news-details
മറ്റുലേഖനങ്ങൾ

അണ്ണാഹസാരെയും കുമാരസ്വാമിയും

സമീപകാലത്ത് ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഒരു ജനകീയമുന്നേറ്റമായിരുന്നു അണ്ണാഹസാരെ അഴിമതിക്കെതിരെ നടത്തിയ സത്യാഗ്രഹം. ആ സമരം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു എന്നതാണ് മാധ്യമ ശ്രദ്ധയുടെ അടിസ്ഥാനം. അണ്ണാഹസാരെയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് രൂപം നല്‍കിയ ജനലോക്പാല്‍ ബില്‍ മുന്നോട്ടുവച്ചുകൊണ്ടുള്ള സമരത്തിന് ലഭിച്ച ജനപിന്തുണ രാഷ്ട്രീയ കക്ഷികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകതന്നെ ചെയ്തു. അണ്ണഹസാരെയുമായി സന്ധിചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ഈ പശ്ചാത്തലത്തിലാണ്. തുടര്‍ന്ന് ലോക്പാല്‍ ബില്‍ തയ്യാറാക്കാന്‍ രൂപംകൊണ്ട സമിതി ഒരുപക്ഷെ മെച്ചപ്പെട്ട ഒരു ബില്ലിന് രൂപം കൊടുത്തു എന്നുവരാം. അത് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ പാസ്സാക്കപ്പെടാനും സാധ്യതയുണ്ട്.

അണ്ണാഹസാരെയുടെ സത്യാഗ്രഹത്തിന്‍റെയും തുടര്‍ നടപടികളുടെയും വാര്‍ത്തകള്‍ക്കിടയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഒരു പ്രതികരണം മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ പുത്രനും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമിയില്‍ നിന്നുണ്ടായി. അഴിമതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ തികച്ചും സത്യസന്ധമായ പ്രതികരണം പക്ഷേ തീരെ ശ്രദ്ധിക്കാതെ പോയി. അണ്ണാഹസാരെ ജനപിന്തുണ ആര്‍ജിക്കുന്നതു കണ്ട് അഴിമതിക്കാരായ രാഷ്ട്രീയക്കാരും സാംസ്കാരിക സംഘടനാനേതാക്കളും ഉള്‍പ്പെടെ പൊതുസമൂഹത്തിലെ എല്ലാ സംഘടിത വിഭാഗങ്ങളും അഴിമതി വിരുദ്ധ പോരാട്ടത്തെ പിന്തുണക്കുന്നവരായി അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് കുമാരസ്വാമി ആ സത്യം പറഞ്ഞത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. അഴിമതിയില്ലെങ്കില്‍ ഇന്ന് രാഷ്ട്രീയപ്രവര്‍ത്തനം അസാദ്ധ്യമാണെന്നായിരുന്നു കുമാരസ്വാമിയുടെ ആ സത്യപ്രസ്താവന. അപകടം പിടിച്ച ആ സത്യപ്രസ്താവന ഏറ്റുപിടിക്കാന്‍ ആരും തയ്യാറായില്ല. അത് ബോധപൂര്‍വ്വമാണുതാനും. കാരണം കുമാരസ്വാമിയുടെ പ്രസ്താവന ഏറെ ചര്‍ച്ചചെയ്യപ്പെട്ടാല്‍ ഇന്നത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ പിന്നാമ്പുറ ചലനങ്ങളിലേയ്ക്ക് ആ ചര്‍ച്ച വികസിക്കുമായിരുന്നു, അത് ആരും ഇഷ്ടപ്പെടുന്നില്ല. അഴിമതിവിരുദ്ധത ഒരു രാജയിലേയ്ക്കും, കല്‍മാഡിയിലേയ്ക്കും, കനിമൊഴിയിലേയ്ക്കും ഫോക്കസ്സ് ചെയ്ത് ആഘോഷിക്കുന്നതാണ് നമുക്ക് സൗകര്യം. അഴിമതിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകളായി അഴിമതി വിരുദ്ധ നീക്കങ്ങള്‍ വികസിക്കുന്നത് അപകടകരമാണെന്ന് പലരും വിചാരിക്കുന്നു. വ്യക്തിപരമായി സംശുദ്ധരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരുള്‍പ്പെടെയുള്ള എല്ലാ  രാഷ്ട്രീയ നേതാക്കളും അഴിമതിയിലധിഷ്ഠിതമായ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ പങ്കാളികളാണ്. ഇതു മനസ്സിലാക്കാന്‍ ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളന്വേഷിച്ചാല്‍ മതി. നമ്മുടെ രാഷ്ട്രീയകക്ഷികള്‍ തിരഞ്ഞെടുപ്പുകളില്‍ ചെലവഴിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിബന്ധനകളനുസരിച്ചുള്ള തുകയുടെ എത്രയിരട്ടിയാണ്? ഇത്ര ഭീമമായ തുക തിരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കുവാന്‍ രാഷ്ട്രീയകക്ഷികള്‍ക്ക് സാധിക്കുന്നതെങ്ങനെയാണ്? തിരഞ്ഞെടുപ്പ വസരങ്ങളിലല്ലാതെ മറ്റ് രാഷ്ട്രീയ പരിപാടികള്‍ക്കായി  ഓരോ വര്‍ഷവും ചെലവഴിക്കുന്ന പണത്തിന്‍റെ ശരിയായ കണക്കും അതിന്‍റെ സ്രോതസ്സുകളും അതതു പാര്‍ട്ടികള്‍ക്കുള്ളിലെങ്കിലും വിശ്വാസയോഗ്യമായി വെളിപ്പെടുത്താറുണ്ടോ? നമ്മുടെ രാജ്യത്ത് രാഷ്ട്രീയാധികാരം മാറി മാറി കയ്യാളുന്ന സംഘടിത ഏജന്‍സികളായ രാഷ്ട്രീയകക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാകാത്തതെന്തുകൊണ്ട്? ഭരണ സംവിധാനത്തില്‍ നിന്ന് നിയമാനുസൃതമായി ശമ്പളമോ അലവന്‍സുകളോ പറ്റാന്‍ അവസരം ലഭിക്കാത്ത പതിനായിരക്കണക്കിന് ഇടത്തരം നേതാക്കള്‍ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനവുമായി വ്യത്യസ്ത പാര്‍ട്ടികളില്‍ സുഖലോലുപരായി ആഡംബരപൂര്‍വ്വം ജീവിക്കുന്നതിന്‍റെ ചെലവ് ആരാണ് വഹിക്കുന്നത്? അസുഖകരമായ ഇത്തരം ചോദ്യങ്ങള്‍ ഇനിയുമുണ്ട്. ഈ ചോദ്യങ്ങളിലേയ്ക്ക് വിരല്‍ചൂണ്ടുന്നതാണ് കുമാരസ്വാമിയുടെ കുമ്പസാരം. അണ്ണാഹസാരെയുടെ നീക്കത്തിന്‍റെ പരിമിതി മേല്‍സൂചിപ്പിച്ച ചോദ്യങ്ങളിലേയ്ക്ക് അത് പ്രത്യക്ഷത്തില്‍ വിരല്‍ ചൂണ്ടുന്നില്ല എന്നതുമാണ്.

അണ്ണാഹസ്സാരെ ആവശ്യപ്പെടുന്നതു പോലെതന്നെ ലോക്പാല്‍ ബില്‍ തയ്യാറാക്കപ്പെടുകയും പാര്‍ലമെന്‍റില്‍ പാസ്സാക്കപ്പെടുകയും അതനുസരിച്ച് വിപുലമായ അധികാരത്തോടെ ലോക്പാല്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാവുകയും ചെയ്തു എന്നുവയ്ക്കുക. രാജ്യത്തെ അഴിമതി വ്യവസ്ഥിതിയില്‍ എത്രമാത്രം അത് ആഘാതമേല്‍പ്പിക്കും? ഏറെ നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായി പ്രവര്‍ത്തിക്കുന്നത് എന്ന് ഒരുകാലത്ത് ജനങ്ങള്‍ വിശ്വസിച്ചിരുന്ന ഇന്നാട്ടിലെ നീതിന്യായ സംവിധാനങ്ങളിലെ നീതിയും ന്യായവും ഏതുവിധത്തിലാണെന്നത് ഇന്ന് ഒരുവിധം എല്ലാവര്‍ക്കും അറിയാം. ഉണ്ടാകാന്‍പോകുന്ന ലോക്പാല്‍ സംവിധാനവും ആ വഴിക്ക് നീങ്ങാനാണ് ഏറെ സാധ്യത. വല്ലപ്പോഴുമൊരിക്കല്‍ ഇത്തരം സംവിധാനങ്ങളുടെ അമരക്കാരായി അബദ്ധത്തില്‍ എത്തിപ്പെടുന്ന ചില ടി.എന്‍.ശേഷന്‍മാര്‍ക്ക് അവരുടെ ചെറിയ കാലയളവിനുള്ളില്‍ അല്പസ്വല്പം പ്രകമ്പനങ്ങള്‍ സൃഷ്ടിക്കാനാവുമെന്നതിനപ്പുറം ഒന്നും സംഭവിക്കാനില്ല. കോടതികള്‍, ഇലക്ഷന്‍ കമ്മീഷന്‍, കണ്‍ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍, മനുഷ്യാവകാശ കമ്മീഷന്‍, വനിതാകമ്മീഷന്‍ തുടങ്ങിയവ പോലുള്ള ഒരു ലോക്പാല്‍ സംവിധാനം കൂടി ജനങ്ങളുടെ ചെലവില്‍ നിലനില്‍ക്കട്ടെ. ജനാധിപത്യ സംവിധാനം ഇടയ്ക്കിടെ എടുത്തണിയുന്ന ഇത്തരം ആഭരണങ്ങളുടെ പരിമിതികളെ കുറിച്ച് ഇവിടെ സൂചിപ്പിക്കുന്നത് ഇവയൊന്നും ആവശ്യമില്ല എന്ന നിഷേധാര്‍ത്ഥത്തിലല്ല. ഇത്തരം സംവിധാനങ്ങളുടെ പരിമിതികള്‍ അനുഭവങ്ങളില്‍ മനസ്സിലാക്കണമെന്നാണ് പറയാന്‍ ശ്രമിക്കുന്നത്. അണ്ണാഹസാരെയുടെ നീക്കത്തെ പിന്തുണയ്ക്കുമ്പോള്‍ തന്നെ അതില്‍ അമിത പ്രതീക്ഷ വച്ചുപുലര്‍ത്തിയാല്‍ നിരാശയാവും ഫലമെന്ന് സൂചിപ്പിക്കാനാണിവിടെ ശ്രമിക്കുന്നത്.

അഴിമതിക്ക് അറുതി വരുത്തണമെങ്കില്‍ അഴിമതിക്കാരില്‍ കുറച്ചുപേര്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രം പോര. ഒരു അഴിമതിക്കാരനും ശിക്ഷിക്കപ്പെടാതിരിക്കുന്നതിലും ഭേദമാണ് കൂറേ അഴിമതിക്കാരെങ്കിലും ശിക്ഷിക്കപ്പെടുന്നത് എന്നു സമ്മതിക്കുന്നു. ഒരുപക്ഷേ അത്തരമൊരു സാഹചര്യമൊരുക്കാന്‍, ലോക്പാല്‍ ബില്‍ നിയമമാവുകയും പ്രവര്‍ത്തനക്ഷമമാവുകയും ചെയ്താല്‍ കഴിയുമായിരിക്കും. നമുക്ക് കാത്തിരുന്ന് കാണാം. അഴിമതിയുടെ അടിവേരറ്റുപോകണമെങ്കില്‍ അഴിമതിക്കുള്ള അവസരങ്ങള്‍ ഒഴിവാക്കപ്പെടണം. ലോക്പാല്‍ അല്ല ലോക്ശക്തി (ജനശക്തി)യാണ് അഴിമതിയെ ചെറുക്കാന്‍ കാവലാളാകേണ്ടത്. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തെപ്പറ്റിയും സ്വരാജിനെ പറ്റിയും ഗാന്ധിജി ഇങ്ങനെ പറഞ്ഞത്, ഒരുപറ്റമാളുകള്‍ക്ക് യഥേഷ്ടം അധികാരം കയ്യാളാന്‍ അവസരം ലഭിക്കുമ്പോഴല്ല മറിച്ച് വഴിതെറ്റുന്ന അധികാരത്തെ നിയന്ത്രിക്കാനുള്ള അവസരം ജനങ്ങള്‍ക്ക് കൈവരുമ്പോഴാണ് യഥാര്‍ത്ഥ സ്വരാജ് കരഗതമാവുന്നത്. വഴിതെറ്റുന്ന അധികാരത്തെ നിയന്ത്രിക്കുവാനുള്ള അവസരം ജനങ്ങള്‍ക്കില്ലാത്ത ഒരു ഭരണ വ്യവസ്ഥയാണിവിടെ നിലനില്‍ക്കുന്നതെന്നതുകൊണ്ടാണ് അഴിമതിക്കുള്ള കനകാവസരങ്ങള്‍ അധികാരികള്‍ക്കുമുമ്പില്‍ തുറന്നുകിടക്കുന്നത്. ജനശക്തിയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ അധികാര വ്യവസ്ഥയും വികസന സമ്പ്രദായവും അല്ല ഇവിടെ നിലനില്‍ക്കുന്നത്. അഞ്ചാണ്ടുകൂടുമ്പോള്‍ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന ജനപങ്കാളിത്തമെ ഇവിടുത്തെ രാഷ്ട്രീയ പ്രക്രിയകളിലുള്ളു. സാമ്പത്തികനയങ്ങളും ആ വഴിക്കുതന്നെ. ജനങ്ങളെ വെറും ഗുണഭോക്താക്കളും ആശ്രിതരും ആക്കുന്ന രാഷ്ട്രീയ സാമ്പത്തിക സമീപനങ്ങളാണ് അഴിമതിക്ക് ഇടമുണ്ടാക്കുന്നത്. ജനങ്ങളെ പങ്കാളികളാക്കുന്ന സാമ്പത്തിക-രാഷ്ട്രീയ പ്രക്രിയകള്‍ വഴിയെ അഴിമതിക്ക് അറുതി വരുത്താനാവു. ജനങ്ങളെ ഉപഭോഗാര്‍ത്തിയിലേയ്ക്ക് മാടിവിളിക്കുന്ന കമ്പോളം ഒന്നിനൊന്ന് കരുത്താര്‍ജിക്കുകയും കമ്പോളത്തില്‍ കരുത്ത് പ്രകടിപ്പിക്കാന്‍ പണം സമ്പാദിക്കുക എന്നത് ഓരോവ്യക്തിയുടേയും ജീവിതലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ തന്നെ അഴിമതിയുമായി സന്ധിചെയ്തുകൊണ്ടാണ് അനുദിനം ജീവിതം തള്ളിനീക്കുന്നത്. പണത്തിന് കേന്ദ്രസ്ഥാനം നല്‍കുന്ന മൂല്യബോധത്തില്‍ ജനങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് വാചാലരാവുന്നു. അതോടൊപ്പം തന്നെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാനെന്നപേരില്‍ വികസന ഉത്സവങ്ങള്‍ നടത്തി വന്‍തോതില്‍ പൊതുമുതല്‍ അപഹരിക്കുന്നു. വികസനത്തിന്‍റെ യഥാര്‍ത്ഥ ഗുണഭോക്താവില്‍ നിന്ന് സൗജന്യങ്ങള്‍ പറ്റുന്നു. ഇങ്ങനെ അപഹരിക്കുന്ന പണത്തിന്‍റെ ഒരുപങ്ക് ചില രാഷ്ട്രീയ നേതാക്കള്‍ വ്യക്തിപരമായി കയ്യടക്കുന്നു. അവരെ അഴിമതിക്കാരായി വിലയിരുത്തുന്നു. എന്നാല്‍ ഈ വഴിക്ക് സമാഹരിക്കുന്ന പണം രാഷ്ട്രീയാധികാരം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നത് നാട്ടുനടപ്പായി കണക്കാക്കപ്പെടുന്നു. ഈ വിധത്തിലുള്ള സമ്പത്ത് ഉപയോഗിച്ചുനടത്തുന്ന രാഷ്ട്രീയ യുദ്ധം വഴി എത്തിപ്പിടിക്കുന്ന അധികാര കസേരകളിലാണ് സംശുദ്ധ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ പോലും അമര്‍ന്നിരിക്കുന്നത്. ഈ സത്യമാണ് കുമാരസ്വാമി വിളിച്ചുപറഞ്ഞത്. ഈ സംവിധാനത്തിന് ഒരു ചെറിയ ക്ഷതമേല്‍പ്പിക്കാന്‍പോലും വരാന്‍പോകുന്ന ലോക്പാല്‍ സംവിധാനത്തിന് കഴിയില്ല.

അഴിമതിക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള ഒരു കേന്ദ്രീകൃത ഏജന്‍സി എന്ന സങ്കല്‍പ്പം തന്നെ ഭോഷത്തമാണ്. കാരണം അഴിമതിയുടെ അടിസ്ഥാനംതന്നെ കേന്ദ്രീകരണമാണ്, അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും കേന്ദ്രീകരണം. സമ്പത്തും അധികാരവും വികേന്ദ്രീകരിക്കപ്പെടുന്ന സാമൂഹിക വ്യവസ്ഥിതിയിലൂടെയേ അഴിമതി ഫലപ്രദമായി തടയപ്പെടുകയുള്ളു. ലോക്ശക്തി (ജനശക്തി) കൊണ്ട് അഴിമതിയെ ചെറുക്കാന്‍ ഫലപ്രദമായ വികേന്ദ്രീകരണമാണ് പോംവഴി. അടിത്തട്ടില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്ന സുതാര്യവും ലളിതവുമായ അധികാര വ്യവസ്ഥ ഉണ്ടാവണം. ഉപരി ഭരണതലങ്ങളെ അടിത്തട്ടില്‍ നിന്ന് നിയന്ത്രിക്കാന്‍ കഴിയണം. മുകള്‍ത്തട്ടിലേയ്ക്ക് പോകുംതോറും ഭരണകൂടങ്ങളുടെ അധികാരം കുറഞ്ഞുവരണം. തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലും വിവിധ ഭരണതലങ്ങളിലെ അധികാര വിന്യാസത്തിലും മൗലികമായ പൊളിച്ചെഴുത്തുകള്‍ വരുത്തിക്കൊണ്ടെ ഇത് സാധ്യമാവു. കേന്ദ്രീകരണ സ്വഭാവം നിലനില്‍ക്കുന്ന ഇന്നത്തെ ജനാധിപത്യഭരണരൂപത്തെ വികേന്ദ്രീകരണ സ്വഭാവമുള്ള ഒന്നാക്കിമാറ്റണം. ഇന്ന് നിലനില്‍ക്കുന്ന വികേന്ദ്രീകരണ ഭരണരൂപങ്ങള്‍ പോലും അടിസ്ഥാനപരമായി കേന്ദ്രീകൃത സംവിധാനത്തിനുള്ളിലുള്ളതാണ്. ഇതിനാണ് മാറ്റം വരുത്തേണ്ടത.് ജനാധിപത്യത്തിലെ ജീര്‍ണ്ണതകളെ കൂടുതല്‍ ജനാധിപത്യം കൊണ്ടാണ് മാറ്റിയെടുക്കേണ്ടത്. ജനാധിപത്യത്തിന് ഒരു അവസാന രൂപമില്ല. അത് ആരും ആരുടെമേലും ആധിപത്യം പ്രയോഗിക്കാത്ത ഒരു സ്വതന്ത്ര ലോകത്തെ ലക്ഷ്യംവച്ച് ഓരോ നിമിഷവും വികസിക്കേണ്ട ഒന്നാണ്. ജനാധിപത്യത്തിന്‍റെ അവസാനരൂപം ഇന്നു കാണുന്നതാണ് എന്ന അന്ധവിശ്വാസത്തില്‍ കുടുങ്ങി മാറ്റങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ക്കുനേരെ സംശയങ്ങള്‍ പ്രകടിപ്പിക്കുന്നത് സാംസ്കാരിക മുരടിപ്പാണ്. ഇന്നത്തെ വികസന കാഴ്ചപ്പാടുകളും അഴിമതിക്ക് ഇടമുണ്ടാക്കുന്നതാണ്. വികസനം എന്നത് ഭരണകൂടമോ സ്വകാര്യമേഖലയിലുള്ളവരോ വന്‍തോതില്‍ പണമിറക്കി നടത്തുന്ന കച്ചവടമായി മാറുന്ന സ്ഥിതിയാണിന്നുള്ളത്. ചുരുക്കം ചിലരിലേയ്ക്ക് പ്രകൃതിവിഭവങ്ങളുടെയും വിപണിയുടെയും നിയന്ത്രണം എത്തിപ്പെടുന്ന വികസനമാണ് ഇവിടെ നിലനില്‍ക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങളും സാധ്യതകളും അനുസരിച്ച് അവര്‍തന്നെ രൂപം നല്‍കുകയും അവരുടെ നിയന്ത്രണത്തോടെ സുതാര്യമായി നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന വികസന പരിപാടികളാണാവശ്യം. ഈ വിധത്തിലെല്ലാമുള്ള യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടാത്ത അഴിമതിവിരുദ്ധ നീക്കങ്ങള്‍ ജനങ്ങളുടെ വീര്‍പ്പുമുട്ടലുകള്‍ക്ക് താല്കാലിക ആശ്വാസം നല്‍കുന്ന സേഫ്റ്റി വാല്‍വുകള്‍ മാത്രമായി മാറും. ഇത്തരം സേഫ്റ്റി വാല്‍വുകള്‍ യഥാര്‍ത്ഥത്തില്‍ അഴിമതിയില്‍ അധിഷ്ഠിതമായ വ്യവസ്ഥിതിയുടെ തന്നെ സേഫ്റ്റി വാല്‍വുകളായി പരിണമിക്കുന്നു. അതുകൊണ്ടുതന്നെയാണ് അഴിമതി വിരുദ്ധ നീക്കങ്ങള്‍ ജനപിന്തുണയാര്‍ജിക്കുന്ന ഘട്ടത്തില്‍ അഴിമതിക്കാര്‍പോലും അതിന്‍റെ പിന്തുണക്കാരായി മാറുന്നത്. അണ്ണാഹസ്സാരെയുടെ സമരത്തെ പിന്തുണക്കാത്തവര്‍ ഇന്നാട്ടില്‍ ആരുമില്ലായിരുന്നു എന്നോര്‍ക്കണം.

അണ്ണാഹസാരെയുടെ സമരത്തിന്‍റെ പരിമിതികള്‍ ചൂണ്ടിക്കാണിക്കുമ്പോഴും ആ സമരം നല്‍കിയ നല്ല സൂചനകള്‍ കാണാതിരുന്നുകൂടാ. ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ കേവല ഭരണ മാറ്റങ്ങള്‍ക്കപ്പുറമുള്ള ഗുണപരമായ മാറ്റങ്ങള്‍ അഗ്രഹിക്കുന്നു എന്നും അതിനായുള്ള യത്നങ്ങളില്‍ പങ്കാളികളാവാന്‍ സന്നദ്ധമാണ് എന്നതുമാണ് പ്രധാന സൂചന. തിരഞ്ഞെടുപ്പുകളില്‍ സാധാരണയുണ്ടാവാറുള്ള 50 മുതല്‍ 70% വരെയുള്ള പോളിംഗ് ഇവിടുത്തെ അഴിമതിഗ്രസ്തമായ രാഷ്ട്രീയ വ്യവസ്ഥിതിയിലുള്ള ജനങ്ങളുടെ വിശ്വാസപ്രഖ്യാപനമല്ല, മറിച്ച്, ജനാധിപത്യത്തിലുള്ള വിശ്വാസ പ്രഖ്യാപനം മാത്രമാണ്.
വിശ്വാസ്യതയുള്ള നേതൃത്വത്തിന്‍ കീഴില്‍ ജനങ്ങള്‍ സ്വാതന്ത്ര്യസമരകാലത്തെന്നപോലെ തെരുവിലിറങ്ങി സമരം ചെയ്യുമ്പോള്‍ യുവതലമുറയും അതില്‍ പങ്കാളികളാവും എന്നതിന്‍റെ തെളിവുകൂടിയായിരുന്നു അണ്ണാഹസാരെയുടെ സത്യാഗ്രഹം. പുതിയ തലമുറ പൊതുവില്‍ അരാഷ്ട്രീയവാദികളാണെന്നുള്ള വിമര്‍ശനത്തിന് മറുപടി എന്ന നിലയില്‍ ഇന്‍റര്‍നെറ്റും എസ്.എം.എസും ഉപയോഗപ്പെടുത്തികൊണ്ടാണ് യുവാക്കള്‍ അണ്ണാഹസാരെയെ പിന്തുണച്ചത്. ജീര്‍ണ്ണിച്ച കക്ഷിരാഷ്ട്രീയത്തില്‍ പൊതുവില്‍ യുവതലമുറ താല്പര്യം കാണിക്കുന്നില്ലെങ്കിലും ശരിയായ ജനകീയ രാഷ്ട്രീയ ഇടപെടലുകളില്‍ യുവാക്കള്‍ സജീവമായി ഉണ്ടാവുമെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു.

ഒരു സമരമാര്‍ഗ്ഗം എന്നനിലയില്‍ അഹിംസാത്മക രീതികളുടെ സാധ്യതയും സ്വീകാര്യതയും ഇന്ന് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ വെളിവായി കൊണ്ടിരിക്കുകയാണ്. ഏകാധിപത്യങ്ങള്‍ക്കെതിരെയും ജനപക്ഷ സുസ്ഥിര വികസനത്തിനുവേണ്ടിയും ലോകമെങ്ങും നടക്കുന്ന ചെറുതും വലുതുമായ പോരാട്ടങ്ങളില്‍ അഹിംസാത്മകസമരരൂപങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇക്കാലത്ത്, ആ സമരായുധം മാനവരാശിക്ക് സമ്മാനിച്ച മഹാത്മാവിന്‍റെ നാട്ടിലും അതിന് മൂര്‍ച്ച കുറഞ്ഞിട്ടില്ലായെന്ന് വ്യക്തമാക്കിയ സമരമായിരുന്നു അണ്ണാഹസാരെയുടേത്. മതിയായ തയ്യാറെടുപ്പുകളോടെ അഹിംസാത്മക സമരത്തിന്‍റെ വെടിക്കെട്ടിന് തീ കൊളുത്തിയാല്‍ ഏത്ര ശക്തമായ അധികാര വ്യവസ്ഥയും പ്രകമ്പനം കൊള്ളും എന്നതില്‍ സംശയമില്ല.

അണ്ണാഹസാരെയുടെ സമരത്തെ യാഥാര്‍ത്ഥ്യബോധത്തോടെ വിലയിരുത്താനും വികസിപ്പിക്കാനും കഴിഞ്ഞാല്‍, രാജ്യത്തിന്‍റെ ഭാവിയെ ഗുണപരമായി മാറ്റിമറിക്കുന്ന രണ്ടാം സ്വാതന്ത്ര്യസമരമായി അത് വളരും. 

You can share this post!

സാഹസം

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts