"മേന്മനേടുന്നതിന്, കൂടുതല്‍ നല്ല ഒരു തൊഴില്‍ കിട്ടുന്നതിന്, കൂടുതല്‍ കാര്യക്ഷമത ഉണ്ടാകുന്നതിന്, അഥവാ മറ്റുള്ളവരുടെമേല്‍ വിപുലമായ ആധിപത്യം നേടുന്നതിനുവേണ്ടി മാത്രമാണ് നമ്മെ വിദ്യാഭ്യാസം ചെയ്യിക്കുന്നതെങ്കില്‍ നമ്മുടെ ജീവിതം ആഴമില്ലാത്തതും ശൂന്യവുമായിരിക്കും."
-ജിദ്ദു കൃഷ്ണമൂര്‍ത്തി.
ഒരിക്കല്‍ക്കൂടി കുട്ടികള്‍ പുസ്തകങ്ങളും കുടകളുമായി സ്കൂളുകളിലേക്ക് യാത്രയാവുന്നു. ജീവിതത്തിന്‍റെ വഴിത്താരകളില്‍ ഉത്തരോത്തരം മുന്നേറാനുള്ള ആഗ്രഹം പിന്നില്‍ നിന്ന് ചലിപ്പിക്കുന്ന യന്ത്രസമാനമായ യാത്രയാണോ അതെന്നു സംശയം തോന്നാം. പഞ്ചനക്ഷത്രസ്കൂളുകള്‍ മുതല്‍ ദരിദ്രരായ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ വരെ പലവിധത്തിലുള്ള വിദ്യാവിതരണകേന്ദ്രങ്ങള്‍ നിലനില്‍ക്കുന്നു. ഓരോ സ്ഥലത്തും വിവിധങ്ങളായ പരീക്ഷണങ്ങള്‍ കാലാകാലങ്ങളില്‍ അരങ്ങേറുകയും ചെയ്യുന്നുണ്ട്. വിഗോട്സ്കിയും പൗലോഫ്രെയറും അറിവുനിര്‍മ്മാണവും വിമര്‍ശനാത്മക വിദ്യാഭ്യാസവുമെല്ലാം നാം നിരന്തരം പരീക്ഷിക്കുന്നു. ഇതിന്‍റെയെല്ലാം ആത്യന്തിക ഫലമെന്താണെന്ന് നാം കര്‍ശനമായി വിലയിരുത്താറില്ല.
ജീവിതത്തില്‍നിന്ന്, സാമാന്യവ്യവഹാരങ്ങളില്‍നിന്ന് അകന്നു നില്‍ക്കുന്ന അറിവിന്‍റെ, വിവരങ്ങളുടെ സാങ്കല്പികസ്ഥലം നിര്‍മ്മിക്കുകയാണോ വിദ്യാഭ്യാസം ചെയ്യുന്നത് എന്നു സംശയം തോന്നാം. അറിവു നേടിയെന്ന് അഭിമാനിക്കുന്നവന്‍ സമൂഹത്തെ സമര്‍ത്ഥമായി ചൂഷണം ചെയ്യുന്നവനായി മാറുന്നു. ഭൗതിക ജീവിതവിജയത്തെ ആത്യന്തികമായി ഉയര്‍ത്തിക്കാണിക്കുന്ന കാലത്ത് അറിവും നാണയത്തുട്ടുനേടാനുള്ളതു മാത്രമാകുന്നു. മനുഷ്യപ്പറ്റില്ലാതെ യന്ത്രമനുഷ്യരെ സൃഷ്ടിക്കുന്ന പ്രക്രിയയായി വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. സ്വയം തിരിച്ചറിയാത്ത, ചുറ്റുപാടുകളെ മനസ്സിലാക്കാത്ത, സഹജീവികളെ തിരിഞ്ഞുനോക്കാത്ത, മാര്‍ഗവും ലക്ഷ്യവും നേരത്തേതന്നെ ചാര്‍ട്ടുചെയ്ത യന്ത്രങ്ങള്‍! അതുകൊണ്ടുതന്നെയാണ് നമ്മുടെ സമൂഹം ഞെട്ടിക്കുന്ന വാര്‍ത്തകള്‍ കേട്ടുണരുന്നത്. കുറച്ചുകാലം കൂടി കഴിയുമ്പോള്‍ ഒരു വാര്‍ത്തയും നമ്മെ ഞെട്ടിക്കാതാവും. നിസ്സംഗതയുടെ തടവറയില്‍ നാം നിപതിക്കും. ഒന്നും സ്പര്‍ശിക്കാത്ത, സ്വന്തം ജീവിതത്തിനുവേണ്ടി നെട്ടോട്ടമോടുന്ന റോബോട്ടുകള്‍ക്ക് വികാരവും വിചാരങ്ങളും സ്വപ്നങ്ങളുമില്ലല്ലോ.
വിദ്യാഭ്യാസം ബൗദ്ധികമായ വളര്‍ച്ച ലക്ഷ്യംവെയ്ക്കുമ്പോള്‍ വികാരവും സ്വപ്നങ്ങളുമെല്ലാം മാറ്റിനിര്‍ത്തപ്പെടും. തലച്ചോറിന്‍റെ ഒരു ഭാഗം അങ്ങനെ ബലഹീനമാകും. സഹജീവിസ്നേഹവും വേദനിക്കാനുള്ള കഴിവും അങ്ങനെ കൈമോശം വരും. ഐ.ക്യൂ. മാത്രം വളരുമ്പോള്‍ ഇ. ക്യു. നഷ്ടപ്പെടും. അതിസമര്‍ത്ഥരായ വ്യക്തികള്‍ പലരും ജീവിതായോധനത്തില്‍ പരാജയപ്പെടുന്നത് വൈകാരിക പക്വതയാര്‍ജിക്കാത്തതുകൊണ്ടാണ്. വികാരവും വിചാരവും ബുദ്ധിയും സന്തുലിതമായി വികസിക്കുമ്പോഴാണ് ഒരു വ്യക്തിക്ക് യഥാര്‍ഥ മനുഷ്യനായി ഉയരാന്‍ കഴിയുന്നത്. അല്ലെങ്കില്‍ അതിസമര്‍ത്ഥരായ യന്ത്രങ്ങളായി മനുഷ്യകുലം മാറിയേക്കാം.
കുട്ടികളുടെ സ്വാഭാവികമായ വളര്‍ച്ചയെ തടയുന്ന അനേകം പ്രതിബന്ധങ്ങള്‍ നാം നിരത്തിയിട്ടിട്ടുണ്ട്. ആരെല്ലാമോ കുട്ടികളുടെ ചിറകുകളില്‍ ചവിട്ടി നില്‍ക്കുന്നു. ചിറകുകളില്‍ ചവിട്ടി നിന്നിട്ട് അവരോടു നാം പറക്കാന്‍ ആവശ്യപ്പെടുന്നു. മാതാപിതാക്കളും അധ്യാപകരും മറ്റു മുതിര്‍ന്നവരും കുട്ടികളുടെ ഭാവി ഡിസൈന്‍ ചെയ്തിരിക്കുന്നു. നേഴ്സറി ക്ലാസ്സില്‍ ചേര്‍ക്കുന്നതു മുതല്‍ കുട്ടിയുടെ വഴികള്‍ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ആരോ വരച്ച വരയിലൂടെ നീങ്ങുന്ന കുട്ടി സ്വന്തം ജീവിതം ജീവിക്കാതെ, സ്വന്തം സ്വപ്നം കാണാതെ മുടന്തിനീങ്ങുന്നു. എന്തെല്ലാമോ തലയില്‍ കുത്തിനിറച്ച്, പരീക്ഷകള്‍ ജയിച്ച്, വിജയിച്ചവനെന്ന് നടിച്ച് അവര്‍ മുന്നേറുന്നു. കുറേക്കാലത്തെ യാത്രകള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ എന്തെല്ലാമോ ശൂന്യതകള്‍ നാം കണ്ടെത്തുന്നു. എത്തിപ്പെടുന്ന വേദികളില്‍ സംതൃപ്തിയും സന്തോഷവും അനുഭവിക്കാനാവാത്ത അവസ്ഥ അവരെ ചൂഴ്ന്നുനില്‍ക്കുന്നു. നാണയത്തുട്ടുകള്‍ക്കുവേണ്ടി ആത്മാവു പണയം വയ്ക്കുന്നതിന്‍റെ അസ്വസ്ഥത വ്യക്തിത്വത്തെ കാര്‍ന്നു തിന്നുമ്പോള്‍ വിജയത്തിന്‍റെയും പരാജയത്തിന്‍റെയും കളങ്ങള്‍ മാറിമറിയുന്നത് അവര്‍ തിരിച്ചറിയുന്നു. വിജയമെന്ന് സമൂഹം കരുതുന്നത് യഥാര്‍ഥ വിജയമല്ലെന്നും പരാജയം എന്നത് പരാജയമല്ലെന്നും മനസ്സിലാവുന്നു. "ജീവിതത്തിനു കൂടുതല്‍ ഉല്‍കൃഷ്ടവും വിപുലവുമായ ഒരര്‍ത്ഥം ഉണ്ടെന്നിരിക്കെ, നാമതു കണ്ടെത്തുന്നില്ലെങ്കില്‍ പിന്നെ നമ്മുടെ വിദ്യാഭ്യാസത്തിനെന്തു വിലയാണുള്ളത്?" എന്നു കൃഷ്ണമൂര്‍ത്തി ചോദിക്കുന്നത് എത്രയോ ശരിയാണ്!
വിപണിയാണ് ഇന്നത്തെ ലോകത്തെ നിയന്ത്രിക്കുന്നത്. എല്ലാ മൂല്യങ്ങളും വിപണിക്കനുസൃതമായി മാറ്റിപ്പണിതിരിക്കുന്നു. വിജയവും പരാജയവും വിപണിയാണ് നിശ്ചയിക്കുന്നത്. വിപണിയില്‍ ഇടപെടാനുള്ള കഴിവാണ് നിങ്ങളുടെ ജീവിതത്തെ വിജയമോ പരാജയമോ ആക്കുന്നത്. വിദ്യാഭ്യാസരംഗവും വിപണിയുടെ പിടിയിലാണ്. എത്രയും പെട്ടെന്ന് പണം കറന്നെടുക്കാനുള്ള ഉപാധിയായി വിദ്യാഭ്യാസം മാറുന്നു. 'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്നത് വിപണിയുടെ മുദ്രാവാക്യമാണ്. 'വിദ്യാഭ്യാസമാണ് പണമുണ്ടാക്കാനുള്ള എളുപ്പവഴി' എന്നാണ് ഈ ആപ്തവാക്യത്തിന്‍റെ പുതിയ അര്‍ത്ഥം. അതുകൊണ്ട് സ്വാശ്രയമായും പരാശ്രയമായും വിദ്യാഭ്യാസക്കച്ചവടം പൊടി പൊടിക്കുന്നു. പരസ്യങ്ങള്‍ സൃഷ്ടിക്കുന്ന മായികലോകത്തില്‍ ഭ്രമിച്ച് പലതും പഠിച്ച്, എന്നാല്‍ ഒന്നും പഠിക്കാതെ നാം ഓടിക്കൊണ്ടിരിക്കുന്നു. ഓരോകാലത്തും ഓരോ ഫാഷനാണ്. എന്‍ട്രന്‍സും കോച്ചിങ്ങുമെല്ലാം മാനിയാപോലെ പടര്‍ന്നു പിടിച്ചിരിക്കുന്നു. ഓട്ടപ്പന്തയത്തില്‍ മുന്നിലെത്തുക എന്നതുമാത്രമാണ് നമ്മുടെ വ്യഗ്രത. അതിനിടയില്‍ സൗന്ദര്യമുള്ള സ്വന്തം ജീവിതം വഴുതിപ്പോകുന്നത് നാം അറിയുന്നില്ല.
മനുഷ്യവ്യക്തിത്വത്തിന് പല തലങ്ങളും മുഖങ്ങളുമുണ്ട്. എല്ലാത്തലങ്ങളെയും സ്പര്‍ശിക്കുന്നതായിരിക്കണം ഒരു വ്യക്തി ആര്‍ജിക്കുന്ന വിദ്യാഭ്യാസം. ഏകമാന മനുഷ്യരെ സൃഷ്ടിക്കുന്ന യാന്ത്രിക പ്രക്രിയയായി അത് മാറുമ്പോള്‍ വ്യക്തികള്‍ ചുരുങ്ങിപ്പോകുന്നു. സ്വന്തം ത്വക്കിനുള്ളില്‍ ചുരുങ്ങിക്കൂടി, ഭൗതികജീവിതവിജയം എത്തിപ്പിടിക്കുക എന്ന അരാഷ്ട്രീയമായ വിജയ സങ്കല്പമാണ് ഇന്ന് വ്യാപകമാകുന്നത്. പരാജിതരും പരാജയങ്ങളും അവിടെ അഭിസംബോധന ചെയ്യപ്പെടുന്നില്ല. പരാജയങ്ങള്‍ ആരും ഇഷ്ടപ്പെടുന്നില്ല. അതും ജീവിതത്തിന്‍റെ ദാനമാണെന്ന് തിരിച്ചറിയാന്‍ നമുക്കു കഴിയുന്നില്ല. മഹത്തായ വിജയങ്ങളോടൊപ്പം മഹത്തായ പരാജയങ്ങളും ഉണ്ടെന്നതാണ് സത്യം. വ്യക്തി വ്യക്തിക്കുവേണ്ടി മാത്രമാകുന്ന പുതിയ കാലത്തിന്‍റെ ചതുരംഗപ്പലകയില്‍ പരസ്പരം വെട്ടി മുന്നേറുകയാണ് നാം. നമ്മുടെ കുട്ടികളെ നാം അതിനു പരിശീലിപ്പിക്കുകയുമാണ്. അതിനിടയില്‍ നഷ്ടപ്പെട്ടുപോകുന്ന ചില നന്മകള്‍, മൂല്യങ്ങള്‍ വീണ്ടെടുക്കാനുള്ള പരിശ്രമം നടത്തേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്. ഈ ഇരുണ്ട ഇടനാഴി നമ്മെ എത്തിക്കുന്നത് പുതിയൊരു പ്രകാശതീരത്താകട്ടെ.
"പ്രത്യേകമായ ഒരു സാങ്കേതിക പ്രയോഗശൈലിയോ ജീവിതവൃത്തിയോ ശീലിക്കുകയെന്നതില്‍ കവിഞ്ഞ് വിദ്യാഭ്യാസത്തിന് അര്‍ത്ഥമൊന്നുമില്ലാതിരിക്കത്തക്കവിധം, ഇന്നത്തെ നമ്മുടെ പരിഷ്കൃതജീവിതത്തെ പല വകുപ്പുകളായി നാം വിഭജിച്ചിരിക്കുന്നു. വ്യക്തിയുടെ ഉദ്ഗ്രഥിത ധിഷണാശക്തിയെ ഉണര്‍ത്തുന്നതിനു പകരം, ഒരു പ്രത്യേക രൂപമാതൃകയെ അനുസരിക്കാന്‍ പ്രേരിപ്പിക്കയാണ് വിദ്യാഭ്യാസം ചെയ്യുന്നത്. അപ്പോള്‍ താന്‍ എന്ന പ്രക്രിയയെ അതിന്‍റെ സമഗ്രതയില്‍ മനസ്സിലാക്കുന്നതില്‍ അതു വിഘ്നം സൃഷ്ടിക്കുന്നു. പലപലഗണങ്ങളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്ന ജീവിതപ്രശ്നങ്ങളെ അതതിന്‍റെ ഭിന്നതലത്തില്‍ത്തന്നെ പരിഹരിക്കാനുള്ള പ്രയത്നം കേവലം കാര്യബോധമില്ലായ്മയെയാണു കാണിക്കുന്നത്."ജിദ്ദു കൃഷ്ണമൂര്‍ത്തി