news-details
മറ്റുലേഖനങ്ങൾ

കഥയില്ലാത്തവരാകാതെ

"പ്രലോഭനങ്ങള്‍ക്കിരയാകാത്ത രാത്രികള്‍ ഞാന്‍ മറ്റു ലോകങ്ങള്‍ സങ്കല്പിക്കാന്‍ ചെലവഴിച്ചു. വീഞ്ഞിന്‍റെയും പച്ചത്തേനിന്‍റേയും അല്പ സഹായത്തോടെ തന്നെ.  മറ്റു ലോകങ്ങള്‍ സങ്കല്പിക്കുന്നതിനെക്കാള്‍ നല്ലതായി മറ്റൊന്നുമില്ല.  കാരണം അതു നാം ജീവിക്കുന്ന ലോകത്തിന്‍റെ ക്ലേശങ്ങള്‍ മറക്കാന്‍ സഹായിക്കുന്നു എന്നാണ് ഞാന്‍ വിചാരിക്കുന്നത്.  മറ്റു ലോകങ്ങള്‍ സങ്കല്പിക്കുമ്പോള്‍ അത് ഈ ലോക ത്തെ മാറ്റുന്നു എന്നു ഞാന്‍ മനസ്സിലാക്കിയിട്ടില്ലായിരുന്നു." ഉമ്പേര്‍ത്തോ എക്കോയുടെ നുണയ്ക്കായി അഭിഷിക്തനായ ബൊദലീനോയുടെ ആത്മഗതമാണിത്.

ഈ സങ്കല്പക്കാരന്‍റെ ഏറ്റവും വലിയ പ്രശ്നം അദ്ദേഹം കാണുന്നതും കാണാന്‍ ആഗ്രഹിക്കുന്നതും തമ്മില്‍ എപ്പോഴും കൂടിക്കുഴയുന്നു എന്നതാണ്.  സ്വപ്നലോകവും യഥാര്‍ത്ഥലോകവും തമ്മില്‍ ഇടകലരുന്നു.  മിഥ്യയും ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യവും തമ്മില്‍ ഇങ്ങനെ ഉരസുമ്പോള്‍ സങ്കല്പം യാഥാര്‍ത്ഥ്യത്തെ ഭര്‍ത്സിക്കുകയും മാറ്റുകയും ചെയ്യുന്നു. ആയിരിക്കുന്നതിനെ ആകാമായിരുന്നതും ആയിരിക്കേണ്ടതും മാറ്റിമറിക്കുന്നു.  അതുകൊണ്ട് മനുഷ്യന്‍റെ സങ്കല്പശക്തി സര്‍വ്വം മാറ്റുന്നതായി മാറുന്നുണ്ട്.

മനുഷ്യന്‍ ഇല്ലാത്തത് ആഗ്രഹിക്കുന്നു.  പായസമില്ലാതായാല്‍ മനഃപായസം കുടിക്കുന്നു. മിഥ്യാമോഹിയാണ് മനുഷ്യന്‍.  മിഥ്യാമോഹം പോയാല്‍ അവന്‍റെ പുരോഗതിയുടെ ചക്രങ്ങള്‍ നഷ്ടമാകുന്നു.  അതാണ് എല്ലാ തച്ചുടക്കലിന്‍റെയും പണിതുയര്‍ത്തലിന്‍റെയും പിന്നില്‍.

ആദം ഹവ്വമാരുടെ മക്കള്‍ നഷ്ടപ്പെട്ട പറുദീസ അന്വേഷിക്കുന്നു.  മിഥ്യ ഇന്നലെയുടെ ഓര്‍മ്മകളുടെ ഭാഗമാകുന്നു.  നല്ലകാലം ഭാവിയിലാണ് എന്നാല്‍ അത് നഷ്ടപ്പെട്ട കാലമാക്കി ഓര്‍മ്മയുടെ തിരുശ്ശേഷിപ്പാക്കുന്നു.  നഷ്ടപ്പെട്ട പറുദീസ എവിടെ എന്നറിയില്ല - അതു മൂക്കിന് മുമ്പിലാകാം.  മോഹം ഓര്‍മ്മയാക്കപ്പെടുകയാണ്.  ഭാവി ഒരു പൈതൃകമായി മാറി. കഷ്ടകാലത്തിന്‍റെ കയ്പുനീര്‍ കുടിക്കുന്നവന്‍ നിരാശനാകാതെ നല്ല കാലത്തിന്‍റെ തിരുശേഷിപ്പിലേക്കു മടങ്ങുന്നു.  എന്‍റെ തലയെക്കുറിച്ചുള്ള മോഹങ്ങളില്‍ സ്നാപകന്‍റെ തല എനിക്കു തിരുശ്ശേഷിപ്പാകുന്നു.  ആ തല ഞാന്‍ ഉണ്ടാക്കുന്നു, അത് കിട്ടാതാകുമ്പോള്‍.

കാരണം സത്യമല്ലെന്നു ബോധ്യമുള്ളതിനെക്കുറിച്ചല്ല ഞാന്‍ തെളിവ് ഉണ്ടാക്കുന്നത്.  മറിച്ച് സത്യമാണ് എന്ന് എനിക്കു പൂര്‍ണ്ണവിശ്വാസമുള്ളതിനെക്കുറിച്ചാണ് ഞാന്‍ തെളിവുകള്‍ കെട്ടിച്ചമയ്ക്കുന്നത്.  കര്‍ത്താവിന്‍റെ അന്ത്യഅത്താഴത്തിന്‍റെ കാസ കിട്ടിയില്ലെങ്കില്‍ അപ്പന്‍ വീഞ്ഞു കുടിച്ച കോപ്പ കഴുകി തുടച്ച് തിരുശ്ശേഷിപ്പാക്കുക.  നുണയും വഞ്ചനയുമില്ലാത്ത നാടുണ്ടാക്കാന്‍ നുണ പറയാത്തവരുടെ നാട് കല്പിച്ചുണ്ടാക്കുക.  അങ്ങനെ ഒരു നാട് ഉണ്ടാക്കാന്‍ പറ്റുമോ? ആ നാട്ടിലേക്ക് പുറപ്പാട് യാത്ര നടത്താനാവുമോ? ഇല്ലാത്ത നാട്ടിലേക്ക് എങ്ങനെ പോകും? സങ്കല്പലോകത്തിലേക്കു യാത്ര ചെയ്യാം.

അന്വേഷിക്കുന്നത് ഒരു സാധനമല്ല.  അത് ഒരു സങ്കല്പമാണ് - അതൊരു കഥയാണ്. സങ്കല്പത്തി ന്‍റെ കഥയാണ്, കഥ പറയുന്നവരെയാണ് അന്വേഷിക്കുന്നത്. സങ്കല്പലോകത്തിലേക്ക് യാത്ര ആ ലോകത്തെക്കുറിച്ച് നിരന്തരമായ കഥനമാണ്.  ഈ ലോകത്തെ മെച്ചമാക്കാന്‍ മെച്ചപ്പെട്ട കഥനങ്ങള്‍ വേണം.  നല്ല കഥകളാണ് കാര്യങ്ങളെ നല്ലതാക്കുന്നത്.  കഥകള്‍ ഉണ്ടാക്കുന്നത് കഥനത്തിലൂടെയാണ്.  കഥാകഥനം നിരന്തരം ഉണ്ടാകുമ്പോള്‍ കാര്യങ്ങള്‍ മാറാം.

എല്ലാ വെളിപാടുകളും കഥനങ്ങളാണ് - കഥകളാണ്.  കാര്യത്തെ മാറ്റുന്ന കഥകള്‍. കാര്യം കഥനമാക്കുന്നവര്‍ കഥയിലൂടെ കാര്യം സൃഷ്ടിക്കുന്നു.  കഥയില്ലാത്തവരാകാതിരിക്കാന്‍ കാര്യത്തിന്‍റെ കഥകളില്‍ ജീവിക്കുകയും കഥകള്‍ പറയുകയും ചെയ്യുക.

You can share this post!

സാഹസം

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts