ നീ ഉച്ചരിച്ചുകേട്ടപ്പോള്‍ ആദ്യംകേള്‍ക്കുന്നതുപോലെ, മുമ്പൊരിക്കലും ഞാന്‍ സുവിശേഷം വായിച്ചിട്ടില്ലാത്തതുപോലെ എനിക്കുതോന്നി. എന്നും വായിക്കുന്നതാണെങ്കിലും അവ വെറും അക്ഷരങ്ങളും ശബ്ദങ്ങളുമായേ എനിക്കു തോന്നിയിരുന്നുള്ളൂ. നീ ഉദ്ധരിച്ചപ്പോഴാണ് അവ തീയായി എനിക്കനുഭവപ്പെട്ടത്. ദാരിദ്ര്യത്തിന്‍റെ, ദൈവതിരുമനസ്സിന്‍റെ അര്‍ത്ഥമെന്തെന്ന് ഞാനറിഞ്ഞത്."

പണ്ഡിതന്മാരായ മതപുരോഹിതന്മാരുടെ അരോചകമായ വാചകക്കസര്‍ത്തുകളെ എന്നും സഹതാപത്തോടെയേ ഫ്രാന്‍സിസിനു കാണാന്‍കഴിഞ്ഞിട്ടുള്ളൂ. കുട്ടിക്കാലത്തെ ഒരനുഭവം അദ്ദേഹം സ്മരിക്കുന്നത് രസാവഹമാണ്. പെട്രോ എന്ന ശിഷ്യനോടാണ് ഫ്രാന്‍സിസ് അതുപറയുന്നത്: "എന്‍റെ കുട്ടിക്കാലത്ത് പണ്ഡിതനായ ഒരു ദൈവശാസ്ത്രജ്ഞന്‍ സാന്‍ റൂഫിനോപള്ളിയില്‍ ക്രിസ്തുമസ്സിന് പ്രസംഗിക്കാന്‍ വന്നു. മണിക്കൂറുകള്‍ നീണ്ടുനിന്നു പ്രസംഗം. മനുഷ്യാവതാരം, ലോകരക്ഷ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഭയങ്കരമായ പ്രസംഗം. തല ചുറ്റുന്നതുപോലെ എനിക്കുതോന്നി. സഹികെട്ട് ഞാന്‍ എഴുന്നേറ്റ് പറഞ്ഞു: അച്ചോ, ശകലംനേരം മിണ്ടാതിരുന്നാല്‍ ഉണ്ണീശോ പുല്‍ക്കുടിലില്‍കിടന്ന് കരയുന്നതു കേള്‍ക്കാമായിരുന്നു."

"ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തി രഹസ്യമോര്‍ത്തീടേണം"
എന്ന നാരായണഗുരുവിന്‍റെ വരികളാണ് ഈ വാക്കുകള്‍ വായിച്ചപ്പോള്‍ ഓര്‍മ്മയില്‍ തെളിഞ്ഞത്.

ഒരു യഥാര്‍ത്ഥഭക്തന്‍ ജനിക്കുന്നത് എല്ലാ മോഹങ്ങളില്‍നിന്നും മുക്തനാകുമ്പോഴാണെന്നു ഫ്രാന്‍സിസിനെപ്പോലുള്ളവരുടെ വാക്കുകള്‍ കേള്‍ക്കുമ്പോഴാണ് മനസ്സിലാകുക. അദ്ദേഹത്തിന്‍റെ ഒരു പ്രാര്‍ത്ഥന കേള്‍ക്കുക: "കര്‍ത്താവേ, പറുദീസ മോഹിച്ചാണ് ഞാനങ്ങയെ സ്നേഹിക്കുന്നതെങ്കില്‍ മാലാഖായെവിട്ട് അങ്ങ് അതിന്‍റെ വാതിലടപ്പിക്കുക. നരകത്തെ പേടിച്ചാണ് ഞാനങ്ങയെ സ്നേഹിക്കുന്നതെങ്കില്‍ എന്നെ ആ നിത്യാഗ്നിയിലേക്ക് എറിഞ്ഞേക്കുക. എന്നാല്‍ അങ്ങേയ്ക്കുവേണ്ടി, അങ്ങേയ്ക്കുവേണ്ടിമാത്രമാണ് ഞാനങ്ങയെ സ്നേഹിക്കുന്നതെങ്കില്‍ ഇരുകരങ്ങളുംനീട്ടി എന്നെ സ്വീകരിക്കണമേ..."

എന്തുകൊണ്ടാണ് നമ്മുടെ പ്രാര്‍ത്ഥനകളെല്ലാം നിഷ്ഫലമായിപ്പോകുന്നതെന്ന് ഇതൊക്കെ വായിക്കുമ്പോഴാണ് മനസ്സിലാകുന്നത്. തന്‍റെയടുത്ത് ശിഷ്യത്വം തേടിയെത്തിയ പഴയകാലസുഹൃത്തായ റൂഫിനോയോട് ഫ്രാന്‍സിസ് പറയുന്നു: "ബൊളോഞ്ഞോയില്‍ ഉപരിപഠനം നടത്തി മനസ്സുനിറയെ ചോദ്യങ്ങളുമായി വന്നയാളല്ലേ? ഇവിടെ ചോദ്യങ്ങളില്ല. ഉത്തരങ്ങള്‍ മാത്രം. തീരുമാനങ്ങള്‍ മാത്രം. വിശപ്പും വിരക്തിയും നഗ്നതയും സഹിക്കാന്‍ നിങ്ങള്‍ക്കു കഴിയുമായിരിക്കും. എന്നാല്‍, തീരുമാനങ്ങളെ ചോദ്യംചെയ്യാതെ സ്വീകരിക്കാന്‍ കഴിയുമോ? ചെവിയും കണ്ണും വായും സര്‍പ്പത്തിനു നക്കാന്‍  വിട്ടുകൊടുത്ത് ജ്ഞാനവൃക്ഷത്തിന്‍റെ ചുവട്ടില്‍ തപസ്സിരിക്കുന്ന ഏതു നിര്‍ഭാഗ്യനും ഇതു വലിയ പ്രലോഭനമാണു റൂഫിനോ..."

തനിക്കൊരിക്കലും അതിനു കഴിയില്ലെന്നുപറഞ്ഞു പിന്‍തിരിഞ്ഞുനടക്കുന്ന റൂഫിനോയെ കെട്ടിപ്പിടിച്ചുകൊണ്ട് ഫ്രാന്‍സിസ് പറയുന്ന വാക്കുകളിലാണ് ഗുരുവചനങ്ങളുടെ മഹിമ നാം ദര്‍ശിക്കുന്നത്. "കഴിയും, നിനക്കതിനു കഴിയും റൂഫിനോ... കഴിയില്ലെന്നുപറയാന്‍ ധൈര്യംകാട്ടിയവനു കഴിയുമെന്നു പറയാന്‍കഴിയും. നമ്മുടെ  മനസ്സിനേക്കാള്‍ ഹൃദയമാണ്  ദൈവത്തോട് അടുത്തിരിക്കുന്നത്. മനസ്സിനെവിട്ട് ഹൃദയം പറയുന്നത് ശ്രദ്ധിച്ചുകേള്‍ക്കൂ..."

കുഷ്ഠരോഗികള്‍ ദൈവത്താല്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നവരാണെന്നു വിശ്വസിച്ചിരുന്ന ഒരു കാലത്താണ് ഫ്രാന്‍സിസ് ജീവിച്ചിരുന്നത്. അതുകൊണ്ട് യൂറോപ്പിലെ സത്യവിശ്വാസികളായ ക്രിസ്ത്യാനികള്‍ കുഷ്ഠരോഗികളെ കാണുകപോലും ചെയ്യുകയില്ലായിരുന്നു. മണിമുഴക്കിക്കൊണ്ടുവേണം കുഷ്ഠരോഗികള്‍ പുറത്തിറങ്ങുവാന്‍. ആ മണിനാദംകേട്ട് ഫ്രാന്‍സിസ് പേടിച്ചുവിറയ്ക്കുകയും ഭയന്നുനിലവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദൈവവിളിയുണ്ടായി, സര്‍വ്വവും ത്യജിച്ച് ആടിപ്പാടി നടക്കുമ്പോള്‍ വീണ്ടും ക്ലാരയെ കാണുവാനിടയായി. സ്നേഹത്തിന്‍റെയും ശാന്തിയുടെയും പ്രതിരൂപംപോലെ കഴിഞ്ഞിരുന്ന ക്ലാര പ്രഭുകുടുംബത്തിലെ അംഗമായിരുന്നു. ക്ലാരയിലൂടെയാണ് കുഷ്ഠരോഗികളിലേക്ക് ഫ്രാന്‍സിസിന്‍റെ ഹൃദയം  ഒഴുകിയിറങ്ങിയത്. പിന്നീട് ഫ്രാന്‍സിസില്‍ പരിപൂര്‍ണ്ണമായും തന്നെ സമര്‍പ്പിച്ച് കന്യാസ്ത്രീയായി മാറി ക്ലാര. എല്ലാവരാലും വെറുക്കപ്പെട്ടിരുന്ന കുഷ്ഠരോഗികളെ കുളിപ്പിച്ചും മുറിവുകളില്‍ മരുന്നുവച്ചുകൊടുത്തും അവര്‍ക്കുവേണ്ട ഭക്ഷണമെത്തിച്ചുകൊടുത്തുമാണ് ക്ലാര ജീവിതാനന്ദം അനുഭവിച്ചിരുന്നത്. ഫ്രാന്‍സിസ് ക്ലാരയെ സ്നേഹിക്കുന്നു. ക്ലാര കുഷ്ഠരോഗികളെ സ്നേഹിക്കുന്നു. അത് സമ്പൂര്‍ണ്ണമായ പരിവര്‍ത്തനമാണ് ഫ്രാന്‍സിസില്‍ ഉണ്ടാക്കിയത്. കുഷ്ഠരോഗികളുടെ മണിനാദം കേട്ടാല്‍ ഭയന്നുവിറച്ചിരുന്ന ഫ്രാന്‍സിസ് അവസാനം കുഷ്ഠരോഗിയെ തന്‍റെ മടിയില്‍കിടത്തി കുളിപ്പിക്കുന്നു. അവരുടെ വ്രണങ്ങളില്‍ ചുംബിക്കുന്നു. ശരീരത്തിനുപിന്നില്‍ അതീവസുന്ദരമായ പരമാത്മാവുണ്ടെന്നു ഫ്രാന്‍സിസ് മനസ്സിലാക്കി.

വിശന്നും തണുത്തുവിറച്ചും ഒരു ഗുഹയില്‍ വിശ്രമിക്കുമ്പോഴാണ് സ്വന്തം ഉള്ളില്‍നിന്നും ഒരു സ്വരമുയരുന്നതു ഫ്രാന്‍സിസ് കേട്ടത്: "നേരം പുലര്‍ന്നില്ലേ? എഴുന്നേറ്റു യാത്രതുടരൂ. നിനക്കുവേണ്ടി ഞാന്‍ മഴ നിറുത്തിത്തരാം. കുറെയങ്ങുചെല്ലുമ്പോള്‍ നീ ഒരു മണിനാദം കേള്‍ക്കും. അത് ഞാനയയ്ക്കുന്ന ഒരു കുഷ്ഠരോഗി കിലുക്കുന്ന മണിയുടെ സ്വരമായിരിക്കും. ഓടിച്ചെന്ന് നീ അവനെ കെട്ടിപ്പിടിക്കണം. കെട്ടിപ്പിടിച്ചു ചുംബിക്കണം."

അത് ഫ്രാന്‍സിസിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. മറ്റെന്തും ഫ്രാന്‍സിസിനു സഹിക്കാം. പക്ഷേ, ഇത്... എന്നാല്‍, അതാണ് ദൈവം ആവശ്യപ്പെടുക. നാം ഏതൊന്നില്‍നിന്നാണോ അകന്നുമാറുന്നത് അതിലൂടെയാകും ദൈവം നമ്മിലേക്കു പ്രവേശിക്കുക. അവസാനം ഫ്രാന്‍സിസ് നടന്നു. കുഷ്ഠരോഗിയെ കണ്ടു. ഓടിച്ചെന്നു കെട്ടിപ്പിടിച്ച് എല്ലാ മുറിവുകളിലും ഹൃദയപൂര്‍വ്വം ചുംബിച്ചു. കുറച്ചുകഴിഞ്ഞ് രോഗിയെ വീണ്ടും നോക്കിയപ്പോള്‍ അവിടെ ആരും ഇല്ലായിരുന്നു. അപ്പോഴാണ് തനിക്കുമുമ്പില്‍ രോഗിയായി പ്രത്യക്ഷപ്പെട്ടത് ക്രിസ്തുവായിരുന്നുവെന്ന് ഫ്രാന്‍സിസ് അറിഞ്ഞത്. ആനന്ദാതിരേകത്താല്‍ പൊട്ടിച്ചിരിച്ചും പൊട്ടിക്കരഞ്ഞും ഭൂമിയില്‍ക്കിടന്നുരുളുന്ന ഫ്രാന്‍സിസിനെയാണ് നാം പിന്നീട് കാണുന്നത്. ചാടിയെഴുന്നേറ്റ് ലിയോയുടെ കൈയില്‍ മുറുകെപിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് മറ്റൊന്നായിരുന്നു. ആ വാക്കുകളിലാണ് നാം ഫ്രാന്‍സിസിന്‍റെ തനിമ അറിയുന്നത്: "ലിയോ, കുഷ്ഠരോഗികളുടെയും മുടന്തന്മാരുടെയും പാപികളുടെയും ചുണ്ടുകളില്‍ നാം ചുംബിച്ചാല്‍ അവരൊക്കെ ക്രിസ്തുവായിത്തീരും."

തന്‍റെ ജീവിതവഴിക്ക് അനുമതി തേടിക്കൊണ്ട് പോപ്പിനെ സന്ദര്‍ശിച്ച വേളയില്‍ ഫ്രാന്‍സിസ് പറയുന്ന ഒരു ഉപമയുണ്ട്. നീണ്ടസംഭാഷണത്തിനുശേഷം അവസാനമായി പോപ്പിന്‍റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഈ വാക്കുകള്‍ അദ്ദേഹത്തില്‍നിന്നും ഒഴുകിയിറങ്ങിയത്: "ഒരിക്കല്‍ മഞ്ഞുകാലം പകുതിയായപ്പോള്‍ ഒരു ബദാംമരം പൂചൂടി.  അതുകണ്ട് ചുറ്റുംനിന്ന മറ്റുമരങ്ങള്‍ ആക്രോശിച്ചു: 'ഓ, എന്തു നിഗളം. എന്ത് അഹങ്കാരം! വസന്തത്തെ ഇങ്ങനെ വിളിച്ചുവരുത്താമെന്നാണോ നിന്‍റെ ഭാവം!'

"ബദാംപൂക്കള്‍ നാണിച്ചു. 'ക്ഷമിക്കണം സഹോദരിമാരേ, ഞാന്‍ പൂ ചൂടണമെന്നാഗ്രഹിച്ചതല്ല. പക്ഷേ, എന്‍റെയുള്ളില്‍ വസന്തര്‍ത്തുവിന്‍റെ അതീവഹൃദ്യമായ ഒരിളങ്കാറ്റുവീശി. അപ്പോള്‍ എനിക്കു പൂക്കാതിരിക്കാന്‍ വയ്യാതായി."

ഫ്രാന്‍സിസിനെ അസൂയയോടെ ഉപദ്രവിച്ചിരുന്നവര്‍ക്കെല്ലാമുള്ള ശക്തമായ വിമര്‍ശനമായിരുന്നു അത്. ഇതിലും ശക്തമായി എങ്ങനെ വിമര്‍ശിക്കാനാകും. സമ്പൂര്‍ണ്ണമായ ദാരിദ്ര്യവും സമ്പൂര്‍ണ്ണമായ ലാളിത്യവും സമ്പൂര്‍ണ്ണമായ സ്നേഹവും ജീവിതവ്രതമാക്കിയ ഫ്രാന്‍സിസിന്‍റെ രീതി തീവ്രമാണെന്ന അഭിപ്രായമായിരുന്നു പോപ്പിന്. എല്ലാം ഒരു പരിധിക്കപ്പുറം നല്ലതല്ലെന്ന് അദ്ദേഹം ഉപദേശിച്ചു: "എല്ലാം അമിതമാകുമ്പോള്‍ നാം പിശാചിന്‍റെപിടിയില്‍പ്പെടാന്‍ കൂടുതല്‍ എളുപ്പമാകും. അതുകൊണ്ട് നീ കരുതിയിരിക്കണം."

അതിനുള്ള ഫ്രാന്‍സിസിന്‍റെ മറുപടി "ദാരിദ്ര്യത്തെ ഭയപ്പെടുന്ന മനുഷ്യരെക്കാണുമ്പോള്‍ പിശാച് സന്തോഷിക്കുന്നു. ഒന്നുമില്ലാത്ത, തീര്‍ത്തും ഒന്നുമില്ലാത്ത, അവസ്ഥയാണ് ദൈവത്തിലേക്ക് വഴികാട്ടുന്നത്. മറ്റൊന്നുമല്ല" എന്നായിരുന്നു.

അത്രയ്ക്കും അനുഭവസമ്പന്നമായ ദൈവികതയായിരുന്നു ഫ്രാന്‍സിസിനെ നയിച്ചിരുന്നത്. മനുഷ്യശരീരം ഒരു വില്ലാണെന്നും ദൈവമാണ് വില്ലാളിയെന്നും ആത്മാവ് ശരമാണെന്നും അദ്ദേഹം പറഞ്ഞു. ആ ഉപമ മനസ്സിലാകാതെ നില്ക്കുന്ന ലിയോയോട് അദ്ദേഹംതുടര്‍ന്നു: "മൂന്നുതരത്തിലുള്ള പ്രാര്‍ത്ഥനകളുണ്ട്. ഒന്ന്, ദൈവമേ, എന്നെ വളയ്ക്കൂ. ഞാന്‍ തുരുമ്പിച്ചുപോകും. രണ്ട്, എന്നെ അധികം വളയ്ക്കരുത്. വളച്ചാല്‍ ഞാന്‍ ഒടിഞ്ഞുപോകും. മൂന്ന്, കര്‍ത്താവേ, എന്നെ ഇഷ്ടംപോലെ വളച്ചോ. ഒടിഞ്ഞാല്‍ ആര്‍ക്കുചേതം? ലിയോ, ഈ മൂന്നാമത്തെ പ്രാര്‍ത്ഥനയാണ് നമ്മുടേത്."

പ്രാര്‍ത്ഥനയുടെ വിശുദ്ധി വിശുദ്ധന്മാരിലൂടെ ഒഴുകിയെത്തുമ്പോഴാണ് നമുക്കനുഭവിക്കാനാകുക. ആവശ്യങ്ങളുടെ നിറവേറ്റലിനായുള്ള വിലാപങ്ങളല്ല അവരുടെ പ്രാര്‍ത്ഥന. അതില്‍ ജ്ഞാനത്തിന്‍റെ അലയൊലികളുണ്ടാകും. ജീവിതത്തിന്‍റെ പൊരുളറിയാനുള്ള വെമ്പലുണ്ടാകും. ദൈവികതയുടെ അമൃതസ്പര്‍ശമുണ്ടാകും...

ഫ്രാന്‍സിസിന്‍റെ ഒരു പ്രാര്‍ത്ഥന കേള്‍ക്കുക: "സോദരിമാരേ, പക്ഷികളേ, നിങ്ങളുടെയും ഞങ്ങളുടെയും പിതാവായ ദൈവം നിങ്ങളെ എത്രകണ്ടു സ്നേഹിക്കുന്നുവെന്നോ? ഓരോതവണ ചുണ്ടില്‍ വെള്ളമെടുക്കുമ്പോഴും നിങ്ങള്‍ മുകളിലേക്ക് നോക്കുന്നത് ദൈവത്തിനു നന്ദിപറയാനല്ലേ? പുലര്‍ച്ചെ സൂര്യന്‍ നിങ്ങളുടെ കുഞ്ഞുനെഞ്ചുകളില്‍ രശ്മികളായി പതിക്കുംമുമ്പുതന്നെ നിങ്ങള്‍ വൃക്ഷശിഖരങ്ങളില്‍ ചാടിക്കളിക്കുകയും ദൈവനാമം പാടിപ്പുകഴ്ത്തുകയും ചെയ്യുന്നു. സൂര്യന്‍റെ, ഹരിതവൃക്ഷങ്ങളുടെ, സംഗീതത്തിന്‍റെ നാഥനായ ദൈവം! നിങ്ങള്‍ ആകാശത്തില്‍ ഉയര്‍ന്നു പറക്കുന്നത് അവിടുത്തെ അടുത്തായിരിക്കാന്‍ വേണ്ടിയല്ലയോ? നിങ്ങളുതിര്‍ക്കുന്ന സംഗീതം അവിടുത്തെ കാതില്‍ എത്തിക്കാനല്ലേ? കൂട്ടില്‍ മുട്ടയിട്ട് അമ്മയാകാന്‍ മുട്ടയ്ക്കു നിങ്ങള്‍ അടയിരിക്കുമ്പോള്‍ ദൈവം ഒരാണ്‍പക്ഷിയായി പറന്നുവന്ന് അടുത്ത കമ്പിലിരുന്ന് നിങ്ങളുടെ ഈറ്റുനോവ് കുറയ്ക്കാന്‍ പാട്ടുപാടുന്ന കാര്യം നിങ്ങള്‍ അറിയുന്നുണ്ടോ?"

ഇങ്ങനെയൊക്കെയേ ഫ്രാന്‍സിസിനു സംസാരിക്കാനാകൂ. പരമ്പരാഗതമായ എല്ലാ രീതിശാസ്ത്രങ്ങളെയും തകിടംമറിക്കുന്ന ഒരു രസതന്ത്രമാണ് ഇങ്ങനെയുള്ളവരെ ചൂഴ്ന്നുനില്ക്കുന്നത്. അതുകൊണ്ടുതന്നെയാണ് തന്‍റെ ശിഷ്യസംഘത്തിന്‍റെ തലവനായി സ്വയംപ്രഖ്യാപിച്ച ഏലിയാസ, "ജീവിക്കുന്ന കാലഘട്ടത്തോട് ഇണങ്ങിപ്പോകുന്നതാണ് ശരിക്കും ജീവനുള്ളയാളിന്‍റെ കര്‍ത്തവ്യ"മെന്നു പരിഹാസത്തോടെ വിളിച്ചുപറഞ്ഞപ്പോള്‍, "അല്ല, ജീവിക്കുന്ന കാലഘട്ടത്തെ എതിര്‍ക്കുകയാണ് സ്വതന്ത്ര മനുഷ്യന്‍റെ ചുമതല"യെന്ന് ഫ്രാന്‍സിസ് സൗമ്യമായി മൊഴിഞ്ഞത്.

തന്‍റെ പ്രിയപ്പെട്ട ശിഷ്യസംഘത്തെവിട്ട് യാത്രതിരിക്കുമ്പോള്‍ ലിയോ ചോദിച്ചു: "നമ്മള്‍ എങ്ങോട്ടാണു പോകുന്നത്, എന്തെങ്കിലും രൂപമുണ്ടോ?"

ഫ്രാന്‍സിസ് പറയുന്നു: "നമുക്കെന്തിനാണ് രൂപം? കര്‍ത്താവിനു രൂപമുണ്ട്. അതുമതി. നിങ്ങള്‍ സൂര്യകാന്തിപ്പൂവ് കണ്ടിട്ടില്ലേ? സൂര്യനെപ്പോലെയിരിക്കും. അതിന്‍റെ നോട്ടം എപ്പോഴും സഹോദരന്‍ സൂര്യനിലാണ്. സൂര്യന്‍റെ യാത്രാപഥം നോക്കി അത് അനുസരണയോടെ കണ്ണുതിരിക്കുന്നു. നമുക്കും അങ്ങനെചെയ്യാം. എപ്പോഴും ദൈവത്തില്‍ കണ്ണുകള്‍ ഉറപ്പിച്ചുവച്ച് യാത്ര."

ഒറ്റയ്ക്കുതുടങ്ങിയ ഒരു യാത്ര. വഴിമദ്ധ്യേ പലരും കൂടെക്കൂടി. അദ്ദേഹത്തോടൊപ്പം യാത്രചെയ്യുക അസഹനീയമാണെന്നനുഭവിച്ചപ്പോള്‍ എല്ലാവരും അവരവരുടെ വഴിക്കുപോയി. ഫ്രാന്‍സിസ് ഫ്രാന്‍സിസിന്‍റെ വഴിയില്‍ വീണ്ടും സൂര്യകാന്തിപ്പൂവിനെപ്പോലെ യാത്രതുടര്‍ന്നു. ദൈവവും ഫ്രാന്‍സിസും മാത്രം. അതങ്ങനെയേ ഒക്കൂ. ആര്‍ക്കും അദ്ദേഹത്തെ അധികകാലം പിന്തുടരാനാവില്ല. അത്രയ്ക്കു തീക്ഷ്ണമാണ് ആ ആത്മാവ്. ആ ശരീരത്തിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു അതില്‍ വന്നുനിറഞ്ഞ ഊര്‍ജ്ജപ്രവാഹം. അതുകൊണ്ടുതന്നെയാകാം നേരത്തെതന്നെ അതു പൊലിഞ്ഞു പോയത്.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts