ബിമല്‍ മിത്രയുടെ 'വിലയ്ക്കു വാങ്ങാം' എന്ന ബംഗാളിനോവലിലെ അച്ഛനില്ലാത്ത ദീപാങ്കുരനെയും അവന്‍റെ അമ്മയെയും ആരും മറന്നുപോകില്ല. ദീപാങ്കുരന്‍റെ അധ്യാപകനായിരുന്നു പ്രമണദബാബ്. അദ്ദേഹം വലിയ വലിയ സംഗതികള്‍ പലതും അവനോടു പറയാറുണ്ട്. ഒരിക്കല്‍ അദ്ദേഹം അവനോടു പറഞ്ഞു: "വലുതാകുമ്പോള്‍ നീ മഹാഭാരതം വായിക്കണം, മനസ്സിലായോ? ഇനി, ലോകത്തെക്കാള്‍ വലുതെന്തെന്നു കേട്ടോളൂ. പൃഥ്വിയെക്കാളും വലുത് അമ്മയാണ്, മനസ്സിലായോ? മാതാവ് , നിന്‍റെ അമ്മ."
അമ്മയുടേത് നിരുപാധികമായ അകാരണമായ സ്നേഹമാണ്. അതിരില്ലാത്ത സ്നേഹം അമ്മയില്‍നിന്നു മക്കള്‍ക്കു കിട്ടി. ഏതെങ്കിലും ചില മക്കളോടു മാത്രമായി അമ്മയുടെ സ്നേഹം പരിമിതപ്പെടുത്തപ്പെട്ടില്ല. ഒരമ്മയ്ക്ക് ആറുമക്കളുണ്ടെങ്കില്‍ അതിലേറ്റവും മോശക്കാരനായ മകനു നേരെയും അമ്മയുടെയുള്ളില്‍ അകമഴിഞ്ഞ സ്നേഹമുണ്ടായിരുന്നു. അന്ന് ഒരമ്മയും കുടുംബത്തോടെ ആത്മഹത്യ ചെയ്തിരുന്നില്ല. അടുത്ത വീടുകളില്‍ അടിച്ചുവാരിയും അടുക്കളപ്പണിയെടുത്തും അലക്കിയുമൊക്കെയാണ് അമ്മ ദീപാങ്കുരനെ വളര്‍ത്തിയത്. അതിരാവിലെ അമ്മ വീട്ടില്‍ നിന്നുപോകും. ഉച്ചയ്ക്ക് അവര്‍ വരുന്നതുനോക്കി അവന്‍ വീടിനുപുറത്തു വന്നുനില്ക്കും. അമ്മ പണി കഴിഞ്ഞ് അവനു കഴിക്കാനുള്ള ചോറുമായി എത്തുന്നതുവരെ അവനു സമാധാനമുണ്ടാകില്ല. വിശപ്പിനെക്കാളധികം അമ്മയെ കാണാന്‍ വൈകുന്നതിന്‍റെ വിഷമമായിരിക്കും. അമ്മ കൊണ്ടുവന്ന പൊതിച്ചോറ് മുമ്പില്‍വച്ച് ആര്‍ത്തിയോടെ വാരിത്തിന്നുമ്പോള്‍ അമ്മ പ്രാര്‍ത്ഥിക്കുന്നതുപോലെ ഉരുവിടും: "എന്‍റെ മോനേ, നീയൊരു നല്ല മനുഷ്യനാകണം. അതിനുവേണ്ടിയാണ് അമ്മ ഇത്ര പാടുപെടുന്നത്." ദീപാങ്കുരന്‍റെ കൊച്ചു കുടിലിനടുത്ത് അഘോരനപ്പൂപ്പന്‍റെ കൊട്ടാരമാണ്. എല്ലാ തരത്തിലുമുള്ള തെറ്റുകള്‍ കൊണ്ടും ക്രൂരതകള്‍ കൊണ്ടും കനിവറ്റുപോയ ഒരിരുണ്ട ലോകത്തില്‍ ദീപാങ്കുരന്‍റെ അമ്മയ്ക്ക് ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ; മകന്‍ നല്ലയൊരു മനുഷ്യനായി വളരണം. സാധാരണ അമ്മമാരെപ്പോലെ മകന്‍ വലിയ ധനികനും സമൂഹത്തില്‍ കേമനുമൊക്കെയായി മാറണമെന്ന് അമ്മയൊരിക്കലും ആഗ്രഹിച്ചില്ല. ധനമോ പ്രൗഢിയോ ഉന്നതസ്ഥാനമോ ഒന്നും മനുഷ്യനെ മോചിപ്പിക്കുകയില്ല എന്ന് ആ അമ്മയ്ക്കറിയാമായിരുന്നു. അതുകൊണ്ട് ആ അമ്മ നടത്തിയ പ്രാര്‍ത്ഥന അസാധാരണമായിരുന്നു. അമ്മയുടെ പ്രാര്‍ത്ഥനപോലെ ദീപാങ്കുരന്‍ ഒരു നല്ലമനുഷ്യനായി നന്മയുടെ ആള്‍രൂപമായി വളര്‍ന്നുവരുന്നതാണ് ഈ നോവലിനെ അവിസ്മരണീയമാക്കുന്നത്.