news-details
മറ്റുലേഖനങ്ങൾ

ഭാര്യ പറഞ്ഞു വായ് തുറക്കരുതെന്ന്

എത്ര കണ്ടാലും മതിവരാത്ത ചരിത്രശേഷിപ്പുകളുടെ അപാര നിഗൂഢതകളും സംസ്കാര വൈവിധ്യങ്ങളുടെ കൗതുകങ്ങളും ഒടുങ്ങാത്ത റോമാ നഗരത്തിന്‍റെ ഹൃദയഭാഗമായ "പിയാസാവെനെസിയ"യില്‍ നിന്ന് വത്തിക്കാനിലേക്കുള്ള ഒരു സായാഹ്ന ബസ്സ് യാത്ര. ബസ്സില്‍ ഏറിയ ഭാഗവും വിദേശ വിനോദസഞ്ചാരികളാണ് - വിവിധ ഭാഷകള്‍, വിവിധ സംസ്കാരങ്ങള്‍, വിവിധ വര്‍ണ്ണങ്ങള്‍, വിവിധ വസ്ത്രധാരണങ്ങള്‍... ഒപ്പം സാമാന്യം നല്ല തിരക്കും. തൊട്ടടുത്തു നില്ക്കുന്നത് ഏകദേശം അറുപതിനോടടുത്തു പ്രായം വരുന്ന ഹോളണ്ടുകാരായ ദമ്പതികളാണ്. (റോമിന്‍റെ വഴികളെ ഹോളണ്ടിന്‍റെ വഴികളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ഇംഗ്ലീഷിലെ അവരുടെ സംസാരം ശ്രദ്ധിച്ചപ്പോള്‍ ഊഹിച്ചതാണ്).  ബസ്സ് പിയാസാ വെനെസിയയില്‍ നിന്ന് ഒരു കിലോമീറ്ററോളം നീങ്ങിയിട്ടുണ്ടാവണം പെട്ടെന്ന് ഹോളണ്ടുകാരന്‍റെ ഉച്ചത്തിലുള്ള ആക്രോശം:

"Give me my money...''

തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ ഒരു സ്ത്രീയുടെ കയ്യില്‍ മുറുകെ പിടിച്ചിട്ടുണ്ട്. ഒരു പോക്കറ്റടി ശ്രമമായിരുന്നുവെന്നു ഊഹിക്കാന്‍ ഏറെ സമയം വേണ്ടി വന്നില്ല. സ്ത്രീ ദേഷ്യത്തോടെ സ്വയം ന്യായീകരിച്ചുകൊണ്ട് കുതറി മാറാന്‍ ശ്രമിക്കുന്നു. അയാള്‍ മറുകൈകൊണ്ട് പോക്കറ്റില്‍ തപ്പിനോക്കി പണം നഷ്ടപ്പെട്ടുവെന്നുറപ്പുവരുത്തുന്നു... പണം പോയി എന്ന് ബോധ്യമായപ്പോള്‍ പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. തിരച്ചിലിന്‍റെ ഒരു അവസാന ശ്രമമെന്നവണ്ണം നിന്നിടത്തു നിന്ന് അല്പം നീങ്ങി തറയില്‍ നോക്കിയപ്പോള്‍ പണം ബസ്സിന്‍റെ ബോര്‍ഡില്‍ തന്നെ കിടപ്പുണ്ട്. പണം എങ്ങനെ ബോര്‍ഡില്‍ വീണെന്നു അറിയില്ല- പിടിക്കപ്പെടുമെന്നു ബോധ്യമായപ്പോള്‍ സ്ത്രീ താഴെയിട്ടതോ, അതോ അദ്ദേഹം പോക്കറ്റില്‍ നിന്ന് ടിക്കറ്റ് എടുത്തപ്പോള്‍ അറിയാതെ താഴെ വീണതോ...?! സ്ത്രീ പോക്കറ്റില്‍ കൈയിടുന്നത് താന്‍ കണ്ടതാണെന്ന് അയാളുടെ ഭാഷ്യം. ഏതായാലും, കുറെ ചീത്ത വിളികളോടെ ആ സ്ത്രീ തൊട്ടടുത്ത ബസ്സ് സ്റ്റോപ്പില്‍ ഇറങ്ങിപ്പോയി.

ഹോളണ്ടുകാരന്‍ ഇപ്പോഴും ദേഷ്യത്തിലാണ്. അടുത്തു നില്ക്കുന്ന, അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന, ഇറ്റലിക്കാരി പെണ്‍കുട്ടിയോട് (സംഭവത്തിനിടെ പോലീസിനെ വിളിക്കണമോ എന്ന് അവള്‍ ചോദിച്ചിരുന്നു) സ്ത്രീ എങ്ങനെയാണ് തന്‍റെ പോക്കറ്റില്‍ കൈയിട്ടതെന്നും പണം ഒളിപ്പിക്കാന്‍ ശ്രമിച്ചതെന്നും ഉച്ചസ്ഥായില്‍ തന്നെ വിവരിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോള്‍ എന്‍റെ അടുത്ത് നിന്ന അദ്ദേഹത്തിന്‍റെ ഭാര്യ അയാളെ തോണ്ടി വിളിച്ചു ചോദിച്ചു:

"പണം വല്ലതും നഷ്ടപ്പെട്ടോ?"

"ഇല്ല" എന്ന് മറുപടി.

"എന്നാല്‍, വായ് അടയ്ക്ക്."

ഇവരുടെ ഈ അടക്കിപിടിച്ച വര്‍ത്തമാനം ശ്രദ്ധിക്കാതിരുന്ന പെണ്‍കുട്ടി സംഭവത്തിന്‍റെ വിശദാംശങ്ങള്‍ തുടര്‍ന്നു തിരക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒരു കുഞ്ഞാടിനെപ്പോലെ ശാന്തനായി അയാള്‍ പറഞ്ഞു:

"എന്‍റെ ഭാര്യ പറഞ്ഞു ഇനി വായ് തുറക്കരുതെന്ന്. ക്ഷമിക്കുക. നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം."

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts