news-details
മറ്റുലേഖനങ്ങൾ

തിരുഹൃദയത്തെപ്പറ്റി ധ്യാനിക്കുവാനായി ജൂണ്‍മാസം നമ്മുടെ മുമ്പിലെത്തുന്നു. അവസാനത്തുള്ളി രക്തവും വെള്ളവും ചിന്തിയ തിരുഹൃദയം നമ്മുടെ മുമ്പില്‍ വച്ചിരിക്കുന്നു. ആ വിനീതഹൃദയം നമുക്കു നല്‍കുന്ന പാഠങ്ങള്‍ ധാരാളമുണ്ട്. ബലിയാക്കിമാറ്റിയ ഒരു ജീവിതത്തിന്‍റെ ചരിത്രമാണ് ആ ഹൃദയത്തിനു നമ്മോടു പറയാനുള്ളത്. ഓരോ നിമിഷവും യേശു ഒരു ബലിവസ്തുവായി മാറുകയായിരുന്നു. അവസാന ബലിയിലേക്കുള്ള ഒരുക്കമായി ജീവിതത്തിന്‍റെ ഓരോ നിമിഷത്തെയും മാറ്റുവാന്‍ യേശുവിന്‍റെ ഹൃദയം നമ്മെ ക്ഷണിക്കുന്നു. ഒരു വിരുന്നിന്‍റെ ആഹ്ലാദവും ആ ഹൃദയം നമുക്കു പകര്‍ന്നുതരുന്നു. ഉന്നതത്തിലുള്ളവയെ ലക്ഷ്യമാക്കി ജീവിതത്തില്‍ ബലിയര്‍പ്പണം നടത്തുന്നവര്‍ക്ക് ഈ ജീവിതം എന്നും ഒരു വിരുന്നു തന്നെയാണ്. തകര്‍ച്ചകളും തിക്താനുഭവങ്ങളും നമ്മെ അലട്ടുമ്പോഴും ഒരു വിരുന്നിന്‍റെ ആഹ്ലാദം ഉള്ളില്‍ സൂക്ഷിക്കുവാന്‍ തിരുഹൃദയം നമ്മെ പ്രേരിപ്പിക്കുന്നു. മുറിച്ചു നല്‍കലുകള്‍ക്ക് അര്‍ത്ഥമുണ്ടെന്നും, മുറിക്കപ്പെടുമ്പോള്‍ തളരരുതെന്നും യേശു ഓര്‍മ്മിപ്പിക്കുന്നു. തള്ളിപ്പറയുന്നവര്‍ക്കും ഒറ്റിക്കൊടുക്കുന്നവര്‍ക്കും ജീവിതത്തെ ബലിയും വിരുന്നുമാക്കി നല്‍കുവാന്‍ കഴിയണമെന്ന് യേശുവിന്‍റെ തിരുഹൃദയം നമ്മെ പഠിപ്പിക്കുന്നു.

യോഹന്നാന്‍റെ സുവിശേഷം 13-ാമദ്ധ്യായം 1-ാം വാക്യത്തില്‍ നാം വായിക്കുന്നു: "അവസാനം വരെ അവിടുന്നു നമ്മെ സ്നേഹിച്ചു." സ്നേഹിച്ചു സ്നേഹിച്ചു ശൂന്യമായിത്തീരുവാനുള്ള ഒരു വിളിയാണ് തിരുഹൃദയം നമുക്കു നല്‍കുന്നത്. അന്യായമായി വിധിച്ചവരെയും ആണിയടിച്ചവരെയും പരിഹസിച്ചവരെയുമെല്ലാം അവിടുന്നു സ്നേഹിച്ചു. എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്ന ഒരു സ്നേഹസാഗരമായിരുന്നു യേശുവിന്‍റെ ഹൃദയം. വെറുപ്പും വിദ്വേഷവും അകറ്റി അനുരഞ്ജനത്തിന്‍റെ ജീവിതം അവിടുന്നു കാണിച്ചുതരുന്നു." പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്നറിയായ്കയാല്‍ ഇവരോടു ക്ഷമിക്കണമേ" എന്ന ക്ഷമയുടെ പ്രാര്‍ത്ഥന തിരുഹൃദയത്തില്‍ നിന്നാണുയര്‍ന്നത്. പീലാത്തോസിനെയും ഹേറോദേസിനേയും രമ്യതപ്പെടുത്തിയ ആ ഹൃദയം നമ്മെയും രമ്യതയിലേക്കു വിളിക്കുന്നു. നമ്മുടെ ജീവിതത്തില്‍ വന്നുപോയ തെറ്റുകളെക്കുറിച്ചു പശ്ചാത്തപിക്കുവാനും മറ്റുള്ളവരോടു ക്ഷമിക്കുവാനും യേശു ആവശ്യപ്പെടുന്നു. തിരുഹൃദയത്തിന്‍റെ മനോഭാവം മനസ്സിലാക്കിയ ഫ്രാന്‍സിസ് അസ്സീസി ഇപ്രകാരം പഠിപ്പിച്ചു: "ക്ഷമിക്കുമ്പോഴാണ് നമ്മള്‍ ക്ഷമിക്കപ്പെടുന്നത്." ക്ഷമിച്ചു സ്നേഹിച്ച യേശുവിന്‍റെ തിരുഹൃദയം നമുക്കെല്ലാം മാതൃകയാകട്ടെ.

ഒത്തിരി ഓര്‍മ്മകള്‍ സൂക്ഷിച്ച ഹൃദയമായിരുന്നു യേശുവിന്‍റേത്. മോശയുടെ നിയമങ്ങളും പൂര്‍വ്വികരുടെ യാതനകളുമെല്ലാം യേശുവിന്‍റെ ഓര്‍മ്മയിലുണ്ടായിരുന്നു. ഓര്‍മ്മയുടെ കൂദാശ സ്ഥാപിച്ചുകൊണ്ട് ആ ഹൃദയം നമ്മെ സ്നേഹിച്ചു. ദിവ്യകാരുണ്യത്തിന്‍റെ മുമ്പിലിരിക്കുമ്പോള്‍ ഒരുപിടി ഓര്‍മ്മകള്‍ നാം ഹൃദയത്തില്‍ സൂക്ഷിക്കണം. ദൈവം പരിപാലിച്ചതിന്‍റെ ഓര്‍മ്മകള്‍, ജനിച്ചനാള്‍ മുതല്‍ ഇന്നുവരെ അനുഭവിച്ച കരുതലുകള്‍, തകരുമായിരുന്ന അവസരങ്ങളില്‍ താങ്ങിനിര്‍ത്തിയതിന്‍റെ ഓര്‍മ്മകള്‍... വിശുദ്ധിയുള്ള ഓര്‍മ്മകളാല്‍ ഹൃദയത്തെ നിറയ്ക്കാം. ദൈവത്തില്‍ നിന്നും നമ്മെ അകറ്റുന്ന ഓര്‍മ്മകളെ ഉപേക്ഷിക്കാം. കര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകളാല്‍ ഹൃദയം നിറഞ്ഞുനില്‍ക്കട്ടെ. കൃതജ്ഞത നിറഞ്ഞ ഒരു ഹൃദയം യേശുവിലുണ്ടായിരുന്നു. സകല മുറിവുകളുടെയും മുമ്പില്‍ കൃതജ്ഞതയുടെ ഹൃദയം അവിടുന്നു സൂക്ഷിച്ചു. വെറും അഞ്ചപ്പവുമായി അയ്യായിരങ്ങളുടെ മുമ്പില്‍ നിന്നപ്പോഴും കൃതജ്ഞതാസ്തോത്രം ചെയ്തവനാണ് യേശു. അവസാനത്തെ പെസഹാ ഭക്ഷിച്ചപ്പോഴും കൃതജ്ഞതാസ്തോത്രം ചെയ്ത തിരുഹൃദയത്തെ നമ്മള്‍ ധ്യാനിക്കണം.

വിനീതഹൃദയനും ശാന്തശീലനുമായ യേശുവില്‍നിന്ന് ഈ പാഠങ്ങള്‍ നമ്മള്‍ പഠിക്കണം. 'ഹൃദയമില്ലാത്ത മനുഷ്യനെ'ന്ന് ഒരാളെ വിളിക്കുന്നത് ഏറ്റവും വേദനാജനകമായ കാര്യമാണ്. "ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍" എന്നാണല്ലോ യേശു പഠിപ്പിച്ചത്. ദൈവത്തെ കാണുവാനുള്ള ഏക വ്യവസ്ഥ ഹൃദയശുദ്ധിയാണെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്തിലും ഏതിലും ദൈവത്തിന്‍റെ സാന്നിദ്ധ്യം കാണുവാനുള്ള കൃപ ഹൃദയശുദ്ധിയുള്ളവര്‍ക്ക് ലഭിക്കുന്നു. അലിവുള്ള ഒരു ഹൃദയത്തോടെ ജീവിക്കുവാനും ദൈവാനുഭവത്തില്‍ ജ്വലിക്കുവാനും നമുക്കു സാധിക്കട്ടെ.

You can share this post!

സാഹസം

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts