news-details
മറ്റുലേഖനങ്ങൾ

മണ്ണുവിചാരം എന്നെ കൊണ്ടെത്തിച്ചതു 'മനുഷ്യാ നീ മണ്ണാകുന്നു' എന്ന തിരുവചനത്തിലാണ്. മാനവികമായ അസ്തിത്വത്തിന്‍റെ ആദിമധ്യാന്തങ്ങള്‍ മാത്രമല്ല എന്താണു മണ്ണ് എന്ന പൊരുളിന്‍റെ അമ്പരപ്പിക്കുന്ന ആഴവും പരപ്പും അതിലടങ്ങുന്നുവെന്നും തോന്നി. സത്തയും ശൂന്യതയും എന്ന നിത്യസമസ്യയുടെ കറക്കച്ചുഴിയിലേയ്ക്ക് അതെന്നെ ഉന്തിയിട്ടു.

ദൈവം മണ്ണുണ്ടാക്കി. മനുഷ്യനെയുമുണ്ടാക്കി. അതിനുമുമ്പ് ആകാശമുണ്ടാക്കി. അത് ശൂന്യത ആദിശൂന്യത. എന്നാല്‍ സത്തയില്ലാതെ ശൂന്യതയ്ക്കസ്തിത്വമില്ല. അതിനാലായിരിക്കണം ദൈവം ഭൂമിയുണ്ടാക്കിയത്. ദൈവം ഇരുട്ടും വെളിച്ചവും വേര്‍പെടുത്തി. ദൈവം സൃഷ്ടിച്ചത് ഭൂമിയുടെ, പ്രപഞ്ചത്തിന്‍റെ ഭൗതികമണ്ഡലമായിരുന്നു. ദൈവസൃഷ്ടിക്ക് ഉരുപ്പടിയൊന്നും വേണ്ട. ഭൂമിയുണ്ടാവട്ടെ എന്ന് അവന്‍ അരുള്‍ചെയ്തു. അപ്പോള്‍ ഭൂമിയുണ്ടായി. വചനം വസ്തുവായി. ശൂന്യതയില്‍നിന്ന് സത്തയുണ്ടായി. അവ പരസ്പരപൂരകങ്ങളാണ്. ഒന്നിന് മറ്റൊന്നിനെ കൂടാതെ നിലനില്പില്ല. അസ്തിത്വത്തില്‍ ദൈവികമായ ശൂന്യതയുടെ സാന്നിധ്യം അംഗീകരിക്കുന്ന ദര്‍ശനമാണ് ആസ്തികവാദം.

എന്നാല്‍ ശൂന്യതയില്‍നിന്ന് സത്തയുണ്ടായി എന്നതു ശാസ്ത്രസമ്മതമായൊരു സംഗതിയാകാനിടയില്ല. ശാസ്ത്രീയമായ തെളിവില്ല അതിന്. ആധുനികശാസ്ത്രം തെളിവുണ്ടാക്കുന്നതു വേര്‍തിരിവിലൂടെയാണ്. വേര്‍തിരിവിലൂടെ, അപഗ്രഥനത്തിലൂടെ നേടുന്ന അറിവാണ് ശാസ്ത്രീയമായ അറിവ് - ഭൗതികവസ്തുവിനെ കൊത്തിക്കീറി തട്ടിയുടച്ച് ശകലങ്ങളാക്കി നിരീക്ഷിക്കുന്ന രീതിയാണത്. സ്ഥൂലത്തെ അപഗ്രഥിച്ച് സൂക്ഷ്മമായ സത്യത്തില്‍ ചെന്നെത്താനാണതു ശ്രമിക്കുന്നത്. എന്നാല്‍ അപഗ്രഥനത്തില്‍ സൂക്ഷ്മം നഷ്ടപ്പെടും. വസ്തുവില്‍ തുടങ്ങിയത് വസ്തുവില്‍ത്തന്നെ ചെന്നുനില്ക്കും. വസ്തുവിന്‍റെ അപഗ്രഥനാത്മകമായ അന്വേഷണത്തിനൊടുവില്‍ വെളിപ്പെടുന്ന ശാസ്ത്രസത്യം അതിന്‍റെ കണികതന്നെയാകും. അന്വേഷണത്തിനുപയോഗിക്കുന്ന ഉപകരണത്തിന്‍റെ അളവനുസരിച്ച് കണ്ടെത്തലിന്‍റെ ഫലവും മാറും. ആദ്യം അണു വസ്തുവിന്‍റെ അഭാജ്യഘടകമായിരുന്നു. അതിപ്പോള്‍ പര-പര-പരമാണുവായ നുട്രീനോ ആണ്. ദൂരദര്‍ശിനിയെന്ന വിസ്മയക്കണ്ണിലൂടെ ഗലീലിയോ കണ്ടതല്ല റേഡിയോ ടെലസ്കോപ്പ് അനാവരണം ചെയ്ത പ്രപഞ്ചക്കാഴ്ച. പ്രപഞ്ചം കൂടുതല്‍ വലുതായി എന്നതു മാത്രമല്ല സത്യവ്യത്യാസം. നവദര്‍ശനത്തില്‍ ഗലീലിയോ അനുഭവിച്ച അപാരമായ ആനന്ദം ആധുനികശാസ്ത്രജ്ഞന് അപ്രാപ്യം തന്നെയാകും. അയാള്‍ യഥാര്‍ത്ഥത്തില്‍ ചെന്നെത്തിയത് 'അനന്തമജ്ഞാതമവര്‍ണനീയം' എന്ന പഴയ സമസ്യയില്‍ത്തന്നെയാകുന്നു. അനിശ്ചിതത്വത്തിന്‍റെ തടവറയിലെ ജീവപര്യന്തക്കാരനായി അയാള്‍ തുടരുന്നു. പ്രകാശവേഗത്തെ കടത്തിവെട്ടുന്ന നുട്രീനോകളെ കണ്ടെത്തിയെന്നഭിമാനിക്കുന്ന ശാസ്ത്രജ്ഞന് തന്‍റെ പുതിയ കണ്ടെത്തല്‍ ലോകമിന്നു നേരിടുന്ന  പ്രതിസന്ധിയുടെ ഗുരുത്വം കുറയ്ക്കാനും വ്യാപ്തി തടയാനും ഉതകുമെന്നു പറയാനൊക്കുമോ? പ്രതിസന്ധി ശാസ്ത്രനിര്‍മ്മിതിയാണ്. അതിന്ന് അടുത്തജന്മം ഓന്തുകളായി പുനര്‍ജനിക്കാനിരിക്കുന്ന അധികാര രാഷ്ട്രീയക്കാരുടെ കളിക്കളങ്ങളിലെ ഉരുട്ടുപന്തും ഏറുപന്തും ആയി പരിണമിച്ചിരിക്കുന്നു.

ആധുനികശാസ്ത്രം ഊന്നുവടിയാക്കുന്ന ദര്‍ശനത്തില്‍ ശൂന്യതയ്ക്കും അതിനാല്‍ ദൈവത്തിനും, സ്ഥാനമില്ല. ഭൗതികവസ്തു പൂര്‍ണമാണെന്നും അതിനാല്‍ വസ്തുസത്തയ്ക്ക് സ്വതന്ത്രമായ അസ്തിത്വമുണ്ടെന്നുമാണ് അതിന്‍റെ നിലപാട്. അതിനാലതു വസ്തുവാദമെന്ന ഭൗതികവാദവും ദൈവനിഷേധമെന്ന നാസ്തികമതവുമാണ്.

ഭൗതികവാദത്തില്‍ അധിഷ്ഠിതമായ ശാസ്ത്രസാങ്കേതികത മനുഷ്യരാശിക്ക് ഒരുപാടു നേട്ടമുണ്ടാക്കിക്കൊടുത്തിട്ടുണ്ട്. അവയുടെ ആകെത്തുകയാണു പുരോഗതി. ഇക്കാര്യം അംഗീകരിക്കുമ്പോള്‍ത്തന്നെ നിഷേധാത്മകമായ ഒരു മറുപുറംകൂടി അതിനുണ്ടെന്നതു നാം മറക്കാനും പാടില്ല. അതു നന്മയുണ്ടാക്കുമ്പോള്‍ത്തന്നെ തിന്മയുമുണ്ടാക്കുന്നു. വേദനയും രോഗവും ശമിപ്പിക്കുന്ന ആശുപത്രി പുതുവേദനകളും പുതുരോഗങ്ങളും ഉണ്ടാക്കുന്നുണ്ട്. ഉല്പന്നത്തിനൊപ്പം മലിനീകരണമുണ്ടാക്കുന്ന ഉപോല്പന്നവും നിര്‍മ്മിക്കുന്ന വ്യവസായ പ്രവര്‍ത്തനശൈലിയിലാണ് ക്ഷേമനിര്‍മ്മിതിക്കുള്ള സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും ഉപോല്പന്ന നിര്‍മ്മിതിയാല്‍ മലിനീകരണമുണ്ടാക്കുന്നു. മലിനീകരണം അസ്തിത്വത്തിന്‍റെ ഭൗതികവും അഭൗതികവുമായ തലങ്ങളെ ദുഷിപ്പിക്കുന്നുണ്ട്. മണ്ണ്, വെള്ളം, വായു എന്നിവയുടെ ദുഷിപ്പ് പ്രത്യക്ഷ പരിസരത്തിന്‍റെ മലിനീകരണമാണ്. അതുപോലെ ഉപഭോഗത്തിനുള്ള ആര്‍ത്തിയുടെ പെരുകല്‍ സത്യം, വിനയം, സ്നേഹം, കരുണ തുടങ്ങിയ സദ്ഭാവങ്ങളെ മുരടിപ്പിക്കുകയും കാമക്രോധലോഭാദികളായ ദുര്‍ഭാവങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം മലിനീകരണം സമൂഹതലത്തില്‍ അതിഭയങ്കരമായ ഹിംസയുടെ പലമട്ടിലുള്ള പ്രകടനമായി പ്രത്യക്ഷപ്പെടുന്നു. പരിഹാരയത്നങ്ങള്‍ പാളിപ്പോകുന്നതു സംയോജിത നീക്കങ്ങളുടെ അഭാവം നിമിത്തമാണ്. പരിഹാരപ്രക്രിയയുടെ തുടക്കം ആത്മശുദ്ധീകരണമാകണം. ആസക്തിയുടെ നിയന്ത്രണമാണത്. ആത്മശുദ്ധി പരിസരശുദ്ധിയായി പടരുമെന്ന് ഗാന്ധിജി നൂറുകൊല്ലം മുമ്പ് പറഞ്ഞുതന്നിട്ടുള്ളതാണ്.

ഇങ്ങനെ നന്മ തിന്മയും പുരോഗതി അധോഗതിയുമായിത്തീരുകയെന്ന ആധുനിക വൈരുദ്ധ്യം അംഗീകരിക്കുന്നവര്‍പോലും അതിന്‍റെ മൂലം ദാര്‍ശനികമായ താളപ്പിഴവാണെന്നു കേട്ടാല്‍ നെറ്റിചുളിച്ചേക്കും. സത്തയും ശൂന്യതയും വിരുദ്ധദ്വന്ദ്വങ്ങളാണെന്ന അനുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ശൂന്യതാമണ്ഡലം അടച്ചുപൂട്ടി സത്തയെ വാഴിച്ച ഭൗതികവാദികളാണ് താളപ്പിഴവുണ്ടാക്കിയത്. പൂര്‍ണത്തില്‍നിന്നു പൂര്‍ണമെടുത്താലും പൂര്‍ണം ശേഷിക്കുമെന്നു പാടിനടന്ന അദ്വൈതി ഒടുവില്‍ ശൂന്യത്തില്‍നിന്നു ശൂന്യമെടുത്താലും ശൂന്യം ശേഷിക്കുമെന്നു കണ്ടുപിടിച്ചു. പൂര്‍ണവും ശൂന്യവുംപോലെ ജീവാത്മാവും പരമാത്മാവും ഒന്നുതന്നെ എന്നു വിധിക്കുന്ന അദ്വൈതം ഒരു ഒത്തുതീര്‍പ്പാണ്. പരമാത്മാവിന് മേല്‍ക്കൈയുണ്ടോ എന്ന സന്ദേഹത്തിന്‍റെ നിഴല്‍പാട് അതിലുണ്ട്. ശൂന്യതമാത്രം സത്യം സത്ത പുത്തന്‍ നുണ എന്ന മട്ടിലുള്ള ഒരു തട്ടുപൊളിപ്പന്‍ പരിപാടിയാണ് മായാവാദം.  എന്നാല്‍ പ്രകൃതി-പുരുഷന്‍, ശക്തി-ശിവന്‍, അര്‍ധനാരീശ്വരന്‍ എന്നീ ശൈവബിംബങ്ങള്‍ ആ താളം ശരിയായിത്തന്നെ പ്രതിധ്വനിപ്പിക്കുന്നുണ്ട്. സ്ത്രീപുരുഷ സംഗമംപോലെ സത്തയുടെയും ശൂന്യതയുടെയും സമ്പൂര്‍ണമായ പാരസ്പര്യം ആ താളം ശരിയായി പ്രതിഫലിപ്പിക്കുന്നു. അത്തരം പാരസ്പര്യത്തില്‍നിന്നാണ് അഖന്ധമായ യാഥാര്‍ത്ഥ്യത്തിന്‍റെ -അസ്തിത്വത്തിന്‍റെ- പിറവി. അത് സൃഷ്ടിയുടെ താളമാണ്, പ്രപഞ്ചതാളം. അതിന്‍റെ ധ്വനനം എനിക്ക് എന്‍റെ ഉള്ളില്‍, എന്‍റെ നൂറായിരം കോടി ജീവകോശങ്ങളില്‍ അനുഭവിക്കാം. പുല്ലിലും പുഴുവിലും ആഴിയിലും പൂഴിയിലും, പ്രപഞ്ചം മുഴുവന്‍ ആ ധ്വനനം നിറഞ്ഞുനില്‍ക്കുന്നു. അപ്പോള്‍ ഉടയാടകള്‍ ഊരിയെറിഞ്ഞ് അസ്തിത്വം അതിന്‍റെ നഗ്നമായ തെളിമയില്‍ നടനമാടുന്നു - ദിഗംബരനടനം.

മണ്ണുതൊടാതെ ജീവിക്കുകയെന്ന ശാപം മനുഷ്യന് ആര്, എന്തിന്, എപ്പോള്‍ കൊടുത്തു എന്നൊന്നും എനിക്കറിയില്ല. മനുഷ്യനു കിട്ടിയിട്ടുള്ളതോ കിട്ടാവുന്നതോ ആയ ശാപങ്ങളില്‍ ഏറ്റവും മുന്തിയത് അതാണ്. ചെരിപ്പിടാതെ മുറ്റത്തെ മണ്ണില്‍ ചവിട്ടിയതിന് അടി കൊള്ളേണ്ടിവന്ന ശൈശവത്തിന്‍റെ സങ്കടം മുത്തച്ഛനായ എന്‍റെ നെഞ്ചിലുണ്ട്. പ്രസവവാര്‍ഡില്‍ ജനനം, കോണ്‍ക്രീറ്റു പൊത്തുകളില്‍ ശയനം, ഉരുക്കു ശകടങ്ങളില്‍ ചരണം, ഇന്‍റന്‍സീവ് കെയര്‍യൂണിറ്റില്‍ മരണം, വൈദ്യുതി ശ്മശാനത്തില്‍ ദഹനം ഇതാണ് ആധുനിക മനുഷ്യന്‍റെ ആത്മകഥാചുരുക്കം. ഇവര്‍ ഇക്കാലത്തെ മഹാഭാഗ്യവാന്മാര്‍. ഇവരത്രെ ജനക്ഷേമ നിര്‍മ്മിതിയുടെ അത്യുന്നതങ്ങളില്‍ വാഴുന്നവര്‍. ഇവരുടെ വിപണികളില്‍ അസ്തിത്വം മൊത്തമായും ചില്ലറയായും വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. അസ്തിത്വനിര്‍മ്മിതി മനുഷ്യ കൃത്യമല്ലാതാകുന്നു. ഈ മഹാഭാഗ്യം കിട്ടിയവരെയും ഇതു കിട്ടണമേ എന്നു പ്രാര്‍ത്ഥിക്കുന്നവരെയും കിഴിച്ചാല്‍ പിന്നെ മനുഷ്യരാശിയില്‍ ശേഷിക്കുന്നവരെത്ര? അംഗുലീപരിമിതം. അസ്തിത്വത്തിന്‍റെ ശൂന്യതാമേഖലയില്‍ ഇരുട്ടും വെളിച്ചവുമുണ്ട്. ദൈവം അവയെ വേര്‍പെടുത്തിയിരുന്നു. ഇരുട്ടു പരക്കുകയാണ്. പ്രകാശവൃത്തം ചുരുങ്ങിച്ചുരുങ്ങിവരുന്നു. ഇതാണ് ആധുനിക പ്രതിസന്ധി.

ഹിംസയുടെ അശുദ്ധി തീണ്ടാത്ത ഏകാന്തതയുടെ അപാരതീരങ്ങളില്‍ ദിഗംബരനടനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഫുക്കുവോക്ക തന്‍റെ വയലുകളില്‍ ആ നടനം പ്രത്യക്ഷപ്പെടുത്തിയിട്ടുണ്ട്. ആദ്യമതിന്‍റെ നൈമിഷിക ദര്‍ശനം തനിക്കു സാധ്യമായത് 1938 (7) മേയ്മാസത്തിലെ പതിനഞ്ചാം പുലരിയിലായിരുന്നു:

"അങ്ങനെ തുറമുഖത്തിനു പിമ്പുറത്തുള്ള കുന്നിലൂടെ അലയുന്നൊരു രാത്രിനേരം ക്ഷീണം മുഴുത്ത് ഞാന്‍ കുഴഞ്ഞുവീണു. വലിയൊരു മരം ചാരി ഉദയം വന്നെത്തിനോക്കുംവരെ ഉറങ്ങാതെ എന്നാലുണരാതെ ഞാനാ കിടപ്പുകിടന്നു. മേമാസത്തിലെ പതിനഞ്ചാം പുലരിയായിരുന്നു അന്ന്. എന്‍റെ മയക്കക്കാഴ്ചയില്‍ തെളിഞ്ഞ ഉദയവും ഉദയവെട്ടത്തില്‍ ഉണര്‍ന്ന തുറമുഖവും എങ്ങോ പോയ്മറഞ്ഞു. അപ്പോള്‍ നനുത്തൊരു തീരക്കാറ്റില്‍ പ്രകൃതിയുടെ മഞ്ഞുടുപ്പ് അഴിഞ്ഞുപോയി. അതാ ഒരു രാക്കൊക്ക്. ഒരൊച്ചയുമിട്ട് അതു പറന്നകന്നു. അകലുന്ന ചിറകടി ശബ്ദം എനിക്കു വ്യക്തമായി കേള്‍ക്കാം. ആ ക്ഷണം എന്‍റെ സന്ദേഹങ്ങള്‍ ഒഴിഞ്ഞു. പ്രജ്ഞയെ കലുഷമാക്കിയ വിഷാദധൂമികയും മാഞ്ഞു. എന്നില്‍ ശേഷിച്ചത് ഇതൊന്നുമാത്രം. ഇല്ല, ഈ ലോകത്തില്‍ ഒന്നുമില്ല. ഒന്നും ഞാനറിയുന്നില്ലെന്ന് ഞാനറിഞ്ഞു."

ഇത് സത്ത (അഹം) ശൂന്യതയില്‍ പൂര്‍ണമായും മുങ്ങിക്കഴിയുമ്പോള്‍ ഉണ്ടാകുന്ന വിചിത്രമായ അനുഭൂതിയാണ്. ഫുക്കുവോക്ക തുടരുന്നു:

"എനിക്കാധാരമായിരുന്ന ധാരണകള്‍, അസ്തിത്വ സങ്കല്പം തന്നെയും കേവലം ശൂന്യമെന്നു ഞാന്‍ കണ്ടു. എന്‍റെ ചേതന മേദസ്സറ്റു തെളിമയുറ്റതായി. ആനന്ദലഹരിയില്‍ ഞാന്‍ നൃത്തംചെയ്തു. മരച്ചില്ലകളില്‍ കിളികള്‍ ചിലയ്ക്കുന്നതെനിക്കു കേള്‍ക്കാം. അകലെ കടലലകളില്‍ അരുണകിരണങ്ങളുടെ മിന്നിത്തിളക്കം. അരികെ തുള്ളിക്കളിക്കുന്ന ഇലകളില്‍ പച്ചത്തിളക്കം. ഇതാണു സ്വര്‍ഗം. എന്‍റെ അല്ലലെല്ലാം പാഴ്ക്കിനാവെന്ന മട്ടില്‍ പോയ്മറഞ്ഞു. ആ സ്ഥാനത്ത് 'ശരിയായ പ്രകൃതി' എന്ന എന്തോ ഒന്ന് മറനീക്കി പുറത്തുവന്നു. (ഉദ്ധരണി - മസനോബു ഫുക്കുവോക്കയുടെ 'ഒറ്റവൈക്കോല്‍ വിപ്ലവം' എന്ന കൃതിയില്‍നിന്ന്). അത് 'ശരിയായ പ്രകൃതി'യുടെ, ദിഗംബരനടനത്തിന്‍റെ അപൂര്‍വദൃശ്യം. ഫുക്കുവോക്കയുടെ ദൈവം പ്രകൃതിയാണ്. പിന്നീട് മുപ്പതിലേറെ വര്‍ഷത്തിന്‍റെ ദീര്‍ഘതപസ്സിനുശേഷം ഫുക്കുവോക്ക തന്‍റെ മരുഭൂമിയില്‍ ആ നടനം സാക്ഷാത്കരിക്കുന്നുണ്ട്.

വയലില്‍നിന്ന് ഒരു പിടി മണ്ണെടുത്ത് കൈവെള്ളയിലുയര്‍ത്തിക്കാട്ടി ഫുക്കുവോക്ക പറഞ്ഞു:
"ജീവനുള്ള മണ്ണ്."

ഒരു പിടി മണ്ണില്‍ ഒരു കോടി ജീവസ്പന്ദനങ്ങള്‍! മണ്ണും മനുഷ്യനും കര്‍ത്താവും ഇവിടെ ഒന്നാകുന്നു. ഈ പാരസ്പര്യം തകര്‍ക്കപ്പെടുന്നു എന്ന് "മനുഷ്യാ നീ മണ്ണാകുന്നു" എന്ന വേദവാക്യം എന്നോടു മന്ത്രിക്കുന്നതായിത്തോന്നി. ഇത് മനുഷ്യന്‍റെ ദുഷ്കൃതികള്‍ വരുത്തിക്കൂട്ടുന്ന അതീവഗുരുതരമായ ഒരു അപകടസന്ധിയാണ്. ഒരു സംഗതികൂടി: പ്രകൃതി ദുരന്തങ്ങള്‍ അസ്തിത്വനാശം വരുത്തുന്നില്ല. പ്രളയാന്ത്യത്തില്‍ അസ്തിത്വത്തിന്‍റെ ചെറുപക്ഷി കൊക്കിലൊരു പച്ചിലത്തുണ്ടുമായി പറന്നെത്തും.

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts