കുട്ടികളോട് സാധാരണ മുതിര്‍ന്നവര്‍ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്. ഈ ചോദ്യം ചോദിക്കാത്തവരായും, കേള്‍ക്കാത്തവരായും ആരെങ്കിലും ഉണ്ടോയെന്നുന്നു തോന്നുന്നില്ല. "മോന്/ മോള്‍ക്ക് ഏറ്റവും ഇഷ്ടം ആരെയാ? അച്ഛനേയൊ അതൊ അമ്മയേയൊ?" ഭൂരിപക്ഷം കുട്ടികളുടെയും ഉത്തരം ചോദ്യകര്‍ത്താക്കളെ നിരാശപ്പെടുത്തുന്നതായിരിക്കും. ചിലര്‍ പറയും "നിച്ച്..രണ്ടു പേരേയും ഒരുപാടിഷ്ടാ..."മറ്റു ചില വിരുതന്മാര്‍,"നിച്ച് ചക്കിപ്പൂച്ചയോടാ ഇഷ്ടം" എന്നു പറയും. എന്‍റെ അച്ഛന്‍ പണ്ടൊരിക്കല്‍ എന്നോടീ ചോദ്യം ചോദിച്ചു.. ഞാനും പറഞ്ഞു: "രണ്ടുപേരേയും ഒരുപോലിഷ്ടാ..." അപ്പോള്‍ അച്ഛന്‍ പറഞ്ഞു: "എടാ, നിന്നെ പത്തുമാസം വയറ്റില്‍ ചുമന്നുനടന്ന് ഒരുപാട് വേദനസഹിച്ച് പ്രസവിച്ച്, പാലൂട്ടി വളര്‍ത്തിയ നിന്‍റെ അമ്മയെ നീ എന്നെക്കാള്‍ കൂടുതലായി ഇഷ്ടപ്പെടണം." അപ്പോള്‍ ഞാനാലോചിച്ചു, ഗര്‍ഭം ധരിക്കാത്ത, പ്രസവിക്കാത്ത, പാലൂട്ടാത്ത അച്ഛനെ, അമ്മയോളം തന്നെ സ്നേഹിക്കാന്‍ നമുക്കെങ്ങനെ കഴിയും? അതിന്‍റെ പിന്നിലെ മനശ്ശാസ്ത്രമെന്താണ്?
ഇറാനിയന്‍ വിധായകന്‍ മജീദ് മജീദിയുടെ പെദാര്‍ (അച്ഛന്‍) എന്ന സിനിമ കണ്ടുകഴിയുമ്പോള്‍ ഈ ചോദ്യത്തിനുള്ള ഉത്തരം മനസ്സില്‍ നിറയുമെന്ന കാര്യത്തില്‍ സംശയമില്ല.
പേര്‍ഷ്യ, ഇപ്പോള്‍ ഇറാന്‍, കേട്ടറിവു മാത്രമുള്ളവര്‍ക്ക് പറുദീസയാണ് പേര്‍ഷ്യ. എണ്ണപ്പാടങ്ങളും, ഈന്തപ്പനകളും, ഒട്ടകങ്ങളും, അപ്സരസ്സുന്ദരികളുമെല്ലാമുള്ള പേര്‍ഷ്യ. ഒരിക്കലെങ്കിലും പോയിട്ടുള്ളവര്‍ക്ക് നരകം... ചുട്ടുപഴുത്ത മണല്‍ കാല്പ്പാദങ്ങളില്‍ തീയായ് കത്തിപ്പടരും, മൂക്കും, ചെവിയും വായുമെല്ലാം മണല്‍ക്കാറ്റിലടയും, ഒരിറ്റുതുള്ളിക്കായി നാവുനീളും, ഭൂഗര്‍ഭംവരെ...
വരണ്ട മരുഭൂമിയിലെ ആര്‍ദ്രമായൊരു സ്നേഹബന്ധത്തിന്‍റെ കഥയാണ് പെദാര്‍. മെഹ്റോല എന്ന പതിനാലുകാരനും അവന്‍റെ രണ്ടാനച്ഛനും തമ്മിലുള്ള അപൂര്‍വ്വമായൊരുരു സ്നേഹബന്ധത്തിന്‍റെ കഥ.
മോട്ടോര്‍സൈക്കിളപകടത്തില്‍ അച്ഛനെ നഷ്ടപ്പെട്ട മെഹ്റോല പട്ടണത്തില്‍ ചെറിയ ചെറിയ ജോലികള്‍ ചെയ്തുവരികയായിരുന്നു. അമ്മയുടെയും മൂന്നനുജത്തിമാരുടെയും സംരക്ഷണം അവന്‍റെ കൊച്ചു ചുമലിലായി. നാട്ടിലേക്ക് തിരികെമടങ്ങുന്ന മെഹ് റോലയെയാണ് ആദ്യരംഗത്ത് നമ്മള്‍ കാണുന്നത്. അമ്മയെ ഒരു പോലീസ്ഓഫീസര്‍ വിവാഹം ചെയ്തതായും, തന്‍റെ അനുജത്തിമാരുടെ സംരക്ഷണം അയാള്‍ ഏറ്റെടുത്തതായും അവന്‍ അറിയുന്നു. പക്ഷേ അയാള്‍ അവരെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്നുണ്ടെന്നും, മെഹ്റോലയെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നെന്നും അവന്‍ അറിയുന്നില്ല. അവന്‍ അനുജത്തിമാരെ തട്ടിക്കൊണ്ടുവന്ന് അവന്‍റെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നു. പക്ഷേ രണ്ടാനച്ഛന്‍ അവരെ തിരികെക്കൊണ്ടുപോകുന്നു. മെഹ്റോലയ്ക്ക് ഒരപകടം പറ്റുമ്പോള്‍ അവനെ രണ്ടാനച്ഛന്‍ തന്‍റെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരുന്നു. സുഖം പ്രാപിച്ച മെഹ്റോല പട്ടണത്തിലേക്ക് ഒളിച്ചോടുന്നു, ഉറ്റ സുഹൃത്ത് ലത്തീഫിനെയും കൂടെ കൂട്ടുന്നു. രണ്ടാനച്ഛന്‍ അവനെ തിരഞ്ഞുപോയി കണ്ടുപിടിക്കുന്നു. മണല്‍ക്കാറ്റു വീശുന്ന മരുഭൂമിയിലൂടെ മോട്ടോര്‍സൈക്കിളിലുള്ള മടക്കയാത്രയിലാണ് ഈ സിനിമയിലെ സുപ്രധാന രംഗങ്ങള്‍ അരങ്ങേറുന്നത്. യാത്രയ്ക്കിടയില്‍ രണ്ടാനച്ഛനെ കബളിപ്പിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്ന മെഹ്റോലയെ അയാള്‍ പിടികൂടുന്നു. മണല്‍ക്കാറ്റേറ്റ് തളര്‍ന്ന് വഴിയില്‍ വീണ രണ്ടാനച്ഛനെ വഴിയിലുപേക്ഷിക്കാതെ, അവനെക്കൊണ്ടാവും വിധം, വലിച്ചിഴച്ചെങ്കിലും അവന്‍ ഒരു ജലാശയത്തിനടുത്തെത്തിക്കുന്നു.
കഥയുടെ രത്നച്ചുരുക്കം ഇതാണ്:
രണ്ടാനച്ഛന്‍, അതുമൊരു പോലീസ് ഓഫീസര്‍; പക്ഷേ, നന്മ നിറഞ്ഞ, സ്നേഹംതുളുമ്പുന്ന ഒരു ഹൃദയത്തിനുടമയാണെന്നുള്ളതിന്‍റെ സൂചനകള്‍ ആദ്യമേ തന്നെ മജീദി പ്രേക്ഷകന്നു നല്കുന്നുണ്ട്. ഈ സത്യം മെഹ്റോല മനസ്സിലാക്കുന്ന നിമിഷത്തിനായി പ്രേക്ഷകര്‍ ഉദ്വേഗപൂര്‍വ്വം കാത്തിരിക്കും.
വളരെക്കുറച്ചു രംഗങ്ങളില്‍ മാത്ര മേമെഹ്റോലയുടെ അമ്മ കടന്നുവരുന്നുള്ളുവെങ്കിലും, അവരുടെ ആത്മസംഘര്‍ഷങ്ങള്‍ പ്രേക്ഷകനിലേക്ക് പകര്‍ത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.
ഈ സിനിമയിലെ മറ്റൊരുരു ശ്രദ്ധേയ കഥാപാത്രമാണ് ലത്തീഫ്, മെഹ്റോലയുടെ കളിക്കൂട്ടുകാരന്‍. ഗ്രാമത്തില്‍ പണിയെടുത്ത് മടുത്ത, പട്ടണം സ്വപ്നംകാണുന്ന, നിഷ്കളങ്കനായ ലത്തീഫ്. മെഹ്റോലയ്ക്കും അവന്‍റെ അമ്മയ്ക്കുമിടയിലുള്ള ഒരു പാലമാണ് ലത്തീഫ്.
സിനിമയുടെ ആരംഭത്തില്‍ നാട്ടിലേക്കു വരുന്ന മെഹ്റോലയുടെ കയ്യില്‍നിന്നും, അവന്‍ തന്‍റെ സ്വന്തം അച്ഛനോടൊപ്പം നില്ക്കുന്ന ഫോട്ടോ ഒരു കൈത്തോട്ടിലൊഴുകി നഷ്ടപ്പെടുന്നുണ്ട്. സിനിമയുടെ ക്ലൈമാക്സില്‍ വെള്ളത്തില്‍ കിടക്കുന്ന രണ്ടാനച്ഛന്‍റെ പോക്കറ്റില്‍നിന്നും ഒരുരു ഫോട്ടോ മെഹ്റോലയുടെ അടുത്തേക്കൊഴുകി വരുന്നുണ്ട്. അവന്‍റെ അമ്മയോടും അനുജത്തിമാരോടും കൂടി സന്തോഷപൂര്‍വ്വം നില്ക്കുന്ന രണ്ടാനച്ഛന്‍. സ്വന്തം മക്കളെയെന്നപോലെ അയാള്‍ ആ കുട്ടികളെ ഒക്കത്തെടുത്തിരിക്കുന്നു. അച്ഛന്‍റെ സ്നേഹം തിരിച്ചുകിട്ടിയ സന്തോഷത്താല്‍ മെഹ്റോാല പെദാര്‍... എന്നു നീട്ടിവിളിക്കും മുന്‍പ് സ്ക്രീനില്‍ കറുപ്പു പടരുന്നു...
ഇറാനിലെ സാധാരണക്കാരന്‍റെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച്ചകളാണ് മജീദിയുടെ സിനിമകള്‍. അവിടങ്ങളിലെ ഭൂപ്രകൃതിയും, സംസ്കാരവും, സാമൂഹികക്രമവുമെല്ലാം, കണ്ണാടിയിലെന്നപോലെ നമുക്കവയില്‍ കാണാം.
മജീദി ചിത്രങ്ങളുടെ ഒരു പ്രത്ര്യേകത ക്ലൈമാക്സ് രംഗങ്ങളിലെ ജലസാന്നിദ്ധ്യമാണ്. പെദാറിന്‍റെ അവസാന രംഗത്ത് രണ്ടാനച്ഛനും, മെഹ്റോലയും ചെറിയൊരു നീര്‍ച്ചാലില്‍ കിടക്കുകയാണ്. മജീദിയുടെ മറ്റു ചിത്രങ്ങളായ ബരാന്‍, ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, കളര്‍ ഓഫ് പാരഡൈസ് തുടങ്ങിയവയിലെല്ലാം തന്നെ മഴയോ, കടലോ, നീര്‍ച്ചാലുകളോ പ്രേക്ഷകന്‍റെ മനം കുളിര്‍പ്പിച്ചിരിക്കും.
മറ്റൊരു പ്രത്യേകത, നിശ്ശബ്ദമായ ക്ലൈമാക്സ് രംഗങ്ങളാണ്. ആ സിനിമയിലൂടെ സംവിധായകന്‍ ഉറക്കെപ്പറയാനുദ്ദേശിച്ചതെല്ലാം ആ ഒറ്റ രംഗത്തിലുണ്ടാകും.
മജീദ് മജീദിയെപ്പോലെയൊരു സംവിധയാകനു ജന്മം നല്കാന്‍ ഇന്‍ഡ്യന്‍ സിനിമ ഇനിയും പ്രായപൂര്‍ത്തിയായിട്ടില്ല, എന്നുപറയേണ്ടി വരും.