അനുതാപശുശ്രൂഷയാണ് വിഷയം. കുമ്പസാരമെന്നൊരു വാക്കുപോലും ഉച്ചരിച്ചുകേട്ടില്ലെങ്കിലും അതു തന്നെയാണ് ഈ ശുശ്രൂഷയെന്ന് അയാള്‍ തിരിച്ചറിഞ്ഞു. നോമ്പുവീടലൊക്കെ വരികയല്ലേ, കുമ്പസാരിക്കാമെന്നു കരുതി അവറാന്‍ എഴുന്നേറ്റു. അപ്പോഴാണ് കുമ്പസാരത്തിനു വേണ്ട യോഗ്യതകളെക്കുറിച്ച് ഒരു വിശദീകരണം ഉയര്‍ന്നത്. ആത്മശോധനാസഹായിയുടെ വെളിച്ചത്തില്‍ പാപങ്ങളെ കണ്ടുപിടിക്കണം. അതൊക്കെ കടലാസിലെഴുതി തിട്ടപ്പെടുത്തണം. ഏതു പ്രമാണമാണ് കടത്തിവെട്ടിയതെന്ന് കണ്ടുപിടിക്കണം. ഇതൊക്കെ തന്നെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ പന്തലിന്‍റെ നാനാഭാഗത്തും ഹെല്‍പ്ലൈന്‍ തുറന്നിട്ടുണ്ട്. അവിടെപ്പോയി അപ്പനപ്പൂന്മാരുടെ കാലത്തുതൊട്ടുള്ള ജീവിതം തുറന്നു വായിക്കാം. നീ തന്നെ തുറക്കണ്ട, തുറന്നുതരാന്‍ ഓപ്പറേറ്ററന്മാരും അവിടെയുണ്ട്.
കൈപൊക്കിയും മുഷ്ടി ചുരുട്ടി ഇടിച്ചും പെരുവിരലില്‍ കുന്തിച്ചു പൊങ്ങിയും ഉറപ്പിച്ച് തറപ്പിച്ച് ആവര്‍ത്തിച്ച് ധ്യാനഗുരു ചോദിക്കുന്നു: "ഇന്ന പ്രമാണം ഇന്ന വിധത്തിലൊക്കെ ലംഘിക്കപ്പെടാം. നീയെവിടെയാണ് വീണത്?"
അവറാന്‍ ധര്‍മ്മസങ്കടത്തിലായി. 'ഞാന്‍പിഴയാളിയും മുഴുവന്‍ തേറ്റ'വുമൊക്കെ ചൊല്ലി പാപത്തെക്കുറിച്ച് മനസ്തപിച്ച് കുമ്പസാരിക്കാന്‍ മാത്രം അറിയാവുന്ന തന്നെപ്പോലുള്ളവര്‍ എന്തുചെയ്യും. ശോധനാസഹായി എടുത്തുവച്ച് പാപങ്ങളെണ്ണി പറയാന്‍ അവസരം കിട്ടാതെ മണ്ണടിഞ്ഞ തന്‍റെ കാര്‍ന്നോന്മാരൊക്കെ മേലോട്ടു പോകാതെ, കീഴോട്ടാണോ പോയത്?
തന്‍റെ അടുത്ത് അഭയം തേടിയ ആ സുന്ദരിയോടും മരത്തിന്‍റെ പൊക്കത്തില്‍നിന്ന് ഒളിഞ്ഞുനോക്കിയ ആ ചെറിയമനുഷ്യനോടും കര്‍ത്താവുതമ്പുരാന്‍ ആത്മശോധനാസഹായി പഠിക്കാന്‍ ആവശ്യപ്പെട്ടില്ലല്ലോ... ദൈവത്തെ ശാസ്ത്രീയമായി പഠിച്ച ശാസ്ത്രജ്ഞനല്ലാത്തതിനാല്‍ അവറാന് അതിനൊന്നും ഉത്തരം കിട്ടിയില്ല.
****
രോഗശാന്തി ശുശ്രൂഷ ആരംഭിക്കുകയാണ്. രോഗികളെയൊക്കെ നിരനിരയായി നിരത്തുക. മുഖ്യന്‍ രോഗിയുടെ അടുത്തെത്തി ഉച്ചത്തില്‍ ശാസന ആരംഭിച്ചു. ഉപമുഖ്യന്മാരും ശാസ്ത്രവിദ്യാര്‍ത്ഥികളും പിന്നെ അല്മായ ദൈവശാസ്ത്ര കലാലയത്തില്‍നിന്ന് പട്ടവും പട്ടത്തിനുമേല്‍ പട്ടങ്ങളുമെടുത്ത മനുഷ്യവേഷധാരികളും ഉറഞ്ഞുതുള്ളി കൂടെനില്‍ക്കുന്നു.
പാവം രോഗി! കുറച്ചുസമയത്തേക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ട് ബോധത്തിനും അബോധത്തിനും ഇടയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഇത്രയ്ക്കും വല്യവല്യ ആള്‍ക്കാരൊക്കെ ചേര്‍ന്ന് ശുശ്രൂഷിച്ചതല്ലേ... സൗഖ്യം കിട്ടിയില്ല എന്നിനി ചിന്തിക്കാനാവുമോ? ചിന്തിച്ചാല്‍തന്നെ പറയാനാവുമോ?
മരിച്ചവനെ ഉയര്‍പ്പിക്കാന്‍ കര്‍ത്താവുതമ്പുരാന്‍ ശാന്തനും സൗമ്യനുമായി പ്രാര്‍ത്ഥിച്ചപ്പോള്‍ കൂടെനിന്ന ശിഷ്യന്മാര്‍ ഒരു പ്രകോപനവും സൃഷ്ടിക്കാതെ നിശ്ശബ്ദരായി നോക്കിനിന്നതേയുള്ളുവെന്നാണ് അവറാന്‍റെ അറിവ്. പിന്നെന്തിനിത്ര വെപ്രാളവും തിടുക്കവും ഭാവപ്പകര്‍ച്ചകളും. അറിവേറികള്‍ ഏറെയുള്ളയിവിടെ ഇതൊക്കെ ആരോടു ചോദിക്കാന്‍!!
****
ധ്യാനപന്തലില്‍നിന്ന് പുറത്തേക്കിറങ്ങിയ അവറാന്‍റെ നേരെ എണ്ണമറ്റ തുണ്ടുകടലാസുകള്‍ നീണ്ടുവന്നു. സാധാരണ സമരപന്തലിനു ചുറ്റുമാണ് ഇത്തരം ലഘുലേഖകള്‍ കാണാറുള്ളത്. ഒന്നൊഴിയാതെയെല്ലാം അയാള്‍ വാങ്ങി. ഓരോന്നിനും അടിക്കുറിപ്പ് ഉണ്ട്- എപ്പോള്‍, എത്ര തവണ, എങ്ങനെ, അങ്ങനെ ചെയ്താലുള്ള മെച്ചം, ചെയ്തില്ലെങ്കിലുള്ള നാശം.
നസ്രത്തിലേക്ക് മറിയം വച്ച പാദങ്ങളുടെ എണ്ണം, യൗസേപ്പിതാവ് മറിയത്തിനെയും ഉണ്ണിയെയുംകൂട്ടി ഒളിച്ചോടിയപ്പോള്‍ എവിടൊക്കെ കാലുതട്ടി മുറിഞ്ഞു. ഒഴുകിയ രക്തത്തിന്‍റെ അളവ്... അങ്ങനെയങ്ങനെ ... കര്‍ത്താവു തമ്പുരാന്‍ കാല്‍വരിയാത്രയില്‍ ചിന്തിയ രക്തത്തുള്ളികളുടെയും ഏറ്റ പ്രഹരങ്ങളുടെയും കിറുകൃത്യമായ കണക്കുകള്‍!!
അവറാന്‍ ഓരോന്നും ശ്രദ്ധാപൂര്‍വ്വം ചൊല്ലാന്‍ തുടങ്ങി. അവയിലൊക്കെ നമ്പറിട്ട് പറഞ്ഞിരിക്കുന്ന ഓഫര്‍ എണ്ണിയെണ്ണി ചോദിച്ചു. തുണ്ടുകടലാസുകളുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു. മോക്ഷം കൈയെത്തിപ്പിടിക്കാവുന്നത്ര അടുത്ത്!! എപ്പോള്‍, എത്രതവണ, എങ്ങനെ എന്ന നിര്‍ദേശം കറക്ടായി പാലിച്ചാല്‍മാത്രം മതി!!
******