സ്കൂള്‍ കഴിഞ്ഞു തിരികെ എത്തിയാല്‍ യൂണിഫോം പോലും മാറ്റാതെ മൊബൈല്‍ ഫോണ്‍ എടുത്തു ഗെയിം കളിക്കുന്ന സ്വഭാവം 15 വയസുകാരനായ നിഖിലിന് ഈയിടെ ഏറിവരു ന്നതായി അമ്മയുടെ ശ്രദ്ധയില്‍ പെട്ടു. പതിയെ അത് നിഖിലിന്‍റെ ദിനചര്യകളില്‍ കാര്യമായ മാറ്റം തന്നെ സൃഷ്ടിക്കുകയായിരുന്നു. ഹോംവര്‍ക് ചെയ്യുവാനോ അല്ലെങ്കില്‍ പ്രൊജക്റ്റ് ചെയ്യുവാനോ ഒന്നും താല്പര്യമില്ലാത്ത അവസ്ഥ. മൊബൈല്‍ ഗെയിം കഴിഞ്ഞാല്‍ പിന്നെ ഫേസ്ബുക്കിലോ വാട്സപ്പിലോ ദീര്‍ഘനേരം സമയം ചെലവഴിക്കുന്ന അവസ്ഥയിലേക്ക് നിഖില്‍ നീങ്ങി തുടങ്ങിയപ്പോള്‍ പഠനത്തില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും നിരവധി പ്രശ്നങ്ങളുടെ ആരംഭമായിരുന്നു. എന്തിനും ഏതിനും ഫോണ്‍ വേണമെന്ന അവസ്ഥ. ബാത്റൂമില്‍ ഇരുന്നുവരെ ഫോണ്‍ ഉപയോഗി ക്കുന്നത് ഇതിനോടകം ഒരു ശീലമായി എന്നുതന്നെ വേണം പറയാന്‍.
നിഖിലിന്‍റെത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ന് അധികം കുടുംബങ്ങളിലും കണ്ടുവരുന്ന ഒരു കാഴ്ചയായി മാറിയിരിക്കുകയാണ് മേല്‍പ്പറഞ്ഞ സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ സമൂഹ മാധ്യമങ്ങ ളോടുള്ള അഭിനിവേശം.
എന്താണ് ഈ സോഷ്യല്‍ മീഡിയ അഡി ക്ഷന്‍?
ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സംവേദനാത്മക പ്ലാറ്റ്ഫോമുകളോടുള്ള അനാരോ ഗ്യകരമായ ആശ്രയത്വമാണ് സോഷ്യല്‍ മീഡിയ അഡിക്ഷന്‍. മിക്ക ആശ്രിതത്വങ്ങളെയും പോലെ, സോഷ്യല്‍ മീഡിയ ആസക്തിയും അമിതമായ ഉപയോഗവും അതില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള ബുദ്ധിമുട്ടും പ്രത്യക്ഷത്തില്‍ പ്രകടമാണ്. വിരോധാഭാസമെന്നു പറയട്ടെ, ഈ പ്രശ്നത്തിന്‍റെ ഭീകരമായ ഫലം സാമൂഹിക ഒറ്റപ്പെടലാണ്.
സ്മാര്‍ട്ട് ഫോണുകള്‍ വര്‍ധിച്ചു വരികയും കണക്റ്റിവിറ്റി സ്ഥിരമായി മാറുകയും ചെയ്തതിനാല്‍, സോഷ്യല്‍ മീഡിയ ആസക്തി ഏറ്റവും സാധാരണമായ ഇന്‍റര്‍നെറ്റ് ആസക്തിയായി മാറിയിരിക്കുന്നു. പ്രശ്നം ഉപയോക്തൃ കേടുപാടുകളില്‍ മാത്രമല്ല, ആ കേടുപാടുകള്‍ ചൂഷണം ചെയ്യുന്നതില്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാര്‍ വഹിക്കുന്ന പങ്കും അവരെ നയിക്കുന്ന ലാഭേച്ഛയുമാണ്. സാമൂഹ്യമാധ്യമങ്ങളുമായുള്ള സമ്പര്‍ക്കം എത്ര യധികം വര്‍ദ്ധിപ്പിക്കാമോ അത്രയധികം ഒരു ഉപഭോക്താവിനെ അതില്‍ തന്നെ തളച്ചിടുക എന്നതാണ് പ്രധാന ഉദ്ദേശ്യം എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. അതായത് ഒരു വ്യക്തിയുടെ മുഴുവന്‍ ശ്രദ്ധയും തന്‍റെ മുന്നില്‍ കാണുന്ന സ്ക്രീനില്‍ അണുവിട മാറാതെ കേന്ദ്രീകരിക്കാന്‍ സാധിക്കുക എന്നതിലാണ് ഇവയുടെ വിജയം. സാമൂഹ്യമാധ്യമങ്ങളുമായുള്ള സമ്പര്‍ക്കം എത്രയധികം വര്‍ദ്ധിപ്പിക്കാമോ അത്രയധികം ഒരു ഉപഭോക്താവിനെ അതില്‍ തന്നെ തളച്ചിടുക എന്നതാണ് പ്രധാന ഉദ്ദേശ്യം എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. അതായത് ഒരു വ്യക്തിയുടെ മുഴുവന്‍ ശ്രദ്ധയും തന്‍റെ മുന്നില്‍ കാണുന്ന സ്ക്രീനില്‍ അണുവിട മാറാതെ കേന്ദ്രീകരിക്കാന്‍ സാധിക്കുക എന്നതിലാണ് ഇവയുടെ വിജയം. ഇന്‍റര്‍ഫേസ് സവിശേഷതകള്‍ പലപ്പോഴും അതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു, ഉദാഹരണത്തിന്, ഉപയോക്താവിനെ വശീകരിക്കുന്നതിനോ പുറത്തുകടക്കാന്‍ പ്രയാസകരമാക്കുന്നതിനോ രൂപകല്‍പ്പന ചെയ്തിരിക്കുന്ന നിറങ്ങളും രൂപങ്ങളും ഇതില്‍ ഉപയോഗിക്കുന്നു. ഇവയില്‍ കണ്ണുടക്കുന്ന യുവതലമുറയെ പിന്നീട് തിരികെ പോകാന്‍ സാധിക്കാത്തതരത്തില്‍ അവ തളച്ചിടുന്നു.
സോഷ്യല്‍ മീഡിയ ആസക്തി മറ്റ് ആസക്തികളെപ്പോലെ തന്നെയാണെന്ന് എങ്ങനെ പറയാം?
സോഷ്യല്‍ മീഡിയ ഒരു പെരുമാറ്റ ആസക്തിയുടെ വിഭാഗത്തില്‍പെടും.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയാണെങ്കില്‍ സോഷ്യല്‍ മീഡിയ ഒരു അഡിക്ഷനായി മാറുന്നു. ചില ആളുകള്‍ക്ക് സോഷ്യല്‍ മീഡിയ മിതമായി ഉപയോഗിക്കാന്‍ കഴിയുമ്പോള്‍, മറ്റുള്ളവര്‍ക്ക് അത് നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നു.
ലഹരിവസ്തുക്കളോടുള്ള ആസക്തിയും സോഷ്യല്‍ മീഡിയ ആസക്തിയും സമാനമാണ്, രണ്ടിലും അസഹിഷ്ണുതയും പിന്‍വാങ്ങല്‍ പ്രവണതയും ഉള്‍പ്പെടുന്നു. ലഹരിവസ്തുക്കളോട് ആസക്തിയുള്ള ആളുകളെപ്പോലെ, സോഷ്യല്‍ മീഡിയ ആസക്തി ഉള്ളവര്‍ക്കും ഇതേ അസഹിഷ്ണുത ഉണ്ടാകുന്നു. ഇതില്‍നിന്നും വിട്ടു നില്‍ക്കുമ്പോള്‍ ക്ഷോഭം, ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങള്‍ ഇവര്‍ അനുഭവിക്കുന്നു.
സോഷ്യല്‍ മീഡിയ അഡിക്ഷന് പിന്നിലെ കാരണം എന്താണെന്ന് ഒരു നിമിഷം നമുക്കു നോക്കാം. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ സോഷ്യല്‍ മീഡിയ അഡിക്ഷനെ കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തുകയുണ്ടായി. അതില്‍ നിന്നും തെളിയിക്കപ്പെട്ടത് ഇതാണ്. നിങ്ങള്‍ക്ക് ഒരു സോഷ്യല്‍ മീഡിയ അറിയിപ്പ് അഥവാ നോട്ടിഫിക്കേഷന്‍ ലഭിക്കുമ്പോള്‍, നിങ്ങളുടെ മസ്തിഷ്കം ഒരു റിവാര്‍ഡ് പാത്ത്വെയിലൂടെ ഡോപാമൈന്‍ എന്ന രാസ സന്ദേശവാഹകനെ അയയ്ക്കുന്നു. അത് നിങ്ങള്‍ക്ക് നല്ല അനുഭവം നല്‍കുന്നു ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ 'ഫീല്‍ ഗുഡ്' എന്ന അനുഭവമാണ് അവിടെ ആ വ്യക്തിക്ക് അനുഭവപ്പെടുന്നത്. അതായത് നല്ല ഭക്ഷണം കഴിക്കുമ്പോഴോ, വ്യായാമം ചെയ്യുമ്പോഴോ അല്ലെങ്കില്‍ പ്രണയത്തില്‍ ആയിരിക്കുമ്പോഴോ ഒക്കെ ഡോപ്പാമിന്‍ അതിന്‍റെ കൃത്യം നിര്‍വഹിക്കുന്ന പോലെ തന്നെ ഒരു നോട്ടിഫിക്കേഷന്‍ കിട്ടുമ്പോള്‍ അതില്‍ അഡിക്ടഡ് ആയ വ്യക്തിക്കും ഒരു പ്രത്യേക ഉത്സാഹവും ഉന്മേഷവും അനുഭവപ്പെടുന്നു.
എന്താണ് ഡോപ്പാമിന്‍?
ഡോപ്പാമിന്‍ ഒരു തരം ന്യൂറോ ട്രാന്‍സ്മിറ്റര്‍ അല്ലെങ്കില്‍ അയല്‍ ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നതിനായി ന്യൂറോണുകള്‍ പുറത്തിറക്കുന്ന ഒരു കെമിക്കല്‍ മെസഞ്ചര്‍ ആണ്. അത് ഒരു വ്യക്തിയില്‍ ആനന്ദാനുഭൂതിക്ക് കാരണമാകുന്നു. പ്രതിഫലദായകമായ ഇവന്‍റുകള്‍ പ്രതീക്ഷിക്കുകയോ അനുഭവിക്കുകയോ ചെയ്യുമ്പോള്‍ ഡോപ്പാമിന്‍ പുറത്തുവിടാനും സജീവമാക്കാനും കഴിയുന്ന നിരവധി പാതകളുണ്ട്. റിവാര്‍ഡും അതിന്‍റെ അനുബന്ധ പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഓരോന്നും പ്രവര്‍ത്തിക്കുന്നു എന്നു മാത്രമല്ല ഓരോ തവണയും ഒരു പ്രവൃത്തി പ്രതിഫലത്തില്‍ കലാശിക്കുന്നതോടൊപ്പം ന്യൂറോണുകള്‍ പ്രതിഫലത്തോട് പ്രതികരിക്കുന്നതിന്‍റെ തീവ്രതയും വര്‍ദ്ധിക്കുന്നു.
ചുരുക്കത്തില്‍ പറഞ്ഞാല്‍ സാവകാശത്തില്‍ തുടങ്ങുന്ന ഈ സോഷ്യല്‍ മീഡിയ അഭിനിവേശം ക്ഷണനേരം കൊണ്ട് ഒരു വ്യക്തിയുടെ താല്പര്യങ്ങളെ തന്നെ മാറ്റിമറിക്കുന്നു.
ആസക്തി ഉളവാക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് സമാനമായി, ഒരു പോസ്റ്റിലെ ലൈക്കുകള്‍ പോലെ യുള്ള പ്രതിഫലദായകമായ സാമൂഹിക ഉത്തേജനങ്ങള്‍, ഡോപ്പാമിന്‍ പുറത്തുവിടാന്‍ ഈ പാതകളെ സജീവമാക്കുന്നു. പാതകള്‍ പ്രതികരണവും അതിന് കാരണമായ പെരുമാറ്റവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നു. പല വിദ്യാര്‍ത്ഥികള്‍ക്കും ഇത് Tik Tok വഴി ബുദ്ധിശൂന്യമായി സ്ക്രോള്‍ ചെയ്യുന്ന രൂപത്തില്‍ വരാം അല്ലെങ്കില്‍ അവരുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് അല്ലെങ്കില്‍ ഫേസ് ബുക് പോസ്റ്റ് ആരാണ് ഇഷ്ടപ്പെട്ടതെന്ന് അറിയാനുള്ള അറിയിപ്പിനായി ഫോണ്‍ നിരന്തരം പരിശോധിക്കുന്ന തരത്തിലും പ്രകടമാവാം. ഇവിടെ നമ്മുടെ പോസ്റ്റിനു കിട്ടിയ ലൈക്സ് ആന്‍ഡ് ഷെയര്‍ വര്‍ധിച്ചു വരുന്നത് കാണുമ്പോള്‍ കിട്ടുന്ന സംതൃപ്തി പതിയെ ഈ അഡിക്ഷനിലേക്കു നമ്മളെ കൊണ്ട് പോവുന്നു എന്നുള്ളത് ഒരുപക്ഷെ നമ്മള്‍ പോലും അറിയാതെ ആയിരിക്കും.
എങ്കിലും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന എല്ലാവരും അതിന്‍റെ അടിമകളായി മാറുന്നില്ല എന്നുള്ളത് നമ്മളെ അതിശയിപ്പിക്കുന്ന ഒരു വസ്തുതയാണ്.
ഇനി ഏതൊക്കെ തരം ആളുകള്‍ ആണ് ഈ സോഷ്യല്‍ മീഡിയ അഡിക്ഷന് വിധേയരാവുന്നത് എന്ന് നോക്കാം:
പ്രധാനമായും മൂന്നു തരത്തില്‍പെട്ട വ്യക്തി കളാണ് പെട്ടെന്ന് അഡിക്ടഡ് ആവുന്നത്.
1. ഉത്കണ്ഠയും പിരിമുറുക്കവും അനുഭവിക്കുന്ന വ്യക്തികള്‍ വേഗംതന്നെ സോഷ്യല്‍ മീഡിയ അഡിക്ഷന് ഇരയാവുന്നു. നിങ്ങള്‍ ഉയര്‍ന്ന തലത്തിലുള്ള ഉത്കണ്ഠയും സമ്മര്‍ദ്ദവും ഉള്ള ഒരു വ്യക്തിയാണെങ്കില്‍, സോഷ്യല്‍ മീഡിയയില്‍ നിന്ന് സ്വയം ആശ്വാസം തേടാനുള്ള സാധ്യതയും കൂടുതലാണ്.
2. ഏതിനോടും വിയോജിപ്പ് പ്രകടിപ്പിക്കുന്ന വ്യക്തികള്‍ സോഷ്യല്‍ മീഡിയ ആസക്തി വളര്‍ ത്തിയെടുക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്. ഈ വ്യക്തികള്‍ക്ക് സംതൃപ്തി നല്‍കുന്ന വ്യക്തി ബന്ധങ്ങള്‍ കുറവായിരിക്കാം കൂടാതെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സ്വയം സാന്ത്വനത്തിന് കൂടുതല്‍ അവസരം കണ്ടെത്തിയെന്നു വരാം.
3. സ്വന്തം മനസ്സാക്ഷിയോട് നീതി പുലര്‍ത്താന്‍ സാധിക്കാതെ വരുന്ന വ്യക്തികളും ഇതിന്‍റെ കെണിയില്‍ പെട്ടുപോവുന്നു.
സോഷ്യല്‍ മീഡിയയ്ക്ക് അടിമപ്പെട്ട ആളുകള്‍ ഏതു വിഭാഗത്തില്‍പ്പെടുന്നു, അവയ്ക്കുള്ള കാരണങ്ങള്‍ എന്ത്?
സോഷ്യല്‍ മീഡിയയോടുള്ള ആസക്തിയുടെ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട കാരണങ്ങളില്‍ ഒന്ന്, താഴ്ന്ന ആത്മാഭിമാനം, വ്യക്തിപരമായ അതൃപ്തി, വിഷാദം, ഹൈപ്പര്‍ ആക്ടിവിറ്റി, കൂടാതെ വാത്സല്യമില്ലായ്മ എന്നിവയാണ്. കൗമാരക്കാര്‍ക്കു പ്രത്യേകിച്ച്, അവരിടുന്ന പോസ്റ്റിനു മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുമ്പോള്‍ എന്തൊക്കെയോ നേടിയെടുത്തതായാണ് തോന്നുന്നത്.
16 നും 24 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരാണ് ആസക്തിയുടെ വലയില്‍ എളുപ്പത്തില്‍ വീഴുന്നത്. കൗമാരക്കാര്‍ ആസക്തിയിലേക്ക് വീഴാന്‍ ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ളവരാണ്. അതിനു അടിസ്ഥാനമായ മൂന്ന് ഘടകങ്ങളെ കുറിച്ച് വിദഗ്ധര്‍ പറയുന്നു:
അതായത് അവരുടെ ആവേശകരമായ പ്രവണത, വ്യാപകവും വളരുന്നതുമായ സാമൂഹിക സ്വാധീനത്തിന്‍റെ ആവശ്യകത ഒടുവില്‍, അവരുടെ ഗ്രൂപ്പ് ഐഡന്‍റിറ്റി വീണ്ടും സ്ഥിരീകരിക്കേണ്ടതിന്‍റെ ആവശ്യകത എന്നിവയാണ്.
ഓര്‍ക്കുക എന്തിനും ഒരു പരിധി നിശ്ചയിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ്. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍ നമുക്ക് ചുറ്റും നടക്കുന്ന മനോഹരമായ പല കാര്യങ്ങളും നഷ്ടമായി പോവുന്നു.
സോഷ്യല്‍ മീഡിയ അഡിക്ഷനെ കുറിച്ച് എഴുതിയ ഒരു മനോഹര വാക്യം ഇവിടെ ചേര്‍ക്കട്ടെ - 'സ്ക്രീനുകളെയല്ല പകരം മനുഷ്യരെ സ്പര്‍ശിക്കാന്‍ സാധിക്കട്ടെ.'
ഡോ. അരുണ്‍ ഉമ്മന്‍
Senior Consultant Neurosurgeon. VPS Lakeshore Hospital, Kochi