ശ്വസിക്കുന്ന വായു അപരിചിതമായ ഗന്ധങ്ങളും കുടിക്കുന്ന വെള്ളം ചെടിക്കുന്ന രുചികളും സമ്മാനിക്കുമ്പോള്‍ തിരിച്ചറിയുക, നിങ്ങള്‍ ആഗോളീകരിക്കപ്പെട്ടിരിക്കുന്നു. മന്ദതാളത്തിലുള്ള ജീവിതത്തില്‍നിന്ന് ചടുല സഞ്ചാരപഥങ്ങളിലേക്കെടുത്തെറിയ പ്പെടുമ്പോള്‍ മനസ്സിലാക്കുക, നിങ്ങള്‍ സമ്പത്തിന്‍റെ പുതിയ ഗിരിശൃംഖങ്ങളിലേക്കു യര്‍ന്നിരിക്കുന്നു. ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമിടയിലെ സമയാന്തരം ഒരു ശ്വാസംമുട്ടലായി നെഞ്ചില്‍തിങ്ങുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ തിരക്കുകൂട്ടി മുന്നോട്ട് നീങ്ങുന്നവരെക്കൊണ്ട് നിറഞ്ഞ ആഗോളവിവരപാതയിലാണ്. യൂ ഹാവ് എറൈവ്ഡ്!
ലോകം നമ്മുടെ വാതിലില്‍ വന്നുവിളിക്കുകയാണ് മോഹിപ്പിക്കുന്ന സാധ്യതകളുമായി. സമ്പൂര്‍ണ്ണ സാക്ഷര ജില്ലയെന്നും സംസ്ഥാനമെന്നുമൊക്കെ പറയുന്നതിനെ അല്‍പമൊന്നു മാറ്റിപ്പറഞ്ഞാല്‍ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ആഗോളീകൃതസംസ്ഥാനമായി കേരളം മാറുകയാണ്. കൃഷിയും കച്ചവടവും മുതല്‍ പേറുംപൊറുതിയുംവരെ എല്ലാം ആഗോളനിലവാരത്തില്‍! സമ്പത്തിന്‍റെ കുമിഞ്ഞുകൂടലില്‍നിന്നുന്നു മാത്രം സംഭവിക്കുന്ന ഒരു പ്രക്രിയയായിണിതെന്നതില്‍ സംശയമില്ല. പക്ഷേ, ആഗോളീകരണം സമ്പത്തിന്‍റെമാത്രം പ്രശ്നമല്ല, അതൊരുരു മനഃശാസ്ത്രമാണ്. ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ പങ്കുവയ്ക്കുന്ന ഒരു മനോഘടനാമാറ്റം. അതിലേക്കെറിയപ്പെടാന്‍ ഇന്ത്യയില്‍ കേരളം പോലെ അനുയോജ്യമായ ഭൂഭാഗമില്ല, മലയാളിയോളംപോന്ന മനുഷ്യരുമില്ല.
പ്രാക്തനമായ ജീവിതാംശങ്ങളോട് എന്നേ വിടപറഞ്ഞവരാണ് നാം! കേരളതീരത്തെ നിരന്തരം ചലനാത്മകമാക്കി നിര്‍ത്തുന്ന വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും കേരളീയജീവിതത്തിലും നിരന്തരമെന്നോണം സംഭവിക്കുകയായിരുന്നുവെന്ന് ഇന്നു നാം തിരിച്ചറിയുന്നുണ്ട്. ചരിത്രത്തിന്‍റെയും സാമൂഹികപ്രക്രിയകളുടെയും നിരന്തരമായ ആഘാതങ്ങളിലൂടെയാണ് കേരളീയമനസും ജീവിതവും രൂപപ്പെട്ടത്. ഒന്നുന്നു മായ്ച്ച് മറ്റൊന്നെഴുതി മുന്നേറിയ കേരളീയജീവിതത്തിലേയ്ക്ക് ആര്‍ത്തലച്ചെത്തുന്ന മറ്റൊരു തിരയാണ് ആഗോളീകരണം. അതുതന്നെയും രണ്ടുതരമുണ്ട്. ഒന്ന്, സാമ്പത്തിക ആഗോളീകരണം. രണ്ട്, ജീവിതാവസ്ഥകളൂടെ ആഗോളവല്‍ക്കരണം. ഈ രണ്ട് വാക്കുകളുടെയും വ്യാകരണഭേദത്തില്‍ തന്നെയുണ്ട് അവ സംഭവിച്ചരീതികളുടെ വിവരണപാഠം.
ലോകത്തെ അങ്ങോട്ടുപോയി ആശ്ലേഷിച്ചവരാണ് നാം മലയാളികള്‍. തുച്ഛമായ ഉല്‍പാദന അടിത്തറയുമായി ജീവിതമാരംഭിച്ച ഒരു ജനതക്ക് അതുമാത്രമേ കഴിയുമായിരുന്നുള്ളൂ. പുറപ്പാടുകളുടെയും പ്രവാസങ്ങളുടെയും മലയാളീജിവിതകഥ അതിനാല്‍തന്നെ വളരെപ്പഴയ കാലത്തുനിന്നുതന്നെ തുടങ്ങുന്നു. അന്നം തേടിയും കൃഷിയിടങ്ങള്‍ തേടിയും കേരളത്തിനകത്തേക്കും പുറത്തേക്കും പണ്ടേ സഞ്ചാരമാരംഭിച്ച മലയാളിയുടെ കഥയാണത്. ബര്‍മയിലും മലേഷ്യയിലും സിലോണിലും ദല്‍ഹിയിലും ബോംബെയിലുമൊക്കെയായി ആദ്യം പടര്‍ന്ന മലയാളീജീവിതം ഒടുവില്‍ ജര്‍മനിയിലേക്കും അമേരിക്കയിലേക്കും പേര്‍ഷ്യയായി തുടങ്ങി ഗള്‍ഫായി മാറിയ അറബ് നാടുകളിലേക്കുമൊക്കെ ചേക്കേറിയതിന്‍റെ കഥ. ഇങ്ങോട്ടുവന്നവര്‍ സമ്മാനിച്ചുപോയ ജീവിതപാഠങ്ങള്‍ അങ്ങോട്ടുപോയി ജീവിതം കെട്ടിപ്പടുക്കാനുള്ള ഉപാധികളാക്കി മാറ്റിയവരുടെ കഥ.
ഒരുതരത്തില്‍ പറഞ്ഞാല്‍ ഇങ്ങോട്ടുവന്നവര്‍ സമ്മാനിച്ചതും അങ്ങോട്ടുപോയി നാം നേടിയതും തമ്മിലുള്ള ബന്ധസങ്കീര്‍ണതയാണ് കേരളത്തിന്‍റെ ജീവചരിത്രം. ഇന്നതൊക്കെ കാണുമ്പോള്‍ നമ്മളാകെ പകച്ചുപോകുന്നു എന്നുന്നുമാത്രം. ഈ പ്രക്രിയകളോട് രണ്ടുതരത്തിലുള്ള പ്രതികരണം ഉണ്ടാകുന്നുണ്ട്. ഒന്ന്, വേരുകള്‍ നഷ്ടമായതിന്‍റെ പേരിലുള്ള ഗൃഹാതുരതയില്‍ നിന്നുളവാകുന്ന വിഷാദം. രണ്ട്, നമ്മുടെ സങ്കല്‍പത്തിലെ ശരികളും ചുറ്റും അനാവരണം ചെയ്യപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍. ആദ്യത്തേതില്‍ തുടക്കംമുതലേ ഒരു കള്ളം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ആരുടെ കേരളത്തെയാണ് നാം പാടിപ്പുകഴ്ത്തുന്നതെന്ന ചോദ്യം ചിലരുടെ മനസിലെങ്കിലും ഉയര്‍ത്തിയിട്ടുള്ള ഒരു കള്ളം. ഈ ഭൂമിയുടെ നേരവകാശികളെ ഇനിയും കണ്ടെത്താനാകാത്ത നമുക്ക് ആ കള്ളത്തിന്‍റെ വ്യംഗ്യാര്‍ത്ഥങ്ങള്‍ മനസിലാവുന്നില്ലെന്നു മാത്രം.
എങ്കിലും ഒരു ഗുണമുണ്ടായി. നഷ്ടപ്പെട്ട മോഹനസുന്ദരമായ എന്തോ ഒന്നിനെച്ചൊല്ലിയുള്ള വിഷാദം ഇന്ന് യഥാര്‍ത്ഥ ജനജീവിതത്തില്‍നിന്ന് പതിയെ ഒഴിഞ്ഞുപോയിത്തുടങ്ങിയിട്ടുണ്ട്. പുതിയ തലമുറ വലിയൊരളവില്‍ ഗൃഹാതുരതയില്‍നിന്ന് മോചിതരാണ്. അവരുടെ ചരിത്രം ഇന്നലെയോ മിനിയാന്നോ മാത്രമാരംഭിച്ചതാണ്, വലിയ സമയദൂരങ്ങളില്‍ നിന്നല്ല. അവരുടെ ദൃശ്യ-ശ്രവണലോകം മലയാളത്തിന്‍റെയോ കേരളത്തിന്‍റെയോ അതിരുകള്‍ക്കുള്ളില്‍ നിന്നുള്ളവയല്ല. അവര്‍ പാടുന്ന പാട്ടും അവര്‍ തേടുന്ന ശരീരസാധ്യതകളുമെല്ലാം നമ്മെ അമ്പരപ്പിക്കുന്നത് അതുകൊണ്ടാണ്. ഇവിടെയാണ് രണ്ടാമത്തെ പ്രതികരണം ഉടലെടുക്കുന്നത്: നമ്മുടെ ഉള്ളിലെ സാങ്കല്‍പ്പികശരികളും ജീവിതയാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍. ഒരുരുപക്ഷേ, ആഗോളീകരണത്തെ ക്കുറിച്ചുള്ള ചര്‍ച്ചകളുടെയും കാതല്‍ അവിടെയാണ്.
നമുക്ക് തെറ്റുസംഭവിക്കുന്നത് അവിടെയല്ല. സാമ്പത്തിക ആഗോളീകരണത്തെ പുല്‍കുകയും അതിന്‍റെ ഉപോല്‍പ്പന്നമായ ജീവിതത്തിന്‍റെ ആഗോളവല്‍കൃതമായ പുത്തനവസ്ഥകളെ തള്ളിപ്പറയുകയും ചെയ്യുന്നിടത്താണ് നമ്മുടെ തെറ്റ്. സമകാലികജീവിതത്തില്‍ അപരിചിതമായ വൈചിത്ര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമപ്പുറത്ത് സമൂഹത്തില്‍ അഗോളീകരണം പടച്ചുവിടുന്ന പുതിയ ഉച്ചനീചത്വങ്ങളും നിസ്സ്വതകളും ദാരിദ്ര്യത്തിന്‍റെ ഉപഭൂഖണ്ഡങ്ങളും നാം കാണാതെപോകുന്നു. വാഴ്വിന്‍റെ ശൃംഖങ്ങളിലെത്തി അവിടെ പുതിയ നീതിശാസ്ത്രങ്ങള്‍ക്കു രൂപംനല്‍കുമ്പോള്‍ നമുക്കുപിന്നില്‍ ആയിരക്കണക്കിനുനു ജീവിതങ്ങള്‍ തകര്‍ന്നടിയുന്നതു നാം കാണാറേയില്ല. അവരുടെ പ്രതിരോധങ്ങള്‍ നമുക്ക് അലോസരമുണ്ടാക്കുന്നു. അവരുയര്‍ത്തുന്ന ചോദ്യങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു. മരം കണ്ടും വനം കാണാതെയുംڔസ്വപ്നാടകരെപ്പോലെ നാം സഞ്ചരിക്കുന്നു. എന്നിട്ട് ചോദിക്കുന്നു: 'ഈ മനുഷ്യര്‍ക്ക് വല്ല ജോലിയും ചെയ്തു സമാധാനമായി സ്വന്തംകാര്യം നോക്കി ജീവിച്ചുകൂടെ?'