'വിധവ' എന്ന പദം ആധുനിക മാനവിക, സമ ഭാവനാ സങ്കല്‍പ്പങ്ങളോട് ചേര്‍ന്നു പോകുന്ന ഒരു വിശേഷണമല്ല എന്നതാണ് സത്യം. എല്ലാവരും ഒരേപോലെ മനുഷ്യരാണ്. അതു കൊണ്ട് തന്നെ ലിംഗപരമായ മേല്‍ക്കോയ്മ കളെക്കുറിച്ചുള്ള ചര്‍ച്ചകളെ വിട്ടുകളഞ്ഞ്, നമുക്ക് ആ പദത്തെ ഇവിടെ 'മനുഷ്യരുടെ നിരാലംബമായ അവസ്ഥയെ' സൂചിപ്പിക്കുന്ന ഒന്നായി എടുക്കാം.
ക്ഷാമത്തിന്‍റെ വറുതിയില്‍ അവള്‍ പറയുക യാണ്: "നിന്‍റെ ദൈവമായ യഹോവയാണേ, എന്‍റെ കൈയില്‍ അപ്പമില്ല. ആകെയുള്ളത് കലത്തില്‍ ഒരു പിടി മാവും ഭരണിയില്‍ അല്പം എണ്ണയും മാത്രമാണ്. ഞാന്‍ ഇതാ, രണ്ടു ചുള്ളിവിറക് പെറുക്കുകയാണ്; ഇതു കൊണ്ടുചെന്ന് അപ്പമുണ്ടാക്കി എനിക്കും എന്‍റെ മകനും കഴിക്കണം. പിന്നെ ഞങ്ങള്‍ മരിക്കും." (1 രാജാ. 17:12)
ആഹാബ് രാജാവിന്‍റെ കാലത്തായിരുന്നു ഇസ്രായേലില്‍ കൊടിയ വരള്‍ച്ച ഉണ്ടായത്. ഏലിയാ പ്രവാചകനെയും, ബാല്‍ ദൈവവിശ്വാസി കളായിരുന്നിട്ടും, സാരെഫാത്തിലെ വിധവയെയും കുഞ്ഞു മകനെയും, അത്ഭുതകരമായി യഹോവ യായ ദൈവം സംരക്ഷിക്കുന്ന വിധം ബൈബിളില്‍ പഴയനിയമത്തില്‍ വിവരിച്ചിട്ടുണ്ട്.
പലപ്പോഴും ചില ജീവിത സാഹചര്യങ്ങളെ നാം എങ്ങനെ നേരിട്ടു എന്ന് പിന്നീട് ആലോചിക്കു മ്പോള്‍ നമ്മുടെ ജീവിതങ്ങളിലും അത്ഭുതങ്ങളായി കടന്നു വന്നു മറഞ്ഞു പോയ പ്രവാചകരെ / മനു ഷ്യരെ, ചില സാഹചര്യങ്ങളെ ഒക്കെ നമുക്ക് ഓര്‍ത്തെടുക്കാന്‍ കഴിയും.
ഏതെല്ലാം തീക്കടലുകളാണ് ആരുമില്ലാതെ നാം നീന്തിക്കടന്നത്.
നിസ്സഹായതയുടെ നാളുകള്‍,
ഒറ്റപ്പെടലിന്‍റെ നാളുകള്‍,
സമൂഹം എന്തിലും കുറ്റം കണ്ടുപിടിക്കാന്‍ ഒളികണ്ണിട്ടു നോക്കിക്കൊണ്ടിരിക്കുന്ന നാളുകള്‍,
മക്കളുടെ ന്യായമായ ആവശ്യങ്ങളോടുപോലും അനുകൂലമായി പ്രതികരിക്കാന്‍ സാധിക്കാതെ വരുന്ന നിരാശയുടെ നാളുകള്‍,
വൈകാരിക വിക്ഷോഭങ്ങളുടെ നാളുകള്‍,
ഉറ്റവരടക്കം എല്ലാവരും നമ്മെ ഒരു ബാധ്യതയായും ദുശ്ശകുനമായും കണ്ട് ഒഴിഞ്ഞു മാറിയിരുന്ന നാളുകള്‍,
ആട്ടിന്‍ തോലണിഞ്ഞ സഹായങ്ങളുടെ മറവില്‍ ചൂഷണത്തിന്‍റെ ചെന്നായ് കണ്ണുകളെ മറച്ചു വെച്ച സമീപനങ്ങളുടെ നാളുകള്‍,
നാളെ എന്ത് എന്ന് അറിയാതെ ഉഴറിയ നാളുകള്‍,
മരണത്തിനു പോലും എന്നെ വേണ്ടേ?! എന്ന് ചിന്തിച്ചു സ്വയം പഴിച്ച നാളുകള്‍,
എന്തെങ്കിലും കഴിച്ചിട്ട് മരിക്കുവാന്‍ ഇരുന്ന നാളുകള്‍....
തീ പോലെ കത്തുന്ന വെയിലില്‍, വരണ്ട ഉഷ്ണക്കാറ്റ് ഭൂമിയില്‍ പൊടി പറത്തുന്ന മങ്ങിയ കാഴ്ചകളില്‍, അകലെ നിന്ന് ഒരു പ്രവാചകന്‍/മനുഷ്യന്‍/ ഒരു പുതിയ മനോഭാവം നടന്നു വന്ന് ഇല്ലായ്മകളോട് ഒരിറ്റു വെള്ളം ചോദിക്കുകയാണ്.
എല്ലാ നിഷേധങ്ങള്‍ക്കും ഒടുവില്‍ മനസ് പറയുന്നു 'കലത്തിലെ മാവു തീര്‍ന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല.'
മരണം മാറിപ്പോകുന്ന നിറഞ്ഞു കവിയുന്ന മാവും എണ്ണയും ജീവനും.
എല്ലാ വര്‍ഷവും ജൂണ്‍ 23ന് ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര വിധവാ ദിനമായി ആചരിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളിലെ വിധവ കളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ലൂംഭ ട്രസ്റ്റാണ് വിധവകളുടെ ദിനം ആചരിക്കുന്നത്. ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്‍റെ ഭാര്യ ചെറി ബ്ലെയര്‍ 2005ലാണ് ഈ സംഘടനയ്ക്ക് രൂപം നല്‍കിയത്.
2011 ജൂണ്‍ 23 മുതലാണ് അന്താരാഷ്ട്ര വിധവാ ദിനം ആചരിക്കാന്‍ തുടങ്ങിയത്.
ദശലക്ഷക്കണക്കിന് വിധവകളും അവരുടെ ആശ്രിതരും പല രാജ്യങ്ങളിലും നേരിടുന്ന ദാരി ദ്ര്യവും അനീതിയും പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ദിനമാണിത്.
നിസ്സഹായതയോടുള്ള നമ്മുടെ മനോഭാവം മാറുന്നിടത്ത് ജീവിതം നിറഞ്ഞു കവിഞ്ഞു തുടങ്ങും.
"ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാല്‍ ആദ്യം എനിക്കു ചെറിയൊരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്‍റെ മകനും വേണ്ടി ഉണ്ടാക്കിക്കൊള്‍ക. യഹോവ ഭൂമിയില്‍ മഴ പെയ്യിക്കുന്ന നാള്‍വരെ കലത്തിലെ മാവു തീര്‍ന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്ന് ഇസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു."1 രാജാ. 17:11-14.
എല്ലാ സാമൂഹിക വിവേചനങ്ങള്‍ക്കും, ദുരാചാരവിശേഷണങ്ങള്‍ക്കും അപ്പുറം, സോദരീ നീയും ഞാനും ഒരേ ആത്മാവിന്‍റെ ഭാഗമാണ്. നിന്‍റെ സന്തോഷങ്ങള്‍ ഈ ഭൂമിയില്‍ വസന്തങ്ങള്‍ വിടര്‍ത്തട്ടെ. ആ നിഷ്കളങ്കമായ ആനന്ദത്തിന്‍റെയും പ്രത്യാശയുടെയും ഭാഗമാകാന്‍ സുമനസ്സുകള്‍ക്ക് ഇടയാകട്ടെ.