news-details
മറ്റുലേഖനങ്ങൾ

കൊലചെയ്യപ്പെട്ട വിമോചകശബ്ദം

ജറുസലേം ദേവാലയത്തിലേക്കുള്ള യേശുവിന്‍റെ പ്രവേശനത്തിനു പിന്നിലൊരു ദൃഢനിശ്ചയമുണ്ടായിരുന്നു. തന്‍റെ ജീവന്‍തന്നെ ഇതിന് വിലയായി നല്‍കേണ്ടിവരുമെന്ന് അറിയാമായിരുന്നിട്ടും ധൈര്യത്തോടെതന്നെ അവന്‍ ജറുസലേമിലേക്കു പ്രവേശിച്ചു. അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച യേശുവിനെ അന്നത്തെ മാഫിയാ സംഘം ക്രൂരമായി പീഡിപ്പിച്ചു വധിച്ചു. പേടിച്ച് ഒളിവിലായ ശിഷ്യന്മാര്‍ യേശു അയച്ച ആത്മാവിനെ സ്വീകരിച്ച് ധൈര്യസമേതം തിരിച്ചുവന്നു. ജാര്‍ഖണ്ഡിലെ കല്‍ക്കരി മാഫിയായ്ക്കെതിരെ പ്രതികരിച്ച സി. വത്സയ്ക്കു നേരിട്ട അനുഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ എന്‍റെ മനസ്സിലേക്കോടിയെത്തിയത്  യേശുവിന്‍റെ ജറുസലേം യാത്രയും തുടര്‍ന്നുണ്ടായ അനുഭവങ്ങളുമാണ്.

ആദിവാസികളുടെ ഭൂമി കല്‍ക്കരി മാഫിയകള്‍ കവര്‍ന്നെടുക്കുന്നതിനെതിരെ 'രാജ്മഹല്‍ പഹാഡ് ബചാവോ ആന്തോളന്‍' എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു സി. വല്‍സ.

Panchubera-ലെ ജനങ്ങള്‍ സി. വല്‍സയെ സ്നേഹത്തോടെ വിളിച്ചിരുന്നത് 'ദീദി'യെന്നായിരുന്നു. ദീദിയുടെ ശബ്ദം നിലച്ചുകഴിഞ്ഞു. ഇന്ന് ഈ പ്രദേശത്തെ അന്തരീക്ഷം വളരെ അസ്വസ്ഥമാണ്. ആളുകള്‍ ഭയത്തിന്‍റെ നിഴലിലാണ്. ഇടയനില്ലാത്ത ആട്ടിന്‍കൂട്ടത്തെപ്പോലെയാണവരിപ്പോള്‍. ദീദിയുടെ ആത്മാവിന് ആ സാധുക്കളെ വിട്ടുപോകാന്‍ ആവില്ല. അവള്‍ തീര്‍ച്ചയായും അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്ക്കും.

'ഞങ്ങളുടെ ജീവനെടുത്തു കൊള്ളുക, എന്നാലും ഞങ്ങളുടെ മണ്ണ് എടുക്കരുത്' സി. വല്‍സയുടെ നേതൃത്വത്തിന്‍കീഴില്‍ ആ ഗ്രാമവാസികള്‍ ഒന്നടങ്കം ശബ്ദിച്ചു. ഈ മുദ്രാവാക്യം Panchubera-ലെ രാജ്മഹല്‍ കുന്നുകളില്‍ പ്രതിധ്വനിച്ചു. ഈ മുന്നേറ്റത്തിന്‍റെ ആവേശം അവിടുത്തെ ആളുകളുടെ മനസ്സിലും ഹൃദയത്തിലും ഇന്നുമുണ്ട. തങ്ങളുടെ മണ്ണിനും പ്രകൃതിവിഭവങ്ങള്‍ക്കും വേണ്ടി അവര്‍ ഒറ്റക്കെട്ടായിനിന്ന് പോരാടി. കോടതി ഇടപെട്ട് പ്രശ്നപരിഹാരത്തിനായി MOU നിര്‍ദ്ദേശിച്ചു. എന്നാല്‍ പണക്കൊതിയന്മാരും അത്യാഗ്രഹികളുമായ ചില ആളുകള്‍ 2011 നവം. 15-ാം തീയതി സി. വല്‍സയെ എന്നെന്നേയ്ക്കുമായി നിശ്ശബ്ദയാക്കി.

സി. വല്‍സയുടെ കൊലപാതകത്തെക്കുറിച്ച് ചില അന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ പല ചോദ്യങ്ങളും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.

ഡോ. ജോണ്‍ ദയാല്‍ (Member, National Intergration Council)സി. മേരി സ്കറിയ (Advocate, Supreme Court) സി. ഹെലന്‍ (Executive Secretary CBCI, commission for woman)  ജോണ്‍ മാത്യു (Photo Journalist) എന്നിവരടങ്ങുന്ന അന്വേഷണസംഘം ജനുവരി 6-7 തീയതികളില്‍ Panchubera സന്ദര്‍ശിച്ചു. PANEM അധികാരികളും ഭരണകൂടവും വളരെ നല്ല രീതിയിലാണ് അന്വേഷണസംഘത്തോടു പെരുമാറിയത്. കമ്പനി അധികാരികള്‍ ഖനി പ്രദേശം കാട്ടിത്തരുവാനായി ഞങ്ങളുടെ കൂടെ വന്നു. അവിടെ നടന്ന വിമോചന പ്രക്ഷോഭത്തെകുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ ഞങ്ങള്‍ക്കു ലഭിച്ചു. എല്ലാത്തിന്‍റെയും കേന്ദ്രബിന്ദു സി. വല്‍സയായിരുന്നു. ആദിവാസികളുടെ മുന്നില്‍ തെളിഞ്ഞുകത്തിയ ആ ദീപം അണയ്ക്കപ്പെട്ടെങ്കിലും അതിന്‍റെ പ്രകാശം ഇന്നും ഏറെ ശോഭയോടെ നിലനില്‍ക്കുന്നു.

പ്രാദേശിക ജനവിഭാഗങ്ങളുടെ തദ്ദേശ പ്രകൃതിവിഭവങ്ങളുടെമേല്‍ അവകാശം അവര്‍ക്കുതന്നെയാണെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. എന്നാല്‍ Land Acquistion Act പ്രകാരം  സര്‍ക്കാരിന് ഈ ഭൂമി സ്വകാര്യകമ്പനികള്‍ക്ക് കൈമാറാന്‍ അധികാരമുണ്ട്. തദ്ദേശത്തെ ജനങ്ങള്‍ ഈ നീക്കത്തെ കര്‍ശനമായി എതിര്‍ത്താല്‍ കമ്പനിക്ക് അനുകൂലമായി പോലീസ് സഹായം നല്‍കാനും സര്‍ക്കാരിന് സാധിക്കും. സിസ്റ്ററിന്‍റെ മേല്‍നോട്ടത്തില്‍ 'പാനോം കോള്‍ മൈന്‍' എന്ന സ്വകാര്യകമ്പനിയും ഭൂമി നഷ്ടപ്പെടുന്ന ആളുകളും തമ്മില്‍ വളരെ വ്യക്തമായ ഒരു സാമ്പത്തിക കരാറിനു രൂപംകൊടുത്തിരുന്നു. എന്നാല്‍ സി. വല്‍സയുടെ കൊലപാതകത്തിനുശേഷം ഈ കരാര്‍ രജിസ്റ്റര്‍ എങ്ങനെയോ അപ്രത്യക്ഷമായി. അധികാരികള്‍ മനഃപൂര്‍വ്വം അത് ഒളിപ്പിച്ചതാകാനാണ് സാധ്യത. സിസ്റ്ററിന്‍റെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തുവെന്നു പ്രഖ്യാപിച്ച് പ്രത്യക്ഷപ്പെട്ട ലഘുലേഖകള്‍ പോലീസിനു കൈമാറിയതായി കല്‍ക്കരി കമ്പനി അധികാരികള്‍ സംഘത്തോടു പറഞ്ഞു.

സി. വല്‍സ ജീവിച്ചിരുന്ന Panchubera  ഗ്രാമത്തിലെ ഏതാനും കുടുംബങ്ങള്‍ ഞങ്ങളെ കാണാനായി ഒരുമിച്ചു വന്നു. സിസ്റ്ററിന്‍റെ കൊലപാതകം ഉയര്‍ത്തിയ ഭീതിയില്‍നിന്നും അവര്‍ ഇപ്പോഴും മോചിക്കപ്പെട്ടിരുന്നില്ല. എല്ലാം നഷ്ടപ്പെട്ടവരെപ്പോലെയാണ് അവര്‍ കാണപ്പെട്ടത്. അവിടെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ കൂടി കാണാന്‍ ആഗ്രഹിച്ചുവെങ്കിലും അതിനു സാധിച്ചില്ല. ഞങ്ങള്‍ അവിടെയെത്തും മുമ്പുതന്നെ അവളെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. അവളെ കാണാന്‍ സംഘത്തിന് സാധിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ വിലയേറിയ പല കാര്യങ്ങളും അറിയാന്‍ കഴിഞ്ഞേനെ. ഞങ്ങളുടെ ടീം ആ പ്രദേശം സന്ദര്‍ശിക്കുന്നതിനു മുന്‍പുതന്നെ എന്തുകൊണ്ട് അവള്‍ അവിടെനിന്ന് മാറ്റപ്പെട്ടു എന്നതു ദുരൂഹതയായി നില്‍ക്കുന്നു.

സി. വല്‍സ ജീവിച്ചിരുന്ന മണ്‍കുടിലിലേയ്ക്ക് ആളുകള്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അവളുടെ ജീവിതം എത്രമാത്രം ലളിതമായിരുന്നുവെന്നു ഞങ്ങള്‍ക്കു ബോധ്യമായി. ചാണകം മെഴുകിയ ഒറ്റമുറി മാത്രമുള്ള ഒരു കുടില്‍. ഒരു ജനാലപോലുമില്ല. മുറിക്കകം കാണുന്നതിനുവേണ്ടി ഞാനവരോട് ഒരു ടോര്‍ച്ച് ആവശ്യപ്പെട്ടു. പക്ഷേ അവരുടെ കൈവശം അങ്ങനെയൊരു വസ്തു ഇല്ലായിരുന്നു. അവര്‍ ഒരു മണ്ണെണ്ണവിളക്കു കത്തിച്ചു നല്‍കി. സിസ്റ്റര്‍ കൊലചെയ്യപ്പെട്ട മുറി അതിന്‍റെ പ്രകാശത്തില്‍ ഞങ്ങള്‍ കണ്ടു. ഭിത്തിയിലൊക്കെ അവളുടെ രക്തം ഉണങ്ങിപിടിച്ചിരിപ്പുണ്ടായിരുന്നു. തറ മെഴുകി വൃത്തിയാക്കിയിരുന്നു. മുറിയുടെ ഒരു മൂലയില്‍ ചെറിയ ഏതാനും പാത്രങ്ങളും, ചെറിയ കട്ടിലും, ഒരു പുല്‍പ്പായയും കണ്ടു. ഈ അസൗകര്യങ്ങള്‍ക്കിടയിലും അവള്‍ സംതൃപ്തി കണ്ടെത്തി. "ഞങ്ങളുടെ ദീദിക്ക് Khatalgadi-ല്‍ ഒരു കോണ്‍ക്രീറ്റുവീടു നിര്‍മ്മിച്ചുനല്‍കാമെന്നു കമ്പനി വാഗ്ദാനം ചെയ്തതാണ്. എന്നാല്‍ അവരതു നിഷേധിച്ചു, ഞങ്ങളോടൊപ്പം, ഞങ്ങളില്‍ ഒരുവളായി ജീവിച്ചു," അവിടെ നിന്നിരുന്ന ഒരു സ്ത്രീ പറഞ്ഞു.

"ഞങ്ങള്‍ക്കു ഞങ്ങളുടെ ദീദി നഷ്ടപ്പെട്ടു" ആ സ്ത്രീകള്‍ എങ്ങലടിച്ചു. "ഞങ്ങളുടെ ശക്തി നഷ്ടപ്പെട്ടു. ഇനി ഞങ്ങള്‍ക്ക് നേതൃത്വം നല്‍കാനാരുമില്ല. ഒരു ദിവസം അവര്‍ ഞങ്ങളെയും കൊല്ലും."

വിമോചനപ്രസ്ഥാനത്തിന്‍റെ മുന്‍ പ്രസിഡന്‍റിനോടും ഞങ്ങള്‍ സംസാരിച്ചു. സിസ്റ്ററിന്‍റെ വലംകൈയായിനിന്ന് ഇദ്ദേഹം ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. MOU -ല്‍ ഒപ്പുവച്ചിട്ടുമുണ്ട്. സിസ്റ്റര്‍ ആദ്യം ഇദ്ദേഹത്തിന്‍റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്‍റെ പുത്രന്‍ -Pycil- പ്രസ്ഥാനവുമായി ആദ്യമൊക്കെ വളരെ സഹകരിച്ചുവെങ്കിലും ഗ്രാമീണരെ പണപരമായി ചൂഷണം ചെയ്യാനാരംഭിച്ചു. ഇയാള്‍ക്കും മറ്റു ചിലര്‍ക്കും എതിരെ സിസ്റ്റര്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ അവര്‍ സിസ്റ്ററിനെ ആ വീട്ടില്‍നിന്നും ഇറക്കിവിട്ടു. അവള്‍ക്കു മൂന്നുമാസത്തോളം ആ ഗ്രാമത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നു. ഇതിനിടയില്‍ Pycil- ഉം സംഘവും അവളെക്കുറിച്ച് പല അപവാദങ്ങളും പറഞ്ഞുപരത്തി. ഗ്രാമീണരുടെ പണം വാങ്ങി അവരെ വഞ്ചിച്ച് അവള്‍ മറ്റൊരിടത്തു വീടുപണിതു താമസിക്കുകയാണെന്നുവരെ അവര്‍ പ്രചരിപ്പിച്ചു. അവളുടെ കൊലപാതകിയെന്നു സംശയിച്ച് അറസ്റ്റു ചെയ്തവരുടെ കൂട്ടത്തില്‍ Pycil- ഉം ഉള്‍പ്പെട്ടിട്ടുണ്ട്. അയാള്‍ PANEM  കമ്പനിയുടെ കോണ്‍ട്രാക്ടറായതും സ്വന്തമായി ഏജന്‍സികള്‍ എടുത്തതും വലിയ വീടു പണിതതുമൊക്കെ ഗ്രാമീണര്‍ ഞങ്ങളോടു പറഞ്ഞു. അയാളുടെ പിന്നാലെ മറ്റു പലരും കമ്പനിയുമായി അടുത്തു. വിമോചനപ്രസ്ഥാനത്തില്‍നിന്നും അവര്‍ അകന്നു. PANEM കമ്പനി ഇവരെയൊക്കെ വിലയ്ക്കെടുക്കുകയായിരുന്നുവെന്നാണ് ഞങ്ങള്‍ സംശയിക്കുന്നത്.

എന്തായിരുന്നു അവളുടെ ആദ്ധ്യാത്മികത? ചിലര്‍ക്ക് ആദ്ധ്യാത്മികത എന്നാല്‍ ബാഹ്യമായ ചില അനുഷ്ഠാനങ്ങളും ആചരണങ്ങളുമൊക്കെയാണ്. അതായത് പ്രാര്‍ത്ഥന, നൊവേന, ദീര്‍ഘസമയം ദേവാലയത്തിനകത്ത് ചെലവഴിക്കുക എന്നിവയൊക്കെ. മറ്റുചിലര്‍ക്ക് ആദ്ധ്യാത്മികത കാല്പനികമായ ഒരനുഭൂതിയാണ്.  എന്നാല്‍ അവളുടെ ആദ്ധ്യാത്മിക കാഴ്ചപ്പാട് ഇങ്ങനെയൊന്നുമായിരുന്നില്ല. ഒരു കൈയില്‍ ബൈബിളും മറുകൈയില്‍ ഇന്ത്യന്‍ ഭരണഘടനയും ഏന്തിയവള്‍. സി. വല്‍സ വളരെ വ്യത്യസ്തയായ ഒരു സന്ന്യാസിനിയായിരുന്നു.

ആദ്ധ്യാത്മികതയുടെ ബാഹ്യമായ ആചാരങ്ങളോട് ടാഗോര്‍ വളരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്: "ഈ സങ്കീര്‍ത്തനങ്ങളും ആലാപനങ്ങളും ജപമാല ചൊല്ലലും മാറ്റിവയ്ക്കുക! വാതിലുകള്‍ അടച്ച ഒരു ക്ഷേത്രത്തിന്‍റെ ഇരുണ്ടു വിജനമായ കോണിലിരുന്ന് നീ ആരെയാണ് ആരാധിക്കുന്നത്? നിന്‍റെ കണ്ണുകള്‍ തുറക്കുക; നിന്‍റെ ദൈവം നിന്‍റെ മുന്നില്‍ ഇല്ലെന്നു കണ്ടറിയുക. ഉഴവുകാരന്‍ വരണ്ടഭൂമി ഉഴുതുമറിക്കുന്നതെവിടെയാണോ, വഴിവെട്ടുകാരന്‍ പാറപൊട്ടിക്കുന്നതെവിടെയാണോ, അവിടെയാണദ്ദേഹം. വെയിലിലും മഴയിലും അവിടുന്ന് അവരോടൊപ്പമാണ്." (ഗീതാഞ്ജലി - 11)

2012 ജനുവരി 10 ന് റാഞ്ചിലെ പൗരസമൂഹം ഒരു പൊതുമീറ്റിംഗ് വിളിച്ചുകൂട്ടി. രണ്ടു നക്സലൈറ്റുകള്‍ ഉള്‍പ്പെടെ 135 പേര്‍ അതില്‍ പങ്കെടുത്തു. നിങ്ങളാണ് സിസ്റ്ററിനെ കൊലപ്പെടുത്തിയതെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് യോഗത്തിനെത്തിയവര്‍ നക്സലൈറ്റുകളെ വെല്ലുവിളിച്ചു. എന്നാല്‍ അതിനടുത്ത ദിവസം അതായത് 11-ാം തീയതി കല്‍ക്കരി കമ്പനിയുടെ ഗാര്‍ഡിനെ നക്സലൈറ്റുകള്‍ കൊലപ്പെടുത്തി. രണ്ടു ട്രക്കുകള്‍ തീയിട്ട് നശിപ്പിച്ചു. ഈ സംഭവങ്ങളുടെ വെളിച്ചത്തില്‍ ഞങ്ങളുടെ മനസ്സില്‍ പല ചോദ്യങ്ങളും ഉയര്‍ന്നു: കുറ്റകൃത്യം നടന്ന സ്ഥലത്ത് കല്‍ക്കരി കമ്പനി അധികാരികള്‍ ഓടിയെത്തിയത് എന്തിന്? പോലീസ് എത്തുംമുമ്പുതന്നെ രജിസ്റ്ററുകള്‍ നീക്കം ചെയ്തതെന്തിന്? കന്യാസ്ത്രീയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോയിസ്റ്റുകള്‍ പ്രസിദ്ധപ്പെടുത്തിയെന്നു പറയപ്പെടുന്ന ലഘുലേഖകള്‍ PANEM അധികാരികള്‍ പോലീസിനു കൈമാറിയെന്നാണ് മറ്റുചിലരില്‍നിന്നും അറിയാനിടയായത്. അവര്‍ എന്തിനാണ് ഇപ്രകാരം ചെയ്തത്? പൊതുമീറ്റിംഗ് നടന്നതിന്‍റെ പിറ്റേദിവസം കമ്പനിയുടെ ഗാര്‍ഡ് കൊല്ലപ്പെട്ടത് എന്തുകൊണ്ട്? അവസാനമായി, യഥാര്‍ത്ഥ കുറ്റവാളി ആരാണ്? ഈ ചോദ്യങ്ങള്‍ക്കൊക്കെ ഭരണനേതൃത്വം ഉത്തരം നല്‍കണം.

സി. വല്‍സയെക്കുറിച്ച് എനിക്ക് നേരത്തെതന്നെ അറിവുണ്ടായിരുന്നു. 1997 ല്‍ ഫാ. ക്രിസ്തുദാസിന്‍റെ (Dumka diocese) സംഭവവുമായി ബന്ധപ്പെട്ട് ഞാന്‍ ഒരു അന്വേഷണത്തിനെത്തിയപ്പോള്‍, അദ്ദേഹത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സി. വല്‍സ നയിച്ച ഒരു ധര്‍ണ കാണാനിടയായി. നാനൂറോളം സ്ത്രീകളും അന്ന് അവളോടൊപ്പമുണ്ടായിരുന്നു. അവളുടെ ജീവിതവും അവള്‍ സ്വന്തമാക്കിയ ജനങ്ങളും അവര്‍ക്ക് അവളോടുണ്ടായിരുന്ന സ്നേഹബന്ധങ്ങളും ഒക്കെ കൂടുതല്‍ അടുത്തറിയാനിടയായ ഈ സന്ദര്‍ഭത്തില്‍, ഒരു കാര്യം വ്യക്തമാണ്- അവള്‍ തികച്ചും വ്യത്യസ്ത തന്നെ. യേശുവിന്‍റെ ജീവിത ദൗത്യത്തോട് താദാത്മ്യം പ്രാപിച്ച്, അവനെപ്പോലെ തന്നെ ആ ദൗത്യം സ്വജീവിതത്തില്‍  അവളും സ്വീകരിച്ചു.

സി. വല്‍സയുടെ സന്ന്യാസ സഭ സ്ഥാപകനായ Fr. Joseph Triest 1803-ല്‍ പറഞ്ഞത്, "നമ്മള്‍ ലോകത്തില്‍ മറ്റൊരു ക്രിസ്തുവായി മാറണ"മെന്നാണ്. വല്‍സ ഈ സന്ദേശത്തെക്കുറിച്ച് തികച്ചും ബോധവതിയായിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്. അതായിരുന്നു അവളിലെ ആദ്ധ്യാത്മികത. അവളുടെ അനുസരണത്തെക്കുറിച്ചു പറയുമ്പോള്‍ നിങ്ങളുടെ മുമ്പില്‍ എനിക്കു ചൂണ്ടിക്കാണിക്കാനുള്ളത് യേശുവിന്‍റെ അനുസരണമാണ്. സഭയില്‍നിന്നും ചില സന്ന്യാസവിഭാഗത്തില്‍നിന്നും അവളുടെ അനുസരണത്തെ വിമര്‍ശിക്കുന്ന രീതിയിലുള്ള ചില പരാമര്‍ശങ്ങള്‍ നടന്നതിന്‍റെ വെളിച്ചത്തിലാണ് ഞാനിത്രയും പറഞ്ഞത്. നവംബര്‍ ഏഴാംതീയതി അവള്‍ ആ ഗ്രാമത്തിലേക്കു വീണ്ടും കടന്നുവന്നത്, കൊലക്കളത്തിലേക്കു നയിക്കപ്പെടുന്ന ആട്ടിന്‍കുട്ടിയുടെ ദൃഢനിശ്ചയത്തോടെയായിരുന്നു. തീര്‍ച്ചയായും അവളുടെ മുന്‍പില്‍ സ്വര്‍ഗ്ഗം തുറന്ന് യേശുവിന്‍റെ ഈ വചനങ്ങള്‍ ഉച്ചരിക്കപ്പെട്ടിരിക്കാം: "എന്‍റെ ഏറ്റവും എളിയ സഹോദരനോ സഹോദരിക്കോ നീ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്." ആ ഗ്രാമീണര്‍ക്കുവേണ്ടി സി. വല്‍സ സ്വന്തം ജീവിതംതന്നെ സമര്‍പ്പിച്ചു. പക്ഷേ അവരില്‍ ചിലര്‍ പണത്തോടുള്ള അത്യാര്‍ത്തി മൂലം അവളെ വഞ്ചിച്ചു. അവളെ വകവരുത്താന്‍ കൂട്ടുനിന്നു.

പല മാര്‍ഗ്ഗത്തില്‍ -ഗ്രാമീണരില്‍നിന്ന്, സഭയില്‍നിന്ന്, കമ്പനി അധികാരികളില്‍നിന്ന്- അവള്‍ക്ക് പണം കൈവശപ്പെടുത്തി സുഖസൗകര്യങ്ങളോടുകൂടി ജീവിക്കാമായിരുന്നു. അവള്‍ ഒരു പണമിടപാടും നടത്തിയില്ല. എന്നിട്ടും സാമ്പത്തിക അഴിമതി ഉള്‍പ്പെടെയുള്ള ഒട്ടേറെ ദുഷ്പ്രചരണങ്ങള്‍ക്ക് അവള്‍ വിധേയയായി. അവള്‍ സ്വത്തു സമ്പാദിച്ചതിന്‍റെ യാതൊരു പുറംപകിട്ടുകളും ഞാന്‍ കണ്ടില്ല. അവിടുത്തെ ആദിവാസികളുടെ നേട്ടത്തിനുവേണ്ടിമാത്രമാണ് അവള്‍ വിലപേശിയത്. കഠിനാധ്വാനത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും ഏകാന്തതയുടെയും തിരസ്കരണത്തിന്‍റെയും ഒരു ജീവിതമാണ് അവള്‍ക്കുണ്ടായിരുന്നത്. ദൈവത്തോടുള്ള വിധേയത്വം മാത്രമായിരുന്നു അവളുടെ കൈമുതല്‍. വളരെ ദരിദ്രമായ ഒരു ജീവിതമാണ് അവള്‍ നയിച്ചത്. ഒരു ബൈബിള്‍, ഇന്ത്യന്‍ ഭരണഘടന, പഴയൊരു റേഡിയോ ഇത്രയുമായിരുന്നു അവള്‍ക്കു സ്വന്തമായുണ്ടായിരുന്നത്. അവള്‍ വി. കുര്‍ബാനയില്‍ സംബന്ധിച്ചിരുന്നില്ല എന്നൊരു  പരാതി പലരില്‍നിന്നുമുണ്ടായിട്ടുണ്ട്. എന്നാല്‍ അവളോടൊപ്പം താമസിച്ചിരുന്ന ഒരു സ്ത്രീ പറഞ്ഞത് ഞങ്ങളൊരുമിച്ച് അടുത്ത ഇടവകകളില്‍ (Soverghati, Dudhani, Pakurd) പോയി ദിവ്യബലിയില്‍ സംബന്ധിച്ചിരുന്നുവെന്നാണ്. യേശുവിന്‍റെ തീക്ഷ്ണമായ ആദ്ധ്യാത്മികത തന്നെയായിരുന്നു സി. വല്‍സയുടെയും.

അവള്‍ നയിച്ച ഏകാന്തവാസം ആണ് പല പ്രശ്നങ്ങള്‍ക്കും കാരണം. അവളുടെ ജീവന്‍ അപകടത്തിലാകുമെന്ന് അറിഞ്ഞതുകൊണ്ടു തന്നെയാവണം തന്നോടൊപ്പം അവള്‍ മറ്റാരെയും ചേര്‍ക്കാതിരുന്നത്.  Pycil  ഉം സംഘവും നടത്തിയ ഗൂഢനീക്കങ്ങളെ തുടര്‍ന്ന് ആ ഗ്രാമം വിട്ടുപോയ അവള്‍ മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം തികഞ്ഞധൈര്യത്തോടെ വീണ്ടും ആ ഗ്രാമത്തിലേക്കു തിരിച്ചെത്തിയതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത, യേശുവിന്‍റെ ജറുസലേം യാത്രതന്നെയാണ്.
ഏതൊരു ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുവേണ്ടി സി. വല്‍സ സ്വജീവന്‍ ബലിയര്‍പ്പിച്ചുവോ, അതേ ജനതയുടെ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുക എന്നതാണ് നമുക്ക് അവളുടെ ആത്മശാന്തിക്കായി നല്‍കാവുന്ന ഏറ്റവും ഉചിതമായ ബലി.

You can share this post!

ബുദ്ധനും സോര്‍ബയും

സഖേര്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts