news-details
മറ്റുലേഖനങ്ങൾ

ഈറ്റുനോവറിയാത്ത നൊമ്പരപ്പിറവികള്‍

ചരാചരങ്ങളുടെ മാതാവ് - ഭൂമിദേവി. ഈ അമ്മയുടെ മടിയിലേക്ക് എത്രയെത്ര കുരുന്നുകള്‍ പിറന്നുവീണു. ഓരോ പിറവിയിലും കുളിരണിയാന്‍ കൊതിച്ച ഈ അമ്മയ്ക്ക് കുരുന്നുകളുടെ നേരെയുള്ള എന്തെല്ലാം ക്രൂരതകള്‍ക്കു മൂകസാക്ഷിയായി നില്‍ക്കേണ്ടിവന്നു. സന്തോഷത്തിന്‍റെയും നിര്‍വൃതിയുടെയും പിറവികള്‍ക്ക് ഈറ്റില്ലമൊരുക്കിയ ഈ ധാത്രിക്ക് അപമാനത്തിന്‍റെയും  കീഴടക്കലിന്‍റെയും നിരാശയുടെയും പിറവികള്‍ക്കും ഈറ്റില്ലമൊരുക്കേണ്ടിവന്നതു ദൗര്‍ഭാഗ്യമെന്നുമാത്രം എഴുതിത്തള്ളാമോ? ഈറ്റുനോവറിയാത്തവളെങ്കിലും എത്രയോ ജന്മങ്ങള്‍ക്ക് ഈ അമ്മ തൊട്ടിലൊരുക്കി. എത്രയോ ഉണ്ണികളുടെ അമര്‍ത്തപ്പെട്ട പിടച്ചിലുകള്‍ കേട്ട് അരുതേയെന്ന് നിലവിളിച്ചിട്ടുണ്ടാകാം. ജന്മം നല്‍കിയവരാല്‍ത്തന്നെ തട്ടിയെറിയപ്പെട്ട ഉണ്ണികളുടെ നൊമ്പരപ്പാടുകള്‍ അറിയുന്നവള്‍ ആരോ, അവളാണ് അവന്‍റെ അമ്മ. ഉദരത്തില്‍ പേറാനും പ്രസവിക്കാനും ഏതൊരു സ്ത്രീക്കും ജീവശാസ്ത്രപരമായ കഴിവുണ്ട്. പക്ഷേ അവളൊരു അമ്മയാകണമെന്നില്ല. ബീജം നല്‍കുന്നതുകൊണ്ടു മാത്രം ഒരുവന്‍ പിതാവാകണമെന്നുമില്ല, പിതൃധര്‍മ്മം പാലിക്കണം.

ഉടലിന്‍റെ മോഹങ്ങളില്‍ പുരുഷനെ അറിയാതെ ഒരു കുഞ്ഞിനെ നൊന്തുപെറ്റ ഒരു അമ്മ 'അമ്മമാതൃക'യായി ചൂണ്ടിക്കാണിക്കപ്പടുന്നുണ്ട്. അവളുടെ പേര് മറിയം. ഏറെ അലച്ചിലിനൊടുവില്‍ കണ്ടെത്തിയ ഈറ്റില്ലത്തില്‍ അവള്‍ക്കൊരു കൈത്താങ്ങായി ഒപ്പംനിന്നത്, തന്‍റെ ബീജമല്ല അവളുടെ ഉദരത്തില്‍ വളരുന്നതെന്ന് അറിയുന്ന ഭര്‍ത്താവുതന്നെ. ഉണ്ണിയെ വയറ്റില്‍പേറിയതിനും പ്രസവിച്ച് പാലൂട്ടി വളര്‍ത്തിയതിനുമൊന്നും ആ മരപ്പണിക്കാരന്‍- ജോസഫ് - കലഹിച്ചില്ല. അവിടെ അവളെയും  കുഞ്ഞിനെയും ഉപേക്ഷിച്ചുപോകാന്‍ എന്തെല്ലാം സാധ്യതകളുണ്ടായിട്ടും അയാള്‍ അങ്ങനെ ചെയ്തതുമില്ല.  

ആസൂത്രിത പിറവികള്‍

പിറവി ഒരാനന്ദമാണെന്ന് പറയാനെനിക്കിന്നു ധൈര്യം പോരാ. എല്ലാ പിറവികള്‍ക്കും ഒരു പിറന്നാള്‍ ദിനമുണ്ടെന്നു പറയാനെനിക്ക് ആവതുമില്ലല്ലോ... ആസൂത്രിത പിറവികളെ കാണുമ്പോള്‍ എന്‍റെ നെഞ്ചില്‍ പൊടിയുന്നത് സഹതാപത്തിന്‍റെ ഉറവുകളാണ്. പ്രസവിക്കുന്നവളുടെയും പ്രസവമെടുക്കുന്നവരുടെയും പ്രസവം ഘോഷിക്കാനെത്തുന്നവരുടെയും സൗകര്യങ്ങള്‍ കണക്കിലെടുത്ത്, നക്ഷത്രങ്ങളുടെ സഞ്ചാരപഥവും ഗ്രഹനിലയും അവധിദിനങ്ങളും കണക്കുകൂട്ടി പിറവിമുഹൂര്‍ത്തം കുറിക്കപ്പെടുന്നു. ഈറ്റുനോവുപോലും ഇവിടെ നിയന്ത്രിക്കപ്പെടുന്നു. വാത്സല്യത്തൊട്ടിലുകള്‍ വേരറ്റുകൊണ്ടിരിക്കുന്നു. ചെഞ്ചുണ്ടുകളില്‍ ഇറ്റിക്കേണ്ട അമ്മിഞ്ഞപ്പാല്‍ എങ്ങനെയൊക്കെയോ വരണ്ടുപോകുന്നു. തന്‍റെ ദിനങ്ങളെ ചിട്ടപ്പെടുത്തുന്ന വെറും ടൈംടേബിള്‍ ചാര്‍ട്ടുകളുടെ ആള്‍രൂപങ്ങളാണ് അവന് അച്ഛനും അമ്മയും. കൊഞ്ചലിലും കൊഞ്ചിക്കലിലും അര്‍ത്ഥശൂന്യതമാത്രം കാണുന്നവര്‍. ജീവിതം അവര്‍ക്കെന്നുമൊരു 'കാല്‍ക്കുലേഷ'നാണ്. കണക്കുകള്‍ എവിടെയെങ്കിലും അല്പമൊന്ന് പിഴച്ചാല്‍  താളംതെറ്റാവുന്ന ജീവിതത്തിന്‍റെ വെളുമ്പിലൂടെയാണ് ഇവരുടെ യാത്രയെന്ന് തിരിച്ചറിയപ്പെടുമ്പോഴേക്കും ജീവിതംതന്നെ കൈമോശം വന്നിരിക്കും.

അരുതാകനി തീണ്ടുന്നവര്‍

'അരുതാകനി'കളുടെ വിത്തുകളുടെ കവചംപൊട്ടി വിത്ത് മണ്ണില്‍ വീണുകഴിയുമ്പോള്‍, അത് എവിടെയാണ് വീണതെന്ന് ഒന്നു തിരിഞ്ഞുനോക്കാന്‍പോലും ധൈര്യമില്ലാത്തവള്‍ക്കും  അതിനെ ഞെരിച്ചമര്‍ത്തി തട്ടിക്കുടഞ്ഞു പോകുന്നവള്‍ക്കും പറയാന്‍ ന്യായങ്ങളേറെയുണ്ടായിരിക്കാം. കൃപയായി ലഭിച്ച വരദാനത്തിനു നേരെ മുഖംതിരിക്കുന്ന മനുഷ്യരെ അംഗീകരിക്കാനും സ്വീകരിക്കാനും കാത്തുനില്‍ക്കുന്ന ഒരു സ്വാര്‍ത്ഥസമൂഹം ഇവിടെ വളര്‍ന്നുവരുന്നുണ്ട്.

ജീവനുള്ള കുഞ്ഞുങ്ങളുടെ 'ജീവശവ'പറമ്പായി മാറുന്ന എന്‍റെ നിലവിളിക്കു കാതുചേര്‍ക്കാനിനിയും ആരും എത്താത്തതെന്തേ? അറുത്തുമാറ്റിയ പൊക്കിള്‍ത്തണ്ടില്‍ ഈച്ചയും ഉറുമ്പും അരിച്ചിറങ്ങുന്ന പ്രാണവേദനയില്‍, ചോരയില്‍ കുഴഞ്ഞ പിഞ്ചുടലുമായി ഒരിറ്റു ശ്വാസത്തിനുവേണ്ടി പിടയുന്ന പൈതലിനെ ഒന്നു തലോടാന്‍, തുടച്ചു വൃത്തിയാക്കാന്‍ ഈ അമ്മയ്ക്ക് കരങ്ങളില്ലാതെപോയല്ലോ! അമ്മമാറിന്‍റെ ചൂടറിയേണ്ടവര്‍ വെയില്‍നാമ്പുകളേറ്റ് വിണ്ടുകീറുന്നു. സ്ത്രീയുടെ ശരീരത്തില്‍ ഏറ്റവും സുരക്ഷിതമായി ഇഴചേര്‍ക്കപ്പെട്ട ഒരു 'പാത്രം.' പക്ഷേ പലപ്പോഴും അതു 'നിറഞ്ഞൊഴിയുമ്പോള്‍' പിറവിയെടുക്കുന്നത് കൈക്കുമ്പിള്‍  ഭിക്ഷാപാത്രമാക്കി, കണ്ണുകളില്‍ ദൈന്യത നിറച്ച് ജീവിതത്തിനു മുമ്പില്‍ പകച്ചുനില്‍ക്കുന്ന ജന്മങ്ങളാണ്. പങ്കില പിറവികളാകാന്‍ മാറ്റിനിര്‍ത്തപ്പെടുന്ന ഇവര്‍ക്കും ഒരു പിറന്നാള്‍ ദിനമുണ്ടെന്ന സത്യം സൗകര്യപൂര്‍വ്വം എല്ലാവരും മറക്കുന്നു.

അമ്മത്തൊട്ടില്‍

പെറ്റെറിയപ്പെട്ട കനിഫലങ്ങള്‍ ആരുടേതുമാകട്ടെ, അവരെ താരാട്ടാന്‍ വ്രതമെടുത്തവര്‍. കാരുണ്യത്തിന്‍റെ കരുതലും മണവും നിറവുമുള്ള ചിലരൊക്കെ ഇനിയും ഇവിടെ അവശേഷിക്കുന്നുണ്ടെന്നത് എത്ര ആശ്വാസം! എന്തുകൊണ്ടും അമ്മത്തൊട്ടില്‍ എന്നത് ഉദാത്തമായ ഒരാശയമല്ല, രോഗഗ്രസ്തമായ ഒരു സമൂഹത്തിന്‍റെ ചലം തൂക്കുന്ന പഞ്ഞി മാത്രമാണ്. പെറ്റിട്ടതിന്‍റെ ചൂടാറുംമുമ്പേ ചോരക്കുഞ്ഞിനെ അമ്മത്തൊട്ടിലിന്‍റെ മരവിപ്പിലേക്ക് തള്ളിവിടുമ്പോള്‍ ഒരു അനാഥന്‍കൂടി പിറവിയെടുക്കുന്നു. അമ്മത്തൊട്ടിലിന്‍റെ സുരക്ഷിതത്വംപോലും നുകരാന്‍ അവകാശമില്ലാതെ എന്‍റെ മടിത്തട്ടില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ നിശ്ചലമാകുന്ന കുരുന്നുകളെ, നിങ്ങളുടെ മുമ്പില്‍ ആരോടുള്ള പൊറുതിക്കായാണ് ഈ  അമ്മ കൈകള്‍ കൂപ്പേണ്ടത്?

അര്‍ഹിച്ചതു നിഷേധിക്കപ്പെട്ടിടത്തും വിധാദാവിന്‍റെ കാരുണ്യത്തണലില്‍ തഴച്ചുയര്‍ന്ന ജന്മങ്ങളെ പുരാണംമുതല്‍ ഉദാഹരിക്കാം. മഹാഭാരതത്തില്‍ ഒരു പക്ഷത്തിന്‍റെ കരുത്തുതന്നെ അത്തരത്തിലൊരുവനായിരുന്നു- കുന്തീസുതനായിട്ടും സൂതപുത്രനെന്ന് അധിക്ഷേപിക്കപ്പെട്ടവന്‍ - കര്‍ണ്ണന്‍. അടിമത്തത്തില്‍ പീഡിപ്പിക്കപ്പെട്ട ഒരു ജനതയെ വാഗ്ദത്തഭൂവിലെത്തിക്കാന്‍ ഫറവോയുടെ ഔദാര്യംകൊണ്ടു മാത്രം പെറ്റമ്മയുടെ മുലപ്പാല്‍ കുടിക്കാന്‍ അനുവദിക്കപ്പെട്ട ഒരുവന്‍തന്നെ വേണ്ടിവന്നു-മോശ.

ഒളിവിലാകുന്ന രക്ഷാകര്‍തൃത്വം

അമ്മിഞ്ഞ മണമില്ലാതെ അമ്മത്തൊട്ടിലില്‍ ഉയരുന്ന തേങ്ങലുകള്‍ക്ക് ഉത്തരം പറയേണ്ടവര്‍ ഒന്നുമറിയാത്തവരെപ്പോലെ വിത്തിടാന്‍ പുതിയ പുതിയ 'ഇട'ങ്ങള്‍ തേടുന്നു. 'ഇട'ങ്ങളാകാനോ, ആക്കപ്പെടാനോ, കീഴ്പ്പെടുത്തപ്പെടാനോ കൂട്ടുചേരുന്ന ഒരു പറ്റമിവിടെ കാത്തുനില്‍പ്പുമുണ്ടല്ലോ. അവസാനം ഒരു പീഡനകഥയിലെ മാപ്പുസാക്ഷിനായികയായി മാധ്യമചരക്കായി ആഘോഷിക്കപ്പെടുന്നതോടെ സമൂഹത്തില്‍ സഹതാപാര്‍ഹയുമാകുന്നു. പക്ഷേ ഒന്നോര്‍ക്കുക, മുള്‍ച്ചെടികള്‍ക്കിടയില്‍ വലിച്ചെറിയപ്പെട്ട ഒരു മിടിപ്പ്, എപ്പോഴും മാറ്റിനിര്‍ത്തപ്പെടുന്ന ഒരു ജന്മം എവിടെയോ, പിറന്നാള്‍പോലുമറിയാതെ ഉള്ളിലൊരു മരവിപ്പുമായി പൊരുതി ജീവിക്കുന്നുണ്ട്, നീ പറിച്ചെറിഞ്ഞ പൊക്കിള്‍ത്തണ്ട് ഇനിയുമുണങ്ങാതെ...

ഉള്ളിലഗ്നി പേറുന്നവര്‍

തേനും വയമ്പും നാവില്‍ അരച്ചുപുരട്ടപ്പെടാതെ, അമ്മിഞ്ഞയുണ്ടു വയര്‍നിറഞ്ഞതിന്‍റെ എമ്പക്കമുയര്‍ത്താതെ എത്രയോ പിറവികള്‍ വിരല്‍നുണഞ്ഞിവിടെ ഉറങ്ങുന്നു - നിരനിരയായി. കണ്‍നിറയെ അവരെ കാണാനും അവര്‍ക്കു കാണാനും ആരും, ഒന്നും ഇല്ല. ജന്മദിനങ്ങളോ, ജന്മനക്ഷത്രങ്ങളോ അവര്‍ക്കില്ല. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ആരുടെയൊക്കെയോ ഔദാര്യത്തിന്‍റെ പേരില്‍ സ്കൂളിന്‍റെ പടികള്‍ കടന്നെത്തുമ്പോള്‍ ഒരു 'അഡ്ജസ്റ്റഡ് ജനനത്തീയതി' അവര്‍ക്കു നിശ്ചയിക്കപ്പെടുന്നു. പിറവിയിലെ കളങ്കിതരായി മാറ്റിനിര്‍ത്തപ്പെടുന്ന ഇവരുടെ നെഞ്ചിന്‍കൂട്ടില്‍ കുറുകി കിടക്കുന്ന തേങ്ങലുകള്‍ ഒരു കാലത്തും നിലയ്ക്കുന്നില്ല. മരണംവരെ ആ കുറുകല്‍ ഒരു നൊമ്പരഗാനമായി അവിടെത്തന്നെ തേങ്ങിക്കിടക്കും. ഒരുപക്ഷേ അവ വളര്‍ന്ന് ഭീകരതയുടെ ചടുലതാളക്കൊഴുപ്പോടെ താണ്ഡവമാടി സര്‍വ്വവും സംഹരിക്കാനാഞ്ഞടുത്തെന്നും വരാം. ജന്മദിനകേക്കുകളുടെ മാധുര്യം നുള്ളിനല്‍കാനാരുമില്ലാതെ, വല്ലപ്പോഴും ദാനമായി വച്ചുനീട്ടപ്പെടുന്ന കേക്കിന്‍ നുറുങ്ങുകള്‍ നുണയാന്‍ വിധിക്കപ്പെട്ട അനാഥത്വങ്ങളുടെ മിഴികളില്‍ നിറയുന്നത്  നാവിലലിഞ്ഞ മധുരത്തിന്‍റെ സന്തോഷമല്ല, നന്ദിയെന്ന ഒരു മരവിപ്പ് മാത്രമാണ്. അമ്മത്തൊട്ടിലില്‍ വീഴപ്പെട്ട നിമിഷം മുതല്‍ അവര്‍ കേട്ടുവളരുന്നത് നന്ദിയുടെയും കടപ്പാടിന്‍റെയും കണക്കുകളും അവയൊക്കെ തിരിച്ചും പ്രകടിപ്പിക്കണമെന്ന ഉപദേശമോ താക്കീതുകളോ ഒക്കെയാണ്. അവരുടെ മിഴികളില്‍ കൗതുകകാഴ്ചകള്‍ നിറയ്ക്കാന്‍, അവരുടെ കുഞ്ഞുസ്വപ്നങ്ങളില്‍ വര്‍ണങ്ങള്‍ വിരിയിക്കാന്‍ ആരും താല്‍പര്യപ്പെട്ടു മുന്നോട്ടുവരുന്നില്ല. ജീവിക്കാനവസരം കൊടുക്കുന്നതുതന്നെ അനാവശ്യബാധ്യതയായി കണക്കാക്കപ്പെടുന്ന സ്പോണ്‍സര്‍മാരാണധികവും.

പിറന്നുവീഴുന്ന ഉണ്ണിക്കല്ല അവനുവേണ്ടി ഭ്രൂണമൊരുക്കുന്നവര്‍ക്കാണിന്നിവിടെ പ്രസക്തി. ദാമ്പത്യധര്‍മ്മം അനുഷ്ഠിക്കുന്ന ഏതൊരു ദമ്പതികളുടെ ജീവിതത്തിലും ഉണ്ടാകാവുന്ന ജീവശാസ്ത്ര പ്രക്രിയ തന്നെയല്ലേ വിശ്വസുന്ദരിപട്ടം കിട്ടിയവളും താരരാജാവിന്‍റെ പുത്രനും തമ്മില്‍ വിവാഹം കഴിച്ചപ്പോഴും ഉണ്ടായത്.  പക്ഷേ 'പട്ട'മുള്ളവള്‍ പ്രസവിച്ചപ്പോള്‍ 'അതിത്തിരി വലിയ പ്രസവമായി.' ചാനലുകള്‍ വളരെ കളര്‍ഫുള്‍ ആയി ആഘോഷിക്കുകയും ചെയ്തു.

പീഡനകഥയിലെ നായിക പ്രസവിച്ചാലും ചാനലുകള്‍ അത് വാര്‍ത്തയാക്കുമെന്നതു മറന്നുപോയതല്ല. അവള്‍ മരണപ്പെടുകകൂടി ചെയ്താല്‍ കുഞ്ഞിന്‍റെ എല്ലാ ജന്മദിനങ്ങളും ചാനലുകാര്‍ ഓര്‍ത്തിരുന്ന് ഘോഷിക്കും.  തെളിയിക്കപ്പെടാത്ത പിതൃത്വത്തിന്‍റെ ഇരയായിപ്പോയത് ആ കുരുന്നിന്‍റെ കുറ്റമല്ലല്ലോ? മാധ്യമങ്ങള്‍ ശബ്ദമിട്ടിട്ട് ആ കുഞ്ഞിന് നഷ്ടപ്പെട്ടുപോയ മാതൃവാത്സല്യമോ പിതൃവാത്സല്യമോ തിരിച്ചുകിട്ടുമോ?

പുല്‍ത്തൊഴുത്തില്‍ പിറന്നവന്‍

മാനവകുലത്തിന്‍റെ രക്ഷിതാവാകാന്‍ സ്രഷ്ടാവുതന്നെ സൃഷ്ടിച്ചവനും പിറന്നുവീഴാന്‍ ഇടമൊരുക്കപ്പെട്ടത് എത്ര അലച്ചിലിനും ക്ലേശങ്ങള്‍ക്കും ശേഷമായിരുന്നു. ഒടുവിലൊരു കാലിത്തൊഴുത്തിന്‍റെ ഓരത്ത് അവള്‍ ഒതുങ്ങിക്കൂടി, അവനെ പ്രസവിച്ചു. അകമ്പടി നില്‍ക്കാന്‍ ഏറെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. അടയാളങ്ങള്‍കണ്ട് വിറളിപിടിച്ച ഹേറോദോസ് എത്ര പിറവികളുടെ ശ്വാസത്തിനാണ് വിലപറഞ്ഞത്! എന്‍റെ മടിത്തട്ടിനെ പൊള്ളിച്ചുകൊണ്ട് ചിതറിവീണ ചോരത്തുള്ളികളുടെയും കണ്ണീര്‍ക്കണങ്ങളുടെയും ഊഷരഗന്ധം ഇന്നുമെന്‍റെ നാസാരന്ധ്രങ്ങളിലെവിടെയോ പുകഞ്ഞുനില്‍പ്പുണ്ട്.

കാലിത്തൊഴുത്തില്‍ പിറന്ന ജനനത്തീയതി നിശ്ചയമില്ലാത്തവന് ഏതോ ഒരു ദേവന്‍റെ ആഘോഷദിനം ജന്മദിനമായി നിശ്ചയിക്കപ്പെട്ടു. പരസ്യമായി പിതൃത്വം ചോദ്യംചെയ്യപ്പെട്ടെങ്കിലും ഉണ്ണീ, നീ സന്തോഷിക്കുക, അഭിമാനിക്കുക - നിനക്കുമുണ്ട് എല്ലാവരും ചേര്‍ന്ന് കല്‍പിച്ചുതന്ന ഒരു ജന്മദിനം. ഒപ്പം പിറന്നാള്‍ ആശംസകളും. ഉണ്ണിയുടെ പിറവിയോര്‍മ്മയ്ക്കു പിന്‍ബലമേകാനൊത്തിരിയൊത്തിരി കൃത്രിമത്വങ്ങളും അരങ്ങുകൂട്ടായി എത്തുന്നു. പുല്ലും മുളയും കപ്പത്തണ്ടും ഈന്തിലയും ഒക്കെചേര്‍ത്ത് ദിവസങ്ങള്‍ മുമ്പേ മുറ്റത്തൊരു കോണില്‍ കെട്ടിപ്പൊക്കിയിരുന്ന പുല്‍ക്കൂടുകള്‍ ഈ തലമുറയുടെ ഓര്‍മ്മയില്‍ ചികഞ്ഞാല്‍ പൊങ്ങിവരില്ല. ഈറ്റക്കമ്പും വര്‍ണ്ണക്കടലാസും കുപ്പിയില്‍ പഴന്തുണിതിരിയിട്ട് കത്തിക്കുന്ന മണ്ണെണ്ണ വിളക്കുമൊക്കെ ചേര്‍ത്തൊരുക്കി തൂക്കിയിരുന്ന നക്ഷത്രവിളക്കിനെ കുറിച്ച് ഇന്നു ചിന്തിക്കുന്നതുതന്നെ മണ്ടത്തരമെന്നാണു പറയപ്പെടുന്നത്.

ഏതൊരു കുഞ്ഞിന്‍റെയും ഉള്ളില്‍ത്തുടിക്കുന്ന ഒരു മോഹമാണ്, അവന്‍റെ ഹാപ്പി ബര്‍ത്ത്ഡേ. അതു നിഷേധിക്കപ്പെട്ട പിറവികള്‍ക്കായി, അവരുടെ കുരുന്നു മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും സാഫല്യത്തിനായി ഈ പിറവിത്തിരുനാളില്‍ നമുക്കു കരുതലുള്ളവരായിക്കൂടെ? ഒപ്പം, തങ്ങളുടെ ഉള്ളിലൂറിയ വാത്സല്യം പിഞ്ചോമനയ്ക്കായി ഇറ്റിക്കാന്‍ - സാഹചര്യം എന്തുമാകട്ടെ, അവളൊരു പെറ്റമ്മയാണ് - അവസരം നിഷേധിക്കപ്പെട്ട അമ്മമാരോടു പൊറുക്കാനും, ആ സൗമ്യശീലനെപ്പോലെ 'മേലില്‍ ആവര്‍ത്തിക്കരുതെന്നു' പറയാനും കൂടി നമ്മുടെ മനസ്സിലിടമുണ്ടാകില്ലേ? പിറക്കാനും പിറവി ആഘോഷിക്കാനും ഇടമില്ലാതെ പോയ ഉണ്ണികള്‍ക്ക് ഉള്ളത്തിലൊരിത്തിരി ഇടമൊരുക്കാന്‍, നിനക്കും അവനും ഒരു സ്വപ്നമുണ്ടാകട്ടെ.

മാതൃത്വത്തിന്‍റെ ചൂടറിയാതെ, പിതൃത്വത്തിന്‍റെ കരുതലറിയാതെ വിതുമ്പിനില്‍ക്കുന്ന ഉണ്ണിമുഖങ്ങള്‍ നിന്‍റെ ഉള്ളില്‍ കാരുണ്യത്തിന്‍റെ നനവ് പടര്‍ത്തുന്നുവെങ്കില്‍... ഹാപ്പി ക്രിസ്മസ്.


-വാര്‍ത്താവീക്ഷണം-  

You can share this post!

ബുദ്ധനും സോര്‍ബയും

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts