news-details
മറ്റുലേഖനങ്ങൾ

ജീവൻ ജീവിതം ജീവിതധർമം

അഗാധമായ നിശ്ശബ്ദതയും നിശ്ചലതയും ചൂഴുന്ന ആ നിത്യഹരിത താഴ്വരയുടെ വക്കില്‍ നില്ക്കുമ്പോഴെല്ലാം 'ഗംഭീരത' എന്ന വാക്കിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം എനിക്ക് മനസ്സിലാവാറുണ്ട്. ദുരയുടെ തിരക്കുപിടിച്ച മനുഷ്യയന്ത്രത്തെ ശാന്തമായി പിടിച്ചു നിര്‍ത്തുന്ന ഒരു വീക്ഷണമാണാ ദൃശ്യം എനിക്ക് തരുക. തിരമാലകള്‍പോലെ കിടക്കുന്ന  മലനിരകളുടെ വിശാലത എന്നെ പ്രശാന്തമായ ഏതോ ആന്തരിക താളലയത്തിലാക്കുന്നു. പൊയ്പ്പോയ ഹിമയുഗങ്ങളുടെയും ജീവന്‍റെ ഗര്‍ഭഗൃഹങ്ങളുടെയും ചേതനയാവാമത്. മനസ്സു നിറഞ്ഞുതുളുമ്പി വീര്‍പ്പുമുട്ടിക്കുന്ന വികാരവായ്പ്പോടെ മാത്രമേ എനിക്കാ ഗംഭീരദൃശ്യം നോക്കിനില്‍ക്കാനാവൂ. ഞാനെത്ര കൊച്ചാണെന്നും മനുഷ്യനെന്ന ജീവി എത്ര നിസ്സാരനാണെന്നും തിരിച്ചറിയുന്നതിന്‍റെ ഒരു വിസ്മയമാവാമത്. ഒഴിച്ചു കൂടാനാവാത്തത് എന്നു നാം ഉറച്ചു വിശ്വസിക്കുന്ന കാര്യങ്ങള്‍ ഒരു പക്ഷേ അത്ര പ്രധാനമൊന്നുമല്ല എന്നു ഞാനപ്പോള്‍ തിരിച്ചറിയുന്നു. ആ തിരിച്ചറിവ് എന്നെ സ്വതന്ത്രയും ആഹ്ലാദവതിയുമാക്കുന്നു.

ആ ഹരിത താഴ്വരയിലേക്ക് ഞാന്‍ നിരവധി തവണ പോയിട്ടുണ്ട്, ഒരു തീര്‍ത്ഥാടനം പോലെ. ആ യാത്രകളുടെ യഥാര്‍ത്ഥ ആവശ്യമോ ഉദ്ദേശമോ എനിക്ക് പൂര്‍ണ്ണമായി പിടികിട്ടിയിട്ടില്ല. പലപ്പോഴും സാമൂഹിക / കുടുംബജീവിതത്തിന്‍റെ പല ബാധ്യതകളെയും അവഗണിച്ചേ എനിക്ക് വന്യതയിലേക്ക് താമസം മാറ്റാനായിട്ടുള്ളൂ. വിവാഹങ്ങളും വിനോദങ്ങളും കുടുംബസംഗമങ്ങളുമൊന്നും രുചിക്കാത്ത എനിക്ക് ഈ മഴക്കാട് എന്താണ് തരുന്നത്? ഈ ഹരിതഭൂമിയെന്‍റെ മുന്നില്‍ എല്ലാം മലക്കെ തുറന്നിട്ട്, ഒരൊറ്റ ദൃശ്യത്തിലൂടെ അവളുടെ അടിസ്ഥാന ശിലാചരിത്രം മുഴുവന്‍ അനാവരണം ചെയ്യുന്നു. ഇതിലപ്പുറം 'അവള്‍' എനിക്കെന്താണ് തരേണ്ടത്? ആ മഴക്കാടിന്‍റെ ഹൃദയത്തില്‍ നിന്നൊഴുകുന്ന കാട്ടുചോലത്തീരത്ത് റേന്ത പോലെ നേര്‍ത്ത തീരപ്പന്നലുകളും ആറ്റുവഞ്ചിപ്പൂക്കളും പുഴ നിതാന്തമായി ഒഴുകിയുരുട്ടിയെടുത്ത കൃഷ്ണശിലകളും കൊഴിഞ്ഞു വീണ നീലക്കടുവപ്പൂമ്പാറ്റച്ചിറകുകളും കണ്ടു നടക്കുന്നതില്‍പ്പരം സന്തോഷം എനിക്ക് ജീവിതത്തില്‍ മറ്റൊന്നില്‍ നിന്നും ലഭിച്ചിട്ടില്ല. ജൈവികമായ ജന്മവീടിന്‍റെ വിചിത്രവും വര്‍ണ്ണശബളവുമായ പ്രഹേളികയാണതെനിക്ക്. പക്ഷികളുടെ പാട്ടു കേട്ട്, വനമേലാപ്പില്‍ ഒരു മായികസ്വപ്നം പോലെ ഒഴുകിപ്പറക്കുന്ന കാനനത്തോഴിപ്പൂമ്പാറ്റയെ നോക്കി, പുഴയുടെ താരാട്ടില്‍ അലിഞ്ഞ്, പൂവും തൂവലും വിത്തുകളും പെറുക്കി, മാനംമുട്ടെ വളരേണ്ട വന്‍വൃക്ഷങ്ങളുടെ കുഞ്ഞിത്തൈകളുടെ ആദ്യത്തെ തളിരുകളില്‍ സന്തോഷിച്ച്, ആകാശനീലിമയും പര്‍വ്വതശൃംഗങ്ങളും സമ്മേളിക്കുന്ന ചക്രവാളസീമകള്‍ കണ്ട്... എത്ര ദിവസം വേണമെങ്കിലും എനിക്ക് നടക്കാം... മനസ്സിന്‍റെയും ശരീരത്തിന്‍റെയും ഭാരമെല്ലാം ഒരൊറ്റ മാത്രയില്‍ അപ്പോള്‍ അപ്രത്യക്ഷമാവും...

നമ്മുടെ നാടു മാത്രമല്ല മനുഷ്യന്‍റെ ലോകം മുഴുവന്‍ നമ്മോട് ആവശ്യപ്പെടുന്നത് പക്ഷെ മറ്റൊന്നാണ്. നമ്മെയും ഭൂമിയിലെ മൊത്തം 'വിഭവ' ങ്ങളെയും ( ഈ ഭൂമിയെത്തന്നെയും)മുഖ്യവികസനത്തിനായി സമര്‍പ്പിക്കാനാണ് ആജ്ഞാപനം! നമ്മുടെ നിതാന്ത പുരോഗതിക്കും ഉയര്‍ന്ന ജീവിതനിലവാരത്തിനും വേണ്ടി ബലി കൊടുക്കേണ്ടവയാണ് എല്ലാം. വാസ്തവത്തില്‍ മനുഷ്യകുലത്തിന് എത്ര ദുരാഗ്രഹിയാവാന്‍ കഴിയും? അനുഗൃഹീതരും സംതൃപ്തരും സുരക്ഷിതരുമാണ് നാമെന്നു തോന്നാന്‍ എത്ര കണ്ട്, എന്തൊക്കെ വേണം നമുക്ക് ജീവിതത്തില്‍? ഈ ലോകത്ത് 'സുരക്ഷിതത്വം' എന്നാലെന്താണ്? ആ വീട് കെട്ടിപ്പൊക്കിയിരിക്കുന്നത് ഏതു ഭീമന്‍ ശിലകളിന്‍ മേലാണ്?

***

1950-കളില്‍ വളര്‍ന്ന എനിക്ക് മാതൃകകളായി വെള്ള ഖാദി മാത്രമുടുക്കുന്ന, ഹിന്ദി പഠിപ്പിക്കുന്ന ബീവി റ്റീച്ചറും തുളസിക്കതിരുപോലെ ശാലീനയായ ഇംഗ്ലീഷ് അധ്യാപിക ലളിതാംബിക റ്റീച്ചറും "ഇല്ലായ്മയല്ല, വേണ്ടായ്കയാണ്" ശരിയെന്നു വിശ്വസിച്ച എന്‍റെ അതിശക്തയായ മുത്തശ്ശിയുമൊക്കെയാണ് ഉണ്ടായിരുന്നത്. അതുകൊണ്ടാവാം ഞാനെന്‍റെ ചുറ്റും ഇന്നു കാണുന്ന ആഡംബരജീവിതം എന്നെ ഇത്രയ്ക്ക് ആകുലപ്പെടുത്തുന്നത്, ലജ്ജിപ്പിക്കുന്നത്. അവശ്യവും അനാവശ്യവുമായ വസ്തുക്കള്‍ക്കായുള്ള മനുഷ്യരുടെ നെട്ടോട്ടം എന്നെ അസ്വസ്ഥയാക്കുന്നു. അവയുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ഉപയോഗത്തിലും നിര്‍മ്മാര്‍ജ്ജനത്തിലുമുള്ള ദുര്‍വ്യയവും മാരകമലിനീകരണവും പ്രകൃതിനാശവും എനിക്ക് സ്വീകരിക്കാനേ ആവുന്നില്ല. ഏതൊരു യുദ്ധകാലത്തും ക്ഷാമകാലത്തും മുമ്പൊക്കെ എന്‍റെ വീട്ടിലുള്‍പ്പെടെ പല വീടുകളിലും കുട്ടികള്‍പ്പോലും പലതും ത്യജിക്കുകയും ദേശീയ നിധിയിലേക്ക് സംഭാവനകള്‍ നടത്തുകയും ഉപവസിക്കുകയുമൊക്കെ (മനസ്സില്‍ സത്യാഗ്രഹികളാവുകയും) ചെയ്യുമായിരുന്നു. നേരേ മറിച്ച് ഇന്നാകട്ടെ "നാടിന്‍റെ വികസനത്തിനായി വാങ്ങിവാങ്ങിക്കൂട്ടൂ" എന്ന ആഹ്വാനമാണ് സര്‍ക്കാരും ബാങ്കുകളും വ്യാപാരികളുമൊക്കെ നടത്തുന്നത്. ഈ ജീവിതാഘോഷം സൗഭാഗ്യമോ സമ്പന്നതയോ ഒന്നുമല്ല. കോടിക്കണക്കിനു മനുഷ്യരും ജീവജാലങ്ങളും വിശന്നുവലയുമ്പോള്‍ ആഹാരം പാഴാക്കി തട്ടിക്കളയുന്നതു പോലെയാണിത്. ഭൂമിയുടെ അവസാന വന്യപ്രദേശമായ ഉത്തരധ്രുവ-ആര്‍ട്ടിക്കില്‍പ്പോലും എണ്ണ കുഴിച്ചെടുക്കാന്‍ മത്സരിക്കുകയാണ് രാഷ്ട്രങ്ങള്‍. മനുഷ്യരാശിയുടെ "ദേശീയ താത്പര്യം" എണ്ണപ്പാടങ്ങളുടെയും പൈപ്പ് ലൈനുകളുടെയും ഫോസില്‍ ഇന്ധനങ്ങളുടെയും അടിസ്ഥാനത്തില്‍ ഉറച്ചതാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവരായിരിക്കുന്നു നമ്മള്‍.
പെട്രോള്‍ വില വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് നാം ആശങ്കപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് പുരോഗതിയുടെ ലക്ഷണമാണ് നമുക്ക്. ഇവ കാരണം നമ്മുടെ ഗ്രഹത്തിന്‍റെ ജീവയോഗ്യതയാണ് ഇല്ലാതാവുന്നത് എന്നു നാമോര്‍ക്കാറില്ല. മനുഷ്യരാശിയുടെ ഉപഭോഗശീലങ്ങള്‍ക്ക് മേല്‍ യാതൊരു ധാര്‍മ്മികമൂല്യവും ചെലുത്താന്‍ നാം തയ്യാറല്ല. (ജനസംഖ്യയുടെ 41.6 ശതമാനം ദാരിദ്ര്യരേഖയ്ക്ക് താഴെ ആയ ഇന്ത്യയില്‍ ഇക്കഴിഞ്ഞ 15 വര്‍ഷത്തില്‍ കോടീശ്വരന്മാരുടെ എണ്ണവും പത്തുമടങ്ങ് വര്‍ദ്ധിച്ചു. 50 ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള ആഡംബര കാറുകള്‍ 2010-ല്‍ 17,550 എണ്ണമാണത്രെ ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. 24 ലക്ഷത്തില്‍ പരം കാറുകളാണ് കഴിഞ്ഞ വര്‍ഷം നമ്മുടെ നാട്ടില്‍ വിറ്റഴിഞ്ഞത്!) പക്ഷേ യഥാര്‍ത്ഥത്തില്‍ നമ്മുടെ കുടുംബവൃത്തം നാം സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ അപാരവും ബൃഹത്തുമാണ്. നമ്മുടെ രാഷ്ട്രത്തിനും നാം വസിക്കുന്ന ജൈവമണ്ഡലത്തിനുമെല്ലാം അപ്പുറമാണത്. സര്‍വ്വചരാചരങ്ങളും അതിന്‍റെ ഭാഗമാണ്. നമ്മുടെ അതിര്‍ത്തികളുടെയറ്റത്തെത്തുമ്പോള്‍, നാം നമ്മുടെ വരവിനൊത്തും ഭൂമിയുടെ പരിമിതികള്‍ക്കൊത്തും ജീവിക്കാനുള്ള വിവേകം കാണിക്കണമെന്നാണ് നമ്മുടെ മറ്റു കുടുംബാംഗങ്ങളുടെ താത്പര്യം എന്നു നാമറിയും. അനന്തമായ ദുരാഗ്രഹങ്ങളുടെ അങ്ങേത്തലയ്ക്കല്ല 'സുരക്ഷിത്വം' എന്നും നമുക്കു മനസ്സിലാവും.

ഒരു പച്ചിലയേന്തുന്ന, ജീവനുള്ള പക്ഷിയോ ജീവിയോ ഇരിക്കുന്ന ഒരു പതാക നമുക്ക് (മനുഷ്യന്) ഉയര്‍ത്താനായെങ്കിലോ? ക്യോട്ടോ സമ്മേളനത്തിലോ സ്ഥാവര കാര്‍ബണിക മാലിന്യ നിരോധനത്തിനായി ജെനീവയില്‍ ഈയിടെ നടന്ന ആഗോളസമ്മേളനത്തിലോ ഭാരതം മറ്റൊരു രീതിയിലാണ് പെരുമാറിയിരുന്നതെങ്കിലോ? ലോകത്തിനു മുഴുവന്‍ മാതൃകയായി? മനുഷ്യരാശിയുടെ പ്രതീക്ഷകളും ജീവിതസങ്കല്‍പ്പങ്ങളും പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അടിസ്ഥാനമാറ്റങ്ങള്‍ക്ക് മനുഷ്യരാശിയെത്തന്നെ തയ്യാറെടുപ്പിക്കുന്ന, യഥാര്‍ത്ഥത്തില്‍ പ്രായോഗികവും സുരക്ഷിതവും അഹിംസാപരവും നൈതികവുമായ തീരുമാനങ്ങള്‍ എടുക്കാനുള്ള ധീരതയും എളിമയും നമുക്കുണ്ടായിരുന്നെങ്കിലോ? മുമ്പു പലപ്പോഴും നമുക്കിതിനായിട്ടുണ്ട്. സൗരോര്‍ജ്ജ സാങ്കേതിക വിദ്യക്കും ബദല്‍ കീടനാശിനികള്‍ക്കും ധനസഹായം ലഭിക്കുന്നതിന്‍റെ കാര്യം മാത്രമല്ല ഇത്. മനുഷ്യനെന്ന ജീവജാതിയുടെ അതിജീവനത്തിന്‍റെ കാര്യമാണിത്.

നമ്മുടെ ജീവന്‍ തന്നെ അപായത്തിലാവുന്ന ഈ ഇരുണ്ട നിമിഷത്തില്‍ ഏറ്റവും പ്രസക്തമാവുന്നത് മുമ്പെന്നോ ആഫ്രിക്കനമേരിക്കന്‍ അടിമകളും ഈയടുത്ത് നര്‍മ്മദാ താഴ്വരയിലും ന്യാമഗിരിയിലും ജയ്താപ്പൂരിലും കുടിയൊഴിപ്പിക്കപ്പെടുന്നവരും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളാണ്- "എന്തു വന്നാലും ഞങ്ങള്‍ അനങ്ങില്ല" എന്നാണവര്‍ പാടിയത്. ഇന്നാവാക്യം പൂരിപ്പിക്കേണ്ടതുണ്ട് എന്നു മാത്രം; "എവിടെ നിന്നു നാം അനങ്ങില്ല?" എന്നതാണ് ഇന്നത്തെ ചോദ്യം. മനുഷ്യരാശി ഇക്കണ്ടകാലമത്രയും വിശ്വസിച്ച എല്ലാ നന്മയില്‍ നിന്നും ധാര്‍മ്മികമൂല്യങ്ങളില്‍ നിന്നും നാം അണുവിട മാറില്ല എന്നാണോ? അതോ നമ്മുടെ ജന്മാവകാശമായി നാം കരുതുന്ന സ്വകാര്യസ്വത്തിന്‍റെയും ഭൗതികസുഖസൗകര്യങ്ങളുടെയും ലോകത്തുനിന്നു നാം അനങ്ങില്ല എന്നാണോ? അതിഭയാനകമായ ദുരന്തങ്ങളില്‍നിന്നു നമ്മെ രക്ഷിക്കാന്‍ നാം കെട്ടിപ്പടുക്കുന്ന സാമ്പത്തിക-ശാസ്ത്രസാങ്കേതിക-സൈനിക വ്യവസ്ഥകള്‍ക്കു കഴിയില്ല. നിഷ്കളങ്കതയും വിവരക്കേടും തമ്മില്‍ നാം തിരിച്ചറിഞ്ഞേ മതിയാവൂ. "ഞാനൊന്നും അറിഞ്ഞില്ലേ, എന്‍റെ സ്വന്തം കാര്യമല്ലാതെ" എന്ന സമീപനം തീര്‍ച്ചയായും ഒരു ഒഴിവുകഴിവുമാത്രമേ ആവൂ. ഇത്തരം നിഷ്കളങ്കതയുടെ അന്ത്യം ദയനീയമാണ്.  ഒരു വിവരദോഷി മാത്രമേ ഹിംസയുടെയും അനീതിയുടെയും ഉല്‍പ്പത്തിയെക്കുറിച്ച് ചിന്തിക്കാന്‍ വിസമ്മതിക്കൂ. പ്രതികാരത്തെക്കുറിച്ചും ചൂഷണത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചും മാത്രം ചിന്തിക്കുന്ന ഒരു ജനതയെ ഭീരുത്വവും ഭ്രാന്തും പിടിച്ച ഒന്നായേ കരുതാനാവൂ.

വാസ്തവത്തില്‍ ഈ ലോകം നമ്മുടെ സ്വന്തമോ സ്വകാര്യസ്വത്തോ അല്ല. പ്രതികാരത്തിന്‍റെയും അധിനിവേശത്തിന്‍റെയും പേരില്‍ നാം നടത്തുന്ന യുദ്ധങ്ങള്‍ നമ്മുടെ ശത്രുക്കളെ മാത്രമല്ല കൊല്ലുന്നത്. നമ്മുടെ ശത്രുക്കളെന്നു മുദ്രകുത്തുന്നവരില്‍ മനുഷ്യര്‍ മാത്രമല്ല പ്രാണികളും സൂക്ഷ്മജീവികളുമൊക്കെയുണ്ട്. എല്ലാ യുദ്ധങ്ങളും ആഹാരം വിളയുന്ന, ശുദ്ധജലവും മണ്ണും പരിരക്ഷിക്കുന്ന, രോഗികള്‍ക്ക് ഔഷധമാവുന്ന, എല്ലാ ജൈവവ്യവസ്ഥകളെയും കൊല്ലുന്നു, വിഷലിപ്തമാക്കുന്നു. അപൂര്‍വ്വജീവജാലങ്ങളും അവയുടെ (നമ്മുടെയും) ആവാസവ്യവസ്ഥകളും അന്യംനില്ക്കുന്നു. മനുഷ്യന്‍റെയുള്ളില്‍ കൊടും നൈരാശ്യവും ആശങ്കകളും മാരകരോഗാവസ്ഥയുമുണ്ടാക്കുന്നു. ദേശഭക്തിയേക്കാള്‍ വാസ്തവത്തില്‍ നമുക്ക് വേണ്ടിയിരുന്നത് ഭൗമഭക്തിയാണ്. ദേശീയഗാനങ്ങള്‍ക്കൊപ്പം മനുഷ്യന്‍ ആലപിക്കേണ്ട ഭൗമഗീതങ്ങളുണ്ട്. അപാരസമുദ്രങ്ങള്‍ക്കും ഇന്ദ്രനീല പര്‍വ്വതങ്ങള്‍ക്കും ജീവസ്സുറ്റ വനഭൂമിക്കും സര്‍വ്വചരാചരങ്ങള്‍ക്കും നന്ദി പറയുന്ന ഭൗമഗാനം. ഹരിതവും നീലിമയാര്‍ന്നതുമായ നമ്മുടെ ഭൗമഗ്രഹം നമ്മില്‍ നിന്നൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ അതിലോലവും ഗംഭീരവും അനന്യവും അനാദിയുമായ വന്യപ്രകൃതിയിലാണ് നമ്മുടെ ഹൃദയം നിക്ഷേപിക്കേണ്ടത്. ദുരന്തങ്ങളുടെയും ദുഃഖങ്ങളുടെയും ഈ കലികാലത്ത് നാം മറ്റൊന്നും ചെയ്യേണ്ടതില്ല.

****

മൂന്നു ചുറ്റും കാടും ഒരു വശത്ത് കാട്ടരുവിയുമുള്ള കുഞ്ഞുകിണ്ണം പോലൊരു തുണ്ടുഭൂമിയില്‍ എനിക്കൊരു മണ്‍കുടിലുണ്ട്. എന്‍റെ സ്വന്തമല്ല, പക്ഷെ എനിക്കൊളിച്ചു പാര്‍ക്കാന്‍ ഒരിടം. കരിനീലമലകള്‍ ചൂഴുന്ന, പക്ഷിപ്പാട്ടുകള്‍ നിറയുന്ന, രാത്രിയില്‍ മാനും ആനയും പുലിയും പന്നിയുമെല്ലാം ദാഹം തീര്‍ക്കാനെത്തുന്ന അധികമാര്‍ക്കും അറിയാത്ത താഴ്വാരം. വന്യവും സ്വതന്ത്രവുമായ ഈ ഭൂമിയുടെ വിശാലത എനിക്ക് ജീവിക്കാനും പ്രവര്‍ത്തിക്കാനും എന്‍റെ മനസ്സമാധാനത്തിനും കായികാരോഗ്യത്തിനും ആവശ്യമാണ്. ഇതെഴുതുമ്പോഴും എനിയ്ക്കിടക്കിടെ തുറസ്സിലേക്ക് നോക്കി മനുഷ്യന്‍റെ നിര്‍മ്മിതികളില്ലാത്ത ഭൂമിയില്‍ വിശ്രാന്തി തേടണം. കോണ്‍ക്രീറ്റും വൈദ്യുതിയും മനുഷ്യന്‍റെ അജന്‍ഡകളുമില്ലാത്ത നൈസര്‍ഗ്ഗിക പ്രകൃതിയില്‍ മാത്രം കിട്ടുന്ന മുക്തി! വല്ലപ്പോഴുമെങ്കിലും എനിക്കീ വന്യഭൂമിയിലെത്തിപ്പെടാമല്ലോ എന്നതും ഇതുമാത്രമാണ് എനിക്ക് വേണ്ടത് എന്ന തിരിച്ചറിവും എന്‍റെ ജീവിതത്തിലെ മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. സെല്ലുലാര്‍ ഫോണും കേബിള്‍ റ്റിവിയും ഫോര്‍ഡ് കാറും 'അക്ഷയത്രിതീയ' സ്വര്‍ണ്ണവുമൊന്നും എനിക്കു വേണ്ട. പക്ഷേ എന്‍റെ രുചി (കൊതി) ഇവയേക്കാളൊക്കെ അമൂല്യവും തീവ്രവും അസാധ്യമെന്നു തോന്നാവുന്നതുമായ കാര്യങ്ങള്‍ക്കാണ്. ചൂളക്കാക്കയുടെ പാട്ടും മലയണ്ണാന്‍റെ ചിലപ്പും പാറാന്‍റെ ഒഴുകിപ്പറക്കലും കാടുനിറയുന്ന കോടാനുകോടി മിന്നാമിന്നികളുടെ പ്രണയനൃത്തത്തിരമാലകളും ചോലയാറില്‍ രാത്രി വെള്ളം കുടിക്കാനെത്തുന്ന മാന്‍ തീരമണലിലെഴുതിയ കഥയുമൊക്കെയാണ് എനിക്ക് വേണ്ടത്. പര്‍വ്വതങ്ങളും കാടുമൂടിയ താഴ്വരകളും ജലപാതകളും കടല്‍ത്തീരങ്ങളുമൊക്കെ...

ഇവയൊക്കെ എന്‍റേതാണെന്ന് ഞാനൊരിക്കലും പറയില്ല. കാടുകയറാനും എഴുതാനും വായിക്കാനും ഞാന്‍ പോകുന്നിടങ്ങളൊന്നും എന്‍റേതല്ല. ആരുടേതുമല്ല. ഉടമസ്ഥാവകാശങ്ങളില്‍ എനിക്ക് വിശ്വാസവുമില്ല. പക്ഷേ കാട്ടാറിനക്കരെയുള്ള ചതുപ്പില്‍ രാത്രി മുഴുവന്‍ മുഴങ്ങുന്ന തവളപ്പാട്ടുകളും സന്ധ്യാസമയത്തെ രാച്ചുക്കിന്‍റെ "കുട്ട്... കുട്ട്ര്‍" വിളിയും കരടിയമ്മയുടെ കൂവലും വല്ലപ്പോഴും വഴി തേടി വരുന്ന കാട്ടാനാക്കൂട്ടത്തിന്‍റെ ചിന്നംവിളികളും... അവരുടെ ലോകം ഭദ്രമാണെന്നുള്ള വിശ്വാസവും എനിക്ക് കൂടിയേ കഴിയൂ. ഈ ആഹ്ലാദത്തിന്‍മേല്‍ എനിയ്ക്ക് അവകാശമുണ്ട്. വാസ്തവത്തില്‍ ഈ വന്യഭൂമിയാണ് എന്നെ അവളുടെ സ്വന്തമാക്കുന്നത്. എന്‍റെയുള്ളിലെ വികാരങ്ങളും മണ്ണില്‍ പണിയെടുക്കാനുള്ള കരുത്തും എന്‍റെ അഗാധവിശ്വാസങ്ങളുമെല്ലാം ഈ വന്യതയാണ് സൂക്ഷിക്കുന്നത്. മനുഷ്യന്‍ വല്ലാതെ ക്ഷതം വരുത്തിയിട്ടില്ലാത്ത ഈ തുണ്ട് ഭൂമിയെ നോക്കിയിരിക്കുമ്പോള്‍ തന്നെയാണ് എന്‍റെ ഏറ്റവും തെളിഞ്ഞ ചിന്തകളും സുന്ദരജീവിതസങ്കല്പ്പങ്ങളും എന്നിലുണ്ടാവുന്നത്. മനുഷ്യന്‍ അവരുടെ ആയിരം പദ്ധതികളുമായി എത്തിപ്പെട്ടിട്ടില്ലാത്ത വന്യഭൂമി. അവിടെ നിന്നു തുടങ്ങി വേണം എനിക്കെന്‍റെ സങ്കല്‍പ്പങ്ങളിലെ ആയിരം "മാനവിക അജന്‍ഡകള്‍" വിഭാവന ചെയ്യാന്‍. കിളിപ്പാട്ടുകളില്‍ നിന്നും മഴയില്‍ കുതിര്‍ന്ന മരങ്ങളില്‍നിന്നും എന്‍റെ മനസ്സിനു കിട്ടുന്ന നിശ്ചലതയും ശാന്തതയും എനിക്കു വേണം. ആകാശത്തിന്‍ കീഴേ പുഴത്തീരത്തെ കാട്ടുപൂക്കള്‍ വീണ പാറപ്പുറത്ത് വല്ലപ്പോഴും ഒരു രാത്രി കിടന്നുറങ്ങുന്നതിന്‍റെ സ്വസ്ഥതയും എനിക്കു വേണം.

മഴക്കാട് പൊതിയുന്ന മലകളെയും ഉയര്‍ന്ന പര്‍വ്വതങ്ങളുടെ തണുപ്പുമായെത്തുന്ന പുഴയെയും നോക്കി വെറുതെയിരിക്കുക എന്നത് ഞാന്‍ സ്വയം തിരഞ്ഞെടുത്ത വഴിയും എന്‍റെ സൗഭാഗ്യവുമാണ്. ജീവിതത്തിന്‍റെ ഏതെങ്കിലുമൊക്കെ ഭാഗം വന്യ പ്രകൃതിയോടടുത്തു കഴിയുക എന്നത് അനുഗ്രഹവും ആനുകൂല്യവുമാണ്. ഭൂമിയില്‍ എവിടെയൊക്കെയോ വന്യവും സ്വതന്ത്രവും മനുഷ്യന്‍ ചവിട്ടിയിട്ടില്ലാത്തതുമായ നൈസര്‍ഗ്ഗികത ബാക്കിയുണ്ടെന്നറിയുന്നതു തന്നെ ഒരു വിശേഷാനുകൂല്യമാണ്.

1950-കള്‍ക്കു ശേഷമാണ് മനുഷ്യരാശിയുടെ ആവാസം നഗരങ്ങളാവാന്‍ തുടങ്ങിയത്. ലോകജനസംഖ്യയുടെ 50 ശതമാനത്തിലധികം നഗരവാസികളാണിന്ന്. മനുഷ്യനെന്ന സ്പീഷിസിന്‍റെ സ്വാഭാവിക ആവാസം കോണ്‍ക്രീറ്റും സിമന്‍റും കല്ലും മാര്‍ബിളും കൊണ്ടു പൊതിഞ്ഞ, ചക്രവാളങ്ങളെ മറയ്ക്കുന്ന ബഹുനിലക്കെട്ടിടങ്ങള്‍ തലയുയര്‍ത്തുന്ന, വ്യവസായശാലകളും മാലിന്യക്കൂമ്പാരങ്ങളും, നിറഞ്ഞ ഒരു ഭൂമികയായിക്കഴിഞ്ഞു. 'മാനവിക അജന്‍ഡ' ഈ പട്ടാള-വ്യാവസായിക-ശാസ്ത്രസാങ്കേതിക മെഗാരാഷ്ട്ര നിര്‍മ്മിതി മാത്രമായിരിക്കുന്നു.

വിനോദത്തിനും വിശ്രമത്തിനും ആമോദത്തിനും ആരോഗ്യത്തിനും മനുഷ്യന്‍ നിര്‍മ്മിക്കുന്ന വിസ്മയകരമായ വ്യവസ്ഥകളെ ഞാന്‍ നിന്ദിക്കുകയല്ല. പക്ഷേ അവയെല്ലാം ഭൂതലമെന്ന ഹരിതസ്വര്‍ഗ്ഗത്തിന്‍മേല്‍ തറക്കല്ലും കോണ്‍ക്രീറ്റും പാകി നിര്‍മ്മിക്കപ്പെട്ടവയാണ്. നൈസര്‍ഗ്ഗിക ഭൂവനിയില്‍ നിന്നുള്ള മനുഷ്യന്‍റെ ഈ കൂട്ടപ്പാലായനം എന്നെ വല്ലാതെ വ്യസനിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു. പൂവെന്നാല്‍ സസ്യത്തിന്‍റെ അനുരാഗമാണെന്നും നിശ്ശബ്ദതയുടെ സംഗീതം എത്ര സുഖകരമാണെന്നും നാം ശ്വസിക്കുന്ന പ്രാണവായു ഹരിതസസ്യങ്ങളുടെ ഉച്ഛ്വാസമാണെന്നും ഒരിക്കലും  അറിയാന്‍ പോവുന്നില്ലാത്ത കുഞ്ഞുങ്ങളെക്കുറിച്ചാണ് ഞാന്‍ ആകുലപ്പെടുന്നത്. ജന്മനാ തന്നെ കിട്ടുന്ന സഹജവാസനപോലെ അറിയേണ്ടുന്ന ഉള്ളറിവുകളാണിവയൊക്കെ. പക്ഷേ ജീവന്‍റെ ഏറ്റവും നൈസര്‍ഗ്ഗികതലമായ വന്യത (wilderness) നാം പൂര്‍ണ്ണമായി തുടച്ചുമാറ്റുമ്പോള്‍ നമ്മുടെയുള്ളിലെ സ്വാഭാവികതയും നന്മയും ജന്മവാസനകളുമൊക്കെയാണ് നശിക്കുന്നത്. മഴയും മഞ്ഞും ചൂടും പ്രാണവായുവുമെല്ലാം പോലെതന്നെ  ആഹാരവും സ്നേഹബന്ധങ്ങളും മനസ്സമാധാനവും ഒന്നും ഉല്പന്നങ്ങളല്ല, നേരേമറിച്ച് ജീവല്‍ പ്രക്രിയകളാണെന്നു മറന്നു പോവുന്ന മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ച് ആകുലയാണ് ഞാന്‍. ഇരുണ്ട ആകാശം നിറയുന്ന നക്ഷത്രങ്ങളെ നോക്കി അതിശയിക്കാന്‍ അവസരം കിട്ടാത്ത കുട്ടിക്ക് എങ്ങനെ അനന്തതയെ സങ്കല്‍പ്പിക്കാനാവും? സന്ധ്യനേരത്തെ 'രാച്ചുക്കി'ന്‍റെ വിളി എന്‍റെ ഹൃദയത്തെ അഗാധമായി സ്പര്‍ശിക്കുന്നതിനെക്കുറിച്ച് എനിക്കെങ്ങനെ എന്‍റെ കൊച്ചുകൂട്ടുകാരിയോടു പറയാനാവും? രാവെന്നാല്‍ വാതിലും ജനലുമടച്ച് ലൈറ്റിടാനുള്ള നേരവും ചുക്കെന്നാല്‍ ഇഞ്ചിയുണങ്ങിയതുമാണല്ലോ അവള്‍ക്ക്!

***

നൈസര്‍ഗ്ഗിക വന്യഭൂമികളില്‍ നിന്നുള്ള പലായനം കാരണം മനുഷ്യനു നഷ്ടമാകുന്നത് വേരുകള്‍ തരുന്ന സുരക്ഷിതത്വബോധമാണ്. മതവിശ്വാസംപോലെയോ ആത്മീയദര്‍ശനം പോലെയോ മൗലികവും അഗാധവും ദുര്‍ഗ്രാഹ്യവുമാണത്. സ്വാഭാവിക പ്രകൃതിയില്‍നിന്ന് അകലുമ്പോഴാണ് നമ്മള്‍ അനാഥരും അരക്ഷിതരും ദുരാഗ്രഹികളുമാവുന്നത്. എത്ര വേഗത്തിലാണ് നാം ജീവന്‍ നിറഞ്ഞ 'ഇട'ങ്ങളെയെല്ലാം ഇടിച്ചുനിരത്തി, നിര്‍മ്മിതികള്‍ ഉയര്‍ത്തി, ശ്വാസംമുട്ടിച്ചു കൊല്ലുന്നത്! വഴുതക്കാടെന്നും ഇരുള്‍കാനനമെന്നും കരടിക്കുന്നെന്നും ആനമൂളിയെന്നും കാടാമ്പുഴയെന്നും മുള്ളുവേങ്ങാമൂടെന്നുമൊക്കെ, നാം കൊന്നുകൊലവിളിച്ചവയുടെ തന്നെ, പേരു നല്‍കി നാം ഭൂമിയെ "വികസി"പ്പിച്ചെടുക്കുന്നു. ഭൗമഗ്രഹത്തിന്‍റെ കരപ്രദേശം മുഴുവന്‍ എടുപ്പുകള്‍ കൊണ്ടുനിറയ്ക്കുന്നതും അന്തരീക്ഷവും ബഹിരാകാശവും ഭൂഗര്‍ഭജലവും സമുദ്രങ്ങളും നമ്മുടെ കുപ്പത്തൊട്ടിയാക്കുന്നതും 'മനുഷ്യപുരോഗതി'യാണെന്നതില്‍ നമുക്കു യാതൊരു സംശയവുമില്ല. ഈ പദ്ധതി വിനാശകരമാണെന്നു പറയുന്നവര്‍ വികസന വിരോധികള്‍, പിന്‍തിരിപ്പന്മാര്‍!

നാം പണിതുയര്‍ത്തിയ ലോകമല്ലാതുള്ള ഭൂരൂപങ്ങളെ സംരക്ഷിക്കാന്‍ നമുക്കു കഴിയണം. പക്ഷേ അതിന് നമ്മള്‍ നമ്മുടെ ജീവിതത്തെ അടിമുടി പുനര്‍വിഭാവന ചെയ്യേണ്ടിവരും. അധികമാരും ഇതേവരെ സങ്കല്‍പ്പിക്കാന്‍ ധൈര്യപ്പെടാത്ത ഒരു പുത്തന്‍മാനവികത, ഒരു ഹരിതകുലം നമുക്ക് വളര്‍ത്തിയെടുക്കേണ്ടിവരും. ആധുനിക മനുഷ്യന്‍റെയുള്ളില്‍ അതിവേഗം വറ്റിവരണ്ടുകൊണ്ടിരിക്കുന്ന അനുതാപവും കനിവും നമ്മില്‍ വളര്‍ത്തേണ്ടിവരും. പ്രണയം പോലെ, ഒരിക്കലൊന്നു രുചിച്ചാല്‍ മാത്രം മനസ്സിലാക്കാനാവുന്ന, ഒന്നാണീ സഹാനുഭൂതി. നമുക്കിതാവശ്യമാണെന്നും നമുക്ക് ആനന്ദവും വിമോചനവും തരുന്ന, നമ്മുടെയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന നൈസര്‍ഗ്ഗികവാസനയാണിതെന്നും നാം തിരിച്ചറിയും.

ഇക്കാലത്ത് മറ്റൊന്നിനും പ്രസക്തിയില്ല. നമ്മുടെ ഉല്‍പ്പത്തിക്ക് നിദാനമായ ഭൂമിയുടെ പരിരക്ഷണവും പരിപോഷണവും മാത്രമായിരിക്കാം നമ്മുടെ യഥാര്‍ത്ഥ കഥയിലെ അടുത്ത അധ്യായം. ഭൂമി ഇന്നും എന്നും നമ്മുടെ അതിജീവനത്തിനു നിദാനമാണ്. നനഞ്ഞു കുതിര്‍ന്ന കറുത്ത പശിമയാര്‍ന്ന മണ്ണില്‍ നിന്നാണ് ആഹാരം വരുന്നത് എന്നും നമ്മുടെ ശ്വാസകോശത്തിനു സുഖം തരുന്ന ഓക്സിജന്‍ ഒരു പച്ചിലയുടെ സൂര്യനൃത്തമാണെന്നും നമുക്ക് ഓരോ നിമിഷവും ബോധമുണ്ടാവണം. ഈ ലക്കം അസ്സീസി മാസികയുള്‍പ്പെടെ, ഏതൊരു പുസ്തകവും, നമ്മുടെ സാങ്കല്പിക (ലോക) ജീവിതത്തിനായി കൊലചെയ്യപ്പെട്ട മരങ്ങളുടെ ഹൃദയങ്ങള്‍ ചതച്ചരച്ചുണ്ടാക്കിയതാണെന്നത് നിരസിക്കാനാവാത്ത പരമാര്‍ത്ഥങ്ങളാണ്. നിങ്ങള്‍ ഇപ്പോള്‍ കയ്യിലെടുത്തിരിക്കുന്നത്, എന്‍റെയീ വാക്കുകള്‍ക്ക് കീഴേ ആത്മസമര്‍പ്പണം ചെയ്യപ്പെട്ട കാലവും വായുവും സൂര്യപ്രകാശവും വന്യസുന്ദരമായ ഒരിടവുമാണ്. നാമാ 'ഇട'ത്തേക്ക് ചെന്നു കയറുകയാണെങ്കിലും അവിടം വിട്ടിറങ്ങിപോവുകയാണെങ്കിലും 'അവിടം' എന്നതാണ് പ്രധാനം. അതൊരു 'ഇടം' ആണ്. നാമെവിടെ നില്‍ക്കുന്നു, എവിടെ നില്‍ക്കുന്നില്ല എന്നു നാം മനസ്സിലാക്കുന്നുണ്ടോ, ഇല്ലയോ എന്നതിനെ അനുസരിച്ചാണ് നമ്മുടെ (മനുഷ്യന്‍റെ) കഥ ഇനി ഉരുത്തിരിയുക. ഇവിടെ നാം ഉണ്ടോ, ഇല്ലയോ എന്നതാണ് ചോദ്യം.

***

നമ്മുടെ ജീവന്‍റെ ജീവനായ ജലം എവിടെയാണ്, എവിടെയാണ് ഏറ്റവും നന്നായി ആഹാരം വിളയുക, പ്രവര്‍ത്തിക്കാനുള്ള കരുത്തും ധീരതയും നമുക്കെവിടെനിന്നു കിട്ടും, പ്രണയിക്കാനും താരാട്ടുപാടാനും പാചകം ചെയ്യാനും വിത്തുവിതയ്ക്കാനുമുള്ള സ്നേഹവായ്പ് നമ്മുടെ ഹൃദയത്തിലുണ്ടോ... എന്നൊക്കെ ചിന്തിക്കുന്നതു പോലെതന്നെയാണ് കഥപറയല്‍. അവരറിഞ്ഞതിനേക്കാള്‍ കുറച്ചു കൂടുതല്‍ സമയം ഭൂമിയെ അറിഞ്ഞതില്‍ നിന്നു കിട്ടിയ ജീവിതപ്പൊരുളുകള്‍ കുഞ്ഞുങ്ങള്‍ക്ക് അവരറിയാതെ 'മായവിദ്യ' പോലെ പകര്‍ന്നു കൊടുക്കാനുള്ള കഥകളാണവ. എങ്ങനെയീ ഭൂമിയില്‍, ഈയിടത്ത്, ഈ കാലത്ത് മനുഷ്യന്‍ ജീവിക്കണമെന്നതാണ് അവരറിയേണ്ടത്. ഭൂവിടത്തില്‍ നിന്നു തന്നെയാണ് നമ്മെക്കുറിച്ചു നാമറിയേണ്ടുന്ന വിശദീകരണങ്ങള്‍ വളരുന്നത്. കാട്ടുകിഴങ്ങും ചക്കയും ചീരയും പയറും... ചെളിമണ്ണില്‍ വളരുന്നതുപോലെ തന്നെയാണ് നമ്മളും വളരുന്നത്.

ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്, എനിക്കൊരിക്കലും യുക്തിയുക്തമായും ശാസ്ത്രസാങ്കേതികമായും തെളിവു നിരത്തി തെളിയിക്കാന്‍ കഴിയുന്ന ഒന്നേയല്ല. അതെന്‍റെ ഉദ്ദേശവുമല്ല. ആത്മാവില്‍ ഉറയുന്ന ഒരു വിശ്വാസമായി ഞാനറിയുന്ന ഒന്നാണിത്. അന്ധമായല്ലാതെ എനിക്കിത് വിശ്വസിക്കാനുമാവില്ല.

ഞാനിതെഴുതുമ്പോള്‍, നാം കൂടി ഭാഗമായ (നന്മയുടെ ഭാഗം കൂടിയായ), മറ്റൊരു ലോകം എന്‍റെ തോളില്‍ ചാരി എന്നെയുറ്റുനോക്കുന്നതായി എനിക്കനുഭവപ്പെടുന്നു. വേഴാമ്പലുകളും കാട്ടുപൂച്ചകളും ചോലവേങ്ങ മരങ്ങളും പര്‍വ്വതങ്ങളും സപ്തസാഗരങ്ങളുമടങ്ങുന്ന വന്യതയുടെ ലോകം. അവരാണെന്‍റെ ഗുണദോഷികള്‍ (സെന്‍സറുകള്‍). എന്‍റെ കഥകള്‍ നമ്മുടെ ഈ ജന്മഗൃഹത്തെക്കുറിച്ചാണ്. നമ്മളും ജീവികള്‍ തന്നെയാണല്ലോ. നമ്മുടെ ആവാസത്തേക്കാളും ഭക്ഷ്യശൃംഖലകളേക്കാളും ഒരൊറ്റ ജീവിയും (മനുഷ്യനും) ശ്രേഷ്ഠരായിരിക്കില്ല. നമ്മുടെ ആഹ്ലാദവും ആരോഗ്യവും സുരക്ഷിതത്വബോധവുമെല്ലാം നമ്മുടെ ആവാസഭൂമിയുമായി പൊക്കിള്‍ക്കൊടി ബന്ധത്തിലേ നിലനില്ക്കൂ. നമ്മുടെ ഈ 'ഇട'ത്തെ അറിയുക (ആദരിക്കാനുള്ള വിവേകമുണ്ടാവുക) എന്നതിലപ്പുറം ഒരു വരദാനവും നമുക്ക് ലഭിക്കാനില്ല.

മനുഷ്യര്‍ക്കും സുബോധത്തോടെ ജീവിക്കാന്‍ നമ്മുടെ ചുറ്റും വന്യ ഇടങ്ങള്‍ കൂടിയേ തീരൂ. നാമത് വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതു സത്യം. കനിവും സ്വാതന്ത്ര്യവും ഒരിക്കല്‍ കൂടി രുചിച്ച്, നാമിതാണ് ആഗ്രഹിക്കുന്നത് എന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അനാദിയും അനന്തവുമായ ജീവജാതികളുടെ പരിണാമത്തിന്‍റെയും ഹിമാനികളുടെ വികാസത്തിന്‍റെയും പിന്‍വാങ്ങലിന്‍റെയും സാവധാന ഗതിവേഗതയിലാണ് ഭൂപ്രകൃതിയുടെ അജന്‍ഡ നീങ്ങുന്നത്. പാട്ടുപാടുന്ന, ഇണചേരുന്ന, നിതാന്തമായി സംവദിക്കുന്ന, അനന്ത വൈവിധ്യമാര്‍ന്ന ജീവജാതികള്‍ നമുക്ക് ചുറ്റും കൂടിയേ തീരൂ. നമ്മെപ്പോലെ സ്വന്തം ജീവനെയും ജീവിതത്തെയും സ്നേഹിക്കുന്നവരാണവരും. നമ്മുടെ സാമ്പത്തികവ്യവസ്ഥയോ പ്രതിവര്‍ഷ കലണ്ടറോ ഒന്നും അവര്‍ക്ക് ബാധകമല്ല. പക്ഷേ ഊര്‍ജ്ജത്തിന്‍റെയും പദാര്‍ത്ഥങ്ങളുടെയും നിതാന്ത ചംക്രമണങ്ങളിലൂടെ ഉരുവാകുന്ന ഋതുക്കളും കാലാവസ്ഥയും ഭൂമിയുടെ ഹൃദയസ്പന്ദനമായും ശ്വസനമായുമൊക്കെ അറിയാന്‍ അവര്‍ക്ക് ആന്തരികമാപിനികളുണ്ട്. നമ്മുടെയുള്ളിലും ഈ മാപിനികളുണ്ട്. പക്ഷെ വന്യഭൂമിയില്‍ നിന്നുള്ള അകലം കാരണം നമുക്കവയെ തിരിച്ചറിയാന്‍ കഴിയുന്നില്ല. പക്ഷേ വന്യത നമ്മെ നാം നില്‍ക്കേണ്ടിടത്തു നിര്‍ത്തുന്നു. നമ്മുടെ പദ്ധതികള്‍ അബദ്ധജടിലമാണെന്ന് വന്യത നമുക്ക് കാണിച്ചു തരുന്നു. അനന്തതലമുറകളെയും ജൈവമണ്ഡലത്തെയും ഗുരുതരമായി ബാധിക്കുന്ന കാര്യങ്ങള്‍ വിഭാവന ചെയ്യുമ്പോള്‍ വളരെ സൂക്ഷിച്ചും വിനയപൂര്‍വ്വവും തീരുമാനങ്ങള്‍ എടുക്കണമെന്ന് വന്യലോകം നമ്മോടു പറയുന്നു. ഒരു മണി അരി പാഴാക്കിയാല്‍ ഒമ്പതു ജന്മം പട്ടിണി കിടക്കേണ്ടിവരുമെന്നും ഓറിഗോണില്‍ മഴു വീഴുമ്പോള്‍ സൈബീരിയയിലെ മരങ്ങള്‍ അതറിയുമെന്നും സൈബീരിയയില്‍ ഒരു മരം മുറിച്ചാല്‍ ആമസോണ്‍ വനത്തിലെ ചിത്രശലഭത്തിന്‍റെ ചിറകു വിറയ്ക്കുമെന്നും ഒരു ശാപവാക്ക് നാം അലക്ഷ്യമായി ഉച്ചരിച്ചാല്‍ വിദൂരതയിലെവിടെയോ കൊടുങ്കാറ്റുകള്‍ ഉയരുമെന്നും വിശ്വസിക്കുന്ന മനുഷ്യസമൂഹങ്ങള്‍ ലോകത്തിന്നും എവിടെയൊക്കെയോ ഉണ്ട്. ഭൗമഗ്രഹത്തിന്‍റെ ഒരു തുണ്ടു കാട്ടിടം നോക്കിയിരിക്കുമ്പോള്‍ ഏതൊക്കെയോ വന്യജീവികളുടെ കണ്ണുകളില്‍ തെളിയുന്ന, മറ്റ് സാധ്യതകള്‍, കുറേക്കൂടി ഹരിതവും സുരക്ഷിതവുമായ പദ്ധതികള്‍.. ജീവലോകത്തിന്‍റെ പരിണാമ അജന്‍ഡ എന്‍റെ അസ്ഥിയുടെയുള്ളില്‍ എന്നെ സ്പര്‍ശിക്കുന്നു.

****

പ്രകൃതിയുടെ രൂപരേഖയില്‍ പരസ്പരാശ്രിതബന്ധങ്ങളിലൂടെ കൂടുതല്‍ കൂടുതല്‍ ദൃഢതയിലേക്കും സുസ്ഥിരതയിലേക്കും പരിണമിക്കുന്ന ജീവന്‍റെ ശൃംഖലാജാലികയാണുള്ളത്. അവയിലൊരു കണ്ണി മാത്രമാണ് മനുഷ്യന്‍. അവിടെ എല്ലാ ജീവജാതിക്കും ഒരു നിശ്ചിതസ്ഥാനവും ജീവനധര്‍മ്മവുമുണ്ട്. അത് ആ ജീവിയുടെ കര്‍ത്തവ്യ മേല്‍വിലാസം (Functional Address) ആണ്. പരിസ്ഥിതി ശാസ്ത്രത്തില്‍ ഇതിനെ 'നീഷ്' (niche) അഥവാ ജീവനധര്‍മ്മം എന്നാണു പറയുക. ഒരു ജീവജാതി പ്രകൃതിയില്‍ നിലനില്ക്കാന്‍ ചെയ്യുന്ന ഈ ജീവല്‍പ്രവര്‍ത്തനം മൊത്തം വ്യവസ്ഥയെ നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതവുമായിരിക്കും. ഉദാഹരണത്തിനു സസ്യങ്ങള്‍ പ്രകാശസംശ്ലേഷണം വഴി സൗരോര്‍ജ്ജം സ്വന്തം വളര്‍ച്ചക്കായി ജൈവോര്‍ജ്ജമായി മാറ്റുന്നതിലൂടെ മൊത്തം ജീവനും ആവശ്യമായ ആഹാരവും പ്രാണവായുവുമാണ് ലഭ്യമാവുന്നത്. ജൈവപരിണാമപ്രക്രിയയില്‍ ഈയടുത്ത കാലത്ത് ജന്മംകൊണ്ട മനുഷ്യന്‍ എന്ന സ്പീഷിസിന്‍റെ ജീവനധര്‍മ്മം എന്തായിരിക്കാം? അതു കണ്ടെത്തുന്നതുവരെ നാം ഈ ഭൂമിയില്‍ നിലനില്‍ക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രകൃതിക്ക് ക്ഷതം വരുത്തുന്നതേ ആയിരിക്കുള്ളൂ.

എല്‍റ്റണ്‍ ടൂബ്ലഡ് എന്ന തത്വജ്ഞാനിയുടെ വാക്കുകളില്‍, "താന്‍ ആ മരത്തിന്‍റെ ശീതളഛായയില്‍ ഒരിക്കലും ഇരിക്കില്ല എന്ന പൂര്‍ണ്ണബോധത്തോടെ തണല്‍മരങ്ങള്‍ നടുന്ന മനുഷ്യന്‍ ജീവിതത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു." 90-ാം വയസ്സില്‍ കണ്ണില്‍ക്കണ്ട വിത്തുകളെല്ലാം മണ്ണില്‍ കുഴിച്ചിടാന്‍ ഇഷ്ടപ്പെട്ടിരുന്ന എന്‍റെ മുത്തശ്ശി പറയുമായിരുന്നു - "നീയിപ്പോള്‍ തിന്ന മാമ്പഴം എന്‍റെ മുതുമുത്തശ്ശി നട്ട മാവിന്‍റേതാണ്" എന്ന്. ഭൂമിയെ ഹരിതവും ഉര്‍വ്വരവുമാക്കാനുള്ള ഹരിതസസ്യങ്ങളുടെ കെല്‍പ്പിനെക്കുറിച്ച് നമുക്കറിയാം. പക്ഷേ മനുഷ്യന്‍ ഭൂമിയില്‍ വരുത്തുന്ന മുറിവുകള്‍ ഉണക്കാനും ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കും ജൈവ (ആവാസ) വ്യവസ്ഥകള്‍ക്കും മാത്രമേ കഴിയൂ എന്നു സമ്മതിക്കാന്‍ നാം തയ്യാറല്ല. എങ്കിലും നമുക്ക് ആഹാരത്തിനും ഔഷധത്തിനും വേണ്ടി മാത്രമല്ല, ഭൂമിയുടെ പുനരുജ്ജീവനത്തിനു വേണ്ടിയും കൂടി വിത്തുകള്‍ ശേഖരിക്കുകയും തൈകള്‍ നടുകയും ഒരു തരി മണ്ണോ ഒരു തുള്ളി ജലമോ ഒലിച്ചുപോവാതെ സംരക്ഷിക്കുകയും വംശനാശഭീഷണി നേരിടുന്ന ജീവികള്‍ക്ക് അഭയമൊരുക്കുകയും ചെയ്യുന്ന മനുഷ്യരും ലോകത്ത് ധാരാളമുണ്ട്. പ്രായശ്ചിത്തത്തിലാണ് അവര്‍ ജീവിതോദ്ദേശം കാണുന്നത്. ആര്‍ക്കറിയാം, വിത്തുസൂക്ഷിപ്പും ഭൗമപുനരുജ്ജീവനവുമായിരിക്കാം മനുഷ്യന്‍റെ ജീവനധര്‍മ്മം.

ആധുനികലോകത്ത് പ്രായശ്ചിത്തത്തിനും കൃതജ്ഞതയ്ക്കും യാതൊരു സ്ഥാനവുമില്ല. കുറ്റബോധത്താല്‍ വിനയാന്വിതമാകുന്ന ഉപകാരസ്മരണപോലെയും കനിവാര്‍ന്ന സ്നേഹംപോലെയും ഉള്ളില്‍നിന്നു താനേ വരേണ്ട ഒന്നാണത്. അല്ലെങ്കില്‍ അതിനു യാതൊരു വിലയുമുണ്ടാവില്ല. പക്ഷേ ജീവന്‍ ത്രസിക്കുന്ന, നിലാവില്‍ കുളിച്ച, രാപ്പക്ഷികളും കാട്ടരുവിയും പാടുന്ന ഒരു രാത്രിയോട് കൃതജ്ഞത തോന്നാന്‍ മനുഷ്യനാവുമോ? നനഞ്ഞ കാറ്റിലും കുഞ്ഞുങ്ങളുടെ കളിമ്പങ്ങളിലും കാലടിയില്‍ നിന്നും മണലു കൊണ്ടുപോവുന്ന കടലിന്‍റെ വലിയ്ക്കലിലും- ഇവയാണ് ഏറ്റവും വലിയ വരദാനം എന്നു നമുക്ക് തോന്നുമോ? വാസ്തവത്തില്‍ ഉപകാരസ്മരണ ഒരു ജീവിതശൈലിയാണ്. അതൊരു കാഴ്ചപ്പാടാണ്. ഭൂമി നമുക്ക് നല്‍കുന്ന വരദാനങ്ങളുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള നിതാന്തബോധമാണ്.

ഈ ഉപകാരസ്മരണയില്‍ ഭയപ്പാടുണ്ട്. നാം അര്‍ഹിക്കാതെയും അര്‍ത്ഥിക്കാതെയും നമുക്ക് കിട്ടുന്നവയാണ് പ്രകൃതിയുടെ സമ്മാനങ്ങള്‍. താരാപഥങ്ങളുടെ പ്രകാശമോ കാലവര്‍ഷത്തിന്‍റെ താളക്രമമോ ഒന്നും നമുക്ക് അവകാശപ്പെട്ടതല്ല. ഇവയൊക്കെ നമുക്ക് തരാന്‍ ആരും ബാധ്യസ്ഥരുമല്ല. വന്യപ്രകൃതി നമ്മുടെ ജന്മാവകാശമൊന്നുമല്ല. ഈ ലോകം നാമറിയാത്ത മറ്റെന്തോ ഒന്നില്‍ അധിഷ്ഠിതമായ യാദൃച്ഛികതയാണ്. അനിയന്ത്രിതവും അസംഭാവ്യവും ആയ ഒന്ന്. തുടര്‍ന്നും അതിവിടെ ഉണ്ടായെന്നിരിക്കാം. ഇല്ലാതായെന്നുമിരിക്കാം. നമ്മുടെ ജീവന്‍ ആശ്രയിക്കുന്ന ലോലമായ ഏതോ ഒരു സ്ഥിരാവസ്ഥയില്‍ വരുന്ന ചെറിയ മാറ്റം, താളഭംഗം- നാമറിയുന്ന ഈ ഭൂവനിയുടെ ജീവാനുകൂലസാഹചര്യം തകിടം മറിയാന്‍ അതു മതി. ഈ ലോകത്തിന്‍റെ ജൈവസമ്പന്നതയും സുഖശീതളിമയുമെല്ലാം പരിച്ഛേദ്യവും (finite) ക്ഷണഭംഗുര (fragile) വുമാണ്. കര്‍ശനമായ പ്രകൃതി (പരിസ്ഥിതി) നിയമങ്ങളില്‍ അധിഷ്ഠിതമാണ് ജീവന്‍റെ ചലനാത്മകമായ സന്തുലിതാവസ്ഥ. ഈ സന്തുലിതാവസ്ഥയ്ക്ക് കേടു പറ്റിയാല്‍ കാലത്തിനും പ്രകൃതിക്കും ജീവനും മാത്രമേ, കൂട്ടായ പ്രവര്‍ത്തനത്തിലൂടെ, ജൈവമണ്ഡലത്തെ പൂര്‍വ്വസ്ഥിതിയിലെത്തിക്കാനാവൂ. ജീവന്‍റെ ഈ വരദാനം ഒരു നിഗൂഢസുന്ദര രഹസ്യമാണ്. നമ്മുടെ തലച്ചോറിന് ഉള്‍ക്കൊള്ളാനാവാത്ത വിധം പ്രാചീനവും സങ്കീര്‍ണ്ണവും നിതാന്തമാറ്റങ്ങള്‍ക്ക് വിധേയമാവുന്നതുമായ ഒരു അതിശയമാണത്. എന്തുകൊണ്ടത് നിലനില്ക്കുന്നു? എന്തു കൊണ്ടീ ലോകം കുഴഞ്ഞു മറിഞ്ഞ ഒരു അപസ്വരമാവുന്നില്ല? എന്തുകൊണ്ടീ സുന്ദരത? ആര്‍ക്കറിയാം.

***

ഇതൊക്കെയാണെങ്കിലും ഈ വാഴ്വ് നമ്മെ അഗാധമായി ആഹ്ലാദിപ്പിക്കുന്നുമുണ്ട്. എത്ര സന്ദിഗ്ദ്ധാവസ്ഥയിലാണെങ്കില്‍ കൂടി ഈ ഭൂമി എന്നത് ഒരു സത്യമാണ്. ഈ ജീവദേവതയുടെ വരങ്ങളെക്കുറിച്ചുള്ള ബോധം നമുക്ക് അളവറ്റ സന്തോഷം നല്‍കുന്നു. നമ്മുടെ ചേതനയെ വാനോളം ഉയര്‍ത്തുന്ന, നമ്മുടെ ജീവിതചക്രവാളങ്ങളില്‍ ശാന്തതയും പ്രകാശവും പരത്തുന്ന ഒന്നാണിത്. അങ്ങനെയാണീ കൃതാര്‍ത്ഥത നമ്മുടെ ധാര്‍മ്മികബാധ്യതയാവുന്നത്. വീട്ടിയാലും തീരാത്ത കടമാണ് ഭൂമിയോടുള്ള കടപ്പാട്. ഭൂമിയുടെ വരദാനങ്ങളെ ആദരിക്കുന്ന, പരിരക്ഷിക്കുന്ന ജീവിതം നയിക്കുക മാത്രമേ മനുഷ്യന്‍ ചെയ്യേണ്ടതുള്ളൂ. നമ്മുടെ ജീവന്‍റെ നിലനില്പിനും മനുഷ്യകുലത്തിന്‍റെ അതിജീവനത്തിനും നാം പരിരക്ഷകരും പരിപോഷകരുമാണ് ആവേണ്ടത്. ചുമതലാബോധത്തോടെ പെരുമാറുന്ന, പ്രകൃതിസൗന്ദര്യത്തില്‍ മുഗ്ധരായി ഈ ജീവിതം ആഘോഷിക്കുന്ന, ഒരായിരം രീതിയില്‍, വാക്കിലും സംഗീതത്തിലും നൃത്തത്തിലും ജീവന (ഉപജീവന)ത്തിലും ഈ വരദാനത്തിന്‍റെ വിലയറിഞ്ഞ്, ശ്ലാഘിച്ച് നാം ജീവിക്കണം.

"നാം എല്ലാവരിലുമുള്ള ശക്തിയാണ്
നാം സൂര്യചന്ദ്രന്മാരുടെ നൃത്തമാണ്
നാം ഒരിക്കലും മരിക്കാത്ത പ്രത്യാശയാണ്
നാം മാറ്റങ്ങളുടെ വേലിയേറ്റങ്ങളാണ്..." എന്നാണ് അമേരിന്ത്യന്‍ ഗോത്രവംശജര്‍ പാടുന്നത്. ഭൂമിയുടെ മുറിവുകള്‍ ഉണക്കാനും മനുഷ്യര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനും ഒരു ചെറുതീയ്ക്കു ചുറ്റുമിരുന്ന് രാത്രി മുഴുവന്‍ അവര്‍ പാടും. നിര്‍ത്താതെ പാടുന്ന ഗാനവൃത്തങ്ങള്‍. നേര്‍ത്ത വായുവില്‍ നിന്നാ സ്വരലയം ഉള്‍ക്കൊണ്ട്, സുസ്വരത (harmony) യില്‍ ജീവിക്കാന്‍, മറ്റെല്ലാ ജീവികളെയും പോലെ, മനുഷ്യനും പഠിക്കും എന്നവര്‍ വിശ്വസിക്കുന്നു. കാലാകാലങ്ങളില്‍ (ഇന്നും) പല സൂക്ഷ്മ ഗോത്രസമൂഹങ്ങളും ഈ സുസ്വരതക്കടുത്തെത്തിയിട്ടുണ്ട്. ഒരു സംഘഗാനം പോലെ, ഒരുമിച്ചു ജീവിക്കാനുള്ള വഴികള്‍ തേടിയിട്ടുമുണ്ട്. പാട്ടിന്‍റെ ഓരോ ഭാഗവും അതാതിന്‍റെ വഴികളില്‍ പോകുമ്പോഴും അവയെല്ലാം ഒരുമിച്ചുകൂടി സമ്പൂര്‍ണ്ണവും ശക്തവുമായ സംഗീതമാവും പോലെ, ഇടയ്ക്കിടെ നമുക്കും ഇത് സാധ്യമാവുന്നുണ്ട്. ഒരു ചെറിയ കൂട്ടായ്മ, ഒരു ഗായകസംഘം, ഒരു സുന്ദരപൂങ്കാവനം, കാടിന്‍റെ ബഹുസ്വരതയെ അനുകരിക്കുന്ന ഒരു കൃഷിയിടം, ഒരു അയല്‍ക്കൂട്ടം...

പക്ഷേ വീണ്ടും വീണ്ടും നാം പരാജയപ്പെടുകയാണ് എല്ലായിടത്തും. ഒരു ചെറിയ അഭിപ്രായവ്യത്യാസം, ഏകാന്തനും കൊടുംനൈരാശ്യം ബാധിച്ചവനുമായ ഒരു കുട്ടി, വിഷം തീണ്ടിയ ഒരു പുഴ... എല്ലാ സുസ്വരതയും തകര്‍ക്കാന്‍ ഇവയൊക്കെ മതി. എല്ലാം സംഗീതത്തിന്‍റെയും ഹൃദയത്തില്‍ നിറയുന്ന കൊടും ശോകമാണിത്.

ഇങ്ങനെയൊക്കെയാണെങ്കിലും എനിക്കറിയാം ഒരുമിച്ചു പാടുന്നതിന്‍റെ, ഒത്തുപിടിക്കുന്നതിന്‍റെ, ഭൂമിയില്‍ വേരാഴ്ത്തുന്നതിന്‍റെ ശക്തി! ഈ സ്വരലയത്തിനു ലോകത്തെ പിടിച്ചു കുലുക്കാനാവും. ഒരൊറ്റ തെളിഞ്ഞ ഗീതം ആലപിച്ചാല്‍ മതി. ആ സ്വരം കണ്ണാടിജനലിലും വൈദ്യുതിക്കമ്പികളിലും അയല്‍വീട്ടിലെ തംബുരുവിലും പച്ചിലച്ചാര്‍ത്തിലും മര്‍മ്മരങ്ങളുണ്ടാക്കും. ലോകം എന്നെന്നേക്കുമായി മാറും.

You can share this post!

സാഹസം

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts