news-details
മറ്റുലേഖനങ്ങൾ

ജനിതകമാറ്റം

ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കുന്ന കാര്യത്തെക്കുറിച്ച് അടുത്തകാലത്ത് വളരെയധികം ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ. ജനിതകവ്യതിയാനം ഭക്ഷ്യരംഗത്ത് ഉണ്ടാക്കുന്ന പരിവര്‍ത്തനങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുമെന്ന് പലരും കരുതുന്നു. സാങ്കേതിക പുരോഗതികളെ കൈനീട്ടി സ്വീകരിച്ചില്ലെങ്കില്‍ കാലത്തിനു പിന്നിലായിപ്പോകുമെന്ന് കരുതുന്നവരുമുണ്ട്. ബി. ടി. വഴുതനക്കെതിരെയുണ്ടായ  പ്രതികരണങ്ങളും ഈ സാഹചര്യത്തില്‍ ഓര്‍ക്കാവുന്നതാണ്. ഹരിതവിപ്ലവത്തിലൂടെ കൃഷിയും ഉല്പാദനവും മുന്നേറിയതിനെക്കുറിച്ച് നാം ഏറെപ്പറഞ്ഞു കഴിഞ്ഞു. എന്നാല്‍ അതിന്‍റെ പാര്‍ശ്വഫലങ്ങള്‍ നാം ശരിയായ വിധത്തില്‍ തിരിച്ചറിഞ്ഞിട്ടില്ല. മണ്ണിനെ പരിധിയില്‍ കവിഞ്ഞ് ചൂഷണം ചെയ്താല്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഫുക്കുവോക്കയും മറ്റും എത്രയോ കാലമായി സംസാരിക്കുന്നു. ഉല്പാദനം വര്‍ധിപ്പിച്ചതുകൊണ്ടുമാത്രം നാട്ടിലെ പട്ടിണി ഇല്ലാതാകില്ലല്ലോ. (ഗോഡൗണുകളില്‍ കിടന്ന്  നശിക്കുന്ന ധാന്യങ്ങള്‍ പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നത് നയപരമായി ശരിയല്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഓര്‍ക്കുക. ദാരിദ്ര്യരേഖക്കു താഴെക്കിടക്കുന്ന കോടിക്കണക്കിനാളുകളെ പരിഗണിക്കാതെ ഉല്പാദനവര്‍ധനവിനെക്കുറിച്ച്  പ്രഘോഷണം നടത്തിയിട്ടു കാര്യമില്ലല്ലോ).

ശാസ്ത്രീയ പുരോഗതികള്‍ക്കു പലപ്പോഴും രണ്ടുവശങ്ങളുണ്ടെന്ന് നാം മറക്കരുത്. എന്തിനും കച്ചവടമൂല്യം കാണുന്ന അഗ്രിബിസിനസ്സ് സ്ഥാപനങ്ങളാണ് കാര്‍ഷികരംഗത്തെ ഗവേഷണങ്ങള്‍ നടത്തുന്നതെന്നറിയുക. അവര്‍ക്ക് കാര്‍ഷികമേഖലയെ നിയന്ത്രിക്കാന്‍ കഴിയണമെങ്കില്‍ അന്തകവിത്തുപോലെയുള്ള പുതിയ ഇനങ്ങള്‍ കടത്തിവിട്ടേ മതിയാവൂ. കൃഷിയിലെ വൈവിധ്യത്തെ ഇല്ലാതാക്കി ഏകവിളത്തോട്ടങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് ഭക്ഷ്യകാര്‍ഷികരംഗത്തെ ഏകാധിപതികളായി വാഴാനുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ കുബുദ്ധിയെ നാം തിരിച്ചറിഞ്ഞേ മതിയാകൂ. രാസവളങ്ങളും കീടനാശിനികളും പ്രചരിപ്പിച്ചവര്‍ തന്നെയാണ് ജനിതകമാറ്റത്തിന്‍റെയും പ്രവാചകന്മാര്‍ എന്നതാണ് വസ്തുത. "ജനിതകവിളകളുടെ മേന്മകളെ കൂടുതല്‍ പെരുപ്പിച്ചു കാണിക്കാനും കോട്ടങ്ങളെ മറച്ചുപിടിക്കാനും അവര്‍ ശ്രമിച്ചെന്നു വരാം" എന്ന് എന്‍. എസ്. അരുണ്‍കുമാര്‍ പറയുന്നത് ശ്രദ്ധേയമാണ്. (ജനിതക ഭക്ഷണം ആശങ്കകളും പ്രതീക്ഷകളും, എന്‍. എസ്. അരുണ്‍കുമാര്‍, ഡി.സി. ബുക്സ്).

ഭക്ഷ്യസാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിച്ചുവരുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. അനേകം രാജ്യങ്ങള്‍ ദാരിദ്ര്യത്തിന്‍റെ പിടിയിലായിക്കഴിഞ്ഞു. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും പട്ടിണിയുടെ ദയനീയ ചിത്രങ്ങള്‍ നമുക്കു കാണാന്‍ സാധിക്കും. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളിലൂടെ ഇതിനെ മറികടക്കാന്‍ കഴിയുമെന്ന് ഈ സാങ്കേതികവിദ്യയുടെ പ്രചാരകര്‍ ഉദ്ഘോഷിക്കുന്നു. ഇതുവരെയുള്ള വസ്തുതകള്‍ വിലയിരുത്തുമ്പോള്‍ ഉല്പാദനവര്‍ധനവുകൊണ്ടു മാത്രം പ്രശ്നങ്ങള്‍ തീരുന്നില്ല. കേവലം ഇരുപതുരൂപയില്‍ താഴെ ദിവസവരുമാനമുള്ള കോടിക്കണക്കിനാളുകള്‍ നമ്മുടെ നാട്ടിലുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അവരെ പരിഗണിക്കാതുള്ള ഏതൊരു സാങ്കേതികവിദ്യയും പ്രശ്നങ്ങളെ മറികടക്കാന്‍ സഹായിക്കില്ല. അതൊരു മൂല്യത്തിന്‍റെ പ്രശ്നമാണെന്നു വരുന്നു. 'ദാരിദ്ര്യവും സാമൂഹിക അവസരവുമായി' ബന്ധപ്പെട്ട അമര്‍ത്യസെന്നിന്‍റെ നിരീക്ഷണങ്ങള്‍ ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. ഗുണകരമാണെങ്കില്‍ ഏതൊരു സാങ്കേതികപുരോഗതിയും നമുക്കു സ്വീകരിക്കാം. ആര്, ആര്‍ക്കുവേണ്ടി, എവിടെ പരീക്ഷണങ്ങള്‍ നടത്തുന്നു എന്ന ചോദ്യം ഇപ്പോള്‍ നിയന്ത്രിക്കുന്നത് വിപണിയാണ്. വിപണിമൂല്യമാണ് എല്ലാറ്റിനും ഉള്ളത്. അവിടെ വിലയില്ലാത്തതിന് ഒരിടത്തും വിലയില്ല. മണ്ണും വെള്ളവും ഭൂമിയുമെല്ലാം കച്ചവടവസ്തുക്കളാകുമ്പോള്‍ കൃഷിയും സാങ്കേതികവിദ്യയുമെല്ലാം അതോടൊത്തു ചലിക്കുന്നു. അപ്പോള്‍ ലാഭം എന്ന മന്ത്രത്തില്‍ ഒതുങ്ങിപ്പോകുന്നു എല്ലാ പ്രാര്‍ത്ഥനകളും. ജനിതകമാറ്റവും ബി.ടി. വഴുതനയും ബി.ടി പരുത്തിയുമെല്ലാം വിപണിയിലെ പുതിയ ഉല്പന്നങ്ങളാണ്.

സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നത് ഒരു ചെറിയ ന്യൂനപക്ഷമാണെന്നോര്‍ക്കുക. മഹാഭൂരിപക്ഷവും ജീവിക്കുന്നത് സാധാരണ ജീവിതം മാത്രമാണ്. എന്നാല്‍ ഈ ജനവിഭാഗത്തിന്‍റെ പേരിലാണ് എല്ലാ വികസനവും അരങ്ങേറുന്നത്. ന്യൂനപക്ഷത്തിന്‍റെ അസന്തുലിതമായ വളര്‍ച്ചയാണ് പുത്തന്‍ സാമ്പത്തിക നയം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഇരുപതോ മുപ്പതോ കോടീശ്വരന്മാര്‍ക്കുവേണ്ടിയാണ് നാം നയങ്ങള്‍ രൂപപ്പെടുത്തുന്നത്. വിപണിയെ നിയന്ത്രിക്കുന്നത് അവരാണ്. അവരുടെ കൈയിലാണ് സാങ്കേതികവിദ്യയും വികസനത്തിന്‍റെ താക്കോലുമെല്ലാം. അഗ്രി ബിസിനസ് സ്ഥാപനങ്ങള്‍ പിടിമുറുക്കുന്ന മേഖലകള്‍ ഇന്നെത്തി നില്‍ക്കുന്ന അവസ്ഥ നാം മറക്കാതിരിക്കുക.

ജനിതകമാറ്റം നാം നേരിടുന്ന വലിയൊരു യാഥാര്‍ത്ഥ്യം തന്നെയാണെന്നു തോന്നുന്നു. മനുഷ്യര്‍ക്കും പ്രകൃതിക്കുമെല്ലാം ജനിതകമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യനില്‍നിന്ന് മനുഷ്യത്വം ഇല്ലാതാകുന്നു എന്നതാണ് ജനിതകമാറ്റത്തിന്‍റെ സ്വഭാവം. ഓരോ ദിവസവും മാധ്യമങ്ങളില്‍ നിറയുന്ന ദൃശ്യങ്ങള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത് മനുഷ്യനില്‍ ജനിതകമാറ്റം വന്നിരിക്കുന്നു എന്നുതന്നെയാണ്. ആര്‍ക്കെന്തു സംഭവിച്ചാലും സ്വന്തം കാര്യം നന്നായി നടക്കണമെന്നു കരുതുന്ന സ്വാര്‍ഥവും നിസ്സംഗവുമായ സമീപനം ജനിതകമാറ്റമോ എന്ന് നാം സംശയിച്ചുപോകും. ആഴത്തില്‍ ക്രമം തകര്‍ന്നുകൊണ്ടിരിക്കുന്ന, പൊള്ളയായ സ്വത്വങ്ങളായി മാറിക്കൊണ്ടിരിക്കുന്ന മനുഷ്യന്‍ വിപണിയുടെ കുഴലൂത്തുകള്‍ക്കനുസരിച്ച് മാത്രമേ ചലിക്കുന്നുള്ളൂ. എല്ലാ സര്‍ഗാത്മകതയും വിപണി ദൈവത്തിന്  പണയംവച്ചവന്‍ ജനിതകവ്യതിയാനത്തിനിരയായവനാണ്. 'ചാടിക്കളിയടാ കുഞ്ഞിരാമാ' എന്ന് വിളിച്ചുപറഞ്ഞ് കുട്ടിക്കുരങ്ങിനെക്കൊണ്ട് എന്തും ചെയ്യിക്കുന്ന കുഞ്ഞിരാമ സര്‍ക്കസിലെ മനുഷ്യനെപ്പോലെ അതിശക്തമായ വിപണി എല്ലാറ്റിനെയും നിസ്സാരമായിത്തള്ളി ബുള്‍ഡോസറിനെപ്പോലെ മുന്നേറുന്നു.

ജനിതകമാറ്റം എന്ന പ്രക്രിയയുടെ വിവക്ഷകള്‍ നിരവധിയാണ്. വൈവിധ്യമാര്‍ന്ന പ്രകൃതിയെ ഏകമുഖമാക്കുന്ന, വൈവിധ്യരഹിതമാക്കുന്ന വിപണി തന്ത്രങ്ങളെ നാം കാണാതിരിക്കരുത്. ഇന്നിന്‍റെ പളപളപ്പില്‍ വിളറിവെളുത്ത നാളെകളെ നാം കാണാതിരിക്കരുത്. ആരാണ് അജണ്ട നിശ്ചയിക്കുന്നതെന്നുപോലും നാമറിയുന്നില്ല എന്നതാണ് സത്യം. ഏതു സാങ്കേതികവിദ്യയും ലോകത്തെ മുന്നോട്ടുനയിക്കുന്നെങ്കില്‍ സ്വീകരിക്കാം. എന്നാല്‍ കുറച്ചുപേരുടെ വ്യാപാരതാത്പര്യത്തിനു വേണ്ടിയാണെങ്കില്‍ അവയെ നാം നോക്കിക്കാണുന്നതെങ്ങനെയാവണം എന്ന ചോദ്യം പ്രസക്തമാണ്. സമത്വചിന്തകളെല്ലാം അസ്തമിച്ച കാലത്ത് 'ശേഷിയുള്ളതു ശേഷിക്കും' എന്ന കടുത്ത മാത്സര്യത്തിന്‍റെ ദര്‍ശനം നിയന്ത്രിക്കുന്ന ലോകത്തില്‍ എല്ലാ സാങ്കേതികവിദ്യകളും മനുഷ്യനെതിരായുള്ള ആയുധമാകാനുള്ള സാദ്ധ്യത നാം തള്ളിക്കളയരുത്. പുതിയ അന്വേഷണങ്ങളും സംവാദങ്ങളും കൂടുതല്‍ വെളിച്ചം പ്രസരിപ്പിക്കട്ടെ എന്നാശിക്കാം.

You can share this post!

സാഹസം

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts