(വിഷാദരോഗ-(depression)ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(bipolar disorder)ത്തിനും പരിഹാരമായി ഡോ. ലിസ് മില്ലര്‍ സ്വന്തഅനുഭവത്തില്‍ നിന്ന് രൂപപ്പെടുത്തിയ മരുന്നില്ലാ പ്രതിവിധിയായ മനോനിലചിത്രണ (Mood mapping) ത്തെക്കുറിച്ചുള്ള പരമ്പര തുടരുന്നു. വിഷാദരോഗത്തിന് പതിനാലുദിവസം കൊണ്ട് പ്രതിവിധി നിര്‍ദ്ദേശിക്കുന്ന മനോനിലചിത്രണത്തില്‍ നാലു പ്രധാന മനോനിലകളെക്കുറിച്ച് നാലാം ദിനം നാം കണ്ടു. വ്യത്യസ്ത മനോനിലകളുടെ കാരണങ്ങളെക്കുറിച്ചും മനോനിലകളെ നിയന്ത്രിക്കാനുള്ള പരിശീലനങ്ങളെക്കുറിച്ചും അഞ്ചാം ദിവസം പ്രതിപാദിക്കുന്നു.)
മനോനിലചിത്രണം അഞ്ചാം ദിവസം
മറ്റുള്ളവരെ അറിയുന്നത് ബുദ്ധിശക്തി, അവനവനെ അറിയുന്നത് ജ്ഞാനം, മറ്റുള്ളവരെ നിയന്ത്രിക്കുന്നത് ശക്തി, സ്വയം നിയന്ത്രിക്കുന്നത് അധികാരം. താവോ തെ ചിങ്ങ്
ജീവിതം മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളികള്‍ നമുക്ക് ഏറ്റെടുക്കാന്‍ കഴിയാതെ വരുന്നത് അതു നമുക്കു കഴിയാത്തതുകൊണ്ടല്ല, മറിച്ച് നാം ഉല്‍ക്കണ്ഠയുടെയും പ്രതിലോമവികാരങ്ങളുടെയും സമ്മര്‍ദ്ദത്തിലായതുകൊണ്ടാണ്. പ്രതിലോമവികാരങ്ങള്‍ അഥവാ പ്രതിലോമ മനോനില(Mood) നമ്മെ വെല്ലുവിളിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പ്രേരിപ്പിക്കുന്നു. നമ്മുടെ സാധ്യതകള്‍, കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് അതു നമ്മെ പിന്നോട്ടു വലിക്കുന്നു. ഉദാഹരണത്തിന് പണം കൈകാര്യം ചെയ്യുന്നതിനെ ചിലര്‍ ഭയക്കുന്നു. അതവരെ തങ്ങളുടെ തൊഴിലോ കച്ചവടമോ കുടുംബജീവിതമോ ഒക്കെ മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വിലക്കിയേക്കാം. അപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഓരോ മനോനിലയ്ക്കും ഓരോ കാരണമുണ്ടാകും.
നാം ഒരു 'മനോനില'യില്‍ രാവിലെ ഏണീക്കുന്നു. അന്നേ ദിവസം എങ്ങനെയായിരിക്കുമെന്ന് ആ 'മനോനില' നമുക്കൊരു ധാരണ നല്കുന്നു, പിന്നീട് പക്ഷേ ആ മനോനില മാറിയെന്നും വരാം. ശൂന്യതയില്‍നിന്ന് പൊട്ടി മുളയെടുക്കുന്നതല്ല മനോനില. അവ യാദൃശ്ചികമായി സംഭവിക്കുന്നതുമല്ല. ഒരു പുലര്‍ച്ചെ നിങ്ങള്‍ വിഷാദത്തിലോ ദേഷ്യത്തിലോ ഉറക്കമുണരുന്നത്, തലേദിവസം അമിതമായി മദ്യപിച്ചതുകൊണ്ടോ, ആരെങ്കിലുമായി വഴക്കിട്ടതുകൊണ്ടോ ആകാം. തലേ ദിവസത്തിന്‍റെ നേട്ടം, അഭിനന്ദനം, പ്രോത്സാഹനം പിറ്റേ പുലര്‍ച്ചയിലെ പ്രസാദമായും ഭവിക്കാം.
നമ്മുടെ മനസ്സില്‍ എന്തിനാണോ ആധിപത്യം അതായിരിക്കും നമ്മുടെ അനുഭൂതികളെ നിശ്ചയിക്കുക. നമ്മെ സന്തോഷിപ്പിക്കുന്ന എന്തിനെക്കുറിച്ചെങ്കിലുമുള്ള ചിന്ത നമ്മുടെ മനസ്സില്‍ നന്നായി അനുഭവപ്പെടും. വായ്പാകുടിശിക അടയ്ക്കാന്‍ വഴി കാണാതെ അലഞ്ഞ ദിവസം നമുക്ക് വളരെ മോശമായല്ലാതെ അനുഭവപ്പെടാന്‍ തരമില്ല. നമ്മെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കാനുള്ള പ്രവണത നമ്മില്‍ എല്ലാവരിലുമുണ്ട്. നന്നായി അനുഭവപ്പെടുന്ന, സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ മതി നമുക്കൊക്കെ. പക്ഷേ അവഗണിച്ചുവെന്നുവച്ച് ഒരു പ്രശ്നം ഇല്ലാതാകുന്നില്ല. മാത്രവുമല്ല ചാരം മൂടിക്കിടക്കുന്ന പ്രശ്നങ്ങള്‍ മോശം മനോനിലയ്ക്കും തളര്‍ച്ചയ്ക്കും കാരണമാകുന്നു. അതു നിങ്ങളുടെ മനോനിലയില്‍ ചാഞ്ചാട്ടത്തിനും വഴിവെക്കുന്നു.
മാറിവരുന്ന മനോനില എന്തോ നിസ്സഹായരായി അതില്‍പ്പെട്ട് ഉഴലുകയാണ് നാമെല്ലാം. അതിനുമേല്‍ നമുക്ക് യാതൊരു നിയന്ത്രണവും സാധ്യമാകുന്നില്ല. എന്നാല്‍ നമ്മുടെ മനോനിലയ്ക്ക് കാരണമെന്തെന്ന് തിരിച്ചറിയാനായാല്‍ അതു നിയന്ത്രിക്കാനും ചിലതു ചെയ്യാന്‍ കഴിയും എന്നതാണ് വാസ്തവം. മനോനിലചിത്രണം(Mood Mapping) അവിടെ നിങ്ങള്‍ക്ക് വലിയ മാര്‍ദഗര്‍ശിയാകും. നമ്മുടെ മനോനിലകളെ അവഗണിക്കുക എന്നത് പൊട്ടിത്തെറിക്കാന്‍ പോകുന്ന ആണവറിയാക്ടറിനെ അവഗണിക്കുന്നതിന് തുല്യമാണെന്ന് മറക്കാതിരിക്കുക. ഉടനെയോ അല്പം വൈകിയോ അപകടം ഉറപ്പ്. ജീവിതം പൂര്‍ണമായി ആസ്വദിക്കുന്നതിന് നിങ്ങള്‍ നിങ്ങളുടെ മനോനില അറിയേണ്ടതുണ്ട്, നിങ്ങള്‍ക്ക് ഇങ്ങനെ അനുഭവപ്പെടാന്‍ കാരണമെന്ത് എന്ന് അറിയേണ്ടതുണ്ട്. അതിനെ നിങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ എന്തു ചെയ്യണമെന്ന് അറിയേണ്ടതുണ്ട്.
ഈ ദിവസം നിങ്ങളുടെ ശക്തിയും ദൗര്‍ബല്യവും വിലയിരുത്താനാണ് നാം ശ്രമിക്കുക. നാം നമ്മുടെ ആന്തരിക മുന്നറിയിപ്പുകളെ അപായസൂചനകളെ കണക്കിലെടുക്കുന്നു.
നമ്മുടെ മനോനിലയെ സ്വാധീനിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. എങ്കിലും അവയെ അഞ്ചു പ്രധാന ഘടകങ്ങളായി പൊതുവെ തരംതിരിച്ചിരിക്കുന്നു. വരും ദിവസങ്ങളില്‍ ഈ അഞ്ചു നിര്‍ണായകഘടകങ്ങള്‍ ഏതൊക്കെയെന്ന് നാം പരിശോധിക്കും. മനോനിലയില്‍ സ്ഥിരത കൈവരിക്കാനും പ്രസാദാത്മക മനോനില നേടിയെടുക്കാനും എന്തു മാറ്റങ്ങള്‍ വരുത്തണമെന്ന് നാം പഠിക്കും.
പക്ഷേ പലപ്പോഴും നാം അഭിമുഖീകരിക്കാത്ത ഒഴിഞ്ഞുമാറുന്ന പ്രശ്നങ്ങളാണ് പ്രതിലോമ മനോനിലകള്‍ക്കും മനോനിലവ്യതിയാനങ്ങള്‍ക്കും കാരണമാകുന്നതെന്നു മറക്കരുത്. അതു നമ്മുടെ ജീവിതത്തിനുമേല്‍ നിഴല്‍ വീഴ്ത്തുന്നു. പ്രതിസന്ധികളെയും വെല്ലുവിളികളെയും അവഗണിക്കുകയും എല്ലാം നന്നായി പോകുന്നുവെന്ന് നടിക്കുകയും ചെയ്യുക എളുപ്പമാണ്. ഇവിടെയാണ് ശാന്തം എന്ന മനോനിലയുടെയും മനോനിലയില്‍ ചാഞ്ചാട്ടം ഒഴിവാക്കേണ്ടതിന്‍റെയും ആവശ്യകത. അതിനെക്കുറിച്ച് അടുത്ത ലക്കത്തില്‍.
(ഈ അധ്യായം അവസാനിക്കുന്നില്ല.)