news-details
മറ്റുലേഖനങ്ങൾ

മണ്ഡലവ്രതക്കാലത്തു യാത്രയ്ക്കിടയില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു ഹൈന്ദവ ഭക്തിഗാനമുണ്ട്: "മനസ്സിനെ മാംസത്തില്‍നിന്നുയര്‍ത്തേണമേ." ആ ഗാനം കേട്ടപ്പോള്‍ ലോകം കെട്ടിയിട്ടിരിക്കുന്ന പക്ഷിയായ മനുഷ്യന്‍ ആത്മാവിലുള്ള സ്വാതന്ത്ര്യത്തിന്‍റെ ചിറകുകള്‍ മറന്നുപോയ വേദനയിലാണെന്നു തോന്നി. ജാതിക്കും മതത്തിനും അതീതമായി മനുഷ്യന്‍റെ അഭിവാഞ്ഛയാണു ജഡത്തില്‍ നിന്ന് ആത്മാവിന്‍റെ ഭാവത്തിലേക്ക് അഹത്തെ മേളിപ്പിക്കുകയെന്നത്.

ഇഗ്നേഷ്യസ് ലയോള മര്‍ക്കോ 9/35 പറഞ്ഞപ്പോള്‍ ഒരു വിശുദ്ധന്‍ ജന്മമെടുത്തു - വി. ഫ്രാന്‍സിസ് സേവ്യര്‍. "ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്‍റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം?"  മനുഷ്യന്‍ സ്വന്തം ആത്മാവിനു പകരം എന്തു കൊടുക്കും?

പ്രാര്‍ത്ഥനയും ഉപവാസവും നോമ്പില്‍ ചേര്‍ന്നു നില്‍ക്കുന്നു. ലോകം, ജഡം, പിശാച് ഇവയ്ക്കു മുകളിലുള്ള വിജയത്തിനു നമ്മുടെ കര്‍ത്താവ് നല്‍കിയ  രണ്ടു ശക്തിമാര്‍ഗങ്ങളാണ് പ്രാര്‍ത്ഥനയും ഉപവാസവും. "ജഡത്തിന്‍റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്‍റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്‍റേതല്ല, പ്രത്യുത ലോകത്തിന്‍റേതാണ്. ലോകവും അതിന്‍റെ മോഹങ്ങളും കടന്നുപോകുന്നു.  ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു" (1യോഹ. 2/16).

"ലൗകികമനുഷ്യനു  ദൈവാത്മാവിന്‍റെ ദാനങ്ങള്‍ ഭോഷത്തമാകയാല്‍ അവന്‍ അതു സ്വീകരിക്കുന്നില്ല. ഈ ദാനങ്ങള്‍ ആത്മീയമായി വിവേചിക്കപ്പെടേണ്ടവയാകയാല്‍ അവ ഗ്രഹിക്കാനും അവനു സാധിക്കുന്നില്ല. ആത്മീയ മനുഷ്യന്‍ എല്ലാ കാര്യങ്ങളും വിവേചിച്ചറിയുന്നു" ( 1 കൊറി. 2/14,15).

ലൗകിക മനുഷ്യന്‍ അഥവാ ജഡികമനുഷ്യന്‍ പിശാചിന്‍റെ ഉപകരണമാണ്. പിശാചിന്‍റെ ബന്ധനത്തില്‍ നിന്ന് സ്വതന്ത്രമായി ആത്മീയമനുഷ്യനായി ദൈവത്തോടു ചേരുവാന്‍ പിശാചിനോടും ലോകത്തോടും സമരം ചെയ്യണം. നമ്മുടെ കര്‍ത്താവ് ശിഷ്യന്മാര്‍ക്കു പിശാചിനെ പുറത്താക്കാനുള്ള മാര്‍ഗ്ഗം ഉപദേശിക്കുന്നു: "പ്രാര്‍ത്ഥന കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗ്ഗം പുറത്തുപോകില്ല" (മര്‍ക്കോ 9/29).

വലിയ നോമ്പുമായി ബന്ധിപ്പിച്ച് നമ്മള്‍ ധ്യാനിക്കുന്ന ഒരു വേദഭാഗമാണ് ലൂക്കാ 4: 1-13. കര്‍ത്താവിന്‍റെ മരുഭൂമിയിലെ പരീക്ഷയാണ് ഇതിവൃത്തം. ജോര്‍ദ്ദാനില്‍ വച്ച് പരിശുദ്ധാത്മാവിന്‍റെ ആവാസം യേശുവില്‍ ഉണ്ടാകുകയും "നീ എന്‍റെ പ്രിയ പുത്രന്‍ നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു" (ലൂക്കാ  3/22) എന്ന സ്വര്‍ഗീയ പ്രഖ്യാപനം ഉണ്ടാകുകയും ചെയ്യുന്നു. തുടര്‍ന്നുള്ള ശ്രദ്ധേയമായ കാര്യം ജോര്‍ദ്ദാന്‍റെ പശ്ചാത്തലത്തില്‍നിന്ന്  തുലോം വിപരീതമായ മരുഭൂമിയുടെ പശ്ചാത്തലത്തിലേക്കു കര്‍ത്താവ് നയിക്കപ്പെടുന്നുവെന്നതാണ്. വെള്ളത്തില്‍ നിന്ന് വെള്ളം കിട്ടാത്തിടത്തേക്ക്, പച്ചപ്പില്‍ നിന്ന് മണലാരണ്യത്തിലേക്ക്. ജലം ജീവന്‍റെ സമൃദ്ധിയെങ്കില്‍ മരുഭൂമി മരണത്തിന്‍റെ സമൃദ്ധി. വെള്ളത്തില്‍ മീനുകളെങ്കില്‍ മരുഭൂമിയില്‍ വിഷസര്‍പ്പങ്ങള്‍. ജോര്‍ദ്ദാന്‍റെ ഭൂമികയില്‍ സുഖകരമായ കാലാവസ്ഥയെങ്കില്‍ അതിശൈത്യവും കൊടിയ താപവും നല്കുന്നതാണ് മരുഭൂമി. ബെത്ലഹേമിന്‍റെ പശ്ചാത്തലത്തിലെ ദാരിദ്ര്യം കാല്പ്പനികതയുടെ മേച്ചില്‍പ്പുറങ്ങള്‍ക്ക് വാതില്‍ തുറക്കുന്നുവെങ്കില്‍ മരുഭൂമി ദാരിദ്ര്യത്തിന്‍റെ പരുക്കന്‍ യാഥാര്‍ത്ഥ്യം കാല്പ്പനികതയിലേക്കു വാതില്‍ തുറക്കാതെ നിലനിര്‍ത്തുന്നു. ശരീരം  കൊതിക്കുന്നവയാണ് പിശാച് കൊണ്ടുവരുന്ന പ്രലോഭനങ്ങള്‍. രണ്ടാമത്തെ പ്രലോഭനമായി പിശാച് അവനെ ഒരു ഉയര്‍ന്ന സ്ഥലത്തേക്കു കൊണ്ടുപോയി. ഭൂമിയിലെ സകല രാജ്യങ്ങളും ക്ഷണനേരം കൊണ്ട് അവനു കാണിച്ചുകൊടുത്തു. പിശാച് അവനോടു പറഞ്ഞു: "ഇവയുടെ മേല്‍ എല്ലാ അധികാരവും മഹത്ത്വവും നിനക്കു ഞാന്‍ തരാം. ഇതെല്ലാം എനിക്കു നല്കപ്പെട്ടിരിക്കുന്നു. എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് ഞാനിതു കൊടുക്കും. നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിന്‍റേതാകും" (ലൂക്കാ 4/6,7). പിശാചിന്‍റെ സ്വഭാവം വ്യക്തമാക്കുന്ന ഒരു ഭാവം ഇവിടെ കാണുന്നു. എല്ലാം സൃഷ്ടിച്ച ദൈവത്തോടുതന്നെയാണ് പിശാച് ഇതെല്ലാം തന്‍റേതാണെന്ന നുണ  പറയുന്നത്. യോഹ 8/44ല്‍ കര്‍ത്താവ് പിശാചിനെക്കുറിച്ചു പറയുന്നു: അവന്‍ നുണയനും നുണയുടെ പിതാവുമാണ്. നമ്മുടെ കര്‍ത്താവ് പിശാചിനെ എതിര്‍ക്കുവാന്‍ വചനത്തിന്‍റെ വാള്‍ കരുതണമെന്നു നമുക്കു ബോദ്ധ്യമേകുന്ന മറുപടി പിശാചിന് കൊടുക്കണം. നിയമ. 6/12.  കര്‍ത്താവിന്‍റെ മറുപടിയായി: "നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ ആരാധിക്കണം. അവനെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു." പിശാചിനെ പരാജയപ്പെടുത്തുന്ന വചനം വളരുന്നത് ഹോസാന തിരുനാളിലേക്കാണ്. ദൈവമായ കര്‍ത്താവിനെ ആരാധിക്കുന്ന ഒരു ജനാവലിയെ നമ്മളവിടെ കാണുന്നു. ബേത്ലഹെം, ബഥാനിയ എന്നീ സ്ഥലങ്ങളില്‍ ആരാധനയ്ക്ക് വന്നുകൂടിയ ജനം തമ്പടിച്ചിരിക്കുന്നു. ബഥനിയായില്‍ ലാസറിനെ ഉയിര്‍പ്പിച്ചതിനു സാക്ഷ്യം വഹിച്ച ജനം ജീവന്‍റെ നാഥന്‍റെ പിന്നാലെ അണിനിരക്കുന്നു. 'അത്തിഫലങ്ങളുടെ വീട്' എന്നര്‍ത്ഥമുള്ളതാണ് ബെത്ലഹെം എന്ന നാമം. കുരിശിലേക്കുള്ള യാത്രയില്‍ ഫലം തരാത്ത വൃക്ഷത്തെ ശപിക്കുന്ന യേശുനാഥന്‍ അത്തിഫലങ്ങളുടെ വീട് എന്നതില്‍ പാകമാകാത്ത അത്തിഫലങ്ങളാണ് വിവക്ഷിക്കുന്നത്. അത്തിഫലങ്ങളുടെ വീട്ടില്‍ നിന്നുള്ള യാത്ര നീളുന്നത് ഫലം നല്‍കാത്ത അത്തിവൃക്ഷത്തിലേക്കാണ്. ബഥാനിയായില്‍ അത്ഭുതം കണ്ടവരും അത്തിഫലങ്ങളിലെ വീടിന്‍റെ പ്രയോക്താക്കളും കുരിശുമരത്തിലേക്കുള്ള യാത്രയില്‍ അവനോടുകൂടി ഇല്ല. ജറൂസലേം വരെ മാത്രമേ ഘോഷയാത്രയുള്ളൂ. പിന്നീടതു കുരിശിന്‍റെ വഴിയിലേക്കാണ് നീളുന്നത്.

ഒരു സമൂഹത്തിന്‍റെ നന്മ അവനേറ്റെടുക്കുന്ന വേദനകളാലാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. "നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി. അതു നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്, അവന്‍റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു" (1 പത്രോ. 2/24).

നമ്മിലെ ജഡികമനുഷ്യന്‍റെ വിമോചനം അവന്‍ കുരിശിലേറ്റ മുറിവിനാലാണ്. നമ്മിലെ ആത്മീയമനുഷ്യനെ ജ്വലിപ്പിക്കുന്നത് അവനിലെ ആത്മാവാണ്, പരിശുദ്ധാത്മാവാണ്.

"കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്.  ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു" (ലൂക്കാ 4/ 18-19).

ജനത്തിന്‍റെ നിലവിളി ഇടുങ്ങിയ ദേശീയ ചിന്തയിലൂന്നി, റോമന്‍ ആധിപത്യത്തില്‍ നിന്നുള്ള വിമോചനമാണ്. ഹോസാന എന്ന പദം ഹോസിയാ, നാ എന്നീ രണ്ടു ഹീബ്രുപദങ്ങളുടെ സങ്കലനമാണ്. രക്ഷിക്കൂ, ഞങ്ങള്‍ യാചിക്കുന്നു എന്നാണ് അര്‍ത്ഥം.

പക്ഷേ യേശുക്രിസ്തുവിന്‍റെ രാജ്യം ഐഹികമല്ല. ആത്മാവിലുള്ള ദൈവമക്കളുടെ സ്വാതന്ത്ര്യത്തിനായി ജീര്‍ണതയുടെ അടിമത്തത്തില്‍ നിന്നു നേടേണ്ട വിമോചനത്തിലാണ്. ജറൂസലേമിലെത്തിയ ഘോഷയാത്രയില്‍ ജനം ആഗ്രഹിക്കുന്നത് റോമന്‍ ഗവര്‍ണറെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുക്കുന്നതിലേക്കു വളര്‍ച്ച പ്രാപിക്കണമെന്നാണ്.  യേശുക്രിസ്തു ദൈവാലയത്തില്‍ നടമാടുന്ന കച്ചവടതാല്പര്യങ്ങള്‍ക്കു നേരെയാണ് സ്വരമുയര്‍ത്തുന്നത്. റോമിനെതിരെയല്ല. പീലാത്തോസിന്‍റെ അരമനയില്‍ മൗനമായി വിധിയേറ്റു വാങ്ങുന്ന യേശുവിനെ നമ്മള്‍ കാണുന്നു. അടിക്കുകയെന്നതും തിരിച്ചടിക്കുകയെന്നതും ശക്തിയാണ്. തിരിച്ചടിക്കാന്‍ തോന്നുന്ന ശക്തിയെ നിയന്ത്രിക്കുന്നതാണ് ശ്രേഷ്ഠശക്തി. വിശ്വാസജീവിതത്തില്‍ ഹോസാനയുടെ വഴികളില്‍ കുരുത്തോലകള്‍ ഏന്തുന്ന നമ്മള്‍ കുരിശിന്‍റെ വഴിയില്‍ മുട്ടുകുത്തുന്നു. കാരണം നമ്മുടെ അതിക്രമങ്ങള്‍ക്കു വേണ്ടി അവന്‍ മുറിവേല്പിക്കപ്പെട്ടു. ക്ഷതങ്ങളാല്‍ നമ്മള്‍ സൗഖ്യം പ്രാപിച്ചു (ഏശ. 53/5). പിശാച് നല്കിയ പ്രചോദനം പിശാചിനെ ആരാധിക്കാനായിരുന്നെങ്കില്‍ അതിന്‍റെ മറുപടി ദൈവപുത്രന്‍ നല്കുന്നത് ദൈവപിതാവിനെ മഹത്വപ്പെടുത്തിക്കൊണ്ട്, നമുക്കു പാപമോചനം നല്‍കുവാന്‍ കുരിശിലേറി നമ്മെ ദൈവമക്കളാക്കിക്കൊണ്ടാണ്.

ലൂക്കാ 4/ 2 മുതല്‍ പിശാച് ഒരുക്കുന്ന ആദ്യപ്രലോഭനം വിശപ്പിനു മുമ്പില്‍ കല്ലുകളെപ്പോലും അപ്പമാക്കുവാനുള്ള ആഹ്വാനമേകിയാണ്. വിശപ്പുകള്‍ പലതുണ്ട്. കല്ലുകള്‍ അപ്പമാക്കുന്നവന് തന്‍റെ ശരീരത്തെ ആഴമായി ആര്‍ക്കും നല്‍കാനാവില്ല. ആദ്യത്തെ പ്രലോഭനം വിശുദ്ധ കുര്‍ബാനയെന്ന രക്ഷയുടെ പാഥേയം ഇല്ലാതാക്കാനായിരുന്നു.

ദൈവത്തിനായി വിശക്കുന്നവന് കുര്‍ബാന അപ്പത്തിലും കുറഞ്ഞ ഒരു സുവിശേഷമില്ല. അത് ആത്മീയതലത്തിലെ ബധിരതയെപ്പറ്റി ദൈവസ്വരം കേള്‍പ്പിക്കുന്നു. നന്മ ചെയ്തു ചുറ്റിസഞ്ചരിച്ച യേശുവിനെ പിഞ്ചെല്ലുമ്പോള്‍ വിശുദ്ധ കുര്‍ബാനയിലേക്ക് എല്ലാ വഴികളും ചേരുന്നു. എല്ലാ അത്ഭുതങ്ങളും വളരുന്നത് വിശുദ്ധ കുര്‍ബാനയിലേക്കാണ്. കര്‍ത്താവ് കല്ലിനെ അപ്പമാക്കി പിശാചിനെ അത്ഭുതപ്പെടുത്തിയില്ല. മറിച്ച് തന്‍റെ ശരീരം സക്രാരിയാക്കിയ പരിശുദ്ധ മാതാവിന് ആദ്യഅത്ഭുതം സമര്‍പ്പിച്ചു. അതിനോടൊപ്പം വളര്‍ന്ന് മാതാവ് വിശുദ്ധ കുര്‍ബാനയുടെ സ്ത്രീയായി മാറി. അന്നവള്‍ പച്ചവെള്ളത്തെ വീഞ്ഞാക്കി. സെഹിയോനില്‍ അവന്‍ വീഞ്ഞിനെ ചോരയാക്കി എന്നും നമ്മുടെ അള്‍ത്താരകളില്‍ തന്നെ നല്കി അവന്‍ പറയുന്നു: "ഇതെന്‍റെ ശരീരം, ഇതെന്‍റെ രക്തം, എന്‍റെ ഓര്‍മ്മയ്ക്കായി ഇതനുഷ്ഠിക്കുവിന്‍." പ്രലോഭനങ്ങള്‍ക്കു മുമ്പില്‍ പീഡാനുഭവങ്ങളെ സ്വീകരിക്കുമ്പോള്‍ പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ നമുക്കും സ്വന്തമാക്കാം, ഞാനല്ല, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്.

അഞ്ച് അപ്പത്തിന്‍റെ പിന്നാലെയുള്ള കൂടിവരവിനു മുമ്പില്‍ കര്‍ത്താവ് ജനത്തോടു പറയുന്നു: "നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ നല്കുന്ന നിത്യജീവന്‍റെ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍" (യോഹ 6/27).

അന്വേഷിച്ചുവന്നവര്‍ക്ക് അഞ്ചപ്പവും മന്നായും ഒരുപോലെയാണ്. മന്നാ മനുഷ്യനെ ദൈവത്തിലേക്ക് ചേര്‍ക്കുന്ന പാഥേയമായില്ല. അവരുടെ മന്നായുമായി ബന്ധപ്പെട്ടുള്ള പ്രതികരണങ്ങള്‍ ദൈവത്തെ ഏറ്റുവാങ്ങുന്നതായിരുന്നില്ല. ആ മാറ്റം വേദപുസ്തകം ഇങ്ങനെ രേഖപ്പെടുത്തുന്നു: "ഇസ്രായേല്‍ക്കാര്‍ കര്‍ത്താവു നല്കിയ ഭക്ഷണത്തെ മന്നാ എന്നു വിളിച്ചു. അതു കൊത്താമ്പലരിപോലെയായിരുന്നു. വെളുത്തതും തേന്‍ ചേര്‍ന്ന അപ്പത്തിന്‍റെ രുചിയുള്ളതുമായിരുന്നു" (പുറ. 16/31).

കാലം പിന്നിടുമ്പോള്‍ മന്നായെക്കുറിച്ചവര്‍ പറയുന്നു:
"എണ്ണ ചേര്‍ത്തു ചുട്ട അപ്പത്തിന്‍റേതുപോലെയാണ് അതിന്‍റെ രുചി" (സംഖ്യ 11/8).
കാലം പിന്നെയും പിന്നിട്ടു. അപ്പോഴവര്‍ പറഞ്ഞു:
"വിലകെട്ട ഈ അപ്പം തിന്നു ഞങ്ങള്‍ മടുത്തു" (സംഖ്യ 21/5).

ഇവര്‍ക്കു മുമ്പില്‍ അനശ്വരമായ അപ്പത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ അവനെ വിട്ടുപോയി. നൂറാടുകളില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ അലയുന്ന ഇടയന്‍ അവരെ തിരികെ വിളിക്കുന്നില്ല. അനശ്വരമായ അപ്പം സ്വന്തമാക്കണം എന്നതില്‍ യാതൊരു കുലുക്കവുമില്ലാത്ത നിലപാട് കര്‍ത്താവ് വ്യക്തമാക്കുന്നു.

ഈ വാക്കുകള്‍ കഠിനമെന്ന് ശിഷ്യരോതിയപ്പോള്‍, പോകണമെങ്കില്‍ നിങ്ങള്‍ക്കും പോകാമെന്ന് അവിടുന്നരുളി. അവിടെ നിത്യജീവന്‍റെ വചസ്സുകളെ കണ്ട പത്രോസ് വിശുദ്ധ കുര്‍ബാനയില്‍ പങ്കാളിയായി. കര്‍ത്താവിനെ തള്ളിപ്പറഞ്ഞെങ്കിലും തിരികെ വരുവാനിടയായി. മന്നാപോലെ നാണയത്തിലേക്കു ഹൃദയം ഉടക്കിയ യൂദാസ് ഇരുട്ടിലേക്കു പോയി. വെളിച്ചത്തിനു കടക്കാനാവാത്ത വിധം അയാള്‍ ഇരുട്ടായി.

മാറില്‍ ചാരിയ യോഹന്നാന്‍ ആദ്യത്തെ കുര്‍ബാനയില്‍ നിന്ന് കുരിശിന്‍റെ ചുവട്ടിലേക്കും വിശുദ്ധ കുര്‍ബാനയുടെ സ്ത്രീയായ മറിയത്തിന്‍റെ മകനായി  മാറുന്നതിനും അവന്‍ കുടിച്ച പാനപാത്രം കുടിക്കുന്ന തലത്തിലേക്കു വരുന്നു.

യേശുവിനുണ്ടാകുന്ന മൂന്നാമത്തെ പ്രലോഭനം പിശാചിനെ അക്രമിക്കാന്‍ ഉപയോഗിക്കുന്ന വചനമാകുന്ന വാള്‍ തന്നെ പിശാചും എടുക്കുന്നതാണ്.  'കേള്‍വിക്കിമ്പമുള്ള പ്രബോധനങ്ങള്‍' നിറഞ്ഞുനില്ക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യപുത്രന്‍ വരുമ്പോള്‍ കര്‍ത്താവരുളിയ വിശ്വാസം തകര്‍ക്കുന്നതാണ് കേള്‍വിക്കിമ്പമുള്ള പ്രബോധനങ്ങള്‍. ദൈവാലയ ഗോപുരശൃംഗത്തില്‍നിന്ന്, നീ ദൈവപുത്രനാണെങ്കില്‍ ചാടുക എന്ന പ്രലോഭനം നല്കുന്നു. 'നീ ദൈവപുത്രനാണെങ്കില്‍' എന്ന വിശേഷണം ശ്രദ്ധേയമാണ്.  ചാടിയില്ലെങ്കില്‍ ദൈവപുത്രനല്ല എന്നൊരു വ്യംഗ്യാര്‍ത്ഥം കൂടി പിശാച് ഒളിപ്പിക്കുന്നു. 91-ാം സങ്കീര്‍ത്തനത്തിലെ 11,12 വചനങ്ങള്‍ കൂടി തന്‍റെ വാദത്തിനു ബലം നല്കാന്‍ പിശാച് ഉപയോഗിക്കുന്നു. "നിന്നെ സംരക്ഷിക്കാന്‍ അവന്‍ ദൂതന്മാരോടു കല്പിക്കുമെന്നും നിന്‍റെ കാല്‍ കല്ലില്‍ തട്ടാതെ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളുമെന്നും എഴുതപ്പെട്ടിട്ടുണ്ടല്ലോ."

"നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതെന്ന" നിയമാവര്‍ത്തനവചനം കര്‍ത്താവ് ഉദ്ധരിക്കുന്നു. നിശ്ചിതകാലത്തേയ്ക്ക് പിശാച് അവനെ വിട്ടുപോയി എന്ന് സുവിശേഷം രേഖപ്പെടുത്തുന്നു. 'നിശ്ചിതകാലം' എന്നതു ശ്രദ്ധേയമാണ്. ദൈവപുത്രനായ കര്‍ത്താവ് തന്‍റെ ജീവിതം കൊണ്ട് പിശാചിനു മറുപടി കൊടുത്തു. നമ്മുടെ ശരീരം ജഡികതൃഷ്ണകളുടെ പറമ്പല്ല. മറിച്ച് അത് ആകേണ്ടതു ദൈവാലയമായിട്ടാണ്. നമുക്കുള്ള പാത ക്രിസ്തുവിലാണ്. ക്രിസ്തുവില്‍ നിന്ന്, ക്രിസ്തുവില്‍തന്നെ,  ക്രിസ്തുവിനോടുകൂടെ. "തന്‍റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നിരിക്കുന്നു" (ഹെബ്രാ 10/20).

"അവന്‍ നിത്യരക്ഷ പ്രാപിച്ചത് കോലാടുകളുടെയോ, കാളക്കിടാങ്ങളുടെയോ രക്തത്തിലൂടെയല്ല, സ്വന്തം രക്തത്തിലൂടെയാണ്" (ഹെബ്രാ 9/12).

ഓരോ നോമ്പുകാലവും അവനേറ്റ പീഡകളിലേക്കല്ല നമ്മെ നയിക്കേണ്ടത്. മറിച്ച് തന്‍റെ ശരീരത്തെ ദൈവാലയമാക്കിയ, തന്‍റെ ശരീരത്തെ രക്ഷയുടെ അപ്പമാക്കി നല്കിയ, ഉയിര്‍ത്തെഴുന്നേല്പിലൂടെ മുറിപ്പാടുകള്‍ക്കുള്ള അമരത്വം വെളിപ്പെടുത്തിയ യേശുക്രിസ്തുവിന്‍റെ സ്വന്തം എന്ന അഭിമാനപര്‍വ്വത്തിലേക്കാണ് നമ്മുടെ ജീവിതയാത്ര.

"അവന്‍ ജഡപ്രകാരം ദാവീദിന്‍റെ സന്തതിയില്‍നിന്നു ജനിച്ചവനും ഉത്ഥാനം വഴി വിശുദ്ധിയുടെ ആത്മാവിനു ചേര്‍ന്നവിധം ശക്തിയില്‍ ദൈവപുത്രനായി നിശ്ചയിക്കപ്പെട്ടവനുമാണ്. അവന്‍റെ നാമത്തെപ്രതി വിശ്വാസത്തിന്‍റെ വിധേയത്വം സകല ജാതികളിലും ഉളവാകേണ്ടതിന് ഞങ്ങള്‍ കൃപയും അപ്പസ്തോലസ്ഥാനവും പ്രാപിച്ചിരിക്കുന്നു. ക്രിസ്തുവിന്‍റെ സ്വന്തമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന നിങ്ങളും അവരില്‍ ഉള്‍പ്പെടുന്നു" (റോമ 1/3,6).

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts