news-details
മറ്റുലേഖനങ്ങൾ

നാവിന്‍റെ കെട്ടഴിക്കുന്ന വീഞ്ഞ്

യേശുക്രിസ്തുവിന്‍റെ 'അന്ത്യഅത്താഴ'ത്തിന്‍റെ അനുഷ്ഠാനകര്‍മ്മത്തിനു വീഞ്ഞ് അനിവാര്യമാണ്. ഗ്രീക്കു പാരമ്പര്യത്തിലെ സിംപോസിയത്തിനും വേണം വീഞ്ഞ്. പ്ലേറ്റോയുടെ സിംപോസിയവും സത്യാന്വേഷണത്തിന്‍റെ സംഭാഷണമാണ്.  കുര്‍ബാനയും സിംപോസിയവും സംഘാതമായ ഭാഷണവും വീഞ്ഞുപാനവുമായിരിക്കുന്നു. ജീവിതത്തിലേക്ക് നോക്കിയാല്‍ മിണ്ടാമുനികളുടെ നാവുകളുടെ കെട്ടഴിഞ്ഞു വാചാലരായി മാറുന്നതു വീഞ്ഞ് അകത്താകുമ്പോഴാണ്. ലോകത്തില്‍നിന്നും ദുഃഖത്തില്‍നിന്നും അവധിയെടുത്ത മുനികള്‍ സോമരസവും അതിന്‍റെ ആധുനികരൂപങ്ങളും അടിച്ചു മയങ്ങി സ്വതന്ത്രഭാഷണത്തിന്‍റെ സ്വര്‍ഗ്ഗത്തിലാകുന്നു.
 
വീഞ്ഞ് ചൈതന്യദായകമാണ് - സ്പിരിറ്റാണ്. ദിവ്യചൈതന്യമായ പരിശുദ്ധാത്മാവും സ്പിരിറ്റാണല്ലോ. പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പസ്തോലന്മാര്‍ ഭാഷയുടെ അതിരുകള്‍ ലംഘിച്ച് ദേവഭാഷ സംസാരിച്ചപ്പോള്‍ സാമാന്യജനങ്ങള്‍ കളിയാക്കി പറഞ്ഞു: "അവര്‍ പുതുവീഞ്ഞു കുടിച്ചിരിക്കുകയാണ്"(നടപടി 2:13).  സ്നേഹത്തിന്‍റെ പുതിയ ഭാഷ പുതുവീഞ്ഞിന്‍റെ വീര്യമായി.
 
സത്യാന്വേഷണത്തിന്‍റെ മാര്‍ഗ്ഗമായി പ്ലേറ്റോ സ്വീകരിച്ചതു വീഞ്ഞു കുടിച്ചുള്ള സംഭാഷണമായിരുന്നു. സ്വയംമറന്ന ഭാഷണലീലയ്ക്ക് ഏല്പിക്കപ്പെട്ടവരുടെ കൂട്ടായ്മയാണ് അതു സൃഷ്ടിച്ചത്. സത്യാന്വേഷണം ഒരു "ഞാന്‍ ചിന്ത"യല്ല "നാം ചിന്ത"യാണ്. ക്രിസ്തുവിന്‍റെ അന്ത്യഅത്താഴത്തില്‍ വീഞ്ഞാണ് ക്രിസ്തുവായി വസ്തുഭേദം വരുന്നത്. അതു കഴിക്കുന്നവര്‍ അവന്‍റെ ചൈതന്യത്തില്‍ നിറഞ്ഞ് കൂട്ടായ്മയുടെ കമ്മ്യൂണിറ്റിയും കമ്മ്യൂണിസവും സൃഷ്ടിക്കുന്നു. അതു സംവേദനത്തിന്‍റെ അഥവാ കമ്മ്യൂണിക്കേഷന്‍റെ വലിയ സദ്യയായി മാറുന്നു - സ്നേഹഭാഷണത്തിന്‍റെ ആലിംഗനവും സേവനവും സദ്യയുമാണ്.  അവന്‍റെ സത്യത്തിന്‍റെ വഴി ലോകം മാറ്റിമറിച്ച ലഹരിയുടെ ചരിത്രമാണ്.
 
ഒറ്റയാന്‍ പുറത്തേക്കിറങ്ങി പാരസ്പര്യത്തില്‍ ഏര്‍പ്പെടുന്ന വേദികളാണ് സിംപോസിയത്തിന്‍റെ സംഭാഷണമേളകളും അത്താഴത്തിന്‍റെ ഊട്ടുശാലകളും. ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും സന്ധിസമാസ ങ്ങള്‍ തീര്‍ക്കുന്നു സിംപോസിയത്തില്‍. അതിനു ചിന്തയുടെ സംഘസംവേദനത്തില്‍ വിശ്വസിക്കണം.  ആശയങ്ങള്‍ വാക്കുകളില്‍ രൂപപ്പെട്ട കാമമല്ല. കാമത്തിനു യുക്തിസഹമായ കാര്യവിചാരമില്ല. കാമത്തിനു കാരണമില്ല, അതു സംശയിക്കുന്നില്ല, കയറിപ്പിടിക്കുന്ന കാമത്തിനു കാതുമില്ല.  വിഡ്ഢിയും മൗലികവാദിയും സിംപോസിയത്തിനു വരില്ല. സംശയങ്ങളോ ചിന്തയോ ഇല്ലാത്ത അവര്‍ അറിവിനെയും ബോധ്യത്തെയും സ്വകാര്യസ്വത്താക്കിയവരാണ് - അവിടെ 'ഞാന്‍ ചിന്ത' മാത്രം; നീ ആവശ്യമില്ല. അവരുടെ ബോധ്യത്തിന്‍റെ ചാരുകസേരയില്‍ ഉറച്ചിരിക്കുന്ന അവര്‍ സംഭാഷണത്തിന്‍റെ സംസ്കാരത്തിനു പുറത്താണ്.  വിഡ്ഢിത്തത്തിന്‍റെ സിംഹാസനത്തില്‍നിന്നു ജീവിതത്തിലൊരിക്കലും ഇറങ്ങേണ്ടതില്ല എന്ന ആത്മവിശ്വാസമുള്ളവര്‍. ആശയരൂപീകരണത്തിന്‍റെ കൂട്ടായചിന്ത കൂട്ടായപന്തിഭോജനംപോലെ എല്ലാവരും വിളമ്പുന്നവരും ഉണ്ണുന്നവരുമാണ്.  അറിയാന്‍ ഒന്നും ബാക്കിയില്ലാത്തവര്‍ക്കും ഒന്നും കേള്‍ക്കാനില്ലാത്തവര്‍ക്കും എന്തിന് സംഭാഷണം? അവര്‍ സ്വാര്‍ത്ഥ കാമത്തിലും സംഘ കാമത്തിലും തളയ്ക്കപ്പെട്ടുകഴിയുന്നു.
 
അവര്‍ക്കു പങ്കുവയ്ക്കലിന്‍റെ പെരുനാളുകളില്ല-അഹത്തിന്‍റെ ഭോഗങ്ങളല്ലാതെ. "പെരുനാള്‍ ചിരിക്കാനാണ്; വീഞ്ഞ് ആനന്ദിക്കാനാണ്" (സഭാ പ്രസംഗകന്‍ 10:19). കല്യാണ വീട്ടില്‍ വെള്ളം വീഞ്ഞാക്കിയവന്‍ വീഞ്ഞില്‍ തന്‍റെ ഓര്‍മ്മയുടെ അനുഷ്ഠാനം നിര്‍ബന്ധിച്ചല്ലോ. "മനുഷ്യന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞ്" (സങ്കീര്‍ത്തനം 104:15) നല്കിയവനെ പുകഴ്ത്തുന്നു സങ്കീര്‍ത്തനത്തില്‍. എങ്കിലും മദ്യപന്‍റെ സുവിശേഷമെഴുതാന്‍ ആഗ്രഹമില്ല. മദ്യം സംവേദനത്തിന് അധികമൂല്യം നല്കി അതിനെ നശിപ്പിക്കുന്നു. മദ്യപന്‍റെ വായ്ത്താരി വിലയില്ലാത്ത വായാടിത്തത്തിന്‍റെ കോമാളിവേഷമാണ്.
 
എങ്കിലും മദ്യപന്‍ ഒരു പൊതുഭാഷക്കുവേണ്ടിയുള്ള അന്വേഷണത്തിലല്ലേ എന്നു സംശയിക്കുന്നു. ഭാഷാഭവനത്തില്‍ സംവേദനം സാധ്യമല്ലാത്തവര്‍ നാവിന്‍റെ കെട്ടഴിക്കാന്‍ വീഞ്ഞില്‍ അഭയം തേടും. ഭാഷാഭവനം അന്യമായവന്‍റെ രോഗലക്ഷണമാണ് മദ്യപാനം. എല്ലാവരെയും ഉള്‍ക്കൊള്ളാത്ത ഭാഷ ചിലര്‍ക്കു ശ്വാസംമുട്ടല്‍ നല്കും. ഭാഷാഭവനത്തില്‍നിന്നു പുറത്താക്കപ്പെട്ടവര്‍ ബാബേല്‍ഗോപുരാനുഭവത്തിലാണ്-ഭാഷാ ഭവനത്തിലെ അന്യവത്ക്കരണം.
 
അത്താഴവിരുന്നും സിംപോസിയവും സ്വതന്ത്രവും സ്വന്തവുമായ ഭാഷാഭവനത്തിന്‍റെ സൃഷ്ടിക്കുവേണ്ടിയുമാണ്. ഭാഷ അലക്കി എല്ലാവര്‍ക്കും പറ്റിയ കൂട്ടായ്മയുടെ സ്നേഹഭാഷയാക്കണം.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts