news-details
മറ്റുലേഖനങ്ങൾ

കേരളത്തനിമയെ സൂചിപ്പിക്കേണ്ടിവരുമ്പോഴൊക്കെ നാം ഉപയോഗിക്കുന്ന പ്രതീകങ്ങള്‍ ചുണ്ടന്‍വള്ളം, കഥകളി, തിരുവാതിരകളി, സെറ്റുടുത്ത സ്ത്രീകള്‍  തുടങ്ങിയവയാണ്. കളരിപ്പയറ്റിന്‍റെ ഒരു സ്റ്റീല്‍, മറക്കുടചൂടിയ അന്തര്‍ജനം, ആറ്റിലേക്കു ചാഞ്ഞുനില്‍ക്കുന്ന തെങ്ങ്, നാലുകെട്ട്, അമ്പലം എന്നിവയും കേരളീയതയുടെ വൈകാരികാനുഭൂതി നല്കുന്നതാണ്. ഈ പ്രതീകങ്ങളിലേറെയും സമീപഭൂതകാല കേരളസംസ്കാരത്തില്‍ നിന്നെടുത്തവയും സവര്‍ണ്ണമുദ്രകള്‍ പേറുന്നവയുമാണ്. ദീര്‍ഘമായ ഒരു ഭൂതകാലത്തെ ഇവകളില്‍ പ്രതിഷ്ഠിക്കുമ്പോള്‍ എന്തിനെയൊക്കെയോ നാം മറക്കാനോ മറയ്ക്കാനോ തത്രപ്പെടുന്നുണ്ട്.

പുറമേനിന്നു വന്നവര്‍ കേരളത്തിന്‍റെ രാഷ്ട്രീയവും സാമൂഹികവും മാനസികവുമായ മേല്‍ക്കോയ്മ നേടിയെടുക്കുന്നതാണു കേരളചരിത്രത്തിന്‍റെ പ്രത്യേകത. നമ്പൂതിരിമാരുടെ ആചാരങ്ങളും പിന്നീടു പാശ്ചാത്യാധുനികതയും നമുക്കു തീര്‍ത്തുംസ്വീകാര്യമായി. കാലാന്തരത്തിലുണ്ടായ നവോത്ഥാനപ്രസ്ഥാനങ്ങളെല്ലാം സ്വയം പരിഷ്കരിച്ചത്, തങ്ങള്‍ ആചരിച്ചും ശീലിച്ചുംപോന്ന സമ്പ്രദായങ്ങളെ മേല്‍ജാതിക്കാരുടെ രീതികളുമായി പകരംവച്ചുകൊണ്ടാണ്. ഒരു വിധേയഭാവവും ആത്മനിന്ദയും മലയാളികളുടെ അടിസ്ഥാനഭാവമായി നിലനിന്ന് സ്വയം പരിഷ്കരിക്കാനുള്ള ത്വരയായി മാറുന്നതു കാണാം. തിരിഞ്ഞുനോക്കി അഭിമാനം കൊള്ളാന്‍ ആഢ്യമുദ്രകളും മുമ്പോട്ടുനോക്കി നവീകരിക്കാന്‍ കയ്യേറ്റ ആലഭാരങ്ങളും.

പറഞ്ഞുവന്നതു കേരളത്തെ പ്രതിനിധീകരിക്കുന്ന പ്രതീകങ്ങളെക്കുറിച്ചാണ്. കേരളത്തിലെ ഗ്രാമങ്ങളെക്കുറിച്ചു പഠിക്കേണ്ടിവരുമ്പോള്‍ മുമ്പൊക്കെ പാഠപുസ്തകങ്ങളില്‍ ഓലമേഞ്ഞ ചെറിയൊരു പുരയും മുറ്റത്തൊരു തെങ്ങും അതില്‍ കെട്ടിയ പശുവും കിടാവും മറ്റുമായിരുന്നു. ഇല്ലായ്മയുടെ സമ്പന്നത വഹിക്കുന്ന ആ പഴയ പള്ളിക്കൂടങ്ങള്‍ മുതിര്‍ന്നവര്‍ക്കു പെട്ടെന്നോര്‍മ്മിച്ചെടുക്കാനാകും. അക്കാലത്തെ സ്കൂളുകള്‍ക്കെല്ലാം ഒരു പൊതു മുഖഛായയുണ്ടായിരുന്നു. പാതിമാത്രം കെട്ടിയ വെട്ടുകല്‍ പുറംഭിത്തി. അവ തേച്ചിട്ടുണ്ടാവുകയില്ല. മണല്‍ പാകിയതോ പരുക്കനിട്ടതോ ആയ തറ. ക്ലാസ്സുകളെ വേര്‍തിരിക്കുന്നതു വ്യത്യസ്ത ക്ലാസ്സുകളാണെന്ന ബോധം മാത്രം. അപ്പുറത്തേതും ഇപ്പുറത്തേതുമായ ക്ലാസ്സുകള്‍ നമ്മെ അലോസരപ്പെടുത്തിയിരുന്നോ? ഇല്ലെന്നുള്ളതാണു വാസ്തവം. പഴയപാഠപുസ്തകങ്ങളിലെ സ്കൂളിന്‍റെ ചിത്രവും ഇതുപോലെതന്നെയായിരുന്നു. ഞങ്ങളുടെ സ്കൂള്‍ എന്ന വിഷയത്തെക്കുറിച്ചു രചനയെഴുതുമ്പോള്‍ മാത്രമാണു ഞങ്ങളുടെ സ്കൂളിന്‍റെ മുമ്പിലൊരു പൂന്തോട്ടമുണ്ടെന്ന് ഓര്‍മ്മിച്ചെടുക്കുന്നത്. അതു കള്ളംപറഞ്ഞു പഠിക്കുകയല്ല; ഭാവനചെയ്തു പഠിക്കുകയാണ്. ഇല്ലായ്മകളില്‍ ഭാവനയ്ക്കും സ്വപ്നങ്ങള്‍ക്കും നല്ല വളര്‍ച്ചയാണ്.

ഓല മേഞ്ഞതായിരുന്നു ഞാന്‍ പഠിച്ചിരുന്ന ഗവ. സ്കൂളിന്‍റെ ഒരു കെട്ടിടം. അടച്ചുതുറകളില്ലാത്ത ആ കെട്ടിടം എന്തൊരു വിശാലദര്‍ശനത്തെയാണു പ്രഘോഷിച്ചിരുന്നത്. ചില വര്‍ഷങ്ങളില്‍ കെട്ടിമേയാത്തതുകൊണ്ടു, (ഗവ.ന്‍റെ ഫണ്ട് അലോട്ടുമെന്‍റും നടപടിക്രമങ്ങളും ആര്‍ക്കറിയാം) വേനല്‍ക്കാലത്ത് ഓലയ്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെയില്‍നാളങ്ങളും വര്‍ഷകാലത്തകത്തേയ്ക്ക് ഒഴുകുന്ന ജലധാരയും ഞങ്ങള്‍ക്കു സുഹൃത്തുക്കളായിരുന്നു. പനയോലകൊണ്ടു മേയുന്ന കെട്ടിടങ്ങളിന്നു വിസ്മൃതിയിലാകാന്‍തക്കവണ്ണം വിദൂരതയിലായിരിക്കുന്നു. ഒരു പറമ്പിന്‍റെ വില നിര്‍ണ്ണയിക്കുന്നതില്‍ പനകളുടെ എണ്ണത്തിനു മുഖ്യപങ്കുണ്ടായിരുന്നു. (വച്ചുപിടിപ്പിക്കുന്നതല്ല പന; വച്ചുപിടിപ്പിക്കാന്‍ ആരും ശ്രമിക്കാറുമില്ല.)

ഋതുഭേദങ്ങള്‍ ജീവിതനൈരന്തര്യത്തിനുണര്‍വു നല്കുന്നതുപോലെയാണു വര്‍ഷംതോറുമുള്ള പുരമേച്ചിലുകള്‍, കിണറുതേകലുകള്‍, കൃഷിയും വിളവെടുപ്പുകളുമൊക്കെ. പുരമേയുന്നതിന് ഒരാഘോഷപ്രതീതി ഉണ്ടായിരുന്നതുകൊണ്ടാകണം അതിനെ പുരകെട്ടുകല്യാണം എന്നു വിളിച്ചിരുന്നത്. ഒരു പ്രാദേശികകൂട്ടായ്മയുടെ ഒത്തുകൂടലാണ് അന്നേദിവസം. പുരമേയാന്‍ ഒന്നോ, രണ്ടോ കൂലിക്കാരൊഴിച്ചാല്‍ വെട്ടിയ ഓല ചീന്തുന്നതും, ചുമന്നു വീട്ടിലെത്തിക്കുന്നതും, പുരപ്പുറത്തേക്കു ചാണ്ടുന്നതും കെട്ടുവള്ളി ആദിയായ അനുസാരികള്‍ തയ്യാറാക്കുന്നതുമെല്ലാം അയല്‍സംഘമാണ്. ഇല്ലായ്മകളിലാണ് നാം കൂടുതല്‍ സഹവര്‍ത്തിത്വം പുലര്‍ത്തുന്നത്. സ്വയം പര്യാപ്തമാകുക എന്ന വാക്കിന്‍റെ വിമോഹനത്വം വിട്ടാല്‍, അതു കൂടുതല്‍ ഏകാകിയാകുക, സ്വാര്‍ത്ഥനാകുക തുടങ്ങിയ ആഹ്ലാദപ്രദമല്ലാത്ത അര്‍ത്ഥങ്ങളില്‍ ചെന്നുചേരും. രാവിലെയും ഉച്ചയ്ക്കും പുഴുക്കും ചോറും കറികളുമായുള്ള ആ അനൗപചാരികമേളനം ചെറിയ പിണക്കങ്ങള്‍ അലിയിപ്പിച്ചുകളയാനും പുതിയ ഇണക്കങ്ങള്‍ സൃഷ്ടിക്കാനും ഇടയാക്കും. മേല്പ്പൊടിയായി അല്പം പനങ്കള്ളുമായാല്‍ 'വിശേഷാ'യി. കള്ള് ഒഴിവാക്കിയാല്‍ ചിലരുടെയെങ്കിലും മുഖംകറുക്കും. കുപ്പിയില്‍വരുന്ന നിറംകലര്‍ത്തിയ വെള്ളം അന്നു സുലഭമല്ല.

ഓലമേയുമ്പോഴുമുണ്ട് കുറെ നാട്ടുപ്രമാണങ്ങള്‍. അടുക്കളഭാഗത്തെ ഓലകള്‍ പുകയേറ്റ് അധികം കേടുകൂടാതിരിക്കുന്നതാണ്. അവയെ ഒരിക്കല്‍ക്കൂടി ഉപയോഗിക്കാം. വിസ്തൃതമായ പനയോലയുടെ ഓരോ ഭാഗത്തിനും വേറിട്ട പേരുകളുണ്ട്. പുരപ്പുറത്തേക്ക് ഓല ചാണ്ടാനും (എറിയുക എന്നര്‍ത്ഥം. ഇന്നിപ്പോള്‍ പ്രയോഗ ലുപ്തതകൊണ്ട് അന്യംനില്‍ക്കാറായി ഈ വാക്ക്) അതു പിടിച്ചെടുക്കാനും ഒരു പ്രായോഗികവൈദഗ്ദ്ധ്യം വേണം. കെട്ടുവള്ളിയും ഓലയില്‍നിന്നുതന്നെയാണ് ഉണ്ടാക്കുന്നത്. കോടി കെട്ടാനും എറമ്പു കെട്ടാനുമെല്ലാം ഒരു നാടോടി വൈഭവം ആവശ്യമാണ്.

അടുക്കളയിലെ ചിമ്മിനി സാധാരണമായിട്ടു കാലമേറെയായിട്ടില്ല. കാര്‍ഷികജീവിതത്തില്‍ ഈ അടുപ്പിലെ പുകയ്ക്കു കുറച്ചേറെ സ്ഥാനമുണ്ട്. അടുപ്പിലെ പുക ഓലകള്‍ക്കിടയിലൂടെ ആഴ്ന്നുപോകുമ്പോള്‍ ഓലകള്‍ക്ക് ആയുസ്സുകൂടും. ഓലയുടെ തണുപ്പിനുള്ളില്‍ അഭയം തേടുന്ന ജീവികള്‍ ഒഴിവാകും. വാരികളും ചേരും ചിതലുകയറാതെ ഇരിക്കണമെങ്കിലും പുകവേണം. ചേരിനുള്ളിലെ  പുകയില്‍ ചേനയും, ഇഞ്ചിവിത്തുകളും മുളക്കരുത്തുനേടും. പുകയിലെ കാര്‍ബണ്‍ഡൈ ഓക്സൈഡിനെക്കുറിച്ചും പൊടിപടലങ്ങളെക്കുറിച്ചും ഇപ്പോഴാണ് നാം ഭയാശങ്കരാകുന്നത്. ഓര്‍ക്കുക ഈ പുക നമ്മുടെ കാര്‍ന്നോന്മാരുടെ സുഹൃത്തായിരുന്നു.

പ്രകൃതിയെ വണങ്ങുന്ന പ്രശാന്തമന്ദിരങ്ങള്‍ക്കു നല്ല മാതൃകയാണ് ഓലമേഞ്ഞപുരകള്‍. പര്‍ണ്ണ(ഇല)ശാല തന്നെ. വീടു നശിക്കുമ്പോഴും അതു മണ്ണിനോടു വിലയനം പ്രാപിക്കുന്നു. ഫാക്ടറി ഉല്പാദിപ്പിക്കുന്ന കൃത്രിമ വസ്തുക്കളൊന്നും നിര്‍മ്മാണസാമഗ്രികളല്ല. ചുറ്റുപാടുമുള്ള വസ്തുക്കള്‍ മാത്രം.  (ഇന്നൊരു വീടു തകര്‍ന്നാല്‍ മണ്ണില്‍ കുന്നുകൂടുന്ന ലയിക്കാത്ത മാലിന്യങ്ങളെത്ര?) കുടിലുകളാണെങ്കില്‍ മറയ്ക്കാനും ഓലതന്നെ.

തറ മെഴുകിയതാണ്. അണുനാശകമാണ് അതിനുപയോഗിക്കുന്ന ചാണകവും കരിയും. രണ്ടാഴ്ചയിലൊന്നെങ്കിലും മെഴുകണം. ഇന്നു മാര്‍ബിള്‍ തറകള്‍ ഉണ്ടാക്കുന്ന രോഗങ്ങളൊന്നും അന്നില്ല. തറയില്‍ നഗ്നപാദരായി സഞ്ചരിക്കുമ്പോള്‍ മണ്ണിന്‍റെ, സ്പര്‍ശനാനുഭൂതി. പനയോല നമ്മുടെ സാമൂഹികജീവിതത്തില്‍ വട്ടിയായും തൊപ്പിയായും കുടയായും ഇടപെട്ടിരുന്നു.

ചൂടില്ലാത്ത ഓലമേഞ്ഞപുരകള്‍ ഇന്നന്യമായി തീര്‍ന്നുകൊണ്ടിരിക്കുന്നു. അമ്മമാരുടെ ഒരു രഹസ്യപ്പെട്ടിയായി, -സാധനങ്ങള്‍ ഓലയ്ക്കിടയില്‍  തിരുകിവയ്ക്കാം- മുറുക്കാന്‍ ചെല്ലമായി, നിത്യസൗഹൃദഭാവത്തില്‍ എത്രയോ കാലം നമ്മുടെ ചരിത്രത്തില്‍ നിലകൊണ്ടു? ഇന്നിപ്പോള്‍, ഒരു കുട്ടി ഭയപ്പെട്ടതുപോലെ, അത്തരം വീട്ടില്‍ കിടക്കാന്‍ പേടിയാകുമല്ലോ -ഒരു തീപ്പൊരിയെങ്ങാനും പാറിവന്നു വീണാലോ? അതുകൊണ്ടു വീട് അതിനാല്‍തന്നെ ഒരു സൂചകമാണ്. ഭയരാഹിത്യത്തിന്‍റെ, അയല്‍സൗഹൃദത്തിന്‍റെ, പ്രപഞ്ചത്തോടുള്ള വിനയഭാവത്തിന്‍റെ.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts