news-details
മറ്റുലേഖനങ്ങൾ

ഇരുളിലെ ഇത്തിരിവെട്ടങ്ങള്‍

നാല്പത്തിയേഴുവയസ്സുമാത്രമുള്ള ഞങ്ങളുടെ അങ്കിള്‍ റോഡപകടത്തില്‍ മരിച്ചു. എല്ലാവരും വല്ലാത്തൊരു ഷോക്കിലായിരുന്നു. രണ്ടുമണിക്കൂര്‍ മുന്‍പ് എല്ലാവരോടും ചിരിച്ചുസംസാരിച്ചു പോയതാണ്, ഇപ്പോള്‍ നിശ്ചേതനമായി.... ആര്‍ക്കും പരസ്പരമൊന്നും സംസാരിക്കാന്‍ പോലുമാകുന്നില്ല. ഞങ്ങള്‍ സിവില്‍ഹോസ്പിറ്റലിലെത്തി. അങ്കിളിന്‍റെ ശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി അവിടെയെത്തിച്ചുണ്ട്. അന്ത്യചടങ്ങുകള്‍ക്കായി ശരീരം ഏറ്റുവാങ്ങും മുന്‍പുള്ള നടപടികളൊക്കെ കഴിയാനായി ഞങ്ങള്‍ നിശബ്ദരായി കാത്തിരുന്നു.

എല്ലാവരുടെയും മനസ്സില്‍ ഒരേ ചിന്തയായിരുന്നു; ജീവിതത്തിന്‍റെ നൈമിഷികതയെപ്പറ്റി. നാം പലതും പ്ലാന്‍ ചെയ്യുന്നു, പടുത്തുയര്‍ത്തുന്നു, പോരടിക്കുന്നു, രോഷം കൊള്ളുന്നു. എന്നാലോ ഒരു മിന്നലാട്ടംപോലെ കടന്നുവരുന്ന മരണം എല്ലാം തുടച്ചു നീക്കിക്കൊണ്ടുപോകുന്നു!

സൂര്യാസ്തമയത്തിനുമുന്‍പു ശവസംസ്കാരം നടത്തേണ്ടതുണ്ട്. പോസ്റ്റ്മോര്‍ട്ടം റൂമില്‍നിന്ന് വാര്‍ഡ് ബോയ് ഇറങ്ങിവന്നു. രക്തംപുരണ്ട ഗ്ലൗസുകള്‍ വലിച്ചൂരി ഒരു കോണിലേയ്ക്ക് അവനെറിഞ്ഞു. എന്നിട്ടു പോക്കറ്റില്‍നിന്നൊരു ബീഡിയെടുത്തു വലിച്ചുതുടങ്ങി. ആ കൈയുറകളില്‍ പുരണ്ടിരിക്കുന്ന രക്തം ഞങ്ങള്‍ക്കേറ്റം പ്രിയപ്പെട്ടൊരാളുടേതാണ്. എത്ര നിര്‍വികാരമായാണ് അവനതെറിഞ്ഞുകളഞ്ഞത്! അവനിതു  ദിവസേന ചെയ്യുന്ന ഒരു ജോലി മാത്രം. തന്‍റെ കുടുംബത്തിനുവേണ്ട അന്നം നേടാനായി ചെയ്യുന്ന മനംമടുപ്പിക്കുന്ന ഈ തൊഴിലിന്‍റെ വിരസതയകറ്റാനാകണം അവന്‍ പുകവലിക്കുന്നത്. പുകവലിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ ഞങ്ങളെ നോക്കി ആംഗ്യഭാഷയില്‍, എല്ലാം ചെയ്തു പൂര്‍ത്തിയാകാറായിട്ടുണ്ടെന്നും മൃതദേഹം ഉടന്‍തന്നെ ഏറ്റുവാങ്ങാമെന്നും അറിയിച്ചു.

അപ്പോഴാണ് ഞങ്ങളെ മറികടന്നൊരാള്‍ നടന്നുപോകുന്നതു കണ്ടത്. കീറിപ്പറിഞ്ഞ വേഷവും നീണ്ടു ജടപിടിച്ച തലമുടിയും താടിമീശയുമുള്ള ഒരാള്‍. സ്ഥിരബുദ്ധി നഷ്ടപ്പെട്ടതുപോലെയുള്ള ഭാവങ്ങള്‍. അതാരാണെന്നു ഞാന്‍ വാര്‍ഡ് ബോയിയോടു ചോദിച്ചു. അയാള്‍ ഹോസ്പിറ്റലിലെ ക്ലീനറാണെന്നും രണ്ടുവര്‍ഷംമുന്‍പ് ഒരു ട്രെയിന്‍ ആക്സിഡന്‍റില്‍ കുടുംബം നഷ്ടപ്പെട്ടതുമുതല്‍ ഇങ്ങനെയാണെന്നും അവന്‍ പറഞ്ഞു. അന്നുമുതല്‍ ഈ ആശുപത്രിയാണത്രേ അയാളുടെ വീട്. ലക്ഷ്യമില്ലാത്തവനെപ്പോലെ ഈ പരിസരങ്ങളിലൂടെയൊക്കെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു.

അയാളുടെ പാദങ്ങളില്‍ നിറയെ മുറിവുകളാണ്. കരിഞ്ഞുതുടങ്ങിയതും കരിയാത്തതുമായ വ്രണങ്ങള്‍പോലെ.  ആ കാഴ്ചയെന്നെ വല്ലാതെ വേദനിപ്പിച്ചു. അപ്പോഴാണ് കാറിനുള്ളിലിരിക്കുന്ന ഒരു ജോഡി ഷൂസിന്‍റെ കാര്യം ഓര്‍മ്മയിലെത്തിയത്. ഞാന്‍ വോഗംതന്നെ അതെടുത്തുകൊണ്ട് അയാളുടെ അരികിലെത്തി. "നിങ്ങളീ ഷൂസൊന്നിട്ടു നോക്കൂ. ഇതു നിങ്ങളുടെ കാലിനു യോജിക്കും" എന്നു പറഞ്ഞു. അയാളെന്നെ നിര്‍വികാരനായി നോക്കി. ഷൂസിടാന്‍ ഞാന്‍ വീണ്ടും വീണ്ടും അയാളെ നിര്‍ബന്ധിച്ചു. ഒടുവിലയാള്‍ ഒരു രാജകീയഭാവത്തോടെ കാലുകള്‍ എന്‍റെ നേരെ നീട്ടി. തെരുവില്‍ ഷൂ മിനുക്കുന്ന ഒരാളുടെ പക്കലേക്കു ഷൂവിട്ട കാലുകള്‍ നീട്ടിക്കാണിക്കും പോലെ... ഞാന്‍ അയാളുടെ കാലുകളില്‍ ഷൂസിട്ടു. നല്ല പാകമാണ്. അയാള്‍ അല്പം മുന്നോട്ടുനടന്നു. പിന്നെ നൃത്തച്ചുവടുകള്‍പോലെ പാദങ്ങള്‍ വച്ചുതുടങ്ങി. ക്ഷതമേറ്റകാലുകളില്‍ മൃദുവായ ക്യാന്‍വാസ് ഷൂസിന്‍റെ സുഖം ആസ്വദിക്കും മട്ടില്‍... അയാള്‍ സ്വയംമറന്നു ചുവടുവച്ചാടുകയാണ്.

ഒരുതരം വെറുപ്പോടെ എല്ലാവരും അയാളെത്തന്നെ നോക്കിയിരുന്നു.  കാരണം, ഇത് തങ്ങള്‍ക്കു നഷ്ടമായ പ്രിയപ്പെട്ടവരെ കീറിമുറിക്കുന്നിടമാണ് -പോസ്റ്റുമോര്‍ട്ടവിഭാഗം. ഇവിടെവച്ചാണ് ഈ മനുഷ്യന്‍ ഒരുജോഡി ഷൂ ലഭിച്ചതിന്‍റെ ആഹ്ലാദം ആഘോഷിക്കുന്നത്!

പക്ഷേ മെല്ലെ മെല്ലെ അയാളുടെ നിഷ്കപടമായ സന്തോഷം ഞങ്ങളെയും വലയംചെയ്യാന്‍ തുടങ്ങി.  വെറുപ്പലിഞ്ഞു തുടങ്ങി. തങ്ങള്‍ സ്വയം ഉള്ളില്‍നിന്ന് വെളിയിലേയ്ക്കിറങ്ങുംപോലെ... ഒരു നിമിഷാര്‍ദ്ധം എല്ലാവരും സ്വന്തം വേദന മറന്നുപോയി. എത്ര ചെറിയൊരു കാര്യമാണ് അയാളെ അതിവേഗം സന്തോഷവാനാക്കിയത്! ആ സന്തോഷപ്രകടനങ്ങള്‍ ഒരുവേള എല്ലാവരുടേയും പിരിമുറുക്കം അയച്ചുകളഞ്ഞില്ലേ, ദുഃഖങ്ങളെ അലിയിച്ചില്ലേ!

അതെ, ജീവിതം നിറയെ നൊമ്പരങ്ങളുണ്ടാവാം, പക്ഷേ, ചില കൊച്ചു പ്രവൃത്തികളിലൂടെ ഒരു വലിയ ആനന്ദത്തിന്‍റെ നിമിഷങ്ങള്‍ നമുക്കു പകര്‍ന്നുകിട്ടിയേക്കാം. അവയെ തിരിച്ചറിയാന്‍ തയ്യാറായാല്‍ മാത്രം മതി.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts