news-details
മറ്റുലേഖനങ്ങൾ

കവിതപോലൊരു ജീവിതം

ബഷീര്‍: (നാരായണിയ്ക്ക് റോസാച്ചെടി പറിച്ചു കൊടുക്കുന്നതിനുമുന്‍പായി റോസാച്ചെടിയോട്)

"അപ്പോള്‍ നിനക്കു പൂക്കാനുമറിയാം."
നാരായണി: "ബഷീറേ... ബഷീറേ... വിളിച്ചിട്ടെന്താ വിളി കേള്‍ക്കാത്തത്?"
ബഷീര്‍: "ഞാന്‍ ചുംബിക്കുകയായിരുന്നു."
നാരായണി: "മതിലിലോ?"
ബഷീര്‍: "അല്ല"
നാരായണി: "പിന്നെ?"
ബഷീര്‍: "ഓരോ പൂവിലും, ഓരോ മൊട്ടിലും ഓരോ ഇലയിലും."
നാരായണി: "ദൈവമേ. എനിക്കു കരച്ചില്‍ വരുന്നു."

ജയിലിലെ മതിലിന്‍റെ അപ്പുറവും ഇപ്പുറവും നിന്നുകൊണ്ട്, ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത നായകനും നായികയും അവരുടെ സ്നേഹം മുഴുവനും വാക്കുകളിലേയ്ക്ക് പകര്‍ത്താന്‍ ശ്രമിക്കുകയാണ്. മലയാളത്തിലെ ഏറ്റവും മികച്ച സംഭാഷണ സന്ദര്‍ഭങ്ങള്‍ നിറഞ്ഞ സിനിമയിലേതാണ് ഈ രംഗം, അടൂര്‍ ഗോപാലകൃഷ്ണന്‍റെ മതിലുകള്‍. സമയത്തെ അപഹരിക്കാത്ത സിനിമകളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍റേത്. മറ്റു ജനപ്രിയ സിനിമകളില്‍ സമയത്തെ നിശ്ചയിക്കുന്നത് ടൈംമെഷിനാണെങ്കില്‍, അടൂര്‍ ഗോപാലകൃഷ്ണന്‍റെ സിനിമകളില്‍ സമയത്തെ അളക്കുന്നത് നാഴികമണിയാണ്. ഈ നാഴികമണിയുടെ സാന്നിദ്ധ്യമുള്ള അടൂര്‍ ഗോപാലകൃഷ്ണന്‍റെ സിനിമകള്‍ കാണിച്ചുതരുന്നത് സാധാരണത്വത്തിന്‍റെ അത്ഭുതങ്ങളാണ്. അസാധാരണവും നാടകീയവുമായ രംഗങ്ങള്‍ അവതരിപ്പിക്കുക എളുപ്പമാണ്. മലയാളത്തിന്‍റെ മിക്ക സംവിധായകന്മാര്‍ക്കും ഇതിനുള്ള കഴിവുണ്ട്. പക്ഷേ സാധാരണത്വത്തിന്‍റെ അത്ഭുതങ്ങള്‍ക്കു വഴങ്ങുന്ന ചുരുക്കം ചില സംവിധായകന്മാരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍.

ഉദ്വേഗതയും നാടകീയതയും നിറഞ്ഞ സിനിമകള്‍ എടുത്തു വിജയിപ്പിച്ച സംവിധായകനാണ് മലയാളിയായ  ഹോളിവുഡ് സംവിധായകന്‍, മനോജ് നൈറ്റ് ശ്യാമളന്‍. sixth sense, signs  എന്നീ സിനിമകള്‍ വന്‍വിജയമായിരുന്നു. പിന്നീടു വന്ന മിക്ക സിനിമകളും പരാജയപ്പെട്ടു. ഇത്തരം നാടകീയതയും ഉദ്വേഗതയും പെട്ടെന്ന് മുഷിപ്പിക്കും എന്നതിന് ഉദാഹരണമായിരുന്നു ഈ പരാജയങ്ങള്‍. മനുഷ്യനെ ഒരിക്കലും മടുപ്പിക്കാത്ത ഒന്നേയുള്ളൂ, സാധാരണത്വം.

സാധാരണത എങ്ങനെ അസാധാരണതയായി പരിണമിക്കുന്നു എന്നു കാണിച്ചുതരുന്ന മികച്ച സിനിമയാണ് ജര്‍മ്മന്‍ സംവിധായകന്‍ ഡോന്‍സ്മാര്‍ക്കിന്‍റെ, The lives of others. കമ്യൂണിസ്റ്റ് കാലഘട്ടത്തില്‍, കലാകാരന്മാരെ നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട വിസ്ലര്‍ എന്ന സ്റ്റാറ്റ്സി (കമ്മ്യൂണിസ്റ്റ് രഹസ്യപോലീസ്) അംഗത്തിന്‍റെ കഥയാണ് ഈ സിനിമ പറയുന്നത്. കാര്‍ക്കശ്യക്കാരനും ഒരു പരിധിവരെ ക്രൂരനുമായ വിസ്ലര്‍, ട്രുമാന്‍ എന്ന നാടകരചയിതാവിനെ നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെടുന്നു. വിസ്ലറിനെ ഇതിനു നിയോഗിച്ച, സാംസ്കാരികവകുപ്പു മന്ത്രിയുടെ ലക്ഷ്യം ട്രുമാന്‍റെ കാമുകിയായിരുന്നു. അനേകം നല്ല സന്ദര്‍ഭങ്ങള്‍ നിറഞ്ഞ ഈ സിനിമയില്‍ എടുത്തുപറയത്തക്ക രണ്ടു സന്ദര്‍ഭങ്ങളുണ്ട്. ആദ്യത്തേതില്‍ വിസ്ലര്‍, ട്രുമാന്‍റെ മുറിയില്‍ നിന്നും ബ്രെഹ്തിന്‍റെ കവിതാ സമാഹാരം മോഷ്ടിച്ചു കൊണ്ടുപോകുന്നു. വിസ്ലര്‍ അദ്ദേഹത്തിന്‍റെ, വീട്ടിലെ സോഫയില്‍ കിടന്നുകൊണ്ട് ബ്രെഹ്തിനെ വായിക്കുന്നു. വിസ്ലര്‍ വായിക്കുന്നത് ബ്രെഹ്തിന്‍റെ Remembrance of Maria A  എന്ന കവിതയാണ്:

On a certain day in the blue moon month of September
Beneath a young plum tree, quietly
I held her there, my quiet, pale beloves
In my arms just like a graceful dream
And over us in the beautiful summer sky
There was very white and so immensely high
And when I looked up, it had disappeared  [Bertrolt Brecht]
ഈ കവിതകള്‍ വായിക്കുമ്പോള്‍ വിസ്ലറിന്‍റെ മുഖത്ത് അലയടിക്കുന്ന ആഹ്ളാദത്തില്‍നിന്നും സ്നേഹത്തില്‍നിന്നും നമുക്ക് മനസ്സിലാവുന്നു ഇനിയൊരിക്കലും ഈ മനുഷ്യന് കാര്‍ക്കശ്യക്കാരനോ ക്രൂരനോ ആയിരിക്കാന്‍ സാധിക്കുകയില്ലെന്ന്.

വിസ്ലര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയും ട്രുമാനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു. രണ്ടാമത്തെ രംഗം, പാര്‍ട്ടി വിലക്കിയ സുഹൃത്തും നാടക സംവിധായകനുമായ ആര്‍ബര്‍ട്ട് ജെസ്ക ആത്മഹത്യ ചെയ്ത കാര്യം ട്രുമാന്‍ അറിയുന്നതാണ്. ദുഃഖത്തിലാണ്ടുപോയ ട്രുമാന്‍ ഒരു ജന്മദിനത്തില്‍ ജെസ്ക സമ്മാനിച്ച Sonata of a good man എന്ന സംഗീതം പിയാനോയില്‍ വായിക്കാന്‍ തുടങ്ങുന്നു. അതു കഴിയുമ്പോള്‍ ട്രുമാന്‍ കാമുകിയോട് പറയുന്നു.

ബിഥോവന്‍റെ അഫാഷണാത്ത കേട്ടിട്ട് ലെനിന്‍ പറഞ്ഞു: "ഇതു കേട്ടാല്‍ എനിക്ക് വിപ്ലവം നടത്താനാവില്ലെന്ന്."

"ഇതു ശ്രവിച്ചാല്‍, ശരിക്കും ശ്രവിച്ചാല്‍ ആര്‍ക്കാണ് ഒരു മോശം മനുഷ്യനായിരിക്കാന്‍ സാധിക്കുക?"

അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച സിനിമ, സൗത്ത് കൊറിയന്‍ സിനിമയായ Poetry ആയിരുന്നു. ഗതിവേഗതയില്‍ നിറഞ്ഞൊഴുകുന്ന പുഴകളുടെ മധ്യത്തിലും നിരന്തരയില്‍ മുഴുകിയിരിക്കുന്ന, ഗതിവേഗം തെറ്റിക്കാത്ത ഒരു നാഴികമണിയുടെ സാന്നിദ്ധ്യം ഈ സിനിമയ്ക്ക് ഉണ്ട്. ഒരു സ്ത്രീയുടെ മറവിയിലേക്കും ദുര്യോഗങ്ങളിലേക്കും കവിതകള്‍ വന്നു ചേക്കേറുന്ന കഥയാണ് ഈ സിനിമ പറയുന്നത്.

ഒരു വൃദ്ധനെ പരിചരിച്ചും സര്‍ക്കാരില്‍നിന്നും കിട്ടുന്ന ചെറിയ പെന്‍ഷനും കൊണ്ടാണ്, യാന്‍ക്ക് മിജാ എന്ന 66 വയസ്സുകാരി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ മകള്‍ നഗരത്തില്‍ ജോലി ചെയ്യുന്നു. അവളുടെ മകന്‍ മിജായോടൊപ്പമാണ് താമസിക്കുന്നത്. അടുത്തകാലത്ത് പലതും ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന മിജായോട് അവരെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു; അത് അല്‍ഷിമേഴ്സിന്‍റെ തുടക്കമാണെന്ന്. മുതിര്‍ന്നവരെ കവിത പഠിപ്പിക്കുന്ന ക്ലാസ്സിലേയ്ക്ക് വഴിതെറ്റിയെന്നവണ്ണമാണ് മിജാ വന്നു കയറുന്നത്. പിന്നീടവര്‍ ചുറ്റും നോക്കുന്നത് ഒരു കുട്ടിയുടെ വിടര്‍ന്ന കണ്ണുകള്‍ കൊണ്ടാണ്. കവിതയ്ക്കുവേണ്ടി അവര്‍ ഓരോ വസ്തുവിലും നിര്‍ന്നിമേഷയായി നോക്കിനില്‍ക്കുന്നു. പക്ഷേ കവിത വരുന്നില്ല. ഇതിനിടയ്ക്കാണ് അവരുടെ ചെറുമോനും കൂട്ടുകാരും ചേര്‍ന്ന് ഒരു സഹപാഠിനിയെ ആറുമാസത്തിനിടയില്‍ പല പ്രാവശ്യമായി ബലാത്സംഗം ചെയ്ത വാര്‍ത്ത പുറത്തുവരുന്നത്. ചെറുമോനെ യാതൊരുവിധത്തിലും പ്രതിരോധിക്കാന്‍ കഴിയാത്ത അവരില്‍ ആ പെണ്‍കുട്ടിക്കുവേണ്ടിയുള്ള കരച്ചില്‍മാത്രം നില്‍ക്കുന്നു. പെണ്‍കുട്ടിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പള്ളിയില്‍ പോയ മിജാ, അവളുടെ ഒരു ഫോട്ടോ എടുത്തുകൊണ്ടുവന്നു ചെറുമോന്‍റെ മേശപ്പുറത്തുവെയ്ക്കുന്നു. അവന്‍ അതു ഗൗനിക്കപോലും ചെയ്യാതെ ഭക്ഷണം കഴിക്കുന്നു. കവിത എഴുതുവാനായി ഒരു നോട്ടുബുക്കും പിടിച്ച് ഒരു പുഴയുടെ അരികില്‍ നില്‍ക്കുന്ന മിജായെയും നോട്ടുബുക്കിനെയും മഴ നനച്ചു കുതിര്‍ക്കുന്നു. കവിതയുടെ ഒരു തരി വെളിച്ചത്തില്‍ മിജാ ആദ്യത്തെ വരികള്‍ കുറിക്കുന്നു."The sound of the birds singing
What are they saying"

ഇതിനിടയ്ക്ക് പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ അവരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിക്കുന്നു. പെണ്‍കുട്ടിയുടെ അമ്മയെ അനുനയിപ്പിക്കുന്നതിനായി അവര്‍ മിജായെയാണ് നിയോഗിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്ന മിജാ അവളുടെ കുട്ടിക്കാലത്തെ ഫോട്ടോകളില്‍ നോക്കി കരച്ചിലടക്കി നില്‍ക്കുന്നു. അവളുടെ അമ്മയെ തോട്ടത്തില്‍വച്ചു കണ്ടുവെങ്കിലും ഒന്നും ചോദിക്കാനാവാതെ മിജാ തിരിച്ചുപോരുന്നു. വരുന്ന വഴിക്ക് മരത്തില്‍നിന്നു വീണുകിടക്കുന്ന ശിമബദാം പഴങ്ങള്‍ കാണുമ്പോള്‍, അവരിലേയ്ക്ക് കവിത വീണ്ടും വരുന്നു.

"The apricot throws itself to
the ground
It is crushed and trampled
for its next life."
ഇതിനിടയ്ക്ക് ചെറുമോന്‍റെ കൂട്ടുകാരുടെ മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി ധാരണയിലെത്തുന്നു. അവര്‍ക്കു കൊടുക്കേണ്ട പൈസയുടെ ഒരു ഓഹരി കൊടുക്കാന്‍ മിജായെ അവര്‍ നിര്‍ബന്ധിക്കുന്നു. പണത്തിനുവേണ്ടി യാതൊരു നിവൃത്തിയുമില്ലാതെ വരുമ്പോള്‍ അവര്‍ പരിചരിക്കുന്ന വൃദ്ധന്‍റെ നിരന്തരമായ ആഗ്രഹത്തിന് വഴങ്ങികൊടുക്കുന്നു. അപ്പോഴും ഒരു കരച്ചില്‍ അവരുടെ ഹൃദയത്തില്‍ നീറിക്കിടക്കുന്നു.
ഈ ദുര്യോഗങ്ങളിലും നന്മയെയും കവിതയെയും കണ്ടെത്താനുള്ള ശ്രമം അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു സ്കൂളില്‍ നിന്നും ചെറുമോനെ കൂട്ടിക്കൊണ്ടു വരുന്നു. അവന്‍റെ മുറി വൃത്തിയാക്കുന്നു, നഖം വെട്ടിക്കൊടുക്കുന്നു. ഒരു വൈകുന്നേരം അവനുമായി റോഡരികില്‍നിന്ന് ഷട്ടില്‍ തട്ടിക്കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലീസ് വന്ന് അവനെ പിടിച്ചുകൊണ്ടുപോകുന്നു. നിസ്സഹായയായി അവരതും നോക്കിനില്‍ക്കുന്നു.

അവസാന ക്ലാസ്സില്‍ എല്ലാവരും ഒരു കവിത എഴുതി അവതരിപ്പിക്കണമെന്ന് അധ്യാപകന്‍ ആവശ്യപ്പെട്ടിരിക്കുന്നു. മിജാ മാത്രം ക്ലാസ്സിലില്ലായിരുന്നു. ഒരു കെട്ടുപൂക്കളും ഒരു കവിതയും എഴുതി അധ്യാപകന്‍റെ മേശപ്പുറത്തുവച്ചിട്ട് മിജാ എവിടേയ്ക്കോ നടന്നകലുന്നു. അധ്യാപകന്‍ കവിതയെടുത്ത് എല്ലാവരെയും വായിച്ചുകേള്‍പ്പിക്കുന്നു. The Song of Agnes' എന്നായിരുന്നു കവിതയുടെ പേര്. ആഗ്നസ് എന്നായിരുന്നു ആത്മഹത്യചെയ്ത പെണ്‍കുട്ടിയുടെ പേര്. അവളുടെ സ്വപ്നങ്ങളും വേദനകളുമാണ് മിജായുടെ കവിതകളില്‍ ജന്മമെടുക്കുന്നത്. മിജായുടെ വിടവാങ്ങുന്ന ഓര്‍മ്മകളിലേയ്ക്കും ജീവിതത്തിലേയ്ക്കും, ആഗ്നസിന്‍റെ ഓര്‍മ്മകളും ജീവിതവും വന്നു ചേക്കേറുന്നു:
Is it still glowing red at sunset
Are the birds still singing on the
Way to forest?
can you receive the letter
I daved not to send?
How deeply I loved you
How my heart fluttered at
Leaving your faint song
I bless you
Before crossing the black river
with my soul’s last breath
I am beginning to dream
a bright sunny morning
again I awake
blinded by the light
and meet you
standing by me.
നിറഞ്ഞൊഴുകുന്ന പുഴയിലേയ്ക്ക് തിരിച്ചുവച്ച ക്യാമറയുടെ മുന്‍പില്‍ സിനിമ അവസാനിക്കുന്നു.

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts