news-details
മറ്റുലേഖനങ്ങൾ

കാല്പനികത ഔഷധക്കൂട്ട്

"ഒരിക്കല്‍ മാത്രം സൂര്യരശ്മികള്‍ പതിച്ചിട്ടുള്ള അതുല്യമായ ഒരിടം" - ചെങ്കടലിന്‍റെ അടിത്തട്ടിനെക്കുറിച്ച് ജോണ്‍ ക്ലിമാക്കസിന്‍റെ രേഖപ്പെടുത്തല്‍ വായിക്കേ ആ കാല്പനികതയുടെ ഭംഗിയില്‍ വിസ്മയിച്ച് ഞാന്‍ നിശ്ചലമിരുന്നു. മൂകതയിലാണ്ടുപോയിരുന്ന മനസ്സ് മെല്ലെ ആശ്വസിച്ചു തണുത്തപോലെ... എത്ര സൂക്ഷ്മതയിലെ ദര്‍ശനക്കാഴ്ച അത്. ചെങ്കടല്‍ പിളര്‍ന്നു മാറി മഹാജനതയുടെ പ്രയാണത്തിനു വഴിച്ചാലൊരുക്കിക്കൊടുത്ത വേളയ്ക്കു മിഴിവിന്‍റെ പൂര്‍ണത ആ പരാമര്‍ശത്തില്‍.

മനോഹരമായ കല്പനാവര്‍ണങ്ങള്‍ക്ക് ഔഷധക്കൂട്ടിന്‍റെ മൂല്യമാണുള്ളത്. യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തെ കൂടൊരുക്കലില്‍, കാല്പനികതയുടെ ആഴങ്ങള്‍ ഒരു സൗഖ്യസ്പര്‍ശമാണു തരിക. പുറം തലത്തിലൊതുങ്ങുന്ന മനോരാജ്യമെന്ന കേവലലോകമല്ലത്. സൂക്ഷ്മക്കാഴ്ചയുടെ ലോകം. യാഥാര്‍ത്ഥ്യങ്ങളുടെ പെരുംകടല്‍ തെല്ലുനേരത്തേയ്ക്കൊന്നു പിളര്‍ത്തി, തിരകളടങ്ങി മനസ്സ് ശുഭ്രനിശ്ചലതയിലാവുമ്പോള്‍ തെളിമയുടെ സൂര്യവീചികള്‍ അവിടേയ്ക്ക്. പ്രാണന്‍ തന്നെയൊരു വിസ്മയമെന്ന അറിവ് അപ്പോള്‍. ഓരോ ശ്വാസത്തിലൂടെയും പ്രാണന്‍റെ ഇടമുറിയാത്ത ഒഴുക്ക്. ജന്മത്തിന്‍റെ ആദ്യകൃതജ്ഞതയപ്പോള്‍ ആ പ്രാണധാരയ്ക്ക്.

പദപ്രശ്നത്തിന്‍റെ ദുഷ്കരതയോടെ ജീവിതം നീങ്ങുന്നിടത്തും കാല്‍പനികതയുടെ കൊച്ചു ചെരാതുകള്‍... അമ്മയില്ലാത്ത ഏഴുകുട്ടികള്‍. നാവികസേനയില്‍ ക്യാപ്റ്റനായ അച്ഛന്‍ പട്ടാളച്ചിട്ടയുടെ കടുപ്പങ്ങളാകെയും വീടിനകത്തു പരീക്ഷിച്ചുകൊണ്ട്. അച്ഛന്‍റെ പാരുഷ്യങ്ങള്‍ അധികരിക്കുന്നതിനൊത്ത് കുട്ടികളുടെ നിഷേധഭാവങ്ങളും അതിലധികം നിരക്കില്‍ വര്‍ധിച്ചുകൊണ്ട്.. Sound of Music എന്ന പഴയ സിനിമ. കുട്ടികള്‍ക്കു കൂട്ടായി പരിചരണത്തിന്, വീട്ടില്‍ താമസിച്ചുള്ള അദ്ധ്യാപനത്തിന്, എത്തുന്ന പ്രസന്നയായ പെണ്‍കുട്ടി. സന്ന്യാസസഭയില്‍ച്ചേരാന്‍ എത്തിയതായിരുന്നു അവള്‍, മരിയ. പാട്ടും നൃത്തച്ചുവടുകളുമാണ് അവളുടെ ദിനങ്ങളെ, കര്‍മങ്ങളെ വഴിനടത്തുന്നതെന്നു തോന്നിപ്പോകും. അവള്‍ കുട്ടികളുടെ വിഹ്വലതകളില്‍ തുണയായി. ഉദാസീനതയും മ്ലാനതയും വിട്ട് കുട്ടികള്‍ ഉന്മേഷത്തിലായി. പഠനത്തോട് ഇഷ്ടത്തിലായി. അവള്‍ കുട്ടികള്‍ക്കു പാടിക്കൊടുക്കുന്ന ഒരു പാട്ടുണ്ട് -þRaindrops on roses and
whiskers on kittens...

അവളുടെ ഇഷ്ടവസ്തുക്കളില്‍ റോസാപ്പൂവിലെ മഴത്തുള്ളിയും പൂച്ചക്കുട്ടിയുടെ ദേഹത്തെ രോമക്കെട്ടും വെള്ളയുടുപ്പിട്ട പെണ്‍കുട്ടികളുമെല്ലാം. പാട്ടുതീരുന്നത് ഇങ്ങനെ:
When I am feeling sad
I simply remember my
Favourite things...

ഇഷ്ടവസ്തുക്കളെയോര്‍മിച്ച് അവള്‍ ഇത്തിരി നേരത്തേയ്ക്ക് ദുഃഖങ്ങളെ മറക്കുന്നുവെന്ന്... തോളില്‍ ചുമക്കുന്ന ചുമട് വഴിയോരത്തെ അത്താണിക്കല്ലില്‍ ഒരു മാത്ര താങ്ങിവയ്ക്കുംപോലെ തെല്ല് ഇളവ്...

ജീവിതത്തിന്‍റെ പിരിമുറുക്കങ്ങളില്‍ ടാഗോര്‍ സ്വന്തമായൊരു വഴി സ്വീകരിച്ചിരുന്നു -കുഞ്ഞുങ്ങളുടെ ലോകത്തേയ്ക്ക് നൂഴ്ന്നു കടക്കുക. ജീവിതത്തോട് ഒട്ടിച്ചേരല്‍ സാധിച്ച് കുഞ്ഞുങ്ങളില്‍ ഇഴപാകിനില്‍പ്പുള്ള സഹജതയെയും സന്തുഷ്ടിയെയും ആരാധനയോടെയാണ് ടാഗോര്‍ കണ്ടിരുന്നത്. കുട്ടികളുടെ ലോകത്തിലെ വിസ്മയങ്ങള്‍ വിസ്മയകരമാംവിധം തന്നെ ഹൃദയത്തില്‍ പേറിയിരുന്ന വിശ്വസാഹിത്യകാരന്‍. തിരക്കുകള്‍ ചുറ്റിപ്പൊതിയുമ്പോള്‍ കര്‍മപ്പെരുവഴിയില്‍ നിന്ന് തെല്ല് ഇളവിനായി പേരക്കുട്ടിയുടെ കുഞ്ഞുലോകത്തേയ്ക്ക് അദ്ദേഹം മെല്ലെ കടന്നുചെല്ലുമായിരുന്നു. അവളോടൊത്ത് കഥകള്‍ മെനഞ്ഞ് അവളുടെ അതേയളവില്‍ വിസ്മയങ്ങള്‍ പുലര്‍ത്തിയങ്ങനെ.

"ഇവിടെ നിറയെ തിരക്കുകള്‍. സന്ദര്‍ശകര്‍. നിന്‍റെ പാവവീട്ടില്‍ എന്നെയൊന്ന് ഒളിപ്പിച്ചുവച്ചുകൂടേ?" ഒരിക്കല്‍, ഒമ്പതു വയസുകാരിയായ പേരക്കുട്ടിക്കുള്ള കത്തില്‍ ടാഗോര്‍ എഴുതി. പ്രത്യക്ഷത്തില്‍ ഇത് ഒരു കുഞ്ഞിനോടുള്ള ബാലിശമായ വാക്കുകള്‍. എന്നാല്‍ തിരക്കുകളുടെ കോലാഹലങ്ങളില്‍നിന്ന് തെല്ലുനേരം മാറിനില്‍ക്കുകയെന്ന അനിവാര്യതയുടെ സാക്ഷ്യപത്രമാണിത്. യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തിലെ ജീവിതത്തിനപ്പുറം ഒരു ശിശുമനസിനെ ഉള്ളില്‍ തുളുമ്പിച്ചു നിര്‍ത്തിയ ടാഗോര്‍. യുക്തിയുടെ കടിഞ്ഞാണില്ലാത്ത കേവലാഹ്ലാദങ്ങളെ വാരിയെടുത്ത്, അവസാനത്തോളം നിലനിര്‍ത്തിപ്പോന്ന ആന്തരികലോകം. ഒരു നിശബ്ദപ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിയോടടുത്തു വരുന്നു ഈ മാറിനില്‍പ്പിലെ സ്വാസ്ഥ്യം. ലോകത്തിന്‍റെ വ്യാപാരങ്ങളില്‍ വല്ലാതെ കുടുങ്ങുമ്പോള്‍, നിര്‍ത്തില്ലാത്ത തുഴച്ചിലുകളായി ജീവിതം പരിണമിക്കുമ്പോള്‍, സ്വാസ്ഥ്യത്തിനും തെല്ല് ഇടം.

സാധാരണതകളില്‍ ഒളിഞ്ഞിരിപ്പുള്ള അസാധാരണത്വങ്ങള്‍. അവയുടെ സൂക്ഷ്മതലങ്ങള്‍. അതീതമായ ഒരു ലോകം തന്നെയൊരുക്കുന്നു അവ. അതിന്‍റെ സാക്ഷ്യങ്ങള്‍ സുവിശേഷത്തിലുടനീളം. അനുശാസനങ്ങളുടെയും നിയമങ്ങളുടെയും ബാഹുല്യത്തിനിടയിലും വിസ്മയഭാവനകളുടെ കളം കൂടിയാണ് സുവിശേഷം. അതീതങ്ങളെ കണ്ട് വിസ്മയം കൊള്ളാന്‍ മറ്റൊരുപാധിയും വേണ്ടതില്ലെന്നവിധം, അത്രമേല്‍ സമൃദ്ധിയോടെ സുവിശേഷത്തിലെ കാല്പനികതയുടെയാഴങ്ങള്‍. ഉല്‍പത്തി മുതല്‍ വെളിപാടുവരെ നിറയെ ഉപമകള്‍, അലങ്കാരങ്ങള്‍, ദര്‍ശനങ്ങള്‍. മെല്ലെ നടക്കുക എന്ന് ആചാര്യന്മാര്‍ പറഞ്ഞുതന്നിട്ടുള്ള ആ പഥത്തിലൂടെ, ആ സൂക്ഷ്മകാലടികളോടെ നടന്നു നീങ്ങുമ്പോഴാണ് ഈ ആഴങ്ങളും വിസ്തൃതികളും തുറക്കപ്പെടുക.

"സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനംകൊണ്ടു നിറയും." (ഏശയ്യാ 11:9). കാഴ്ചയുടെ തലത്തെ വിസ്തൃതമാക്കിപ്പടര്‍ത്തുന്ന വാക്യങ്ങളിങ്ങനെ തീരാതെ തീരാതെ നിറഞ്ഞു നില്‍പ്പുള്ള അക്ഷയപാത്രം, വിശുദ്ധ ഗ്രന്ഥം. ജീവിതത്തിനുവേണ്ട പ്രചോദനത്തിന്‍റെ മന്നകള്‍ ഇത്ര സമൃദ്ധിയില്‍ അടുക്കിച്ചേര്‍ത്തിട്ടുള്ള മറ്റൊരു അപ്പക്കുട്ടയില്ല.
" കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍
ആറ്റുതീരത്തുനട്ട മരംപോലെ
വെള്ളത്തിലേയ്ക്കത്
വേരൂന്നിയിരിക്കുന്നു
വേനല്‍ക്കാലത്തെ അത്
ഭയപ്പെടുന്നില്ല
അതിന്‍റെ ഇലകള്‍ എന്നും പച്ച
വരള്‍ച്ചയുടെ കാലത്തും
അതിന് ഉത്ക്കണ്ഠയില്ല
അത് ഫലം നല്‍കിക്കൊണ്ടേയിരിക്കും"
പ്രവാചകരുടെ ദര്‍ശനവഴികളിലും പുലരികളും രാത്രികളും സൂര്യനും നക്ഷത്രങ്ങളും കാറ്റും നദികളും മണ്ണും ചെടികളും പ്രാധാന്യരായി. ഉപമകള്‍ക്കും പാഠങ്ങള്‍ക്കും അവ ചേരുവകളായി. ഓരോ വഴിനടപ്പിനും വേണ്ട അടയാളവെളിച്ചം പകര്‍ന്നുതരുന്നുണ്ട് സുവിശേഷത്തിനുള്ളിലെ പദനക്ഷത്രങ്ങള്‍. മനസിനെ തുറന്നിട്ടുകൊണ്ട് വായിച്ചുനീങ്ങിയാല്‍ മാംസത്തിലേയ്ക്കും മജ്ജയിലേക്കും തുളച്ചുകടക്കും, അവയുടെ രശ്മികള്‍.

ഉപമകളുടെ സമൃദ്ധിയോടെയാണ് യേശു ജീവിതത്തിന്‍റെ നേരുകളെ അളന്നുകാണിച്ചത്. കണ്‍മുന്നിലെ പതിവുകാഴ്ചകളില്‍നിന്ന് ഉപമകളെ പെറുക്കിയെടുത്ത് പാഠങ്ങള്‍ പകര്‍ന്ന് നടന്നുനീങ്ങിയ ദൈവപുത്രന്‍. മനുഷ്യഹൃദയങ്ങളുടെ അഗാധങ്ങളിലാഴ്ന്നിറങ്ങുകയും അവരുടെ ദൈന്യങ്ങളില്‍ നോവുകയും ചെയ്തവന്‍ പ്രകൃതിയിലേക്കു കണ്ണുനീട്ടിയത് മികവുറ്റ കലാകാരനെപ്പോലെ, കവിയെപ്പോലെ. അവന്‍റെ കാഴ്ചകളുടെയറ്റം സ്വര്‍ഗ്ഗതലത്തോളമുയരത്തിലായിരുന്നിട്ടും മുന്നിലെ കിളികളെയും കൃഷിക്കളത്തിലെ പുല്‍നാമ്പുകളെയും ആട്ടിന്‍ കുഞ്ഞുങ്ങളെയും ധാന്യമണികളെയും കടുകിനെയും അരികെയലയടിച്ച കാറ്റിനെയുമെല്ലാം അവന്‍റെ കണ്ണുകള്‍ വിലയോടെ കണ്ടെടുത്തു. നമുക്കു വേണ്ട മരുന്നുകൂട്ടുകളോരോന്നും കുറിച്ചുവച്ചിട്ടുള്ള മഹാവൈദ്യന്‍. പിഴവു കലരാത്ത വൈദ്യം അത്. 

You can share this post!

സാഹസം

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts