news-details
മറ്റുലേഖനങ്ങൾ

കഴിഞ്ഞദിവസം രാത്രിയില്‍ അമ്മ എന്നോടു പറഞ്ഞു: "ഇനി മുതല്‍ നീ ഈ കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങള്‍ നടത്തണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ ചെലവുകണക്കുകള്‍ നിന്നെ ഏല്‍പ്പിക്കും, നീ കുടുംബത്തിന്‍റെ കാര്യങ്ങള്‍ നോക്കിക്കൊള്ളണം." ഞാന്‍ പെട്ടെന്നുതന്നെ അമ്മയ്ക്കു മറുപടി കൊടുത്തു: "അമ്മേ, എനിക്ക് വളരെകുറച്ച് വരുമാനമേയുള്ളൂ. അത് എന്‍റെതന്നെ ആവശ്യത്തിനു തികയുന്നില്ല. പിന്നെ വീട്ടുകാര്യങ്ങള്‍ നടത്താന്‍വേണ്ടി നിങ്ങളോട് പണം ചോദിക്കുന്നത് എനിക്കത്ര സുഖകരമായി തോന്നുന്നുമില്ല." അമ്മ കുറേനേരം എന്നെ മിഴിച്ചുനോക്കിയിട്ട് അടുത്ത ദിവസത്തെ ഒരുക്കങ്ങളിലേക്കു നീങ്ങി.

ഉറങ്ങാന്‍ പോകുന്നതിനു തൊട്ടുമുന്‍പ് അമ്മ വീണ്ടും എന്‍റെ മുറിയില്‍ വരുമ്പോള്‍ ഞാന്‍ എന്‍റെ കമ്പ്യൂട്ടറില്‍ മുഴുകിയിരിക്കുകയായിരുന്നു. കമ്പ്യൂട്ടറിലേയ്ക്ക് എന്‍റെ തോളിന്‍റെ മുകളിലൂടെ മിഴിപായിച്ചുകൊണ്ട് അമ്മ പറഞ്ഞു: "മോനെ, ഈ സാധനം നീ എന്നെ പഠിപ്പിക്കണം. ഇതുവരെ ഇത് എനിക്ക് പിടികിട്ടിയിട്ടില്ല. ദൈവാനുഗ്രഹംകൊണ്ട് ഇപ്പോഴും എന്‍റെ ഓഫീസില്‍ കമ്പ്യൂട്ടറുകളായിട്ടില്ല." ഞാന്‍ അമ്മയോട് പറഞ്ഞു: "അമ്മേ, നമ്മള്‍ മൂന്നുപ്രാവശ്യം ശ്രമിച്ചതാണ്; എന്നിട്ടും കമ്പ്യൂട്ടര്‍ ഓണാക്കുകയും ഓഫാക്കുകയും ചെയ്യുന്ന സ്വിച്ചുപോലും അമ്മക്കറിയില്ല." അമ്മ മുറിയില്‍നിന്ന് പുറത്തേയ്ക്കു പോകുന്നത് ഞാന്‍ കണ്ടു. വാതില്‍ക്കലെത്തിയപ്പോള്‍ കുറച്ചുസമയം അവിടെനിന്ന് അമ്മ ഒരിക്കല്‍കൂടി എന്നെ നോക്കിനില്ക്കുന്നത് ഞാന്‍ അറിഞ്ഞെങ്കിലും തിരിഞ്ഞുനോക്കിയില്ല.

ആരോ എന്നെ നിരീക്ഷിക്കുന്നതുപോലെയുള്ള ഒരു തോന്നലില്‍, പാതിമയക്കത്തില്‍ തൊട്ടുമുന്‍പ് കണ്ടുകൊണ്ടിരുന്ന സ്വപ്നത്തിന്‍റെ കെട്ടുവിടാതെ കണ്ണുതുറന്നപ്പോള്‍ അമ്മ കട്ടിലിന്‍റെ ചുവട്ടില്‍ എന്‍റെ പാദത്തിന്‍റെ ഭാഗത്തിരുന്ന് എന്നെ നോക്കുന്നു, എന്നാല്‍ അമ്മയെന്നെ തൊട്ടിട്ടില്ല. ഞാന്‍ ഉണര്‍ന്നു എന്നറിഞ്ഞപ്പോള്‍ ഭാവവ്യത്യാസമൊന്നുമില്ലാതെ അമ്മ എന്നോടു പറഞ്ഞുതുടങ്ങി: "നീ നിന്‍റെ സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നത് ഞങ്ങള്‍ പരിശുദ്ധമെന്നു കരുതുന്ന പലതിനെയും അവഗണിച്ചുകൊണ്ടാണ്. മോന്‍, എന്നെപ്പോലെയോ മോന്‍റെ അപ്പയെപ്പോലെയോയാകണമെന്നല്ല അമ്മ പറയുന്നത്. മോന്‍ ഞങ്ങള്‍ ചിന്തിച്ചതുപോലെ ചിന്തിക്കണമെന്നോ, ജീവിച്ചതുപോലെ ജീവിക്കണമെന്നോ, വിശ്വസിച്ചതുപോലെ വിശ്വസിക്കണമെന്നോ, സ്വപ്നം കണ്ടതുപോലെ സ്വപ്നം കാണണമെന്നോ അല്ല ഞങ്ങള്‍ പറയുന്നത്. അതിനൊക്കെ മോന് മോന്‍റെ സ്വാതന്ത്ര്യമുണ്ട്."

കൊച്ചുപെലകാലെയുള്ള അമ്മയുടെ തത്വശാസ്ത്ര പ്രബോധനം കേട്ട് ഞാനൊന്നു ഞെട്ടി. എന്‍റെ അമ്മ തന്നെയാണോ ഈ സംസാരിക്കുന്നത്! ഒരു പക്ഷേ ഇതൊരു സ്വപ്നമായിരിക്കും. അമ്മ അടുത്തിരിക്കുന്നുണ്ടെന്നേ ഉണ്ടാവുകയുള്ളൂ. എന്‍റെ മനസ്സ് യാഥാര്‍ത്ഥ്യ ബോധത്തിലേയ്ക്കു വരാനായി പണിപ്പെട്ടുകൊണ്ട് പിറുപിറുത്തു:

"എന്താ?!"

അമ്മ തുടര്‍ന്നു:

"നീ വിവാഹം കഴിക്കണം. ഞങ്ങള്‍ അതിനുവേണ്ടി എന്തെങ്കിലും ചെയ്യണോ?"

ഞാന്‍ പറഞ്ഞു:

"അമ്മേ, എനിക്ക് ഒത്തിരി സ്ത്രീകളുമായി പലവിധത്തിലുള്ള അടുപ്പങ്ങളുമുണ്ട്. എന്നാല്‍ വിവാഹത്തിന്‍റെ ആവശ്യം എനിക്കു തോന്നിയിട്ടില്ല. കാരണം ലൈംഗികബന്ധത്തിനും സൗഹൃദത്തിനുമുള്ള ഒരു വ്യവസ്ഥിതിയെന്ന നിലയില്‍ എനിക്ക് വിവാഹത്തോട് താത്പര്യവുമില്ല."

അമ്മ എഴുന്നേറ്റ് കുറച്ചുകൂടി എന്‍റെ അടുത്തുവന്ന് എന്നെ ഒന്നു നോക്കി പുഞ്ചിരിച്ചശേഷം പറഞ്ഞു:

"മോനെ, നീ നിന്‍റെ സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നത് ഞങ്ങളുടെ ചെലവിലാണ്. ഞങ്ങള്‍ക്ക് പ്രായമായിക്കൊണ്ടിരിക്കുകയാണ്, നീ കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ട കാലമായി. ഈ അറുപതിനോടടുക്കുന്ന പ്രായത്തില്‍ ജീവിക്കാനാഗ്രഹിച്ച ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കനുസരിച്ച് ഇനിയെങ്കിലും ഞങ്ങളും ജീവിക്കട്ടെ."

ദാ, അമ്മ പിന്നെയും തത്വവിചാരം നടത്തുന്നു. അപ്പോള്‍ ഞാന്‍ ആദ്യം കേട്ടത് സ്വപ്നമായിരുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തെയും എന്‍റെ സ്വപ്നങ്ങളെയും ബഹുമാനിച്ചുകൊണ്ടുതന്നെ അമ്മയുടെ വൈകാരികമായ ആഗ്രഹ പ്രകാശനമായിരുന്നു അത്. ഞാന്‍ എന്‍റെ ന്യായവാദം തുടര്‍ന്നു:

"അമ്മേ, അമ്മയുടെ സ്വപ്നങ്ങള്‍ ജീവിക്കാന്‍ ആരാ തടസ്സം നില്‍ക്കുന്നത് വേണമെങ്കില്‍ ജോലിയും ഉപേക്ഷിച്ച് അപ്പയുടെകൂടെ ഒരുമിച്ച് നിങ്ങളുടെ സ്വപ്നങ്ങള്‍ ജീവിച്ചുകൂടേ. ഞങ്ങളെ മൂന്നുപേരെക്കുറിച്ച് നിങ്ങള്‍ ആകുലപ്പെടേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ തീര്‍ച്ചയായും ജീവിക്കും, സുഖമായി തന്നെ. അപ്പയുടേയും അമ്മയുടേയും മക്കളൊക്കെ വളര്‍ന്നു; അവര്‍ക്ക് അവരുടെ കാര്യം നോക്കാന്‍ പ്രാപ്തിയുമായി."

അമ്മ പതുക്കെ മുറിവിട്ടു പോകാന്‍ തിരിഞ്ഞുകൊണ്ട് പറഞ്ഞു:
"എന്‍റെ മക്കളെ, നിങ്ങളാണ് എന്‍റെ സ്വപ്നം!"

You can share this post!

ബുദ്ധനും സോര്‍ബയും

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts