news-details
മറ്റുലേഖനങ്ങൾ

ഹിന്ദ്സ്വരാജ്-രാഷ്ട്രീയ അര്‍ത്ഥതലങ്ങള്‍

ഇന്ന് ഹിന്ദ്സ്വരാജ് വായിക്കുന്ന ഒരാള്‍ അതിനെ വികസനവിരുദ്ധ തത്ത്വശാസ്ത്രം വിളമ്പുന്ന ഗ്രന്ഥമായി വിലയിരുത്തിയേക്കാം. അത്രമാത്രം വികസനസ്വപ്നങ്ങളിലാണ് ഏറ്റവും ദരിദ്രനായ വ്യക്തിപോലും ഇന്നു ജീവിക്കുന്നത്. ഹിന്ദ്സ്വരാജില്‍ ഗാന്ധിജി പ്രകടിപ്പിക്കുന്ന ഈ വികസന വിരുദ്ധതയുടെ രാഷ്ട്രീയ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇന്നത്തെ വികസനരാഷ്ട്രീയത്തിന്‍റെ ശരിയായ അര്‍ത്ഥം വ്യക്തമാകുന്നത്.ഗാന്ധിജിയുടെ സ്വരാജ് സങ്കല്പവും അതോടൊപ്പം അനാവരണം ചെയ്യപ്പെടും.

ലളിതമായി പറഞ്ഞാല്‍ ഹിന്ദ് സ്വരാജിലൂടെ ഗാന്ധിജി അന്വേഷിക്കുന്നതു മനുഷ്യന്‍റെ എല്ലാ അര്‍ത്ഥത്തിലുമുള്ള വിമോചനമാണ്. ഒരുനൂറ്റാണ്ടു മുമ്പുള്ള ലോകസാഹചര്യങ്ങളെ പൊതുവിലും ഇന്ത്യനവസ്ഥയെ പ്രത്യേകമായും കണക്കിലെടുത്തുകൊണ്ടുള്ള ഗാന്ധിജിയുടെ നിരീക്ഷണങ്ങള്‍ ഹിന്ദ്സ്വരാജിലൂടെ നാം വായിച്ചറിയുന്നു. അവ ഇന്നു ശ്രദ്ധേയമാവുന്നതു പോയനൂറ്റാണ്ടിലെ  അനുഭവങ്ങളുടെകൂടി പശ്ചാത്തലത്തിലാണ്. മനുഷ്യനെ കൂടുതല്‍ മെച്ചപ്പെട്ട ജീവിതാവസ്ഥയിലേയ്ക്കു നയിക്കുമെന്ന വാഗ്ദാനം നല്കിക്കൊണ്ടു രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക രംഗങ്ങളില്‍ ഒട്ടേറെ പരിഷ്കാരങ്ങളും കുതിച്ചുചാട്ടങ്ങളും ഉണ്ടായ നൂറ്റാണ്ടാണ് കടന്നുപോയത്. ആധുനിക നാഗരികതയുടെ കടുത്തൊരു ഖണ്ഡനമാണീകൃതിയെന്ന് ഹിന്ദ്സ്വാരജിനെപറ്റി ഗാന്ധിജി തന്നെ പറഞ്ഞിട്ടുണ്ട്. ഹിന്ദ്സ്വരാജ് എഴുതപ്പെട്ടതിനുശേഷം ആധുനിക നാഗരികത ഏതെല്ലാം വിധത്തില്‍ വികാസം പ്രാപിച്ചിരിക്കുന്നു. ഹിന്ദ്സ്വരാജ് എഴുതിയ കാലഘട്ടത്തില്‍ സങ്കല്പിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് ഇന്ന് ആധുനിക മനുഷ്യന്‍. അങ്ങനെയുള്ള ആധുനിക മനുഷ്യന്‍ കൂടുതല്‍ സ്വതന്ത്രനാണോയെന്ന ഒരു വിലയിരുത്തലിലൂടെയേ ഹിന്ദ്സ്വരാജിലെ വികസനസമീപനത്തിന്‍റെ രാഷ്ട്രീയമാനമെന്തന്നു മനസ്സിലാക്കാനാവൂ.

ഇതെഴുതുന്ന ഞാനും ഇതുവായിക്കുന്നവരില്‍ മഹാഭൂരിപക്ഷവും എത്തിനില്ക്കുന്ന ഒരു യാഥാര്‍ത്ഥ്യം  നിമിഷനേരത്തേയ്ക്കു  നമ്മുടെ മനസ്സിലേയ്ക്കൊന്നുകൊണ്ടുവരാം. കഴിഞ്ഞ 5 കൊല്ലംകൊണ്ടാണ് കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കു പുതിയൊരവയവം വളര്‍ന്നുവന്നത്. മൊബൈല്‍ഫോണ്‍ എന്ന ആ പുതിയ അവയവം ഇല്ലാത്തവരായി കേരളത്തില്‍ അധികമാരുമുണ്ടാകില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ഒരുപക്ഷേ പട്ടണപ്രദേശങ്ങളില്‍ മാത്രമേ സമാനമായ സാഹചര്യം നിലനില്ക്കുന്നുള്ളൂ. മൊബൈല്‍ഫോണ്‍ ഇല്ലാത്തവര്‍ കേരളത്തിലെ സാമൂഹികജീവിതത്തിന്‍റെ റേഞ്ചിനുപുറത്താണ്. മൊബൈലിന് റേഞ്ചില്ലാത്ത സ്ഥലത്തുചെന്നാല്‍, കറണ്ടില്ലാതെ വന്നു മൊബൈല്‍ ബാറ്ററി ചാര്‍ജ്ജുചെയ്യാന്‍ കഴിയാതെവന്നാല്‍ പലരുടെയും ദൈനംദിന കാര്യങ്ങള്‍ സ്തംഭിക്കും ഈയൊരു പുതിയമാറ്റം കൊണ്ടു മലയാളി കൂടുതല്‍ സ്വതന്ത്രനായോ?

മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു എന്നുപറഞ്ഞത് ഗാന്ധിജിയല്ല. പക്ഷേ സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന് ആ സ്വാതന്ത്ര്യം കൈമോശം വരാതെ ജീവിക്കാനുള്ള സമ്പ്രദായത്തെക്കുറിച്ച് ഗാന്ധിജിയെ പോലെ സൂക്ഷ്മമായി ചിന്തിച്ചിട്ടുള്ളവര്‍ ഏറെയില്ല. ആരില്‍ അധികാരം കേന്ദ്രീകരിക്കാമെന്നാണ് ലോകത്തിലെ രാഷ്ട്രീയ ചിന്തകന്മാര്‍ ഏറെയും ചിന്തിച്ചിട്ടുള്ളത്. എന്നാല്‍ ഗാന്ധിജി ചിന്തിച്ചത് ആരിലും അധികാരം എങ്ങനെ കേന്ദ്രീകരിക്കാതിരിക്കാം എന്നതിനെക്കുറിച്ചാണ്. മനുഷ്യന്‍റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഇതര പ്രവര്‍ത്തനങ്ങളും അവനില്‍തന്നെ അധികാരം നിലനിര്‍ത്താനുതകുന്ന തരത്തിലാകണമെന്ന നിഷ്കര്‍ഷ ഗാന്ധിജിയുടെ വികസനസമീപനത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

ഗാന്ധിജി ഹിന്ദ്സ്വരാജില്‍ റെയില്‍വേയെ വിമര്‍ശിക്കുന്നു; ഡോക്ടറെയും വക്കീലിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു; പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ അവിശ്വാസം രേഖപ്പെടുത്തുന്നു; സഹനസമരത്തെക്കുറിച്ചു ശാഠ്യപൂര്‍വ്വം തര്‍ക്കിക്കുന്നു; അവിടെയെല്ലാം അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്നത് മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിനു വിടരാന്‍ അവസരം ലഭിക്കുന്ന -ഗാന്ധിജിയുടെ ഭാഷയില്‍ ഈശ്വരസാക്ഷാത്കാരത്തിന് അവസരം ലഭിക്കുന്ന- ഒരു ജീവിതക്രമത്തെക്കുറിച്ചുള്ള സ്വപ്നമാണ്. സ്വരാജ് എന്നാല്‍ സ്വയംഭരണമാണെന്നാണ് ഗാന്ധിജി വിശദീകരിക്കുന്നത്. ഗാന്ധിജി സല്‍ഭരണത്തിലല്ല സ്വയംഭരണത്തിലാണ് വിശ്വസിച്ചിരുന്നത്. സ്വയം ഭരണം അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രായോഗികമല്ലാത്തതിനാല്‍ ഏറ്റവും കുറച്ചുഭരിക്കുന്ന ഭരണമാണ് നല്ലഭരണമെന്ന തോറോയുടെ ആശയം അദ്ദേഹം അംഗീകരിക്കുന്നു. ആ കുറഞ്ഞ ഭരണം പോലും ജനങ്ങളുടെ നിയന്ത്രണത്തിലാവണമെന്ന ഒരു സന്ദേശം ഗാന്ധിയന്‍ വികസന സമീപനത്തില്‍ പ്രകടമാണ്.

ഇക്കാരണത്താലാണ്  രണ്ടാളുകള്‍ക്കിടയില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ അതില്‍ ഇടപെട്ട് ആദായം ഉണ്ടാക്കുന്ന വക്കീല്‍ പണിയെയും അതിനവസരം നല്കുന്ന ജുഡീഷ്യല്‍ സംവിധാനത്തെയും ഗാന്ധിജി എതിര്‍ക്കുന്നത്. ഇവിടെ കേവലം സാമ്പത്തികചൂഷണം മാത്രമല്ല നടക്കുന്നത്. വക്കീലിന്‍റെ ഇടപെടലിനു വിധേയരാകുന്ന കക്ഷികള്‍ക്കു തര്‍ക്കങ്ങള്‍ മൂന്നാമതൊരധികാര കേന്ദ്രത്തിന്‍റെ സഹായമില്ലാതെ പരിഹരിക്കാനുള്ള രാഷ്ട്രീയ ശേഷികൂടിയാണ്  നഷ്ടമാകുന്നത്. വിദേശ അധികാരികളാണെങ്കിലും സ്വദേശികളായ അധികാരികളാണെങ്കിലും അവരുടെ അധികാരത്തിന്‍റെ അടിത്തറ ഉറപ്പിക്കുന്നതില്‍ ഈ വിധത്തിലുള്ള ജുഡീഷ്യല്‍ സമ്പ്രദായത്തിനു വലിയ പങ്കുണ്ടെന്നു ഗാന്ധിജി തിരിച്ചറിഞ്ഞു. എന്നാല്‍ നാം അതു മനസ്സിലാക്കുന്നില്ല. കൂടുതല്‍ കോടതികളും വക്കീലന്മാരും ജഡ്ജിമാരും ഉണ്ടാകുന്നതും നിസ്സാരപ്രശ്നങ്ങള്‍പോലും കോടതിവ്യവഹാരങ്ങള്‍ക്കു വിധേയമാക്കുന്നതും വികസനവും പുരോഗതിയുമാണെന്നു നമ്മള്‍ കരുതുന്നു.

ആധുനിക വൈദ്യത്തിനുനേരെ ഗാന്ധിജി വിമര്‍ശനമുയര്‍ത്തുന്നത് ഇതേ രാഷ്ട്രീയ അടിത്തറയില്‍ കാലുറപ്പിച്ചാണ്. നമ്മുടെ ജീവിതചര്യകളിലെ താളപ്പിഴകള്‍മൂലവും ജീവിത ചുറ്റുപാടുകളിലെ മലിനീകരണം പോലുള്ള പ്രശ്നങ്ങള്‍ മൂലവും നാം രോഗികളായി മാറുമ്പോള്‍ ഡോക്ടര്‍ രോഗത്തിനു മരുന്നു തരുന്നു. രോഗകാരണങ്ങള്‍ പരിഹരിക്കുന്നതില്‍ നിശബ്ദത പുലര്‍ത്തുന്നു. നാം നമ്മുടെ ആരോഗ്യത്തിന്‍റെ താക്കോല്‍ ഡോക്ടറുടെ പക്കലാണെന്ന് തെറ്റിദ്ധരിക്കുന്നു. ഡോക്ടര്‍ കേവലം ഒരു വ്യക്തിയല്ല ഒരു സമ്പ്രദായമാണ്. ആ സമ്പ്രദായത്തിന്‍റെ ഭാഗമായ ആശുപത്രികളും മരുന്നുകമ്പനികളും അവയ്ക്കു പിന്നിലെ മൂലധന ശക്തികളും നമ്മുടെ ആരോഗ്യത്തിന്‍റെ നിയന്ത്രണം കൈക്കലാക്കുന്നു. ഇവിടെ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെയും പരമാധികാരത്തിന്‍റെയും മറ്റൊരടിത്തറയാണെന്നു ഗാന്ധിജി വിലയിരുത്തുന്നു. നാം ആവട്ടെ കൂടുതല്‍ ഡോക്ടര്‍മാരും ആശുപത്രികളും ഉണ്ടാകുന്നതും ചെറിയ രോഗത്തിനു പോലും മുന്തിയ ചികിത്സയ്ക്ക് വിധേയമാകുന്നതും വികസനമായി കാണുന്നു.

ഗാന്ധിജി റെയില്‍വേയെ ഹിന്ദ്സ്വരാജില്‍ രൂക്ഷവിമര്‍ശനത്തിനു വിധേയമാക്കുന്നുണ്ട്. മനുഷ്യന്‍റെ അ തിവേഗഭ്രാന്ത് എന്തിനു വേണ്ടിയാണെന്നു ഗാന്ധിജി ചോദിക്കുമ്പോള്‍ ഒരുപക്ഷേ നമുക്ക് അമ്പരപ്പുതോന്നിയേക്കാം. നമ്മുടെമേല്‍ പ്രത്യക്ഷമായും പരോക്ഷമായും ആധിപത്യം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന വിവിധ അധികാര ശക്തികളുടെ സഞ്ചാരപാതകൂടിയാണ് റെയില്‍വേ. നമുക്ക് അന്യോന്യത നിലനിര്‍ത്തി പരസ്പരാഭിമുഖ സമൂഹജീവിതം സാധ്യമായിരുന്ന ഇടങ്ങളെയെല്ലാം റെയില്‍വേയും മറ്റു ദ്രുതയാത്രാസംവിധാനങ്ങളും ഒരു ചങ്ങലയില്‍ കോര്‍ത്തു. അവിടെ നഷ്ടപ്പെട്ടതു ചങ്ങലയിലെ ഓരോ കണ്ണിയുടെയും രാഷ്ട്രീയ അസ്തിത്വംകൂടിയാണെന്നു ഗാന്ധിജി മനസ്സിലാക്കുന്നു. അത്തര ത്തിലുള്ള ചെറിയ കണ്ണികളില്‍ (ഗ്രാമങ്ങളില്‍) മാത്രമാണ് ഒരു വ്യക്തിക്കു സ്വന്തം രാഷ്ട്രീയസ്വത്വം ക്രിയാത്മകമായി നിലനിര്‍ത്താനും വികസിപ്പിക്കാനും കഴിയുക. അവിടെയേ സ്വയംഭരണത്തിന്‍റെ അടുത്തെത്തുന്ന ഏറ്റവും കുറഞ്ഞ ഭരണത്തിലൂടെയുള്ള സാമൂഹികജീവിതം സാധ്യമാകുകയുള്ളൂ. അത്തരത്തിലുള്ള ചെറിയ രാഷ്ട്രീയ കണ്ണികളുടെ സ്വാശ്രയത്വവും ജൈവികതയും ലാളിത്യവുമാണ് ഗാന്ധിയന്‍ രാഷ്ട്രീയത്തിന്‍റെ ആണിക്കല്ല്. ഹിന്ദ്സ്വരാജില്‍ ഗാന്ധിജി ഈ വിധത്തില്‍ ചിന്തിക്കുമ്പോള്‍ നാമവട്ടെ കൂടുതല്‍ അതിവേഗ സഞ്ചാര പാതകളിലൂടെയുള്ള വികസനത്തിനുവേണ്ടി ദാഹിക്കുന്നു.

ഹിന്ദ്സ്വരാജില്‍ ഗാന്ധിജി യന്ത്രഭ്രാന്തിനെതിരെ നിലപാടെടുക്കുന്നുണ്ട്. ആ നിലപാടിന്‍റെ രാഷ്ട്രീയവും വളരെ വ്യക്തമാണ.് മനുഷ്യന്‍റെ അധ്വാനത്തെ ആയാസരഹിതമാക്കാനുള്ള എന്നാല്‍ മനുഷ്യനെ അവന്‍റെ കര്‍മ്മമണ്ഡലത്തില്‍നിന്നും നിഷ്കാസനം ചെയ്യാത്ത വിധത്തിലുള്ള യന്ത്രങ്ങളെ ഗാന്ധിജി അനുകൂലിച്ചു. എന്നാല്‍ മനുഷ്യന്‍റെമേല്‍ പ്രത്യക്ഷമായോ പരോക്ഷമായോ ആധിപത്യം ചെലുത്തുന്നതിലേയ്ക്കു നയിക്കുന്ന യന്ത്രസംസ്കാരത്തോടു ഗാന്ധിജി വിയോജിക്കുന്നു. സ്വതന്ത്രമായ വ്യക്തി എന്നനിലയിലുള്ള ഓരോ മനുഷ്യന്‍റെയും അസ്തിത്വം ഉയര്‍ത്തിപ്പിടിക്കാനാണ് ഗാന്ധിജി ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ നാം ഇന്ന് ഏതു നിസ്സാരകാര്യങ്ങള്‍ക്കും യന്ത്രങ്ങളെ ആശ്രയിക്കുന്നതു വികസനവും പുരോഗതിയുമാണെന്ന് അഭിമാനിക്കന്നു.

ഗാന്ധിജി പാര്‍ലമെന്‍ററി ജനാധിപത്യത്തെയും ഹിന്ദ്സ്വരാജില്‍ അതിരൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഈ ഭരണസംവിധാനം പൗരന്മാര്‍ക്ക് സ്വാതന്ത്ര്യവും അധികാരവും നല്കുന്നുവെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുന്നു. എന്നാല്‍ ഇവിടെ സൂചിപ്പിക്കപ്പെട്ട വിവിധ സംവിധാനങ്ങളിലൂടെയും സമ്പ്രദായങ്ങളിലൂടെയും വിദേശഭരണകര്‍ത്താക്കളും ഏകാധിപതികളും ചെയ്തതുപോലെ പൗരന്‍മാരെ ഈ ഭരണസമ്പ്രദായവും മൂക്കുകയറിട്ടു നിയന്ത്രിക്കുന്നു. ഇതു സ്വയംഭരണത്തിന്‍റെ രാഷ്ട്രീയമല്ല, മറിച്ച് ആധിപത്യത്തിന്‍റെ രാഷ്ട്രീയം തന്നെയാണെന്നു ഗാന്ധിജി ഉറപ്പിച്ചു പറയുന്നു. നാമാവട്ടെ ഈ ഭരണസമ്പ്രദായത്തെ, ജനാധിപത്യത്തിന്‍റെ അവസാനരൂപമായി സങ്കല്പിച്ചിരിക്കുന്നു. ഇതിന്‍റെ താക്കോല്‍സ്ഥാനങ്ങളില്‍ കയറിപ്പറ്റുകയെന്നത് ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ രാഷ്ട്രീയ ലക്ഷ്യമായി പലരും കാണുന്നു. ഈ സമ്പ്രദായവുമായി ബന്ധപ്പെട്ട പ്രക്രിയകളില്‍ പങ്കാളികളാവുന്നതാണു ശരിയായ രാഷ്ട്രീയപ്രവര്‍ത്തനമെന്നും വികസനപ്രവര്‍ത്തനമെന്നും തെറ്റിദ്ധരിക്കുന്നു. ഇതിനോടു വിയോജിക്കുന്നത് അരാഷ്ട്രീയവാദമാണെന്നും പ്രചരിപ്പിക്കുന്നു.

ഗാന്ധിജി ഹിന്ദ്സ്വരാജിലൂടെ ആധുനിക നാഗരികതയ്ക്കു വിയോജനക്കുറിപ്പെഴുതുമ്പോള്‍ മനുഷ്യന്‍റെ വളര്‍ച്ചയ്ക്കു നേരെ പുറംതിരിഞ്ഞുനില്ക്കുകയല്ല ചെയ്തത്; മനുഷ്യ വ്യക്തിത്വത്തിന്‍റെ ശരിയായ വികാസമെന്താണെന്ന് ചൂണ്ടികാണിക്കുയാണ് ചെയ്തത്. ലളിതമായി പറഞ്ഞാല്‍, സ്വന്തം ജീവിതത്തിനുമേല്‍ പരമാവധി നിയന്ത്രണം ഏതൊരു പൗരനും ലഭ്യമാക്കുന്ന രാഷ്ട്രീയമാണ് ഗാന്ധിജിയുടെ ആദര്‍ശ രാഷ്ട്രീയം. നമ്മുടെ ജീവിതത്തിനുമേലുള്ള നമ്മുടെ നിയന്ത്രണം നഷ്ടപ്പെടുന്ന വഴികളാണ് ഗാന്ധിജി ഹിന്ദ്സ്വരാജിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഉപഭോഗാര്‍ത്തിയും വിഷയാസക്തിയും സങ്കുചിതമതവീക്ഷണവും യന്ത്രഭ്രാന്തും അതിവേഗ മോഹവും അക്രമവാസനയുമെല്ലാം വ്യക്തികളെ ശക്തരാക്കുകയല്ല ദുര്‍ബ്ബലരാക്കുകയാണെന്നു ഗാന്ധിജി പറയുന്നു. വ്യക്തി എന്ന നിലയില്‍ ശരിയായ കരുത്ത് നേടുമ്പോഴാണു സ്വയം ഭരണത്തിന് അര്‍ഹതയുണ്ടാകുന്നത്. വ്യക്തിക്കു സ്വന്തം ജീവിതത്തിനുമേല്‍ നിയന്ത്രണം നഷ്ടപ്പെടുന്നതിനു തുടര്‍ച്ചയായിട്ടാണ് രാഷ്ട്രങ്ങള്‍ക്കു സ്വന്തം പരമാധികാരം നഷ്ടപ്പെടുന്നതെന്നും ഇന്ത്യയിലെ വിദേശാധിപത്യത്തെ വിലയിരുത്തികൊണ്ട് ഗാന്ധിജി വ്യക്തമാക്കുന്നു. നാം ഇന്നു വികസനത്തിന്‍റെ പേരില്‍ വ്യക്തിതലത്തിലും രാഷ്ട്രം എന്ന നിലയിലും നമ്മുടെ പരമാധികാരം നഷ്ടപ്പെടുത്തുന്നതിന്‍റെ ആഘോഷത്തിലാണ്. നാമിന്നു വിദൂര നിയന്ത്രിത സംവിധാനത്തിലാണ് ജീവിക്കുന്നത്. നാം യന്ത്രങ്ങളെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു നിയന്ത്രിക്കുന്ന വികസനത്തില്‍ സന്തോഷം കണ്ടെത്തുമ്പോള്‍ നമ്മുടെ ജീവിതത്തെയും നാം അറിയാതെ റിമോട്ട്കണ്‍ട്രോളിലൂടെ മറ്റു പലരും നിയന്ത്രിക്കുന്നു.

നമ്മുടെ ജീവിതംപോലെതന്നെ ഇന്നു നമ്മുടെ രാഷ്ട്രീയവും അടിച്ചുപൊളി ശൈലിയിലാണ്. നമ്മുടെ തനതായതെല്ലാം പൊളിച്ചടുക്കിക്കൊണ്ടാണ് ഈ അടിച്ചുപൊളി ജീവിതവും രാഷ്ട്രീയവും മുന്നോട്ടുപോകുന്നത്. രാഷ്ട്രങ്ങളുടെ പരമാധികാരം നഷ്ടപ്പെടുന്നു എന്നത് ഇന്നേറെ ചര്‍ച്ചചെയ്യപ്പെടുന്നു. എന്നാല്‍ എത്രയോമുമ്പ് വ്യക്തികളുടെ പരമാധികാരം നഷ്ടപ്പെട്ടു കഴിഞ്ഞു എന്ന് നാം അറിയുന്നില്ല. നമുക്ക് എത്രനാള്‍ ഈ വഴിക്കു മുന്നോട്ടു പോകാനാകും എന്ന ചോദ്യം നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ട്. വികസനത്തിന്‍റെ പേരില്‍ നാം അറിയാതെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നമ്മെ ഇരുത്തി ചിന്തിപ്പിക്കാന്‍, തിരുത്തി പ്രവര്‍ത്തിപ്പിക്കാന്‍, ഹിന്ദ്സ്വരാജ് മുന്നോട്ടുവയ്ക്കുന്ന വികസനസമീപനങ്ങളെ തികഞ്ഞ രാഷ്ട്രീയവിവേചന ബുദ്ധിയോടെ സമീപിക്കേണ്ടതുണ്ട്.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts