news-details
മറ്റുലേഖനങ്ങൾ

സബ്ക്കോ സന്മതി ദേ ഭഗവന്‍

ജവഹര്‍ലാല്‍ നെഹ്റു പ്രസ്താവിച്ചതുപോലെ നമ്മെ ഐക്യപ്പെടുത്തുന്നതെന്തും നന്മയാണ്, ഭിന്നിപ്പിക്കുന്നതേതും തിന്മയും. അപൂര്‍വ്വവും ആദരാര്‍ഹവുമായ ഒരാദര്‍ശമാണ് ഇന്ത്യയുടെ ദേശീയൈക്യത്തിന്‍റെ ആധാരം. അതു മനുഷ്യനന്മയിലും മനുഷ്യരുടെ സഹവര്‍ത്തിത്വസാധ്യതകളിലുമുള്ള ധീരമായ വിശ്വാസത്തിലധിഷ്ഠിതമാണ്. സകലരും ഉദ്ഭവിച്ചതു  സര്‍വ്വവ്യാപിയും സര്‍വ്വാന്തര്യാമിയുമായ ആത്മാവില്‍നിന്നാണ്. അതുകൊണ്ടു സകലരും ആത്മസഹോദരരാവുന്നു. ഒരുമയിലേയ്ക്കു നയിക്കുന്ന ഈ അറിവാണു നമ്മുടെ ഐക്യത്തിന്‍റെ അവലംബം.   'ഹിന്ദ്സ്വരാജ്' എന്ന കൃതിയിലൂടെ മഹാത്മജി അനാവരണംചെയ്യുന്ന ഇന്ത്യന്‍ ദേശീയതയെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്‍റെ സുചിന്തിത നിരീക്ഷണങ്ങള്‍ ഇപ്രകാരമാണ്:

"മുമ്പ് നാം ഒരു രാഷ്ട്രമായിരുന്നില്ലെന്നു ഇംഗ്ലീഷുകാരാണു നമുക്കു പറഞ്ഞുതന്നത്. ഒരു രാഷ്ട്രമായിത്തീരാന്‍ നൂറ്റാണ്ടുകള്‍ വേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അവര്‍ ഇന്ത്യയില്‍ വരുംമുമ്പ് നാം ഒരു രാഷ്ട്രമായിരുന്നു. നമുക്കു പ്രചോദനം തന്നത് ഒരു ചിന്ത. നമ്മുടെ ജീവിതരീതി ഒന്ന്. നാം ഒരു രാഷ്ട്രമായിരുന്നതുകൊണ്ടാണ് അവര്‍ക്കിവിടെ ഒരു സാമ്രാജ്യം സ്ഥാപിക്കാനൊത്തത്. അതിനുശേഷമവര്‍ നമ്മെ വിഭജിച്ചു."

"ഇന്ത്യയെ പാര്‍പ്പിടമാക്കിയ ഹിന്ദുവും മുസല്‍മാനും പാര്‍സിയും ക്രിസ്ത്യാനിയും ഈ രാഷ്ട്രത്തിലെ സഹപൗരന്മാരാണ്. സ്വന്തം താല്പര്യസംരക്ഷണത്തിനുവേണ്ടിത്തന്നെ അവര്‍ ഒരുമയോടെ പെരുമാറണം. ലോകത്തില്‍ ഒരിടത്തും മതവും രാഷ്ട്രവും പര്യായശബ്ദങ്ങളല്ല. ഇന്ത്യയിലൊരിക്കലും അങ്ങനെയായിരുന്നിട്ടില്ല."

ബാബറിമസ്ജിദുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരത്തിനു വിവേകികളായ രാജ്യസ്നേഹികള്‍ സ്വീകരിക്കേണ്ട നിലപാടിലേയ്ക്കു വിരല്‍ചൂണ്ടാനാണിത്രയും കുറിച്ചത്. ദേശീയോദ്ഗ്രഥനത്തിനാധാരമായി വര്‍ത്തിക്കുന്ന ആദര്‍ശമെത്ര  മഹിതമാണെങ്കിലും ഇന്ത്യാചരിത്രത്തിലെ നിര്‍ഭാഗ്യകരമായ വിപരീതാനുഭവങ്ങള്‍ക്കുനേരെ കണ്ണടച്ചിട്ടു കാര്യമില്ല. എന്നാലത്തരം അനുഭവങ്ങളില്‍നിന്നു പാഠമുള്‍ക്കൊണ്ടു സ്വയംതിരുത്താനുള്ള ധീരമായ സന്നദ്ധതയാണ് അഭികാമ്യമെന്നു നാം തിരിച്ചറിയണം.  കാരണം, വിദ്വേഷത്തിന്‍റെ പാത വിനാശത്തിലേയ്ക്കു നയിക്കുമെന്നതു തന്നെ. അക്ബറിന്‍റെ മതനയമെത്ര മാതൃകാപരം!

ഈ നയം ഭാരതത്തില്‍  അധിവസിക്കുന്ന സകല മതവിഭാഗങ്ങളുടെയും നിത്യപ്രചോദനമാവണം. എന്നാല്‍ ഔറംഗസേബിന്‍റെ അസഹിഷ്ണുത നമുക്കൊരു മുന്നറിയിപ്പാകുകയും വേണം. ഷാജഹാന്‍റെ പുത്രനായ ഡാരാ രാജകുമാരന്‍ ഉപനിഷത്തുകളുടെ ആരാധകനായിരുന്നു. ഉപനിഷത്തുകളും ഭഗവദ്ഗീതയും ബ്രഹ്മസൂത്രവും പാര്‍സിഭാഷയിലേയ്ക്കും തുടര്‍ന്ന് ഇംഗ്ലീഷിലേയ്ക്കും വിവര്‍ത്തനം ചെയ്യിച്ച് അവ ഇന്ത്യയ്ക്കു പുറത്തെത്തിച്ച ധീരനായ സത്യാന്വേഷകന്‍. ഭാരതത്തിന്‍റെ അമൂല്യമായ അദ്വൈതജ്ഞാനത്തെ ഇസ്ലാമിന്‍റെ കൈകളില്‍നിന്ന് ക്രൈസ്തവ യൂറോപ്പ് ഏറ്റുവാങ്ങിയ ത്രിവേണി സംഗമമെന്ന് ഈ സംഭവത്തെ ഡോ. സുകുമാര്‍ അഴീക്കോട് 'തത്ത്വമസി'യില്‍ വിശേഷിപ്പിച്ചിരിക്കുന്നു. സംസ്കാരസൗഹാര്‍ദ്ദത്തിന്‍റെ അമര്‍ത്യപ്രതിരൂപമെന്നദ്ദേഹം ഡാരയെ വിളിക്കുകയും ചെയ്തിരിക്കുന്നു.

മഹാത്മജി ഓര്‍മ്മിപ്പിച്ചതുപോലെ വര്‍ഗ്ഗീയവാദികള്‍, അവര്‍ ഏതു മതസ്ഥരായാലും, മനുഷ്യനന്മയില്‍ അവിശ്വസിക്കുന്ന ഹതഭാഗ്യരാണ്. ചരിത്രത്തിലെ ഐക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അദ്ധ്യായങ്ങള്‍ക്കുനേരെ അവര്‍ കണ്ണടയ്ക്കുന്നു. ഒപ്പം അവര്‍ അനൈക്യത്തിന്‍റെ കഥകള്‍ തേടിപ്പിടിക്കുകയും അവ പര്‍വ്വതീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്നു. മഹാത്മാഗാന്ധിയില്‍ ഒരു മുസ്ലീംവിരുദ്ധനെ കണ്ടെത്തുംവിധം മുസ്ലീംവര്‍ഗ്ഗീയവാദിയും, അദ്ദേഹത്തെ ഹിന്ദുവേഷധാരിയായ മുസ്ലീംപക്ഷപാതിയായിക്കാണുംവിധം ഹിന്ദുവര്‍ഗ്ഗീയ വാദിയും പരിതാപകരമാംവിധം തരം താഴുന്നു! അക്ബര്‍ചക്രവര്‍ത്തിയുടെ വിശാലമായ മതനയം അംഗീകരിക്കാനാവാത്തതിനാല്‍ അദ്ദേഹത്തിന്‍റെ നാനൂറാം ജന്മവാര്‍ഷികാഘോഷങ്ങളില്‍നിന്ന് മുസ്ലീംവര്‍ഗ്ഗീയവാദികള്‍ വിട്ടുനിന്നതോര്‍ക്കുക. എന്നാല്‍ ഹിന്ദുവര്‍ഗ്ഗീയവാദികളുടെ ദൃഷ്ടിയില്‍ അക്ബര്‍ വിദേശ അക്രമിയായ ബാബറിന്‍റെ പൗത്രന്‍തന്നെ.

തുടര്‍ന്നു പറയട്ടെ, സദുദ്ദേശവും സന്മനോഭാവവും ഉണ്ടെങ്കില്‍ അതീവ ഗുരുതരമെന്നു തോന്നുന്ന പ്രശ്നങ്ങളില്‍പ്പോലും നമുക്ക് നിഷ്പ്രയാസം പരിഹരിക്കാവുന്നതാണ്. കല്ലുകള്‍ ചേര്‍ത്തുവച്ച് നിര്‍മ്മിച്ച മസ്ജിദാവട്ടെ, ക്ഷേത്രമാവട്ടെ മനുഷ്യനെക്കാള്‍ വലുതല്ല എന്ന സത്യം നാം മനസ്സിലാക്കണം.സഹോദരസമുദായങ്ങളുടെ വികാരത്തെ മാനിച്ച് പള്ളിനിര്‍മ്മാണം ഉപേക്ഷിച്ച നീതിമാന്മാരായ മുസ്ലിംഭരണാധികാരികള്‍ ചരിത്രത്തില്‍ പ്രകാശിച്ചുനില്പുണ്ട്. മുസ്ലീങ്ങള്‍ക്കിടയില്‍ തന്നെ ഒരു മസ്ജിദ് സംബന്ധിച്ചു ഭിന്നിപ്പുണ്ടായപ്പോള്‍ ഐക്യത്തെക്കാള്‍ വലുതല്ല കെട്ടിടമെന്നു പറഞ്ഞുകൊണ്ടതു പൊളിച്ചുകളഞ്ഞതു വിശ്വവിശ്രുത ഇസ്ലാമികദാര്‍ശനികനായ ഇമാം ഗസ്സാലിയായിരുന്നു. ത്രേതായുഗത്തില്‍ ജീവിച്ച ശ്രീരാമന്‍റെ ജന്മസ്ഥലമായ അയോധ്യയാണോ ഇപ്പോഴത്തെ അയോധ്യ, കൃത്യമായി രാമന്‍റെ ജന്മസ്ഥലത്തുതന്നെയാണോ ബാബര്‍ അറിഞ്ഞോ അറിയാതെയോ മസ്ജിദ് പണിയാന്‍ കല്പിച്ചത ്- ഈ വക കാര്യങ്ങള്‍ സംബന്ധിച്ചെല്ലാം ഭിന്നാഭിപ്രായങ്ങളുണ്ട്. എന്നാല്‍ സഹോദരസമുദായത്തിലെ ഒരു വിഭാഗത്തിന്‍റെ വിശ്വാസത്തെമാനിച്ച് പരമാവധി വിട്ടുവീഴ്ചചെയ്യാന്‍ മുസ്ലീങ്ങള്‍ തയ്യാറാവുമെങ്കില്‍ അതഭിനന്ദനാര്‍ഹമാംവിധം മാതൃകാപരമാകും. കോടതിവിധി വന്നു. ഇനിയും നിയമയുദ്ധത്തിനുപോകാതെ സന്തോഷകരമായ ഒത്തുതീര്‍പ്പിന്‍റെ പാത തേടുന്നതാണു ബുദ്ധി. ഇരുവിഭാഗങ്ങളും മുഖാമുഖമിരുന്നു പരസ്പരം ഏറെ അകലത്തിലല്ലാത്ത ഇടങ്ങളില്‍ ക്ഷേത്രവും മസ്ജിദ്ദും വരുംവിധം കെട്ടിടങ്ങള്‍ സ്ഥാപിക്കാന്‍ നിശ്ചയിക്കുമെങ്കില്‍ ഇന്ത്യയ്ക്കു നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കാം.

ക്ഷമാപൂര്‍വ്വം കാത്തുനില്ക്കാതെയും നിയമത്തെ വെല്ലുവിളിച്ചും കെട്ടിടം പൊളിച്ചവര്‍ ഐക്യം തകര്‍ത്ത അപരാധികള്‍തന്നെയാണ്. രാമക്ഷേത്രം തങ്ങളുടെ വിശ്വാസപരമായ വികാരമാണെന്നാത്മാര്‍ത്ഥമായി പറയുകയും കുടിലമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ, അതു യാഥാര്‍ത്ഥ്യമാക്കാന്‍ മുസ്ലീംപക്ഷത്തിന്‍റെ സഹകരണം തേടുകയുമാണു യഥാര്‍ത്ഥ ഭക്തന്മാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ രാഷ്ട്രീയതാല്പര്യങ്ങളെ മുന്‍നിര്‍ത്തി ബാബര്‍ എന്ന വിദേശ അക്രമിയോടു പ്രതികാരം ചെയ്യുകയാണെന്ന പ്രകോപനപരമായ പ്രഖ്യാപനത്തോടെ തര്‍ക്കമുന്നയിച്ചതു നീതികരിക്കാവുന്നതല്ല. ചരിത്രസംഭവങ്ങളെ രാഷ്ട്രീയലാഭത്തിനായി ഉപയോഗപ്പെടുത്തുകവഴി തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയും രാഷ്ട്രത്തെ ശിഥിലമാക്കുകയും ചെയ്യുന്നവര്‍ നേരിന്‍റെ പാതയിലല്ലതന്നെ. ശ്രീ. കെ. വേണു ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ "ഇന്ത്യയില്‍ ഏറ്റവും അവസാനകാലത്ത് കടന്നുവന്നു കൊളോണിയല്‍ മേധാവിത്വം സ്ഥാപിച്ച പാശ്ചാത്യശക്തികളെ മാത്രമാണു വിദേശ അക്രമകാരികളായി ആധുനിക ഇന്ത്യന്‍സമൂഹം കണക്കാക്കുന്നത്. അതേസമയം അതിനുമുമ്പ് ഇന്ത്യയിലേയ്ക്കു കടന്നുവന്ന ആര്യന്മാര്‍മുതല്‍ മുഗളര്‍വരെയുള്ളവര്‍ ഇന്ത്യന്‍ പൊതുസമൂഹത്തിന്‍റെ അവിഭാജ്യഭാഗമായി മാറിയവരും ഇന്ത്യാ ചരിത്രത്തിന്‍റെ പ്രധാനഘടകങ്ങളായവരുമാണ്." "ബാബറിനെ വിദേശ അക്രമണകാരിയായി കണക്കാക്കുകയാണെങ്കില്‍ ആര്യന്മാരെയും അങ്ങനെ കാണേണ്ടിവരില്ലേ?" എന്നും ശ്രീ. വേണു ചോദിക്കുന്നുണ്ട്. ഈ ചോദ്യത്തെ നേരിടാനാണു ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ വക്താക്കള്‍ നേരത്തെതൊട്ട് ആര്യന്മാര്‍ മധ്യേഷ്യയില്‍നിന്ന് ഇന്ത്യയിലേക്കു വന്നവരാണെന്ന ചരിത്രകാരന്മാരുടെ അഭിപ്രായത്തെ നിഷേധിച്ചുപോരുന്നത്. തങ്ങള്‍ക്ക് അഭിമതരായവരെ സ്വദേശികളും അനഭിമതരായവരെ വിദേശികളുമാക്കാന്‍ ഈ വാദം അവര്‍ ഉപയോഗപ്പെടുത്തുന്നു. ആര്യന്മാര്‍ ഇന്ത്യയില്‍ ജനിച്ചവരാകയാല്‍ അവര്‍ രചിച്ച വേദങ്ങളുണ്ടായത് ഇന്ത്യയില്‍തന്നെയാണെന്നും അവര്‍ വാദിക്കുന്നു. യഥാര്‍ത്ഥത്തില്‍ വേദങ്ങളും, ബൈബിള്‍, ഖുര്‍-ആന്‍ തുടങ്ങിയുള്ള ഗ്രന്ഥങ്ങളും - അവ എവിടെ ഉദ്ഭവിച്ചവയായാലും - മനുഷ്യകുലത്തിനു വഴികാട്ടികളാണെന്നു മുന്‍വിധിയില്ലാത്ത സത്യാന്വേഷകര്‍ മനസ്സിലാക്കുന്നു.

ഇന്ത്യന്‍സമൂഹത്തില്‍ ലയിച്ചുചേര്‍ന്ന ബാബര്‍തൊട്ടുള്ള മുഗളരെ  വിദേശികളെന്നും, ഇന്ത്യയുടെ സംസ്കാരത്തിലേയ്ക്ക് അവര്‍ നല്കിയ സംഭാവനകളെ വൈദേശികമെന്നും വിളിച്ചു തള്ളിപ്പറയുന്നതു ശരിയാണോ? തര്‍ക്കങ്ങളുണ്ടാകാം. അവ പരിഹരിക്കപ്പെടണം. ന്യായം പുലരണം.  എന്നാല്‍ വിവാദങ്ങളുയര്‍ത്തുന്നതിന്‍റെ പിറകിലെ പ്രേരണ സംശുദ്ധമാകണം.

യമുനാനദിയുടെ തീരത്തു ചെന്നു താജ്മഹലിന്‍റെ മുമ്പിലിരുന്ന് 'ഷാജഹാന്‍! എത്ര പ്രതിഭാധനന്‍!' എന്നു വിളിച്ചുപറയുകയും താജിനെ 'വെണ്ണക്കല്ലില്‍ത്തീര്‍ത്ത ശാകുന്തളം' എന്നു വാഴ്ത്തുകയും ചെയ്തുപോന്ന സ്വാമി വിവേകാനന്ദന്‍റെ സഹൃദയത്വവും ദേശീയത സംബന്ധിച്ചുള്ള ഗാന്ധിയന്‍ കാഴ്ചപ്പാട് അംഗീകരിക്കുന്നതിനു നമുക്കു തുണയാവട്ടെ.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts