news-details
മറ്റുലേഖനങ്ങൾ

ഡിട്രീച്ച് ബോനോഫര്‍

ആത്മഹത്യാപരമായ പ്രതിരോധം

ഫ്ളോസന്‍ബര്‍ഗിലുണ്ടായിരുന്ന നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ ഒരു ഭടന്‍ ശിക്ഷ വിധിക്കപ്പെട്ട ഒരു തടവുകാരനോടു പറയാറുള്ള വാക്കുകള്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു: "ഒരുങ്ങി ഞങ്ങളോടൊപ്പം വരിക." 1945 ഏപ്രില്‍ 8 ഞായറാഴ്ച ഒരു നാസി ഭടന്‍ ഹിറ്റ്ലറെയും നാസി ഭരണത്തെയും എതിര്‍ത്തിരുന്ന ഡിട്രിച്ച് ബോനോഫര്‍ എന്ന ഒരു ജര്‍മന്‍ പാസ്റ്ററോട് ഇതേ വാക്കുകള്‍ ആവര്‍ത്തിച്ചു. അദ്ദേഹം തന്‍റെ ആരാധനാര്‍പ്പണം പൂര്‍ത്തിയാക്കിയ ഉടന്‍തന്നെയായിരുന്നു അത്. ബോനോഫര്‍ തന്‍റെ ജീവിതത്തിലെ അവസാനമാസങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവന്നത് ഈ പീഡനസ്ഥലത്തായിരുന്നു. അവിടെനിന്ന് മോചിതനാക്കപ്പെട്ട ഇംഗ്ലീഷ് തടവുകാരനായിരുന്ന പേനെ ബെസ്റ്റു പറയുന്നത് ഇങ്ങനെയാണ്: "തടവറയുടെ നിരാശനിറഞ്ഞ ഇരുള്‍ക്കൂനയില്‍ അദ്ദേഹത്തിന്‍റെ ആത്മാവ് യഥാര്‍ഥത്തില്‍ വെട്ടിത്തിളങ്ങുകയായിരുന്നു. എന്‍റെ ജീവിതത്തില്‍ ഇന്നോളം കണ്ടുമുട്ടാനിടയായിട്ടുള്ള അനേകരില്‍ ദൈവത്തെ സമീപസ്ഥനും യാഥാര്‍ഥ്യവുമായി കാണാന്‍ കഴിഞ്ഞിരുന്ന ചുരുക്കം ചിലരിലൊരുവനായിരുന്നു, അദ്ദേഹം."

ഡിട്രിച്ച് ബോനോഫര്‍, മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങിനെപ്പോലെ, മുപ്പത്തൊമ്പതാം വയസ്സില്‍ വധിക്കപ്പെടുകയായിരുന്നു. മാര്‍ട്ടിന്‍ലൂഥര്‍  കിങ്  മരിച്ചത് തന്‍റെ കണ്ണില്‍പ്പെടാതിരുന്ന കൊലയാളിയുടെ തോക്കിനിരയായാണ്. ബോനോഫറാകട്ടെ, ആരാച്ചാരുടെ കൊലക്കയറിനെ ഒട്ടും ഭയപ്പെടാതെയും. വംശാധിഷ്ഠിതമായ ഉച്ചനീചത്തങ്ങള്‍ക്കെതിരെ സുവിശേഷപ്രഘോഷണം നടത്തിയിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങിനെപ്പോലെ വംശഹത്യയ്ക്കു പ്രേരിപ്പിച്ച ഒരു സംവിധാനത്തിനെതിരായ സുവിശേഷപ്രഘോഷണമായിരുന്നു ബോനോഫറും നടത്തിയിരുന്നത്. തന്‍റെ വാക്കുകളുടെ പേരില്‍ വധിക്കപ്പെട്ടേക്കാം എന്ന മുന്നറിയിപ്പുണ്ടായിരുന്നിട്ടും കിങ് നിശ്ശബ്ദനായില്ല. തന്‍റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വധശിക്ഷ ലഭിക്കാം എന്നറിഞ്ഞിരുന്നിട്ടും ബോനോഫര്‍ നിഷ്ക്രിയനായില്ല. മിക്ക ആളുകളും കിങ്ങിനെ പൗരാവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം ചെയ്തിട്ടുള്ള കാര്യങ്ങളുടെ പേരില്‍ അനുസ്മരിക്കുന്നുണ്ട്. എന്നാല്‍ അധികമാര്‍ക്കും ബോനോഫറെയോ അദ്ദേഹം മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ചെയ്തതെന്തെന്നോ ഓര്‍മയില്ല.

അപ്രതീക്ഷിതമായ തീരുമാനം

1906 ഫെബ്രുവരി നാലിനാണ് ഡിട്രീച്ച് ബോനോഫര്‍  തന്‍റെ ഇരട്ടസഹോദരി സബീനെയോടൊപ്പം ജര്‍മനിയില്‍ ബ്രസ്ലാവുവില്‍ ജനിക്കുന്നത്. ഉജ്വലപ്രതിഭാശാലിയായിരുന്ന ബോനോഫര്‍ ഒരു ദൈവശാസ്ത്രജ്ഞനാകാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്‍റെ വീട്ടുകാരെയെല്ലാം ഞെട്ടിപ്പിച്ചുകൊണ്ടായിരുന്നു. ബോനോഫര്‍ കുടുംബാംഗങ്ങളാരും ഒരിക്കലും പള്ളിയുമായി ബന്ധപ്പെട്ട ജോലികളൊന്നും ഒരു ജീവിതനിയോഗമായി ചെയ്തിരുന്നില്ല. ഡിട്രീച്ച് എട്ടു മക്കളില്‍ ആറാമനായിരുന്നു. മാതാപിതാക്കളുടെ മാതൃക പിന്തുടര്‍ന്ന് ജര്‍മനിയിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റികളിലാണ് അദ്ദേഹം പഠിച്ചത്. 1927-ല്‍ ബര്‍ലിന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഓണേഴ്സോടെ ഡോക്ടറേറ്റും സമ്പാദിച്ചു.

ഹിറ്റ്ലറുടെ ഉദയകാലത്ത് ജര്‍മനിയിലെ അഭ്യസ്തവിദ്യനായ ദൈവശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ തന്‍റെ രാജ്യത്തിന്‍റെയും സഭയുടെയും ധാര്‍മികനിലപാടുകളെ അദ്ദേഹം ചോദ്യംചെയ്തു. ഹിറ്റ്ലര്‍ ഭരണത്തില്‍ കയറും മുമ്പുതന്നെ ഡിട്രീച്ച് തന്‍റെ റേഡിയോ പ്രക്ഷേപണങ്ങളിലൂടെ നാസികളുടെ സ്വാധീനം വര്‍ധിക്കുന്നതിനെതിരെയും അവരുടെ യഹൂദവിരോധത്തിനെതിരെയും ഉറച്ചനിലപാടുകള്‍ പ്രഖ്യാപിച്ചിരുന്നു. ക്രിസ്തുവിനെ കൊന്നതിന്‍റെ പേരില്‍ യഹൂദര്‍ ശപിക്കപ്പെട്ടവരാണെന്ന ക്രിസ്ത്യാനികളുടെ ധാരണയ്ക്കെതിരെ ബുദ്ധിജീവിവൃത്തങ്ങളില്‍ അദ്ദേഹം സംസാരിച്ചിരുന്നു. ബെര്‍ലിന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത് സര്‍ക്കാര്‍ വിലക്കിയതിനെത്തുടര്‍ന്ന് ബോനോഫര്‍ ഒരുതരം അണ്ടര്‍ഗ്രൗണ്ട് സെമിനാരി തുടങ്ങി. നാസിസത്തിനെതിരെ ജര്‍മന്‍ സഭ മതിയായ നിലപാടുകളെടുക്കുന്നില്ല എന്നു കണ്ടപ്പോള്‍ തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കണ്‍ഫെസിങ് ചര്‍ച്ച് തുടങ്ങുന്നതിന് അദ്ദേഹം സഹകരിക്കുകയും ചെയ്തു. അത് വളര്‍ന്നുകൊണ്ടിരുന്ന നാസി ശക്തിയെ പ്രതിരോധിക്കുന്ന പ്രൊട്ടസ്റ്റന്‍റ് ശക്തികേന്ദ്രമായിത്തീര്‍ന്നു.  

ബോനോഫറും സുഹൃത്തുക്കളും കണ്‍ഫെസിങ് ചര്‍ച്ച് സമാരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ യഹൂദരെ അപഹസിച്ചാല്‍മാത്രം പോരാ എന്ന നിലപാടിലേക്ക് നാസികള്‍ മാറി. വംശഹത്യ തുടങ്ങി. നാസി ഭീകരഭരണത്തിന്‍റെ വ്യാപകമായിക്കൊണ്ടിരുന്ന ദുസ്വാധീനം ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി അഡ്മിറല്‍ വില്‍ഹെം കനാരിസ് നയിച്ചിരുന്ന അബ്വെര്‍ (Abwehr) എന്ന ജര്‍മന്‍ മിലിറ്ററി ഇന്‍റലിജന്‍സ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് ബോനോഫര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

നിയമപരമായ അധികാരം വര്‍ധിപ്പിച്ച നാസികള്‍ ജോസഫ് ഗീബല്‍സിന്‍റെ നേതൃത്വത്തില്‍ ക്രിസ്റ്റള്‍നാച്ചിലെ യഹൂദരെ നേരിട്ട് ആക്രമിക്കാന്‍ തുടങ്ങി. 1938 നവംബര്‍ 9-ന് വൈകുന്നേരം യഹൂദ ബിസിനസ്സ് സ്ഥാപനങ്ങളുടെയും സിനഗോഗുകളുടെയും നേരെ അഴിച്ചുവിട്ട നിഷ്ഠൂരമായ കലാപം പിറ്റേദിവസവും തുടര്‍ന്നു. ആ രാത്രിയില്‍ത്തന്നെ ജര്‍മനിയില്‍ അങ്ങോളമിങ്ങോളമുള്ള 200-ലധികം സിനഗോഗുകളാണ് അഗ്നിക്കിരയായത്. പിറ്റേന്ന് ബോനോഫര്‍ തന്‍റെ ബൈബിളില്‍ സങ്കീര്‍ത്തനം 74:8 നോടു ചേര്‍ത്ത് ആ തീയതി കുറിച്ചിട്ടു. ആ ബൈബിളില്‍ മറ്റൊരിടത്തും ഒരു തീയതിയും കുറിച്ചിട്ടില്ല. ആ സങ്കീര്‍ത്തനഭാഗത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു: "അവര്‍ ആത്മഗതമായി പറഞ്ഞു: നാം അവരെ പൂര്‍ണമായും അടിച്ചമര്‍ത്തും. ദൈവത്തിന്‍റെ സമസ്ത സമാഗമസ്ഥാനങ്ങളും ദേശത്ത് അവര്‍ ദഹിപ്പിച്ചുകളഞ്ഞു. ...ഇത് എത്ര കാലത്തേക്ക് എന്ന് ഞങ്ങളില്‍ ആര്‍ക്കും അറിഞ്ഞുകൂടാ. ദൈവമേ ശത്രു നിന്നെ എത്രനാള്‍ പരിഹസിക്കണം?"

നാസികളുടെ അടിച്ചമര്‍ത്തല്‍ കൂടുതല്‍ ശക്തമായതോടെ ബോനോഫര്‍ തന്‍റെ പ്രവര്‍ത്തനവും തീവ്രമാക്കി. ഹിറ്റ്ലറെ വധിക്കാനുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നതില്‍വരെ അദ്ദേഹം പങ്കാളിയായി. ക്രിസ്തീയ വിശ്വാസങ്ങളുമായി ഈ പ്രവര്‍ത്തനം ചേരുകയില്ല എന്ന ധാരണയെപ്പറ്റി തന്‍റെ സഹോദരന്‍റെ ഭാര്യയായ എമ്മി ബോനോഫര്‍ക്ക് അദ്ദേഹം ഇങ്ങനെ വിശദീകരണം നല്കി: "ഒരു ഭ്രാന്തന്‍ വഴിയരികില്‍ നില്ക്കുന്ന ജനക്കൂട്ടത്തിന്‍റെ നേരെ തന്‍റെ കാറോടിച്ച് പാഞ്ഞടുക്കുകയാണെങ്കില്‍ സംഭവിക്കാവുന്ന കൂട്ടക്കൊലയ്ക്ക് വെറുതെ സാക്ഷ്യംവഹിക്കുകയോ, മരിച്ചവരുടെ കുടുംബാംഗങ്ങളെ സാന്ത്വനിപ്പിക്കുകയോ, മൃതശരീരങ്ങള്‍ സംസ്കരിക്കുകയോ മാത്രം ചെയ്യാന്‍ ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ എനിക്കു സാധ്യമല്ല. ആ ഭ്രാന്തന്‍റെ കൈകളില്‍നിന്ന് സ്റ്റിയറിങ് നിയന്ത്രണം പിടിച്ചെടുക്കാന്‍ ഞാന്‍ ബലപ്രയോഗം നടത്തുകതന്നെ ചെയ്യണം."

1939 ജൂണോടെ ബോനോഫര്‍ക്ക് രാജ്യത്തിനു പുറത്തു കടക്കാന്‍ കഴിഞ്ഞു. അമേരിക്കയിലേക്ക് സുരക്ഷിതനായി ഒളിച്ചോടാന്‍ കഴിഞ്ഞെങ്കിലും ഏതാനും ആഴ്ചകള്‍ക്കകം അദ്ദേഹം തിരിച്ചെത്തി. കാരണമിതാണ്: "അമേരിക്കയിലേക്കു വന്നത് ഒരു തെറ്റായിരുന്നു എന്ന നിഗമനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. യുദ്ധാനന്തരം ജര്‍മ്മനിയിലെ ക്രിസ്തീയജീവിതം പുനഃസ്ഥാപിക്കുന്നതില്‍ പങ്കാളിയാകാന്‍ ഇപ്പോള്‍ ജനങ്ങള്‍ക്കെതിരെ നടക്കുന്ന വിചാരണകളില്‍ അവരോടൊപ്പം നില്ക്കാത്ത എനിക്ക് എന്തവകാശം?" ഒളിവിലിരുന്നുള്ള തന്‍റെ രാഷ്ട്രീയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന അദ്ദേഹം 15 യഹൂദരെ സ്വിറ്റ്സര്‍ലന്‍ഡിലേക്കു കടത്തുവാനുള്ള 'ഓപ്പറേഷന്‍ 7' എന്ന ഒരു ദൗത്യത്തിലും സഹായകനായി. 1943-ല്‍ നാസി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തന്‍റെ വീട്ടില്‍നിന്ന് അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടു. അപ്പോള്‍   മരിയാ വോണ്‍ വെഡ്മെയറുമായി അദ്ദേഹം വിവാഹവാഗ്ദാനം ഒപ്പുവച്ചിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആയിരുന്നുള്ളൂ.

ടിഗല്‍ ജയിലില്‍ അടയ്ക്കപ്പെട്ട ബോനോഫര്‍ തന്‍റെ ജീവിതത്തിലെ ഏറ്റവും സൃഷ്ടിപരവും ആത്യന്തികവുമായ പ്രവര്‍ത്തനമാരംഭിച്ചു. നാസിസത്തിനെതിരെയുള്ള പ്രവര്‍ത്തനത്തിന്‍റെ പേരില്‍ ജയിലിലായപ്പോള്‍ 'ശിഷ്യത്വത്തിന്‍റെ പേരില്‍' എന്ന പേരില്‍ ശ്രദ്ധേയമായ ഒരു പുസ്തകം 1939-ല്‍ അദ്ദേഹം എഴുതിയിരുന്നു. യഥാര്‍ഥ ക്രൈസ്തവര്‍ ക്രിസ്തുവിനെ എല്ലാവിധത്തിലും അനുകരിക്കണം എന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു ആ പുസ്തകം. ബോനോഫര്‍ തന്‍റെ 92-ാം നമ്പര്‍ തടവറയിലെ ജീവിതംകൊണ്ട് ആ സന്ദേശത്തിന് സാക്ഷ്യം നല്കുകയായിരുന്നു.

ബോനോഫറുടെ പ്രതിരോധസംഘത്തിലെ അംഗങ്ങളും കേണല്‍ ക്ലൗസ് ഫോന്‍ സ്റ്റൗഫെന്‍ബെര്‍ഗി (Claus von Stauffenberg) നെപ്പോലെ ഹിറ്റ്ലറുമായി അടുപ്പമുള്ള ജര്‍മന്‍ ഓഫീസര്‍മാരും ഓപ്പറസിയേന്‍ ഫോള്‍ക്കാനെ (Operation Volkyne) എന്നു കോഡ്നാമം നല്കിയിരുന്ന ഹിറ്റ്ലറിനെ വധിക്കാനുള്ള ആലോചനയില്‍ പങ്കാളികളായി. 1944 ജൂലായ് 20-ന് കേണല്‍ ക്ലൗസ് വോണ്‍ സ്റ്റൗഫെന്‍ബെര്‍ഗ് ഹിറ്റ്ലറിന്‍റെ അതീവ സുരക്ഷയുള്ള പ്ലാനിങ്റൂമില്‍, ഒരു ബ്രീഫ്കേസ് ബോംബ് വച്ചിട്ടുപോയി. ബോംബ് പൊട്ടിത്തകര്‍ന്നെങ്കിലും, ഹിറ്റ്ലര്‍ ഞെട്ടിത്തരിച്ചെങ്കിലും, വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടു.
നാസികള്‍ ബോനോഫറും അദ്ദേഹത്തിന്‍റെ സഹോദരന്‍ ക്ലൗസും രണ്ട് സഹോദരീഭര്‍ത്താക്കന്മാരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളെയാണ് വധശ്രമഗൂഢാലോചനയില്‍ പങ്കാളികളായി കുറ്റം ചുമത്തിയത്. ബോനോഫറുടെ സഹോദരീഭര്‍ത്താവായ ഹാന്‍സ് വോണ്‍ ഡോനാന്‍യി (Hans von Dohnanyi)യില്‍നിന്ന് ഗെസ്റ്റെപ്പോ (Gesteppo) അതിനുള്ള തെളിവുകള്‍ കണ്ടെടുത്തു. 1945 ഫെബ്രുവരിയില്‍ ബെര്‍ലിന്‍ ഗെസ്റ്റെപ്പോ ജയിലിലേക്ക് സ്ഥലംമാറ്റപ്പെട്ട താന്‍  വധിക്കപ്പെടുമെന്ന് ബോണ്‍ഹോഫര്‍ക്ക് അറിവുകിട്ടി. ആ കാലഘട്ടത്തില്‍ ജയിലില്‍നിന്നുള്ള കത്തുകളും പ്രബന്ധങ്ങളും എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കത്തിടപാടുകളില്‍ ആസന്നമായ മരണത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള അറിവ് പ്രതിഫലിക്കുന്നുണ്ട്. നാസികള്‍ക്ക് അദ്ദേഹത്തെ കൂടുതല്‍ ശിക്ഷിക്കാനായി ക്രൂരമായ ചില പദ്ധതികള്‍ ഉണ്ടായിരുന്നു. അതനുസരിച്ച് ആദ്യം ഫ്രാങ്ക്ഫര്‍ട്ടിനു വടക്കുകിഴക്കായുള്ള ഒരു കുപ്രസിദ്ധ മരണക്യാമ്പായ ബച്ചന്‍വാള്‍ഡിലേക്കു മാറ്റി.

ഒരു രക്തസാക്ഷിയുടെ മരണം

അവസാനമായി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ ബാരക്കില്‍നിന്ന് പുറത്തേക്കു വരുന്നതിനുമുമ്പായി ഡിട്രീച്ച് ബോനോഫര്‍ ഒരു സഹതടവുകാരനോടു പറഞ്ഞു: "ഇതാണന്ത്യം. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്‍റെ തുടക്കം."

അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. അഡ്മിറല്‍ കനാറീസിന്‍റെ ഒരു ഡയറി നാസികള്‍ കണ്ടെടുത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തെയും ഡിട്രീച്ച് ബോനോഫര്‍ ഉള്‍പ്പെടെയുള്ള കൂട്ടാളികളെയും ഉന്മൂലനം ചെയ്യാന്‍ ഹിറ്റ്ലര്‍തന്നെ ഉത്തരവിടുകയായിരുന്നു. നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞ തിന്മയുടെ സ്വാധീനത്തിനൊന്നും വഴങ്ങാതെ വിശ്വാസം പകര്‍ന്ന കരുത്തോടെ ശാന്തചിത്തനായി അദ്ദേഹം കൊലമരത്തിനടുത്തേക്ക് നടന്നു. ദുഷ്ടരുടെ കൈകള്‍ക്കൊണ്ടു വധിക്കപ്പെടാന്‍ വിധിക്കപ്പെട്ടിരുന്നിട്ടും തന്‍റെ പുസ്തകങ്ങളിലൂടെ വ്യക്തമാക്കപ്പെട്ട വിശ്വാസങ്ങളില്‍ അദ്ദേഹം ഉറച്ചുനിന്നു. അവ ഇങ്ങനെയായിരുന്നു:

* ആത്യന്തികമായി നന്മതിന്മകള്‍ നിര്‍ണയിക്കുന്നത് ദൈവമാണ്.

* മറ്റുള്ളവരില്‍ നാം വെറുക്കുന്നവയൊക്കെ നമ്മിലും ഉണ്ടെന്നറിയുക.

* ദിവസവും മരണത്തെ നേരിടുകയും അങ്ങനെ ജീവിതമെന്ന അത്ഭുത സത്യത്തെ പഠിക്കുകയും ചെയ്യുക.

1945 ഏപ്രില്‍ 9-ന് ബോനോഫറെ വസ്ത്രങ്ങള്‍ ഉരിഞ്ഞ് നഗ്നനാക്കിയപ്പോള്‍ തന്‍റെ ഭൂമിയിലെ ജീവിതം അവസാനിക്കാന്‍ പോകുകയാണെന്നും തന്നോടൊപ്പം ഹിറ്റ്ലറെ എതിര്‍ത്തിരുന്ന അഡ്മിറല്‍ കനാറീസും അദ്ദേഹത്തിന്‍റെ പ്രധാന സ്റ്റാഫായിരുന്ന ഹാന്‍സ് ഓസ്റ്ററും ഒപ്പം വധിക്കപ്പെടുമെന്നും അദ്ദേഹത്തിനു മനസ്സിലായി. തന്‍റെ മൂന്നു കുടുംബാംഗങ്ങളായ സഹോദരന്‍റെയും രണ്ടു സഹോദരിമാരുടെ ഭര്‍ത്താക്കന്മാരുടെയും കാര്യം മാത്രം അദ്ദേഹത്തിന് അറിയില്ലായിരുന്നു. അവര്‍ വ്യത്യസ്ത ക്യാമ്പുകളില്‍ പിന്നീടാണ് വധിക്കപ്പെട്ടത്. ഇവരെല്ലാം ഹിറ്റ്ലറെ വധിക്കാന്‍ നടത്തിയ ശ്രമത്തിന്‍റെ പേരില്‍ വിരിക്കപ്പെട്ട വലയില്‍ വീഴുകയായിരുന്നു.

ക്യാമ്പിലെ ചിതയില്‍ ബോനോഫറുടെയും മറ്റും ദേഹം കത്തിയമരുമ്പോള്‍ നിത്യം തുടരാമെന്നു കരുതിയിരുന്ന ക്രൂരതയുടെ അന്ത്യം ലോകമഹായുദ്ധത്തില്‍ കുറിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ബോനോഫറുടെ കുടുംബാംഗങ്ങള്‍ അദ്ദേഹം മരിച്ചെന്ന് അറിഞ്ഞിരുന്നേയില്ല. മൂന്നുമാസം കഴിഞ്ഞ് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടു നടത്തിയ ഒരു ശുശ്രൂഷയുടെ റേഡിയോ റിപ്പോര്‍ട്ടു കേട്ടപ്പോള്‍ മാത്രമാണ് എന്താണ് മൂന്നുമാസം മുമ്പു നടന്നതെന്ന് അവര്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ബോനോഫറുടെ പൈതൃകം

ബോനോഫറുടെ മരണം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷവും ജനങ്ങള്‍ നാസിഭരണത്തിന്‍റെ തിന്മകള്‍ക്കെതിരെ സജീവമായി പ്രതികരിക്കാന്‍ ധൈര്യം കാണിച്ച ഒരു ദൈവിക മനുഷ്യനെ അനുസ്മരിച്ചുകൊണ്ടിരുന്നു. തന്‍റെ അവസാനവാക്കുകള്‍ എഴുതി ദശകങ്ങള്‍ കഴിഞ്ഞിട്ടും സ്വന്തം ജീവിതം അര്‍ഥപൂര്‍ണമാക്കണമെന്നാഗ്രഹിക്കുന്ന അനേകര്‍ക്ക് ബോനോഫറുടെ പുസ്തകങ്ങള്‍ പ്രചോദകമാകുന്നു. യഥാര്‍ത്ഥത്തില്‍ ജയിലില്‍വച്ച് അദ്ദേഹം എഴുതിയവ വായിക്കാനും അവയില്‍നിന്ന് സമാശ്വാസം നേടാനും അദ്ദേഹത്തിന്‍റെ മരണത്തിനുശേഷം സാധിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ ഏറ്റവും മഹത്തായ സ്വാധീനം ഉളവായത്. 1996-ല്‍ അദ്ദേഹത്തെ വധിച്ച് 51 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ജര്‍മന്‍ കോടതി അദ്ദേഹത്തിന്‍റെ പേരില്‍ ചുമത്തിയിരുന്ന കുറ്റം അദ്ദേഹം ചെയ്തിരുന്നില്ലെന്നു പ്രഖ്യാപിക്കുകയുണ്ടായി. അദ്ദേഹത്തോടൊപ്പം വധിക്കപ്പെട്ട അഡ്മിറര്‍ വില്‍ഹം കാനറീസ്, ഹാന്‍സ് ഓസ്റ്റെര്‍ എന്നിവരുടെ കാര്യത്തിലും ഇതുതന്നെയാണ് സത്യം.

രാഷ്ട്രീയമായി തെറ്റുപറ്റിയ സഭാനേതൃത്വം

സംഘടിതസഭകള്‍ ഹിറ്റ്ലറെയും നാസിസത്തെയും പ്രതിരോധിക്കാന്‍ ഒന്നുംതന്നെ ചെയ്യാതിരുന്നത് എന്തുകൊണ്ട് എന്ന് അന്വേഷിച്ച ഗവേഷകര്‍, പ്രതിരോധവുമായി സ്ഥിരചിത്തനായി മാറിനില്ക്കുന്ന ഡിട്രീച്ച് ബോനോഫര്‍ എന്ന ലൂഥറന്‍ യുവപാസ്റററുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പഠനവിധേയമാക്കി. യുദ്ധം അവസാനിച്ചശേഷം 1945 ഒക്ടോബര്‍ 12-ന് "കൂടുതല്‍ ധൈര്യത്തോടെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലും വിശ്വാസപൂര്‍വം പ്രാര്‍ഥിക്കുന്നതിലും കൂടുതല്‍ ആത്മാര്‍ത്ഥതയോടെ സ്നേഹിക്കുന്നതിലും ഞങ്ങള്‍ക്കു തെറ്റുപറ്റി" എന്നു സ്വയം സമ്മതിക്കുന്ന സ്റ്റ്ട്ഗര്‍ട് കുറ്റസമ്മതം (Stuttgutt Confession of Guilt) സഭയുടെ ഭാഗത്തുനിന്ന് പ്രസിദ്ധീകൃതമായി. അനേകര്‍, പ്രത്യേകിച്ച് യഹൂദര്‍, പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവരെ സഹായിക്കാതിരുന്നതില്‍ സംഭവിച്ച തെറ്റുകള്‍ സമ്മതിക്കാന്‍ അതുവരെ ജര്‍മന്‍ സഭകള്‍ തയ്യാറായില്ല.  

ബോനോഫറുടെ സുഹൃത്തായിരുന്ന മാര്‍ട്ടിന്‍ നീമോള്ളര്‍ (Martin Niemoller) ഈ ഉദാസീനതയെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. യുദ്ധത്തെ അതിജീവിക്കുകയും 92 വയസ്സുവരെ ജീവിക്കുകയും ചെയ്ത അദ്ദേഹം ബോനോഫറുംമറ്റും കണ്‍ഫെസിങ് ചര്‍ച്ച് രൂപീകരിക്കാനിടയായ സാഹചര്യങ്ങള്‍ പ്രഭാഷണങ്ങള്‍ക്കിടയ്ക്ക് വിശദീകരിക്കാറുണ്ടായിരുന്നു. മിക്ക പ്രഭാഷണവും അദ്ദേഹം അവസാനിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു:

"ആദ്യം കമ്യൂണിസ്റ്റുകളെ തേടി അവര്‍ വന്നു.
ഞാന്‍ ഒന്നും മിണ്ടിയില്ല
കാരണം, ഞാന്‍ ഒരു കമ്യൂണിസ്റ്റല്ലായിരുന്നു.
പിന്നെ യഹൂദരെ തേടി അവര്‍ വന്നു.
ഞാന്‍ ഒന്നും മിണ്ടിയില്ല
കാരണം, ഞാന്‍ ഒരു യഹൂദനല്ലായിരുന്നു.
പിന്നെ തൊഴിലാളിയൂണിയന്‍കാരെ തേടി അവര്‍ വന്നു.
ഞാന്‍ ഒന്നും മിണ്ടിയില്ല
കാരണം, ഞാന്‍ ഒരു തൊഴിലാളിയൂണിയന്‍ അംഗമല്ലായിരുന്നു.
പിന്നെ എന്നെ തേടി അവര്‍ വന്നു.
അപ്പോള്‍ എനിക്കുവേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിരുന്നില്ല."

മാര്‍ട്ടിന്‍ ലൂതര്‍ കിങ് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി സംസാരിച്ചപ്പോള്‍ അതു രാഷ്ട്രീയമായി  ശരിയല്ലാത്ത ഒരു കാര്യമായിരുന്നു. ഡിട്രീച്ച് ബോനോഫര്‍ മര്‍ദ്ദിതര്‍ക്കു വേണ്ടി സംസാരിച്ചപ്പോള്‍ അത് ആത്മഹത്യാപരമായ ഒരു കാര്യമായിരുന്നു. ഇന്നത്തെ മാര്‍ട്ടിന്‍മാരും ബോനോഫര്‍മാരും ആരായിരിക്കുമെന്നായിരിക്കും ഭാവിതലമുറകള്‍ പറയുക?

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts