news-details
മറ്റുലേഖനങ്ങൾ

നിറങ്ങളും നിങ്ങളും

വര്‍ണ്ണങ്ങള്‍ മനുഷ്യമനസ്സിനെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നുള്ള പഠനത്തിന് ക്രിസ്തുവിന് 2000 വര്‍ഷം പിന്നിലേക്ക് (ബി സി 2000) പഴക്കമുണ്ട്. ഈജിപ്തിലെ വൈദ്യന്മാര്‍ രോഗശമനത്തിനായി രോഗികളെ പ്രത്യേക നിറങ്ങള്‍ പൂശിയ മുറികളില്‍ പാര്‍പ്പിക്കുകയും സ്ഫടികങ്ങളിലൂടെ കടത്തിവിടുന്ന  സൂര്യപ്രകാശം ഉപയോഗിക്കുകയും ചെയ്തിരുന്നതായി ചരിത്രപുസ്തകങ്ങള്‍ സൂചിപ്പിക്കുന്നു. ചികിത്സാരംഗത്തു മാത്രമല്ല, ഉപഭോക്താക്കളുടെ മനസ്സിനെ സ്വാധീനിക്കുന്നതിനും ബിസിനസ്സ് രംഗത്തും ലോഗോ ഡിസൈനിംഗിലും ഭക്ഷണം പ്ലേറ്റില്‍ പ്രത്യേകരീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതിലും മൂഢ് നിയന്ത്രിക്കുന്നതിലും ഡിസൈനുകളും പാറ്റേണുകളും രൂപകല്പന ചെയ്യുന്നതിലുമെല്ലാം നിറങ്ങളുടെ മനശ്ശാസ്ത്രത്തിനു വലിയ പങ്കുണ്ട്.

കളര്‍ സൈക്കോളജി ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്ന ഒരു മേഖലയാണ് വിപണനവും ബ്രാന്‍ഡിംഗും(marketing & Branding). ഉപഭോക്താക്കളുടെ മനസ്സിനെ സ്വാധീനിക്കാന്‍ ഉല്പന്നങ്ങളുടെയും അവയുടെ കവറുകളുടെയും നിറങ്ങള്‍ക്കുള്ള പങ്ക് വളരെ മുന്‍പുതന്നെ പ്രമുഖ കമ്പനികളും ഉല്പാദകരും തിരിച്ചറിഞ്ഞതാണ്. പെപ്സി, സാംസങ്ങ്, ഇന്‍റല്‍, എച്ച്. പി. മുതലായ ഗ്ലോബല്‍ ലോഗോകളില്‍ നീലനിറം ഉപയോഗിച്ചിരിക്കുന്നത് ഭംഗിക്കുവേണ്ടി മാത്രമല്ല. നീല വര്‍ണ്ണം ഉപഭോക്താവിന്‍റെ മനസ്സില്‍ ഉളവാക്കുന്ന ശാന്തത, ഉണര്‍വ്വ്, ആത്മവിശ്വാസം, പോസിറ്റീവ് ചിന്ത മുതലായ ഗുണഗണങ്ങളെയാണ് ഡിസൈനേഴ്സ് ശ്രദ്ധിച്ചിരിക്കുന്നത്. ചുവപ്പ് ഉണര്‍വ്വിന്‍റെയും യുവത്വത്തിന്‍റെയും നിറമായതിനാലാണ് യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള മക്ഡോnabl’s (McDonald’s), പിസ ഹട്ട്, യുറ്റ്യൂബ്, നെറ്റ്ഫ്ളിക്സ്, പ്യൂമ, മുതലായവ ചുവപ്പ് ലോഗോയിലേക്ക് ശ്രദ്ധ വച്ചിരിക്കുന്നത്. പ്രകൃതിദത്തവും ഹെര്‍ബലുമായിട്ടുള്ള ഉല്പന്നങ്ങള്‍ക്ക് പച്ചയും ഭൂമിയും കണ്‍സ്ട്രക്ഷന്‍, ബില്‍ഡിംഗ് മുതലായവയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്ക് തവിട്ടുനിറവും ഉള്‍പ്പെടുത്തുന്നതും ഇതേ മനശ്ശാസ്ത്രം ഉപയോഗിച്ചാണ്.

നിറങ്ങളുടെ ജാലവിദ്യ ഉപയോഗിക്കുന്ന മറ്റൊരു മേഖലയാണ് സ്പോര്‍ട്സ്. ഒളിമ്പിക്സ് പോലുള്ള രാജ്യാന്തര മത്സരങ്ങളുടെ വിജയശതമാനവുമായി ബന്ധപ്പെട്ട് അനേകം പഠനങ്ങള്‍ നടക്കുകയുണ്ടായി. പ്രത്യേകിച്ചും ബോക്സിംഗ്, ഗുസ്തി പോലുള്ള കായികശക്തി ഉപയോഗപ്പെടുത്തുന്ന മത്സരയിനങ്ങളില്‍ ചുവപ്പുജഴ്സിയും ഷൂസും ഉപയോഗിക്കുന്ന താരങ്ങള്‍ക്ക് 60% വിജയസാധ്യതയുള്ളതായി 2004 മുതലുള്ള പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മരുന്നു കമ്പനികളും ഇതേ മനശ്ശാസ്ത്രം ഗുളികകളുടെയും മരുന്നുകളുടെയും നിര്‍മ്മാണത്തില്‍ ഉപയോഗപ്പെടുത്തുന്നു. ചുവപ്പും മഞ്ഞയും നിറങ്ങളുള്ള മരുന്നുകള്‍ രോഗികള്‍ കൂടുതല്‍ സന്തോഷത്തോടെയും ഉത്സാഹത്തോടെയും കഴിക്കുന്നു എന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. വെളുത്ത ഗുളികകളേക്കാളും നിറമില്ലാത്ത സിറപ്പുകളേക്കാളും പല നിറത്തിലുള്ള ഗുളികകള്‍ വേഗത്തില്‍ സൗഖ്യം  തരുന്നു എന്ന് രോഗികള്‍ വിശ്വസിക്കുന്നതും മനസ്സിന്‍റെ മായക്കളികള്‍തന്നെ.

ആര്‍ട്ട് തെറാപ്പി (art therapy) ക്രോമോതെറാപ്പി (Chromotherapy) മുതലായ ശാസ്ത്രശാഖകള്‍ ചികിത്സാരംഗത്ത് വര്‍ണ്ണങ്ങള്‍ക്കുള്ള സ്വാധീനം വ്യക്തമാക്കുന്നു. മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും, വിഷാദരോഗങ്ങള്‍, ഏകാന്തത, വിരസത, വെറുപ്പ് മുതലായ ഒരുപാടു മാനസിക ബുദ്ധിമുട്ടുകള്‍ക്കും പ്രാചീനകാലം മുതല്‍ വര്‍ണ്ണചികിത്സകള്‍ ഉപയോഗിച്ചിരുന്നു. ചിത്രങ്ങളില്‍ ഓരോ വ്യക്തിയും ഉപയോഗിക്കുന്ന നിറങ്ങളുടെ രീതിയും ആഴവും ഗ്രേഡും അനുസരിച്ച് വ്യക്തികളുടെ മനോവ്യാപാരങ്ങളെ വിശകലനം ചെയ്യുന്ന രീതി സൈക്കോളജിയിലും മറ്റു മനശ്ശാസ്ത്രശാഖകളിലും വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഇളം നിറങ്ങള്‍(cool colours) കൂടുതല്‍ സ്വസ്ഥതയും ശാന്തതയും പ്രദാനം ചെയ്യുന്നു എന്ന തിരിച്ചറിവിന്‍റെ വെളിച്ചത്തിലാവാം നമ്മുടെ ആശുപത്രിയുടെ അകത്തളങ്ങള്‍ ഇളം നീലയും ഇളം പച്ചയും ക്രീമും ഒക്കെ ആവുന്നതും ചുവപ്പും മഞ്ഞയും തവിട്ടും ഒക്കെ ആവാത്തതും.

""We eat with our eyes'' നിങ്ങള്‍ നിങ്ങളുടെ കണ്ണുകൊണ്ടു ഭക്ഷിക്കുന്നു എന്ന ചൊല്ലുതന്നെ ഭക്ഷ്യമേഖലയിലും ഹോട്ടല്‍/കേറ്ററിംഗ് രംഗത്തും നിറങ്ങള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നു. ചുവപ്പുനിറം നിങ്ങളുടെ വിശപ്പ് വര്‍ദ്ധിപ്പിക്കുകയും തലച്ചോറിലെ ഹൈപ്പോതലാമസ്സിനെ ഉണര്‍ത്തുകയും ഹൃദയമിടിപ്പ് കൂട്ടുകയും അങ്ങനെ ഭക്ഷണം കഴിക്കാനുള്ള നിങ്ങളുടെ ഉത്സാഹവും ആഗ്രഹവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചൈനീസ് ഫാസ്റ്റ് ഫുഡുകളിലെ റ്റൊമാറ്റോ സോസും ഊണിന്‍റെ കൂടെയുള്ള ചുവന്ന അച്ചാറും മുളകുചമ്മന്തിയുമൊക്കെ ഇത്തരം മായാജാലക്കാരാണ് എന്ന് ഇപ്പോള്‍ പിടികിട്ടിയില്ലേ. എന്നാല്‍ നീലനിറം ഭക്ഷണത്തോടുള്ള താല്പര്യം കുറയ്ക്കുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ജ്യൂസുകളും റെഡിമെയ്ഡ് ഭക്ഷണങ്ങളും നീലനിറത്തിലുള്ള പായ്ക്കറ്റുകളില്‍ ആക്കുന്നതിന്‍റെ ലക്ഷ്യം വ്യക്തമായില്ലേ?

നമ്മള്‍ ധരിക്കുന്ന വസ്ത്രത്തിന്‍റെ നിറം നമ്മള്‍ ആരാണെന്നും എന്താണെന്നും വെളിവാക്കുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. കളര്‍ സ്പെഷ്യലിസ്റ്റുകളുടെ അഭിപ്രായപ്രകാരം നിങ്ങള്‍ക്ക് ഓഫീസില്‍ പോകുമ്പോള്‍ ധരിക്കാവുന്ന ഏറ്റം നല്ല നിറങ്ങള്‍ പച്ച, നീല, തവിട്ട്, കറുപ്പ് ഇവയും ഇവയുടെ വ്യത്യസ്ത ഷെയ്ഡുകളുമാണ്. കാരണം പച്ച സുരക്ഷിതത്വത്തെയും ഫ്രഷ്നെസ്സിനെയും ഒത്തുചേര്‍ന്നുപോകലിനെയും പ്രതിഫലിപ്പിക്കുന്നു. നീല സത്യം, അറിവ്, ശാന്തത, ബുദ്ധി ഇവയെ നല്കുന്നു. തവിട്ടുനിറം ഉറച്ചബോദ്ധ്യത്തെയും വിശ്വസനീയതയെയും കാണിക്കുന്നു. കറുപ്പ് വര്‍ണം ആധിപത്യം, ഗൗരവം, പ്രൗഢി ഇവയെ പ്രതിനിധാനം ചെയ്യുന്നു.

നിറങ്ങള്‍ക്ക് നാഡീവ്യവസ്ഥയില്‍ (nervous System) ഉള്ള സ്വാധീനം മനസ്സിലാക്കിയാണ് game designers/ഗെയ്മുകള്‍ രൂപകല്പന ചെയ്യുന്നവര്‍ നിറങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത്. ചുവപ്പുനിറത്തിന്‍റെ ചടുലതയും തീവ്രതയുമാണ് മത്സരബുദ്ധിയോടെ ചെയ്യാവുന്ന ഗെയ്മുകള്‍(competitive - oriented computer games)  ഈ നിറത്തില്‍ ഡിസൈന്‍ ചെയ്യാനുള്ള കാരണം. ഓര്‍മ്മശക്തി ആവശ്യമുള്ള കളികളില്‍ (memorization) മഞ്ഞയും ചുവപ്പുമാണ് ഉപയോഗിക്കുന്നത്. പുതിയ ആശയങ്ങള്‍ ആവശ്യമായ (creativity) ഗെയ്മുകളില്‍ നീല നിറമാണ് കണ്ടുവരുന്നത്.

നിറങ്ങളുടെ ഏറ്റം വലിയ ആരാധകരാണ് കുട്ടികള്‍. കുഞ്ഞുങ്ങള്‍ എല്ലാ നിറങ്ങളും ഉപയോഗിച്ച് വരയ്ക്കുകയും കളിക്കുകയും വളരുകയും ചെയ്യട്ടെ. ചുവപ്പ് കുഞ്ഞുങ്ങളില്‍ രക്തചംക്രമണം കൂട്ടുകയും ഓറഞ്ച് ശ്വാസകോശത്തെ സൗഖ്യപ്പെടുത്തുകയും എനര്‍ജി ലെവല്‍ വര്‍ദ്ധിപ്പിക്കുകയും നീല വേദന കുറയ്ക്കുകയും ഇന്‍ഡിഗോ ത്വക്കിന് സ്വസ്ഥത വരുത്തുകയും പച്ച, മനസ്സ് ശാന്തമാക്കുകയും ചെയ്യുന്നു എന്ന് പഠനങ്ങള്‍ പറയുന്നു.

ഈ ഭൂമിയിലെ എല്ലാ വര്‍ണങ്ങളും ഒന്നിനൊന്ന് മനോഹരങ്ങളാണ്. പ്രപഞ്ചത്തിന്‍റെ മുഴുവന്‍ സൗന്ദര്യവും സര്‍വ്വചരാചരങ്ങളുടെയും വ്യത്യസ്തങ്ങളായ നിറങ്ങളിലും രൂപങ്ങളിലും ഭാവങ്ങളിലുമാണ്. ഭൂസ്വര്‍ഗ്ഗപാതാളങ്ങളിലെ സകല നിറങ്ങളും സര്‍വ്വജീവജാലങ്ങളുടെയും സന്തോഷത്തിനും സ്വസ്ഥതയ്ക്കും സമാധാനത്തിനും കാരണമായിത്തീരട്ടെ. 

You can share this post!

ബുദ്ധനും സോര്‍ബയും

സഖേര്‍
അടുത്ത രചന

ഏകാന്തതയും അത്ഭുതവിളക്കും

ഫാ. ഷാജി സി എം ഐ
Related Posts