news-details
മറ്റുലേഖനങ്ങൾ

മറ്റൊരു ജീവിതം സാദ്ധ്യമാണോ?

“We need more social justice. Free-market societies produce unjust and very stupid societies. I don’t believe that the production and consumption of things can be the meaning of human life. All great religions and philosophies say that human beings are more than producers than consumers. We cannot reduce our lives to economics. If a society without social justice is not a good society, a society without poetry is a society without dreams, without words, and most importantly, without that bridge between one person and another that poetry is. If society abolishes poetry it commits spiritual suicide.” – Octavio paz.

ആഗോളീകരിക്കപ്പെട്ട ലോകത്തില്‍ ഒക്ടാവിയോപാസിന്‍റെ ഈ ചിന്തകള്‍ അത്യന്തം പ്രസക്തമാണ്. മൂലധനത്തിന്‍റെ സ്വതന്ത്രമായ ഒഴുക്കും വിപണിയുടെ സര്‍വ്വാധിപത്യവും നമ്മുടെ സമൂഹത്തെ, വിശ്വാസങ്ങളെ, കാഴ്ചപ്പാടുകളെ, ദര്‍ശനത്തെ, രാഷ്ട്രീയത്തെ, മതത്തെ എല്ലാം കശക്കിയെറിയുകയാണ്. പുതിയ അസമത്വങ്ങളും അനീതികളും പൊള്ളയായ ഉപഭോഗഭ്രാന്തും വിപണികേന്ദ്രീകൃത സമ്പദ്വ്യവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. 'നമുക്കു കൂടുതല്‍ സാമൂഹികനീതി ആവശ്യമാണ്. സ്വതന്ത്രവിപണിയില്‍ അധിഷ്ഠിതമായ ലോകം അനീതി നിറഞ്ഞ, വഷളത്തം നിറഞ്ഞ സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്. ഉത്പാദനവും ഉപഭോഗവും മാത്രമാണ് മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥമെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാ മഹത്തായ മതങ്ങളും ദര്‍ശനങ്ങളും, മനുഷ്യന്‍ ഉപഭോക്താവെന്നതിനേക്കാള്‍, സ്രഷ്ടാവാണെന്ന് പറയുന്നു. നമുക്കു നമ്മുടെ ജീവിതത്തെ സാമ്പത്തികശാസ്ത്രത്തിലേക്കു മാത്രമായി ചുരുക്കാനാവില്ല. സാമൂഹിക നീതി പുലരാത്ത സമൂഹം നല്ല സമൂഹമല്ല; കവിതയില്ലാത്ത സമൂഹം സ്വപ്നങ്ങളില്ലാത്തതാണ്; വാക്കുകളില്ലാത്തതാണ്, വ്യക്തികള്‍ തമ്മില്‍ കൂട്ടിയിണക്കുന്ന പാലമില്ലാത്ത സമൂഹമാണ്; കവിതയെ തള്ളിക്കളയുന്ന സമൂഹം ആത്മീയമൃത്യുവിലേക്ക് നടന്നടുക്കുന്നു. എന്നാണ് ഒക്ടാവിയോ പാസ് നിരീക്ഷിക്കുന്നത്.
വിശ്വകവിയുടെ ചിന്തയില്‍ പല ഘടകങ്ങള്‍ കാണാം. സാമൂഹിക നീതിയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ഒന്ന്. കൂടുതല്‍ പുരോഗതി കൈവരിച്ചു എന്ന് നാം അവകാശപ്പെടുമ്പോള്‍ സാമൂഹിക നീതിയില്‍ നാം പിന്നോട്ടു പോവുകയല്ലേ ചെയ്തത് എന്ന ചോദ്യം പ്രസക്തമാകുന്നു. മത്സരാധിഷ്ഠിത സമ്പദ്വ്യവസ്ഥ സൃഷ്ടിച്ച വേലിയേറ്റത്തില്‍ ദുര്‍ബലരായ ജനസമൂഹങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രാന്തഃവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു ഭാഗത്ത് സമ്പത്ത് കുന്നുകൂടുമ്പോള്‍ മറ്റൊരു വലിയ വിഭാഗം ദാരിദ്ര്യത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. സാമൂഹികനീതി എന്ന സങ്കല്പം ഈ മത്സരത്തിനു വെളിയിലായിരിക്കുന്നു. ഓട്ടപ്പന്തയമായി മാറിയിരിക്കുന്ന ജീവിതത്തില്‍ ജയം മാത്രമാണ് ലക്ഷ്യമാക്കുന്നത്. ജയവും ലാഭവും ആത്യന്തിക മൂല്യമാകുമ്പോള്‍ നീതി പടിക്കുപുറത്താകുന്നു. ഭീകരമായ അസന്തുലിതാവസ്ഥയില്‍ സാമൂഹികനീതി പുറന്തള്ളപ്പെടുന്നു. ഭരണഘടനയില്‍ എഴുതിവെച്ചിരിക്കുന്ന സമത്വാദര്‍ശങ്ങള്‍ അങ്ങനെ അസംഗതമാകുന്നു.

കൂടുതല്‍ അനീതിനിറഞ്ഞ, അഴിമതി നിറഞ്ഞ, അസമത്വങ്ങള്‍ നിറഞ്ഞ, വഷളത്തങ്ങള്‍ പെരുകുന്ന സമൂഹമാണ് സ്വതന്ത്രവിപണിയുടെ മൂല്യങ്ങളിലൂടെ വളര്‍ന്നുവരുന്നത്. അതിന്‍റെ മുഖം കൂടുതല്‍ ഹിംസാത്മകമാകുന്നു. ആധിപത്യപ്രധാനമായ ഒരു സംസ്കാരം വളര്‍ന്നു വരികയാണ്. അസഹിഷ്ണുതയും അസമത്വവും നിറഞ്ഞ സമൂഹത്തിന്‍റെ സൃഷ്ടിയില്‍ പുതിയ കാലത്തിന് പങ്കുണ്ട്. ആത്യന്തികസൗഖ്യങ്ങളില്ല എന്നും വ്യാഖ്യാനങ്ങളാണുള്ളതെന്നും ഉത്തരാധുനിക ചിന്തകര്‍ പുലമ്പിക്കൊണ്ടിരിക്കുന്നു. പുത്തന്‍ അധിനിവേശത്തിന്‍റെ വക്താക്കള്‍ 'ചരിത്രത്തിന്‍റെ അവസാനം' പ്രവചിക്കുന്നു. മനുഷ്യഭാവനയുടെ അവസാനവും അവര്‍ ഉദ്ഘോഷിക്കുന്നു. 'സംസ്കാരങ്ങളുടെ സംഘട്ടനം' എന്ന ചിന്തയിലൂടെ പുതിയ ധ്രൂവീകരണത്തിനുള്ള വഴിമരുന്നും ആസ്ഥാനപണ്ഡിതന്മാര്‍ ഇട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ടുദശകങ്ങളിലെ ഇന്ത്യന്‍  ചരിത്രവും സംസ്കാരവും വിലയിരുത്തുമ്പോള്‍ വിപണികേന്ദ്രിതമായ പരിവര്‍ത്തനങ്ങള്‍ എത്രമാത്രം അട്ടിമറികളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നു കാണാന്‍ കഴിയും. ഓരോ ദിവസവും നാം കാണുന്ന, വായിക്കുന്ന, വാര്‍ത്തകളുടെ പിന്നിലെ വസ്തുതകള്‍ അന്വേഷിച്ചു പോയാല്‍ ആഴത്തിലുള്ള 'പാരഡൈം ഷിഫ്റ്റിന്‍റെ'  (paradiym shift) ചിത്രം വെളിവാകും. 1991-ല്‍ ആരംഭിച്ച ഉദാരവല്‍ക്കരണത്തിന്‍റെ, ആഗോളീകരണത്തിന്‍റെ പുതിയ അധ്യായം നമ്മെ എത്തിച്ചിരിക്കുന്ന ഭൂഖണ്ഡത്തിന്‍റെ ചിത്രമാണ് നമുക്കു മുന്നില്‍ അപ്പോള്‍ തെളിഞ്ഞു വരുന്നത്.

ഉത്പാദനവും ഉപഭോഗവുമാണ് മനുഷ്യജീവിതത്തിന്‍റെ ലക്ഷ്യമെന്നാണ് വിപണിയുടെ വേദാന്തം. ഏകമാന മനുഷ്യന്‍റെ സൃഷ്ടിയാണ് അതിലൂടെ നടക്കുന്നത്. ശരീരം മാത്രമുള്ള, ഉപഭോക്താവുമാത്രമായ മനുഷ്യന്‍ അസന്തുലിതവ്യക്തിത്വത്തിന്‍റെ ഉടമയാണ്. ആത്മാവില്ലാത്ത, പൊള്ളയായ ഈ മനുഷ്യനാണ് മൂല്യനിരപേക്ഷമായ ജീവിതത്തിനുടമ. അയാള്‍ക്ക്/അവള്‍ക്ക് എന്തും ചെയ്യാം. വിപണിയാണ് അവര്‍ക്കുള്ള മൂല്യങ്ങള്‍ പ്രദാനം ചെയ്യുന്നത്. മഹത്തായ മതങ്ങള്‍ ഉദ്ഘോഷിച്ച ജീവിതലക്ഷ്യങ്ങള്‍ അങ്ങനെ അപ്രസക്തമാകുന്നു. അതുമാത്രമല്ല മൂല്യസംവേദനം ചെയ്തു അതില്‍ വ്യവസ്ഥാപിത മതങ്ങള്‍ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. വിപണിയുടെ മൂല്യങ്ങള്‍ക്ക് കീഴടങ്ങിയ മതങ്ങളും വിപണിയില്‍ ജയിക്കാനുള്ള മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. സമൂഹത്തില്‍ ആഴത്തില്‍ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാനോ ചിന്തിക്കാനോ അവര്‍ക്ക് സമയം കിട്ടുന്നില്ല. മാനം മുട്ടുന്ന ദേവാലയങ്ങളും മണിമാളികകളും കെട്ടിയുയര്‍ത്തുന്നതിനിടയില്‍ എന്തുമൂല്യം! എന്ന് ചിന്തിക്കുന്നത് സ്വാഭാവികമാണ്. (അതുകൊണ്ടാണ് ക്രിസ്തുചിത്രത്തിലും മറ്റു വിവാദങ്ങളിലും അവര്‍ കുടുങ്ങുന്നത്. ബോര്‍ഹസ് എന്ന എഴുത്തുകാരന്‍ പറഞ്ഞതുപോലെ 'രണ്ടു കഷണ്ടിക്കാര്‍ ഒരു ചീപ്പിനുവേണ്ടി നടത്തുന്ന യുദ്ധം' പോലെയാണ് പല വിവാദങ്ങളും നമുക്കനുഭവപ്പെടുന്നത്) എല്ലാം സാമ്പത്തികശാസ്ത്രത്തിലേക്ക് ചുരുക്കിക്കാണുന്ന അവസ്ഥയാണിന്നുള്ളത്. ബാക്കിയെല്ലാം വെറും അധര വ്യായാമം മാത്രമാണെന്നതാണ് വാസ്തവം.

സാമൂഹിക നീതിക്കുവേണ്ടിയാണ് ഒക്ടാവിയോ പാസ് വാദിക്കുന്നത്. സാമൂഹിക നീതിയില്ലാത്ത സമൂഹം നല്ല സമൂഹമല്ല എന്നു പറയുമ്പോള്‍ അതിന്‍റെ വിവക്ഷ വളരെ വലുതാണ്. നമ്മുടെ സമൂഹത്തിന്‍റെ നേര്‍ചിത്രം നമുക്കിവിടെ കാണാം. മോശമായ ഒരു സമൂഹത്തില്‍ കവിതയ്ക്ക് സാംഗത്യമില്ല. വാക്കുകള്‍ക്കുപകരം അക്കങ്ങള്‍ പ്രാധാന്യം കൈവരിക്കുന്നു. വ്യക്തികളെ തമ്മില്‍ കൂട്ടിയിണക്കുന്ന സ്നേഹത്തിന്‍റെ കണ്ണിയാണ് വാക്കുകളിലൂടെ, കവിത സൃഷ്ടിക്കുന്നത് അങ്ങനെയാണ് മഹത്തായ സ്വപ്നങ്ങള്‍ കാണാനും ആ സ്വപ്നത്തിനുവേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കാനും നാം കഴിവുനേടുന്നത്. വൈകാരികവും വൈചാരികവും ആത്മീയവുമായ സന്തുലിതാവസ്ഥയിലേക്ക് നയിക്കാന്‍ സഹായിക്കുന്ന കവിതയെ തിരസ്കരിക്കുന്ന സമൂഹം ആത്മീയമായ ആത്മഹത്യയിലേയ്ക്കാണ് ചരിക്കുന്നത് എന്നു നാം തിരിച്ചറിയണം. 'Towards an Aesthetic Education'  എന്ന വിഷയവുമായി ബന്ധപ്പെട്ട് രചിച്ച കത്തുകളില്‍ ഫെഡറിക് ഷില്ലര്‍ എന്ന ജര്‍മ്മന്‍ ചിന്തകന്‍  അവതരിപ്പിക്കുന്ന ദര്‍ശനങ്ങള്‍ ഈ സാഹചര്യത്തില്‍ സ്മരണീയമാണ്. ഒരു വ്യക്തിയെ ഹാര്‍മണിയിലേക്കു നയിക്കുന്ന പല ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് കലകളെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഒക്ടാവിയോ പാസ് കവിതയെക്കുറിച്ചു പറയുന്നതും ഇത്തരത്തില്‍ അതിവിശാലവും അഗാധവുമായ അര്‍ഥത്തിലാണ്. വൈകാരികമായ, വൈചാരികമായ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട വ്യക്തികളാണ് സമൂഹത്തില്‍ വലിയ അസന്തുലിതാവസ്ഥകളും സാമൂഹികാനീതികളും വളര്‍ത്തുന്നത് എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്.

രാഷ്ട്രീയവും മതവും സമൂഹവും പുതിയൊരവബോധത്തിലേയ്ക്കുണരേണ്ടതിന്‍റെ ആവശ്യമാണ് നാമിവിടെ കാണുന്നത്. സാമൂഹിക നീതിക്കുവേണ്ടിയുള്ള തീവ്രമായ ആഗ്രഹം വ്യക്തികളെ കൂട്ടിയിണക്കണം. സാമ്പത്തികമാത്ര വാദത്തിന്‍റെ ന്യൂനീകരണ പ്രവണതയെ മറികടക്കുന്ന, മനുഷ്യനെക്കുറിച്ചുള്ള സമഗ്രദര്‍ശത്തിന്‍റെ വെളിച്ചത്തിലാവണം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടത്. സംഖ്യകളെക്കാള്‍ മനുഷ്യരെ കൂട്ടിയിണക്കുന്നത് വാക്കുകളാണെന്ന തിരിച്ചറിവിലേക്ക് പുതിയ സമൂഹം നമ്മെ നയിക്കുന്നു. വാക്കുകളെ, കവിതയെ തിരസ്കരിക്കുന്ന സമൂഹം രോഗബാധിതമാണ്. നാം ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതം  യഥാര്‍ഥ ജീവിതമാണോ എന്ന ചോദ്യത്തില്‍നിന്നാണ് അന്വേഷണം ആരംഭിക്കുന്നത്. നമ്മുടെ സ്വത്വം ആധികാരികമാണോ വ്യാജമാണോ എന്നതാണ് പ്രധാനം. മറ്റൊരു ജീവിതം സാദ്ധ്യമാണ് എന്ന ഉത്തമബോധ്യത്തില്‍ നിന്നാണ് പുതിയ ചുവടുവയ്പുകള്‍ ആരംഭിക്കേണ്ടത്. ആത്മാവിനെ തിരിച്ചുപിടിക്കാനുള്ള യാത്രകൂടിയാണിത്.

You can share this post!

ബുദ്ധനും സോര്‍ബയും

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts