news-details
മറ്റുലേഖനങ്ങൾ

പ്രകൃതിക്കെതിരെയുള്ള പാപങ്ങള്‍

കുമ്പസാരിക്കാന്‍ ചെല്ലുന്ന കത്തോലിക്കര്‍ പരിസ്ഥിതിക്കെതിരെ ചെയ്യുന്ന പാപങ്ങളും ഏറ്റുപറഞ്ഞു കുമ്പസാരിക്കേണ്ടതാണെന്ന് കേരള കത്തോലിക്കാ മെത്രാന്‍ കൗണ്‍സില്‍ 2011 ഡിസംബര്‍ 15-ന് പ്രഖ്യാപിച്ചിരിക്കുന്നു. 'പ്രകൃതിയെ ഏതുവിധത്തില്‍ ചൂഷണംചെയ്യുന്നതും ദൈവത്തിനെതിരെയുള്ള പാപമാണ്,' കൗണ്‍സില്‍ വ്യക്തമാക്കി.

തികച്ചും വിവേകപൂര്‍ണവും കാലികപ്രസക്തവുമായ ഈ പ്രഖ്യാപനം കുറച്ചുകൂടി നേരത്തെ നടത്തേണ്ടതായിരുന്നു എന്നാണ് എന്‍റെ അഭിപ്രായം. പ്രത്യേകിച്ച് ഈ നൂറ്റാണ്ടാരംഭിച്ചപ്പോള്‍ത്തന്നെ നാം മനുഷ്യസമൂഹത്തിലെ അംഗങ്ങള്‍ എന്നതിലേറെ, വിപുലമായ ഒരു സമൂഹത്തിലെ, ഭൂമി എന്ന നമ്മുടെ ഗൃഹഗ്രഹത്തിലെ, സങ്കീര്‍ണമായ എല്ലാ ജൈവസംവിധാനങ്ങളും വ്യത്യസ്തജനിതകജാതികള്‍ അടങ്ങുന്ന ജൈവവൈവിധ്യവും ഉള്‍പ്പെടുന്ന വലിയൊരു സമൂഹത്തിലെ (multi-species community), അംഗങ്ങളാണെന്ന യാഥാര്‍ഥ്യബോധത്തിലേക്ക് ഉണര്‍ന്നുതുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ മനുഷ്യസമൂഹത്തിന്‍റെ ഭാഗമായി മാത്രം ജീവിക്കാനുള്ള വിദ്യാഭ്യാസമല്ല, വ്യത്യസ്ത ജൈവസംവിധാനങ്ങളടങ്ങുന്ന ഒരു സമൂഹത്തില്‍ ജീവിക്കാനുള്ള വിദ്യാഭ്യാസമാണ് നമുക്കു വേണ്ടത്.

എക്കോളജി എന്ന വാക്ക് വീട് എന്ന വാക്കിന്‍റെ ഗ്രീക്കുപദത്തില്‍നിന്നാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടത് പരസ്പരബന്ധമുള്ള ജീവജാലങ്ങള്‍ വിശ്വത്തെത്തന്നെ വീടായിക്കണ്ട് പരസ്പരം പങ്കുവച്ച് ജീവിക്കേണ്ടവരാണ് എന്നാണ്. അതുകൊണ്ട് നീതി എന്ന വാക്കിന്‍റെ സ്വാഭാവികമായ വികാസമാണ് എക്കോളജി എന്നു പറയാം. സാമൂഹിക ധാര്‍മികതയുടെ (social morality) മറ്റൊരു തലമാണത്.  മനുഷ്യന്‍റെയും മനുഷ്യനല്ലാത്ത ജീവജാലങ്ങളുടെയും ലോകങ്ങള്‍ വ്യത്യസ്ത മാനങ്ങളിലുള്ളവയാണ്. മനുഷ്യരുടെ പരിധികള്‍വിട്ട ജീവിതം വഴി അവ തമ്മിലുള്ള സന്തുലനം ഗൗരവതരമായി തകര്‍ന്നിട്ടുണ്ട്. മനുഷ്യന്‍ ഇങ്ങനെ തകര്‍ത്തിട്ടുള്ളത് പാരിസ്ഥിതിക സംവിധാനത്തെ മാത്രമല്ല മനുഷ്യത്വത്തിന്‍റെ ഗുണനിലവാരത്തെയും കൂടിയാണെന്ന് പാരിസ്ഥിതിക ധാര്‍മികത വാദിക്കുന്നു. മനുഷ്യജീവികളുടെ, മനുഷ്യകേന്ദ്രീകൃതമായ അഹങ്കാരത്തോടെയുള്ള, സൃഷ്ടികര്‍ത്താക്കള്‍ എന്ന ഭാവത്തോടെയുള്ള, പെരുമാറ്റം ഒഴിവാക്കണമെന്നാണ് അത് ആവശ്യപ്പെടുന്നത്.

ഇനിയും മനുഷ്യന്‍ ഭൂമിയുടെ സ്വഭാവവും വികസനസാധ്യതകളും കൂടുതല്‍ പ്രയോജനപ്രദവും വിപുലവുമാക്കുന്ന പ്രക്രിയയില്‍ തനിക്കുള്ള പങ്കു കണ്ടെത്താനാണ്, സ്വയം കേന്ദ്രസ്ഥാനത്തു നിര്‍ത്താനല്ല, ശ്രമിക്കേണ്ടത്. മനുഷ്യന്‍റെ ത്യാഗപൂര്‍ണമായ സാന്നിധ്യമാണ് ഭൂമിയെ രക്ഷിക്കാന്‍ വേണ്ടത്. സൃഷ്ടജാലങ്ങള്‍ക്കെല്ലാം അവകാശങ്ങള്‍ പങ്കുവയ്ക്കാനും സന്തുലിതമായി സംരക്ഷിക്കാനുമുള്ള സന്നദ്ധതയെന്ന അര്‍ഥമാണ് രക്ഷ എന്ന വാക്കിന് നാം ഇനിയും നല്കേണ്ടത്.

ദൈവികതയുടെ പ്രാഥമികമായ വെളിപ്പെടല്‍ ഭൗതികലോകത്തിലൂടെ (പ്രകൃതിയിലൂടെ)

വിഭവസമൃദ്ധവും വൈവിധ്യപൂര്‍ണവുമായ പ്രകൃതിതന്നെയാണ് അന്യവത്കരണം അനുഭവിക്കുന്ന മനുഷ്യന് അതില്‍നിന്നു മുക്തിനല്കുന്ന പ്രാഥമികമായ ദൈവികവെളിപാട്. ഒറ്റയ്ക്കെടുത്താല്‍ ഒരു ജീവിയും ദൈവത്തിന്‍റെ പൂര്‍ണതയ്ക്ക് സമുചിതമായ മാതൃകയല്ലെങ്കിലും എക്കോ-സിസ്റ്റം എന്നു വിളിക്കപ്പെടുന്ന പ്രകൃതിയിലെ സംവിധാനം ദൈവത്തിന്‍റെ സമഗ്രവും പൂര്‍ണവുമായ ഭാവം നമുക്കു കാണിച്ചുതരുന്നതാണ്.

ദൈവമെന്ന സ്രഷ്ടാവിന്‍റെ വ്യത്യസ്ത രൂപഭാവങ്ങളിലുള്ള പ്രതിബിംബങ്ങള്‍ പോലെയാണ് ജീവജാലങ്ങള്‍. ഓരോ ജീവിയും അതിന്‍റെ ജാതിയിലുള്ള ദൈവത്തിന്‍റെ പ്രതിബിംബമാണെന്നും ദൈവത്തിന്‍റെ വ്യത്യസ്തരൂപഭാവങ്ങളാണ് അങ്ങനെ വെളിപ്പെടുന്നതെന്നും ഓരോന്നും ദൈവം എന്ന സമഗ്രതയുടെ (ആകെത്തുകയുടെ) ആവിഷ്കാരത്തിന് സ്വന്തം സംഭാവന നല്കുന്നുണ്ടെന്നും നാം മനസ്സിലാക്കണം.

നാം അറിഞ്ഞോ അറിയാതെയോ ലോകത്തിലുള്ളവയെ ജീവനുള്ളവ, ജീവനില്ലാത്തവ എന്നിങ്ങനെ രണ്ടിനമായി തിരിച്ചാണു കാണാറുള്ളത്. സസ്യങ്ങളും മൃഗങ്ങളും മനുഷ്യരും ആദ്യത്തെ ഇനത്തിലും പാറയും സൂക്ഷ്മകണങ്ങളും മറ്റും രണ്ടാമത്തെ ഇനത്തിലും പെടുന്നതായാണ് നാം മനസ്സിലാക്കുന്നത്.

പൗരാണികരും ആധുനികരുമായ, നോര്‍ത്ത് വൈറ്റ്ഹെഡ്ഡിനെപ്പോലെയുള്ള തത്ത്വചിന്തകര്‍ മൃതം എന്നു നാം കരുതുന്ന പദാര്‍ഥങ്ങളും അവയുടേതായ രീതിയില്‍ അബോധത്തില്‍ ജീവനുള്ളവയാണെന്ന് വാദിക്കുന്നവരാണ്. ആഫ്രിക്കയിലെ പാരമ്പര്യവാദികളും തദ്ദേശീയരായ അമേരിക്കക്കാരും പൗരാണിക ഗ്രീക്കുകാരും ഏഷ്യാക്കാരായ നിരവധി ചിന്തകരും പാശ്ചാത്യ കാല്പനിക കവികളും ആധുനിക പാശ്ചാത്യ ചിന്തകരായ ലെബ്നിസ്, ഗോയ്ഥേ, ജോണ്‍ റസ്കിന്‍ മുതലായവരും ഒക്കെ ഈ ചിന്താധാരയുടെ പ്രതിനിധികളാണ്.

സ്വന്തം വ്യക്തിഗതമായ വികാരങ്ങളോടോ താത്പര്യങ്ങളോടോ യാതൊരു ബന്ധവുമില്ലാത്ത വിധത്തില്‍ നിരീക്ഷകര്‍ക്ക് നിരീക്ഷിക്കാന്‍ മാത്രം കഴിയുന്ന വസ്തുക്കളുണ്ട് എന്ന ആശയത്തെ നിരാകരിക്കുന്നതിനുവേണ്ടിയായിരുന്നു വൈറ്റ്ഹെഡ്ഡിന്‍റെ അവസാനകാല ചിന്തകള്‍. ഇത് എല്ലാ യാഥാര്‍ഥ്യങ്ങള്‍ക്കും ആത്മനിഷ്ഠമായ ഒരു തലംകൂടിയുണ്ടെന്ന വാദത്തെക്കാള്‍ വിശ്വസനീയവും യുക്തിഭദ്രവുമാണ് എന്നു വിശ്വസിച്ചിരുന്നയാളായിരുന്നു വൈറ്റ്ഹെഡ്. എന്നാല്‍ പരിണാമമെന്ന ആശയത്തെ ഗൗരവമായി സമീപിച്ചപ്പോള്‍ ജീവനില്ലാത്ത പ്രോട്ടോണ്‍, ന്യൂട്രോണ്‍ മുതലായവയില്‍നിന്ന് ഭൂമി എന്ന ഗ്രഹത്തില്‍ അത്ഭുതകരമായി ജീവന്‍ ഉരുത്തിരിഞ്ഞുവന്നു എന്നുപറയുന്നത് തികച്ചും അവിശ്വസനീയമായി അദ്ദേഹത്തിനു തോന്നി. ഒന്നുമില്ലായ്മയില്‍നിന്ന് യാതൊന്നും ഉണ്ടാകില്ലെന്ന ഗ്രീക്കുചിന്തകരുടെ ചിന്തയ്ക്കു സമാനമായ വിധത്തില്‍ മൃതമായതില്‍നിന്ന് ജീവന്‍ ഉണ്ടാകില്ല എന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. വൈറ്റ്ഹെഡ്ഡിന്‍റെ ചിന്താധാര പിന്തുടര്‍ന്നാല്‍ പിന്നീടു പരിണാമപ്രക്രിയയുടെ ഫലമായി ഉരുത്തിരിഞ്ഞുവന്ന ജീവന്‍ എന്ന പ്രതിഭാസത്തിന്‍റെ പ്രാഥമികമായ ആവിഷ്കാരമായിരുന്നു, അതിന് അപവാദമായിരുന്നില്ല, അചേതനമായ വസ്തുക്കള്‍ എന്ന് നമുക്കു മനസ്സിലാക്കാന്‍ കഴിയും.
സമകാലിക ഭൗതികശാസ്ത്രത്തില്‍ സൂക്ഷ്മദര്‍ശിനികൊണ്ടു നിരീക്ഷിക്കാവുന്നവയ്ക്കും അടിയിലുള്ള മേഖലയില്‍ കണങ്ങളോ തരംഗങ്ങളോ അല്ല നൈമിഷിക സ്പന്ദനങ്ങളായ ഊര്‍ജ-സംഭവങ്ങളാണ് (energy-events) ഉള്ളതെന്ന് വൈറ്റ്ഹെഡ് കണ്ടെത്തി. ക്വാണ്ടം മെക്കാനിക്സ് കാണിച്ചുതരുന്നതനുസരിച്ച് ഇവയ്ക്ക് ജീവന്‍റെ സ്വഭാവഗുണങ്ങളുണ്ട്. (സ്വന്തം പരിസരം പരിഗണിച്ച് ബോധപൂര്‍വമോ അബോധപൂര്‍വമോ അതിനോടു പ്രതികരിക്കാനും സ്വന്തം വിധി ഭാഗികമായെങ്കിലും നിര്‍ണയിക്കാനും കഴിയുന്ന സത്തയാണ് ജീവന്‍.) ഈ കണങ്ങള്‍ക്ക് ഭൂതകാല സംഭവങ്ങള്‍ പരിഗണിക്കാനും ഓര്‍ത്തുവയ്ക്കാനും ശേഷിയുണ്ട് എന്നതിനാല്‍ അവയ്ക്ക് സര്‍ഗശക്തിയുണ്ടെന്നുതന്നെ പറയാം. അവയ്ക്ക് അവയുടേതായ സര്‍ഗശേഷിയും സചേതനത്വവുമുണ്ട്. ആത്മനിഷ്ഠമായ അനുഭവം എന്നു നാം വിളിക്കുന്ന പ്രതിഭാസത്തിന്‍റെ പ്രാഥമികമായ സ്വഭാവമാണ് അവയില്‍ നാം കാണേണ്ടത്.

വൈറ്റ്ഹെഡ്ഡിന്‍റെ വീക്ഷണത്തില്‍ പര്‍വതത്തിന് ജീവനുണ്ട്. അതില്‍ നടക്കുന്ന കോടിക്കണക്കിന് ഊര്‍ജ-സംഭവങ്ങളുടെ ഇടയില്‍ (അവയോരോന്നിനും അതതിന്‍റെ ആത്മനിഷ്ഠമായ അടിയന്തരസ്വഭാവമുണ്ട്.) സബ്ആറ്റമിക്ക് ആയ ഒരു ഊര്‍ജ-സംഭവത്തിന് കേന്ദ്ര നാഡീവ്യൂഹമുള്ള ജന്തുക്കളുടെ അനുഭവങ്ങളുമായി വലിയ വ്യത്യാസമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പരിസ്ഥിതിവാദിയായ ഒരു ക്രൈസ്തവന്‍റെ കാഴ്ചപ്പാടില്‍ പലതരത്തില്‍ മരങ്ങളില്‍നിന്ന് വ്യത്യസ്തമായിരിക്കുമ്പോഴും പാറകള്‍ക്കും ജീവനുണ്ട്. ആറ്റത്തിനുള്ളില്‍ നടക്കുന്ന ഇലക്ട്രോണ്‍-സംഭവത്തിലും ഒരു വൃക്ഷത്തിന്‍റെ ജീവകോശത്തിലും ഒരു ചിമ്പാന്‍സിയുടെ മസ്തിഷ്കത്തിലും നടക്കുന്ന ഊര്‍ജ-സംഭവങ്ങളിലും ഉള്ള ആത്മനിഷ്ഠത തികച്ചും വ്യത്യസ്തമാണെങ്കിലും എല്ലാറ്റിനും ജൈവസ്വഭാവമുണ്ടെന്നതാണ് വസ്തുത.

എല്ലാം തമ്മിലുള്ള ഉറ്റ ബന്ധം

എന്‍റെ ശരീരം എന്‍റെ ഭാഗമാണെങ്കിലും അത് എന്നെക്കാള്‍ ഉപരിയാണ്. അതുപോലെതന്നെ എനിക്ക് അതിനെ സ്വാധീനിക്കാനാവും എന്നതിനാല്‍ ഞാന്‍ എന്‍റെ ശരീരത്തെക്കാള്‍ ഉപരിയാണെന്നും പറയണം. ഹ്വാ-യെന്‍ ബുദ്ധമത ദര്‍ശനത്തിന്‍റെ ശൈലിയില്‍ പറഞ്ഞാല്‍ അവ പരസ്പരം തുളച്ചുകയറുന്ന (mutually penetrating) സ്വഭാവമുള്ളവയാണ്. ഈ ഉദ്ഗ്രഥിത (പരസ്പരം തുളച്ചുകയറല്‍) ബന്ധം മനസ്സും ശരീരവും തമ്മില്‍ മാത്രമുള്ളതല്ല. ഈ ഭൂമിക്കപ്പുറത്തും  ഇതരപദാര്‍ഥങ്ങളുമായി ഗുരുത്വാകര്‍ഷണശക്തിയാല്‍ പരസ്പരം ബന്ധപ്പെട്ടാണ് എല്ലാ പദാര്‍ഥങ്ങളും നിലനില്ക്കുന്നത്. ഒരു വസ്തുവിന്‍റെ സത്ത എല്ലാറ്റിലും ഉള്ളതുതന്നെയാണ് എന്നും നേരേതിരിച്ച് എല്ലാറ്റിലും ഉള്ള സത്ത ഓരോ വസ്തുവിലും ഉണ്ട് എന്നുംകൂടി മനസ്സിലാക്കുന്നതാണ് പാരിസ്ഥിതിക ക്രൈസ്തവത്വം. പ്രപഞ്ചം ഒരേ അസ്തിത്വത്തിന്‍റെതന്നെ ഒരു വലിയ വലയാണ്. അണുമുതല്‍ അണ്ഡകടാഹംവരെയുള്ള സകലതും പരസ്പരം അഭേദ്യമായ ബന്ധമുള്ളവയാണ്. ഓരോ ജീവരൂപത്തിനും (അചേതന സചേതന ഭേദമില്ലാതെ) ഇതര ജീവരൂപങ്ങളോടുള്ള ബന്ധം പരസ്പരം തുളച്ചുകയറുന്ന വിധത്തിലുള്ള ബന്ധമാണെന്ന് നാം മനസ്സിലാക്കണം. ആകാശത്തില്‍ പുകപടലംപോലെ അങ്ങിങ്ങു ചിതറിക്കിടക്കുന്ന, പരസ്പരം ബന്ധമില്ലാത്ത, എന്തോ ചില പദാര്‍ഥങ്ങളല്ല പ്രപഞ്ചം. പരസ്പരം ബന്ധമുള്ള, അളവിലും ഗുണത്തിലും വ്യത്യസ്തതകളുള്ള, തനിമയുള്ള, നിരവധി പദാര്‍ഥങ്ങള്‍  വ്യാപിച്ചുകിടക്കുന്നിടമാണ് ഈ പ്രപഞ്ചം. ആദ്യം ലളിതമായ രൂപത്തില്‍ ഉളവായ ജീവരൂപങ്ങളും പിന്നീട് സങ്കീര്‍ണമായ രൂപത്തില്‍ ഉരുത്തിരിഞ്ഞ ജീവരൂപങ്ങളും പരസ്പരം അര്‍ഥം പകരുമാറ്, കണ്ണിചേര്‍ക്കപ്പെടാനാവുംവിധം ഇവിടെ നിലനില്ക്കുന്നു.

1500 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ടായ മഹാ സ്ഫോടനത്തിലൂടെ (കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ മഹാപ്രകാശത്തില്‍നിന്ന്) നമ്മെയെല്ലാം ഏകബീജരൂപത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രപഞ്ച ചൈതന്യമായി മാറിയ മഹാചൈതന്യം. ഒരു വിത്തില്‍ മരം എന്നതുപോലെ ആ നിമിഷത്തില്‍ത്തന്നെ മഹാസാധ്യതകളുടെ മഹാബീജമായി അന്നുതന്നെ ഉളവായതാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥപോലും.

450 കോടി വര്‍ഷങ്ങളാണ് ഭൂമിയുടെ പ്രായം. കോടിക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ടാണ് ഇന്നിവിടെ നിലനില്ക്കുന്ന വ്യത്യസ്ത ജീവരൂപങ്ങളെല്ലാം ഉളവായത്. സൂര്യന്‍ എന്നു വിളിക്കപ്പെടുന്ന ഒരു നക്ഷത്രത്തിനുചുറ്റും ഭ്രമണംചെയ്യുന്ന ഭൂമിയെന്ന ചെറുഗ്രഹത്തില്‍ വസിക്കുന്ന നാം സഞ്ചാരികള്‍ മാത്രം. സൂര്യനാകട്ടെ ക്ഷീരപഥം എന്ന പതിനായിരം കോടിയിലേറെ നക്ഷത്രങ്ങളടങ്ങുന്ന നക്ഷത്രസമൂഹത്തിലെ ഒരു നക്ഷത്രം മാത്രമാണ്. ക്ഷീരപഥമോ പ്രപഞ്ചത്തിലെ കോടിക്കണക്കിന് നക്ഷത്രസമൂഹങ്ങളില്‍ ഒന്നുമാത്രം!

നാമെല്ലാവരും ഭൗമകുടുംബത്തിലുള്ള ഓരോ അംഗത്തിനും സസന്തോഷം നിലനില്ക്കാനും വളരാനും ആവശ്യമായവയെല്ലാം പങ്കുവയ്ക്കാന്‍ ബാധ്യസ്ഥരാണ്. ഈ ഭൗമകുടുംബത്തിലെ പരമാണുമുതല്‍ പര്‍വതരാജനുവരെ നിലനില്പ് ഉറപ്പുവരുത്താന്‍ കഴിയുമ്പോള്‍ മാത്രമേ മനുഷ്യനും സ്വജീവിതം അര്‍ഥപൂര്‍ണമാക്കാന്‍ കഴിയൂ.  

ദരിദ്രരുടെ വിമോചനവും പ്രകൃതിയുടെ വിമോചനവും

ദരിദ്രരുടെ, മര്‍ദിതരുടെ, തിരസ്കൃതരുടെ വിമോചനം നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വംശനാശഭീഷണിയ്ക്കു വിധേയമായ ജീവജാതികളെയും മരങ്ങള്‍വെട്ടിയും പാറപൊട്ടിച്ചും ഒക്കെ അമിതമായി ചൂഷണം ചെയ്യപ്പെടുന്ന മലഞ്ചെരിവുകളെയും മണ്ണെടുത്തും മറ്റും കൃഷിയോഗ്യമല്ലാതാക്കപ്പെടുന്ന കൃഷിഭൂമികളെയും മലിനമാക്കപ്പെടുന്ന നദികളെയും ഒക്കെക്കൂടി നാം പരിഗണിക്കേണ്ടതുണ്ട്. ഭൂമിക്കും ദരിദ്രര്‍ക്കും നീതി ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനം ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളായി മനസ്സിലാക്കണം. മണ്ണിനെ അവഗണിച്ച്, മനുഷ്യരെ ദാരിദ്യത്തില്‍നിന്ന് മോചിപ്പിക്കാന്‍വേണ്ടി പ്രവര്‍ത്തിക്കുക എന്നുപറയുമ്പോള്‍ നമ്മുടെ ജീവന്‍റെ നിലനില്പിന് അനിവാര്യമായ കുറെയേറെ കാര്യങ്ങള്‍ നാം അവഗണിക്കുകയാണ്. കടല്‍, വായു, ജലം, മണ്ണ്, സസ്യജാതികള്‍, ജന്തുജാതികള്‍ മുതലായവയുടെയെല്ലാം നിലനില്പ് ദരിദ്ര-ധനിക ഭേദമെന്യേ എല്ലാ മനുഷ്യര്‍ക്കും അനിവാര്യമാണ്.

ജനങ്ങളുടെ ദാരിദ്ര്യവും പരിസ്ഥിതിയുടെ അപചയവും കൈകോര്‍ത്തു നീങ്ങുന്ന രണ്ടു പ്രതിഭാസങ്ങളാണ്. പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഗണിക്കുന്നത് സാമ്പത്തിക പുരോഗതിക്കു തടസ്സം സൃഷ്ടിക്കും എന്നൊരു കാഴ്ചപ്പാട് മുമ്പുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് പാരിസ്ഥിതികമായ പ്രശ്നങ്ങള്‍ പരിഗണിക്കാതിരിക്കുന്നത് സാമ്പത്തികപദ്ധതികള്‍ക്കു പ്രശ്നം സൃഷ്ടിക്കും എന്ന കാഴ്ചപ്പാടിനു വഴിമാറിക്കഴിഞ്ഞു. നമുക്കു നമ്മോടു മാത്രമല്ല, മറ്റു ജീവജാലങ്ങളിലും മനുഷ്യരിലും നിന്ന് ഭാവിയില്‍ ജനിച്ചു വളരേണ്ട തലമുറകളോടും  ഉത്തരവാദിത്വമുണ്ട്.

പരിസ്ഥിതി മനുഷ്യകേന്ദ്രീകൃതമല്ല

മനുഷ്യന്‍ ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവനാണ് എന്നതിന്‍റെ പേരില്‍ മനുഷ്യന്‍ പുലര്‍ത്തിപ്പോന്ന ഉത്കൃഷ്ടതാബോധത്തിന് പാരിസ്ഥിതികവീക്ഷണത്തില്‍ ഇന്ന് യാതൊരു അടിസ്ഥാനവുമില്ല. മനുഷ്യന്‍റെ വികസന സംരംഭങ്ങളുടെ പേരില്‍ പരിസ്ഥിതിയില്‍ ഇന്നുണ്ടായിട്ടുള്ള നിരവധി പ്രശ്നങ്ങള്‍ മനുഷ്യനെ മാത്രമല്ല, ഭൂപ്രകൃതിയെയും ഭൂമിയിലെ കാലാവസ്ഥയെയും ഇതര ജീവജാലങ്ങളെയും എല്ലാം ദോഷകരമായി സ്വാധീനിച്ചിട്ടുണ്ട് എന്ന വസ്തുത ഇന്ന് എല്ലാവരും അംഗീകരിക്കുന്നു.

മനുഷ്യമഹത്വത്തിന് ദൈവശാസ്ത്രപരമായി നല്കിയിരുന്ന ന്യായങ്ങള്‍ ഇനിയും നമുക്ക് ഉദ്ധരിക്കാനാവില്ല. കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട് വികസിതമാകുകയും നിലനിര്‍ത്തപ്പെടുകയും ചെയ്തിട്ടുള്ള ഭൂമിയിലെ ആവാസവ്യവസ്ഥ മനുഷ്യനുവേണ്ടി മാത്രമാണെന്ന് നമുക്ക് ആത്മാര്‍ഥമായി എങ്ങനെ അവകാശപ്പെടാനാവും? നമ്മുടെതന്നെ ജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമായ ഈ ആവാസവ്യവസ്ഥ തകര്‍ക്കാന്‍ നമുക്കെന്തവകാശം? നാം ഒരു കൂട്ട ആത്മഹത്യയ്ക്കു ശ്രമിക്കുകയാണെന്നു ബോധ്യമുള്ള ദൈവം അതിനു സമ്മതം മൂളും എന്നു കരുതണോ?

ഭൗതികവും ധാര്‍മികവുമായ വ്യവസ്ഥകളെയെല്ലാം പാരസ്പര്യപൂര്‍ണമാക്കാന്‍ ഇവിടെ നമുക്കുള്ള പരസ്പരബന്ധങ്ങളെല്ലാം പാരിസ്ഥിതികമായി സഹായകമാണെന്നു മനസ്സിലാക്കി ഈ ഭൂമിയിലുള്ളവയുടെയെല്ലാം സുസ്ഥിതിയ്ക്കും സമാധാനത്തിനും പുരോഗതിക്കും സഹായകമാക്കുന്നതിലൂടെയായിരിക്കും മനുഷ്യമഹത്വമെന്തെന്ന് നമുക്കും പ്രകൃതിക്കും വെളിവാകുക.

'പ്രകൃതിയെ ഏതുവിധത്തില്‍ ചൂഷണംചെയ്യുന്നതും ദൈവത്തിനെതിരെയുള്ള പാപമാണ്,' എന്ന  കേരള കത്തോലിക്കാ മെത്രാന്‍ കൗണ്‍സിലിന്‍റെ പ്രഖ്യാപനത്തോട് നമുക്കു നീതിപുലര്‍ത്താം!

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts